നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അച്ഛനെയറിഞ്ഞ നാൾ


"അച്ഛനോട് അത് പറയാൻ ആർക്കാ ധൈര്യം? അച്ഛൻ എന്താ വിചാരിക്കുക? നമ്മൾ മക്കൾക്ക് നോക്കാൻ വയ്യാഞ്ഞിട്ട് ഒരു കൂട്ടാക്കി കൊടുക്കയാണെന്നല്ലേ? "
അനൂപ് ഏട്ടൻ അശ്വിനെ നോക്കി

"അച്ഛൻ ഒപ്പം വരാഞ്ഞിട്ടല്ലേ? ഈ മണ്ണ് വിട്ട് അച്ഛൻ വരില്ല.. അമ്മയോടുള്ള അച്ഛന്റെ സെന്റിമെന്റ്സ് നമുക്കറിഞ്ഞൂടെ? "അശ്വിൻ നേർമ്മയായി ചിരിച്ചു.

"പക്ഷെ ആരു പറയും ഈ കാര്യം? എനിക്ക് അടുത്ത ആഴ്ചയിൽ തിരിച്ചു പോകണം. നിങ്ങൾ ഏട്ടന്മാർ അടുത്ത മാസം പോകും. പിന്നെ...?

ഗൗരി ചിന്താഭാരത്തോടെ പറഞ്ഞു.. അച്ഛന്റെ പിറന്നാൾ ദിനത്തിൽ ഒത്തു കൂടിയതാണ് മക്കൾ മൂവരും പിന്നെ അനൂപിന്റെ ഭാര്യ അഞ്ജലിയും

"ഞാൻ പറയാം "അഞ്ജലി പറഞ്ഞു

"നീയോ? അത് വേണ്ട അച്ഛൻ എന്ത് കരുതും? "അനൂപ് അവളെ തടഞ്ഞു

"അനൂപേട്ടാ ചേച്ചി പറയട്ടെ. നമുക്ക് ചിലപ്പോൾ ഇങ്ങനെ ഒരു കാര്യം അച്ഛനോട്
പറയാൻ ഒരു വല്ലായ്മ ഉണ്ടാകും. ചേച്ചി പറയട്ടെ "
ഗൗരി അനൂപിനോട് പറഞ്ഞു

"അതേ അഞ്ജലി പറയട്ടെ.
അല്ലെങ്കിലും ഇത് സർവസാധാരണമായ ഒന്നായി കഴിഞ്ഞു.. പിന്നെ അനുപമയാന്റി അച്ഛന് പരിചയമില്ലാത്ത ഒരാളല്ല. അവർ കൂട്ടുകാരായിരുന്നു.. ഒരു കാലത്ത് സ്നേഹിച്ചിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്തോ ജാതകദോഷം പറഞ്ഞാണ് അത് നടക്കാതെ പോയത് എന്ന് കേട്ടിട്ടുണ്ട്.. എന്നിട്ട് ഇപ്പൊ എന്തായി? രണ്ടു പേരും ഇപ്പൊ ഒറ്റയ്ക്കായില്ലേ? ആന്റിക്ക് എതിർപ്പുണ്ടാകില്ല . ഭർത്താവ് മരിച്ചിട്ട് ഇപ്പൊ അഞ്ചു വർഷം ആയില്ലേ? ഇന്നലെ കണ്ടപ്പോൾ കൂടി തിരക്കി അച്ഛനെ. നമ്മുടെ അമ്മ പോയിട്ട് പന്ത്രണ്ട് വർഷം.. ഇനിയെങ്കിലും അച്ഛൻ അവർക്കൊപ്പം ജീവിക്കട്ടെ
.നമ്മളെ കൊണ്ട് ഇത്രയെങ്കിലും ചെയ്യണ്ടേ..? ദുബായിലിരിക്കുമ്പോളും ഉള്ളിൽ ഒരു ടെൻഷൻ ആണ്. അച്ഛൻ തനിച്ചാണെന്ന് ഓർക്കുമ്പോൾ ഒരു ആധി.. കൂടെ വരികയുമില്ല "അവന്റെ ശബ്ദം ഒന്നിടറി

"എനിക്കോ പിന്നെ? ഇവൾക്ക് അറിയാം അച്ഛൻ കാൾ എടുക്കാതിരുന്നാൽ, അല്പം വൈകിയാൽ ഒക്കെ.. "അനൂപിന്റെ കണ്ണ് നിറഞ്ഞ് തുളുമ്പി

ഗൗരി നിറവയറിൽ തൊട്ട് എന്ത് പറയണം എന്ന് അറിയാതെ നിന്നു. അച്ഛൻ ഒറ്റയ്ക്കാണെന്നു ഓർത്തു വിഷമിക്കാത്ത ദിവസമില്ല. പക്ഷെ
അവൾക്കും പോകണം.അവളുടെ ഭർത്താവ് ആർമിയിലാണ്. ഈ ഒരു അവസ്ഥയിൽ, ഭർത്താവിന്റെ അമ്മയുടെ ഒപ്പമാണ് അവൾ.

അഞ്ജലി പറഞ്ഞത് മുഴുവൻ കേട്ടിട്ട് നകുലൻ അഞ്ജലിയെ നോക്കി മെല്ലെ പുഞ്ചിരിച്ചു

"ഈ ചുമതല മോളെ ഏൽപ്പിച്ചതാണോ അവര്? "

"അല്ല അച്ഛാ ഞാൻ സ്വയം ഏറ്റതാണ്.. എത്ര നാളാണ് അച്ഛൻ ഒറ്റയ്ക്ക്? . ഇതിപ്പോ വേറെ ആരുമല്ലല്ലോ.. "

"മോൾ അവരെ ഇങ്ങു വിളിക്ക്.. എന്റെ മക്കളെ. അച്ഛൻ വിളിക്കുന്നു എന്ന് പറ "

അഞ്ജലി ചിന്താക്കുഴപ്പത്തിലായി. എന്നാലും അവൾ അവരെ വിളിച്ചു കൊണ്ട് വന്നു. അച്ഛൻ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. പുറത്തു മഴ പെയ്തു തുടങ്ങിയിരുന്നു

"ഇത് പോലെ നല്ല മഴയുള്ള ഒരു പകലിൽ ആണ് ഞാൻ എന്റെ പാറുവിനെ ആദ്യമായി കാണുന്നത്. അതും കല്യാണത്തിന്റെ അന്ന്. അവൾ ഒരു പൊട്ടക്കുട്ടിയെ കണക്കായിരുന്നു. ഒന്നും അറിയില്ല. പ്രായവും കുറവ് കുസൃതി കൂടുതലും. ഞാൻ ഒരു പെണ്ണിനെ സ്നേഹിച്ചിട്ടുണ്ടെന്നു അവളോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞത് എന്തെന്നോ.. ഇനി അവളെ സ്നേഹിച്ചു നോക്കാൻ.. ഏതാണ് ഭേദം എന്ന് അറിയാല്ലോ എന്ന്.
തമാശ ആയിരുന്നു എല്ലാം.. പക്ഷെ എന്നെ ജീവനായിരുന്നു.. ഞാൻ ഒന്ന് തുമ്മിയാൽ, ഒന്ന് പനിച്ചാൽ, വിരൽ അല്പം മുറിഞ്ഞാൽ ഒക്കെ ആധി പിടിച്ചു നടക്കും. ഇന്ന് നിങ്ങൾ ആധി പിടിക്കുന്നില്ലേ..?
അത് സ്നേഹം കൊണ്ടാ. ആ സ്വഭാവം അവളുടേതാണ്.. സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുക, കൊല്ലുക എന്നൊക്കെ പറയില്ലേ.. അതാ അവൾ. ആദ്യമൊക്കെ അതെനിക്ക് അസ്വസ്ഥത യായിരുന്നു. പിന്നെ പിന്നെ ഞാൻ അത് ആസ്വദിച്ചു തുടങ്ങി. എന്റെ മനസ്സിൽ നിന്ന് എല്ലാം മാഞ്ഞു പോയി. അനുപമ, എന്റെ പ്രണയം എല്ലാം... ചിലപ്പോൾ നിങ്ങൾ മക്കൾ പോലും. അവൾ മാത്രം ഉള്ളിലുള്ള അവസ്ഥ.. ഒരു പെണ്ണിന് അത് സാധിക്കുമെങ്കിൽ, അങ്ങനെ ഒരു ആണിനെ സ്വന്തമാക്കാൻ സാധിക്കുമെങ്കിൽ ആ ആണിന് പിന്നെ ഒരു പെണ്ണിനേയും സ്നേഹിക്കാൻ പറ്റില്ല മക്കളെ.. അവൾ പോയിട്ടില്ല എങ്ങും. ഞാൻ ഒറ്റയ്ക്കുമല്ല.. എനിക്കവളെ കാണാം, മിണ്ടാം തൊടാം.. നിങ്ങൾക്ക് മനസിലാകില്ല അത് "അയാൾ ഒന്ന് നിർത്തി. മുഖം ഒന്ന് തുടച്ചു ചിരിക്കാൻ ശ്രമിച്ചു

അശ്വിൻ അനൂപിന്റെ കൈയിൽ മുറുകെ പിടിച്ചു.. ആ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു ഗൗരി ഒരു തേങ്ങലോടെ മുറി വിട്ടു പോയി..

"അവളല്ലാതെ ഇനിയൊരു കൂട്ട് വേണ്ട.. അവളില്ലാത്ത ഒരു അവസ്ഥ ഇല്ല എനിക്ക്.. എന്റെ മക്കൾ അച്ഛൻ ഒറ്റയ്ക്ക് ആണെന്ന് സങ്കടപ്പെടണ്ട അച്ഛൻ എന്നും വിളിച്ചോളാം.. വീഡിയോ കാൾ ചെയ്യാം. പോരെ?നിങ്ങൾ അച്ഛനെ സ്നേഹിക്കുന്നുണ്ടല്ലോ? അത് അച്ഛനറിയുകയും ചെയ്യാം. എനിക്ക് നിങ്ങളുണ്ട്. നിങ്ങളിൽ അവളുണ്ട്.. എന്റെ പാറു..വെറുതെ ഒരു കൂട്ട് എന്ന ചിന്ത പോലും എന്റെ പാറുവിന്റെ ആത്മാവിനെ വേദനിപ്പിക്കും മക്കളെ.. അങ്ങനെ ഒന്ന് ചിന്തിച്ചാൽ, ഞാൻ എന്റെ പഴയ പ്രണയത്തിലേക് പോയാൽ അവളീ തന്ന സ്നേഹം ഒക്കെ വെറുതെ ആവില്ലേ? .. എന്റെ ഉള്ളു നിറയെ അവളാണ്. അവൾ മാത്രമാണ് "അയാളുടെ ഒച്ച ഒന്നിടറി

അശ്വിൻ മുന്നോട്ടാഞ്ഞു അച്ഛനെ കെട്ടിപിടിച്ചു

"സോറി അച്ഛാ. അച്ഛന് സങ്കടം ആയോ? "അവൻ കരഞ്ഞു പോയി

"ശേ.. ഈ ചെക്കൻ.
എന്താടാ? "നകുലൻ അവനെ നെഞ്ചോടടുക്കി.
വിങ്ങി നിൽക്കുകയായിരുന്ന അനൂപിനെയും ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു .

അഞ്ജലി കണ്ണുകൾ നിറഞ്ഞ് കാഴ്ച മറഞ്ഞ് ഒരു നിമിഷം നിന്നു.

അമ്മയുടെ സ്നേഹം അച്ഛനിൽ ഇത്ര ആഴത്തിൽ വേര് പടർത്തിയത് എങ്ങനെ ആവും..?

മറ്റൊരാളെ കുറിച്ചു ചിന്തിക്കുക പോലും അസാധ്യമാം വണ്ണം പ്രണയിച്ചത് എങ്ങനെയാവും? .

എന്റെ പാറു എന്ന് പറയുമ്പോൾ ഉന്മാദം കൊണ്ട് ചുവക്കുന്നുണ്ട് ഇപ്പോഴും അച്ഛന്റെ മുഖം.. ആ കണ്ണിൽ അമ്മയോടുള്ള പ്രണയത്തിന്റെ അഗ്നി ജ്വലിക്കുന്നുണ്ട്..

അവൾ അമ്മയുടെ ഫോട്ടോയിലേക്ക് നോക്കി .. അമ്മ ചിരിക്കുന്ന പോലെ തോന്നി അവൾക്ക്..

അതേ അമ്മ ചിരിക്കുന്നു ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണിന്റെ ചിരി.

പ്രണയം കീഴടക്കിയ പെണ്ണിന്റെ ചിരി..


By Ammu Santhu

1 comment:

  1. ഓരോ കഥയും ഒന്നിനൊന്നു മികച്ചതാണ് ചേച്ചി. ഇത് കണ്ണ് നിറച്ചുട്ടോ

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot