പ്രിയപ്പെട്ട കാറ്റേ…
എന്നു പറഞ്ഞാൽ നിന്റെ മന്ദമായ തഴുകൽ എനിക്ക് ഒരു പാട് പ്രിയപ്പെട്ടതാണ്. ഇന്നും ഈ വൈകുന്നേരം എന്നെ വന്നു തഴുകിയ നിന്റെ കൈകളിൽ ഞാൻ വളരെ വിലപ്പെട്ട ഒരു സംഗതി വിശ്വസിച്ച് തന്നയക്കുകയാണ്. അത് മറ്റൊന്നും അല്ല; ഒരു ചുംബനം. എവിടെങ്കിലും ഒരിടത്ത്, ഒരു പക്ഷേ ഞാൻ അറിയാത്ത ഒരു നാട്ടിൽ, നിന്റെ വരവും കാത്ത് മന്ദമായ ആ തഴുകലിനു വേണ്ടി എന്റെ പ്രണയിനി കാത്തു നിൽക്കുന്നുണ്ടാവും. പ്രിയ കാറ്റേ, എന്റെ ജനനത്തിനും ഒരു പാട് നാൾ മുൻപേ തന്നെ നീ ഇവിടെ ഉണ്ടായിരുന്നു. നിനക്ക് ഒരന്ത്യമുണ്ടാവില്ല എന്നും ഞാൻ കരുതുന്നു. അതുകൊണ്ട് തന്നെ എന്നെ അപേക്ഷിച്ച് ജീവിതത്തെക്കുറിച്ച് ഒരുപാട് അറിവും അനുഭവസമ്പത്തും ഉള്ളവനാണ് നീ. ഈ പ്രപഞ്ചത്തെക്കുറിച്ച് നിനക്കുള്ളതിന്റെ ആയിരത്തിൽ ഒരംശം പോലും അറിവു എനിക്കില്ല എന്നു ഞാൻ മനസ്സിലാക്കുന്നു. അതിനാൽ തന്നെ നിന്നെ ഞാൻ വളരെ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ ഇതുപോലൊരു വൈകുന്നേരം വീണ്ടും നമ്മൾ കണ്ടുമുട്ടിയേക്കാം; അന്ന് നീ വരുമ്പോൾ എന്റെ അജ്ഞാത സുന്ദരി എനിക്കായി നിന്റെ കൈയിൽ തന്നയച്ച ചുംബനവും അവളുടെ സുഗന്ധവും പ്രതിക്ഷിച്ച് ഞാൻ ഇരിക്കുന്നുണ്ടാവും. എത്രയും വേഗം നീ മടങ്ങി വരും എന്ന പ്രതീക്ഷയോടെ…..!
By: Fredin Abraham
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക