" 12 വർഷം പ്രണയിച്ചവർ വിവാഹം കഴിഞ്ഞു മൂന്നാം മാസം വേർപിരിഞ്ഞു !!! "
വാസുവേട്ടന്റെ ചായക്കടയിൽ പേപ്പർ വായിച്ചോണ്ടിരുന്ന കുട്ടപ്പേട്ടൻ ഉറക്കെ വായിച്ചു. പുട്ടിന്റെ കൂടെ മുട്ട വേണോ പപ്പടം വേണോ എന്ന് ചിന്തിച്ചോണ്ടിരുന്ന എന്റെ ചിന്തയെ ആ വാർത്ത വേറെ വഴിക്ക് കൊണ്ടോയി. ഒന്ന് വേഗം പറയെടാ എനിക്ക് അടുക്കളയിൽ വേറെ പണിയുണ്ട് എന്നു പറഞ്ഞ വാസുവേട്ടന്റെ പാറച്ചിരട്ട ശബ്ദം ആ ചിന്തയെ അധികദൂരം ഓടാൻ സമ്മതിച്ചില്ല. ഇനിയും കൻഫ്യൂഷൻ വേണ്ടെന്ന് കരുതി ഞാൻ പുട്ടും മുട്ടക്കറിയും പപ്പടവും ഓർഡർ ചെയ്തു. " ഇവരൊക്കെ എന്തിനാ പ്രേമിച്ചതാവോ " കുട്ടപ്പേട്ടൻ വക ആത്മഗതം ഒന്ന്. അപ്പോഴാണ് മുമ്പിലിരുന്ന് ചായ കുടിച്ചോണ്ടിരുന്ന ഡ്രൈവർ റപ്പായിയേട്ടൻ കേറി ഇടപെട്ടത്.
" ടാ കുട്ടപ്പാ... ഈ പ്രേമിക്കുക എന്നത് വണ്ടിയിൽ കേറി ഡോർ അടച്ചു ഇരിക്കുന്ന പോലെയാ. അപ്പൊ നല്ല സുഖാണ്. വണ്ടി സ്റ്റാർട്ട് ആയി എസി ഒക്കെ ഇട്ട് പാട്ടൊക്കെ വെച്ചു ആഹാ... പക്ഷേ കല്യാണം എന്നു പറഞ്ഞാ വണ്ടി ഓടിക്കാൻ തുടങ്ങി എന്നർത്ഥം. അപ്പഴാണ് റോഡിലെ കുണ്ടും കുഴിയും ഒക്കെ മനസ്സിലാവാൻ തുടങ്ങുക. ആ വണ്ടി ഇങ്ങനെ ആടിയും ഉലഞ്ഞും ഒക്കെ മുന്നോട്ട് പോകും. കുറച്ചു കഴിയുമ്പോ ഇമ്മക്ക് പ്രാന്തായി ഓടിക്കൽ നിർത്തും അതാണ് ഡിവോഴ്‌സ്. വേറെ ചിലര് പിന്നേം ഓടിക്കും അത് മടുക്കുമ്പോ ചിലര് ഡോർ തുറന്നു പുറത്തേക്കിറങ്ങും അതാണ് ഒളിച്ചോട്ടം. പിന്നെ ചിലര് കണ്ണുംപൂട്ടി അങ്ങോടിക്കും അത് വല്ലോടത്തും കൊണ്ടോയി ഇടിച്ചു പണ്ടാരമടങ്ങും. എങ്ങിനെ നോക്കിയാലും കുഴപ്പാണ്. "
" അല്ല റപ്പായി അപ്പൊ കല്യാണം കഴിഞ്ഞു കുറെ ആയിട്ടും കുഴപ്പമില്ലാതെ പോകുന്നവർ ഉണ്ടല്ലോ... അവരോ ? "
" ന്റെ കുട്ടപ്പാ... അതൊക്കെ കുറച്ചു ഓടിച്ചു കഴിയുമ്പോ അവർക്ക് ശീലം ആവുന്നതാണ്. ഇടയ്ക്കിടയ്ക്ക് അവിടേം ഉണ്ട് കുഴിയിൽ ചാടലും കുലുങ്ങലും അത് അങ്ങോട്ടുമിങ്ങോട്ടും ചീത്ത വിളിച്ചു അവരങ്ങ് അവസാനിപ്പിക്കും. "
" അപ്പൊ നല്ല റോഡിക്കൂടെ ഓടിക്കാൻ പറ്റില്ലെന്നാണോ റപ്പായേ നീ പറയണത്. "
" ഏത് റോഡാ കേടാവാത്തത്ത് കുട്ടപ്പാ "
" ആ അത് ശരിയാ. അപ്പൊ കെട്ടിയോന്മാരുടെ ഓടിക്കൽ ശരിയല്ല ന്നും പറയാം അല്ലേ "
" ന്റെ കുട്ടപ്പാ ആയിനിപ്പോ കെട്ടിയോന്മാരു മാത്രാണ് വണ്ടി ഓടിക്കണെന്നു നിന്നോടാരാ പറഞ്ഞത്...?? ( സ്വരം താഴ്ത്തി രഹസ്യം പോലെ ) ചെലേടത്തൊക്കെ കെട്ടിയോളുമാരാണ് ഡ്രൈവിംഗ്... ചെലേടത്ത് അയിന് വേണ്ടി അടിയാണ്... കെട്ടിയോൻ സ്റ്റിയറിംഗ് പിടിച്ചു ഒന്ന് തിരിക്കുമ്പോ കെട്ടിയോള് അതിൽ പിടിച്ചു രണ്ടു തിരി തിരിക്കും അവസാനം വണ്ടി റോഡിൽ ബ്രെയ്ക് ഡാൻസ് കളിക്കും. ആര് ഓടിച്ചാലും കുഴപ്പല്ല്യ റോഡ് നല്ല റോഡ് ആയാൽ മതി. ഇമ്മടെ ആൾക്കാർക്ക് എന്താ കുഴപ്പംന്ന് വെച്ചാൽ റോഡ് ആരും നോക്കില്ല എല്ലാരും വണ്ടീനെ കുറ്റം പറയും. "
അവര് സീരിയസായി എന്തോ ചിന്തിച്ചോണ്ടിരുന്നപ്പോൾ വാസുവേട്ടൻ പുട്ടും മുട്ടക്കറിയും പപ്പടവും കൊണ്ട് വെച്ചു. ദൈവത്താണേ ഞാൻ പിന്നൊന്നും കേട്ടില്ല.
എന്ത് റോഡ് ? എന്ത് വണ്ടി ? എന്ത് ഓടിക്കൽ ? വേണ്ടൊരു ഓടിക്കട്ടെ... അല്ലാത്തൊരു ഓടിക്കാണ്ട് ഇരിക്കട്ടെ...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക