ജീവിതം മാറി മറിയാൻ ഒരൊറ്റ നിമിഷം മതി. വർഷങ്ങൾക്ക് മുമ്പ് എന്റെ ജീവിതം മാറി മറിഞ്ഞതും അങ്ങിനെയൊരു നിമിഷത്തിലാണ്. ഇന്ന് ഞാൻ കോയമ്പത്തൂരിൽ പഠിക്കുകയാണ്. അച്ഛൻ ഗൾഫിലാണ്. സ്വന്തം ബിസിനസ്സ് നടത്തുന്നു. അമ്മയും അനിയനും തൃശ്ശൂരിൽ. അനിയൻ പഠിക്കുന്നു. അമ്മ കുടുംബിനിയാണ്. സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം നന്നായി മുന്നോട്ട് പോകുന്നു. ദൈവത്തിന് നന്ദി.
അച്ഛൻ അവിടെ ബിസിനസ്സ് തുടങ്ങിയിട്ട് ഏകദേശം ആറ് വർഷം ആകുന്നു. അതിന് മുമ്പ് നാട്ടിലായിരുന്നു. എനിക്ക് അഞ്ച് വയസ്സ് കഴിഞ്ഞിരിക്കുമ്പോഴാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി അച്ഛനും അമ്മയും നേരിടുന്നത്. അച്ഛൻ പറഞ്ഞതാണ്. അച്ഛന്റെ ബിസിനസ്സ് തകർന്നു. അതുകൂടാതെ പാർട്ണർ ചതിച്ചു. അയാൾ ഉള്ളതെല്ലാം കൊണ്ട് നാട് വിട്ടു. കുറെ കടം വാങ്ങി, കടം വീട്ടി. ശരിയാക്കിയെടുക്കാം എന്നുള്ള വിശ്വാസത്തിൽ അച്ഛൻ പലരിൽ നിന്നും വീണ്ടും കടം വാങ്ങി. പക്ഷെ കൂടുതൽ തകർച്ചയാണ് കാത്തിരുന്നത്. അച്ഛനും അമ്മയും വീട്ടിൽ നിന്നും പുറത്തിറങ്ങാതായി. ഞാൻ ചെറുതാണല്ലോ, ഞാൻ ചിരിച്ചും കളിച്ചും നടന്നു. അവർ ആൽമഹത്യ ചെയ്യാൻ തീരുമാനിച്ചതൊന്നും ഞാൻ അറിഞ്ഞിട്ടല്ലലോ. ഒരു പകൽ അവർ അതിനെ കുറിച്ച് സംസാരിച്ചിരിക്കുമ്പോൾ ഞാൻ അച്ഛന്റെ ആൽബം നോക്കിയിരിക്കാർന്നു. ആൽബം എന്ന് പറയുമ്പോൾ, അച്ഛൻ ഭാവിയിൽ പോകാൻ ആഗ്രഹിച്ചിരുന്ന സ്ഥലങ്ങളുടെ ഫോട്ടോസ്. ഒരുപാട് നഗരങ്ങൾ, കടലുകൾ, കൊട്ടാരങ്ങൾ.. അങ്ങിനെ അങ്ങിനെ ഒരുപാട് ഫോട്ടോസ്.
ഞാൻ അത് നോക്കികൊണ്ടിരിക്കുമ്പോൾ അമ്മ ചോറ് വിളമ്പുകയായിരുന്നു. അച്ഛൻ മേശപ്പുറത്ത് വിഷം കൊണ്ടുവന്ന് വെച്ചിട്ടുണ്ട്. അപ്പോഴാണ് ഞാൻ ആൽബം കൊണ്ട് അങ്ങോട്ട് ചെല്ലുന്നത്. അച്ഛന്റെ മുന്നിൽ വെച്ചു. അന്നേരം അവർ ചേർന്നിരിക്കാണ്. കരഞ്ഞ് കണ്ണുകൾ കലങ്ങിയിട്ടുണ്ടായിരുന്നെന്ന് പിന്നീട് ഞാൻ ഓർത്തെടുത്തതാണ്. ഒരു ചിത്രം അച്ഛന് കാണിച്ച് കൊടുത്തു. എന്നിട്ട് അച്ഛനോട് പറഞ്ഞു.
"അച്ഛാ. നമ്മൾ പോകുമ്പോൾ ആദ്യം ഇവിടെ പോണേ. കുട്ടന് ഇതാണ് ഏറ്റോം ഇഷ്ടായെ. ഇവിടെ പോയിട്ട് പിന്നെ. "
പേജ് മറിച്ച് ഞാൻ മറ്റൊന്ന് കാണിച്ചു.
"പിന്നെ. ഇവിടെ. വേഗം കാശ് കിട്ടാൻ ന്താ ചെയ്യാ.. എനിക്കെപ്പോഴാ ജോലി കിട്ടാ. എന്നിട്ട് പോകാലോ.. അല്ലേ അമ്മേ "
അത് പറഞ്ഞ് ഞാൻ ഡൈനിങ്ങ് ടേബിളിൽ നിന്നും ഇറങ്ങി, വീണ്ടും മുറിയിലേക്ക് പോയി.
കാണിച്ച് കൊടുത്ത ബീച്ചിന്റെ ചിത്രം എടുത്ത് മാറ്റി.
ഞാൻ പ്ലസ് ടു കഴിഞ്ഞിരിക്കുമ്പോൾ, ഞങ്ങൾ നാല് പേരും മലേഷ്യയിൽ ഉള്ള ആ ബീച്ചിലേക്ക് ടൂർ പോയി.
ആദ്യ യാത്ര.
ജീവിതം മാറി മറിഞ്ഞത് ഡൈനിങ്ങ് ടേബിളിലെ ഒരൊറ്റ നിമിഷത്തിലായിരുന്നു.
ജീവിക്കണമെന്നും, പോരാടണമെന്നും, സ്വപ്നങ്ങൾ യാഥാർഥ്യമാക്കണമെന്നും അച്ഛൻ തീരുമാനിച്ചത്, അമ്മ കൂടെ നിന്നത് ആ നിമിഷത്തിലായിരുന്നു.
വിഷം ചേർക്കാത്ത ചോറ് ഞങ്ങൾ മൂന്ന് പേരും ഒരേ പ്ലേറ്റിൽ നിന്നും കഴിച്ചു അന്ന്.
പിന്നെ നേരിട്ട കഷ്ടപ്പാടുകൾ ഓർത്ത് അച്ചനോ അമ്മയോ വേദനിക്കാറില്ല.
കാരണം അന്ന് അച്ഛനും അമ്മയും പിന്നീട് അവരിലൂടെ ഞാനും മനസിലാക്കി.
ജീവിതം മാറി മറിയാൻ ഒരൊറ്റ നിമിഷം മതി.
ഒരൊറ്റ നിമിഷം.
By: Vineeth Vijayan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക