'സഖാവി'ന്റെ പിതൃത്വത്തെ അല്ലെങ്കിൽ മാതൃത്വത്തെ ചൊല്ലി അടിപിടി നടക്കുന്ന സമയമാണല്ലോ. സ്വന്തമായി അത്യാവശ്യം രസമുള്ള ഒരു സാഹിത്യചോരണ കഥയുണ്ട്. അത് പറയാം. പത്തുപതിനഞ്ചുകൊല്ലം മുൻപാണ്. കൃത്യമായി പറഞ്ഞാൽ 1998ൽ, സഖാക്കന്മാർ തേങ്ങ പിരിച്ചുണ്ടാക്കിയ മൊകേരി ഗവ: കോളേജിൽ ഞാൻ ഒന്നാം വർഷം പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയം. ഒരു വർഷം മാത്രമേ അവിടെ പഠിച്ചിട്ടുള്ളൂ എന്നത് വേറെ കാര്യം. ഇപ്പോൾ ആംഗ്ലോ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധിയായി ലോക്സഭയിലുള്ള സർ. റിച്ചാർഡ് ഹേ വകുപ്പ് മേധാവിയായും നമ്മുടെ സ്വന്തക്കാരനായ സെബാസ്റ്റ്യൻ കാലാ ഇംഗ്ലീഷ് വിഭാഗത്തിലും ഒക്കെ ഉണ്ടായിരുന്ന കാലം. കോളേജിലുള്ള സമയത്തു് ഗ്രൗണ്ടിലും പിന്നെ ലൈബ്രറിയിലും കൂടുതൽ സമയവും ചുറ്റുമുള്ള സിനിമാടാക്കീസ്സുകളിലുമായി അങ്ങനെ ജീവിച്ചുപോവുകയായിരുന്നു പാവം ഞാൻ.
അക്കാലത്താണ് സഹപാഠിയായ കോതോടുകാരൻ രാജേഷിന് ഒരു കയ്യെഴുത്ത് മാസിക അങ്ങ് ഇറക്കികളയാം എന്ന ചിന്ത ശക്തമാകുന്നത്. മാർക്കേസിന്റെയും മറ്റും തടിച്ച പുസ്തകങ്ങൾ കക്ഷത്തിൽ വച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടിട്ടുള്ളതിനാൽ ഞാൻ ഒരു ബുദ്ധിജീവിയും കവിതയെഴുതാൻ പ്രാപ്തിയുള്ളവനുമാണെന്ന് അവൻ തെറ്റിദ്ധരിച്ചു, കയ്യെഴുത്ത് മാസികയിലേക്ക് ഒരു കവിത സംഭാവന ചെയ്യാൻ എന്നോട് താഴ്മയായി അപേക്ഷിച്ചു. അവൻ എന്നിലർപ്പിച്ച ആ പ്രതീക്ഷ തകർത്തു തരിപ്പണമാക്കാൻ എനിക്ക് കഴിയില്ലായിരുന്നു. മുൻപ് സ്കൂളിൽ പഠിക്കുന്ന കാലത്തു് മൂന്ന് പേര് മാത്രം പങ്കെടുത്തിരുന്ന കവിതാരചനാ മത്സരങ്ങളിൽ പങ്കെടുത്ത് തേർഡ് പ്രൈസ് വാങ്ങിയ അനുഭവങ്ങൾ മാത്രമായിരുന്നു കൈമുതൽ. ഏതായാലും എന്നിലെ കവി ഉണർന്നു, എന്നിട്ട് നേരെ ലൈബ്രറിയിലേക്ക് വച്ചുപിടിച്ചു. അവിടെ നിന്നും പഴയ ഒരു മാതൃഭൂമി ആഴ്ച്ചപതിപ്പ് പൊടി തട്ടിയെടുത്തു. അതിന്റെ 'കോളേജ് മാഗസിൻ' സെക്ഷനിൽ നിന്നും കൊള്ളാവുന്ന ഒരു കവിത തിരഞ്ഞെടുത്തെഴുതി, അതിന് കുറച്ചുകൂടി ഉചിതമെന്ന് എനിക്ക് തോന്നിയ ഒരു തലക്കെട്ടും കൊടുത്തു. കവിത കിട്ടിയപ്പോൾ രാജേഷ് കൃതാർത്ഥനായി, അവൻ എന്നിലർപ്പിച്ച പ്രതീക്ഷ കാത്തുസൂക്ഷിക്കാനായതിന്റെ ചാരിതാർഥ്യം എനിക്കും. ഒരു നിമിഷം അവന്റെ തോളിൽ കൈവച് അവനെ നോക്കിനിന്ന ശേഷം ഞാൻ കോളേജിന്റെ ഇടനാഴികളിലൂടെ എങ്ങോട്ടോ നടന്നുപോയി.
പിന്നീടെപ്പോഴോ കോളേജിൽ ചെന്നപ്പോൾ ക്ലാസ്സ്റൂമിന്റെ മുൻപിൽ ഒഞ്ചിയംകാരിയും ഒപ്പം വിപ്ലവകാരിയുമായ ഒരു കൂട്ടുകാരി എന്നെ തടഞ്ഞു. ഞാൻ ചോദിച്ചു, 'എന്താ ഹേ?'. അവൾ പ്രതിവചിച്ചു, 'കവിത മോഷ്ടിച്ചാൽ ആരും അറിയില്ലെന്ന് കരുതിയോ ഹേ?' നടൻ ഇന്നസ്സെന്റിന്റെ ഭാഷയിൽ പറഞ്ഞാൽ ഞാൻ ഇളിഞ്ഞുപോയി. ഒരു നിമിഷം എല്ലാം കൂടി ഇടിഞ്ഞുതലയിൽ വീണാരുന്നെങ്കിൽ എന്നും തോന്നിപ്പോയി. പിന്നെ രാജേഷിനെകൂടി താങ്ങാൻ ഉള്ള ധൈര്യം ഇല്ലാത്തതിനാൽ ഒരു നിമിഷം അവളെ നോക്കിനിന്ന ശേഷം ഞാൻ കോളേജിന്റെ ഇടനാഴികളിലൂടെ വീണ്ടും എങ്ങോട്ടോ നടന്നുപോയി. അത് നേരെ വീട്ടിലേക്കായിരുന്നു.
പിന്നീട് റ്റീസി വാങ്ങാനായി പോയപ്പോൾ 'നോ ഡ്യൂ' സെർട്ടിഫിക്കറ്റിനായി ലൈബ്രറിയിൽ പോകേണ്ടിവന്നു. അതാ മേശപ്പുറത് ആ കയ്യെഴുത്ത് മാസിക. പരിചയമുള്ള ആരും അടുത്തില്ല എന്നുറപ്പ് വരുത്തി ഞാൻ തിടുക്കത്തിൽ അതിന്റെ താളുകൾ മറിച്ചുനോക്കി. 'എന്റെ' കവിത കിടന്ന പേജിനു മുകളിൽ രാജേഷാവാം വേറൊരു പേജ് ഒട്ടിച്ചുചേർത്തിരിക്കുന്നു. അതിൽ മറ്റൊരു കവിത, അതിന്റെ ടൈറ്റിൽ 'മോഷണം' എന്നായിരുന്നു.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക