Slider

ഒരു ചെറിയ കഥ.

0

ഒന്നു രണ്ടു തവണ ഞാനവളെ കണ്ടിട്ടുണ്ടെങ്കിലും അന്നായിരുന്നു അവളെ ഇത്രയധികം അടുത്തുനിന്നു കാണുന്നത്‌.
അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ, "എന്തു ഭംഗിയാ..." എന്ന് അറിയാതെ പറഞ്ഞുപോയി...
അവളത് കേട്ടു, അവൾ എന്നെയൊന്ന് നോക്കി.
ദഹിച്ചുപോകുന്ന നോട്ടം...
റിസപ്റ്റനിൽ നിന്നും ബില്ല് മുറിച്ച് അവൾ നടന്നു.
പിന്നീടവളെ ഫാർമസിയിൽ നിൽക്കുമ്പോൾ വീണ്ടും കണ്ടു.
ഇത്തവണ അവളുടെ മുഖത്ത് പഴയ ഗൗരവമുണ്ടായിരുന്നില്ല...
ഫാർമസിയിൽ എന്നെ കണ്ടതും ഒരു സെക്കന്റ് അവളൊന്നു നിന്നു...
പിന്നെ ഫാർമസിയിലേക്ക് വന്നു.
ഇടയ്ക്കെപ്പൊഴോ ഒരു പുഞ്ചിരി അവളുടെ ചുണ്ടില് വിരിഞ്ഞതായൊന്ന് എനിക്ക് തോന്നി.
അവളുടെ കണ്ണുകളിലേക്ക് തന്നെയായിരുന്നു ഞാൻ നോക്കിയത്‌. കൺപോളയിലെ അല്പം കട്ടികൂടിയ പുരികം ആ കണ്ണുകൾക്ക് എന്തെന്നില്ലാത്ത ഭംഗി കൂട്ടി...
ആദ്യമായാണ്‌ ഇത്രേം ഭംഗിയുള്ള കണ്ണുകൾ ഞാൻ കാണുന്നത്‌...
ഞാനവളെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവൾ അറിയുന്നുണ്ടായിരുന്നു.
അവൾ കണ്ണുകൾ കുറച്ചുനേരമടച്ചു നിന്നു.
അപ്പോഴും ആ കണ്ണുകളുടെ ഭംഗിക്കൊരു കുറവും ഉണ്ടായിരുന്നില്ല...
ഫാർമസിയിൽ നിന്ന് ഞാൻ നേരെ കൂളറിന്റെടുത്തേക്കാണ്‌ പോയത്‌.
ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ അവളൊന്ന് ചുറ്റും കണ്ണോടിച്ചു, ആ തിരച്ചിൽ ദാഹമകറ്റുന്ന എന്നിലേക്കാണ്‌ അവസാനിച്ചത്‌.
അവൾ പതുക്കെ പടികളിറങ്ങി നടന്നു...
ഗേറ്റിനടുത്തെതും മുമ്പ് അവളൊന്ന് തിരിഞ്ഞു നോക്കി, അതെനിക്കുള്ള സിമ്പലാണെന്ന് മനസ്സിലാക്കാൻ കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല...
ഞാൻ നടന്നു, അവളെ ലക്ഷ്യമാക്കി...
ഞാൻ അടുത്തെത്തിയപ്പോൾ അവൾ ചോദിച്ചു, "എന്താ ഇങ്ങനെ വായിനോക്കികൾ നോക്കുന്നത്‌ പോലെ നോക്കുന്നെ? പെണ്പിള്ളാരെ കാണാത്തത്‌ പോലെ...???"
അവൾ ആദ്യമായി എന്നോട്‌ സംസാരിച്ചു...
എന്നോട്‌ മാത്രമായി പറഞ്ഞു...
എനിക്ക് സന്തോഷം അടക്കാനായില്ല.
അവളും നടന്നകലുമ്പോൾ ഒരു പുഞ്ചിരി തന്നു.
അതെന്നെ മറ്റേതോ മായാലോകത്തെത്തിച്ചു...
പിന്നീട് പലപ്പോഴായി അവളെ കണ്ടു...
തിരക്കേറിയ റോഡിൽ, ബസ്സ്റ്റാന്റിൽ, ബുക്സ്റ്റാളിൽ, കൂൾബാറിൽ...
കാണുമ്പോഴെല്ലാം അവൾ എന്തെങ്കിലും സന്ദേശങ്ങൾ നൽകുമായിരുന്നു...
ചിലപ്പോൾ പതുക്കെയൊന്നു തലയാട്ടിയുള്ള പുഞ്ചിരി അല്ലെങ്കിൽ പുരികങ്ങൾ കൊണ്ട്‌ അതുമല്ലെങ്കിൽ കണ്ണുകൾകൊണ്ട്‌...
പിന്നീടൊരിക്കൽ ഒരു സുഹൃത്തുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് പിരിയുമ്പോൾ അവിടെ നിർത്തിയ ബസ്സിൽ അവൾ.
അവനോട്‌ സലാം പറഞ്ഞ് ആ ബസ്സ് ഓടിപ്പിടിച്ചു.
അവളിറങ്ങിയടത്ത് ഞാനും ഇറങ്ങി.
ഞാൻ ബസ്സിലുണ്ടാകുമെന്ന് അവൾ പ്രതീക്ഷിച്ചില്ല എന്നവളുടെ കണ്ണുകളിലെ അത്ഭുതം കണ്ടപ്പോഴെനിക്ക് മനസ്സിലായി.
അവൾ റോഡ്‌ മുറിച്ച് കടന്ന് തിരിഞ്ഞു നോക്കി.
ഞാൻ രണ്ടാമതൊന്നു ചിന്തിച്ചില്ല.
ഞാൻ അവളുടെ അടുത്തെത്തി.
മെയിൻ റോഡിൽനിന്നും ഇടവഴിയിലേക്ക് തിരിഞ്ഞപ്പോൾ അവൾ ചോദിച്ചു...
"ആരാ കൂടെ ഉണ്ടായിരുന്നത്‌... കൂട്ടുകാരനാണോ...???"
"അതേ... എന്താ ഇഷ്ടായോ???" എന്ന് ഞാനും ചോദിച്ചു...
അവൾ 'ഇല്ല' എന്ന് തലയാട്ടി...
ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു...
"എന്നെ ഇഷ്ടായോ...???"
അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു.
പെട്ടെന്നവൾ നിന്ന്, അവളുടെ ഇടത്‌ കൈകൊണ്ട് എന്റെ ഇടത്‌ കൈ എടുത്ത് വലതു കൈകൊണ്ടവൾ എന്റെ കൈയ്യിലേക്കൊന്ന് നുള്ളി...
എന്നിട്ടവൾ വേഗത്തിൽ നടന്നു.
അവളുടെ പെട്ടെന്നുള്ള ഈ പ്രവൃത്തി ഞാൻ ഒട്ടും പ്രതീക്ഷില്ല.
ഞാൻ കൈ പതുക്കെ കുടഞ്ഞുകൊണ്ട്‌...
അവളുടെ വിരൽ സ്പർശമേറ്റ ഭാഗത്തേക്ക് നോക്കി...
അതിന്‌ ശേഷം അവളേയും.
അവൾ നുള്ളിയിടത്ത് വേദന ഉണ്ടായിരുന്നു, പക്ഷേ എന്തോ ഒരു സുഖമുള്ളൊരു വേദനയായിരുന്നത്‌...
അവൾ ഒന്നെന്നെ തിരിഞ്ഞുനോക്കി...
അവളുടെ മുഖത്തെന്തോ വലിയൊരാനന്ദം എനിക്ക് കാണാൻ കഴിഞ്ഞു...
അവൾ എന്നെ നോക്കിക്കൊണ്ട്‌ അവളുടെ കണ്ണുകൾ ഒന്നടച്ചുതുറന്നു...
പതുക്കെ തലയാട്ടിക്കൊണ്ട്‌ ചിരിച്ചു...
ഞാനും...

by: 
Rajil A Sai
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo