നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദളിത് സംരക്ഷണം അഥവ കാവ്യാത്മക കള്ളം ...............


ഞങ്ങടെ ചങ്ക് പിളർത്തിയചോരയിൽ -
നിങ്ങളുടെ മൃദു വിരലുകൾ മുക്കി -
സ്വാതന്ത്രത്യത്തിന്റെ സുന്ദര - ഗാഥകൾ നിങ്ങളെഴുതുക.
ഇടയിലൊരു വരിയെങ്കിലും ഇടറിയെങ്കിൽ -
വേപഥു പൂണ്ടു വിലപിക്ക വേണ്ട -
മായ്ക്കുവാനായി
കണ്ണുനീർ ചാലുകൾ -
ഏറെയുണ്ടീ ഇടനെഞ്ചിലെന്നും.
ചരിത്ര പുസ്തകത്താളുകളിൽ -
ഞങ്ങടെ ഉണർന്നെഴുന്നേൽപ്പിൻ കഥ -
ചാരു കാവ്യാത്മക കല്പനയായി -
എത്രയോ വട്ടം നിങ്ങളെഴുതി .
ആയർകുല ജാതനാം ഞങ്ങടെ കണ്ണന്റെ -
ശ്യാമഗാത്രം നീലം മുക്കി -
യുഗങ്ങളായ് നിങ്ങൾ പാടി -
സമത്വ ഭാരത ശീലുകൾ.
അവകാശം നൽകുന്നു എന്നോതി-
ആത്മാഭിമാനത്തിൻ തലഭാഗത്ത് -
അടിമത്വത്തിൻ സ്മാരകശിലകൾ -
മാർബിൾ ഫലകത്തിലുറപ്പിച്ചില്ലേ.
മൂന്നു സഹസ്രാബ്ദം ഞങ്ങളെ പിഴിഞ്ഞ -
നീരുറ്റിക്കുടിച്ചു തടിച്ചനിങ്ങൾ -
ഗ്രഹിണി ബാധിച്ച ഞങ്ങളെ നോക്കി -
എന്തിനു സാഹോദര്യമെന്നു തൊണ്ട -
പൊട്ടും മട്ടിലുറക്കെപ്പറയുന്നു.
കൊടുങ്കാറ്റിലുമുലയാതെ നിന്നു -
ഈ മണ്ണിൽ വേരുറപ്പിച്ച ഞങ്ങളെ-
അനർഹസംവരണ വാദം പറഞ്ഞെത്ര -
വട്ടം ഉയിരോടെ വധിച്ചു.
നിങ്ങടെ വഴി പിഴച്ചു പോയ മക്കൾക്ക് -
സൗഭാഗ്യം വാരി കൊടുത്തെന്ന് ചൊല്ലാൻ -
ഞങ്ങടെ കഷ്ട്ടപ്പാടിനെയെന്തിനു -
പർവ്വതീകരിച്ചുദാഹരിക്കുന്നു.
പശുവിന്റെ പാലു നിങ്ങടെ തലമുറ -
വയറുനിറച്ചു മൊത്തിയപ്പോൾ -
പൈദാഹമടക്കാനാവാതെ ഞങ്ങൾ -
ചത്ത പൈയുടെ ഇറച്ചി തിന്നു.
വയറു നിറഞ്ഞു വൈകുണ്ഠം,
മനസ്സിൽ ധ്യാനിച്ചു നിങ്ങൾ മയങ്ങുമ്പോൾ -
എവിടെ നിന്നെത്തിയശരീരി ഞങ്ങൾ -
നിങ്ങടെ ദൈവത്തെ കൊന്നുവെന്ന്.
ഞങ്ങളിനിയും നിങ്ങടെ ചാട്ട -
യടിയേറ്റു പുളയാം മടിയില്ലാതെ.
ഞങ്ങളിനിയും ഉറ്റവരുടെ ശവങ്ങൾ -
ചുമക്കാം കാതങ്ങളോളം .
വാതുറക്കാതെയനുസരിക്കാം
നിങ്ങടെ സഹതാപശരങ്ങളിനിയുമേൽക്കാം.
സമത്വസുന്ദര ഭാരതത്തിന്റെ -
സവിശേഷഗുണങ്ങളെണ്ണിപ്പറഞ്ഞ് -
ഇനി ഞങ്ങടെ സവിധത്ത് -
മന്ദഹസിച്ചുകൊണ്ടെത്തരുത്.
By: 
Rahul Nirgu Nan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot