Slider

മുഹൂര്‍ത്തം

0


ലോറി പുഴക്കരയില്‍ ഇരമ്പി നിന്നപ്പോള്‍ എനിക്ക് സമാധാനമായി. വണ്ടിയിലുള്ള കറുത്ത ജീവിയെ കുറിച്ചോര്‍ത്തപ്പോള്‍ പേടിതോന്നി. ചാടിയിറങ്ങി ആ ജീവിയെ ശരിക്കുമൊന്ന് നോക്കി. വെളുത്ത കൊമ്പുകള്‍ വായുവിലേക്ക് വളര്‍ന്ന് നില്ക്കുന്നു!
കയ്യില്‍ വണ്ടിക്കൂലി ഉണ്ടായിരുന്നെങ്കില്‍ ഈ ആനവണ്ടിയില്‍ കയറി വരുമായിരുന്നോ? ഒരിക്കലുമില്ല. എന്തായാലും കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ ജീവിതത്തിലെ പുത്തന്‍ അനുഭവങ്ങളായിരുന്നു. 
ആന!
ലോറി!
പപ്പേട്ടന്‍! എല്ലാം ഒാരോ സംഭവങ്ങള്‍ ആണ്. മഹാ സംഭവങ്ങള്‍.......!
ഷാപ്പില്‍ നിന്നും ഷാപ്പിലേക്കാണ് പപ്പേട്ടന്‍റെ ഒാരോ സ്റ്റോപ്പുകളും. ഞാനും ജീവിതത്തില്‍ ആദ്യമായറിഞ്ഞു-'പനങ്കള്ളിന്‍റെ ഉന്മാദ ലഹരി'
അപകടമൊന്നുമില്ലാതെ സ്ഥലമെത്തി.ഭാഗ്യം!
വിലങ്ങു തടിമാറ്റി, ചെരിവ് വച്ചുകൊടുത്തുകൊണ്ട് പപ്പേട്ടന്‍ പറഞ്ഞു "കുട്ടിശങ്കരാ പതുക്കെ എറങ്ങ്ട്ടോ"
ചെറിയ ചിന്നം വിളിയിലൂടെ ആന മറുപടിയും കൊടുത്തു. എന്നോടായി പറഞ്ഞു "മൂപ്പരക്ക് എറക്കം പേട്യാണേ....."
"പപ്പേട്ടാ ഞാന്‍ പൊയ്ക്കോട്ടേ........"
ഞാന്‍ യാത്ര പറഞ്ഞു. അക്കരെയാണ് 'മലബാര്‍ കളക്ഷന്‍സ്' ജൗളിക്കട,അവിടെയാണ് പുതിയ ജോലി.
"അതെന്തൊരു പോക്കാ കുഞ്ഞാ........"
'കുഞ്ഞന്‍' എന്നു വിളിച്ച് കൊച്ചാക്കുന്നതിലെ എതിര്‍പ്പ് ഞാന്‍ പ്രകടിപ്പിച്ചില്ല. 
ആനയെ കുളിപ്പിക്കണം, ചുറ്റുവട്ടത്ത് അമൃത് കിട്ടുന്ന കുറേ ഷാപ്പുകള്‍ ഉണ്ട് , ഇന്ന് രാത്രി അടിച്ചു പൊളിക്കണം! 
പപ്പേട്ടന്‍ എന്നെ വിടുന്ന ലക്ഷണമില്ല. ഇയാളെന്നെ ഒരാനപാപ്പാന്‍ ആക്കുമെന്ന് തോനുന്നു;മുഴു കുടിയനും. കെണിയായി പോയി. ലിഫ്റ്റ് ചോദിച്ച നിമിഷത്തെ ഞാന്‍ ശപിച്ചു.
പുഴയില്‍ കിടക്കുന്ന ആനയുടെ കൊമ്പില്‍ നിന്ന് മസ്തകം ഉരച്ച് കൊണ്ടിരിക്കെ പപ്പേട്ടന്‍ പറഞ്ഞു
"കുഞ്ഞാ.....അക്കരെ ഒരു പെണ്ണുണ്ട്. ഒരു സുന്ദരിപെണ്ണ്!"
പെണ്ണോ!?
"അതെടാ..... ഞാന്‍ കുറച്ചു മാസങ്ങക്ക് മുമ്പ് അവിടെ പോയി കല്ല്യാണം ആലോചിച്ചതാ....... അവള്‍ടെ തന്തക്കും തള്ളക്കും ഒരേ വാശി;സര്‍ക്കാര്‍ ജോലിക്കാരന്‍ തന്നെ വേണം. ആനണ്ട്,ലോറിണ്ട്,പതിനെട്ട് നമ്പര്‍ ഭൂമീണ്ടെന്നൊക്കെ പറഞ്ഞിട്ടും അവര് കേട്ടിലടാ......... ഞാനാ പെണ്ണിന്‍റേം തന്തടേം കാലീവീണ് കേണിട്ടും കേട്ടില്ലടാ അവര്"
എന്‍റെ ചുമലില്‍ പിടിച്ചുകൊണ്ട് അയാള്‍ അപേക്ഷിച്ചു
" നമുക്കൊനൂടെ അവിടെ പോയാലോ.......നീയും വരണം. അനിയന്‍ കുട്ടിയാണെന്ന് പറഞ്ഞ് നീ തന്നെ സംസാരിക്കണം;ആരും ഇല്ലാത്തവനെന്ന അവരുടെ ധാരണ മാറട്ടെ." 
എനിക്ക് ആദ്യമായി പപ്പേട്ടനോട് സഹതാപം തോന്നി.
'എല്ലാം ഉള്ളവന്‍..... ഒന്നും ഇല്ലാത്തവന്‍'
പാവം!
ഭാരതപുഴയിലെ ഈ നിമിഷങ്ങള്‍ എന്‍റെ മനസ്സിനെ ഒരുപാട് മാറ്റി. ആ കറുത്ത ജീവിയോടുള്ള ഭയം പാടെ മാറിയിരിക്കുന്നു! ഇപ്പോള്‍ സ്നേഹവും ആരാധനയുമാണുള്ളത്. പപ്പേട്ടന്‍ എന്‍റെ ഏട്ടനാണോ? ജീവിത യാത്രയില്‍ താങ്ങും തണലുമാവേണ്ട സ്വന്തം ഏട്ടന്‍! ഞാനറിയാതെ എന്‍റെ ഹൃദയം വിളിച്ചു
'പപ്പേട്ടാ.............'
"കുഞ്ഞാ..........."
'പപ്പേട്ടന് എത്ര വയസ്സായി?'
"മുപ്പത്"
പപ്പേട്ടന്‍ സുന്ദരനാണ്. വെളുത്തു തുടുത്ത മുഖത്തിന്‍റെ നല്ലൊരു ഭാഗം താടിയും മീശയും അധികാരം സ്ഥാപിച്ചിരിക്കുന്നു. കണ്ണുകള്‍ക്ക് വല്ലാത്തൊരു തിളക്കം തന്നെ......
ആനയെപോലെ, സ്വന്തം വലിപ്പം അറിയാത്ത മറ്റൊരു ജീവിയാണ് പപ്പേട്ടനെന്ന് എനിക്ക് തോന്നി.
മുങ്ങികുളിച്ച് വെള്ളമുണ്ട് പിഴിഞ്ഞുടുക്കുന്ന പപ്പേട്ടനോട് ഞാന്‍ ചോദിച്ചു. 'അക്കരെയുള്ള സുന്ദരി പെണ്ണിന്‍റെ പേരെന്താ?'
"അറിയില്ല;കുഞ്ഞമ്മയെന്ന് ഞാന്‍ വിളിക്കും"
കറുപ്പ് ഷര്‍ട്ട് കുടഞ്ഞുകൊണ്ട് പപ്പേട്ടന്‍ പറഞ്ഞു.
'എന്താ അവളെ തന്നെ വേണമെന്ന് ഇത്ര നിര്‍ബന്ധം?' ഞാനൊന്ന് ചികഞ്ഞു നോക്കി.
തലയും താടിയും വിരലുകള്‍കൊണ്ട് ചീകിയൊതുക്കി, ഓര്‍മിച്ചെടുത്തുകൊണ്ട് പപ്പേട്ടന്‍ പറഞ്ഞു
"പുത്തനാല്‍ക്കല്‍ അമ്പലത്തീനാ അവളെ ആദ്യായി കാണുന്നത്. കണ്ടപ്പോതന്നെ ദേവീടെ തലയിലെ കിരീടം പോലെ ഒന്ന് അവള്‍ക്കും വച്ചുകൊടുക്കാന്‍ തോന്നി. കുട്ടിശങ്കരനും അവള്‍ക്കും ഒരേ നിറാ...... കറുപ്പ്!"
'രാവിലെ പോയാ പോരെ അവളെ കാണാന്‍........'
"പോരാ........ ഇപ്പോള്‍ തന്നെ പോണം
ചോപ്പില്‍ കുളിച്ച് നില്ക്കുന്ന ഈ സന്ധ്യയാണ് പറ്റിയ മുഹൂര്‍ത്തം"
പപ്പേട്ടന്‍റെ ആവേശം എന്നെയും കൊണ്ട് നടന്നു. ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇരുളില്‍,ആന വളര്‍ന്നു വരുന്നത് പോലെ എനിക്ക് തോന്നി. പുഴയോരത്തെ മരങ്ങളില്‍ ഇരിപ്പുറപ്പിക്കാനായി കിളികള്‍ കലഹം കൂട്ടുന്നു. ഉയരങ്ങളിലൂടെ വാവലുകള്‍ ഒരേ ദിക്കിലേക്ക് പറന്ന് പോകുന്നു.ഞങ്ങള്‍ അക്കരയിലേക്കും. പപ്പേട്ടന്‍ മുന്നിലും ഞാന്‍ പിന്നിലുമായി നടന്നു.
ഇരുട്ടില്‍ ഇരുട്ടായി ഒരു പെണ്‍രൂപം ഒഴുക്കിലേക്ക് നടന്നു പോകുന്നു!!!
ഞാന്‍ ഉറക്കേ വിളിച്ചു 'പപ്പേട്ടാ....???'
എന്നെ അതിശയിപ്പിച്ചുകൊണ്ട് പപ്പേട്ടന്‍ വിളിച്ചു "കുഞ്ഞമ്മാ....."
പപ്പേട്ടന്‍റെ കരവലയത്തില്‍ കിടന്ന് അവള്‍ വിറച്ചു
"എന്നെ വിടൂ.......എനിക്ക് മരിയ്ക്കണം....... എനിക്ക് മരിയ്ക്കണം."
അരയ്ക്കൊപ്പം വെള്ളത്തില്‍ അവള്‍ മരിയ്ക്കാനായി ആവുന്നത്ര പൊരുതി. പപ്പേട്ടന്‍റെ ഷര്‍ട്ട് വലിച്ചു കീറി, കരണം അടിച്ച് പുകച്ചു, മുഖം മാന്തി പൊളിച്ചു. അവസാനം ആ നെഞ്ചിലേക്കു തന്നെ തളര്‍ന്നു വീണു.
കരയിലെ പാലമരചോട്ടില്‍ ഇരുത്തി ,ഈരഴ തോര്‍ത്തുകൊണ്ടുരച്ച് അവളുടെ തലയിലും കാലിലും ചൂടുപകര്‍ന്നു. അവള്‍ കണ്ണു തുറന്നു. പപ്പേട്ടന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ അവിടെ നിന്നും എഴുനേറ്റുപോയി. അടുത്തിരിക്കുന്ന എന്നെ അവള്‍ ആശ്ചര്യത്തോടെ നോക്കി;ഞാന്‍ അവളേയും. 
ഞാന്‍ ചിരിച്ചു. അവളും ചിരിച്ചു.
പേരെന്താ........?
ആവണി.
പേര്?
കനകന്‍.
കറുത്ത ബ്ലൗസും വെള്ള പാവാടയും ധരിച്ച കറുത്ത പെണ്ണിനെ എനിക്ക് ഒരത്ഭുതമായി തോന്നി.
"കുട്ടിശങ്കരാ....... ചാടി കേറടാ........ കയറ്റം അവന് ഭയങ്കരഷ്ടാണെ...."
പപ്പേട്ടന്‍റെ ശബ്ദംകേട്ടപ്പൊ ആവണി ലോറിയിലേക്ക് നോക്കി. അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു "പത്മനാഭന്‍"
അവള്‍ എഴുനേറ്റ് ലോറിയുടെ വശത്തേക്ക് ചെന്നു. ഞാനും പിറകെ ചെന്നു.കുട്ടിശങ്കരന്‍റെ വീണെടുത്ത കൊമ്പില്‍ കൈവച്ചു നില്ക്കുന്ന പപ്പേട്ടനെ നോക്കിക്കൊണ്ട് അവള്‍ താഴെ നിന്നു. 
"എന്നെ ഓര്‍മ്മണ്ടോ?"
പപ്പേട്ടനാണ് മൗനത്തിനു വിട നല്കിയത്.
'ആനേം ലോറീം കൊണ്ട് കറുത്ത ഷര്‍ട്ടും ഇട്ട് ആദ്യമായി പെണ്ണുകാണാന്‍ വന്ന കുറുമ്പനെ ,ഏതെങ്കിലും പെണ്ണ് മറക്ക്വോ? പ്രത്യേകിച്ച് ഈ കറുത്ത പെണ്ണ്....'
"കറപിടിച്ചിരിക്ക്ണു,അതങ്ങ് ഊറിക്കളയ്"
വിരലിലെ ക്ലാവുപിടിച്ച ചെമ്പു മോതിരം തിരിച്ചു കൊണ്ട്, തല താഴ്ത്തി നില്ക്കുന്ന ആവണിയോട് പപ്പേട്ടന്‍ പറഞ്ഞു.
'ഊരിക്കളയ്വേ......... ഇതിനു ഞാന്‍ കൊടുത്ത വില എത്രയെന്നറിയ്വോ?'
"എത്ര?"
ആവണി കണ്ണു നിറച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
കുട്ടി ശങ്കരന്‍ ഒന്ന് ശബ്ദിച്ചു
"സമയായിലേ........."
അവന്‍റെ തുമ്പിയില്‍ തട്ടികൊണ്ട് പപ്പേട്ടന്‍ പറഞ്ഞു.
"അവന് രാത്രി രണ്ട് പന നിര്‍ബന്ധാണെ"
പപ്പേട്ടന്‍ വണ്ടി സ്റ്റാര്‍ട്ട് ചൈതു.
ആവണി നടുവിലും ഞാന്‍ വശത്തും ഇരുന്നു.
'എങ്ങോട്ടാ........' ആവണിയാണ് ചോദിച്ചത്.
"കല്ലൂഴി ഷാപ്പിലേക്ക്........ അമൃതാ.... അമൃത്..........."
കുട്ടിശങ്കരന്‍റെ തുമ്പികൈ മുന്നിലേക്ക് നീണ്ടപ്പോള്‍ ആവണി പപ്പേട്ടന്‍റെ നെഞ്ചിലേക്കാഞ്ഞു.
"പേടിക്കണ്ട,അവനും ഇവിടുണ്ടെന്ന് പറയുന്നതാ........."
ഉം. അവള്‍ മൂളി.
'ഞ......ഞാന്‍ ഗര്‍ഭിണിയാണ്! അതു കേട്ടപ്പോള്‍ പപ്പേട്ടന് വലിയ ഭാവമാറ്റമൊന്നും ഉണ്ടായില്ലെങ്കിലും ഞാന്‍ ഞെട്ടിപോയി!
"അഭിനന്ദനം.......... ആറാലൊന്ന് മൊടക്കല്ല്യാതെ ദൈവം തരട്ടെ."
'അത് തന്തല്ല്യാത്ത കുട്ട്യാവില്ലേ...........?'
"ഒരു ഏട്ടന്‍ ഉണ്ടാവും.കൂടപിറപ്പിനെപോലെ വളര്‍ത്താം ഞാന്‍............"
കുറേ നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.........
ആവണിയുടെ തേക്കങ്ങള്‍ നെഞ്ചില്‍ കുത്തുന്നപോലെ തോന്നി.
കുഞ്ഞമ്മേ................
ഉം.
അന്തിക്കള്ളിന്‍റെ ഉന്മാദം അറിഞ്ഞിട്ടുണ്ടോ..........?
ഇല്ല.
മാങ്ങോട്ടാവിലെ വല്ല്യാറാട്ട് കണ്ടിട്ടുണ്ടോ..........?
ഇല്ല.
നമുക്കിന്ന് അടിച്ച് പൊളിക്കണ്ടേ..........?
ഉം.
കുട്ടി ശങ്കരന്‍ ഒന്ന് ശബ്ദിച്ചു.
"ഒന്നടങ്ങെന്‍റെ കുട്ടിശങ്കരാ........... എത്താരായി. ഇപ്പൊ എത്തുംട്ടോ........."

By: 
Ramesh Parapurath
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo