Slider

ചില്ലറ

0


ട്രെയിൻ കൃത്യ സമയത്ത് തന്നെ സ്റ്റേഷനിൽ എത്തി. മഴ തകർത് പെയ്യുകയാണ്. സമയം കാലത്ത് 8 മണി ആകാറായിരിക്കുന്നു. ട്രെയിനിറങ്ങി ബസ് സ്റ്റാൻഡിലേക്ക് നടന്നു. ബാംഗ്ലൂരിൽ നിന്നും ഇവിടെ വരെ എത്താൻ എളുപ്പമാണ്. ഇനി ഇവിടുന്ന് നാട്ടിലേക്ക് എത്തിച്ചേരുക എന്നതാണ് പ്രയാസം. മഴക്കാഴ്ചകളും കണ്ടു ബസ് സ്റ്റോപ്പിൽ നില്ക്കാൻ തുടങ്ങിയിട്ട് സമായമേറെയായി. ഇത് വരെ ബസ് വന്നിട്ടില്ല. രാവിലെ സ്റ്റാൻഡിൽ ഇറക്കിയ പത്രക്കെട്ടുകൾ ബാക്കി വെച്ച പ്ലാസ്റ്റിക് കവറുകൾ കാറ്റിൽ അങ്ങിങ് നൃത്തം വെച്ച നടപ്പുണ്ട്. ഒടുവിൽ ബസ് വന്നെത്തി. നല്ല തിരക്കുണ്ടായിരുന്നെങ്കിലും ബാഗ് ഉണ്ടായിരുന്നതിനാൽ സീറ്റ് ഒപ്പിക്കാൻ കഴിഞ്ഞു!!. നിലത്ത് വീണ പലഹാരത്തിൽ ഈച്ച പൊതിയുന്നത് പോലെ, ബസ് എടുക്കുന്നതും കാത്ത് ബസിന്റെ ഡോറിനോട് ചേർന്ന് ബാഗും തോളിൽ തൂകി കുട്ടികൾ കൂട്ടം കൂടി നിൽപ്പുണ്ട്. ബസ് സ്റ്റാർട്ട് ചെയ്തപ്പോൾ ആ ബാഗുകളിൽ പലതും എന്റെ മടിയിൽ സ്ഥാനം പിടിച്ചു. മഴയെ പുണർന്നു കൊണ്ട് ബസ് മുന്നോട്ട് പോകുമ്പോൾ ബസിൽ തിങ്ങി നിറഞ്ഞ കുട്ടികൾ എന്നെ പഴയ ഹൈ സ്‌കൂൾ നാളുകളിലേക്ക് പുറകോട്ട് കൊണ്ട് പോകുകയായിരുന്നു. അപ്പോഴാണ് ഒരു യോഗാഭ്യാസിയുടെ മെയ് വഴക്കത്തോടെ കുട്ടികൾക്കിടയിലൂടെ അവരെ കഷ്ടപ്പെട് വകഞ്ഞു മാറ്റി കണ്ടക്ടർ വരുന്നത് ശ്രദ്ധിച്ചത്. ടിക്കറ്റ് എടുക്കാനായി പേഴ്‌സ് എടുത്തു. അതിനകത്തേക് നോക്കിയ ഞാൻ ഞെട്ടി. 1000 രൂപയുടെ ഒറ്റ നോട്ട് മാത്രം!! 12 രൂപയുടെ ടിക്കറ്റിന് 100 രൂപ കൊടുത്താൽ പോലും കണ്ടക്ടർമാരുടെ മുഖം ചുളിയും. അപ്പൊ ഈ 1000 രൂപ കൊടുത്താൽ. .. 
രണ്ടും കൽപ്പിച് ഞാൻ 1000 രൂപ കണ്ടക്ടർക് നേരെ നീട്ടി പറഞ്ഞു
"ഒരു മണിയൂർ.."
"12 രൂപയുടെ ടിക്കറ്റിനു 1000 രൂപ തന്ന ബാക്കി ഞാൻ എവിടുന്ന് എടുത് തരാനാ?? ചില്ലറ വേണം."
.
"ചേട്ടാ. . കയ്യിൽ ചില്ലറ ഒന്നും ഇല്ല"
"എന്നാ പിന്ന ഞാൻ ഉണ്ടാക്കി തരാടോ.. രാവിലെ തന്നെ ഓരോന്ന് വലിഞ്ഞു കേറിക്കോളും. . ബാക്കി താൻ കിട്ടുമ്പോ വാങ്ങിച്ചോ .."
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ഇന്നലെ അവസാന നിമിഷം ഓടി പിടിച്ചു വരികയായയിരുന്നതിനാൽ കൈയിൽ എത്ര കാശ് ഉണ്ടെന്നു പോലും നോക്കാൻ പറ്റിയില്ല. സഹയാത്രികർക്ക് മുഖം കൊടുക്കാതെ പുറത്തേക്ക് നോക്കിയിരികാമെന്നു വെച്ചാൽ മഴ കാരണം ഷട്ടർ താഴ്ത്തിയിട്ടിരിക്കുകയാണ്. ഒടുവിൽ ഞാൻ എന്റെ സ്മാർട് ഫോണിൽ അഭയം പ്രാപിച്ചു. സ്റ്റോപ്പുകൾ ഒന്നൊന്നായി പിന്നിലാവുകയാണ്. സ്‌കൂൾ പിന്നിട്ടതോടെ സീറ്റിലിരിക്കാനും മാത്രം യാത്രക്കാർ ബാക്കിയായി. ഓരോ തവണ കടന്നു പോകുമ്പോഴും കണ്ടക്ടർ എന്നെ നോക്കുന്നുണ്ട്.. ഒടുവിൽ അവസാനത്തെ സ്റ്റോപ്പ് എത്താറായി. ഞാനും അങ്ങിങ്ങായി ഒന്ന് രണ്ടു യാത്രക്കാരും മാത്രമേ ബാക്കിയുള്ളൂ. എങ്ങനെ ബാക്കി ചോദിക്കും എന്ന ചിന്ത എന്നെ അലട്ടി. ബാക്കി വാങ്ങിക്കാതെ പോയാലോ എന്നും ചിന്തിച്ചു. അപ്പോഴാണ് കണ്ടക്ടർ എന്റെ അടുത്തേക്ക് വന്നത്.
"ചേട്ടൻ അതങ്ങ് ക്ഷമിച്ചു കള. . വീട്ടിനപ്പുറത് ഒരു കല്യാണം ഉണ്ടായിരുന്നു.2 ദിവസായിട്ടു രാത്രി അവിടായിരുന്നു. ഒരു പോള കണ്ണടച്ചിട്ടില്ല. എന്നിട്ടാണ് രാവിലെ പണിക്ക് വന്നത്. അപ്പോഴാണെ ഒടുക്കത്തെ മഴയും പോരാഞ്ഞ് ഒരു ബസ് ഇല്ലാത്തതിനാൽ ഇതിൽ നെറച്ച് പിള്ളേരും. അതിനിടയിൽ ഈ 1000 രൂപയും കൂടെ ആയപ്പോൾ ആകെ ഭ്രാന്തായി. ചേട്ടൻ ഇതൊന്നും മനസിൽ വെയ്ക്കണ്ട.." എന്ന് പറഞ്ഞു ബാക്കി രൂപ എന്റെ നേർക്ക് നീട്ടി. കൊലക്കയർ പ്രതീക്ഷിച്ചു പോയിട്ട് വെറുതെ വിട്ടെന്ന വിധി കേട്ട പ്രതിയുടെ അവസ്ഥയിലായിരുന്നു ഞാൻ. ബസ് ഇറങ്ങി നടക്കുമ്പോൾ അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു. തിരിച്ചു അയാൾക്ക് ഒരു ചിരി സമ്മാനിക്കുമ്പോൾ ഞാൻ മനസ്സിൽ ഓർത്തു എല്ലാവരുടെ മനസ്സിലും കാണും സാഹചര്യങ്ങളാൽ മൂടപെട്ട ഒരു ചില്ല് അറ. . .!!


By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo