ബാല്യ സ്മൃതികൾ പലർക്കും പല തരത്തിലുള്ളതാവും..ചിലർക്കത് പാടത്തു വരമ്പിലൂടെയോ തോട്ടുവക്കിലൂടെയോ മഷിത്തണ്ടൊടിച്ച് സ്കൂളിൽ പോകുന്നതാകും.. വേറെ ചിലർക്ക് ഓത്തുപള്ളിയിലേക്ക് ഉറക്കം തൂങ്ങി കൂട്ടായി പോയതായിരിക്കും... ഒരു പശുവിന്റെ കരച്ചിലിലോ ഒറ്റമൈനയെ കണ്ടപകപ്പിലോ മഞ്ഞു തുളളി കൊള്ളാതെ തല മൂടി പള്ളി മണി കേട്ടുള്ള നടപ്പിലോ എവിടെയൊക്കെ.. എവിടെയൊക്കെ.. ഈ സ്മൃതികൾ.. മടക്കുളളിലെ വരാൽ മൽസ്യം പോലെ ഒളിഞ്ഞിരിക്കുന്നു...
ചേറുമണക്കുന്ന വയൽക്കാലങ്ങൾ അന്നുണ്ട്.. വിഷുവിന് മുമ്പേ തന്നെ കടമ്പത്ത് പാടം വിതച്ചിട്ടിരിക്കും... ഇല്ലെങ്കിൽ പൂട്ടി നുരി വിത്തിടും..കരിച്ചാലിലൂടെ കൃത്യമായ അകലം ദീക്ഷിച്ച് തൊണ്ണൂറാനും, ചീരക്കണ്ണനും ചിറ്റേനിയും ...എല്ലാം കൃത്യമായി നാലോ അഞ്ചോ നുരിയിടും.കന്നുകൾ അടുത്ത വരവിൽ അത് കരിച്ചാലുകൊണ്ട് മറക്കും...
നുരി പൊന്തുമ്പോഴേക്ക് മഴ പെയ്യും. കളപൊന്തും... അത് പിഴുതെറിയൽ... മെല്ലെ കതിരാവും.. ചാഴികേറാതിരിക്കാൻ മരുന്നടി.... ഓണമാവുമ്പോഴേക്കും നെല്ല് കൊയ്യാറായി വരമ്പിൽ വീണു കിടക്കും.. പലപ്പോഴും വെള്ളം ഒഴിഞ്ഞു പോവാൻ നടുവിലൂടെ ചാല് കീറാറുണ്ട്.. അത് വയൽത്തുടർച്ചയായി ഭൂമധ്യരേഖ പോലെ നീണ്ടു കിടക്കും.. തപ്പുമുട്ടി ർ ർ ർ..ആറ്റേ.. എന്നാർത്ത് കിളികളെ ഓടിക്കൽ.
കൊയ്ത്ത് ഒരാഘോഷം.. മാതുവമ്മ, ജാന്വേടത്തി ഒക്കെ നേരത്തെയെത്തി വാഴക്കൈ പിരിച്ച് കയറും തെരികയും കെട്ടും.. പിന്നെ കൊയ്ത് വരുന്ന കറ്റ മുറ്റത്ത് കൂട്ടിയിട്ട മണം. രാവിലെ വൈക്കോലിൽ നിന്നും പുകയുയരും...
അപ്പോഴേക്കും രണ്ടാം വിളയുടെ ഞാറ് പച്ചപ്പിട്ടിട്ടുണ്ടാവും.. കരിങ്കൊറ എന്ന ഒറ്റ വിള ചിലരെടുക്കും.. കുണ്ടുണ്ണിയും കോരുണ്ണിയും നൊട്ടനും വേലു ചെട്ടിയാരും തോല് കഴിക്കും.. കെട്ടുകെട്ടായി തോൽപാടത്തെത്തും... മൊ കാല, കണ്ണപ്പൻ എന്നീ കാളകളെ ഇണ്ണീരിയോ രാമനോ പുട്ടും... പാടം ചേറുമണക്കും. വരമ്പുകൾ ചപ്പിളിയിട്ട് ഉടുത്തൊരുങ്ങും..
ഞാറുനടുന്ന ഊർച്ച ഒരു കാഴ്ച്ച തന്നെ. ചേറ് വരമ്പിന്റെ മൂലകളിലേക്ക് കൊഴുത്ത് പതച്ച് ഊർച്ച മരത്തിന്റെ അമർത്തലിൽ പരക്കും.. ഏഴോ എട്ടോ ജോഡി കന്നുകൾ ഊർച്ചക്കുണ്ടാകുന്ന വലിയ കണ്ടമൊക്കെ ഇപ്പോഴും ചേർമണക്കുന്ന ഓർമ്മയാണ്
വാസു മീൻ പിടുത്ത വിദഗ്ധനാണ്.. ചേറിൽ പുതച്ചു പുളച്ചു വരുന്ന മൽസ്യങ്ങളെ- വരാൽ, കരുതല, ബ്രാല്, കടു, ഗോട്ടി - പല തരം മൽസ്യങ്ങളെ പിടിച്ച് നീളമുള്ള പുല്ലിൽ കോമ്പല കോർത്തിടൽ വാസുവിന് ഹരം. ഞാൻ ആ ചേറിൽ മുട്ടറ്റം ചളിയിൽ ആണ്ട് കൈയ്യിൽ മീൻ കോരി വാസുവിന് കൊടുക്കും.. അതൊരു രസം..
കണ്ണപ്പോ.. ഓ. ഓ. നീലാണ്ടന്റയും കറത്തയുടെ ടെയും നീട്ടിപ്പാട്ട് മുഴങ്ങുന്ന ഉച്ച.. ഏറ്റവും അവസാനം കന്നുകളുടെ വാലിൽ കടിച്ച് ഒരു ഓടിക്കലുണ്ട്.. അത് കഴിഞ്ഞാൽ കൊളത്തിലിറക്കും..
അപ്പോഴേക്കും മേലെ ക്കണ്ടത്തിൽ അമ്മച്ചി കൊറ്റി, മാത, ശാന്ത തുടങ്ങിയവർ നീട്ടിപ്പാടി നടാൻ തുടങ്ങിയിട്ടുണ്ടാവും..ചിവീടുകളുടെ സംഘഗാനം പോലെ ഒരാർപ്പ് ഈണമായി വരമ്പുകൾ കടന്ന് കവലയിലെത്തും..
പരോപകാരി ബാലേട്ടൻ അപ്പൊ പറയും ''അമ്മച്ചി നല്ല ഫോമായി.. പാടവരമ്പത്ത് ചെത്തിയിറക്കിയ പനങ്കള്ളിന്റെ വീര്യം പഴമ്പാട്ടിലെ വീരവുമായി ഏറ്റുമുട്ടി ഈണ കാകളികളിലലിഞ്ഞ നട്ടുച്ചകൾ എത്രയെത്ര..!!
****************************
സുരേഷ് നടുവത്ത്
****************************
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക