ഒരു പിടി ചുവന്ന
പൂക്കൾ....
കത്തിച്ചുവെച്ച
ഒരു മെഴുകുതിരി....
ഇതിനുമപ്പുറം
ഒരാർഭാടവും
എനിക്ക് വേണ്ടി
നീ കരുതരുത്....
പള്ളിമണിയുടെ
ചിലമ്പിച്ച നാദത്തിനൊപ്പം
പടികൾ കയറി വരുമ്പോൾ
നിന്റെ കണ്ണുകളിൽ
നീർ പൊടിയരുത്....
എന്റെ അരികിലേക്കുള്ള
നിന്റെ നടത്തം
ആരും കാണാതിരിക്കട്ടെ....
തെമ്മാടിക്കുഴിയിലെ
ഉറക്കവും എന്റെ പ്രണയംപോലെ ഞാൻ
തിരഞ്ഞെടുത്തതാകയാൽ
നീ പഴിക്കപ്പെടാതിരിക്കട്ടെ....
ഞാനെപ്പോഴും,
വിലക്കുകൾക്കു മീതെ
നടന്ന ബുദ്ധിശൂന്യനായിരുന്നു....
സ്വാർത്ഥത കൊണ്ട്
സ്നേഹിച്ചവനായിരുന്നു....
രംഗബോധമില്ലാതെ
പുലമ്പുന്ന ചപലനായിരുന്നു.....
മുഴുവനും ചേർത്തുവായിച്ചാൽ
ചവറ്റുകുട്ടയിലും സ്ഥാനമില്ലാത്തൊരു
പാഴ് കഥയായിരുന്നു ഞാൻ....
നീയോ,
വാക്കുകളിലൊതുങ്ങാത്ത
നന്മയുടെ പ്രപഞ്ചവും....
ഓർമ്മകളിലൊന്നും കടന്നുവരാൻ കൊതിയില്ലാത്തവന്റെ
ഓർമ്മദിനം നീ ആചരിക്കരുത്......
ഒരു നുള്ളു മണ്ണെറിഞ്ഞെന്നെ
വിസ്മൃതിയിലേക്ക്
മറവുചെയ്യുന്നവർക്കൊപ്പം
നീയും ചേരുക....
തിരിഞ്ഞു നോക്കാതെ
നടക്കുക....
കാഴ്ചകളെല്ലാം മുന്നിലാണുള്ളത്....
സ്വർഗ്ഗവും.....
പിന്നിൽ കുറെ പാഴ്ക്കിനാക്കളെ
ചങ്ങലയിൽ ബന്ധിച്ചു
അഗ്നിയിൽ ഉരുക്കുന്ന
നരകമാണ്.....
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക