Showing posts with label RahulNirguNan. Show all posts
Showing posts with label RahulNirguNan. Show all posts

തീപൊള്ളിമരിച്ചവൾ

Image may contain: 1 person, smiling, eyeglasses, selfie and closeup
ഭൂമിയിലിന്നോളം
തീപൊള്ളിമരിച്ചവരിൽ
ഏറ്റവും സുന്ദരി
അവളായിരുന്നു.
അകലെ നിന്നും
ആയിരം പേർ
അവളെ കാണാനെത്തിയത്
അതിനാലാണ്.
കണ്ണുതട്ടാതിരിക്കാൻ
കവിളിൽ പൊട്ടുതൊട്ടും
കഴലിൽ ചരടുകെട്ടിയും
ബാല്യ യൗവ്വനവും തീർത്തെങ്കിലും
തീപൊള്ളിമരിക്കുമ്പോഴുണ്ടായ
സൗന്ദര്യത്തിന്റെ ഏഴയലത്ത്
അതൊന്നും എത്തിയിരുന്നില്ല.
ഗ്രീഷ്മഅയനാന്തദിനങ്ങളിലെ
ചിലമധ്യാഹ്നങ്ങളിൽ,ഭൂമി -
ഏതോ സ്വപ്നദർശനത്തിന്റെ
ആത്മവിശ്രാന്തിയിൽ
കണ്ണുകളടച്ചു കിടക്കുംപോലെ
ധ്യാനലീനമിരിക്കുമൊരു പൂവിന്റെ
വാടിയദലമായി അവൾ കിടന്നു.
അസ്ഥികളൊട്ടിപ്പിടിക്കും മട്ടിൽ
ഉയിരിൽ ശൈത്യം പുതച്ചാണ്
പാറകക്കാടിന്റെ തൊട്ടടുത്ത്
ഉടലിൽ തീപ്പൂക്കൾ ചൂടി
ചെമ്പരത്തിക്കാടായി
കോരിത്തരിച്ചു നിന്നവളെ
ബലമായി പറിച്ചെടുത്തത്.
പൂവിൽ നിന്നുമിറ്റിറ്റുനീർമണി
താഴെ വീഴും പോലെ മന്ദം
ഊർന്നിറങ്ങിയ മിഴികൾ
കവിളുകളിലിരു മുത്തുപോലെ
പറ്റിപ്പിടിച്ചിരുന്നിരുന്നു അപ്പോൾ.
പോളകളെത്രയടർത്തിയാലും
തീരാത്ത വാഴത്തണ്ടുപോലെ
ഒട്ടിയചേലത്തുണ്ടുകളാശു -
പത്രിയിൽ വെച്ചടർത്തിയെങ്കിലും
വിട്ടുവരാതെ തീനക്കിയ
ചർമത്തിന്റെ ഭാഗമായി മാറി.
ഉള്ളിപൂവിന്റെ നാറ്റമാണവൾക്കെന്ന്
ഒന്നായതിന് ശേഷമെല്ലാം
പുരുഷൻ പറഞ്ഞപ്പോഴും
ഉടൽമടക്കിന്റെ ഉപ്പളങ്ങളിൽ
അയൽക്കാരൻ പ്രണയമുപ്പിലിട്ടപ്പോഴും
കുളിമുറിയുടെ ജാലകത്തിലൂടെ
ചിലകണ്ണുകൾ കൊത്തിവലിച്ചപ്പോഴും
അവൾക്കിത്ര ഭംഗിയുണ്ടെന്നാരും
തിരിച്ചറിഞ്ഞതേയില്ല.
സുഗന്ധലേപന തൈലത്തിൽ
മുങ്ങിക്കിടക്കും മരത്തൊലി പോലെ
കറുകറെ കറുത്താണ് കിടപ്പതെങ്കിലും
ചുറ്റിലും ഓർമ്മകൾ തളിക്കുന്നുണ്ട്
ഇത്രയും നാളില്ലാത്ത പോലെ.
ചുട്ടമീനിന്റെ മണമുണ്ടേൽമാത്രം
ഇത്തിരി വറ്റുകൊറിക്കുന്ന മകന്
കത്തിയ ഇറച്ചിയുടെ മണമായും
ഇരുൾ കണ്ണുകുത്തും അടുക്കളയിൽ
കരിപിടിച്ച ഓർമ്മയായും
നനച്ചിട്ടതുണികൾക്കിടയിൽ
അലക്കുകാരത്തിന്റെ തലോടലായും
തുറന്നിട്ട പൈപ്പിൻ ചുവട്ടിൽ
സ്നിഗ്ദാർദ്രമേതോ താളമായും
വിസിലൂതി തളർന്ന കുക്കറിൽ
രക്ഷപ്പെട്ടോടും നീരാവിയായും
പല മുഖങ്ങളിൽ ഇനിയമവൾ
മായാതെ തന്നെ നിൽക്കും.
നാട്ടിലിനി മുളയ്ക്കുന്ന
നാഥനില്ലാ കഥകളിലൊക്കെ
നായികയായവളും
നാളുകളോളമുണ്ടാകും.
രണ്ടായിമടക്കിയ ശവക്കച്ചയിൽ
അടിമുടി മൂടിയാണ് കിടപ്പെങ്കിലും
സംശയമേതുമില്ലാതെ പറയാം
ഭൂമിയിലിന്നോളം
തീപൊള്ളിമരിച്ചവരിൽ
ഏറ്റവും സുന്ദരി
അവളായിരുന്നു.
# രാഹുൽ #

കൊയ്തൊഴിഞ്ഞ പാടങ്ങൾ



കൊയ്തൊഴിഞ്ഞ പാടങ്ങളിൽ ഗതകാലസ്മൃതി തൻ -
നോവുള്ളിലൊതുക്കി മാനം നോക്കിക്കിടക്കും -
നെൽക്കുറ്റികളെയോർമ്മയില്ലേ?
നിർവ്വേദത്തിന്റെ പ്രണയാകാശത്തിലൊരു നാൾ -
ദിക്കറിയാതുഴറിയോരെൻ മനസ്സായിരുന്നത്.
കൊയ്ത്തുപാട്ടും തിമിർപ്പും -
കൊയ്ത്തുത്സവത്തിൽ പ്രതീക്ഷയും -
തരിപോലുമവശേഷിക്കയില്ലീ കൊയ്ത പാടത്തും കരിഞ്ഞ മനസ്സിലും.
പാതിയും പുഴുതിന്നു തീർന്നൊരു മാമ്പഴത്തിൻ -
മധുവൂറും ഓർമകൾ മാത്രമാണിതിന്ന്.
വിണ്ട കാലടിയിൽ നോക്കിയിന്നും ഞാനാ -
മധുര സ്മൃതിയിൽ മയങ്ങാറുണ്ട്.

By: Rahul

മഴത്തുള്ളിയുടെ കഥ (വ്യഥ)


ഇവിടെയീ കടലിന്റെ ഹൃദയത്തിൽ വെച്ചു നാം -
കയ്ക്കുന്ന വെള്ളമായ് കണ്ടുമുട്ടിയപ്പോൾ ,
അലറുന്ന പുഴയുടെ മാറിലലിഞ്ഞീ-
പെരിയ കടലിന്റെ ഇറയത്തിലെത്തവേ,
ഒരു കണ്ണുനീർ ചാലിന്റെ മെലിഞ്ഞ -
കൈ വിരലിൽ പുണർന്നെത്തിയോരെന്നെ -
എന്തിനീ വിധം അപരിചിതമാം-
നോട്ടങ്ങൾ കൊണ്ടു നീയെതിരേറ്റിടുന്നു.
ഒരു മേഘത്തിൻ ഗർഭത്തിലൊരുമിച്ചു -
കേവലമൊരു നീർത്തുള്ളിയായ് നമ്മൾ -
ഏറെ നാളുകളാകാശവീട്ടിൽ -
കെട്ടിപ്പുണർന്നു കിടന്നിരുന്നു.
ഒരു കാലവർഷരാത്രിയിലമ്മ തൻ -
വയറൊഴിഞ്ഞ മാത്രയിൽ നമ്മൾ -
യാത്രാമൊഴി പോലുമോതാൻ നിൽക്കാതെ -
തല ചിതറി താഴെ മണ്ണിൽ പതിച്ചു.
തെഴുത്ത പുഴയുടെ വീട്ടിലെ യഥിയായ് -
കടലിന്റെ മാറിൽ നീ വിരുന്നെത്തിയപ്പോൾ -
കൊഴുത്ത വെള്ളത്തിലിടഞ്ഞെത്തിയ നിന്റെ -
കൂടപ്പിറപ്പിനെ കാണാഞ്ഞതെന്തേ?
ഒരു ഗർഭത്തിന്നിളം ചൂടിലൊരു നാൾ -
ഒന്നെന്നപോലൊരുമിച്ചു പിറന്നിട്ടും -
ഒരു ലവണജലത്തിന്റെ മാറിലിപ്പോൾ -
ഒരുമിച്ചൊടുങ്ങുവാനെത്തിയിട്ടും -
ആത്മാവിൻ പാതിയാം കൂടപ്പിറപ്പേ-
നിസ്വനാം എന്നെനീയിന്നും ഒരു -
മാത്രപോലുംതിരിച്ചറിഞ്ഞില്ലല്ലേ?

By: rahul 

ശൗചാലയം


ആത്മവിശ്രാന്തിയുടെ നേർത്ത തലങ്ങളിൽ -
അനുദിനം മുങ്ങി ഞാൻ നിവരുന്നത് ,
അമ്പലത്തിന്റെ പടിക്കെട്ടുകളിലോ -
വിപ്രലംഭ ശൃംഗാര നിമിഷത്തിലോ അല്ല .
ഒരു ജ്ഞാനിയാണു ഞാനെ,ന്നു തോന്നീടും -
ചിന്തയെന്നിൽ ഒഴുകിയെത്തുന്നത് -
ശൗചാലയത്തിൻ നേർത്ത ഇരുട്ടിലല്ലോ.
അദ്വൈത സിദ്ധാന്തം തോൽക്കുംമട്ടിലെത്ര -
ഗരിമയാർന്ന ചിന്തയെന്നിലുണർന്നവിടെ നിന്നും
എന്നിലെ സർഗ്ഗാത്മകത തിരിമുറിയാതെ -
എന്നിലേയ്ക്കൊഴുകിയെത്തിയതും -
പൂജാമുറിയേക്കാൾ നിറഞ്ഞ സ്വാസ്ത്യത്തിൻ -
സർവ്വേശ്വരനെ വിളിച്ചതും -
ഇടനിലക്കാരില്ലാതെ ഞങ്ങൾ,
ഏറെ സംസാരിച്ചതും നേർത്ത ഇരുട്ട് -
കുടികൊള്ളുന്നിടത്തായിരുന്നു.
ആയിരം ധ്യാനം പകരുന്ന സൗഖ്യം -
ഓരോ വട്ടവുമവിടെ നിന്ന് - ലഭിച്ചിട്ടില്ലേ മനസ്സു തുറന്നു -
ശാന്തമായൊന്നോർത്തു നോക്കൂ.
കാണിക്ക വഞ്ചി നിറച്ചു ശാന്തി തേടും -
മൂഡത്വം കൈവെടിയുക, നഷ്ടമായ -
മാനസിക സൗഖ്യം ശൗചാലയത്തിൽ തിരയൂ.
ആത്മ സംഘർഷമില്ലാതെ മർത്ത്യർ -
നിത്യവും ചെല്ലുന്ന വിശുദ്ധ ഗേഹമേതെന്ന് ചോദിച്ചാൽ -
സംശയരഹിതരായി ചൊല്ലൂ -
ശൗചാലയമാണതെന്ന് .

By: rahul

ഉറക്കം


ഉറങ്ങുകയാണെന്ന് സ്വയം ബോധ്യപ്പെടാനും -
ഉറക്കത്തിൽ ഞാൻ മരിച്ചു പോയിട്ടില്ലയെന്ന് -
കൂടെ കിടക്കുന്നവരെ ബോധ്യപ്പെടുത്താനുമാണ് -
ഞാൻ കൂർക്കം വലിക്കുന്നത്.
നിശബ്ദമായി ഉറങ്ങേണ്ടവർക്ക് -
എന്നെ കുറ്റം പറഞ്ഞ് മാറി കിടക്കാം.
ദൈവത്തോട് നിരന്തരം തർക്കിക്കുന്നതിനാലാണ് -
ഉറക്കത്തിലിന്നും ഞാൻ -
ഉച്ചത്തിൽ സംസാരിക്കുന്നത്.
നിങ്ങളുടെ സ്വപ്നങ്ങൾക്കത് -
തടസ്സമാണെങ്കിൽ നിശബ്ദമെന്നെ ശപിക്കാം.
ഉറക്കത്തിലെന്റെ നെടുനീളൻ,
നിശ്വാസങ്ങൾ നിങ്ങളെ വല്ലാതെ -
പേടിപ്പിക്കുന്നെങ്കിലെന്നെ കുലുക്കിയുണർത്താം.
ഉറക്കത്തിൽ പാലിക്കേണ്ട മര്യാദകളൊന്നും -
പാലിക്കാനെനിക്കാവില്ല നിശ്ചയം.
എങ്കിലുമൊരു ദിനം ഞാൻ -
ഉണരാതുറങ്ങുമ്പോ,ളീക്കൂർക്കം -
വലിയും നിശ്വാസവും ആരെങ്കിലും ഒരു പാടാഗ്രഹിച്ചേക്കും...

മാറ്റം


മാറ്റത്തിനു മുന്നിൽ മുഖം തിരിച്ചെന്തിനു -
മഹത്വമാണെന്നോതുന്നു വെറുതേ.
കറുത്ത ഭൂതകാലം മാറാപ്പിൽ കെട്ടിയ -
ദുഷിച്ച ചിന്തകൾ വലിച്ചെറിയുക.
നാരികളമ്പല,നടയിൽ തൊഴുന്നതു -
നാരായണനോ ,വിലക്കീടുന്നു?
മാറ്റങ്ങൾ സർവ്വവും മണ്ണിൽ പിറന്നത് പ്രജ്ഞയിൽ - ബോധ നിലാവുദിച്ചതിനാലല്ലോ.
തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ മാറു-
മറയ്ക്കാൻ പോലും അവകാശമില്ലായ്മ -
സിരകളിലീവിധമൂറിയോ,രടിമത്വ -
ബോധയിരുളിനുമീതേയൊരുപക്ഷി -
ചിറകു കുടഞ്ഞു പറന്നിരുന്നില്ലെങ്കിൽ -
സ്ഥിതി സമത്വ സുന്ദര ലോകത്തിന്നായി -
തൊണ്ട പൊട്ടുംമട്ടിലുറക്കെ വിളിക്കാൻ -
മാറുമറയ്ക്കാ കൂട്ടം ,തെരുവിലിറങ്ങില്ലേ യോർക്കൂ.
അച്ഛനെ പെറാൻ പോലും ഒരമ്മ വേണം -
ഒരമ്മ പിറക്കണമെങ്കിലച്ഛനും.
ഇത്രമേൽ തുല്യരായ് ഈശ്വരൻ പടച്ചിട്ടും -
തുല്യരല്ലെന്നെന്തിന് വിലപിക്കണം...

By: 
Rahul Nirgu Nan

പുലരിയും നീയും .....


മംഗലകോടിയായമ്പിളിയുടുത്ത -
പൂനിലാകസവുപട്ടിതാ-
വാരിയലക്കി കിഴക്കേമുറ്റത്ത്,
തോരയിട്ടിരിക്കുന്നു പുലരി.
രാവിൻ മണിയറയിൽ തീവ്ര-
വ്രീളാ വിവശയായിന്നലെ -
മുഖം കുനിച്ചിരുന്ന മഞ്ജു- പൂർണ്ണേന്ദു മങ്കയാൾ,
ആകാശത്തോപ്പിൻ നാലുകെട്ടിൽ -
സപ്രമഞ്ച കട്ടിലിൽ കിടന്നിതാ-
പ്രഥമ രാത്രി തൻ പ്രഥമൻ -
മനസ്സിൽ വീണ്ടും നുകർന്നിടുന്നു.
ചുറ്റിലും കത്തിച്ചു വെച്ചൊരു നക്ഷത്ര -
ചിരാതുകളാകവേ, യെണ്ണ വറ്റി -
വീടിന്നിറയത്ത് കൺചിമ്മി മെല്ലെ -
സ്വപ്നം കണ്ടുറക്കം തുടങ്ങി.
കാവ്യമരാള ചിറകിലേറിയെൻ, കല്പന നിന്നെ തേടുമ്പോൾ ലളിതേ-
ഈ ചാരു ഭൂമിയിലാകവേ കവന -
രശ്മി പോൽ പുലരിയുണരുന്നു.

By: 
Rahul Nirgu Nan

ഹൃദയം നുറുങ്ങും വ്യഥ


വരും ജന്മങ്ങളിലേതെങ്കിലു-മൊന്നിൽ,
തിരുവില്വാമലയിൽ, ഒരു പ്രാവായ് പിറക്കണം.
ചിത കത്തി ധൂപം മാനത്തിലുയരുമ്പോൾ -
മേഘക്കൂട്ടിൽ നിന്നും പറന്നിറങ്ങണം .
കണ്ണീർ നനച്ചുറ്റവർ ചിതയിൽ,
മോക്ഷത്തിനായ് വിതയ്ക്കും -
നവധാന്യങ്ങളിലെള്ളു മാത്രം -
കൊത്തിപ്പെറുക്കിയെടുക്കണം.
ആറ്റുവഞ്ചി പൂക്കൾ ചിരിക്കും,
പുഴയുടെയോമൽ കപോലത്തിങ്കൽ -
കാകൻ കൊത്തിയ ബലിച്ചോറിൽ -
മിച്ചം വന്നതുകളയാതുണ്ണണം.
കണ്ണീരു വീണു കറുത്ത മണ്ണിൽ -
അതിജീവനത്തിൻ മോഹം പകർന്നു -
ചിറകു കുടഞ്ഞു പറന്നുയരണം.
പാതിരാവിലേകാന്തതയിൽ -
മുറിവേറ്റലയുമാത്മാക്കളുടെ -
വേദന ഹൃദയത്തിലേറ്റുവാങ്ങി ,
ശ്വാസം മുട്ടേയുച്ചത്തിൽ കുറുങ്ങണം.
ചിതയുടെ ചാരവും പുകയുമേറ്റ്-
തൂവെള്ള ചിറകുകൾ കറുപ്പിക്കണം .
ആൾക്കൂട്ടത്തിനിടയിലാരും -
ശ്രദ്ധിക്കാതെ വിഹരിക്കണം.
ഹൃദയം നുറുങ്ങും വ്യഥയും -
കാഴ്ച മറയും കണ്ണുനീരും
തീർക്കും മായിക മറയ്ക്കപ്പുറം-
ചിറകു വിടർത്തിപ്പാറണം,
മനസ്സു തുറന്നു കരയണം...

By: 
Rahul Nirgu Nan

ദളിത് സംരക്ഷണം അഥവ കാവ്യാത്മക കള്ളം ...............


ഞങ്ങടെ ചങ്ക് പിളർത്തിയചോരയിൽ -
നിങ്ങളുടെ മൃദു വിരലുകൾ മുക്കി -
സ്വാതന്ത്രത്യത്തിന്റെ സുന്ദര - ഗാഥകൾ നിങ്ങളെഴുതുക.
ഇടയിലൊരു വരിയെങ്കിലും ഇടറിയെങ്കിൽ -
വേപഥു പൂണ്ടു വിലപിക്ക വേണ്ട -
മായ്ക്കുവാനായി
കണ്ണുനീർ ചാലുകൾ -
ഏറെയുണ്ടീ ഇടനെഞ്ചിലെന്നും.
ചരിത്ര പുസ്തകത്താളുകളിൽ -
ഞങ്ങടെ ഉണർന്നെഴുന്നേൽപ്പിൻ കഥ -
ചാരു കാവ്യാത്മക കല്പനയായി -
എത്രയോ വട്ടം നിങ്ങളെഴുതി .
ആയർകുല ജാതനാം ഞങ്ങടെ കണ്ണന്റെ -
ശ്യാമഗാത്രം നീലം മുക്കി -
യുഗങ്ങളായ് നിങ്ങൾ പാടി -
സമത്വ ഭാരത ശീലുകൾ.
അവകാശം നൽകുന്നു എന്നോതി-
ആത്മാഭിമാനത്തിൻ തലഭാഗത്ത് -
അടിമത്വത്തിൻ സ്മാരകശിലകൾ -
മാർബിൾ ഫലകത്തിലുറപ്പിച്ചില്ലേ.
മൂന്നു സഹസ്രാബ്ദം ഞങ്ങളെ പിഴിഞ്ഞ -
നീരുറ്റിക്കുടിച്ചു തടിച്ചനിങ്ങൾ -
ഗ്രഹിണി ബാധിച്ച ഞങ്ങളെ നോക്കി -
എന്തിനു സാഹോദര്യമെന്നു തൊണ്ട -
പൊട്ടും മട്ടിലുറക്കെപ്പറയുന്നു.
കൊടുങ്കാറ്റിലുമുലയാതെ നിന്നു -
ഈ മണ്ണിൽ വേരുറപ്പിച്ച ഞങ്ങളെ-
അനർഹസംവരണ വാദം പറഞ്ഞെത്ര -
വട്ടം ഉയിരോടെ വധിച്ചു.
നിങ്ങടെ വഴി പിഴച്ചു പോയ മക്കൾക്ക് -
സൗഭാഗ്യം വാരി കൊടുത്തെന്ന് ചൊല്ലാൻ -
ഞങ്ങടെ കഷ്ട്ടപ്പാടിനെയെന്തിനു -
പർവ്വതീകരിച്ചുദാഹരിക്കുന്നു.
പശുവിന്റെ പാലു നിങ്ങടെ തലമുറ -
വയറുനിറച്ചു മൊത്തിയപ്പോൾ -
പൈദാഹമടക്കാനാവാതെ ഞങ്ങൾ -
ചത്ത പൈയുടെ ഇറച്ചി തിന്നു.
വയറു നിറഞ്ഞു വൈകുണ്ഠം,
മനസ്സിൽ ധ്യാനിച്ചു നിങ്ങൾ മയങ്ങുമ്പോൾ -
എവിടെ നിന്നെത്തിയശരീരി ഞങ്ങൾ -
നിങ്ങടെ ദൈവത്തെ കൊന്നുവെന്ന്.
ഞങ്ങളിനിയും നിങ്ങടെ ചാട്ട -
യടിയേറ്റു പുളയാം മടിയില്ലാതെ.
ഞങ്ങളിനിയും ഉറ്റവരുടെ ശവങ്ങൾ -
ചുമക്കാം കാതങ്ങളോളം .
വാതുറക്കാതെയനുസരിക്കാം
നിങ്ങടെ സഹതാപശരങ്ങളിനിയുമേൽക്കാം.
സമത്വസുന്ദര ഭാരതത്തിന്റെ -
സവിശേഷഗുണങ്ങളെണ്ണിപ്പറഞ്ഞ് -
ഇനി ഞങ്ങടെ സവിധത്ത് -
മന്ദഹസിച്ചുകൊണ്ടെത്തരുത്.
By: 
Rahul Nirgu Nan

കവിത


സത്യത്തിനും അസത്യത്തിനും യുക്തിയ്ക്കും വിശ്വാസത്തിനും മോഹങ്ങള്‍ക്കും ഭംഗങ്ങള്‍ക്കും ഇടയിലെ ചെറിയ വിടവില്‍ ഞാനുമെൻ പ്രണയവും വിശ്രമിക്കുമ്പോൾ -
വെയില്‍ തിന്നുന്ന പക്ഷിയായ് വന്നു നീ എന്തിനെന്‍ പകലുകള്‍ അപഹരിച്ചു,
എന്റെയീ ഇരവിലാരു രക്ത -
താരമായെന്തിനെൻ സ്വപ്നങ്ങൾ കട്ടെടുത്തു.
ആത്മരേണുക്കളെ അക്ഷര പൂമാല -
ചാർത്തീടുവാൻ മോഹിപ്പിക്കും -
അനുസ്യൂത പ്രണയ പ്രവാഹമേ-
നിനക്കായിരമായിരം സ്വസ്ഥി നേരുന്നു.
നീയെന്റെ പ്രണയത്തിന് ബലിയിട്ട നാൾ മുതൽ -
അലറിക്കരഞ്ഞു ഞാൻ ഒഴുകി.
കരയുടെ മാറിൽ നഖചിത്രം വരയ്ക്കും -
പ്രണയത്തിൻ ഓമൽപ്പുഴയാണിന്നു ഞാൻ.

By: 
Rahul Nirgu Nan

കവിത


പടിഞാറൊടുങ്ങാന്‍ മാത്രമാ അര്‍ക്കന്‍ -
കിഴക്കുപുറത്തു വീണ്ടുമുദിച്ചു.
വിരഹാഗ്നിയില്‍ സ്ഫുടം ചെയ്യാന്‍ -
മധുരപ്രണയം മനസ്സിലുണര്‍ന്ന പോൽ.
ഒരു പൂ വിന്റാത്മാവിറുത്തെടുത്തു ഞാന്‍ -
എന്‍ കരളിന്റെ പാതിയ്ക്ക് കടം നല്‍കി.
സാലഭഞ്ജികേ, ഈശ്വരന്‍ മഴവില്ലില്‍ കൊത്തിയെടുത്തൊരു - ആയിരം അഴകുള്ള പ്രേമസ്വരൂ പമേ-
അലിയാന്‍ എന്നെ പുണരാൻ -
വരൂ അഴലിന്റെ നിറമാര്‍ന്ന സന്ധൃകളില്‍.
ആത്മാവ് വിറകൊണ്ട ഏതോനിമിഷത്തില്‍ -
അറിയാതെ ഞാനും കാമുകനായി. വില്ലുകുലയ്ക്കാതെ ഞാന്‍ അര്‍ജ്ജുനനായി -ബോധോധയമില്ലാതെ ബുദ്ധനായി -
കൃഷ്ണനായ് രാമനായ് ഒടുവില്‍ -
ഞാന്‍ ഞാനായ് നീ നീയും -എന്നിട്ടും നമ്മള്‍ ഒന്നായില്ല....

By: 
Rahul Nirgu Nan

കവിത


വാക്കിന്റെ കൂർത്ത മുള്ളുകളാൽ നിന്റെ -
നേർത്ത ഹൃദയം മുറിവേൽപ്പിച്ചുവെങ്കിൽ -
ഈ നീലരാവും പൂനിലാവും -
ഈറനണിഞ്ഞ പനിമതിയും -
സങ്കല്പ പ്രേമ ലോകത്തു നന്മൾക്കു -
നികുഞ്ജമൊരുക്കിയ മേദിനിയും -
സാക്ഷിയായ് നിൽക്കുമീ വേളയിൽ -
സങ്കട സമന്വിതം
സമർപ്പിക്കുന്നു ഞാൻ -
കണ്ണീരിൽ നനഞ്ഞായിരം
മാപ്പിന്റെ -
വാസനയറ്റ ശുcഭ പുഷ്പങ്ങൾ.
പനിമതിമുഖീ സഖീ നിന്നെ ഞാൻ -
കരളിന്റെ പാതിയായ് പരിണയിപ്പൂ...


By: 
Rahul Nirgu Nan

കവിത


മുഗ്ദ്ധപ്രണയമേ നമുക്കു -
ചിത്രശലഭങ്ങളായ് പറന്നുയരാം-
മുഴുതിങ്കൾ ചില്ലയിൽ ചേക്കേറി-
ചകോരമായ് ചന്ദ്രിക ചാറ് നുണയാം .
അമ്പിളിപ്പെണ്ണിന്റെ ആരാമത്തിൽ -
നക്ഷത്ര പൂക്കളിൻ വാസനയേറ്റ് -
മാരിവില്ലൂഞ്ഞാൽത്തട്ടിലിരു-
ന്നൊരു സുന്ദര പ്രേമഗാനം മൂളാം.
ചന്ദനക്കോടി മുണ്ടുടുത്തമ്പിളി -
അംബരമാകെ മണ്ടുന്ന നേരത്ത് -
മിണ്ടാതെയാകാശത്തോപ്പിനൊരറ്റത്ത് -
കെട്ടിപ്പുണർന്നുമ്മകൾ നൽകാം.
മേഘത്തിനുള്ളിൽ ഒളിച്ചിരിക്കും -
ചാരു നീർമണിതുള്ളി കളത്രയും -
താഴെ മണ്ണിൽ ചെമ്പനീർ പൂവിന്റെ-
ഹ്യദയത്തിലേക്ക് തട്ടിത്തൂവാം.
തേൻ തുള്ളി മിന്നുമാ മഞ്ജു ദലത്തിൽ -
ചേർന്നിരുന്നേതെങ്കിലും നവ മിഥുന -
ത്തിന്റെ കൈകളിലൊരു പ്രേമോ -
പഹാരമായ് ചെല്ലാം.
അനശ്വരരാവാം നമുക്കങ്ങിനെ -
കല്പാന്തകാലം വരെയീമണ്ണിൽ.
By Rahul

കവിത


ഒരു പനിക്കാലം കൂടി ജീവനിൽ -
ചെറുപുഴപോലൊഴുകിക്കടന്നു പോയ് -
മധ്യാഹ്ന വേനലിലും കുളിരുപകരുമെൻ-
പനിക്കിടക്കതന്നരികിലൂടെ.
പാതിയും പൊടി വന്നു മൂടി
ക്കഴിഞ്ഞൊരീ -
ചാരുചില്ലു ജാലകത്തിനപ്പുറം -
ഓട്ടെണ്ണ തേച്ചു കുളി കഴിഞ്ഞൊരു -
ഈറൻ ആകാശക്കീറുണ്ടായിരുന്നു.
പനിക്കിടക്കയിലെയവ്യക്ത സ്വപ്നങ്ങളിലവിടെ -
പലകുറി ,യനുസ്യൂതമൊഴുകി നടന്നു
അവ്യക്തമാം ഏതോ ഓർമ്മകൾ മാതിരി ...
കണ്ണിലെ ചൂടിനും കണ്ഠത്തിൽ കയ്പ്പിനും -
മീതേയെരിഞ്ഞു നിറഞ്ഞൊഴുകി -
ചുക്കുകാപ്പി തൻ ചുടുനീരുറവ...
ക്രമരഹിതമാമായിരം ചിതറിയ -
ചിന്തകളാണെനിക്കോരോ-പനിക്കാലവും സമ്മാനമായ് - നൽകിടുന്നതിന്നും.
അല്ലെങ്കിലെന്തേ,കൈത്തണ്ടയിൽ ഗ്ലൂക്കോസ് കയറുമ്പോൾ -
ചായയിൽ റസ്ക് മുക്കി തിന്നും -
പനിക്കാലമോർമ്മയിൽ വരുന്നത്.
By Rahul

പരശ്ശതം നോവുകൾ മൂടി..


പരശ്ശതം നോവുകൾ മൂടി -
ക്കഴിഞ്ഞിട്ടുമെന്തോ തിരയു-
ന്നിതെൻ ,വ്രണിത മാനസമറി,
യുന്നുവോ നീ സഖീ..
സ്വപ്നങ്ങളുരുകും വേനൽ ചൂടിൽ -
ഒരു പൂവാകയായ് തളിരിട്ടുണരണം -
പൂങ്കാറ്റു ചേക്കേറും പൂമരച്ചില്ലയിൽ -
തേനൂറും പാട്ടായ് പറ്റിപ്പിടിക്കണം.
നിന്നിലെ നിന്നെ തിരഞ്ഞു നട -
ന്നെന്നിലെ എന്നെ കണ്ടെത്തണം.
നോവുകൾ മൂടുമീ ജീവിത വിപഞ്ചി -
മൂളുന്ന രാഗങ്ങളേറ്റു പാടണം....
നിഷ്ഫലം നിരർത്ഥം നിർവ്വേദാത്മക -
മെങ്കിലും, ഭ്രാന്തുകൾ നിഴലിക്കും -
സുന്ദര കല്പനകളിലല്ലോ നിസ്വനാം _
എൻ ചേതന ഇന്നും മറഞ്ഞിരിപ്പൂ...
By Rahul

കവിത


നിന്റെ വേണിക തുമ്പിലൊരു -
മഞ്ജു മലരായുറങ്ങുവാ-നേറെയുണ്ടൊരുമോഹം
മായാതെയുള്ളിൽ.
അചലനന്ദിനി അമോഘ സുന്ദരീ-
കളസിഞ്ജിതമോടെൻ സവിധത്തണയു....
കരിമുകിൽ കാന്തി ശിരസ്സിലുറങ്ങും -
ഘനശ്യാമവേണി തന്നൊരറ്റത്ത് -
വാസനയറ്റൊരീ നീലമലരിനെ
വാരി ചൂടിയനുഗ്രഹിക്കൂ....

By: 
Rahul Nirgu Nan

കവിത


നിന്റെ വേണിക തുമ്പിലൊരു -
മഞ്ജു മലരായുറങ്ങുവാ-നേറെയുണ്ടൊരുമോഹം
മായാതെയുള്ളിൽ.
അചലനന്ദിനി അമോഘ സുന്ദരീ-
കളസിഞ്ജിതമോടെൻ സവിധത്തണയു....
കരിമുകിൽ കാന്തി ശിരസ്സിലുറങ്ങും -
ഘനശ്യാമവേണി തന്നൊരറ്റത്ത് -
വാസനയറ്റൊരീ നീലമലരിനെ
വാരി ചൂടിയനുഗ്രഹിക്കൂ....

By: 
Rahul Nirgu Nan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo