Showing posts with label സുരേഷ്‌നടുവത്ത്. Show all posts
Showing posts with label സുരേഷ്‌നടുവത്ത്. Show all posts

വാസനാ വികൃതിയിലെ വാസന


കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാ വികൃതിയുടെ കർത്താവ്.. ദ്വാരക, പരമാർത്ഥം തുടങ്ങിയ ചെറുകഥകളും ശ്രദ്ധേയം തന്നെ...
ജൻമാർജ്ജിതമായ വാസനകൾ ഓരോ ജന്തുവിലുമുണ്ട്.. സദ് വാസനകളും ദുർവ്വാസനകളും പുഷ്പഗന്ധങ്ങൾ പോലെ വ്യക്തിയിൽ നിന്നും പ്രസരിച്ചു കൊണ്ടിരിക്കും... കൃത്യമായി അത് പ്രകടിപ്പിക്കപ്പെടുകയും ചെയ്യും
ഒരു കള്ളന്റെ സ്വയം വിമർശനാത്മകമായ ആത്മകഥാകഥന രൂപത്തിലാണ് മലയാളത്തിലെ ആദ്യ ചെറുകഥ രചിക്കപ്പെട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.. അമര്യാദാത്താവഴിയിൽ ജനിച്ച ഇക്കണ്ടക്കുറുപ്പ് എന്ന കളളൻ, പഠിക്കാൻ പോയെങ്കിലും ഗണാഷ്ടക വ്യുൽപത്തിക്കപ്പുറംസാരം ഗ്രഹിക്കാൻ കെൽപ്പുള്ളവൻ മുജ്ജന്മവാസനയാൽ കോണകം കക്കലിൽ തുടങ്ങി കൊടുങ്ങല്ലൂർ തലേക്കെട്ടുവരെ മോഷ്ടിച്ചതിനു ശേഷം സ്വയം കളവിന്റെ കോടതി പൂട്ടി മദിരാശിക്ക് യാത്രതിരിക്കുകയും ജൻമവാസനയൊന്നു കൊണ്ടു മാത്രം സ്വയംകൃതാനർത്ഥത്തിൽ ചെന്നു ചാടുന്നതുമാണീ കഥയുടെ ഉള്ളടക്കം...
തുടർന്ന് കളവുപേക്ഷിച്ച് കാശിഭജനത്തിന് യാത്രതിരിക്കുകയാണ് ഈ കള്ളൻ... ഒരു കൂട്ടുകാരന്റെ ഒറ്റ് ഏറ്റെടുത്തതിന്റെ പേരിൽ അയാളുടെ അഛന്റെ മരണത്തിനും അറിയാതെയാണെങ്കിൽ പോലും ഇയാൾ കാരണക്കാരനാവുന്നുണ്ട്.. അവിടെ നിന്നുകിട്ടിയ ആഭരണപ്പെട്ടിയിലെ പൂ വച്ച മോതിരം കാമുകി കല്യാണിക്കുട്ടി - ഊരാഞ്ചാടിയാണെങ്കിൽ പോലും - അയാളുടെ കൈയ്യിലണിയിച്ചു.. ആ മോതിരമാണ് അവസാനം പോലീസുദ്യോഗസ്ഥന്റെ മുൻപിൽ അയാളെ സ്തംഭാ കാരനാക്കി നിർത്തുന്നതും 6 മാസവും ചാട്ടയടിയും രാജശിക്ഷയും വാങ്ങി തന്നെ ഈപ്പണ്ണിക്ക് കൊള്ളില്ലെന്ന് സ്വയം തീരുമാനമെടുപ്പിക്കുന്നതും..
സരസമായ ഒരു ആത്മകഥാ ഭാഷണ രീതിയിലാണ് കഥയുടെ ആവിഷ്കാരം.. ഇതിന്റെ പരിഷ്കൃത രൂപമാണ് പിന്നീട് ഗൗരവഭാഷയിൽ ചുണ്ടെലി, മഞ്ഞ്, അരനാഴികനേരം എന്നീ കൃതികളിൽ ആത്മഭാഷണരൂപേണ അവതരിപ്പിക്കപ്പെടുന്നത്..
എവിടെച്ചെന്നാലും ഈരാറ് പന്ത്രണ്ട്, ഏക സംബന്ധിജ്ഞാനം അപര സംബന്ധിസ്മാരകം, കോടതി പൂട്ടൽ, സ്തംഭകാരമായിട്ടു നിൽക്കൽ, മഹൻ മഹാപാപി ,തെളിനായാട്ടും തെണ്ടി നായാട്ടും, മര്യാദ അമര്യാദാത്താവഴികൾ, കളവിലെ പ്രാചീന നവീനൻ മാർ തുടങ്ങി രസനീയവും ചിന്താഭരിതവുമായ എത്രയോ പ്രയോഗങ്ങൾ സ്വതസിദ്ധമായ നർമ്മത്തിൽ ചാലിച്ച് കേസരി അവതരിപ്പിക്കുന്നതാണ് ഈ കഥയുടെ മുഖ്യ ആകർഷണീയത...
നാരായണീയം എന്ന കൃതിയുടെ അദൃശ്യമായ ഒരു സ്വാധീനവും ഈ കഥയിലുണ്ട്.. ദ്വേ ധാ നാരായണീയം എന്ന് പട്ടേരി പറഞ്ഞ പോലെ എന്ന പ്രയോഗം നോക്കുക... രണ്ട് രീതിയിലായാലും നാരായണീയം തന്നെ നാരായണനെക്കുറിച്ചാണ് എന്നായാലും നാരായണൻ എഴുതിയതാണ് എന്നതായാലും.. എന്ന പ്രയോഗത്തിൽ തുടങ്ങി വാസനാ വികൃതിയിലെ നാരായണീയ സ്പർശം ഉണരുന്നു..
22 ആം അധ്യായത്തിലെ കഥയാണ് അജാമിള മോക്ഷം. ഭാഗവതത്തെയാണ് മേൽപത്തൂർ നാരായണീയമാക്കി ഗുരുവായൂരപ്പനെ പ്രസാദിപ്പിച്ചു വാതവ്യാധിയിൽ നിന്ന് മോചനം നേടിയത്.. ആയിരം സുസംസ്കൃത
ശ്ലോക പുഷ്പത്താൽ ഗുരു
വായുർമന്ദിരേശനെ
പൂജിച്ചു വഴി പോലെ
ആയുരാരോഗ്യ സൗഖ്യം
നേടിയ കവീന്ദ്രനാം
ശ്രീയുത നാരായണ
ഭട്ടപാദർ... എന്ന് മഹാകവി വള്ളത്തോൾപ്രകരണ ശുദ്ധിയോടെ ഭക്തിയും വിഭക്തിയും എന്ന കവിതയിൽ നാരായണീയത്തെക്കുറിച്ചും നാരായണനെക്കുറിച്ചും പറയുന്നുമുണ്ട്‌...
പ്രഹ്ളാദന്റെ ,ധ്രുവന്റെ എല്ലാം ഭക്തിയെപ്പറ്റി പറഞ്ഞ് അജാമിളനെപ്പോലും ഭഗവാൻ മോക്ഷത്തിലേക്കെത്തിച്ചു എന്നാണ് അജാമിള മോക്ഷം കഥയിലൂടെ മേൽപത്തൂർ പറയുന്നത്..
അജാമിളൻ എന്ന ബ്രാഹ്മണൻ.... പൂർവജന്മവാസനകളാൽ ബ്രാഹ്മണ്യ വൃത്തിയിൽ നിന്ന് വ്യതിചലിച്ച് ഒരു ചണ്ഡാ ളസ്ത്രീയെ വിവാഹം കഴിച്ച് നീചനായി ജീവിച്ചു. അയാളുടെ അവസാനത്തെ പുത്രന് നാരായണൻ എന്ന് പേരിട്ടു..
എന്തിനും ഏതിനും ന്റെ നാരായണാ എന്ന് മകനെ വിളിക്കും അയാൾ...മരണ സമയമായപ്പോൾ കാലദൂതർ കയറും പോത്തുമായെത്തി.. നരകമാണ് അയാൾക്ക്‌ ശേഷകാല വിധി.. മരണത്തെ ഭയന്ന് ന്റെ നാരായണാ.. നാരായണാ... എന്ന വിളി കേട്ട് വിഷ്ണുദൂതർ പ്രത്യക്ഷപ്പെടുകയും അവർ യമദൂതരുമായി സംവാദത്തിലേർപ്പെട്ട് നാരായണ മാഹാത്മ്യത്താൽ മാത്രം... മരണസമയത്ത് നാരായണ നാമം ഉച്ചരിച്ചതുകൊണ്ട് മാത്രം അയാൾ സർവ്വ പാപങ്ങളിൽ നിന്നും മോചിതനായിരിക്കുന്നു എന്നു പറഞ്ഞ് ആ ജീവന് വിഷ്ണു പാദത്തിൽ മോക്ഷം നൽകുന്നതാണ് അജാമിള മോക്ഷ കഥ...
ശ്രുതി സ്മൃതി ഭ്യാം വിഹിതാവ്രതാദയ:
പുനന്തി പാപം ന ലുനന്തി വാസനാം
അനന്ത സേവാ തു നികൃന്തതി ദ്വയീ -
മിതി പ്രഭോ..! ത്വത്പുരുഷാ
ബഭാഷിരേ....!
എന്ന കഥാവസാനത്തിലെ മുത്തശ്ശി ചൊല്ലുന്ന ശ്ലോകം അജാമിള മോക്ഷത്തിലേതാണ്..
ശ്രുതികളും സ്മൃതികളും ( വേദങ്ങൾ ) പറയുന്ന വ്രതങ്ങൾ ഭക്തിപൂർവ്വം അനുസരിച്ചാൽ പാപത്തെ ഇല്ലാതാക്കാം.. ന ലുനന്തി വാസനാ.. പാപവാസന ഇല്ലാതാവില്ല... അനന്ത സേവാ... ഈശ്വരഭജനം മാത്രം ഈ രണ്ടിനെയും ഇല്ലാതാക്കും.. തു നികൃന്തതി ദ്വയീ (പാപം, പാപവാസന ) അറിവുള്ളവർ അത് പറയുന്നു...
അജാമിളന് മോക്ഷം കിട്ടിയെങ്കിൽ തനിക്കും പ്രാർത്ഥന മാത്രമേ ജന്മവാസന ഇല്ലാതാക്കാൻ മാർഗമുള്ളൂ എന്ന് തിരിച്ചറിയുന്ന ഇക്കണ്ട ക്കുറുപ്പ് ഗണാഷ്ടക വ്യുൽപത്തിക്കാരനല്ല തീർച്ച..
ഒരു ഒസ്യത്തോ കുറ്റസമ്മതം മാതിരിയോ ഒപ്പിൽ കലാശിക്കുന്ന കഥ... മലയാളത്തിൽ ഇത്തരമൊരു മുദ്ര ചാർത്തി അവസാനിക്കുന്ന കഥാ ഘടന വേറെയില്ല.. പരമാർത്ഥത്തിൽ
ഭാഗ്യവന്തം പ്രസൂയേഥാ
മാ ശൂരം മാ ച പണ്ഡിതം
എന്ന കുന്തീ വചനത്തോടെയാണ് തുടക്കം
ഭാഗ്യമാണ് മക്കൾക്ക് വേണ്ടത് ശൂരത്വമോ പാണ്ഡിത്യമോ അല്ല.. ദ്വാരക കടലിൽ മുങ്ങിയ കൃഷ്ണ രാജ്യത്തെ കണ്ടെത്തുന്ന വിസ്മയ സ്വപ്നാനുഭവം.
മോതിര കഥകൾ അഭിജ്ഞാനശാകുന്തളം തൊട്ടേ ഉണ്ട്.. കാരൂരിന്റെ മോതിരം വാസനാ വികൃതിക്കിപ്പുറവും പ്രണയത്തിന്റെ അഭിജ്ഞാനമാകുന്നു. ഇക്കണ്ടക്കുറു'പ്പിന്റെ പ്രണയം ഊരാഞ്ചാടിയായതുകൊണ്ടാണല്ലോ എല്ലാ പണിയും നിർത്തി കാശിക്ക് പോകേണ്ടി വന്നത്...
എം പി നാരായണപിള്ളയും, അയ്യപ്പപ്പണിക്കരും മറ്റു പലരും കള്ളൻമാരിലേക്ക് വീണ്ടും വീണ്ടും എത്തിയെങ്കിൽ... നീചവേദവും ചോര ശാസ്ത്രവും രചിക്കപ്പെടുന്നുവെങ്കിൽ... അത് വാസനാ വികൃതിയുടെ വാസന തന്നെ..! സംശയമില്ല!
••••••••••••••••••••••••••••••••••••
സുരേഷ് നടുവത്ത്
****************************

കാലം മായ്ച്ചോരു ചിത്രങ്ങൾ



നീളമുള്ള നാട്ടുമാവിന്റെ നെടുനീളപ്പള്ളയിൽ മരംകൊത്തി പൊത്തുകൊത്തിപ്പാറിക്കഴിഞ്ഞാൽ പിന്നെ അവിടെ കുടി പാർപ്പ് തത്തകളല്ലേ... നാടും ഓർമ്മപ്പൊത്തിൽ സൂക്ഷിച്ച പച്ചപ്പുകൾ എത്രയെത്ര.. പാറിപ്പോകാത്ത കിളികളെപ്പോലെ ...!
മേടത്തിൽ വിഷുക്കണി'. പിന്നെ നെല്ലു വിതക്കൽ.. വിത്തും കൈക്കോട്ടും പാടി വന്നിരുന്ന കിളിയൊച്ചകളിൽ നാടു മാങ്ങാച്ചുന മണക്കും..
അണ്ടി പെറുക്കി കുളത്തിൽ ചാടി മാഞ്ചോടുകൾ തേടി നടക്കുമ്പോൾ എടവം ചിരിക്കും..
പാതി കഴിയുമ്പോൾ മഴ പൊടിയും ... പിന്നെ സ്കൂൾ ചിരിയുടെ മിഥുനമാസം.. കർക്കിടകത്തായമ്പകയിൽ പാടവരമ്പുകളിലൂടെ തവളയെ പിടിക്കാൻ പെട്രോ മാക്സുകൾ... കർക്കടകം 31 ന് പ്ളാച്ചുവട്ടിൽ കലിയ ന് കൊടുക്കൽ...സംക്രാന്തി കഴിഞ്ഞ് പിറ്റേ ദിനം ശീ വോ തി അകത്ത് ചേട്ടാ ഭഗവതി പുറത്ത്..
ചിങ്ങത്തിൽ ഓണപ്പൂവിളി.. പാടക്കൊയ്ത്' പുത്തരിയുമായി ഇല്ലം നിറ വല്ലം നിറപത്തായം നിറ പെട്ടി നിറ എന്നാർത്ത് വരും.. അരിമാവുകലക്കി വട്ടം വെച്ച വാതിൽ ജനൽ പാളികൾ കതിരു തൂങ്ങുന്നത് കണ്ട് ചിരിക്കും..
കന്നി താലികെട്ടാതെ കരഞ്ഞു പോകും.. തുലാവർഷ ദുന്ദുഭി കഴിഞ്ഞ് വൈകുന്നേരം മഴ തിമിർക്കും.. വൃശ്ചികക്കുളിരിൽ അയ്യപ്പന്മാർ കറുപ്പുടുത്ത് അഖണ്ഡനൃത്തത്തിന്റെ താണ്ഡവമാടും..ധനു തിരുവാതിരയായി ഊഞ്ഞാലാടുമ്പോൾ തുടികൊട്ടിക്കുളിയും തിരുവാതിര കളിയും ഉറക്കമൊഴിയും..
മകരക്കുളിരിന്റെ മരം കോച്ചും തണുപ്പിൽ തീ കായും കാലങ്ങൾ... ക്രിസ്മസിന്റെ മഞ്ഞണിപ്പൂക്കാലങ്ങൾ.. കുംഭം മീനം നാട്ടുതാലപ്പൊലികളുടെ മേളങ്ങൾ കാലം കോർത്ത മുത്തുക്കളെ കാലം തന്നെ പൊട്ടിച്ചെറിഞ്ഞല്ലോ ഇന്ന്..
കാപ്പിലും, ഷാരിയിലും രണ്ട് കരിങ്കാളിക്കാവുകൾ.. അവിടത്തെ ഉൽസവമറിയിക്കാൻ ചുവപ്പണിഞ്ഞ് അരമണിച്ചിലമ്പിൻ ത്സ്ലും, ത്സ്ലും താളവുമായി വരുന്ന നാട്ടു കോമരങ്ങൾ..ഹീയോ എന്നലറി മഞ്ഞപ്പൊടിയും തെച്ചിയും വിതറി ചെമ്പട്ടു വീശി ദേവിയുടെ അനുഗ്രഹം നാടാകെ വർഷിച്ചു പോകുന്ന സുകൃതങ്ങൾ.. വിളക്ക് കൊളുത്തി ഇടങ്ങഴിയിൽ നെല്ലും നാഴിയരിയും വാങ്ങി ഉറയുന്ന നാട്ടു പരദേവതകൾ..
കേലന്റെ താലപ്പൊലി അറിയിക്കാൻ വരുന്ന പുണ്യാഹം കിണ്ടി പൂക്കുലക്കോമരങ്ങൾ വേറെ.ഈശ്വരമംഗലത്ത് വന്ന് പുണ്യാഹം വാങ്ങി തിരിച്ചു പോകുന്ന ചെണ്ടത്താളച്ചാട്ടങ്ങൾ.. നെറ്റിച്ചോരയിൽ മഞ്ഞൾപ്പൊടി തൂവിച്ചുവന്നുറയുന്ന സന്ധ്യകൾ..
കാവടിയും ശംഖുമായി കാവിയുടുത്ത് പഴനിക്ക് പോകുന്ന പൂശാലി.. കാവടിവട്ടത്തിൽ മയിൽ പീലിക്കസവ്.... ശംഖിന്റെ മന്ദ്ര നാദത്തിൽ ഗ്രാമവിശുദ്ധിയുടെ മുഴക്കം..
കാപ്പിലെ പാണൻമാരുടേയും പറയൻമാരുടേയും ഉത്സവം അറിയിച്ചു വരുന്ന പെരും പറയൻകാള.. പാലക്കൊമ്പിൽ ചുട്ടി കുത്തിയിട്ട കാളയുടെ മുഖം.. നാലുകാലുകൾ ചതുരങ്ങളാക്കി തോളിലും തലയിലും അനായാസം ചുഴറ്റി പറയൻകാള ഇടച്ചെണ്ടക്കൊത്ത് നൃത്തം ചെയ്യുന്ന ആദിമ വൈദഗ്ധ്യം
ടുണ്ടേടുണ്ടേ ട്ടോട്ടുടുണ്ടേ ടുണ്ടേ ടുണ്ടേ.. ട്ടോ..ടുണ്ടേ
എന്ന താളക്രമത്തിൽ
നാഴിയുരിയരി വാങ്ങി തമ്പ്രാക്കളെ
താണ് തൊഴുക് കാളേ.. കാളേ
എങ്ങടെ കുണ്ടിലെ താലപ്പൊലിയാണ്
നിങ്ങള് വന്നിടണേ.കാളേ
എന്ന താളവായ് താരി....
തറിയിൽ തോർത്ത് നെയ്ത് വരിയായി പാടവരമ്പിലൂടെ പോയിരുന്ന ചെട്യാൻമാർ.. പനങ്കള്ളിന്റെ ലഹരിയിൽ തലയിൽ തോർത്ത് തലക്കെട്ടുമായി ചൂട്ടിൻ വെട്ടത്തിൽ ആടിയാടി പാടിപ്പാടി പോയിരുന്ന നിരുപദ്രവകാരികളായ കള്ളുകുടിയൻമാർ..
കൊടുങ്ങല്ലൂർ ഭരണിയുടെ അരിയേറുകാർ... അച്ചുതൻ നായർ ആനത്തോട്ടിയുമായി നടത്തിക്കൊണ്ടു വരുന്ന ചേന്നങ്ങുളങ്ങര മനക്കലെ കൊമ്പനാന..
ഓർമ്മപ്പൊത്തിൽ ഇനിയും ഉണ്ട് കിളികളേറെ.. ചിറകു നീർത്തട്ടെ.. എന്നിട്ടാവാം മാവിൻ പള്ളയിൽ പൊത്തിപ്പിടിച്ചു കയറ്റം...!
~~~~~~~~~~~~~~~~~`
സുരേഷ് നടുവത്ത്

സിനിമയാണേ സത്യം..!



ഓർമ്മ തൻ കുന്നിൽ മുളക്കുന്ന ചെടികൾ തൻ
വേരേതു മണ്ണിലാണാവോ
ആ ശാഖിയിൽ വിരിയും
പൂവുകൾക്കെന്നെന്നും
ഏത് സുഗന്ധമാണാവോ...!
ഓർമ്മകൾ വേരുപടലങ്ങൾ പോലെ പരന്നു കിടക്കുന്നു.. വണ്ടൂരന്ന് ഒരേയൊരു സിനിമാ ഹാളേ ഉള്ളൂ.. ടാക്കീസ് എന്നാണ് വിളിപ്പേര് '' ആദ്യകാലങ്ങളിൽ പലപല പേർ ഉണ്ടായിരുന്നു അതിന്.. വിനായക യാ ണ് പിന്നെ കുറേക്കാലം ഉറച്ച പേര്.. പിന്നെയത് ലുബ്നയായി..
ഭഗവാൻ ഭഗവദ് ഗീതയിൽ പാടീ സംഭവാമി യുഗേ യുഗേ
കിഴക്കോട്ടും പടിഞ്ഞാട്ടും തിരിച്ചു വച്ച നീളൻ കോളാമ്പിയിലൂടെ എത്ര കാലം എത്ര നേരം കേട്ടു .. മാറ്റിനി ,ഫസ്റ്റ് സെക്കന്റ് ഷോകൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.. വെള്ളിത്തിരയിൽ സിനിമ കാണൽ അൽഭുതവും ആവേശവും നിറച്ചിരുന്നു.. പിന്നിൽ നിന്ന് ഒരു ചതുരക്കള്ളിയിലൂടെ ഒഴുകി വരുന്ന പ്രകാശം ചിത്ര രൂപമാവുന്നതും സംഭാഷണം കേൾക്കുന്നതും ഏറെ അൽഭുതം നിറച്ചിരുന്നു'.
മുപ്പത്തി അഞ്ചു പൈസ മുൻ ബഞ്ച്.. അതിന് ചാരാനൊന്നുമില്ല.60 പൈസ ചാരു ബഞ്ച്, 1.20 പിന്നിലെ 'കസാര ഇങ്ങനെയാണ് പഴയോർമ്മയിൽ ടാക്കീസ്.. ചുറ്റും കറുത്ത ടാറടിച്ച പനമ്പു കൊണ്ട് മറച്ച ഓലപ്പുര. ഇടക്കിടെ കാഴ്ച മറക്കുന്ന കറുത്ത തൂൺ കാലുകൾ..
വീട്ടുകാരോടൊപ്പമാണ് ആദ്യകാലങ്ങളിൽ സിനിമക്ക് പോയിരുന്നത്.. ഓണം വിഷു എല്ലാമാണ് സിനിമാക്കാലം.. ഒരാഘോഷമായിരുന്നു സിനിമ കാണാനുള്ള പോക്ക്... ധാരാളം ആളുകൾ രാത്രി ഒന്നാം കളി കണ്ട് കൂട്ടമായി സുറുവങ്കുറ്റി ,ചൂട്ട് എന്നിവ കത്തിച്ച് നടന്നു പോന്നിരുന്നു..
വെള്ളിയാഴ്ചകളിലായിരുന്നു സിനിമകൾ മാറുക.. ആദ്യകാലങ്ങളിൽ ചെണ്ടകൊട്ടി വലിയൊരു ബോഡ് പിടിച്ച് സിനിമാ പരസ്യമുണ്ടാവാറുണ്ടായിരുന്നു.. ഹൈസ്കൂളിലെ പ്യൂൺ കണാരേട്ടൻ ചെണ്ട ഡും ഡും മുട്ടി നോട്ടീസ് കൊടുത്തിരുന്നു.. പിന്നെയത് കാളവണ്ടിയിലേക്ക് മാറി. സിനിമാ പോസ്റ്റർ സൈക്കിളിൽ ഒട്ടിക്കാൻ വന്നിരുന്നവർ കാഴ്ചയായിരുന്നു. നിലമ്പൂർ രാജേശ്വരി, പോപ്പുലർ തീയേറ്ററുകൾ ആയിരുന്നു ഉണ്ടായിരുന്നത്
മധുവിന്റെ അഛൻ രവീന്ദ്രൻ നായർ ആയിരുന്നു എനിക്ക് ഓർമ്മയുള്ള വിദ്യാഭ്യാസ കാലത്തെ ഓപ്പറേറ്റർ.അമ്പലപ്പടിയിലെ വാരരും മറ്റൊരു തീയ്യേറ്ററിലെ ജോലിക്കാരനായിരുന്നു.. അഷ്റഫ് (അണ്ടിക്കയമ്പ്) പിന്നെ ഓഫീസിസ് സ്റ്റാഫായി.
ചീനവലയാണ് വീട്ടുകാരില്ലാതെ ഒറ്റക്ക് പോയിക്കണ്ട ആദ്യ സിനിമ.. തളിർ വലയോ... എന്ന പാട്ടും ജയഭാരതി നസീറിനെ തോണിയിലിരുത്തി തുഴഞ്ഞു പാടുന്ന പൂന്തുറയിലരയന്റെ പൊന്നരയത്തി... എന്ന പാട്ടുമൊക്കെ ഇന്നും ചുണ്ടത്തുണ്ട്..
എന്ത് ഭംഗിയായിരുന്നു അന്നത്തെ നായികമാർക്കൊക്കെ..!വടക്കൻപാട്ടിന്റെ സൗന്ദര്യം നസീറും ജയനും എല്ലാം വഴി ഞ്ഞു നിറഞ്ഞിരുന്നു.. ഇന്നത്തെ ഊതിയാൽ പാറുന്ന എലുമ്പൻ സൗന്ദര്യമോന്നുമായിരുന്നില്ല വിജയശ്രീക്ക്..
അയൽവക്കത്തെ കൂട്ടുകാരോടും അനുജനോടുമൊപ്പം ആണ് പോയത്.. പിന്നീട് എത്രയെത്ര സിനിമാക്കാലങ്ങൾ'...
ഒരിക്കൽ നിലമ്പൂർ ജ്യോതി തീയേറ്ററിൽ ഞാനും അനുജനും ആദ്യമായി സിനിമ കാണാൻ പോയി.. വണ്ടൂരും വാണിയമ്പലവും പോവുന്നതാണല്ലോ.. ഒമ്പതിലും എട്ടിലും പഠിക്കുന്ന കാലത്തിന്റെ പുളപ്പിൽ നിലമ്പൂരേക്ക് ബസു കയറി:.
60 പൈസ ബസുകൂലി രണ്ട് പേർക്ക് രണ്ട് രൂപ നാൽപത് പൈസ.. ബാക്കി പൈസ ടിക്കറ്റിനുണ്ടാവും.5 രൂപയാണ് ആകെ മൂലധനം. മുൻതറക്ക് I 20ഭാഗ്യം ഇരുപത് പൈസ ബാക്കി പത്ത് പൈസ വീതം കടല.. മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയായിരുന്നു അന്ന് കണ്ടത്... എക്സ് സർവ്വീസ് ബസിൽ കയറി അങ്ങോട്ടും ജനതയിൽ ഇങ്ങോട്ടും പത്ത് കിലോമീറ്റർ വീതം യാത്ര ചെയ്ത് സിനിമ കണ്ട് നടുവത്തിറങ്ങിയപ്പോൾ ലോകം കീഴടക്കിയ പ്രതീതി.
പിന്നീട് പലപ്പോഴും രാത്രി ക ളിൽ സൈക്കിൾ വാടകക്കെടുത്ത് സിനിമക്ക് പോയിരുന്നു... അങ്ങനെ ഒരു പോക്കിലാണ് കുറ്റാക്കുറ്റി ഇരുട്ടത്ത് തങ്ങൾ പടിയിൽ വെച്ച് കുഞ്ഞിപ്പയുടെ വാപ്പയെ ഇടിച്ചിട്ടതും സൈക്കിൾ നന്നാക്കിക്കൊടുത്തതും മൂപ്പർക്ക് കുഴമ്പ് വാങ്ങാൻ പൈസ കൊടുത്തതുമെല്ലാം..
മുന്നിലെ ബഞ്ച് ടിക്കറ്റെടുത്ത് കൈയ്യ് പിന്നിലെ ബഞ്ചിൽ കുത്തി കാൽ മുന്നിലെ ബഞ്ചിൽ സീറ്റിംഗ് ആക്കി എത്രയെത്ര സിനിമകൾ കണ്ട് കഴുത്ത് കടഞ്ഞു.... ഒരിക്കൽ കൈപ്പത്തിൽ എന്തോ ചുഴിഞ്ഞു നീറുന്ന പോലെ ഒരാള ൽ.... ഒരുത്തൻ ബീഡി കുത്തിക്കെടുത്തിയത് എന്റെ കൈപ്പുറത്തായിരുന്നു... മാറാത്ത സിനിമാ ടയാളമായി അത് കൈയ്യിൽ ഏറെക്കാലം വിരിഞ്ഞു കിടന്നു
സത്യനും ശാരദയും എല്ലാമുള്ള തറവാട്ടമ്മ, കൊട്ടാരക്കരയുടെ തസ്കരവീരൻ,പ്രേം നസീർ ഷീലമാരുടെ വടക്കൻഗാഥകൾ, നസീറിന്റെ ആരണ്യകാണ്ഡം, പഞ്ചവടി, പഞ്ചതന്ത്രം'ഹണിമൂൺ, ടൂറിസ്റ്റ് ബംഗ്ലാവ്, പിന്നെ അന്നത്തെ വീരനായകൻ വിൻസൻറ്, രവികുമാർ ,സുധീർ, അത് കഴിഞ്ഞ് രാഘവൻ ' പിന്നെ ജയൻ സുകുമാരൻ രതീഷ്
സിനിമ പൂക്കാലം തീർത്തകൗമാരത്തോട്ടങ്ങൾ..!
പിന്നെ എത്രയെത്ര സെക്കൻറ് ഷോകൾ.. മധു ,സുനി, മനോജ്, സുരേഷ്.രഘു, ഷൗക്ക...
വാണിയമ്പലത്ത് റെയിൻബോയിൽ പോയി സെക്കന്റ് ഷോകണ്ട് മടങ്ങിയ നിലാവിൽ കുളിച്ച് നടന്നു തീർത്ത എത്രയെത്ര രാത്രികൾ !!!!
####################
സുരേഷ് നടുവത്ത്

തേങ്ങാമസിൽ...!



പി വി മനോജിനും രiഘുവിനും നല്ല കട്ട മസിലുകളുണ്ടായിരുന്നു..! മമ്പാട് കോളേജിൽ മിസ്റ്റർ കോളേജാവാൻ എണ്ണ തേച്ചവരാണവർ... ഞാനും എന്നും രാവിലെ തായങ്കോട്ടുള്ള അപ്പുണ്യേട്ടന്റ വീട്ടിൽ പോയി കസർത്തെടുക്കുമായിരുന്നു.. ബൈ ടെക്, പുഷ്അപ് ,ചെസ്റ്റ് വീതി കൂടാൻ ഒരമ്മിക്കുട്ടി കയറിൽ കെട്ടിവലിക്കൽ, വെയറ്റെടുക്കൽ തുടങ്ങിയ കലാപരിപാടികൾ അടിവസ്ത്രധാരിയായി മസിൽദാഹിയായി നടത്തിവന്നിരുന്ന പതിനെട്ടു വയസ്സ് കാലങ്ങൾ.. പക്ഷേ എന്തുകൊണ്ടോ മസിൽ ദേവന്റെ അനുഗ്രഹം എന്റെ ശരീരത്തെ അനുഗ്രഹിച്ചില്ല..
മധു, സുനി, മനോജ്, കരീം, കീരി സുരേഷ്, രഘു എന്നിവർ ഇടക്ക് വീട്ടിൽ വരാറുണ്ട്.. സായാഹ്ന്നങ്ങളിൽ വീട്ടിലുള്ള ഹാർമോണിയോ തബലാദികളുപയോഗിച്ച് അന്നുണ്ടായിരുന്ന വിശാലമായ ഉമ്മറപ്പടിയിലിരുന്ന് ആവുന്ന രീതിയിൽ പാടി രസിക്കാറുണ്ട്... എന്റെ അഛൻ ജനാർദ്ദനൻ മാഷിന് ഇവരുടെ വരവ് വളരേ ഇഷ്ടവുമായിരുന്നു.. അടുക്കളയിൽ രാത്രി ഭക്ഷണത്തിന് ഉണ്ടാക്കിയ കപ്പയും ചക്കയും വരെ ഹരം കേറി ഈ സംഘത്തിന് വിളമ്പി തീറ്റിക്കലും അഛന്റെ ഇഷ്ടങ്ങളിലൊന്നായിരുന്നു..
അങ്ങിനെയൊരു ദിവസമാണ് ഇവർക്ക് മുൻപിൽ ഞാനെന്റെ മസിൽ പ്രശ്നം അവതരിപ്പിച്ചത്.. മധു ബ്ർ ർ ന്ന് ചിരിക്കുന്നത് കേട്ടു.. ഞാൻ പതറിയില്ല അവന് മസിലില്ല.. മസിലിന്റെ നിലയും വിലയും അറിയുകയുമില്ല...
കീരി, മധു, സുനി, ഇവർ കുറച്ചു നേരം എന്തൊക്കെയോ പതുക്കെ സംസാരിക്കുന്നുണ്ട്.. ഒന്നും പുറമേ കേൾക്കുന്നില്ല.'
അവസാനം മധുപറഞ്ഞു.. സുരേഷ് ജയന്റെ മസില് കണ്ടിട്ടില്ലേ? ഉണ്ട്.. ഞാൻ.. എന്താ മസില്.... ആ.. അതാണ്‌ തേങ്ങാ മസില്.. ജയൻ ഈയിടെ സിനിമാ മാസികയിൽ പറഞ്ഞത് ഞാൻ വായിച്ചതാ...
കാന്തവലയത്തിന്റെ സെറ്റിൽ വെച്ച്.കീരി കൂട്ടിച്ചേർത്തു മധു പറഞ്ഞു 'അത് ജയൻ ഉണ്ടാക്കിയെടുത്തത് എക്സർസൈസു കൊണ്ടല്ല.തേങ്ങ കൊണ്ടാണ്.. തേങ്ങ കൊണ്ടോ?അതെങ്ങനെ?
നീ യാ മാസിക വായിക്കാത്ത കുഴപ്പമാ.. ഞാൻ ഇനി വരുമ്പൊ കൊണ്ടത്തരാം.'മധു തുടർന്നു
സംഗതി സിംപിൾ.. കീരി വിശദീകരിക്കുന്നു..നല്ല മുഴുത്ത ഒരു തേങ്ങ.. നമ്മുടെ കൈയ്യിലൊതുങ്ങണം ട്ടോ. അതിന്റെ നാര് കളഞ്ഞ് മിനുസമാക്കുക.. ശബരിമലത്തേങ്ങ പോലെ.. പിന്നെ നല്ല വണ്ണം എണ്ണ തേക്കുക.. എന്നിട്ട് മസിൽ ഉണ്ടാവേണ്ട സ്ഥലത്ത് ശക്തിയോടെ ഇരുപത് പ്രാവശ്യം തേങ്ങ കൊണ്ട് ഇടിക്കുക..!
സുനി ഒന്നു കൂടെ വിശദീകരിച്ചു... അതായത് കയ്യിന്റെ മസിൽ പിടിച്ച് അവിടെ തേങ്ങ കൊണ്ട് ഇടിക്കുക... കാലിന്റെ മസിൽ.വയറ്, ചെസ്റ്റ് ഒക്കെ ഇങ്ങനെ തേങ്ങാ മസിലാക്കി ഉരുട്ടാം...!!
മാതുവമ്മ നെല്ല് കുത്തുന്ന ഒരു ചെറിയ മുറിയുണ്ട്.. അതിനുളളിൽ എന്നും രാവിലെ തേങ്ങാമസിലുണ്ടാക്കാൻ വേണ്ടിയായി പിന്നെ ശ്രമം.. കട്ടിയുള്ള തേങ്ങ നെഞ്ചിനിട്ടുകുത്തുമ്പൊഴും ജയന്റെ മസിലുകൾ ആയിരുന്നു മനസ്സിൽ..എന്റെ പ്രയത്നം കണ്ട അനിയനും തുടങ്ങി തേങ്ങാമസിൽ പ്രയോഗം...
മുത്തശ്ശി പറഞ്ഞു... നാരായണ.തേങ്ങ കുത്തീട്ട് മസില് ണ്ടാവ്വേ... ആരെങ്കിലും ഓരോന്ന് വിളമ്പാനും.. ഈ പൊട്ടനത് കേക്കാനും..
ഏതായാലും കുറേ ശരീരം വേദനിച്ചതൊഴിച്ചാൽ വേറെ ഗുണമൊന്നും കിട്ടിയില്ല.. മധുവും സുരേഷും സീരിയസ്സായി ചോദിക്കും.. മനോജ് നോക്കിയിട്ടു പറയും.ചെറിയ പുരോഗതിയുണ്ട്'.... ആ സിനിമാ മാസിക ചർച്ച ചെയ്യുകയല്ലാതെ എനിക്ക് കിട്ടിയതുമില്ല. അങ്ങനെ ജയൻ പറഞ്ഞിട്ടുണ്ടെങ്കിലല്ലേ?
ഇവൻമാർ പറ്റിച്ചതാണെന്ന് രണ്ട് മാസം കഴിഞ്ഞേ മനസ്സിലായുള്ളൂ.. പെട്ടെന്ന് തേങ്ങ ചിരകാൻ കിട്ടാതെ വന്നപ്പോൾ അമ്മ തേങ്ങാമസിലൻ തേങ്ങകൾ കൊണ്ടുപോയ കാര്യം ഞാൻ സങ്കടത്തോടെ പറഞ്ഞപ്പോൾ വൃത്തികെട്ടവൻമാർ ഒരു ചിരി ചിരിച്ചു.. ഇന്നും ആ ഓർമ്മ പൊട്ടിച്ചിരിക്കാനായി മാത്രം ഇടക്ക് ഓർക്കാറുണ്ട്
മിസ്റ്റർ കോളേജായി മനോജും രഘുവും എണ്ണ തേച്ചുമിനുങ്ങിക്കയറി.. അന്ന് എല്ലു മാത്രം കാണുന്ന ജ്യോതി പ്രകാശും ഷഡിയിട്ടു കയറി. കൈ മസിൽ... റഫറി പറയുമ്പോൾ ജ്യോതി കൈമടക്കി.. പിന്നെ മസിലിന്റെ ആകൃതിയിൽ മറ്റേക്കൈ ഉരുട്ടി...!!!
......................................
സുരേഷ് നടുവത്ത്
**************************

കത്തിവേഷങ്ങളില്ലെങ്കിലെന്ത്!


കത്തികൾ നെടുംകത്തിയും കുറും കത്തിയുമാണെന്നും ശൃംഗാരപ്രധാന പദമുള്ള വേഷമാണ് കുറും കത്തിയെന്നും അതുകൊണ്ട് തന്നെ നെടും കത്തിവേഷങ്ങൾ പൊതുവേ അപ്രധാനങ്ങളാണെന്നും വിശദീകരിച്ചിട്ടുണ്ട്.' രണ്ട് കുറും കത്തിവേഷങ്ങൾ ഒരു വേദിയിൽ പതിവില്ലെന്നും പറയുന്നുണ്ട്... എന്നാലും ഇന്ദ്രജിത്തും രാവണനും തോരണയുദ്ധത്തിലും, ബാലിവിജയത്തിലും പതിവുണ്ട് താനും...
പതിവായി ആടാറുള്ള കഥകൾ നിരീക്ഷിച്ചപ്പോൾ ഒന്നു ബോധ്യമായി.. കത്തിവേഷ പ്രാധാന്യമില്ലാതെ [ഇവിടെ കുറും കത്തി] ആടുന്ന നിരവധി ആട്ടക്കഥകൾ ഉണ്ട്.'
സീതാസ്വയംവരം [കൊട്ടാ.ത] കിരാതം ( ഇരട്ടക്കുളങ്ങര രാമവാര്യർ ] സന്താനഗോപാലം, രുഗ്മാംഗദചരിതം (മണ്ടവാപ്പള്ളി ഇട്ടിരാരിച്ച മേനോൻ) പൂതനാമോക്ഷം, അംബരീഷചരിതം (അശ്വതി തിരുനാൾ) ദക്ഷയാഗം (ഇരയിമ്മൻ ) ലവണാസുരവധം (പാലക്കാട്ടുശ്ശേരി നാരായണ ശാസ്ത്രി ) സുഭദ്രാ ഹരണം ( മന്ത്രേടത്ത് നമ്പൂതിരിപ്പാട്) കുചേലവൃത്തം (മുരിങ്ങൂർ ശങ്കരൻ പോറ്റി ) ദേവയാനീ സ്വയംവരം ( താഴ വനഗോവിന്ദനാശാൻ ) നളചരിതം ( ഉണ്ണായി ) എന്നിവ കത്തി പ്രധാനമല്ലാത്ത ആട്ടക്കഥകൾ തന്നെ...
നളചരിതം പിന്നീട് വിശദീകരിക്കാം..
പ്രതിനായകൻമാരില്ലെങ്കിലും ( കുറും കത്തി) മറ്റ് കഥകൾ ഏറെ പ്രിയമായതെന്തുകൊണ്ടാവാം
സീതാസ്വയംവരത്തിൽ പരശുരാമൻ നിറഞ്ഞാടുന്നു .കിരാതത്തിൽ ശിവന്റെ കിരാതൽ അരങ്ങിൽ നിറയുന്നു. സന്താനഗോപാലത്തിൽ ബ്രാഹ്മണന്റെ ഹൃദയസ്പർശിയായ ഭാവം ഹൃദയം പുൽകുന്നു.. രുഗ്മാംഗദചരിതവും ഇതിനോട് ചേർത്തു വക്കാവുന്ന മാനുഷിക ഭാവമത്രേ. പൂതനാമോക്ഷമാകട്ടെ പൂതന കൃഷ്ണനായി അനുവാചകൻ എറ്റുവാങ്ങി.. അംബരീഷചരിതവും യവന വേഷ പ്രത്യേകതയൊഴിച്ചു നിറുത്തിയാൽ കത്തി അപ്രധാനം.ദക്ഷയാഗം ശിവ ക്രോധത്താൽ പഴുത്തതത്രേ.. ലവണാസുരവധത്തിലും കത്തി വേദിയിൽ അപ്രസക്തം... സുഭദ്രാ ഹരണം സന്താനഗോപാലം എന്നിവ അർജുന പ്പച്ചയിൽ സമൃദ്ധം.ദേവയാനീ ചരിതത്തിലും കത്തി പുറത്തു തന്നെ..
ബാലിവധം, തോരണയുദ്ധം, നരകാസുരവധം, രാവണോദ്ഭവം, ബാലിവിജയം, കാർത്തവീര്യവിജയം, രുഗ്മിണീ സ്വയംവരം, ബാണയുദ്ധം, കീചകവധം ഉത്തരാ സ്വയംവരം, രാവണ വിജയം, ദുര്യോധനവധം, ശ്രീരാമ പട്ടാഭിഷേകം, പ്രഹ്ളാദചറിതം, രാജസൂയം തെക്കൻ, വടക്കൻ, നിഴൽക്കുത്ത്, ബകവധം, കർമ്മീരവധം, കല്യാണസൗഗന്ധികം, നി വാതകവച കാലകേയവധം.' എന്നിവയാണ് കത്തി പ്രധാനമായി വരുന്നത്.
രാവണൻ, ദുര്യോധനൻ' എന്നീ പ്രധാന കത്തിവേഷങ്ങളെ മാറ്റി നിറുത്തിയാൽ നരകാസുരൻ, ശിശുപാലൻ, കീചകൻ ,ബാണൻ, വി ഭീഷണൻ, ഹിരണ്യകശിപു ,ഹിഡുംബൻ, ഘടോൽക്കചൻ, ഇന്ദ്രജിത്ത്, കിർ മീരൻ,നി വാതകവചൻ എന്നീ കത്തിവേഷങ്ങൾ ഒരു കഥയിലോ രണ്ടു കഥയിലോ മാത്രം വരുന്നവയാണ്..
ദുര്യോധനൻ, രാവണൻ എന്നിവരേ കഥകളിയിൽ മുഖ്യമായുംകുറും കത്തിയായി കത്തിക്കയറുന്നുള്ളൂ.. കീ ചകനും ശിശുപാലനും, ബാണനും, നരകാസുരനും ഓരോ കഥകളിലൂടെ തൃപ്തിപ്പെടേണ്ടി വരും..
ചുരുക്കത്തിൽ ദുര്യോധന രാവണ ഭാവങ്ങളെയാണ് ആട്ടക്കഥാ രചയിതാക്കൾ പ്രതിനായകസ്ഥാനത്ത് കൂടുതൽ പ്രതിഷ്ഠിച്ചത്..
എന്താവാം ഇതിനു കാരണം..
പാത്ര സ്വഭാവം തന്നെയാണെന്നു കരുതണം. രാമായണം, മഹാഭാരതം എന്നീ രണ്ട് ഇതിഹാസങ്ങളിൽ അധിഷ്ഠിതമാണ് ആട്ടക്കഥകൾ.. ഭാഗവത കഥകളിൽ കത്തിവേഷങ്ങൾ കുറവാണ് പൊതുവേ ...
ബാലിവധം, തോരണയുദ്ധം, (കൊട്ടാ'തമ്പു) ബാലീ വിജയം, (കല്ലൂർ നമ്പൂതിരി ) കാർത്തവീര്യവിജയം (പുതിയിക്കൽ തമ്പാൻ) രാവണ വിജയം (കിളിമാനൂർ കോയിതമ്പുരാൻ )എന്നിവ പൂർവ്വ രാമായണവും ഉത്ഭവം (കല്ലേക്കുളങ്ങര രാഘവ പിഷാരൊടി) ഉത്തരരാമായണവും അടിസ്ഥാനമാക്കി രാവണനെ കത്തിവേഷമായി പ്രതിഷ്ഠിക്കുന്നു..
ഉത്തരാ സ്വയംവരം, (ഇരയിമ്മൻ ) ദുര്യോധനവധം, (വയസ്കര ആര്യനാരായണൻ മൂസ് ) എന്നിവയാണ് ഭാരത പ്രധാനിയായ ദുര്യോധന കഥകൾ.. നിഴൽക്കുത്ത് ( പന്നിശ്ശേരിൽ നാരായണപിള്ള) ഭാരത കഥയല്ല എന്നു വേണം അനുമാനിക്കാൻ ''.
രാജസൂയം തെക്കനിൽ (കാർത്തിക തിരുനാൾ) ജരാസന്ധൻ കത്തിയാണ്, ശിശുപാലൻ ചുകന്ന താടിയാണ്. എന്നാൽ വടക്കൻ സമ്പ്രദായത്തിൽ (എളേടത്ത് നമ്പൂരി ) ഇത് നേരെ തിരിച്ചുമായതെന്തുകൊണ്ടാവാമെന്നതത്ഭുതമായി അവശേഷിക്കുന്നു..
കത്തി സ്വഭാവമെല്ലാമുണ്ടായിട്ടും ഉണ്ണായി പുഷ്കരനെ പച്ചയാക്കി.. പച്ച സ്വഭാവമുണ്ടായിട്ടും വിഭീഷണൻ കത്തിയുമായി..
ചെറിയ നരകാസുരൻ കത്തിയാവുമ്പോൾ അതേ കഥയിൽ വലിയ നരകാസുരൻ ചുവന്ന താടിയാണ്...
നളചരിതം ഒഴിവാക്കിയാൽ മനുഷ്യ ഭാവ ജടിലമായ കഥകൾ നിഴൽക്കുത്ത്, അംബരീഷചരിതം, രുഗ്മാംഗദചരിതം, സന്താനഗോപാലം, കുചേലവൃത്തം എന്നിവയാണെന്നെന്റെ നിരീക്ഷണം.അതിൽ കത്തി പ്രധാനമായുള്ളത് നിഴൽക്കുത്ത് മാത്രം.. അത് ഭാരത കഥയിൽ അത്ര പ്രശസ്തവുമല്ല...
ചുരുക്കത്തിൽ രാവണ ദുര്യോധന പ്രഭവങ്ങൾക്കപ്പുറം കഥകളിയിലെ പ്രമുഖ കത്തിവേഷങ്ങൾ ഓരോ കഥകളിൽ മാത്രം ആണ് നിറഞ്ഞാടുന്നത്
എന്നാലെന്താ അതുമതി.. അതു മാത്രം മതി മനുഷ്യകഥാനുഗായികകളായി ഏതു കാലത്തും അനുവാചക ഹൃദയത്തെ ആനന്ദതുന്തിലമാക്കാൻ..
ഉണ്ണായി അതിനുമൊരുപടിക്കപ്പുറം കനക്കുമർത്ഥവും സുധകണക്കെ പദ നിരയുമായി വിരാജിക്കുന്നു '..
......................................,........
സുരേഷ് നടുവത്ത്

പൂർവ്വാശ്രമങ്ങൾ !! - സ്വാമി ചിദാനന്ദപുരി


[ഭൂതായനം/18]
**************************"*
ഒക്ടോബർ 2 ഗാന്ധിജയന്തിയാണ്.. എന്നാൽ അതിനേക്കാൾ ആ ദിവസത്തിന് കാത്തിരിക്കുന്നത് സേവനവാരത്തെയോർത്താണ്. സ്കൂളിൽ ആഒരാഴ്ച ക്ലാസുണ്ടാവില്ല.ക്ലാസ് മുറികൾ വൃത്തിയാക്കി വെള്ളപൂശൽ, സ്കൂളിന് ചുറ്റുമുള്ള കാട് വെട്ടൽ, കല്ലുകൾ പെറുക്കി മാറ്റൽ, ഓടകൾ ബാത്ത് റൂമുകൾ ക്ലീൻ ചെയ്യൽ എല്ലാം ഈ ഏഴു ദിവസം നടത്തും. അധ്യാപകർ ,എൻ സി സി, സ്കൗട്ട് & ഗൈഡ് തുടങ്ങിയ സന്നദ്ധ വിഭാഗങ്ങളും ഉണ്ടാവും
ഉച്ചക്ക് കപ്പയും കഞ്ഞിയും എല്ലാം വിതരണമുണ്ടായിരുന്നു.പലപ്പോഴും ക്ലാസ് അടിസ്ഥാനത്തിലായിരുന്നു ഈ വൃത്തിയാക്കൽ. അവസാനം ക്ലാസ് മുറി ഒരു ചൊറുക്കുണ്ടാക്കലുണ്ട്. പറക്കുന്ന പക്ഷിയും മറ്റും കടലാസ് വെട്ടിയുണ്ടാക്കി നിരനിരയായി പത്ത് എ ക്ലാസുകാർ പെയിന്റ് ചെയ്തിരുന്നു..
ക്ലാസിൽ ഒന്നും പോകാതെ കൂട്ടുകാരുടെ തോളിൽ കയ്യിട്ട് കറങ്ങി നടക്കൽ അന്നത്തെ പ്രധാന പരിപാടിയായിരുന്നു
രാവിലെ തൊട്ട് വൈകുന്നേരം വരെ പാട്ട്... എല്ലാവരും വീട്ടിൽ നിന്ന് ആയുധമൊക്കെ ആയിവരണം... സ്കൂളിന് ചുറ്റുമുള്ള പുല്ല് പറിക്കണം.. അഴുക്കുകൾ തോണ്ടിക്കളയണം...
അന്നൊക്കെ സത്യത്തിൽ ഒരു വൃത്തികേടുകളും ഇല്ല എന്നു തന്നെ പറയാം.. വൃത്തികേടിന്റെ ഇന്നിൽ നിന്ന് നോക്കുമ്പോൾ ആ എൺപതുകൾ പരിസ്ഥിതിയുടെ പൂക്കാലമായിരുന്നു.. കാട് വെട്ടി തീയിട്ടു ചുടൽ, ഓട ക്ലീനാക്കൽ, കുപ്പിച്ചില്ലു പെറുക്കൽ, എല്ലാം കഴിയുമ്പോഴെക്ക് കപ്പ... കാപ്പി.... റെഡി. ടീച്ചർമാർ വടിയും ചുഴറ്റിമേൽനോട്ടം.. അന്ന് കൈയ്യും വീശി നടന്നു പോരുമ്പോൾ മുത്തശ്ശി ചോദിക്കാറുണ്ടായിരുന്നു.. ഒരാഴ്ച്ചൊക്കെ സേവനം ചെയ്യാൻ മാത്രം എന്താപ്പൊ വണ്ടൂര്സ്കുളള് ള്ളത്... നേരം കളയാൻ ഓരോ പരിപാടികള്.. പ്രാർത്ഥന ദൈവം കേട്ടുന്ന് തോന്നുന്നു. അധികകാലം ഈ വാരപ്പരിപാടി തുടർന്നില്ല..
ഇടക്ക് താഴത്തിറങ്ങി ഐസ് വാങ്ങിക്കും. അദ്ദുറ എന്നൊരാൾ തേങ്ങ ചിരകുന്നതു പോലെ ഐസ് ചിരകി അതിൽ ചുകപ്പ്. മഞ്ഞ സിറപ്പൊഴിച്ച് ഒരു സ്പൂണും കപ്പുമൊക്കെയായി ഒരു ഐസ് പ്രൊഡക്ട് ഉണ്ടായിരുന്നു
ഉച്ച സമയത്തെ ഭക്ഷണം ക്ലാസ് മുറിയിൽ ഇരുന്നായിരുന്നില്ല അധികവും കഴിച്ചിരുന്നത്. കാലിഡോക്ടറുടെ വീടിനു പുറകിലെ തിണ്ണ ബ്ലോക്കിന്റെ മതിൽ, എന്നിവിടങ്ങളിലൊക്കെ കയറി ഇരുന്ന് പാഥേയപ്പൊതി തുറന്നിട്ടുണ്ട്. പൃക്ക എന്നു വിളിക്കുന്ന മോഹൻ ദാസ് ,ബിനു, ശശിഭൂഷൺ എന്നിവരായിരുന്നു അധികവും ഊൺ കമ്പനി'' '
ആൺകുട്ടികൾ എന്തുകൊണ്ടാണ് ഈ ക്ലാസ് മുറിത്തീറ്റ ഒഴിവാക്കുന്നത്..? ഒന്ന് വെള്ളത്തിന്റെ സൗകര്യം.. ആ കാലത്ത് പൈ പ്പൊന്നുമില്ല.. ബക്കറ്റും കയറും കപ്പിയും ഒപ്പം മറ്റ് കൈ കഴുകുവാൻ വരുന്നവരുമായി പിടീം വലീം കൂടണം... എന്നാൽ പുറത്തുള്ള ഏതെങ്കിലും മരച്ചുവടോ, മതിൽപ്പുറമോ കണ്ടെത്തുന്നത് ഒഴിഞ്ഞ കിണറും കപ്പിയും കയറുമുള്ള ഏതെങ്കിലും വീടരികിലായിരിക്കും.. സ്കൂളിന്റെ വിരസതയിൽ നിന്ന് കുറച്ചു നേരം പുറത്തിറങ്ങാൻ കിട്ടുന്നതാണല്ലോ ഈ ഉച്ചയൂണവസരങ്ങൾ.. അത് കഴിഞ്ഞ് കൈയ് കഴുകി വട്ടപ്പാത്രം കഴുകി തുണി സഞ്ചിയിലിട്ടു കെട്ടി നെല്ലിക്ക യോ മിട്ടായിയോ അലിയിച്ച് തിരിച്ചു കയറ്റം...
എട്ടിലും ഒമ്പതിലും ക്ലാസിലിരുന്ന് ചോറുണ്ട് ഗ്രൗണ്ടിനടുത്തുള്ള രഞ്ജിത്തിന്റെ വീട്ടിൽ പോയി കൈകഴുകി വരുമായിരുന്നു. അന്ന് ഡ്രോയിംഗ് മാഷ് വിപിൻ എന്ന പേരിൽ എഴുതുമായിരുന്ന തിരുവാലിക്കാരൻ രാമചന്ദ്രൻ മാഷായിരുന്നു.അംബികയും അനുജൻ സത്യനും അന്ന് കൈ കഴുകാൻ കൂടെ വരുമായിരുന്നു. രാമചന്ദ്രൻ മാഷുടെ വിളിപ്പേരായിരുന്നു വക്കച്ചൻ.ആരുടെയൊക്കെയോ കുസൃതി ഈ പേരുകളെ പച്ചിലയിൽ മതിൽ ക്കുറിയായി രേഖപ്പെടുത്തിയിട്ടുണ്ട്.
പറഞ്ഞു വന്നതതല്ല.അംബികയുടെ അനുജൻ സത്യന് അന്നേ എന്തോ ചില പ്രത്യേകതകൾ തോന്നിയിരുന്നു. അസാധാരണമായൊരൂർജ്ജം അയാളുടെ സാന്നിധ്യം അനുഭവിപ്പിച്ചിരുന്നു. ചക്കപ്പല്ലും കട്ടി ക്കണ്ണടയും സാധാരണയിൽ കവിഞ്ഞ ഇറക്കമുള്ള ട്രൗസറും | അലസമായ രീതിയും അന്നേ ശ്രദ്ധിച്ചിരുന്നു
കാലം അത് ശരിയാണെന്ന് പിന്നീട് തെളിയിച്ചു.
ഹിമാലയത്തിൽ പോയി പൂർവ്വാശ്രമം ഉപേക്ഷിച്ച് കൊളത്തൂർ ആശ്രമത്തിന്റെ ജീവനാഡിയാവുകയും ഭാരതമെങ്ങും അറിയപ്പെടുന്ന സന്യാസിവര്യനായിത്തീരുകയും ചെയ്തു ആ മഹദ് ധിഷണ.സ്വാമി ചിദാനന്ദപുരി എന്ന പേരിൽ ഇന്നും സദുപദേശങ്ങളും സത്പ്രവൃത്തികളും ചെയ്ത് ലോകത്തിന് പ്രഭയേകുന്നു ആ ചിദാനന്ദ സത്യം..!
###################
സുരേഷ് നടുവത്ത്
•••••••••••••••••••••••••••••••••••••

മണി മാഷ്


1977 മുതൽ 80 വരെയുള്ള കാലത്താണ് ഹൈസ്കൂൾ കാലഘട്ടം വി എം സി യിൽ പിന്നിട്ടത് ഏതാണ്ട് 38 വർഷത്തോളം പുറകിലെ ഓർമ്മകൾ പൊടി തട്ടിയെടുക്കുമ്പോൾ പലപ്പോഴും അവ്യക്തത മായ ചില ഇടങ്ങൾ ബാക്കി കിടക്കും എന്നത് തീർച്ച തന്നെയാണ്
മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരോർമ്മയാണ് ബയോളജി പഠിപ്പിച്ചിരുന്ന മണി മാഷ് .ആദ്യ കാഴ്ചയിൽ പിരിച്ചു വച്ച ആ കൊമ്പൻ മീശ ഭീതി വളർത്തും.എട്ടിലും ഒമ്പതിലും പത്തിലും എൻസിസിയിൽ ഉണ്ടായിരുന്നു എന്നാണോർമ്മ. കുറച്ചു കാലം കുഞ്ഞാലിക്കുട്ടി മാസ്റ്ററുടെ കീഴിൽ എൻസിസിയിൽ നിന്ന ഒരോർമ്മയുണ്ട്
തേക്കിലയിൽ ഗോപാലേട്ടൻ വിളമ്പുന്ന പൊറാട്ട എന്തോ ഒരിറച്ചിയും കൂട്ടി കഴിച്ചു നല്ല സ്വാദു തോന്നി.. നമ്പീശ ജൻമ മായതിനാൽ ഇറച്ചി വർജ്യം. അയൽവക്കത്തെ മാണിയമ്മ എപ്പോഴെങ്കിലും കനിഞ്ഞു തരുന്ന കോഴിയിറച്ചിയാണ് ആകെ കഴിച്ചു ശീലം എന്നാൽ എൻ സി സി ക്കാലത്ത് ആഴ്ചയിൽ വല്ലപ്പോഴുമൊരിക്കൽ കിട്ടിയിരുന്നത് ബീഫായിരുന്നു എന്ന് പോലും അറിഞ്ഞിരുന്നില്ല പക്ഷേ നല്ല സ്വാദുണ്ടായിരുന്നു ആ തേക്കിലക്കറിക്ക്
മണി മാഷുടെ നേതൃത്വത്തിൽ ഒരു സൈക്കിൾ റാലി നടത്തിയ തോർമ്മയുണ്ട്.ഒരു എസ്ഐയെ ഓർമ്മിപ്പിക്കും മണി സാർ യൂണിഫോമിൽ എന്നാൽ ചുകന്ന ചുണ്ടിലെ കൊമ്പൻ മീശക്ക് താഴെ തെളിയുന്ന ഇളം ചിരി ഒരനുഭവമായിരുന്നു. വി എം സി യിൽ നിന്ന് പുറപ്പെട്ട് തിരുവാലി എടവണ്ണ വടപുറം വഴി സ്കൂളിൽ തിരിച്ചെത്തുന്നതായിരുന്നു ആ റാലി.രാത്രിയായിരുന്നു തിരിച്ചെത്താൻ.പി വി മനോജ് രാമൻ, രാമനുണ്ണി, പ്രേമാനന്ദൻ ,സമദ് തുടങ്ങിയവരെല്ലാം അന്നുണ്ടായിരുന്നതായി തോന്നുന്നുണ്ട്.
10 ഡി ക്ലാസിൽ വെച്ചാണ് മണി മാഷുടെ ബയോളജി ക്ലാസ് കിട്ടിയത് ഓ.'' 'അതൊരനുഭവമായിരുന്നു സുമതിയും ഹസ്മയും രതിയും പ്രേമയും എല്ലാം തല കുമ്പിട്ടിരിക്കും പക്ഷേ അക്ഷോഭ്യതയോടെ ഗർഭധാരണവും പ്രസവവും ലൈംഗികാവയവങ്ങളുടെ വിവരണവും മണി മാഷ് പഠിപ്പിക്കും അശ്ലീലം എന്നതല്ല മറിച്ച് കൃത്യമായ വിവരണമായിരുന്നതെന്ന് പിൽക്കാലം ബോധ്യപ്പെടുത്തി അനാട്ടമിയെക്കുറിച്ച് നല്ല ധാരണയുള്ള അധ്യാപകനായിരുന്നു മണി മാഷ്
ഷെർലി ലൈല മധു ഇവരെല്ലാം അയൽവാസികളായിരുന്നു ലൈലയുടെ വീടിനരികിൽ റയിഞ്ചറുടെ വീട്.രഘു അവിടെയായിരുന്നു താമസം. ആ വീടിന്റെ സൈഡിലൂടെ ഒരു റോഡുണ്ട് ഡിലൈറ്റ്സുബൈദ വെള്ളത്തകരപ്പെട്ടിയും തൂക്കി വരുന്ന റോഡ്.. ആ റോഡിൽ ഇത്തിരി നടന്നാൽ ഡിലൈറ്റിന്റെ വീടിനടുത്തുള്ള ക്വാർട്ടേഴ്സിലാണ് മണി മാഷ് താമസിച്ചിരുന്നത്.ഒരിക്കൽ ആ വഴി പോയപ്പോൾ അദ്ദേഹം വസ്ത്രങ്ങൾ അലക്കി നിൽക്കുന്ന ഒരു കാഴ്ച കണ്ടിരുന്നു. ഈയിടെ പ്രമോദ് ഗോപു സംവിധാനം ചെയ്ത ലസാഗു എന്ന സിനിമയിൽ സുരേഷ് തിരുവാലി അവതരിപ്പിച്ച പിടി മാഷ് മണി മാഷെ വീണ്ടും ഓർമ്മിപ്പിച്ചു
റിട്ടയർമെന്റിനു ശേഷം മണി മാഷ് നാട്ടിൽ പോയെന്നാണോർമ്മ ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ അറിയില്ല.. എന്നാലും പരേഡ് സാബ് ധാൻ ''... വീ സ് റം.. ആ രാം സേ... തുടങ്ങിയ കമാൻഡുകൾ എൻ സി സി ക്യാമ്പുകൾ ഷൂട്ടിംഗ് പരിശീലനം ബയോളജി ക്ലാസ് എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു
മണി മാഷ് ഒരടയാളപ്പെടുത്തലാണ്.. പഠിപ്പിക്കുക.. അതോടൊപ്പം അച്ചടക്കമെന്താണെന്ന് തിരിച്ചറിയിപ്പിക്കുക.. അത് വിദ്യാർത്ഥിയിൽ പിൽക്കാല ജീവിതത്തിലും ഒരു അടയാളമാക്കിത്തീർക്കുക..
ഇതെല്ലാം പറയാതെ പഠിപ്പിച്ചു തന്നു മണി മാഷ്..
എൻ.സി.സിയുടെ റൈഫിൾഷൂട്ടിംഗ് ഒരനുഭമാണ്.. പോലീസ് സ്റ്റേഷനിൽ പോയി തോക്കുകൾ വാങ്ങണം.. ഷൂട്ടിംഗ് ഏരിയ ക്രമീകരിക്കണം.. ഒരാൾക്ക് എട്ടു റൗണ്ട് ഷൂട്ട് ചെയ്യാം.. കമിഴ്ന്ന് കിടന്ന് ഉണ്ട നിറച്ച് തോക്ക് ലോഡ് ചെയ്ത് ഉന്നം നോക്കി കാഞ്ചി വലിക്കൽ..ഇന്ത്യൻ പട്ടാളം എത്രമാത്രം കഷ്ടപ്പെടുന്നു 'നമ്മുടെയൊക്കെസമാധാനത്തിന് എന്നോർമ്മിപ്പിച്ച നിമിഷമായിരുന്നു.. തോക്കിന്റെ പാത്തി നെഞ്ചിൽ
വന്ന് മുട്ടുമ്പോൾ ഒരു വേദനയുണ്ട്... മണി മാഷ് അപ്പോൾ പറയും... ഓരോ ഇന്ത്യൻ പട്ടാളക്കാരന്റേയും നെഞ്ചുറപ്പ് ഇങ്ങനെ ഉണ്ടായതാണെന്ന്...
കോഴിക്കോട് എൻസിസി ക്യാമ്പിൽ ഒരു ക്യാമ്പ് ഒരാഴ്ച്ച ഓണക്കാലത്ത് ഉണ്ടായതിലും അന്ന് പങ്കെടുത്തിരുന്നു.. പട്ടാള ജീവിതത്തിന്റെ ഒരു നേർക്കാഴ്ച്ച -ടെന്റിൽ താമസം, കൃത്യമായ പരേഡ്, എല്ലാം അനുഭവിച്ചറിഞ്ഞു അന്ന്...
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ആ കൊമ്പൻ മീശയും ബയോളജി ക്ലാസും പറയുന്നുണ്ട് .. ജീവിതം ഒരു വലിയ പാഠശാല തന്നെയെന്ന്
####################
സുരേഷ് നടുവത്ത്

പാടം പൂത്ത കാലം..!


ബാല്യ സ്മൃതികൾ പലർക്കും പല തരത്തിലുള്ളതാവും..ചിലർക്കത് പാടത്തു വരമ്പിലൂടെയോ തോട്ടുവക്കിലൂടെയോ മഷിത്തണ്ടൊടിച്ച് സ്കൂളിൽ പോകുന്നതാകും.. വേറെ ചിലർക്ക് ഓത്തുപള്ളിയിലേക്ക് ഉറക്കം തൂങ്ങി കൂട്ടായി പോയതായിരിക്കും... ഒരു പശുവിന്റെ കരച്ചിലിലോ ഒറ്റമൈനയെ കണ്ടപകപ്പിലോ മഞ്ഞു തുളളി കൊള്ളാതെ തല മൂടി പള്ളി മണി കേട്ടുള്ള നടപ്പിലോ എവിടെയൊക്കെ.. എവിടെയൊക്കെ.. ഈ സ്മൃതികൾ.. മടക്കുളളിലെ വരാൽ മൽസ്യം പോലെ ഒളിഞ്ഞിരിക്കുന്നു...
ചേറുമണക്കുന്ന വയൽക്കാലങ്ങൾ അന്നുണ്ട്.. വിഷുവിന് മുമ്പേ തന്നെ കടമ്പത്ത് പാടം വിതച്ചിട്ടിരിക്കും... ഇല്ലെങ്കിൽ പൂട്ടി നുരി വിത്തിടും..കരിച്ചാലിലൂടെ കൃത്യമായ അകലം ദീക്ഷിച്ച് തൊണ്ണൂറാനും, ചീരക്കണ്ണനും ചിറ്റേനിയും ...എല്ലാം കൃത്യമായി നാലോ അഞ്ചോ നുരിയിടും.കന്നുകൾ അടുത്ത വരവിൽ അത് കരിച്ചാലുകൊണ്ട് മറക്കും...
നുരി പൊന്തുമ്പോഴേക്ക് മഴ പെയ്യും. കളപൊന്തും... അത് പിഴുതെറിയൽ... മെല്ലെ കതിരാവും.. ചാഴികേറാതിരിക്കാൻ മരുന്നടി.... ഓണമാവുമ്പോഴേക്കും നെല്ല് കൊയ്യാറായി വരമ്പിൽ വീണു കിടക്കും.. പലപ്പോഴും വെള്ളം ഒഴിഞ്ഞു പോവാൻ നടുവിലൂടെ ചാല് കീറാറുണ്ട്.. അത് വയൽത്തുടർച്ചയായി ഭൂമധ്യരേഖ പോലെ നീണ്ടു കിടക്കും.. തപ്പുമുട്ടി ർ ർ ർ..ആറ്റേ.. എന്നാർത്ത് കിളികളെ ഓടിക്കൽ.
കൊയ്ത്ത് ഒരാഘോഷം.. മാതുവമ്മ, ജാന്വേടത്തി ഒക്കെ നേരത്തെയെത്തി വാഴക്കൈ പിരിച്ച് കയറും തെരികയും കെട്ടും.. പിന്നെ കൊയ്ത് വരുന്ന കറ്റ മുറ്റത്ത് കൂട്ടിയിട്ട മണം. രാവിലെ വൈക്കോലിൽ നിന്നും പുകയുയരും...
അപ്പോഴേക്കും രണ്ടാം വിളയുടെ ഞാറ് പച്ചപ്പിട്ടിട്ടുണ്ടാവും.. കരിങ്കൊറ എന്ന ഒറ്റ വിള ചിലരെടുക്കും.. കുണ്ടുണ്ണിയും കോരുണ്ണിയും നൊട്ടനും വേലു ചെട്ടിയാരും തോല് കഴിക്കും.. കെട്ടുകെട്ടായി തോൽപാടത്തെത്തും... മൊ കാല, കണ്ണപ്പൻ എന്നീ കാളകളെ ഇണ്ണീരിയോ രാമനോ പുട്ടും... പാടം ചേറുമണക്കും. വരമ്പുകൾ ചപ്പിളിയിട്ട് ഉടുത്തൊരുങ്ങും..
ഞാറുനടുന്ന ഊർച്ച ഒരു കാഴ്ച്ച തന്നെ. ചേറ് വരമ്പിന്റെ മൂലകളിലേക്ക് കൊഴുത്ത് പതച്ച് ഊർച്ച മരത്തിന്റെ അമർത്തലിൽ പരക്കും.. ഏഴോ എട്ടോ ജോഡി കന്നുകൾ ഊർച്ചക്കുണ്ടാകുന്ന വലിയ കണ്ടമൊക്കെ ഇപ്പോഴും ചേർമണക്കുന്ന ഓർമ്മയാണ്
വാസു മീൻ പിടുത്ത വിദഗ്ധനാണ്.. ചേറിൽ പുതച്ചു പുളച്ചു വരുന്ന മൽസ്യങ്ങളെ- വരാൽ, കരുതല, ബ്രാല്, കടു, ഗോട്ടി - പല തരം മൽസ്യങ്ങളെ പിടിച്ച് നീളമുള്ള പുല്ലിൽ കോമ്പല കോർത്തിടൽ വാസുവിന് ഹരം. ഞാൻ ആ ചേറിൽ മുട്ടറ്റം ചളിയിൽ ആണ്ട് കൈയ്യിൽ മീൻ കോരി വാസുവിന് കൊടുക്കും.. അതൊരു രസം..
കണ്ണപ്പോ.. ഓ. ഓ. നീലാണ്ടന്റയും കറത്തയുടെ ടെയും നീട്ടിപ്പാട്ട് മുഴങ്ങുന്ന ഉച്ച.. ഏറ്റവും അവസാനം കന്നുകളുടെ വാലിൽ കടിച്ച് ഒരു ഓടിക്കലുണ്ട്.. അത് കഴിഞ്ഞാൽ കൊളത്തിലിറക്കും..
അപ്പോഴേക്കും മേലെ ക്കണ്ടത്തിൽ അമ്മച്ചി കൊറ്റി, മാത, ശാന്ത തുടങ്ങിയവർ നീട്ടിപ്പാടി നടാൻ തുടങ്ങിയിട്ടുണ്ടാവും..ചിവീടുകളുടെ സംഘഗാനം പോലെ ഒരാർപ്പ് ഈണമായി വരമ്പുകൾ കടന്ന് കവലയിലെത്തും..
പരോപകാരി ബാലേട്ടൻ അപ്പൊ പറയും ''അമ്മച്ചി നല്ല ഫോമായി.. പാടവരമ്പത്ത് ചെത്തിയിറക്കിയ പനങ്കള്ളിന്റെ വീര്യം പഴമ്പാട്ടിലെ വീരവുമായി ഏറ്റുമുട്ടി ഈണ കാകളികളിലലിഞ്ഞ നട്ടുച്ചകൾ എത്രയെത്ര..!!
****************************
സുരേഷ് നടുവത്ത്
****************************

ആന്വേഴ്സറി...!! (ഭൂതായനം/06)


സ്കൂളിലെ അധ്യാപകർപിരിയുന്ന യാത്രയയപ്പ് വേളകൾ ഒരു നാടിന്റെ ഉത്സവമായി മാറിയിരുന്നു പണ്ട്... ആനുവേഴ്സറി എന്ന പേരിൽ അറിയപ്പെടും ഈ ചടങ്ങ്.. രാത്രി ഏഴു മണിയോടെ മീറ്റിംഗ്.. യാത്രയയപ്പ്ചടങ്ങ്... പ്രസംഗം... മറുപടി പ്രസംഗം.. അതു കഴിഞ്ഞ് ഒരു പത്ത് മണി കഴിയുമ്പോഴേക്കും നൃത്തനൃത്യങ്ങൾ അടക്കം കുട്ടികളുടെ കലാപരിപാടികൾ.. അവസാനം നാട്ടിലെ വായനശാലയുടെ വക നാടകം.. നേരം അപ്പോഴേക്കും ഒരു നാലഞ്ച് മണിയൊക്കെയാവും...
കേശവൻ മാഷ്, വേലായുധൻ മാഷ്, എന്റെ മുത്തശ്ശി ദേവകി ടീച്ചർ, നാരായണൻ മാഷ് തുടങ്ങിയവരൊക്കെ നേരത്തെ പെൻഷൻ പറ്റി പിരിഞ്ഞവരായിരുന്നു..
1975-80 കാലത്ത് ...ഒരു ഹരം തന്നെയായിരുന്നു അത്.. കമ്മറ്റിയൊക്കെ നിശ്ചയിച്ച് പിരിവൊക്കെയെടുത്ത് സമ്മാനമൊക്കെ കൊടുത്ത് ഒരു നാടിന്റെ ഉൽസവം.
കാരണവുമുണ്ട്.. അന്ന് ആകെ ഒരു സ്കൂൾ.. നാട്ടിലുള്ളവരും അവരുടെ മക്കളും ഒക്കെ പഠിക്കുന്ന തവിടെ.. അധ്യാപകരും ആ നാടിന്റെ നെഞ്ച് തൊട്ടറിയുന്നവർ.. ഇന്നും അവരെ കാണുമ്പോൾ മുണ്ട് മടക്കിക്കുത്ത് താനേ അഴിയും... തലയുടെ പിൻഭാഗം അറിയാതെ ചൂണ്ടുവിരൽ കൊണ്ട് ചൊറിയും...
ആനുവേഴ്സറി മിക്കവാറും സ്കൂൾ പൂട്ടുന്ന ദിവസമോ തൊട്ട് മുൻപിലെ ദിവസമോ ആയിരിക്കും.. ടീച്ചർമാർക്കെല്ലാം പിടിപ്പത് തിരക്ക്.. നൃത്തസംഘം, മറ്റ് പ്രോഗ്രാമുകൾ ഒക്കെ തയ്യാറാക്കേണ്ടേ.. ഗംഗാദേവി ടീച്ചറും ശാന്ത ടീച്ചറും നിർമ്മലടീച്ചറും ഓടി നടക്കുന്നത് കാണാം..
നിലമ്പൂരെ ഇന്ദ്രാണി ടീച്ചറാണ് ഏറനാടൻ ഭാഗങ്ങളിലെ ആദ്യ ഡാൻസ് ടീച്ചർ.. ഡാൻസ് പഠിപ്പിക്കാൻ ടീച്ചർ വന്നാൽ കുട്ടികളെ ക്ലാസിൽ നിന്നിറക്കി സെലക്ഷൻ നടത്തും.. പലപ്പോഴും തലേക്കെട്ടൊക്കെ കെട്ടുന്ന ആൺവേഷങ്ങൾക്ക് ആൺകുട്ടികളേയും പരിഗണിക്കാറുണ്ട്.
ഇന്ദ്രാണി ടീച്ചർ, സരോജ ടീച്ചർ, ഗീത ടീച്ചർ തുടങ്ങിയവരാണ് ആനുവേഴ്സറി നൃത്തം പഠിപ്പിച്ചിരുന്നത് എങ്കിൽ അതേ സമയത്ത് വായനശാലയിൽ നാടക റിഹേർസൽ പൊടിപൊടിക്കുകയാവും.. സി എൽ ജോസ്, മുഹമ്മദ് പുഴക്കര തുടങ്ങിയവരുടെ രണ്ട് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള നാടകങ്ങൾ അന്ന് നാട്ടിൻ പുറങ്ങളിൽ സ്കൂൾ ആനുവേഴ്സറികളിൽ അവതരിപ്പിച്ചിരുന്നു..
അപ്പുണ്യേട്ടൻ ആണ് നടുവത്തിന്റെ നാടക ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു പേര്.. നാടക സംവിധാനവും മുപ്പർ ചെയ്യുമായിരുന്നു.. മൂശാലിത്തൊടി ഉണ്യേട്ടൻ, സരോജിനിയമ്മയുടെ അനിയൻ ഉണ്യേട്ടൻ, വേലുക്കുട്ടിയേട്ടൻമാർ, കുട്ടി മാമമോഹനൻ, വാസുവേട്ടൻ (തട്ടാൻ ) പി.ഡബ്ലിയു ഡി സത്യൻ തുടങ്ങിയവരിൽ നിന്ന് ആ പാരമ്പര്യം ഞങ്ങൾ വരെയുള്ള തലമുറ വരെ എത്തിയിരുന്നു..
ഒരു തുള്ളി ദുഃഖം അപ്പുണ്യേട്ടൻ എഴുതിയ നാടകമായിരുന്നു.. സൂര്യാഘാതം, സൂര്യായനം എന്നീ നാടകങ്ങളും ഓർമ്മ വരുന്നു
നാടകത്തിലെ നടി ആദ്യ ദിവസങ്ങളിലൊന്നും വരില്ല.. പകരം ഡമ്മിയായി ആരെങ്കിലും നിന്ന് ഡയലോഗ് പറയും.. ഹാസ്യ രംഗങ്ങൾ കാണാനായിരുന്നു ഏറെ ഹരം. പോസ്റ്റുമാൻ കുഞ്ഞൻ, തട്ടാൻ ഉണ്ണി തുടങ്ങിയവരൊക്കെ നല്ല ഹാസ്യനടൻമാരായിരുന്നു..
എനിക്ക് ഹാർമോണിയോ വായിച്ച് ആദ്യ പ്രതിഫലം 25 രൂപ തന്നത് വേലുക്കുട്ടിയേട്ടനായിരുന്നു.. ജോളി ബ്രദേഴ്സ് എന്നായിരുന്നു കാരണവൻമാരുടെ ഗ്രൂപ്പിന്റെ പേര്.. ഒരു നൈറോസ്റ്റിന് ഒരു രൂപയും സിനിമാ ടിക്കറ്റിന് 45 പൈസയും ഉള്ള കാലത്തെ 25 രൂപ... എത്ര ദിവസം കൊണ്ടാ അന്ന് ചിലവാക്കിയത്..
നിലമ്പൂർ ആയിഷ,നിലമ്പൂർ സീനത്ത്, വാണിയമ്പലം ശോഭന തുടങ്ങിയ നടികളെല്ലാം ആനുവേഴ്സറി നാടകങ്ങളിൽ വന്നിട്ടുണ്ട്.. പ്രോംപ്റ്റ് ചെയ്തു കൊടുക്കണം പിന്നിൽ നിന്ന് സ്ക്രിപ്റ്റ്.. ചിലപ്പോൾ ഡയലോഗുകൾ മാറ്റിപ്പറഞ്ഞ് രംഗങ്ങളടക്കം മാറിപ്പോയതെല്ലാം ഊറിച്ചിരിപ്പിക്കുന്നു..
പായയും സുറുവങ്കുറ്റിയും ചൂട്ടുമൊക്കെയായി സമീപ പ്രദേശങ്ങൾ മുഴുവൻ സ്കൂൾ മൈതാനത്തേക്കൊഴുക്കിയ .. ചായക്കടയിൽ കത്തുന്ന പെട്രോമാക്സ് വെളിച്ചത്തിൽ തലയിലൊരു കെട്ടുമൊക്കെ കെട്ടി കട്ടൻ ചായ കുടിച്ച ... മേക്കപ്പ് റൂമിൽ മേക്കപ്പ്മാന്റെ മുന്നിൽ നാടക, നൃത്തവേഷവും കൈയ്യിൽ പിടിച്ച് ഊഴം കാത്ത് വരിനിന്ന.. അടുത്ത ദിവസം രാവിലെ നാടകത്തിലെ വീരശൂര കഥാപാത്രങ്ങൾ സാധാരണക്കാരായി കടകൾക്ക് മുന്നിലിരുന്ന് വർത്തമാനം പറയുന്ന.. ആ ആന്വേഴ്സറിക്കാലങ്ങൾക്ക് ഇന്നും ഉള്ളിലെന്തൊരു തിളക്കമാണ്..
ഒരു രാത്രിയുടെ ഉറക്കം പിറ്റേന്ന് വൈകുന്നേരത്തോടെയാവും ഉറങ്ങിത്തീരുക.. പല്ല് തേപ്പ് നാല് മണിക്ക്.. മഞ്ഞവെയിൽ ചിരിക്കുന്ന സായാഹ്ന്നങ്ങൾ ഉറക്ക പ്രാന്തുകൊണ്ട് പ്രഭാതത്തെപ്പോലെ തോന്നും
സമ്മാനമായിക്കിട്ടിയ കണ്ണാടിയും സോപ്പിൻ കൂടും കുപ്പി ഗ്ലാസും എല്ലാം പൊടി പിടിക്കാതെ മനസിൻ കൂട് ചില്ലിട്ടു വച്ചിട്ടുണ്ട്.. ഇടക്കൊക്കെ വീണ്ടും പഴയ കുട്ടിയാകാൻ...!!
~~~~~~~~~~~~~~~~~~~
സുരേഷ് നടുവത്ത്
=======================

അടിക്കാലം....


മനസ്സുകൊണ്ട് ബാല്യത്തിലേക്ക് തിരിച്ചു പോകാത്ത ആരുണ്ട്? പ്രഭാത മധ്യാഹ്ന സായാഹ്ന രാത്രികളുമായി ബന്ധപ്പെട്ട് എത്രയെത്ര ഓർമ്മകൾ മനസ്സെന്ന എട്ടുകാലി വലയിൽ കുരുങ്ങിക്കിടക്കുന്നു... ഓരോന്നും മീൻ വലയിലെ തിളങ്ങുന്ന പരൽമീനിനെ വേർപെടുത്തി എടുക്കുന്ന പോലെ എടുക്കണമെന്നു മാത്രം '.. '
ഞാൻ, അനിയൻ, തട്ടാൻ വാസു ഒരു ടീം വൈദ്യൻ അശോകൻ, തെന്നാട്ടെ നാരായണൻ. കാല്യാണത്തെ ഉണ്ണി എതിർ ടീം.. കട്ടയുടച്ച പാടത്തും ചടങ്ങാംകുളം ഗ്രൗണ്ടിലും ഒക്കെ കുറേ കളിച്ചു നടന്നിട്ടുണ്ട് അന്ന്..
ആദ്യകാലത്തൊന്നും ക്ലാസുകൾ തമ്മിൽ മറ- ഇല്ലായിരുന്നു. പിന്നെയാണ് പനമ്പ് തട്ടിക വെച്ച് ക്ലാസുകൾ മറക്കാൻ തുടങ്ങിയത്.. രണ്ട് ക്ലാസുകളിലെ കുട്ടികൾ പരസ്പരം പുറം ചാരിയിരുന്നു പഠിച്ചിരുന്നു...
അടിയുടെ പെരുമഴക്കാലം കൂടിയായിരുന്നു കുട്ടിക്കാലം. അടിയെന്നു വെച്ചാൽ നല്ല പൊരിഞ്ഞ അടി.. പല കാര്യങ്ങൾക്കും ഉണ്ടാകുന്ന തർക്കങ്ങളുടെ അവസാനം അടിയിലാണ് തീരുക.. സൂ.. സൂ '... എന്നൊക്കെ ശബ്ദമുണ്ടാക്കി മുഖത്തും പുറത്തും എന്ന് വേണ്ട പറ്റുന്നിടത്തെല്ലാം അടിക്കുന്നവരെ പൊതിഞ്ഞ് വലിയൊരു ഗ്രൂപ്പ് കാണികളുമുണ്ടാവും.. അപ്പോഴേക്കും നല്ല പിള്ളേർ സ്റ്റാഫ് റൂമിലെത്തി വിവരം പറയും '.. അവർ തന്നെ തിരിച്ച് വന്ന് സാറ് വിളിക്കണ് ണ്ട്... എന്നറിയിക്കും...
പലപ്പോഴും നാട്യേട്ടനാണ് അടിക്കാരെ രണ്ടിനേം കൂട്ടിപ്പിടിച്ച് സ്റ്റാഫ് റൂമിലെത്തിക്കുക... കേശവൻ മാഷ് ചൂരലുമായി പുറത്തെത്തും.. കാണികളായ ഞങ്ങൾ നിശബ്ദരാവും.. പിന്നെ വിചാരണയാണ്.. ആരാ ആദ്യം അടിച്ചത്.. എന്തൊക്കെയാ കാര്യം... സാക്ഷികളായി ഞങ്ങളുടെ മൊഴിയും പരിഗണിക്കും... അവസാനം മിക്കവാറും രണ്ടു പേർക്കും അടി കിട്ടും.. ട്രൗസറിന്നു താഴെ അതൊരു ചുവന്ന പൂണൂലിട്ടതു പോലെ നീറിക്കിടക്കും..
നാരായണൻ മാഷ് അടി കഴിഞ്ഞാലും വിടില്ല.. സാങ്കൽപിക കസേരയിൽ പത്തു മിനിട്ട് ഇരുത്തി ബഹുമാനിeച്ച പറഞ്ഞയക്കൂ.
നെരിയാണി, മുട്ട് ഒക്കെ ഒരു കടച്ചിൽ കേറി വരാനുണ്ട്.. എന്റെമ്മോ..... "
ചില അടികൾ അങ്കം കുറിക്കലായി മാറാറുണ്ട്.. സ്കൂൾ വിട്ട് പോരുന്ന വഴിയുള്ള പാടത്തിൻ തട്ടിലേക്ക് ചേകവൻമാരെ നയിക്കും. ആലിൻ വളളി, പെൻസിൽ കുറ്റി തുടങ്ങിയ മാരകായുധങ്ങളുമായി നടക്കുന്ന അടി വയലിലൂടെ പോകുന്ന ആരെങ്കിലുമൊക്കെയാണ് പിടിച്ചു മാറ്റാറ് പതിവ്..
തെന്നാട്ടെ നാരായണൻ, വെളുത്തേടത്തെ ബാലകൃഷ്ണൻ, എന്റെ അനിയൻ തുടങ്ങിയവരെല്ലാം ഈ പാടത്തട്ടിൽ പൊരുതിയ വരാണ്..
പാടമെല്ലാം വാഴയായി. ബാക്കി തരിശു കേറി. അടി നടന്നിരുന്ന തിട്ടിടിച്ച് കപ്പയിട്ടു.
ഇന്ന് അവിടെ വലിയൊരു മൊബൈൽ ടവ്വർ ചെകുത്താന്റെ ഒറ്റക്കൊമ്പു മായി കറുത്ത ചിരിയും ചിരിച്ച് നിൽപ്പുണ്ട്.. നഷ്ട ബാല്യക്കപ്പലിന് നങ്കൂരമിട്ട പോലെ..!!
****************************
സുരേഷ് നടുവത്ത്
****************************

ഒരു എൽ പി സമര ചരിത്രം


(ഭുതായനം/05)
ലോക ചരിത്രത്തിൽ തന്നെ അഞ്ചാം ക്ലാസുവരെയുള്ള ഒരു സ്കൂൾ സമരം ചെയ്ത് അവധിയായ ചരിത്രം ഒരു പക്ഷേ ചടങ്ങാംകുളം ജി.എൽ.പി.എസിനു മാത്രമായിരിക്കും'' '
രാവിലെ സ്കൂളിലെത്തിയാൽ നേരെ ക്ലാസിൽ പോയി പുസ്തകം ബഞ്ചിന്റെ ചോട്ടിൽ വെക്കും.ഇന്നത്തെപ്പോലെ ആയിരത്തിന്റെ സഞ്ചീം ബാഗുമൊന്നുമില്ല.. പ്ലാസ്റ്റിക്ക് കവറുകൊണ്ടു പൊതിഞ്ഞ രണ്ടു നോട്ടുപുസ്തകങ്ങൾ'. അതിനിടയിൽ മറ്റു പുസ്തകങ്ങൾ... ചുറ്റിട്ടുകെട്ടാൻ ഒരിലാസ്റ്റിക്ക്.. അല്ലെങ്കിൽ ചെട്ടിയാരുടേയോ തങ്ങളിന്റെയോ പീടികയിൽ നിന്ന് വാങ്ങുന്ന അഞ്ചു പൈസയുടെ റബ്ബർ വളയം.'' '
സ്കൂൾ വിടുന്ന നേരത്ത് അധികവും മഴ പെയ്യാറുണ്ടായിരുന്നു.. ഈ കൃത്യസമയം എങ്ങനെ ദേവേന്ദ്രൻ അറിയുന്നു എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.. കുടയെടുക്കാറ് പതിവില്ല.. ചിലർ തൊപ്പിക്കുട ചൂടി വരും.. അത് ചുമരിനോട് ചേർത്ത് ചാരിവയ്ക്കും... ഇന്നത്തെ മാതിരി മടക്കുന്ന കുടകളന്നില്ല
മഴ പെയ്യുമ്പോൾ പുസ്തകം നെഞ്ചോടടുക്കി ഷർട്ടിനുളളിലേക്കിട്ട് ഓടുന്നതാണ് അന്ന് ആൺകൂട്ടികളുടെ പൊതു രീതി.. നാട്ടിൻ പുറത്തെ സ്കൂ ളായതിനാൽ രണ്ടു കിലോമീറ്റർ ചുറ്റളവിൽ എല്ലാ വീടുകളുമൊതുങ്ങും..
ചടങ്ങാംകുളം ജി എൽ പിഎസിൽ ഒരു സമരമുണ്ടായതിനും സാക്ഷിയായിട്ടുണ്ട്.. അഞ്ചാം ക്ലാസ് കഴിഞ്ഞാൽ വണ്ടൂർ വി.എം സി സ്കൂളിൽ ആണ് പത്തുവരെ പഠനം.. അവിടെ ചിലപ്പോളൊക്കെ തുടർച്ചയായി സമരമുണ്ടാവും.. ഇന്റർവെൽ സമയത്താണ് ഒരു പതിനൊന്നരയാവുമ്പൊ വണ്ടൂരിൽ നിന്ന് കുട്ടികൾ നടന്നുവരിക.സമരമുള്ളതിനാൽ അവധിയിലേക്കുള്ള ആ നടന്നു പോക്ക് ഞങ്ങൾ അസൂയയോടെ നോക്കി നിൽക്കും..
പുള്ളിശ്ശേരി രവിയേട്ടനും ഇന്ന് ജീവിച്ചിരിപ്പില്ലാത്ത പപ്പടച്ചെട്ടി സോമനും ഞങ്ങളിലെ സമര വാസനകളിൽ മണ്ണെണ്ണ പാർന്നവരായിരുന്നു.. രവിയേട്ടൻ പറഞ്ഞു.. മുദ്രാവാക്യം വിളിച്ചു ക്ളാസിൽ കയറാതെ പുറത്തിറങ്ങി എല്ലാവരും നിൽക്കണം അതാണ് സമരം: അപ്പൊ മുദ്രാവാക്യമോ..? ന്യായമായ ചോദ്യം... രവിയേട്ടൻ ചിരിച്ചു.. അരിയില്ലെങ്കിൽ വിഷം തരൂ.. ഇങ്കുലാബ് സിന്ദാബാദ്... സൂചന സമരം സിന്ദാബാദ്.. എന്ന് വിളിച്ചാൽ മതി
സമരത്തെക്കുറിച്ചുള്ള സ്റ്റഡീ ക്ളാസിൽ മയങ്ങി അവധിക്കായി ആദ്യദിനം കൂട്ട മണി നാടിയേട്ടൻ മുഴക്കിയപ്പോൾ ക്ലാസിൽ കേറാതെ സ്കൂളിന് ചുറ്റും കൂടി നിന്ന് മുദ്രാവാക്യങ്ങൾ മുഴക്കി... നാരായണൻ മാഷ് വടിയും കൊണ്ട് ചെരിപ്പിടാതെ വന്നത് ഓർമ്മയുണ്ട്.. സമരക്കാർ ചിതറിയോടി ക്ലാസിലെത്തി..
അന്ന് വൈകുന്നേരം സ്റ്റഡീ ക്ലാസ് കൂടുതൽ തീ വ്രമായി.. രവ്യേട്ടൻ പറഞ്ഞു. പരാജയമാണ് വിജയവഴി. നാളെ നേരത്തേ സമരം തുടങ്ങണം.. മാഷമ്മാര് വരുന്നതിന് മുമ്പ് ഗേറ്റ് പൂട്ടി മുദ്രാവാക്യം വിളിക്കണം...
നൂണമ്പാറ ബാലകൃഷ്ണൻ, ശ്രീധരൻ, പങ്കത്തെ അപ്പു, അറമുകൻ., കോമുണ്ടി മോഹനൻ എല്ലാവരും നേരത്തേ എത്തി സ്കൂൾ വളഞ്ഞു. അധ്യാപകർ പുറത്ത്.. കുട്ടികൾ അകത്ത്.. നാരായണൻ മാഷ് അന്ന് ലീവായിരുന്നു.. മുത്തശ്ശി വന്ന് പുറത്ത് നിന്ന് സമരക്കാരോട് പറഞ്ഞു " സമരം ചെയ്യാത്തവർ ദേവകി ടീച്ചറുടെ ഒപ്പം വരും " ആരും പോയില്ല ... മനസ്സില്ലാ മനസ്സോടെ ഞാനും അനിയനും മുത്തശ്ശിയുടെ അടുത്ത് നിന്നു..
അവസാനം എന്താണെന്നറിയില്ല.. എങ്ങിനെയാണെന്നറിയില്ല.. എന്തിനാണെന്നുമറിയില്ല.. വേലായുധൻ മാഷ് റോട്ടിൽ നിന്ന് വിളിച്ചു പറഞ്ഞു '. നാടിയെ അകത്ത് കേറ്റിൻ.. ഇന്ന് അവധിയാണ്.. ബെല്ലടിച്ചു വിടും..
ഒരു പക്ഷേ ഇന്ത്യാ ചരിത്രത്തിൽ തന്നെ ഒരു എൽ പി സ്കൂൾ സമരം ചെയ്ത് അവധിയാക്കിയത് ചടങ്ങാകുളം ജി എൽ പി സ്കൂളായിരിക്കും.. അവധി കിട്ടിയത് കളിച്ചാഘോഷിക്കാൻ മുത്തശ്ശി സമ്മതിച്ചില്ല.. നെല്ല് പുഴുങ്ങി പനമ്പിൽ ഉണങ്ങാൻ മാതുവമ്മ മുറ്റത്ത് ചിക്കിയിട്ടിരുന്നു.. ചെമ്പരത്തിച്ചോട്ടിലിരുന്ന് വൈകുന്നേരം വരെ എന്നെയും അനിയനേയും കാവലിരുത്തിച്ചു മുത്തശ്ശിടെ സമരം തോറ്റ ദേഷ്യം... എന്നാലും എന്താ.. ഞങ്ങളെ സ്കൂളും സമരം മൂലം വിട്ടല്ലോ...!!
****************************
സുരേഷ് നടുവത്ത്
=====================

അലിഗഢ് ഡയറി /30


ഒരു നാളും നിരൂപിതമല്ലേ എന്നൊരു പദമുണ്ട് നളചരിതം രണ്ടാം ദിവസത്തിൽ. ദമയന്തിയെ കാട്ടിൽ ഉപേക്ഷിക്കുന്നതിന് മുൻപ് കലിബാധിതനായ നളന്റെ ആത്മഗതമാണ് ഈ പദത്തിന്റെ ഉള്ളടക്കം.. കലാമണ്ഡലം ഹൈദരലി ആത്മ സ്പർശത്തോടെ പാടിയ ഒരു പദം കൂടിയാണിത്
ഞാനും ഒരിക്കലും കരുതിയതല്ല ഇങ്ങനെയൊരു പഠന കാലം.. എന്നാലും എത്രയോ അനുഭവങ്ങൾ അത് രണ്ടു വർഷം കൊണ്ടെനിക്ക് നേടിത്തന്നു
ചമ്പൽ ഗ്രാമങ്ങൾ മധ്യ പ്രദേശിന്റെ വനസ്ഥലിയാണ്.മൺകൂനകൾക്കിടയിലൂടെ നിഗൂഢതയൊളിപ്പിച്ച വഴികൾ.. കുതിരപ്പുറത്തേറി വരുന്ന കൊള്ളക്കാർ.. അവരുടെ കാട്ടുനീതികൾ. എന്നാലും അവരെ ഒറ്റിക്കൊടുക്കാത്ത ഗ്രാമീണർ.കെ.എൽ മോഹനവർമ്മയുടെ ചംബൽ എന്ന നോവൽ ഓർമ്മ വരുന്നു..
ഫുലൻ ദേവിയും, പുത്ലീബായിയും മാൻ സിംഗും അവിടെ കുതിരക്കുളമ്പടികളിൽ ചരിത്രമെഴുതിയവർ.. മൺകുന്നുകളല്ലാതെ കുറ്റിക്കാടുകളല്ലാതെ ചംബൽക്കാടുകൾ വേറൊന്നുമില്ല.. ബേഹഡുകൾ എന്നാണ് ഈ കൊച്ചുമൺകൂനകൾ അറിയപ്പെടുക..
തമിഴകത്തിന്റെ സാപ്പിട്ടാച്ചാ എന്ന ചോദ്യം, വിജയവാഡയിലെ കൃഷ്ണാ നദിയുടെ പാലം, ഓറഞ്ചു മണക്കുന്ന നാഗ്പൂർ; ഗ്വാളിയർ 'ഇറ്റാർ സി, ഝാൻസി ആഗ്ര ഡൽഹി കോട്ടകൾ, വൃന്ദാവന മഥുര, കൽക്കത്ത, വാരണാസി, ഗയ കാഴ്ച്ചപ്പട്ടികയിൽ കോർക്കാൻ ഇനിയുമെത്രയെത്ര ഓർമ്മപ്പൂക്കൾ..
അലിഗഡ് തന്ന ഒരു പിടി ഓർമ്മകൾ.. 1987-89 കാലം ഒരിക്കൽ കൂടി ഈ എഴുത്തിലൂടെ തിരിച്ചുപിടിച്ചു.. രണ്ട് വർഷത്തിന് ഇത്രയും പറയാനുണ്ടെങ്കിൽ ഒരു ജീവിതകാലത്തിന് എത്ര പറയാനുണ്ടാകും!!
ഈ ഡയറി തൽക്കാലം അവസാനിപ്പിക്കുന്നു.. അലിഗഢ് ഒന്നുകൂടി പറയാതെ പറയുന്നു.. എഴുത്... വീണ്ടും വീണ്ടുമെഴുത്.. അടച്ചു വെച്ച ഓർമ്മപ്പൊത്തിലെ കിളിയൊച്ചകൾ വീണ്ടും പുറം ലോകത്തെ കേൾപ്പിക്ക്.. നന്ദി അലിഗഢ്.. എന്റെ എഴുത്താണിയും എഴുത്തോലയും തിരികെ തന്നതിന്.. പോയ കാലങ്ങളുടെ ബാക്കി ഓർമ്മകളെ തേടി എന്റെ ചൂട്ട് ഞാൻ കത്തിക്കട്ടെ.. വീണ്ടും എഴുതാനുള്ള ജീവിതത്തെ ആ വെട്ടത്തിൽ ഒന്നുകൂടി വീശിക്കാണട്ടേ..
വായിച്ചവർക്കെല്ലാം നന്ദി
വായിക്കാനിരിക്കുന്നവർക്കും
ഭൂതായനങ്ങളുടെ വാതായനങ്ങൾ ഇനിയും തുറക്കാനുണ്ട്.. വീണ്ടും കാണാം🙏🙏🙏🙏🙏
*****""********************
സുരേഷ് നടുവത്ത്
**************************

അലിഗഢ് ഡയറി / 28


ഓർമ്മകൾക്കിടയിൽ മറവി കൂടുകൂട്ടാൻ തുടങ്ങിയോ? അടുത്ത ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് ഒരു ലക്കം എഴുതിയില്ല എന്നറിഞ്ഞത്..
അലിഗഢിലെ സൗഹൃദവലയത്തിൽ മുജീബ് എന്ന മുജി, അജാക്സ് മുഹമ്മദ്, നാസർ, കുറ്റി ബഷീർ, ചോറ്റും പട്ടാളം എന്ന് ഉബൈദ് വിളിച്ച സഹദ്, കൊടുങ്ങല്ലൂർക്കാരൻ ഇബ്രാഹിം കുട്ടി, എം സി എ ക്ക് പഠിച്ചിരുന്ന സാബിർ, ഫായിസ് 'എന്നെ ഏറ്റവും അധികം റാഗ് ചെയ്തിരുന്ന ബിഎ വിദ്യാർത്ഥി സാദിക് എല്ലാവരും ഓർമ്മക്കൂടിൽ നിന്ന് തല പൊന്തിക്കുന്നു. ഞാനിവിടെയുണ്ടെന്ന് സലാം വയ്ക്കുന്നു.
എന്റെ കൂടെ എം എ ക്ലാസിലുണ്ടായിരുന്ന നസീർ ഫാറൂഖ് കോളേജിൽ മലയാളം ഹെഡ്.. അരക്കൻ കബീർ +2 അധ്യാപകൻ.. ആരുടെ കൈയ്യിലാ കാശുള്ളത് എന്നുറക്കെ ചോദിക്കാറുള്ള അജാക്സ് ജർമ്മനിയിൽ.. വട്ട് നാസർ ഗൾഫിൽ'.. എല്ലാവരും പൊതു സ്വത്തായി ഉപയോഗിച്ചിരുന്ന ഓവർ കോട്ടിന്റെ ഉടമ മുജി സിംഗപ്പൂരിൽ.. കുറ്റി ബഷീർ മെഡിക്കൽ കോളേജിനടുത്തുള്ള റഹമാനിയാ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ, മൻസൂർ ഭായ് മമ്പാട് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ ഹെഡ് റിട്ടയർ ചെയ്യും താമസിയാതേ...
അടുത്തെത്തുന്ന മക്കളെ അറിഞ്ഞാശിർവദിക്കുന്ന അമ്മയേപ്പോലെ അലിഗഢ് എല്ലാവരേയും ജീവിതപ്പാതയിൽ വളർത്തി.. ഉയരവൃക്ഷങ്ങളാക്കി മാറ്റി..
അത് അലിഗഡിന്റെ ഒരു നന്മ 
തന്നെ.. ആ മണ്ണിൽ കാലുകുത്തിയവർ, അവിടെ പഠിച്ചു പോന്ന മലയാളികൾ എല്ലാവരും ജീവിതക്കടലിൽ തുഴഞ്ഞ് മോശമല്ലാതെ ഓരോ കര പറ്റുന്നു..

ചന്നം പിന്നം പെയ്യുന്ന മഴകൾ മാറുന്ന കാലാവസ്ഥകൾ മുൻകൂട്ടി സൂചന തരുമ്പോൾ എകെ 21 ൽ ഇരുന്ന് കുറുകിയ ഇളം കുരുവികളെല്ലാം ഏതൊക്കെയോ വൃക്ഷങ്ങളിൽ കൂടുകെട്ടി തലമുറകളിലേക്ക് ചിലപ്പ് തുടർന്നു കൊണ്ടിരിക്കുന്നു
ഉബൈദിന്റെ ഓർമ്മകൾ മാത്രം ചെയ്യാത്ത മേഘമായി വിങ്ങുന്നു... പിന്നെ മറ്റൊരോർമ്മയും... മുഹമ്മദുണ്ണിയുടെ..വളളുവമ്പ്രംകാരനായ മുഹമ്മദുണ്ണി അലിഗഡിൽ ക്ലർക്കായിരുന്നു എന്നാണോർമ്മ.. സരസമായ തമാശകളിലൂടെ ഗോപാലൻ എന്ന സീനിയറിനെ ഗോപാലൻ മൗലാനയാക്കിയ മുഹമ്മദുണ്ണി.. സരസ ലളിതമായ ഒരു സംഭാഷണച്ചിരിയുടെ സ്വാഭാവികതയിൽ മനസ്സിൽ ഇടം പിടിച്ചവൻ.. കുറച്ചു കാലങ്ങൾക്ക് മുമ്പ് ഏതോ അസുഖത്തിന് കീഴടങ്ങി ഈ ലോകം വിട്ടു പോയതായി അറിയിച്ചത് പത്രത്താളിലെ ചരമക്കോളമായിരുന്നു..
യൗവ്വനത്തിന്റെ ഏറ്റവും സുന്ദരമായൊരു കാലം.. ഒരു വേള പറഞ്ഞാൽ പെൺ സൗഹൃദങ്ങളൊന്നുമില്ലാതെ പഠിച്ചിറങ്ങിയ എംഎക്കാലം..
തിരിഞ്ഞു നോക്കുമ്പോൾ എന്നെ ഞാനാക്കിയത് ആ അനുഭവക്കാലം തന്നെ...!

****************************
സുരേഷ് നടുവത്ത്
*********************""******

അലിഗഢ് ഡയറി /29/



ഓർമ്മകൾ ശിരസ്സിലെവിടെയോ ഓടാമ്പലിട്ടു കിടക്കുകയായിരുന്നു.. പണ്ടെന്നൊക്കെയോ നടന്നു പോയ വഴികൾ ചിലപ്പോൾ ഓർക്കാനാരും മിനക്കെടാറില്ല പക്ഷേ ഒന്നോർക്കാൻ ശ്രമിച്ചു നോക്കൂ.. ഏതൊക്കെയോ അsരിൽ നിന്നുതിരുന്ന മൺ ചിതലിനുളളിൽ നിന്ന് ജീവസ്പന്ദനങ്ങൾ ഇഴയും പോലെ അനങ്ങും അകത്തളം.. പിന്നെ മണ്ണിര മണ്ണിനെയെന്ന പോലെ അത് ജൈവമായ ഒരു പരിണതിയായി അവസാനം വാക്കിന്റെ ചെടിയായി പൂത്ത് സുഗന്ധം ചൊരിയും..
ബഷീർ തങ്ങൾ, വാഴശ്ശേരി ഇബ്രാഹിം കുട്ടി ഇവരുടെ മുറിയിൽ ഒരു താൽക്കാലിക താമസക്കാരനായാണ് ആ ഗാഖാൻ ഹോസ്റ്റലിൽ സുലൈമാൻ ഹാളിൽ താമസമുറപ്പിക്കുന്നത്. ചിലപ്പോൾ മുറികൾ ഒഴിവില്ലാത്ത സമയങ്ങളിൽ അഡ്മിഷൻ നടക്കാറുണ്ട് അതങ്ങനെയൊരു സമയമായിരുന്നു..
രണ്ട് ചാർ പായകൾ - ചൂടിക്കടിലിന്റെ ഹിന്ദി നാമം - അതിനിടയിലുള്ള സ്ഥലത്ത് നിലത്ത് ഞാനെന്റെ കിടക്ക വിരിച്ചു..
ബിഎ രണ്ടാം വർഷ വിദ്യാർത്ഥി ഇബ്രാഹിം കുട്ടി.. വണ്ടുരുള്ള അമ്പാസഡർ ഹോട്ടൽ ഉടമയുടെ രണ്ടാമത്തെ മകൻ.. ആ ജാനുബാഹു. കറുപ്പ് ,ആഷ് നിറമുള്ള കുപ്പായത്തിന്റെ മുൻ കുടുക്ക് അലിഗർ ട്രഡീഷനെ വെല്ലുവിളിച്ച് എപ്പോഴും തുറന്നു കിടന്നു.. ഏറനാടൻ മുസ്ലീമിന്റെ എല്ലാ ശുദ്ധതയും സൗമ്യതയും നർമ്മബോധവും ഇബ്രാഹിം കുട്ടിയെ വ്യത്യസ്ഥനാക്കിയിരുന്നു.. എന്ത് പ്രശ്നമുണ്ടായാലും ചുണ്ട് കോട്ടിയ ഊറിച്ചിരിയോടെ ബ്രായ്ങ്കുട്ടി
മറുപടി പറയും.കോയീ ബാത്ത് നഹീ.... അത് പ്രശ്നമല്ല ശരി യാക്കാം....

ബഷീർ തങ്ങൾ മക്കരപ്പറമ്പ് വടക്കേ ങ്ങര സ്വദേശി ... രണ്ട് കൈകളും എപ്പോഴും പാന്റിന്റെ രണ്ട് പോക്കറ്റിൽ തിരുകി ഇളം ചിരി ചിരിച്ച് ഒന്നു ഞെളിഞ്ഞ്‌ തങ്ങൾ നിൽക്കും.. ബി ലിബ്-ലൈബ്രറി സയൻസ് ബിരുദത്തിനായി പഠിച്ചു തങ്ങൾ...
രാത്രികളിൽ എത്രയോ ഇരുളകങ്ങളിൽ സംസാരിച്ച് കിടന്ന ഓർമ്മകൾ.. കൊടും ചൂടെത്തുമ്പോൾ പുറത്തെ ടെറസ്സിൽ കട്ടിലിട്ട് കൊതുവലപ്പന്തൽ കെട്ടി തിരിഞ്ഞും മറഞ്ഞും കിടന്ന രാത്രികൾ.. രാജസ്ഥാനിലെ പഴുക്കുന്ന മണ്ണ് രാത്രി തണുക്കുന്നതും പിങ്ക് സിറ്റിയുടെ ഭംഗിയും അജ്മീറും എല്ലാം വർത്തമാനപ്പുറം കയറിയിറങ്ങി..
ഈ രണ്ടു പേർക്കൊപ്പം എൻജിനീയറിംഗിലെ ഫൈസലും ഫിറോസും കൂടിയായാൽ ഒരു ഗാങ്ങ് ആയി. ജോധ്പൂരിലെ കറക്കങ്ങൾ, സിറ്റി യാത്ര, സൈക്കിളിൽ പോകുന്ന സെക്കന്റ് ഷോകൾ എല്ലാ തീരുമാനങ്ങളും രാത്രി ഭക്ഷണത്തിനു ശേഷം എല്ലാവരും ഒത്തുകൂടുന്ന ആ ഗാഖാനിലെ പ്രസിദ്ധമുറി 21 ൽ വെച്ച്...
അലിഗറിന്റെ ഓരോ മുക്കും മൂലയും പരിചയപ്പെട്ടത് ഇവരോടൊപ്പമാണ് ':നമായി ഷിന്റെ, വേനൽ തണുപ്പുകാലങ്ങളുടെ, മദർ ഗേറ്റിന്റെ.വ്യത്യസ്ഥങ്ങളായ യൂണിവേഴ്സിറ്റിയുടെ പുറം ഗ്രാമങ്ങളെ, കൃഷിസ്ഥലങ്ങളെ എല്ലാം ഞാൻ കണ്ടതിൽ ഈ സീനിയർ സുഹൃത്തുക്കളുടെ കൂട്ട് ലഭിച്ചത് കൊണ്ടായിരുന്നു...
ഇബ്രാഹിം കുട്ടി ഗൾഫിലെത്തി.. കുബ്ബൂസ് പോലെ ചീർത്തു.. തങ്ങൾ മഞ്ചേരി യൂനിറ്റി കോളേജ് ലൈബ്രേറിയനായി.അതേ തങ്ങൾ തന്നെ... അന്നും.. ഇന്നും...! ഫൈസൽ ബാലുശ്ശേരിയിൽ ഉയർന്നു പൊന്തി.. ഫിറോസ് പെട്രോളിയത്തിന്റെ പ്രമുഖ ഡീലർ ...
ഫിറോസിന്റെ മകളെ സംവിധായകൻ കമലിന്റെ മകനാണ് കല്യാണം കഴിച്ചത്
അന്ന് ഇവരെയൊക്കെ വീണ്ടും കണ്ടു..

കാലമിനിയുമുരുളും
വിഷു വർഷങ്ങളും വരും
ഓരോ ചെടിയും പൂവും കായുമാകും..
അതല്ലേ ജീവിതം.... അതൊക്കെത്തന്നെയല്ലേ ജീവിതം...അങ്ങിനെയൊക്കെത്തന്നെയല്ലേ.. ഈ ജീവിതം.!!

*********""***"*************
സുരേഷ് നടുവത്ത്
**""*"**********************

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo