നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രൊമിത്യുസ്സ്


ഒറ്റപ്പെടുന്നു ഞാൻ സത്യം ജയിക്കുവാൻ ,
കുറ്റപ്പെടുത്തുക ,ബന്ധിച്ചുകൊള്ളുക ,
കനൽക്കല്ലു കത്തിയുരുകട്ടെ ,ലാവയിൽ 
കാലുകൾ പൊള്ളിക്കുടുന്നിടട്ടെ ,
കിങ്കരർ മർദ്ദിച്ചു വീഴ്ത്തിടട്ടെ,ൻ കരൾ
കഴുകുകൾ കൊത്തിപ്പറിച്ചിടട്ടെ
വേദനിക്കില്ല ഞാൻ,മാപ്പിരക്കില്ല
വേണ്ടെനിക്കീ സ്വർഗവാസം !
നീറുന്ന മർത്യന്റെ ശബ്ദം ശ്രവിക്കാതെ
നേടുന്നതെന്തും നിരർത്ഥ൦ ,
ആറിതണുത്ത മനസ്സുമായ്
പെയ്യുന്ന ജീവിത നൃത്ത,മിതെത്ര പരിഹാസ്യം !
വേണ്ടനിക്കീ സ്വർഗ്ഗമഞ്ചം ,
വേണ്ടനിക്കീ യമൃത ചഷകം
ദീനൻ മനുഷ്യന്റെ രോദനം
കാതുകൾക്കുള്ളിൽ പ്രതിധ്വനിക്കുമ്പോൾ ,
പുഴുപോലെയിഴയുന്ന കാഴ്ചകാണുമ്പോൾ
,ഞെട്ടിയുണർന്നു തളർന്നെത്രകാലം !
എല്ലാം ത്യജിക്കാം ,മറക്കാ ,മിറങ്ങിടാം ,
അഴിച്ചുവെക്കുന്നിതാ വസനങ്ങളൊക്കെയും
പീഡിതന്നേകിടാം തീയും വെളിച്ചവും
എന്നോർത്തുനിൽക്കുന്ന മാത്രയിൽ കേൾക്കുന്നു
സ്വർഗ്ഗാധിനായകൻ സ്യുസ്സിന്റെ ഗർജ്ജനം !
ദിക്കുകൾ പൊട്ടിത്തകരുന്നു !ഹുങ്കാരമാരുതൻ
കേതു കീറിപ്പറത്തുന്നു !അചലങ്ങൾ പാറകൾ വീഴ്ത്തി
ക്കിതച്ചുനിൽക്കുന്നു !
"തീ യെടുത്താരു കൊടുത്തീ പുഴുവിന്ന്
നീച ലോകത്തിലെ നിമ്ന വർഗ്ഗത്തിന്
വാനോർ കുലത്തിന്നു ചേരുന്ന തൊന്നുമേ
ഇരുളിന്റെ മക്കൾക്ക് നൽകരുതറിയില്ലേ ?
ഇല്ല പ്രോമിത്യുസ്സ് ,നിനക്കില്ല മാപ്പ് ,
കല്ലിൽ തളച്ചിട്ട് നിൻ കരൾ കൊത്തുവാ
നെന്നു മയച്ചിടും കഴുകനെത്തന്നെ ഞാൻ !
എന്നും കിളിർത്തിടും നിൻ നെഞ്ചിലോരോ
ചെങ്കരൾ കഴുകനു കൊത്തിപ്പറിക്കുവാൻ ,
കാല, മിക്കാലങ്ങൾ നിശ്ചലമാകുന്ന
കാലം വരേയ്ക്കും തുടരുമീ ശിക്ഷ "
"ഇല്ല , ഭയക്കുന്നതില്ല ഞാൻ ദേവാ ,
തെറ്റോ മനുഷ്യനെ കണ്ടതും ,തൊട്ടതും
നെഞ്ചിൽ തുളുമ്പിയ കരുണ വർഷിച്ചതും
മുറ്റുമിരുട്ടിൽ നിന്നല്പം തെളിവിലേ -
ക്കഗ്നി തന്നക്ഷരം വിത്തായെറിഞ്ഞതും
തെറ്റോ? .ശിക്ഷകൾ നിങ്ങൾ നടപ്പിലാക്കിക്കൊൾക,
ഒറ്റപ്പെടില്ല ഞാൻ ,ഒറ്റു കൊടുക്കില്ല
മർത്യനെ ,സത്യത്തെ സ്വാതന്ത്ര്യത്തെ ."
By: Varghese Kurathikadu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot