നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മാമയുടെ പല്ല്


ചെറുപ്പത്തിൽ കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്ന് പുഴു തിന്ന എൻ്റെ പല്ല് നോക്കി ഞാൻ പറയുമായിരുന്നു, "വലുതാവുമ്പോ എനിക്കും നല്ല പല്ല് വരും... അമ്മാമയുടെ പോലത്തെ നല്ല സൂപ്പർ പല്ല്." മൂന്ന് മാസം കൂടുമ്പോഴും കേട് വന്ന പല്ല് വേദനിച്ച് എന്നെ ആശുപത്രിയിൽ കൊണ്ട് പോകുമായിരുന്നു.അന്ന് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒന്നായിരുന്നു കേടൊന്നും ഇല്ലാത്ത നല്ല നിരയൊത്ത പല്ലുകൾ. അതും വീട്ടിലെ ഏറ്റവും നല്ല പല്ലുകൾക്കുടമയായ അമ്മാമയുടെ ( അപ്പൻ്റെ അമ്മ ) പോലുള്ള പല്ലുകൾ...
അങ്ങനെ ഓരോരോ കൊല്ലങ്ങൾ കടന്ന് പോയി.6 വയസിനുള്ളിൽ എൻ്റെ മിക്ക പല്ലുകളും ആശുപത്രിയിൽ പോയി പറിച്ചു കളഞ്ഞു. പിടിച്ച് ഇളക്കിയെടുക്കാൻ സാധിക്കാത്ത വിധം ദ്രവിച്ച പല്ലുകൾ ആയതുകൊണ്ടാണ് ആശുപത്രിയിൽ പോകേണ്ടി വന്നത്. അങ്ങനെ പിന്നെയും ഒരു കൊല്ലം കഴിഞ്ഞു. അമ്മാമയെ കാണുമ്പോഴൊക്കെ ഞാനാ പല്ലുകൾ നോക്കും.'ഹാ എത്ര സുന്ദരമായ പല്ലുകൾ... എൻ്റെ വിടവ് നിറഞ്ഞ പല്ലുകൾ ഒരിക്കലും അങ്ങനെ ആകില്ല...'
അങ്ങനെ ഒരു ദിവസം ഞങ്ങളുടെ ബന്ധുവിൻ്റെ വീട് പാർക്കൽ വന്നു. ഞാനും അമ്മാമ്മയും പോയിട്ടുണ്ടായിരുന്നു. ഞാനന്ന് രണ്ടിൽ പഠിക്കുകയാണ്. കൂട്ടം തെറ്റി പോകൽ എൻ്റെ സ്ഥിരം കലാപരിപാടി ആയത് കൊണ്ട്, ഭക്ഷണത്തിനു ശേഷം അമ്മാമ്മ എൻ്റെ കൈയ്യിന്മേൽ മുറുകെ പിടിച്ചു കൈകഴുകാൻ കൊണ്ട് പോയി. എന്നെ അവിടെ നിർത്തി,എൻ്റെ കൈയ്യിൽ നിന്നും പിടി വിട്ടു കൊണ്ട് അമ്മാമ്മ വായ കഴുകുകയാണ്.അവിടെ വച്ച് എൻ്റെ പിഞ്ചു ഹൃദയത്തെ ഭയാനകതയുടെ ഇരുട്ടിലേക്ക് തള്ളിയിടാൻ പ്രാപ്തിയുള്ള ഒരു പ്രവൃത്തി ഞാൻ കണ്ടു. അമ്മാമ്മ വായിലേക്ക് കൈ കടത്തി പല്ലുകൾ മോണ യോടുകൂടെ പുറത്തേക്കെടുക്കുന്നു... അതിനു ശേഷം നന്നായി കഴുകി തിരികെ വായിലേക്ക് വയ്ക്കുന്നു...
ഇതെന്താണിത്...എൻ്റെ കൈയ്യൊക്കെ വിറച്ചു തുടങ്ങി.. എങ്ങനെയൊക്കെയോ ശബ്ദം വരുത്തി കൊണ്ട് ഞാൻ ഉച്ചത്തിൽ നിലവിളിച്ചു " അയ്യോ... അയ്യോ... അമ്മാമ വായ പറിച്ചെടുത്തേ ".. കൈയ്യും കാലും കുഴഞ്ഞ് പോകുന്നു..വീഴാതിരിക്കാൻ ഞാൻ ഒരു പൈപ്പിൻമേൽ പിടിച്ചിട്ടും ഉണ്ട്.അത് പറഞ്ഞു കഴിഞ്ഞതും, നനഞ്ഞ കൈ കൊണ്ട് എൻ്റെ മുഖമടച്ച് ഒരു അടി വീണു, കണ്ണും മുക്കും വായയും വരെ ആ കൈയുടെ പരപ്പറിഞ്ഞു. ഒപ്പം " ഹ അസത്തേ മിണ്ടാതിരിക്കടി " എന്ന ഒച്ചയും.അതോടെ ഞാൻ അവിടെ ഇരുന്ന് പോയി.എല്ലാവരും എന്നെ തന്നെ നോക്കുന്നു. കുറേപേരു ചിരിക്കുന്നുണ്ട്.അമ്മാമയുടെ കുറേ കൂട്ടുകാരി അമ്മാമകൾ ആടി ചിരിക്കുന്നു. എൻ്റെ കൈ പോലും കഴുകിക്കാതെ അമ്മാമ അവിടുന്ന് എന്നെ പിടിച്ച് വലിച്ച് കൊണ്ടുപോയി. ഞാനപ്പോഴും എന്തൊക്കെയോ പറയുന്നുണ്ട്...
വീട്ടിൽ എത്തിയപ്പോൾ ഞാൻ അമ്മയോട് എല്ലാം പറഞ്ഞു. "സത്യയിട്ടും ഞാൻ കണ്ടതാ.. എന്നെ ഒന്ന് വിശ്വസിക്ക് " അപ്പോൾ അമ്മ പറഞ്ഞു. "എടി..അമ്മാമേടെ പല്ല് വെപ്പാ..." അന്ന് എനിക്ക് അതെന്നാന്ന് മനസ്സിലായില്ല. പക്ഷെ ഞാൻ ഒരു കാര്യം ചെയ്തു...നഖം വച്ച് അമർത്തി എൻ്റെ മുന്നിലെ പല്ലുകൾ മോണയോടെ പറിച്ചെടുക്കാൻ നോക്കി. പല്ലു പോന്നില്ലന്നു മാത്രമല്ല, മോണയൊക്കെ നഖം കൊണ്ട് മുറിഞ്ഞിട്ട് ഒരാഴ്ച്ചത്തേക്ക് എരുവുള്ളത് പോയിട്ട്, ചെറുവക്ക ചൂടുള്ള കഞ്ഞി പോലും കുടിക്കാൻ എനിക്ക് കഴിഞ്ഞില്ല.
അമ്മാമയുടെ സുന്ദരമായ പല്ലുകൾ എന്ന എൻ്റെ ദന്തസങ്കൽപ്പം കൂടി അന്നവിടെ തകർന്നു വീഴുകയായിരുന്നു...

by 

Blessy Chelakkattuparambil

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot