Slider

സിനിമയാണേ സത്യം..!

0


ഓർമ്മ തൻ കുന്നിൽ മുളക്കുന്ന ചെടികൾ തൻ
വേരേതു മണ്ണിലാണാവോ
ആ ശാഖിയിൽ വിരിയും
പൂവുകൾക്കെന്നെന്നും
ഏത് സുഗന്ധമാണാവോ...!
ഓർമ്മകൾ വേരുപടലങ്ങൾ പോലെ പരന്നു കിടക്കുന്നു.. വണ്ടൂരന്ന് ഒരേയൊരു സിനിമാ ഹാളേ ഉള്ളൂ.. ടാക്കീസ് എന്നാണ് വിളിപ്പേര് '' ആദ്യകാലങ്ങളിൽ പലപല പേർ ഉണ്ടായിരുന്നു അതിന്.. വിനായക യാ ണ് പിന്നെ കുറേക്കാലം ഉറച്ച പേര്.. പിന്നെയത് ലുബ്നയായി..
ഭഗവാൻ ഭഗവദ് ഗീതയിൽ പാടീ സംഭവാമി യുഗേ യുഗേ
കിഴക്കോട്ടും പടിഞ്ഞാട്ടും തിരിച്ചു വച്ച നീളൻ കോളാമ്പിയിലൂടെ എത്ര കാലം എത്ര നേരം കേട്ടു .. മാറ്റിനി ,ഫസ്റ്റ് സെക്കന്റ് ഷോകൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.. വെള്ളിത്തിരയിൽ സിനിമ കാണൽ അൽഭുതവും ആവേശവും നിറച്ചിരുന്നു.. പിന്നിൽ നിന്ന് ഒരു ചതുരക്കള്ളിയിലൂടെ ഒഴുകി വരുന്ന പ്രകാശം ചിത്ര രൂപമാവുന്നതും സംഭാഷണം കേൾക്കുന്നതും ഏറെ അൽഭുതം നിറച്ചിരുന്നു'.
മുപ്പത്തി അഞ്ചു പൈസ മുൻ ബഞ്ച്.. അതിന് ചാരാനൊന്നുമില്ല.60 പൈസ ചാരു ബഞ്ച്, 1.20 പിന്നിലെ 'കസാര ഇങ്ങനെയാണ് പഴയോർമ്മയിൽ ടാക്കീസ്.. ചുറ്റും കറുത്ത ടാറടിച്ച പനമ്പു കൊണ്ട് മറച്ച ഓലപ്പുര. ഇടക്കിടെ കാഴ്ച മറക്കുന്ന കറുത്ത തൂൺ കാലുകൾ..
വീട്ടുകാരോടൊപ്പമാണ് ആദ്യകാലങ്ങളിൽ സിനിമക്ക് പോയിരുന്നത്.. ഓണം വിഷു എല്ലാമാണ് സിനിമാക്കാലം.. ഒരാഘോഷമായിരുന്നു സിനിമ കാണാനുള്ള പോക്ക്... ധാരാളം ആളുകൾ രാത്രി ഒന്നാം കളി കണ്ട് കൂട്ടമായി സുറുവങ്കുറ്റി ,ചൂട്ട് എന്നിവ കത്തിച്ച് നടന്നു പോന്നിരുന്നു..
വെള്ളിയാഴ്ചകളിലായിരുന്നു സിനിമകൾ മാറുക.. ആദ്യകാലങ്ങളിൽ ചെണ്ടകൊട്ടി വലിയൊരു ബോഡ് പിടിച്ച് സിനിമാ പരസ്യമുണ്ടാവാറുണ്ടായിരുന്നു.. ഹൈസ്കൂളിലെ പ്യൂൺ കണാരേട്ടൻ ചെണ്ട ഡും ഡും മുട്ടി നോട്ടീസ് കൊടുത്തിരുന്നു.. പിന്നെയത് കാളവണ്ടിയിലേക്ക് മാറി. സിനിമാ പോസ്റ്റർ സൈക്കിളിൽ ഒട്ടിക്കാൻ വന്നിരുന്നവർ കാഴ്ചയായിരുന്നു. നിലമ്പൂർ രാജേശ്വരി, പോപ്പുലർ തീയേറ്ററുകൾ ആയിരുന്നു ഉണ്ടായിരുന്നത്
മധുവിന്റെ അഛൻ രവീന്ദ്രൻ നായർ ആയിരുന്നു എനിക്ക് ഓർമ്മയുള്ള വിദ്യാഭ്യാസ കാലത്തെ ഓപ്പറേറ്റർ.അമ്പലപ്പടിയിലെ വാരരും മറ്റൊരു തീയ്യേറ്ററിലെ ജോലിക്കാരനായിരുന്നു.. അഷ്റഫ് (അണ്ടിക്കയമ്പ്) പിന്നെ ഓഫീസിസ് സ്റ്റാഫായി.
ചീനവലയാണ് വീട്ടുകാരില്ലാതെ ഒറ്റക്ക് പോയിക്കണ്ട ആദ്യ സിനിമ.. തളിർ വലയോ... എന്ന പാട്ടും ജയഭാരതി നസീറിനെ തോണിയിലിരുത്തി തുഴഞ്ഞു പാടുന്ന പൂന്തുറയിലരയന്റെ പൊന്നരയത്തി... എന്ന പാട്ടുമൊക്കെ ഇന്നും ചുണ്ടത്തുണ്ട്..
എന്ത് ഭംഗിയായിരുന്നു അന്നത്തെ നായികമാർക്കൊക്കെ..!വടക്കൻപാട്ടിന്റെ സൗന്ദര്യം നസീറും ജയനും എല്ലാം വഴി ഞ്ഞു നിറഞ്ഞിരുന്നു.. ഇന്നത്തെ ഊതിയാൽ പാറുന്ന എലുമ്പൻ സൗന്ദര്യമോന്നുമായിരുന്നില്ല വിജയശ്രീക്ക്..
അയൽവക്കത്തെ കൂട്ടുകാരോടും അനുജനോടുമൊപ്പം ആണ് പോയത്.. പിന്നീട് എത്രയെത്ര സിനിമാക്കാലങ്ങൾ'...
ഒരിക്കൽ നിലമ്പൂർ ജ്യോതി തീയേറ്ററിൽ ഞാനും അനുജനും ആദ്യമായി സിനിമ കാണാൻ പോയി.. വണ്ടൂരും വാണിയമ്പലവും പോവുന്നതാണല്ലോ.. ഒമ്പതിലും എട്ടിലും പഠിക്കുന്ന കാലത്തിന്റെ പുളപ്പിൽ നിലമ്പൂരേക്ക് ബസു കയറി:.
60 പൈസ ബസുകൂലി രണ്ട് പേർക്ക് രണ്ട് രൂപ നാൽപത് പൈസ.. ബാക്കി പൈസ ടിക്കറ്റിനുണ്ടാവും.5 രൂപയാണ് ആകെ മൂലധനം. മുൻതറക്ക് I 20ഭാഗ്യം ഇരുപത് പൈസ ബാക്കി പത്ത് പൈസ വീതം കടല.. മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയായിരുന്നു അന്ന് കണ്ടത്... എക്സ് സർവ്വീസ് ബസിൽ കയറി അങ്ങോട്ടും ജനതയിൽ ഇങ്ങോട്ടും പത്ത് കിലോമീറ്റർ വീതം യാത്ര ചെയ്ത് സിനിമ കണ്ട് നടുവത്തിറങ്ങിയപ്പോൾ ലോകം കീഴടക്കിയ പ്രതീതി.
പിന്നീട് പലപ്പോഴും രാത്രി ക ളിൽ സൈക്കിൾ വാടകക്കെടുത്ത് സിനിമക്ക് പോയിരുന്നു... അങ്ങനെ ഒരു പോക്കിലാണ് കുറ്റാക്കുറ്റി ഇരുട്ടത്ത് തങ്ങൾ പടിയിൽ വെച്ച് കുഞ്ഞിപ്പയുടെ വാപ്പയെ ഇടിച്ചിട്ടതും സൈക്കിൾ നന്നാക്കിക്കൊടുത്തതും മൂപ്പർക്ക് കുഴമ്പ് വാങ്ങാൻ പൈസ കൊടുത്തതുമെല്ലാം..
മുന്നിലെ ബഞ്ച് ടിക്കറ്റെടുത്ത് കൈയ്യ് പിന്നിലെ ബഞ്ചിൽ കുത്തി കാൽ മുന്നിലെ ബഞ്ചിൽ സീറ്റിംഗ് ആക്കി എത്രയെത്ര സിനിമകൾ കണ്ട് കഴുത്ത് കടഞ്ഞു.... ഒരിക്കൽ കൈപ്പത്തിൽ എന്തോ ചുഴിഞ്ഞു നീറുന്ന പോലെ ഒരാള ൽ.... ഒരുത്തൻ ബീഡി കുത്തിക്കെടുത്തിയത് എന്റെ കൈപ്പുറത്തായിരുന്നു... മാറാത്ത സിനിമാ ടയാളമായി അത് കൈയ്യിൽ ഏറെക്കാലം വിരിഞ്ഞു കിടന്നു
സത്യനും ശാരദയും എല്ലാമുള്ള തറവാട്ടമ്മ, കൊട്ടാരക്കരയുടെ തസ്കരവീരൻ,പ്രേം നസീർ ഷീലമാരുടെ വടക്കൻഗാഥകൾ, നസീറിന്റെ ആരണ്യകാണ്ഡം, പഞ്ചവടി, പഞ്ചതന്ത്രം'ഹണിമൂൺ, ടൂറിസ്റ്റ് ബംഗ്ലാവ്, പിന്നെ അന്നത്തെ വീരനായകൻ വിൻസൻറ്, രവികുമാർ ,സുധീർ, അത് കഴിഞ്ഞ് രാഘവൻ ' പിന്നെ ജയൻ സുകുമാരൻ രതീഷ്
സിനിമ പൂക്കാലം തീർത്തകൗമാരത്തോട്ടങ്ങൾ..!
പിന്നെ എത്രയെത്ര സെക്കൻറ് ഷോകൾ.. മധു ,സുനി, മനോജ്, സുരേഷ്.രഘു, ഷൗക്ക...
വാണിയമ്പലത്ത് റെയിൻബോയിൽ പോയി സെക്കന്റ് ഷോകണ്ട് മടങ്ങിയ നിലാവിൽ കുളിച്ച് നടന്നു തീർത്ത എത്രയെത്ര രാത്രികൾ !!!!
####################
സുരേഷ് നടുവത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo