Showing posts with label Aneeshlal. Show all posts
Showing posts with label Aneeshlal. Show all posts

ഒരു ക്വട്ടേഷൻ തിരക്കഥ


ഒരു ക്വട്ടേഷൻ തിരക്കഥ
====================
നിങ്ങൾ വേണ്ടത്ര ആളുകളെ കൂടേ കൂട്ടിക്കോളൂ, അത് നിങ്ങളുടെ ഇഷ്ടം.. പക്ഷേ എനിക്ക് കാര്യം നടക്കണം. ഭാവിയിൽ എനിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവുകയുമരുത്.
അയാൾ നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടേ ഇരുന്നു. ഇത് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ രക്തം നിറഞ്ഞപോലെ തോന്നി... എന്തോ തീരുമാനിച്ചുറച്ചപോലെ ആയിരുന്നു പിന്നീടുള്ള അയാളുടെ വാക്കുകൾ.
ആദ്യം പതിയേണ്ടത് അവളുടെ വിവാഹമോതിരമാണ്. അതിലെ ലിഖിതങ്ങൾ പകൽ പോലെ വ്യക്തമായിരിക്കണം. ഏത് ആംഗിൾ നിങ്ങൾ സ്വീകരിച്ചാലും ശരി മുഖം വ്യക്തമായിരിക്കണം. കണ്ണുകൾ ഒപ്പിയെടുക്കണം. നിങ്ങൾ അവളുടെ തൊട്ടുപുറകിൽ തന്നെ വണ്ടിയിൽ പിന്തുടരാൻ മറക്കരുത്. ഓരോ നിമിഷവും വിലപ്പെട്ടതാണ്‌. നമുക്കുവേണ്ടി ആരും കാത്തുനിൽക്കില്ല എന്ന് കരുതി പ്രവർത്തിക്കുക.
അവനവളുടെ കഴുത്തിനരുകിൽ കൈ കൊണ്ടുവരുന്ന നിമിഷം പിന്നെ മറ്റൊന്നും ആലോചിക്കാനില്ല ഫോക്കസ് കൃത്യമായിരിക്കണം. അവിടെ തോറ്റാൽ നാം പൂർണമായി പരാജയപ്പെട്ടു, നമ്മുടെ ഭാവിയിലും ഇരുൾ വീണു. ഉലയാത്ത കാർകൂന്തലിലെ മുല്ലമൊട്ടുകൾ കണ്ണാടിക്കഭിമുഖമെന്നപോൽ ഒപ്പിയെടുക്കണം. അപ്പോഴെല്ലാം നമ്മുടെ കൂട്ടത്തിലൊരാൾ പോലും ഫ്രെയിമിൽ പതിയരുത്. ചുറ്റും കൂടിയ എല്ലാവർക്കും വേണ്ട പരിഗണനയും അവസരവും കൊടുക്കണം. ഞാനില്ലാതെയായിപ്പോയി എന്നൊരാൾക്കും തോന്നരുത്, അവിടെയാണ് നിങ്ങളുടെ വിജയവും...
ഇത്രയുമൊക്കെയായാൽ നിങ്ങൾക്കു അത്യാവശ്യം നല്ല ഒരു "വെഡ്‌ഡിങ് ക്യാമറാമാൻ "ആവാൻ സാധിക്കും.
അയാൾ നിർദ്ദേശങ്ങൾ തുടർന്നുകൊണ്ടേ ഇരുന്നു.
ലാൽകഷ്ണം (അനീഷ്ലാൽ )

കാത്തിരിപ്പിന്റെ സുഖം

കാത്തിരിപ്പിന്റെ സുഖം
=================
നിന്നു നിന്നു കാലു കിഴച്ചു. എത്രനേരമായി ഈ നിൽപു തുടങ്ങിയിട്ട്. 10. 30 ന്റെ ബസും പോയി. അതിലും അവളില്ല. കിളി രണ്ടാം ബെല്ലടിച്ചു വിടും വരെ ഞാൻ കണ്ണു നാട്ടുനോക്കി. അവിടവിടെയായി പത്തിരുപതുപേര് വേറെയും നില്പുണ്ട്. അവരുടേം ലക്‌ഷ്യം അവൾതന്നെയാണെന്നു തോന്നുന്നു. പക്ഷേ ആരും ഒന്നും മനസ്സ് തുറന്ന് എന്നോട് പറയുന്നുമില്ല. ഞാൻ ഒട്ടു ചോദിച്ചുമില്ല. ചിലരൊക്കെ പതിവായി ഇവിടെ കണ്ടുമുട്ടി അഗാധമായ സൗഹൃദത്തിലായപോലെ. എങ്കിലും ഏത് ബസ്‌ വരുമ്പോഴും എല്ലാരിലും കഴുകന്റെ നോട്ടമാണ്. കടുത്ത വേനൽ എന്റെ മേനിയിൽ കുത്തിനോവിക്കുമ്പോഴും കിനിയുന്ന ജലകണം നെറ്റിയിൽ ചിത്രങ്ങൾ വരച്ചു. പക്ഷേ അവൾ..... അവളെ ഒരുനോക്കു കണ്ടിരുന്നെങ്കിൽ.... എത്ര ദിവസമായി ഒന്നു കണ്ടിട്ട്... മനസ്സ് ആവലാതിപ്പെട്ടുകൊണ്ടിരുന്നു...
ഈശ്വരാ.... ഇന്നും വന്നില്ലെങ്കിൽ..... എന്റെ കണ്ണുകളിൽ പ്രതീക്ഷ മാത്രമാണ് ബാക്കി...
ഇന്നലെ വൈകുവോളം കാത്തുനിന്നു.... ഇനിയും കാത്തിരിക്കാൻ തയ്യാറാണ്... പക്ഷേ ഒരേയൊരാഗ്രഹം അവൾ കടാക്ഷിക്കണം. അവളുടെ വിരലുകൾ ഒരിക്കലെങ്കിലും എനിക്കുവേണ്ടി ചലിക്കണം... കണ്ണുകൾ എങ്കിലും എന്നോടൊരുവാക്കു സംസാരിക്കണം.
ഇവിടെ കൂടിനിൽക്കുന്നവരും അതുതന്നെയാണോ ആഗ്രഹിക്കുന്നത് ? പക്ഷേ ആരോടും ചോദിയ്ക്കാൻ മനസ്സുവന്നില്ല. എവിടോന്നൊ ഒക്കെ കയ്യിൽ വന്നുചേർന്ന അവളുടെ നമ്പറിൽ ഒന്നു വിളിച്ചുനോക്കണോ ? കുഴപ്പമാകുമോ ?
ഓരായിരം ചോദ്യങ്ങൾ ഞാൻ എന്നോടുതന്നെ ചോദിക്കുന്നതിനിടയിൽ നീണ്ട ഹോൺ മുഴക്കി ഒരു നീല ബസ്‌ സ്റ്റോപ്പിൽ വന്നു നിന്നു.
എന്റെ മിഴികളെയും മനസ്സിനെയും ആനന്ദത്തിൽ ആറാടിച്ചു അവൾ വലതുകാൽ വെച്ചിറങ്ങി.
ഉലഞ്ഞ മുടിച്ചാർത്തു കോതിയൊതുക്കി, സാരിത്തുമ്പ് ഇടുപ്പിനോട് ചേർത്തുപിടിച്ചു അവൾ മന്ദം മന്ദം മുന്നോട്ടു നടന്നു. ഞങ്ങൾ ആരുടേയും മുഖത്ത് അവളൊന്നു നോക്കിയതുപോലുമില്ല... അവൾ ആ കെട്ടിടത്തിനകത്തേക്കു കയറിപ്പോയി... അവളുടെ സീറ്റിൽ ഉപവിഷ്ടയായി.
ക്ഷമനശിച്ച പലരും എന്റെ പിന്നിൽ അവളുടെ റൂമിന് മുന്നിലായി അണിനിരന്നു.
അവൾ മുഖമുയർത്തി ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു. "എന്ത് വേണം ?"
ഞാൻ പറഞ്ഞു "എനിക്കൊരു വരുമാന സർട്ടിഫിക്കറ്റു വേണം ".
വില്ലേജ് ഓഫീസർ എന്നെഴുതിയ സീൽ ആ സമയം അവരെടുത്തു മേശപ്പുറത്തു വെക്കുന്നുണ്ടായിരുന്നു...
ലാൽകഷ്ണം (അനീഷ്ലാൽ )

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo