കൈവശാവകാശത്തെപ്പറ്റി കേട്ടിട്ടുണ്ടാകും അല്ലേ, പക്ഷേ അത്, വസ്തുവി ൻറെതാണെന്നു മാത്രം.
എന്തൊയെന്നറിയില്ല ഒരു നിമിഷം, മാതാപിതാ ക്കൾക്ക് മക്കളുടെ മേലുള്ള കൈവശാവകാശത്തെപ്പറ്റി ഒരു ചിന്ത കടന്നു വന്നു. സ്വത്ത് ആണായാലും പെണ്ണായാലും.
സൗകര്യം കൂടുകയും, ശാസ്ത്രം വളരുകയും ചെയ്യും തോറും, കൈവശം വയ്ക്കാനുള്ള പരിധി തന്നെ കുറഞ്ഞു കുറഞ്ഞു വരികയാണ്. 18 വയസ്സിൻറെ ഒരു രേഖ പിടിവള്ളിയായി എവിടെയോ കാണുന്നുണ്ട്. അതിലൊന്നും വലിയ കാര്യമില്ല, അതൊക്കെ ഈ ദാരിദ്ര്യരേഖ പോലെ ഒരു രേഖ, അത്രയേ ഉളളൂ.
ഭാഗ്യമുള്ള ചിലർക്ക്, ഒരു പക്ഷേ പ്ലസ് റ്റു വരെ മക്കളെ കയ്യിൽ കിട്ടിയേക്കാം. അത് കഴിഞ്ഞാൽ അവർ പറക്കും അവരാകാൻ. പഠിത്തം കഴിഞ്ഞാൽ പിന്നെ, അവരെ കാത്തിരിക്കുന്ന ലോകത്തേക്കും.
മംഗല്യത്തോടെ, പൂർണ്ണ കൈവശാവകാശം മാറ്റപ്പെടും. ഇപ്പോഴത്തെ ഒരു ട്രെൻഡ് വച്ച് നോക്കിയാൽ, കോടിപതിയാകാൻ ഭാഗ്യമുള്ള രക്ഷിതാക്കൾക്ക്, വിവാഹശേഷം മക്കളുടെ കൈകൊണ്ട് ഒരു ചായ വാങ്ങി കുടിക്കാൻ സൗഭാഗ്യം കിട്ടിയേക്കാം. മറ്റുള്ളവരുടെ കഥ സ്വാഹ.
ആരെയും കുറ്റം പറയാൻ കഴിയില്ല. കാലമങ്ങനെയാണ്, ലോകനീതി അതായി കോപ്പി ആൻഡ് പേസ്റ്റ് ചെയ്യപ്പെട്ടു.
ഇനി ആർക്കെങ്കിലും പെൺകുട്ടികൾ മാത്രമാണ് വീട് മാറപ്പെടുന്നത് എന്ന് കരുതി വല്ല സമാധാനവും തോന്നുന്നുണ്ടെങ്കിൽ, അതുവേണ്ട ആൺകുട്ടികളുടെ കാര്യത്തിൽ വീടോടെ തനുവും മനവും മാറ്റപ്പെടും. ആദ്യത്തേത് ഇടിയെങ്കിൽ, രണ്ടാമത്തേത് വെള്ളിടി!!
ഞാൻ നോക്കിയിട്ട്, ഒരു നേർച്ചയും നേർന്നിട്ടു കാര്യമില്ല. ഒറ്റക്കാര്യം ചെയ്യാം. കൈവശാവകാശം മാറ്റപ്പെടും മുൻപ്, “മക്കൾ കൂടെയുള്ള ഓരോ നിമിഷവും ഒരുത്സവമാക്കുക”, അത് കഴിയുന്നതും മിസ്സ് ചെയ്യാതിരിക്കുക, ആ നിമിഷങ്ങൾ ഭാവിയിലേക്ക് ഓർക്കാനുള്ള സി.ഡി.യായി മാറ്റി മനസ്സിൽ സൂക്ഷിക്കുക.
പേടിപ്പിക്കാനല്ല ഈയെഴുതിയത്, പഴയ സിനിമകളിലെ സുന്ദരരംഗങ്ങൾ ആരുടെയെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ അതവിടെ ഇരുന്നോട്ടെ, അങ്ങനെ ഒത്തുകിട്ടിയാൽ അത്ഭുതം എന്ന് കരുതാം.
കൈവശാവകാശത്തിൻറെ തിയ്യതി അടുത്തടുത്ത് വരുന്നെങ്കിൽ, നല്ലനല്ല സി.ഡി.കൾ പിറന്നു കൊണ്ടേയിരിക്കട്ടെ.. പോക്കുവരവ് നടത്തി കഴിഞ്ഞാൽ, പിന്നെ പറഞ്ഞിട്ട് കാര്യമില്ല!!
കൃഷ്ണൻ കാട്ടുപ്പറമ്പിൽ
23 ഓഗസ്റ്റ് 2016
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക