അമ്മയെനിയ്ക്ക് കാച്ചിയ പാല്‍ തരും. അത് കുടിയ്ക്കാഞ്ഞാല്‍ അമ്മ കരയും. എന്തിനാണ് അമ്മ കരയുന്നത്? ... ക്ളാസില്‍ ടീച്ചര്‍ പാഠം തുടരുകയാണ്. അവന്‍ കയ്യില്‍ തിണര്‍ത്തു കിടക്കുന്ന പാടുകളിലേയ്ക്ക് നോക്കി.നല്ല നീറ്റലുണ്ട്. വിശന്നിട്ടാണെങ്കില്‍ വയര്‍ പുകയുന്നു. കഞ്ഞി ചോദിച്ചതിനാണ് രാവിലെ അമ്മ അടിച്ചത്. എന്തു പറഞ്ഞാലും ഇപ്പോള്‍ മര്‍ദ്ദനമാണ്. ദേഹം മുഴുവന്‍ വേദനയാണ്. രാത്രി ഉറക്കം പിടിച്ചപ്പോഴായിരുന്നു അച്ഛന്റെ വരവ്. കാലുകള്‍ നിലത്തുറയ്ക്കാതെ, എന്തോ പുലമ്പി, എന്തൊക്കെയൊ എടുത്തെറിഞ്ഞുടച്ച്... അച്ഛാ.. എന്നു വിളിച്ചതേയുള്ളു, കയ്യില്‍കിട്ടിയതെടുത്ത് പൊതിരെയടിയായിരുന്നു. ബോധം കെട്ടതാണോ, ഉറങ്ങിപ്പോയതാണോ, ഓര്‍മ്മയില്ല. ടീച്ചര്‍ തുടരുകയാണ്.. എന്തിനാണ് അമ്മ കരയുന്നത്? ഞാന്‍ അച്ഛനേക്കാള്‍ വലുതാവണം... അവനൊന്നും മനസ്സിലായില്ല. കണ്ണുകളടയുകയാണ്, തൊണ്ട വരളുന്നു, ഒരിറ്റ് വെള്ളം കിട്ടിയെങ്കില്‍.. അടുത്തിരിയ്ക്കുന്ന കുട്ടിയെ മെല്ലെ തൊട്ടു വിളിച്ചു.. എനിയ്ക്ക് തീരെ വയ്യ... പിന്നെ ഒന്നും ശരിയ്ക്കോര്‍മ്മയില്ല. ക്ളാസ് മുറിയും ടീച്ചറും കുട്ടികളും എല്ലാം മാഞ്ഞു പോവുന്നു..... ഇപ്പോളിവിടെ വേറൊരു മുറിയിലാണ്. ദേഹത്തെവിടെയൊക്കെയോ ട്യൂബുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. വേദനയല്ല, ഒരു തരിപ്പു മാത്രം. ആരോ പേരു ചോദിച്ചു. അപ്പോള്‍ ബോധമുണ്ട്. നഴ്സുമാര്‍ അടക്കം പറയുന്നു... എന്നാലും ഇങ്ങിനെയൊക്കെ തല്ലിച്ചതയ്ക്കാമോ? പാവം കുട്ടി. ഡോക്ടര്‍മാരോടൊപ്പം വന്ന ഒരു സാറു പറഞ്ഞു, ഒന്നും പേടിയ്ക്കണ്ട, അസുഖമൊക്കെ വേഗം മാറും, എന്നിട്ട് ബാലനികേതനിലേയ്ക്ക് പോകാം, ആരും ഇനി ഉപദ്രവിയ്ക്കില്ല. കണ്ണുകളടച്ചു കിടന്നു. മയക്കത്തിലും ആരോ പറയുന്നതു കേട്ടു, അമ്മയേയും അച്ഛനേയും പോലീസ് അറസ്റ്റ് ചെയ്തത്രേ! അമ്മ കരയുന്നുണ്ടാവുമോ? എന്തിനാണ് അമ്മ കരയുന്നത്?ഉറക്കത്തിലേയ്ക്ക് വഴുതിവീഴുന്നതിന് മുമ്പ് അവന്‍ മനസ്സില്‍ പറഞ്ഞു, വേണ്ട, അമ്മ കരയണ്ട........
രാധാസുകുമാരന്‍
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക