ചില ചിന്തകൾ അങ്ങനെയാണ് . മഷി പുരളാനുള്ള വ്യഗ്രത കാട്ടി കൊണ്ട് ഇങ്ങോട്ടു വന്നു ശല്യപെടുത്തും. പുസ്തകത്താളുകളിൽ പെറുക്കി അടുക്കുംവരെ ഇടവും വലവും തിരിയാൻ സമ്മതിക്കില്ല.
മറ്റു ചിലത് , മടിച്ചു മടിച്ചു അങ്ങനെ നിൽക്കും. വാതിലിനപ്പുറം മറഞ്ഞിരുന്ന് കാൽവിരലുകളാൽ കളം വരക്കും. ക്ഷമയോടെ കൈനീട്ടി പിടിച്ചാൽ നാണം മറന്നോടിയെത്തും.
വേറെ ചിലതുണ്ട് , എത്ര ശ്രമിച്ചാലും പിടിത്തരില്ല. കൊതിപ്പിച്ചു കൊണ്ടോടി മറയും. വഴുതി മാറും. അവയങ്ങനെ പൂർണതയിലെത്താതെ മനസിന്റെ കോണിൽ പൊടിപിടിച്ചു കിടക്കും.
അപ്രാപ്യമായ എന്തിനോടും തോന്നുന്ന മനുഷ്യസഹജമായ ആസക്തിയുണ്ടല്ലോ, അതിനാലാകാം എനിക്കിവയോടാണ് ഏറെ ഇഷ്ട്ടം. പിന്നെയും പിന്നെയും അവയേ വരുതിയിലാക്കാൻ പ്രയത്നിച്ചുകൊണ്ടേയിരിക്കും.
ചിന്താസാഗരങ്ങൾക്കു മാത്രമല്ല , ബന്ധങ്ങൾക്കും ഭൗതികമായ വസ്തുവകകൾക്കും ഇത് ഏറെ കുറെ പ്രസക്തമാന്നെത്ത് മറ്റൊരു വസ്തുത.
കൈവെള്ളയിൽ ഉള്ളതിന്നെ ഗൗനിക്കാതിരിക്കുക മനുഷ്യസഹജമായ മറ്റൊരു വ്യവഹാരമാണെല്ലോ. നിഷ്‌പ്രയാസം കരസ്ഥമാക്കിയ പലതിന്റെയും ശോഭ, അത് ലഭിക്കുന്നതോടുകൂടി ഒരു പരിധിവരെയെങ്കിലും മങ്ങുന്നതായി കാണാറുണ്ട്. പിന്നെയെപ്പോഴെങ്കിലും അവ നഷ്ടമാവാൻ സാധ്യതയുണ്ടെന്ന തിരിച്ചറിവിൽ നിന്നാകും വീണ്ടുവിചാരം ഉടലെടുക്കുക.
ചിലപ്പോൾ മറ്റൊരവസരംകൂടി ലഭിച്ചേക്കാം, മറ്റുചിലപ്പോൾ വില്ലിൽ നിന്നും തൊടുത്തുവിട്ട അസ്‌ത്രം പോലെ , വിടപറയാതെ കൊഴിഞ്ഞു പോയ ഇന്നലെകൾ പോലെ , ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത വിധം അവ നീര്‍ച്ചുഴിയുടെ അഗാധകയത്തിലേക്ക് മറയുന്നതു നിസ്സഹായമായി നോക്കിനിൽകേണ്ടി വന്നേക്കാം.
" മേന്മയേറിയ പുല്‍ത്തകിടികൾ തേടും മനസിനെ,
അരുതേയെന്നു ചൊല്ലി അരികിൽ കടിഞ്ഞാണിടുവാൻ,
അരുതേയെന്നു ചൊല്ലി അരികിൽ കടിഞ്ഞാണിടുവാൻ,
മുറ്റത്തെ പിച്ചകപൂവിന് സുഗന്ധം
അത്തറിൻ കുപ്പിയില്‍ ദൃഢമായി ഒതുക്കി
നിരന്തരം നെഞ്ചിലെ വാസനതൈലമാക്കാൻ,
അത്തറിൻ കുപ്പിയില്‍ ദൃഢമായി ഒതുക്കി
നിരന്തരം നെഞ്ചിലെ വാസനതൈലമാക്കാൻ,
നീര്‍ച്ചുഴി മാറിൽ ഒഴുക്കീടുമാണ്ടിൽ
ബലിപുഷ്പങ്ങൾ തൻ ഋണമുക്തിപോൽ ,
ബലിപുഷ്പങ്ങൾ തൻ ഋണമുക്തിപോൽ ,
മനുജാ നീ വാഴുക അഹം മറന്ന് അക്ഷുബ്‌ധമായി. "
By: Jaya Rajan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക