വരൂ നമുക്കൊരു യാത്ര പോകാം ലോകത്തിന്റെ അറ്റത്തോളമെത്താൻ കെൽപ്പു കിട്ടാത്ത കാലത്ത് വെറും വെറുതെ ഒരു യാത്ര.
ബലിക്കല്ലും ഗർഭഗൃഹവും ഇല്ലാത്ത, പാട്ടും കളവുമില്ലാത്തൊരു കാവു തേടി പോണം.
കാലെടുത്ത് കരിയില മെതിച്ച് അതിൽ കടക്കുമ്പോൾ കൂടു കൂട്ടാത്ത കരിയില കിളികൾ ചിലച്ച് ചിതറി പറക്കുമായിരിക്കും.
പടർപ്പിലൊരു പുല്ലാഞ്ഞി വള്ളിമേൽ ഇരിക്കണം.
വെയിൽ നൂലു വീഴുന്ന മഞ്ഞൾ തറയിലെ നാഗ ബിംബങ്ങൾ കാണാൻ എത്ര ഭംഗി ആയിരിക്കുമല്ലേ.
പണ്ടെങ്ങോ വാമൊഴിയായറിഞ്ഞോരു നാട്ടു ശീലുണ്ട്..ചിലപ്പോളത് പെട്ടെന്നോർമ്മ കിട്ടില്ല
ഒരുപാടോർത്ത് പാടണം...രാവുറങ്ങുന്നെന്റെ നാഗൻ കുഞ്ഞേ ഊരും പുനവുമില്ലെൻ നാഗൻ കുഞ്ഞേ കൂരിരുട്ടത്തു നീ എന്തു ചെയ്യും അമ്മയില്ലഛനില്ലെന്ത് ചെയ്യും.
പാടി നമുക്ക് വെറുതെ ചിരിക്കാം.
കൊഴിഞ്ഞു പോയ ഉളിപ്പല്ലിന്റെ വിടവു കാട്ടി.
പിന്നൊരു കടത്തു വള്ളം കേറി പോണം നെടും വെയിലു കൊണ്ട് കായൽ കാറ്റ് കൊണ്ട് അക്കരേക്ക്.
ഞാനാദ്യമിറങ്ങാം നിന്റെ കൈ പിടിച്ചിറക്കാൻ.
കറുക കളകൾ മാറി നീണ്ടു നീളുന്ന വയലിറമ്പിലൂടെ പോകാം.
ചേറ്റ് മണമുള്ള കാറ്റേറ്റ് നടക്കാം.
അവിടെ വച്ചാവും പണ്ട് കാടും പുഴയും മലയും കാണാൻ കൊതിയുണ്ടെന്ന് ആശ പറഞ്ഞതിനെ കുറിച്ച് ഓർമ്മ വരുന്നത്.
കാട്ടാറിനെ കുറിച്ചും,
ഒറ്റ മയിലിനെ കുറിച്ചും ഓർമ്മ വരുന്നത്.
ആൽത്തറയിലെങ്ങാൻ ഇരിക്കണം വായിച്ചു തീർത്ത പുസ്തകങ്ങളെ കുറിച്ചും കണ്ടു കഴിഞ്ഞ സിനിമകളെ കുറിച്ചും പിന്നിലേക്ക്
മരങ്ങളെയും മലകളെയും മനുഷ്യരെയും ഓടിച്ച യാത്രകളെ കുറിച്ചും സംസാരിക്കണം.
ഒരുപാട് ദൂരം മെല്ലെ നടക്കണം.
ഫ്ലോറന്റീനോ അരിസൊയും ഫെർമ്മിന ഡാസയും കലങ്ങി ഒഴുകുന്ന നദിയിലൂടെ എല്ലാ ബന്ധങ്ങളും വേണ്ടെന്നു വച്ച് കോളറ കൊടി കെട്ടിയ കപ്പലിൽ വെറും വെറുതെ നടത്തിയ യാത്രയെകുറിച്ചും പറയാം.
സ്വയം സ്വതന്ത്ര പ്രഖ്യാപിതരാവാം.
വെറും വെറുതെ, വെറുതെയല്ലാത്ത യാത്ര തുടരാം. തെളിമയോടെ വെള്ളിയാങ്കല്ലു കാണുന്ന ദൂരം.
അവിടെ മഴ തുമ്പികളായി പൂർണരാകുന്ന ദൂരം നമുക്ക് പോകാം
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക