വരുത്തുള്ള ആയിരപ്പറ കണ്ടം വഴി ആ തീവെട്ടി നീങ്ങി പോകുന്നത്
റാക്ക് കുടിച്ചിരുന്ന ചെറുമൻ കണ്ടു.
അവൻ ശിവനേ എന്നു തൊഴുതു.
കാടു കേറും വരെ അവനാ
തീ നാളം നോക്കി നിന്നു.
അരിച്ചൂരൽ കായകൾ പഴുത്തു തുടങ്ങിയ ഇലപൊഴിയും കാടു താണ്ടി തീവെട്ടിയുമായി അവൻ മല ചവിട്ടി.
കാട്ട് പുന്നയിൽ തല കീഴായി കിടന്ന മാടൻ തടുത്തിട്ടും അവൻ കല്ലും കരിയിലയും മെതിച്ച് മല കയറി.
മറുത കണ്ണു നിറച്ചു നിന്ന് നെഞ്ചിലടിച്ച് ചാവു പാട്ട് പാടി.
കുറത്തി മലയിലെ കൂമൻ കൂട്ടം നിലവിളിച്ചു.
ഒറ്റമരത്തിന്റെ ചോട്ടിൽ തീവെട്ടി കുത്തി നാട്ടി
അവൻ ആകാശത്തെ കണ്ടു.
അമ്മ വിളിക്കുന്നു.
കറുത്ത മക്കളുടെ അമ്മ
എന്റെ അമ്മേ..
അലറി വിളിച്ചു
ശബ്ദം പുറത്തു വരാൻ വായില്ലായില്ലാത്തവന്റെ
തലച്ചോറാകെ തീയാണമ്മേ.
ചുട്ടു നീറുകയാണെന്റെ വാക്കുകൾ.
ഇതാവുമല്ലേ ബ്രഹ്മസ്തനായ പിതാവിന്റെ തത്വ നീതി.
വാ കീറിയ ദൈവം എറിഞ്ഞു കൊടുത്ത അപ്പ മുറികൾ തിന്നു ജീവിക്കുന്ന മക്കളുടെ പിതാവേ എനിക്കുത്തരം തരിക.
എന്നെ കല്ലിലിരുത്തിയതും പൂജ നടത്തിയതും ശിവനെന്നു ചൊല്ലിയതും എന്തിനായിരുന്നു.
എന്നൊടാരുമൊരാളും മിണ്ടിയില്ല
അരുളിരക്കുന്ന ഭ്രാന്തന്മാരോടൊരു മൂകൻ സ്വന്തം വാക്കുകൾ തിന്ന് മരണപ്പെടാനൊരുങ്ങിയതിന്റെ പൊരുൾ വ്യാഖ്യാനപ്പെടുത്തുന്നതെന്തിനാണ്
എന്നോടാരു കേട്ടു പശിയുണ്ടോ വയറിനെന്ന്
എന്നോടാരു കേട്ടു വാക്കില്ലേ നെഞ്ചിലെന്ന്
ആരാണ് നിങ്ങളിൽ ദൈവത്തെ കണ്ടവർ..!?
അവരാ ദൈവത്തെ പറഞ്ഞറിയിക്കുക പറച്ചിയുടെ പന്ത്രണ്ടാം പുത്രൻ,കുലം നേടാത്തവൻ,വായും വാക്കുമില്ലത്തവൻ
ചാവാനൊരുങ്ങുന്നു.
എന്റെ അമ്മയുടെ കറുത്ത പൈതങ്ങളേ
എന്റെ സഹോദരങ്ങളേ നമ്മുടെ വായ മൂടപ്പെട്ടിരിക്കുന്നു
നമുക്ക് ശബ്ദം നിഷേധിക്കപ്പെട്ടിരിക്കുന്നു.
വായില്ലാക്കുന്നിലപ്പന്മാരായി അവർ നമ്മെ ആരാധിക്കുന്നില്ല.
അവർ പ്രാർദ്ധനകളാൽ മുഖമടച്ചാട്ടുന്നു.
അറിവും നാദവും നിഷേധിച്ചവനെ പ്രീതിപ്പെടുത്തി അടിയാളരാക്കുന്ന സ്വാർദ്ധരാണവർ.
വെളുത്ത ദൈവങ്ങൾ നിഷേധിച്ച
എന്റെ ശബ്ദം ഞാൻ ഇരന്നു വാങ്ങുകയില്ല.
എന്റെ
മരണമാണെന്റെ സമരം.
കറുത്ത മകൻ മരിക്കുന്നു
ഉടുമുണ്ടിൽ തൊണ്ട കുരുക്കി ഒറ്റമരക്കൊമ്പിൽ
ദൈവം കോണകമുടുത്തു തൂങ്ങി പിടയുന്നു.
കറുത്ത ദൈവത്തിന്റെ ശവം,
കെട്ടു പുകഞ്ഞു തുടങ്ങിയ തീവെട്ടി വെളിച്ചത്തിൽ ഞാന്നു തൂങ്ങി കിടന്നു.
കറുത്ത മക്കളിലൊരുവന്റെ മരണം
വായില്ലാ കുന്നിലപ്പന്റെ മരണം.
വാക്കുകളും വായും നിഷേധിക്കപ്പെട്ടവന്റെ മോക്ഷം.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക