ഇക്കാ..
എനിക്കൊരു മോഹമുണ്ട്..
എന്റെ തലയിലൂടെ മൃദുവായി വിരലോടിച്ച് മസാജ് ചെയ്ത് കൊണ്ടവൾ കൊഞ്ചി... പകലത്തെ സ്നേഹ പ്രകടനം കണ്ടപ്പോഴേ വിചാരിച്ചതാണ് എന്തോ കാര്യ സാധ്യത്തിനാണെന്ന്..
ഉച്ചക്ക് ഏറെ ഇഷ്ടമുള്ള ചെമ്മീൻ വാങ്ങി പച്ച മാങ്ങയും ചക്കക്കുരുവും ചേർത്ത് കറി വെച്ച് ഊട്ടിയത് ഇതിനായിരുന്നോ ആവോ....
ഇത്തിരി ചമ്മലോടെ ആൾ കാര്യം പറഞ്ഞു..
സ്കൂട്ടർ ഓടിക്കാൻ പഠിക്കണം പോലും..ചിരി വന്നെങ്കിലും പുറത്ത് കാണിച്ചില്ല.. പരിഹാരമുണ്ടാക്കാം എന്ന് പറഞ്ഞപ്പോൾ ആ മുഖം കാണണമായിരുന്നു... സന്തോഷം കൊണ്ട് ചുവന്ന് തുടുത്ത്.. നന്ദിയെന്നോണം നല്ലൊരു ഉമ്മ അപ്പോൾ തന്നെ കിട്ടി.
ആലോചിച്ചപ്പോൾ സംഭവമൊക്കെ നല്ലതാണ്.. മോനിപ്പോൾ മൂന്ന് വയസായിരിക്കുന്നു... അവനെ സ്കൂളിൽ ആക്കാനും അവൾക്ക് ജോലിക്ക് പോവാനുമൊക്കെ ഒരു സ്കൂട്ടർ അത്യാവശ്യം തന്നെ.. പിന്നെ ആരോടും പറയാത്ത ഒരു കാര്യമുണ്ട് വണ്ടിയോടിക്കുന്ന പെണ്ണുങ്ങളോട് എന്തോ വല്ലാത്തൊരിഷ്ടമാണ്.. ചാറ്റൽ മഴ പെയ്യുന്ന ഒരു വൈകുന്നേരം ഭാര്യയുടെ സ്കൂട്ടറിന്റെ പിറകിൽ ഇരുന്നൊരു യാത്രയും സ്വപ്നം കണ്ട് ഞാൻ സുഖമായുറങ്ങി.
പിറ്റേന്നാണ് അവൾ ഞെട്ടിപ്പിക്കുന്ന ആ രഹസ്യം പറഞ്ഞത്.. സൈക്കിൾ ബാലൻസ് ഇല്ല പോലും.. ഇന്നലെ കണ്ട ചാറ്റൽ മഴ സീൻ അപ്പോൾ തന്നെ എട്ടായി മടക്കി പോക്കറ്റിലിട്ടു..എന്നാലും വല്ലാതെ ആഗ്രഹിച്ചിറങ്ങിയതല്ലേ.. ഡ്രൈവിംഗ് സ്കൂളിൽ അന്വേഷിച്ചപ്പോൾ അവർ പഠിപ്പിക്കാമെന്ന് പറഞ്ഞു.. എന്തോ വലിയ പ്രതീക്ഷ തോന്നിയില്ല.. എന്നാലും അവളുടെ മുഖത്തെ ആത്മ വിശ്വാസം കണ്ടപ്പോൾ നിരാശപ്പെടുത്തിയില്ല.
ആദ്യ ദിവസത്തെ ക്ലാസ് കഴിഞ്ഞ് വന്ന ആൾക്ക് നല്ല ക്ഷീണമായിരുന്നു.. മോനെ എന്നെയും ഏൽപ്പിച്ച് നേരത്തെ കിടന്നുറങ്ങി.. ഫാനിന്റെ കാറ്റിൽ സ്ഥാനം മാറിയ ഗൗണിനു പുറത്ത് ഞാൻ കണ്ടു.. എവിടെയോ വീണ പോലെ കാൽ മുട്ടുകൾ.. കൈകളുടെ പിറക് വശത്തും തൊലി പോയിരുന്നു.. സങ്കടം വന്നു..
ഒരു ദിവസം അവളറിയാതെ പരിശീലനം നടത്തുന്ന ഗ്രൗണ്ടിൽ പോയി.. നോക്കിയപ്പോൾ കോഴി അഴയിൽ കയറിയ പോലെ ആൾ വണ്ടി ഓടിക്കുകയാണ്.. ഇടക്ക് വീഴുന്നുണ്ട്.. എന്നാലും തളരാതെ ശ്രമിക്കുകയാണ്.. പിന്നീട് ഡ്രൈവിംഗ് ക്ലാസ് ഉള്ള ദിവസങ്ങളിൽ ഭക്ഷണം ഞാൻ മനഃപൂർവം പുറത്ത് നിന്ന് വാങ്ങാൻ തുടങ്ങി.. മോന്റെ കാര്യത്തിലും പരമാവധി ശ്രദ്ധിക്കാൻ ശ്രമിച്ചു.
അങ്ങനെ കാത്തിരുന്ന ദിവസമെത്തി... ഡ്രൈവിംഗ് ടെസ്റ്റ്... നല്ല പേടിയായിരുന്നു ആൾക്ക്.. ഞാൻ കഴിയും പോലെയൊക്കെ ധൈര്യം കൊടുത്തു.. മോനും അന്നൊരു പ്രശ്നവുമുണ്ടാക്കിയില്ല... ഏതായാലും ആദ്യ തവണ തന്നെ അവൾ പാസായി.. ലോകം കീഴടക്കിയ സന്തോഷമായിരുന്നു ആ മുഖത്ത്.. സമ്മാനമായി കീ കൊടുത്തപ്പോൾ പരിസരം മറന്നെന്നെ കെട്ടിപ്പിടിച്ചാണ് ആഘോഷിച്ചത്..
ആദ്യമൊക്കെ മോനെ കയറ്റാൻ വലിയ പേടിയായിരുന്നു.. പിന്നെ എല്ലാം മാറി... മനോഹരമായി ഓടിക്കാൻ തുടങ്ങി... ഇപ്പോളെനിക്ക് അറിയാം..നിരന്തരമായ ആഗ്രഹവും ആത്മ വിശ്വാസവും ഉണ്ടെങ്കിൽ അസാധ്യമെന്ന് തോന്നുന്ന പലതും നമുക്ക് നേടിയെടുക്കാൻ പറ്റും... കൊച്ചു കാര്യങ്ങളാണേലും വലിയ മാറ്റങ്ങൾ ഉണ്ടാക്കും നമ്മുടെ ജീവിതത്തിലത്..
ഇന്നെന്റെ സ്വപ്നം യാഥാർത്യമായ ദിവസമാണ്.. ചാറ്റൽ മഴയുള്ള സായാഹ്നത്തിൽ ചുവന്ന സാരിയും ഹെൽമറ്റും ധരിച്ച് അവളോടിക്കുന്ന ചുവന്ന സ്കൂട്ടറിന്റെ പിറകിൽ ഇരുന്നൊരു യാത്ര... പക്ഷേ.. ഒരു ചട്ടമ്പി കൂടി അൽപം ബലമായി തന്നെ ആ സീനിൽ കടന്ന് കയറി... ഞങ്ങൾടെ പൊന്നോമന പുത്രൻ... അവനില്ലാതെ നമുക്കെന്താഘോഷം.......
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക