ആ പത്ര ക്ലിപ്പ് കൈ പിടിച്ചു ജനാല വിരി ഒരല്പം മാറ്റി ലിയോ റോഡിനു അക്കരയുള്ള ആ വീട്ടിലേക്ക് നോക്കി.എല്ലാ പകല്‍ ഉച്ച നേരങ്ങളിലും ഉറക്കം വിട്ടുണരുമ്പോള്‍ അവന്‍ സ്ഥിരം ചെയ്യാറുള്ളതാണ്.ജനാല വിരി അല്പം മാറ്റി ,ഗ്ലാസ് പാളിയില്‍ നെറ്റി മുട്ടിച്ചു,പുറത്തേക്കു നോക്കുക.ജനാലയുടെ തണുപ്പ് നെറ്റിയില്‍ വീഴുമ്പോള്‍ ആരോ സാന്ത്വനിപ്പിക്കുന്നത് പോലെ തോന്നും.ഒറ്റക്ക് കഴിയുന്നവരുടെ ഓരോ തോന്നലുകള്‍.അങ്ങിനെ നോക്കുമ്പോള്‍ താഴെ ആ വീട് കാണാം.
കറുത്ത പെയിന്റടിച്ച ഇരുമ്പ് ഗെയ്റ്റ്.ഗെയ്റ്റില്‍ ഒരു ലെറ്റര്‍ ബോക്സ്.അതില്‍ കത്തുകളോ പത്രങ്ങളോ വീണു കിടന്നിട്ട് നാളുകളായി.കാര്‍ പോര്ച്ചി നു അരികില്‍ ഒരു പനിനീര്‍ ചാമ്പ.അതിന്റെ ഇലകളും പൂവിന്റെ ചുവന്ന ഇതളുകളും മുറ്റവും പോര്ച്ചും നിറയെ വീണു കിടക്കുകയാണ്.പോര്‍ച്ചില്‍ ,ചാമ്പയുടെ തണല് പറ്റി ഒരു വെളുത്ത കോണ്ക്രീറ്റ് ചാരുബഞ്ച്.ആ ചാരുബഞ്ച് കിടക്കുന്നത് അവന്റെ മുറിയുടെ നേര്‍ക്കാണ്..ആ ചാരു ബഞ്ചില്‍ ഇടയ്ക്കിടെ ആ വൃദ്ധന്‍ വന്നിരിക്കാറുണ്ട്.
ലിയോ നഗരത്തിലെ ,ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.അവനു എന്നും നൈറ്റ് ഷിഫ്റ്റ് ആണ്.താമസിക്കുന്നതു പട്ടണത്തില്‍ തന്നെയുള്ള ,ഈ ഹൗസിംഗ് കോളനിയിലും.ഒരു വീടിന്റെ രണ്ടാം നില.അവനു രാത്രിയിലാണ് ജോലിയെന്നത് കൊണ്ടും പകല്‍ ഉറക്കവുമായത് കൊണ്ട് സമീപത്തുള്ള ആരുമായും പരിചയം ഉണ്ടായിരുന്നില്ല.
രാത്രിയിലെ ഉറക്കം ഇളച്ചുള്ള ജോലി.പുലര്‍ച്ചെ ഇറങ്ങി കമ്പനി വണ്ടിയില്‍ താമസിക്കുന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള ജംഗ്ഷനില്‍ വന്നിറങ്ങും.ഒരു മുട്ടയോ കിഴങ്ങ് കറിയോ പാഴ്സല്‍ വാങ്ങും .മുറിയില്‍ ഏഴു മണിയാകുമ്പോള്‍ എത്തും.ബ്രഷ് ചെയ്തതിനു ശേഷം രണ്ടു ബ്രെഡ് ഉറക്കച്ചടവില്‍ ടോസ്റ്റ് ചെയ്തു കഴിക്കും.നേരെ കട്ടിലില്‍ പോയി കിടക്കും.പകല്‍ പതിനൊന്നിനു അലാറം വച്ച് എഴുന്നേല്ക്കും .ബാത്ത്റൂമിലെ ബക്കറ്റില്‍ അലക്കാന്‍ ഉള്ള തുണി കുതിര്‍ത്തു വയ്ക്കും. വീണ്ടും ഉറക്കം ഒന്നര വരെ.പിന്നെഉണര്‍ന്നു അലമാരയില്‍ നിന്ന് ഒന്നോ രണ്ടോ പെഗ് മദ്യം കഴിക്കുന്നു.കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു യേശുദാസിന്റെ ഒരു ഹിന്ദി ഗസല്‍ പ്ലേ ചെയ്യുന്നു.സ്വപ്നത്തിനും യാഥാര്ത്ഥ്യ ത്തിനും ഇടയില്‍ കുതിര്ത്തുദ വച്ച തുണി അലക്കി വിരിക്കുന്നു.ചപ്പാത്തി ചൂടാക്കുന്നു അത് രാവിലെ വാങ്ങിയ കറി കൂട്ടി കഴിക്കുന്നു.
ഈ സമയമെല്ലാം സ്പീക്കറിലൂടെ യേശുദാസ് തുടര്‍ച്ചയായി പാടുന്നു.”യെ മേരെ ഉദാസ് മന്‍ ചല്‍ ദോനോം കഭി.....
അതിനിടയില്‍ ചിലപ്പോള്‍ ജനാലയിലൂടെ താഴേക്ക് നോക്കുമ്പോള്‍ ആ വൃദ്ധന്‍ ചാരുകസേരയില്‍ ഇരിക്കുന്നത് കാണാം.പകല്‍ സമയം നിരത്ത് മിക്കവാറും ശൂന്യമായിരിക്കും. ആ വൃദ്ധനും തനിച്ചാണ് താമസം.ചില്ല് ജനാലയിലൂടെ നോക്കുമ്പോള്‍ ,പനിനീര്‍ ചാമ്പയുടെ തണുത്ത ഏകാന്തതയില്‍ ,വെളുത്ത ചാരു കസേരയില്‍ അകലേക്ക് മിഴി നട്ട് ആലോചനയില്‍ മുഴുകി നിശ്ചലനായി ഇരിക്കുന്ന വൃദ്ധന്‍ ,ഒരു ജലച്ഛായ പെയിന്റിംഗ് പോലെ,ഇടയ്ക്കിടെ ലിയോക്ക് തോന്നിയിരുന്നു. ആ പത്രക്ലിപ്പില്‍ നോക്കി ഒരിക്കല്‍ കൂടി ലിയോ ആ പേര് വായിച്ചു
റിട്ട.പ്രഫസര്‍ സാമുവല്‍ മാത്യു (80 വയസ്സ്).ചരമക്കുറിപ്പില്‍ വൃദ്ധന്റെ ഒരു പഴയ മങ്ങിയ ചിത്രം.
നാല് ദിവസം കടുത്ത പനി ബാധിച്ചു ആശുപത്രിയില്‍ കഴിഞ്ഞ സമയത്താണ് വൃദ്ധന്‍ മരിച്ചത്.ആശുപത്രിയില്‍ തന്നെ കാണാന്‍ എത്തിയ വീട്ടുടമയാണ് അവനോട് മരണ വിവരം പറഞ്ഞത്.വൃദ്ധന്റെ മകന്‍ നേരത്തെ മരിച്ചു പോയിരുന്നു.മറ്റ് ബന്ധുക്കള്‍ ആരും തന്നെയില്ല.ചടങ്ങുകള്‍ എല്ലാം പള്ളിക്കാരും കോളനിയിലെ അസ്സോസ്സിയേഷന്കാരും ചേര്‍ന്ന് നടത്തി.വൃദ്ധന്‍ ഒരു മലയാളം പ്രഫസര്‍ ആയി നഗരത്തിലെ കോളേജില്‍ നിന്ന് തന്നെ വര്‍ഷങ്ങള്‍ക്കു മുന്പ് റിട്ടയര്‍ ചെയ്തതാണ്.
അവന്‍ ഒരിക്കല്‍ കൂടി പുറത്തേക്ക നോക്കി.ആ വീട് അടച്ചു പൂട്ടി ഇട്ടിരിക്കുന്നു.കോണ്ക്രീറ്റ് ചാരു ബഞ്ചും കറുത്ത ഗേറ്റും.തനിച്ചായ പനിനീര്‍ ചാമ്പയുടെ തണല്‍. വൃദ്ധന്‍ എന്തായിരുന്നു എപ്പോഴും ആലോചിച്ചു കൊണ്ടിരുന്നത്?ഏകാന്തതയുടെ പുല്മേുട്ടിലെ ഓര്മ്മനയുടെ വെളുത്ത കൂടാരങ്ങളില്‍ ഒരു പക്ഷെ ആത്മാവിനെ അലയാന്‍ വിട്ടിരുന്നതാവാം.
അവന്‍ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തു ആ ഫോട്ടോ സ്കാന്‍ ചെയ്തു ലാപ്ടോപില്‍ കയറ്റി.പിന്നെ ഫെയ്സ് ബുക്ക് തുറന്നു പ്രഫ.സാമുവല്‍ എന്ന പേരില്‍ ഒരു അക്കൌണ്ട് ക്രിയേറ്റ് ചെയ്തു.ആ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി സേവ് ചെയ്തു.പിന്നെ ഒന്ന് രണ്ടു ഗ്രൂപ്പുകളില്‍ റിക്വസ്റ്റ് അയച്ചു.കുറച്ചു ഫ്രണ്ട് റിക്വസ്റ്റുകളും.പിന്നെ താന്‍ കൂടി അംഗമായ ഗ്രൂപ്പിലേക്ക് ‘പ്രഫ.സാമുവലിനെ ചേര്‍ത്തു.
സമയം ഉച്ച കഴിഞ്ഞിരുന്നു.ഒരു പെഗ് മദ്യം കൂടി കഴിച്ചിട്ട് അവന്‍ തുണി തിരുമ്പി.ഭക്ഷണം കഴിച്ചു തിരികെ വന്നതിനു ശേഷം വീണ്ടും ലാപ്ടോപ് തുറന്നു.ഗ്രൂപ്പില്‍ ആ കവിത തിരയാന്‍ തുടങ്ങി.
അലീന റോസ് എഴുതിയ കവിത.
ഒരു പുലര്‍ച്ചെ കമ്പനിയിലെ രാത്രി ഷിഫ്റ്റ് കഴിഞ്ഞു തൊട്ടടുത്തുള്ള കഫെയില്‍ കാപ്പി കുടിക്കാന്‍ കയറിയതാണ്.അവിടെ വച്ചാണ് അവന്‍ അലീനയെ ആദ്യം കാണുന്നത്.
തിരക്കില്ലാത്ത കഫെയില്‍ അവള്‍ ഏതോ പുസ്തകം വായിച്ചു കൊണ്ട് കാപ്പി കുടിച്ചു കൊണ്ടിരുന്നു.ചെറുകാറ്റില്‍ നെറ്റിയില്‍ വീണു കിടന്ന മുടിയിഴകള്‍ ഇളകി.കഫെയുടെ ചില്ല് ഭിത്തികളിലൂടെ ,കുട്ടികള്‍ വരച്ചു വച്ചത് പോലെ പ്രത്യക്ഷപ്പെട്ട രണ്ടു ചെറു മേഘങ്ങള്‍ ,അകത്തേക്ക് നോക്കി ഉദാസീനമായി നിന്നു.ആ നിമിഷങ്ങളില്‍ ആത്മാവില്‍ ഒരു നിശ്ചലത ലിയോക്ക് തോന്നി.
അതെ കമ്പനിയില്‍ പകല്‍ ഷിഫ്റ്റില്‍ ജോലിക്ക് കയറിയ ഒരു ജൂനിയര്‍ എന്ജി നീയര്‍ ആയിരുന്നു അലീന റോസ്.ആരോ പറഞ്ഞു അവള്‍ നന്നായി എഴുതുമെന്ന്,ഫെയ്സ്ബൂക്കില്‍ അറിയപെടുന്ന എഴുത്തുകാരിയാണെന്ന്.
പിന്നെയും പല പ്രാവശ്യം കഫെയില്‍ അവള്‍ വായിച്ചു കൊണ്ടിരിക്കുന്നത് അവന്‍ കണ്ടു.ഒന്ന് രണ്ടു പ്രാവശ്യം അവരുടെ നോട്ടം ഇടഞ്ഞു.അപ്പോള്‍ ഉള്ളില്‍ ഒരു ചില്ല് പാത്രം വീണുടയുന്നത് പോലെ അവന്റെ ധൈര്യം ചോര്‍ന്നു.
നിലാവില്‍ വിരിഞ്ഞ സ്വര്‍ണ്ണപുഷ്പം പോലെ അലീന.
ലിയോ ആ കവിത വായിച്ചു.പിന്നെ അതിനു കീഴില്‍ ഒരു കമന്റിട്ടു.നന്നായിട്ടുണ്ട്.ഒന്ന് രണ്ടു പെഗ് കൂടി കഴിച്ചതിനു ശേഷം അവന്‍ ഫെയ്സ്ബൂക്കിലൂടെ പ്രഫ.സാമുവലായി ഊളിയിട്ടു.വൈകുന്നെരമായപ്പോള്‍ ഫ്രണ്ട്സ് ലിസ്റ്റില്‍ പത്തമ്പത് പേരായി.മൂന്ന് നാല് ഗ്രൂപ്പുകളില്‍ അംഗത്വമായി.
വൈകുന്നേരം കുളിച്ചു റെഡിയാവാന്‍ അവന്‍ എഴുന്നേറ്റു.റോഡിനു അക്കരെ ,വെളുത്ത ചാരുബഞ്ചും ,പനിനീര്‍ ചാമ്പയും ,വിജനമായ നിരത്തും പോക്കുവെയിലില്‍ കുളിച്ചു കിടന്നുഉടനെ തന്നെ പ്രഫ.സാമുവലിനെ ലോഗ് ഔട്ട് ചെയ്തു.
അന്ന് വൈകുന്നേരം കമ്പനിയിലേക്ക് പോകുന്ന വഴിക്ക് എന്ത് കൊണ്ട് താന്‍ അങ്ങിനെ ഒരു ഫെയ്ക്ക് അക്കൌണ്ട് വരുംവരായ്ഴകകള്‍ നോക്കാതെ തുടങ്ങി എന്ന് അവന്‍ ആലോചിച്ചു.കാലങ്ങളായി പകല്‍ ബോധ മനസ്സ് പ്രവര്ത്തി ക്കാത്തത് കൊണ്ട്,തന്റെ പകല്‍ ജീവിതവും ,അബോധ മനസ്സിന്റെ സ്വപ്ന നിയന്ത്രണങ്ങളില്‍ ആവുകയാണോ എന്ന് അവന്‍ സന്ദേഹിച്ചു.പോകുന്ന വഴിക്ക് അവന്‍ ,പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന നഗരത്തിന്റെ മൂലയില്‍ ചെന്നു.താന്‍ എന്താണ് തിരയുന്നത് എന്ന് അവനു പോലും അറിയില്ലായിരുന്നു.അട്ടിയടുക്കിയ ഓര്‍മ്മകള്‍ പോലെ പൊടിഞ്ഞു തുടങ്ങിയ ഒരു പുസ്തക കെട്ടില്‍ അവന്‍ വിരല്‍ തൊട്ടു.അപ്പോള്‍ പുസ്തകങ്ങള്‍ മറിഞ്ഞു താഴെ വീണു.ശേഷിച്ച പുസ്തകങ്ങളില്‍ ഏറ്റവും മുകളില്‍ ഇരിക്കുന്ന പഴക്കം ചെന്ന പുസ്തകത്തിന്റെ പേര് അവന്‍ വായിച്ചു.
വ്യാകരണമഞ്ജരി.
മലയാളം വ്യാകരണം ,കവിതയിലെ വൃത്തങ്ങള്‍ ,തുടങ്ങിയവയെ ക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പഴയ പുസ്തകം .
അന്ന് രാത്രി ജോലിക്കിടെ അവന്‍ രഹസ്യമായി പ്രഫ .സാമുവലിന്റെ അക്കൌണ്ടില്‍ കയറി നോക്കി.അലീന കമന്റിനു നന്ദി പറഞ്ഞിരിക്കുന്നു.കൂടാതെ അവളുടെ ഫ്രണ്ട് റിക്വസ്റ്റും.ഒപ്പം ഒരു മെസേജും .”സാറിനെ കൂടുതല്‍ പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്.”
പിറ്റേന്ന് പകല്‍ അവന്‍ കുറച്ചു നേരം ആ പുസ്തകം വായിച്ചു.അലീനയുടെ മറ്റു പോസ്റ്റുകളില്‍ കമന്റിട്ടു.ആ ഗ്രൂപ്പില്‍ പക്ഷെ അധികം ആക്ടീവ് ആയില്ല.
ഉറക്കത്തിന്റെ ഇടവേളകളില്‍ വൃത്ത ഭംഗിയില്‍ കവിത എഴുതുന്നത് എങ്ങെനെ എന്ന് മനസ്സിലാക്കി.വാക്കുകള്‍ എപ്പോള്‍ കൂട്ടി ചേര്‍ത്ത് എഴുതണം,എങ്ങനെ സന്ധി ഉപയോഗിക്കണം എന്നൊക്കെ ,കിച്ചണില്‍ ചപ്പാത്തി ചൂടാക്കുന്ന ഇടവേളകളില്‍ ,ഒരു ഗ്ലാസ് മദ്യത്തിന്റെ അകമ്പടിയോടെ അവന്‍ പഠിച്ചു തുടങ്ങി.
ഇടക്ക് മടുക്കുമ്പോള്‍ പുസ്തകം അടച്ചു വച്ച് പുറത്തേക്ക നോക്കും.വെളുത്ത ചാരു ബഞ്ചിന്റെ ഏകാന്തതയും പനിനീര്‍ ചാമ്പയുടെ തണലും തന്നെ പ്രോത്സാഹിപ്പിക്കുന്നത് പോലെ.
പിന്നെയുള്ള ദിവസങ്ങളിലെ ഉച്ച നേരങ്ങളില്‍ ,പാതിയുറക്കത്തില്‍ ,പ്രഫസര്‍ സാമുവേലായി അവന്‍ അലീനയോടു സംസാരിച്ചു.പ്രഫ.സാമുവലിന്റെ അറിവ്,അഭിപ്രായങ്ങള്‍ ഒക്കെ അലീനയുടെ വിശ്വാസവും ബഹുമാനവും നേടുന്നത് പിന്നീട് രാത്രിയില്‍ ചാറ്റ് ലോഗ് വായിച്ചു ലിയോ അതിശയിച്ചു .
എത്ര മനോഹരമായാണ് അവള്‍ സംസാരിക്കുന്നത്.ചില പുലരികളില്‍ കഫെയില്‍ സ്വപ്നങ്ങള്‍ ഉറങ്ങുന്ന കണ്ണുകളുമായി കാപ്പി കുടിച്ചു കൊണ്ടിരിക്കുന്ന അവളെ കാണുമ്പോള്‍ ലിയോ ഓര്‍ക്കും.
അലീന ഒരു കവിത തന്നെയാണ്.നിലാവ് കൊണ്ട് എഴുതപ്പെട്ട ഒരു പ്രണയകവിത.
ഒരു ദിവസം അവള്‍ ചോദിച്ചു.
“സര്‍,ഈ റിട്ടയര്‍മെന്റ് ലൈഫില്‍ എഴുത്തും വായനയും കൂടി ഇല്ലായിരുന്നെങ്കില്‍ എന്ത് ചെയ്തേനെ...?
പൊടുന്നനെ അവന്റെ മനസ്സില്‍ ആ നിശ്ചലമായ വെളുത്ത ചാരു ബഞ്ച് തെളിഞ്ഞു വന്നു.
“ഏകാന്തതയുടെ പുല്‍മേടുകളില്‍ ഓര്‍മ്മകളുടെ വെളുത്ത കൂടാരങ്ങളില്‍ ,അലീന.”
“സര്‍,എന്ത് കൊണ്ടാണ് എഴുതാത്തത്...പിന്നെ സാറിനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്..നാളെ ഈ നഗരത്തിലെ എന്റെ ലാസ്റ്റ് ദിവസമാണ്.ജോലി മടുത്തു.ഇനി ഹയര്‍ സ്റ്റഡീസിന് പോകണം.എഴുത്ത് കൂടുതല്‍ സീരിയസായി എടുക്കണം.സാറുമായുള്ള ഈ ചുരുങ്ങിയ കാലത്തേ ബന്ധം എന്നെ ഒരുപാട് സ്വാധീനിച്ചു.ഞാന്‍ അത് തീരുമാനിച്ചു. പോകുന്നതിനു മുന്പ് എനിക്ക് സാറിനെ നേരിട്ട് കാണണം..സാറിനു ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ വീട്ടില്‍ വന്നു സാറിനെ കണ്ടു കൊള്ളാം.”അലീന പറഞ്ഞു.
അവന്‍ ഒഴിവുകഴിവ് പറയാന്‍ ശ്രമിച്ചു.പക്ഷെ അലീന സമ്മതിച്ചില്ല.
“സര്‍,നാളെ വന്നില്ലെങ്കില്‍ നമ്മള്‍ തമ്മില്‍ ഇനിയൊരു സംസാരവുമില്ല.സര്‍ ഒരു ഫെയ്ക്ക് ആണെന്ന് ഞാന്‍ കരുതും.സര്‍ ഒരു ഫെയ്ക്ക് അല്ല എന്ന് എനിക്കറിയാമെങ്കിലും.”
അലീന പറഞ്ഞു.
ഒടുവില്‍ പ്രഫ.സാമുവേല്‍ സമ്മതിച്ചു.നാളെ ഉച്ച കഴിഞ്ഞു കമ്പനിക്കരികിലെ കഫെയില്‍.
കാര്യങ്ങള്‍ കൈവിട്ടു പോകുകയാണ്.ലിയോ മൂന്ന് പെഗ് അടുപ്പിച്ചു വിഴുങ്ങി.അവനു എന്ത് ചെയ്യണം എന്ന് ഒരു രൂപവും കിട്ടിയില്ല.
അലീന പോകുകയാണ്.നാളത്തോടെ ഈ ബന്ധവും ചില്ല് ജനാലയില്‍ പെയ്ത മഴത്തുള്ളി പോലെ മായാന്‍ പോകുകയാണ്.പ്രഫ.സാമുവേല്‍ ഒരു ഫെയ്ക്ക് ആണെന്ന് നാളെ അവള്‍ അറിയും .
“അലീന എടുത്ത തീരുമാനം വളരെ നല്ലതാണു.എന്റെ വീടിനു അരികില്‍ ലിയോ എന്ന പയ്യന്‍ ഉണ്ട്.നിങ്ങളുടെ കമ്പനിയില്‍ തന്നെയാണ് അവന്റെ ജോലി എന്ന് തോന്നുന്നു.പെയിന്റിംഗ് പഠിക്കുന്നതിനു പകരം വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ എഞ്ചിനീയറിങ്ങ് പഠിച്ച പയ്യന്‍.അവന്റെ ദിവസങ്ങള്‍ ഒക്കെ ഒരേ പോലെയാണ്.ഇപ്പോള്‍ വീട്ടുകാരോട് പിണങ്ങി വീട്ടില്‍ പോലും പോകാറില്ല.പാവം.ഞാന്‍ എന്നും കാണുന്നതാണ് അവനെ.”അവന്‍ പറഞ്ഞു.
“ലിയോ...എനിക്കറിയാം.ഞാന്‍ ഇടക്കിടെ കഫെയില്‍ വച്ച് കാണാറുണ്ട്.ഒരു ബുജി ലൂക്ക്..കമ്പനിയില്‍ നല്ല പേരാണ്.ആരോടും അധികം മിണ്ടാറില്ല എന്ന് തോന്നുന്നു.എനിക്ക് പലപ്പോഴും സംസാരിക്കണം എന്ന് തോന്നിയിട്ടുണ്ട്...പക്ഷെ ..ആള്‍ എന്ത് കരുതും എന്ന് അറിയില്ലല്ലോ...” അലീനയുടെ മറുപടി.
പൊടുന്നനെ അവന്‍ നെറ്റ് ഓഫ് ചെയ്തു ലാപ്ടോപ് അടച്ചു.
എന്തൊക്കെയാണ് സംഭവിക്കുന്നത്.അലീന തന്നെ ശ്രദ്ധിച്ചിരുന്നുവോ..ഒരു പക്ഷെ ഒരു ഫെയ്ക്ക് നാടകം കളിക്കാതെ നേരിട്ട സംസാരിച്ചിരുന്നെങ്കില്‍...
പിറ്റേന്ന് പകല്‍ മുഴുവന്‍ അവന്‍ കിടന്നുറങ്ങി.കമ്പനിയില്‍ ചെന്നപ്പോള്‍ അലീന റിസൈന്‍ ചെയ്ത വിവരം അറിഞ്ഞു.പുലര്ച്ചെ കഫെയില്‍ കയറിയപ്പോള്‍ അവള്‍ സ്ഥിരം ഇരിക്കുന്ന കസേരയില്‍ ആരുമുണ്ടയിരുന്നില്ല.കാരണമില്ലാതെ ആ വെളുത്ത ചാരു ബഞ്ച് അവന്റെ മനസ്സിലേക്ക് കയറി വന്നു.
റൂമിലെത്തി.ഉച്ച വരെ ഉറങ്ങി.ഉച്ചക്ക് അവന്‍ ലാപ്ടോപ് തുറന്നു.പ്രഫ.സാമുവലിനെ അലീന ബ്ലോക്ക് ചെയ്തിട്ടുണ്ടാകും എന്ന് കരുതി.ഇല്ല ഇപ്പോഴും ഫ്രണ്ട്സ് ലിസ്റ്റില്‍ ഉണ്ട്..പക്ഷെ മെസേജ് ഒന്നുമില്ല.
അതിനു ശേഷം ലിയോ സ്വന്തം അക്കൌണ്ടില്‍ കയറി.അലീനയുടെ ഫ്രണ്ട് റിക്വസ്റ്റ്..ഒപ്പം ഒരു മെസേജും.
“ഇന്നലെ ഉച്ച കഴിഞ്ഞു ലിയോയുടെ വീടിനു അടുത്ത് താമസിച്ചു കൊണ്ടിരുന്ന പ്രഫ.സാമുവലിനെ കണ്ടു.ഞങ്ങള്‍ ഒരുപാട് സംസാരിച്ചു.ലിയോ നന്നായി എഴുതും,പക്ഷെ ഒന്നും പോസ്റ്റ് ചെയ്യാറില്ല..എന്റെ കവിതകള്‍ ഒക്കെ ലിയോ വായിക്കാറുണ്ട് ,പക്ഷെ സംസാരിക്കാന്‍ വളരെ മടി ആണെന്ന് ഒക്കെ സര്‍ പറഞ്ഞു.ലിയോ തന്നെയാണ് സാറിന് ഫെയ്സ്ബുക്ക് പരിചയപെടുത്തിയത് എന്നൊക്കെ പറഞ്ഞു.സാറിനെ കാണാന്‍ സാധിച്ചത് വളരെ ഭാഗ്യം...സാറിന് സുഖമില്ല ,ഇനി മകന്റെ ഒപ്പം താമസിക്കാന്‍ പോവുകയാണ് എന്നൊക്കെ പറഞ്ഞു.ഫെയ്സ്ബുക്കും സാര്‍ നിര്‍ത്തുകയാണ് ,കണ്ണിനു ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു.ലിയോയെ ഞാന്‍ മുന്പ് കണ്ടിട്ടുണ്ട് കഫെയില്‍...ഓര്‍മ്മ ഉണ്ടാകില്ല...നമുക്ക് നേരിട്ട് കാണണം എന്ന് ആശിക്കുന്നു...അലീന റോസ്.ഒപ്പം അവളുടെ മൊബൈല്‍ നമ്പരും...!!!
ലിയോ ഞെട്ടിത്തരിച്ചു കുറെ നേരം ഇരുന്നു.പ്രഫ.സാമുവലിന്റെ അക്കൌണ്ട് ഡിലീറ്റ് ചെയ്തു.പിന്നെ എഴുന്നേറ്റു.മേശയില്‍ വ്യാകരണ മഞ്ജരി കിടപ്പുണ്ടായിരുന്നു.
അത് എടുത്തു കൊണ്ട് അവന്‍ ജനാല തുറന്നു.താഴെ ഉച്ച വെയിലില്‍ മതിലിലെ കറുത്ത ഗെറ്റ് തിളങ്ങി.വെളുത്ത ചാരു ബഞ്ചിലേക്ക് പനിനീര്‍ ചാമ്പയുടെ ഇലകള്‍ പൊഴിഞ്ഞു കിടന്നു.
അവന്‍ താഴേക്ക് ഇറങ്ങി നടന്നു.ഇതിനു മുന്പ് അവന്‍ ആ വീട്ടില്‍ കയറിയിട്ടുണ്ടായിരുന്നില്ല.അവന്‍ അറിയാതെ ആ പുസ്തകവും അവന്റെ കയ്യില്‍ തന്നെ ഉണ്ടായിരുന്നു.പുറത്തു ചെറിയ ഇരുണ്ട് മൂടിയിരുന്നു.മഴക്കുള്ള ഒരുക്കം.
അവന്‍ റോഡില്‍ ഇറങ്ങി ഗേറ്റ് തുറന്നു.എല്ലാം നിശബ്ദമായിരുന്നു.മുറ്റത്ത് വളര്‍ന് നില്ക്കു ന്ന പുല്ലില്‍ ചവിട്ടിയപ്പോള്‍ കിര് കിരാ ശബ്ദം.ദൂരെ എവിടെയോ ഒരു പ്രാവ് ഒറ്റക്ക് കുറുകുന്നു.വെളുത്ത ചാരുബഞ്ച് ഏതോ ദീര്‍ഘമായ ആലോചനയില്‍ പെട്ടത് പോലെ നിശ്ചലമായി കിടന്നു.ഏകാന്തതയില്‍ വിലയം പ്രാപിച്ച മനുഷ്യ ഹൃദയങ്ങള്‍ പൊടിഞ്ഞു കിടക്കുന്നത് പോലെ പനിനീര്‍ ചാമ്പയില്‍ നിന്ന് ചുവന്ന ഇതളുകള്‍ വീണു കിടന്നു.
അവന്‍ ആ ചാരു ബഞ്ചില്‍ ഇരുന്നു അപ്പുറത്തെ തന്റെ വീട്ടിലേക്ക് നോക്കി.ഇവിടെ ഇരുന്നാല്‍ തന്റെ മുറി കാണാം.ജനാല വിരി കാറ്റില്‍ ഇളകി മാറുമ്പോള്‍ ഇടയ്ക്കിടെ ലാപ്ടോപ്പും ടേബിളും കാണാം.
കണ്ണുകളില്‍ ഉറക്കം തഴുകുന്നു.ഈ സമയമാണ് മുന്പ് പകല്‍ നേരങ്ങളില്‍ പ്രഫ.സാമുവലായി അവന്‍ ലാപ്ടോപില്‍ ചെലവഴിച്ചു കൊണ്ടിരുന്നത്.
അവന്‍ ആ ചാരുബഞ്ചില്‍ ഇരുന്നു കൊണ്ട് അവന്റെ മുറിയിലേക്ക് നോക്കി.ലാപ്ടോപ് സ്ക്രീന്‍ അവ്യക്തമാണ്.എങ്കിലും അത് മാറുന്നുണ്ടോ.?ഒരു അവ്യക്തമായ നിഴല്‍ അത് പ്രവര്ത്തികുന്നുവോ?എല്ലാം ഉറക്കപ്പിച്ചിലെ തോന്നലാണ്...ജനാലവിരിയുടെ ചലനങ്ങളാവാം..
തണുത്ത കാറ്റിനു ശക്തി കൂടി..അവന്റെ കയ്യില്‍ ഇരുന്ന പുസ്തകങ്ങളുടെ താളുകള്‍ കാറ്റില്‍ മറിഞ്ഞു അവസാന പേജില്‍ എത്തി.
ശൂന്യമായ വെളുത്ത പേജില്‍ ഒരു സീലും പേരും ഉണ്ടായിരുന്നു.
കാലപ്പഴക്കം ഉണ്ടായിരുന്നെങ്കിലും അവന്‍ അത് വായിച്ചെടുത്തു.
പ്രഫ.സാമുവല്‍ മാത്യു,ഹെഡ് ഓഫ് ദി ഡിപ്പാര്ട്ട്മെന്റ്,മലയാളം വിഭാഗം...
മഴ പെയ്തു തുടങ്ങി.ആദ്യം പനിനീര്‍ച്ചാമ്പയുടെ ഇലച്ച്ചാര്‍ത്തിലൂടെ ,പിന്നെ മതില്ക്കെട്ടിനു പുറത്തു,പിന്നെ എല്ലായിടത്തും മഴ ഒരു വെളുപ്പായി പടര്‍ന്നു.മഴ പെയ്തു കൊണ്ടിരുന്നു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക