Showing posts with label AbdulNasser. Show all posts
Showing posts with label AbdulNasser. Show all posts

HouseDriver-Last Part



ഹൗസ് ഡ്രൈവർ ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 34 (അവസാന ഭാഗം)
02/01/2018 ചൊവ്വാഴ്ച രാത്രി 11 മണിക്ക് ജിദ്ദയിലെ 'കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ' ചെക്കിങ്ങും മറ്റും കഴിഞ്ഞു എന്റെ ഫ്‌ളൈറ്റും പ്രതീക്ഷിച്ചു ഞാനിരുന്നു . എല്ലാത്തിനും ശുഭകരമായ പര്യവസാനം .... രണ്ടുവർഷത്തെ ഹൗസ് ഡ്രൈവർ ജീവിതം അവസാനിപ്പിച്ച് ഞാൻ പ്രതീക്ഷിച്ച പോലെ സന്തോഷത്തിലും സമാധാനത്തിലും ഉള്ള എന്റെ തിരിച്ചുപോക്കിന് ഇനി മിനിട്ടുകളുടെ ദൂരം മാത്രം . രണ്ടുവർഷം മുൻപ് ഇതേ എയർപോർട്ടിൽ വന്നിറങ്ങിയ ദിവസം മുതലുള്ള ഓരോ കാര്യങ്ങളും എന്റെ മനസ്സിലൂടെ ഒരു നിശബ്ദ ചിത്രം പോലെ കടന്നുപോയി . പ്രശ്നങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും പ്രതിസന്ധികളും അനുഭവങ്ങളും തീരുമാനങ്ങളും നിലപാടുകളും കാഴ്ചപ്പാടുകളും എല്ലാം നല്ലതിനായിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നു . തൊട്ടു മുമ്പ് കഴിഞ്ഞുപോയ ചില മണിക്കൂറുകൾ, എന്റെ ക്ഷമയും സഹനവും ശരിയായിരുന്നെന്ന് തോന്നിപ്പിക്കുന്നതായിരുന്നു .
3 മണിക്കൂർ മുമ്പ് റൂമിന് അടുത്തുള്ള , സ്ഥിരമായി പോകാറുള്ള പള്ളിയിൽ ഞാൻ നിസ്കരിക്കാൻ ചെന്നു. ഇശാ നിസ്കാരം കഴിഞ്ഞ ഉടനെ പള്ളിയിലെ ഇമാം എന്റെ കൈപിടിച്ച് പള്ളിയിൽ കൂടിയവരോട് ഇങ്ങനെ പറഞ്ഞു .
"കഴിഞ്ഞ കുറച്ചുകാലമായി നമ്മുടെ പള്ളിയിൽ സ്ഥിരമായി വരികയും ഒന്നാമത്തെ വരിയിൽ തന്നെ നിസ്കരിക്കാൻ നിൽക്കുകയും, മറ്റുള്ള എല്ലാ കാര്യങ്ങളിലും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന നമ്മുടെ സഹോദരൻ നാസർ ഇന്ന് നാട്ടിലേക്ക് യാത്ര പോവുകയാണ് ഉടനെ തിരിച്ചു വരാനുള്ള ഉദ്ദേശമില്ലാതെ എക്സിറ്റിൽ ആണ് പോകുന്നത് അതുകൊണ്ട് നമുക്കെല്ലാവർക്കും സന്തോഷത്തോടെ നമ്മുടെ സഹോദരനെ യാത്രയാക്കാം"
പിന്നീട് അവിടെ നടന്നത് വികാരനിർഭരമായ യാത്രയയപ്പായിരുന്നു . ഏകദേശം മുഴുവൻ ആളുകളും എന്റെ കൈപിടിച്ച് ഹസ്തദാനം ചെയ്യുകയും ഞങ്ങൾ പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തു ഇടക്ക് ചിലർ എന്റെ കൈയിൽ ചില നോട്ടുകൾ വെച്ചുതന്നു. പള്ളിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഇമാം പുറത്ത് കാത്തു നിൽപ്പുണ്ടായിരുന്നു അദ്ദേഹം 200 ചെയ്യാൻ റിയാൽ നിർബന്ധിച്ച്‌ എന്റെ കൈയിൽ വെച്ചുതന്നു എന്നോട് യാത്ര പറഞ്ഞു. ഇമാം തന്നതും മറ്റുപലരും തന്നതും ചേർത്ത് 550 റിയാൽ ( പതിനായിരം രൂപ) ഉണ്ടായിരുന്നു .
പള്ളിയിലെ യാത്രപറയൽ കഴിഞ്ഞു ഞാൻ റൂമിൽ തിരിച്ചെത്തി. അയൽവാസിയായ മലയാളി സുഹൃത്ത് ഫവാസുമുണ്ടായിരുന്നു കൂടെ ബില്ഡിങ്ങിലെ മറ്റു ഡ്രൈവർമാരോടും ഹാരിസിനോടും ഒക്കെ യാത്ര പറഞ്ഞു ഞാൻ എന്റെ റൂമിന്റെ വാതിൽ അടച്ചു ചാവി കഫീലിനെ ഏൽപ്പിച്ചു . ഒരു വർഷവും നാലു മാസവും ഞാൻ അന്തിയുറങ്ങിയ എന്റെ ആ റൂമിനോട് ഞാൻ യാത്ര പറഞ്ഞു . വാതിലിൽ ഒട്ടിച്ചുവെച്ചിരുന്നന്ന ഒരു കുറിപ്പ് ഞാൻ ചീന്തിയിട്ടു .'അബ്ദുൽനാസർ ,ഇന്ത്യ കേരള ,ഹൗസ് ഡ്രൈവർ, മൊബൈൽ :0569119495' എന്നിങ്ങനെയായിരുന്നു അതിൽ എഴുതിയിരുന്നത്. ഫവാസിനോടും യാത്രപറഞ്ഞ് ഞാൻ കഫീലിൻറെ കൂടെ അവന്റെ വണ്ടിയിൽ കയറി. തൊട്ടടുത്ത് ഞാൻ സ്ഥിരമായി ഓടിച്ചിരുന്ന ചെറിയ വണ്ടി കിടപ്പുണ്ടായിരുന്നു . രണ്ടുവർഷക്കാലം എന്നെയും എന്റെ സങ്കടങ്ങളേയും വഹിച്ച ശകടമേ നിനക്ക് വിട ...
കഫീലാണ് എന്നെ എയർപോർട്ടിലേക്ക് കൊണ്ടുവിടുന്നത്. അവൻ തന്നെയാണ് വണ്ടി ഓടിക്കുന്നത് ഞാൻ ഞാനവന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്നു. പോകുന്ന വഴിയിൽ 'ഇന്ന് നമുക്ക് വല്ലതും കഴിക്കുകയോ അല്ലെങ്കിൽ കോഫീ കുടിക്കുകയോ ചെയ്യാം' എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ 'ബാർണീസ് കോഫിയിൽ' കയറി എനിക്കൊരു മിക്യത്തോയും കഫീലിന് തുർക്കി കോഫിയും വാങ്ങി. പണം കൊടുക്കാൻ കഫീൽ ശ്രമിച്ചെങ്കിലും ഇന്നെന്റെ ചിലവ് ആണെന്ന് പറഞ് 19 റിയാൽ ബില്ല് ഞാൻ തന്നെ കൊടുത്തു. വണ്ടിയിൽ എണ്ണയും അടിച്ചു കോഫിയും കുടിച്ച് ഞങ്ങൾ യാത്ര തുടർന്നു
അറബികൾ എണ്ണപ്പണം കൊണ്ട് ഇന്ദ്രജാലം തീർക്കുന്നുന്ന ജിദ്ദ പട്ടണത്തിലൂടെ ഞങ്ങളുടെ വാഹനം മണിക്കൂറിൽ 100 കിലോ മീറ്ററുകൾക്ക് മുകളിൽ വേഗതയിൽ എയർപോർട്ട് ലക്ഷ്യമാക്കി കുതിച്ചു . കഫീലുമായി ഞാൻ പല വിഷയങ്ങളും സംസാരിച്ചു എനിക്ക് തരാനുള്ള പണത്തെപ്പറ്റി ഞാൻ ചോദിക്കാതെ തന്നെ കഫീൽ പറഞ്ഞു. അത് മണി അന്യായമായി എടുത്തത് തന്നെയാണെന്നും , ഞാൻ കഫീലിന് കൊടുക്കാനുള്ള പണം എന്റെ ശമ്പളത്തിൽ നിന്നും പിടിക്കാതിരുന്നത് മണി തരാനുള്ളതിലേക്ക് തന്നതാണെന്നും പറഞ്ഞു . ഇനി മണിയുടെ കൈയിൽ നിന്നും കഫീൽ പണം വാങ്ങിക്കൊള്ളാം എന്നുമാണ് ആ വിഷയത്തിലെ അവസാന തീരുമാനം .
ഞങ്ങൾ എയർപോർട്ടിലെത്തി. ഞാൻ വിളിച്ചതനുസരിച്ച് , എയർപോർട്ടിനോട് ചേർന്നുള്ള ഹജ്ജ് ടെർമിനലിൽ ജോലിചെയ്യുന്ന കഫീലിന്റെ പെങ്ങളുടെ ഭർത്താവ് ഞങ്ങളുടെ അടുത്തേക്ക് വന്നു . എന്റെ ലഗ്ഗേജ് കൂടുതലുണ്ടെന്ന് സംശയമുള്ളതിനാൽ അയാളെയും കൂട്ടി അകത്തുകടന്നു .തൂക്കി നോക്കിയപ്പോൾ കുറച്ചധികം കൂടുതലുണ്ടായിരുന്നു . കഫീലിന്റെ അളിയൻ കാര്യങ്ങൾ കൈകാര്യം ചെയ്തപ്പോഴേക്കും മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി ഞങ്ങളുടെ പദ്ധതികളെല്ലാം തെറ്റി. ഒരു നിലക്കും അധിക ലഗേജ് വിടാൻ ആ ഉദ്യോഗസ്ഥൻ സമ്മതിക്കാതെ വന്നപ്പോൾ ഒരു പെട്ടി കഫീലിന്റെ വണ്ടിയിൽ തിരിച്ചുകൊണ്ടുപോകാൻ ഞങ്ങൾ തീരുമാനിച്ചു . ജിദ്ദയിലുള്ള ജേഷ്ഠൻ കഫീലിൽ നിന്നും പെട്ടി വാങ്ങി ഷറഫിയയിൽ കൊണ്ടുപോയി കാർഗോ വിടാൻ അപ്പോൾതന്നെ തീരുമാനമായി.
ബാക്കിയുള്ള ഒരു പെട്ടിയും എന്റെ ബാഗും ലഗേജിൽ വിട്ട് , ഒരു പെട്ടി കഫീലിന്റെ വണ്ടിയിൽ കൊണ്ടു പോയി വച്ച് ഞാനും കഫീലും കഫീലിന്റെ അളിയനും കൂടി വീണ്ടും അകത്തു കടന്നു .എന്റെ എല്ലാ പേപ്പറുകളും ശരിയാക്കി ഫിംഗർപ്രിന്റ് പതിച്ചു പാസ്പോർട്ടിൽ എക്സിറ്റും അടിച്ചു ബോർഡിംഗ് പാസും കിട്ടിക്കഴിഞ്ഞപ്പോൾ കഫീലും അളിയനും യാത്രപറഞ്ഞു പോകാനൊരുങ്ങി . എന്റെയും കഫീലിന്റെ യും യാത്രപറച്ചിൽ , പതിവ് സൗദിഅറേബ്യൻ പാരമ്പര്യശൈലിയിൽ തന്നെ നടന്നു. ഞങ്ങൾ പരസ്പരം കൈ പിടിച്ച് ഹസ്തദാനം ചെയ്തു ആലിംഗനം ചെയ്തു പിരിഞ്ഞു. കഫീലിന്റെ അളിയനോടും യാത്ര പറഞ്ഞു . അവർ പുറത്തേക്കും ഞാൻ അകത്തേക്കും നടന്നു .
രണ്ടു വർഷം ജോലി ചെയ്തു മടങ്ങിപ്പോകുന്ന എനിക്ക് സമ്മാനമായി കഫീൽ പണമോ മറ്റു സാധനങ്ങളോ ഒന്നും തന്നില്ല. അതേതായാലും നന്നായി ഒരു ആയിരം റിയാൽ എങ്കിലും അവൻ തരുമായിരിക്കും എന്നു ഞാൻ മനസിൽ ചിന്തിച്ചിരുന്നു എന്നത് സത്യമാണെങ്കിലും, അവസാന സമയങ്ങളിൽ പ്രശ്നങ്ങളിലൊന്നും പെടുത്താതെ എക്സിറ്റ് അടിച്ച് ടിക്കറ്റും അവന്റെ പണത്തിന് എടുത്തു തന്നതിൽ ഞാൻ അല്ലാഹുവിനെ സ്തുതിച്ചു. എന്നോട് വളരെ സ്നേഹത്തോടെ സംസാരിച്ചെങ്കിലും അവസാന സമയത്തും കഫീൽ അവന്റെ യഥാർത്ഥ സ്വഭാവം പുറത്തെടുത്തു .എന്റെ ഇഖാമയുടെ കൂടെ ലൈസൻസും അവനെ ഏൽപ്പിക്കണം എന്ന് പറഞ്ഞു .
'ലൈസൻസ് തന്റെ പണത്തിന് എടുത്തത് അല്ലെന്നും പണ്ടു ഞാൻ റിയാദിൽ ജോലിചെയ്ത സമയത്ത് എടുത്ത ലൈസൻസിന്റെ നമ്പർ പുതിയ ഇഖാമയുടെ നമ്പറിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്നും' ഞാൻ പറഞ്ഞു . എന്റെ കയ്യിൽ നിന്നും ലൈസൻസ് വാങ്ങാൻ വീണ്ടും അയാൾ ശ്രമിച്ചു. ഒരു നിലക്കും ഞാനത് കൊടുക്കില്ലെന്ന് മനസ്സിലായപ്പോൾ ആ ശ്രമത്തിൽ നിന്നും അവൻ പിൻമാറി. യാത്ര പറയുന്നതിന്റെ തൊട്ടുമുൻപ് മൊബൈൽഫോൺ തിരിച്ചുചോദിച്ചു. രണ്ടുവർഷം മുൻപ് ഞാൻ ജോലിയിൽ പ്രവേശിച്ച ഉടനെ അവന്റെ വീട്ടിലുണ്ടായിരുന്ന , പഴയ ഒരു സാധാരണ മൊബൈൽ എനിക്ക് തന്നിരുന്നു. അതുപോലും തിരിച്ചുചോദിച്ച് , കഴിഞ്ഞ രണ്ടുവർഷത്തെ എന്നോടുള്ള അവന്റെ സ്വഭാവം അവൻ വീണ്ടും ഓർമിപ്പിച്ചു .
എന്റെ ബാഗും ലഗേജിന്റെ കൂട്ടത്തിൽ വിട്ടതുകൊണ്ട് മൊബൈൽ എന്റെ കയ്യിൽ ഇല്ലെന്നും നാട്ടിലെത്തിയിട്ട് നാട്ടിൽ നിന്ന് ആരെങ്കിലും ജിദ്ദയിലേക്ക് വരുമ്പോൾ അവരുടെ അടുത്ത് കൊടുത്തയക്കാം എന്നും പറഞ്ഞപ്പോൾ അയാൾ സമ്മതിച്ചു . ഞാൻ നാട്ടിലേക്ക് പോകുന്ന ദിവസം മാഡവും കുട്ടികളും അവളുടെ വീട്ടിൽ ആയിരുന്നു. ജോലിക്കാരിയും ഡ്രൈവറും ഇല്ലാതെ ഇനിയെത്ര കാലം അവളുടെ വീട്ടിൽ തന്നെ അവൾ കഴിയുമായിരിക്കുമോ ആവോ? അതുകൊണ്ട് കുട്ടികളോട് യാത്ര പറയാൻ പറ്റിയില്ല . അദ്‌നാനെ കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു അവന് എന്നെ വലിയ ഇഷ്ടമായിരുന്നു . വണ്ടിയിൽ കയറിയാൽ അവന്റെ ഉമ്മയുടെ അടുത്തുനിന്നും ഊർന്ന് ഇറങ്ങി എന്റെ ഷർട്ടിലും മറ്റും പിടിച്ചു വലിച്ച് അവന്റെ ഭാഷയിൽ എന്നോട് അവൻ ഓരോന്നു പറയും . പോരുന്ന സമയത്ത് അവനൊരു മുത്തം കൊടുക്കാൻ പറ്റിയില്ല
എയർപോർട്ടിലെ ഗേറ്റിന് പുറത്ത് ഫ്ലൈറ്റിലേക്ക് ഞങ്ങളെ കൊണ്ടുപോയി വിടാനുള്ള ബസ്സ് വന്നു നിർത്തിയപ്പോൾ ഞാൻ ചിന്തകൾക്ക് വിരാമമിട്ട് എന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു . പാസ്പോർട്ട് കാണിച്ച് ബസ്സിനകത്തു കടന്നു . അൽപനേരത്തെ ഓട്ടത്തിനു ശേഷം 'ജെറ്റ് എയർവെയ്സിന്റെ' വിമാനത്തിനടുത്ത് ഞങ്ങൾ ഇറങ്ങി . വിമാനത്തിനകത്ത് കയറി സീറ്റ് കണ്ടുപിടിച്ച് സഹയാത്രികരോട് കുശലം പറഞ്ഞിരിക്കുമ്പോൾ 'വിമാനം പുറപ്പെടാൻ ആയെന്ന്' ക്യാപ്റ്റന്റെ സന്ദേശം കേട്ടു . സീറ്റുബെൽറ്റുകൾ ഒക്കെ ഘടിപ്പിച്ച് ഒരു സ്കൂൾ വിദ്യാർഥിയുടെ അച്ചടക്കത്തോടെ ഇരുന്ന ഞങ്ങളെയും വഹിച്ച് വിമാനം റൺവേയിലൂടെ അതിവേഗം കുതിച്ചു പാഞ്ഞു
രണ്ടുവർഷം ഞാൻ കണ്ട സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിൽ, മണിക്കൂറുകൾ കഴിയുമ്പോൾ എത്തിപ്പെടാനുള്ള എന്റെ സ്വന്തം നാടിനെയും വീടിനെയും വീട്ടുകാരെയും ഒക്കെ ഓർത്തു ഞാൻ എന്റെ സീറ്റിൽ ചാരിയിരുന്നു . വിമാനം ജിദ്ദക്ക് മുകളിലെ ആകാശ വഴികളിലൂടെ മുംബൈ ലക്ഷ്യമാക്കി, കാർമേഘങ്ങളെ കീറിമുറിച്ച് അതിവേഗം പറന്നു.
ഇതോടെ രണ്ടുവർഷത്തെ ഹൗസ് ഡ്രൈവർ ജോലിയിലെ എന്റെ അനുഭവ കുറിപ്പ് പൂർണ്ണമാവുന്നു. പുതിയ ജോലികളും അനുഭവങ്ങളും നല്ലതിനാവട്ടെ എന്ന പ്രതീക്ഷയോടെ........
(ശുഭം )

By Abdul MAjeed

HouseDriver - Part 33


'
Read all parts in Nallezhuth Android App
ഹൗസ് ഡ്രൈവർ'എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 33
ഡിസംബറിലെ രണ്ടാം പകുതി അധികവും വർക്ക് ഷോപ്പ് ദിവസങ്ങൾ തന്നെ ആയിരുന്നു. കഫീൽ ഓടിച്ചിരുന്ന വലിയ വണ്ടിക്ക് 'ബ്രേക്ക്' കിട്ടുന്ന ഇരുപത്തിയെട്ടാം തീയതിവരെ ശരിക്കൊന്നു ശ്വാസം വിടാനുള്ള സമയം പോലും എനിക്ക് കിട്ടിയിരുന്നില്ല . പല സൂത്രങ്ങളും ഞങ്ങൾ പരീക്ഷിച്ചു വണ്ടിയിലുള്ള ചെറിയ ചെറിയ പണികൾ ഒക്കെ എടുത്തു ബ്രേക്കിനു കൊണ്ടുപോയി അവിടെനിന്നും കിട്ടിയ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള എല്ലാ പണികളും തീർത്ത് 15 ദിവസത്തിനുള്ളിൽ വീണ്ടും വണ്ടിയുമായി ചെല്ലാൻ പറഞ്ഞു മടക്കിയയച്ചുഅവിടെ നിന്നും നിർദേശിച്ച പണികളെല്ലാം ചെയ്തു തീർക്കണമെങ്കിൽ പണം ഒരുപാട് വേണമായിരുന്നു അവസാനം കൈക്കൂലി കൊടുത്ത് വണ്ടിയുടെ 'ഇസ്തിമാറ' ( നാട്ടിലെ ആർസി ബുക്ക് )ശരിയാക്കി . ഒരുമാസം നീണ്ട പരിശ്രമത്തിനൊടുവിൽ ഡിസംബർ 28 നായായിരുന്നു എല്ലാ രേഖകളും ശരിയായി കൈയിൽ കിട്ടിയത്. നാട്ടിൽ പോകുന്നതിനേക്കാൾ എനിക്ക് സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്.
എനിക്ക് എക്സിറ്റ് അടിച്ച് ടിക്കറ്റുമെടുത്ത് തന്നെങ്കിലും എന്നെ ഇവിടെത്തന്നെ പിടിച്ചു നിർത്താനുള്ള ചെറിയ ചെറിയ ശ്രമങ്ങളൊക്കെ നടന്നു . മാഡത്തിന്റെ ഉമ്മ ഒരിക്കൽ ഓട്ടം പോകുന്നതിനിടയിൽ എന്നോടായി പറഞ്ഞു "നീ ഇവിടെ നിന്നും പോയാൽ നിനക്ക് പിന്നെ ഇതുപോലൊരു മാഡത്തെയോ കഫീലിനെയോ ഒരിക്കലും കിട്ടാൻ പോകുന്നില്ല" അവർ പറഞ്ഞത് ശരിയായിരുന്നു . "ദുനിയാവിൽ ഒരിടത്ത് തിരഞ്ഞാലും ഇനി ഇതുപോലെ ഒരുത്തരെ എനിക്കു കിട്ടില്ലെന്ന്"ഞാനും പറഞ്ഞു . അതു പോലെ ഒരിക്കൽ കഫീലിന്റെ മൊബൈലിൽ നിന്നും അയാളുടെ അമ്മാവൻ എനിക്ക് വിളിച്ചു "എന്തിനാണ് എക്സിറ്റിൽ പോകുന്നത് നാട്ടിൽ പോയി അഞ്ചോ ആറോ മാസം നിന്ന് തിരിച്ചു വന്നാൽ പോരെ"എന്നൊക്കെ ചോദിച്ചു. "നീ നല്ലവനാണെന്നും ഞങ്ങൾക്കെല്ലാവർക്കും നിന്നെ ഇഷ്ടമാണെന്നും,നിന്റെ കഫീലിന് നിന്നെ പറഞ്ഞുവിടാൻ ഇഷ്ടമില്ലെന്നും" ഒക്കെ പറഞ്ഞു. "എനിക്ക് നാട്ടിൽ പോയാൽ അടുത്തൊന്നും തിരിച്ചു വരാൻ കഴിയില്ല എന്റെ ഉപ്പ എന്നെ കാത്തിരിക്കുകയാണ് അദ്ദേഹത്തിന് സുഖമില്ല" എന്നൊക്കെയുള്ള സത്യമായ കാര്യങ്ങൾ തന്നെ ഞാൻ അയാളോടു പറഞ്ഞു.
എൻറെ നാട്ടിൽ പോക്ക് തീരുമാനമായതോടെ കഫീൽ മണിയെ വിളിച്ചു എനിക്ക് തരാനുള്ള ബാക്കി 1250 റിയാലിന്റെ കാര്യം സംസാരിച്ചു. ഒരിക്കൽ അയാളുടെ കഫീലിനെയും അയാളെയും എന്നെയും ഒക്കെ ഒന്നിപ്പിച്ചു ആ വിഷയത്തിൽ ഒരു സംസാരമുണ്ടായി. അതോടെ ഇത്രയും കാലം കെട്ടിപ്പൊതിഞ്ഞു വെച്ച എല്ലാ നുണകളും മണിക്ക് സമ്മതിക്കേണ്ടിവന്നു. അതെ..സത്യം തന്നെ വിജയിച്ചിരിക്കുന്നു. മണിയാണ് ആ പണം എടുത്തതെന്ന് എല്ലാവരും മനസ്സിലാക്കി . ജീവിതത്തിൽ ഒരു സിനിമക്ക് പോലും തിരക്കഥയെഴുതാത്ത മണി ,അന്ന് 1250 റിയാലിന്റെ പേരിൽ പുതിയ തിരക്കഥ രചിച്ചു .അതും മിനിട്ടുകൾക്കുള്ളിൽ നല്ല ഒന്നാം നമ്പർ തിരക്കഥ. നുണകൾ മെനഞ്ഞുണ്ടാക്കുന്ന കാര്യത്തിൽ അയാളുടെ കഴിവ് അപാരം തന്നെ . 1250 റിയാലിൽ 500 റിയാൽ അയാളുടെ സഹോദരനു വേണ്ടി ഈ വിസ്സ അടിക്കാൻ ചെലവായിട്ടുണ്ട്. അയാളുടെ സഹോദരന് ആണ് ആദ്യം വിസ അടിച്ചതെന്നും അയാൾക്ക് വരാൻ കഴിയാതെ വന്നപ്പോൾ ആണ് എനിക്ക് വിസ തന്നതെന്നും അവൻ പറഞ്ഞു. ബാക്കിയുള്ള 750 റിയാൽ ഇക്കാര്യത്തിൽ പലവഴിക്കും ചിലവു വന്നതുകൊണ്ട് അവനു വേണം എന്നും പറഞ്ഞു. എന്റെ അഭിപ്രായം കഫീൽ ചോദിച്ചു "ഈ വിസക്ക് വേണ്ടി വന്നിട്ടുള്ള എല്ലാ ചെലവുകളും നാട്ടിൽ നിന്നും ഞാനാണ് കൊടുത്തതെന്നും ഇനി കിട്ടാനുള്ളതിൽ 500 റിയാൽ മണിക്ക് കൊടുക്കാൻ തയ്യാറാണെന്നും ബാക്കിയുള്ള പണം എനിക്ക് തന്നാൽ മതിയെന്നും ഞാൻ പറഞ്ഞു.
നാട്ടിലേക്ക് പോകുന്നതിനു മുൻപ് എന്റെ കൈയിലുള്ള രേഖകളും വിവരങ്ങളും എന്റെ പുസ്തകത്തിൽ ഞാൻ എഴുതി വെച്ചിരുന്നത് കഫീലിന് കൈമാറി . ചില സ്ഥലങ്ങളിൽ വണ്ടി പാർക്ക് ചെയ്യുമ്പോൾ പണംകൊടുത്ത് പാർക്ക് ചെയ്യാനുള്ള അക്കൗണ്ട് നമ്പർ, അതുപോലെ ഓയിൽ മാറ്റിയ ദിവസം ,അപ്പോൾ മീറ്ററിലെ കിലോമീറ്ററിന്റെ കണക്ക്, അങ്ങിനെ ഉള്ള വിവരങ്ങൾ ഒക്കെ എന്റെ ഡയറിയിൽ ആയിരുന്നു ഉണ്ടായിരുന്നത് അതൊക്കെ ഞാൻ കഫീലിന്നു മെസ്സേജ് അയച്ചു. കൂട്ടത്തിൽ 281 റിയാൽ ഞാനവനു കൊടുക്കാൻ ഉണ്ടെന്നും പറഞ്ഞു. രണ്ടുവർഷം അയാളോടൊപ്പം ജോലി ചെയ്തതിൽ ഒരുപാട് തവണ അവന്റെ പണം
ഞാൻ ക്രയവിക്രയം ചെയ്തിട്ടുണ്ടല്ലോ.അപൂർവമായി എന്റെ ആവശ്യത്തിന് (ഭക്ഷണത്തിനും വെള്ളത്തിനും ഒക്കെയായി ) ആ പണത്തിൽ നിന്നും ചെറിയ ചെറിയ തുകകൾ ആയ അഞ്ചോ പത്തോ എനിക്ക് എടുക്കേണ്ടി വന്നിട്ടുണ്ട്.
അതൊന്നും ഞാനും പടച്ചവനും അല്ലാതെ മറ്റാരും അറിഞ്ഞിട്ടില്ല പക്ഷേ മറ്റൊരാളുടെ പണം ആയതുകൊണ്ട് ഞാൻ എല്ലാം കൃത്യമായി എഴുതി വച്ചിരുന്നു. ആ വിഭാഗത്തിൽ രണ്ടുവർഷത്തെ മൊത്തം കണക്ക് 281 റിയാൽ ആയിരുന്നു. (ബാക്കി കിട്ടിയിരുന്ന 50 പൈസ പോലും ഈ കണക്കിൽ ഞാൻ ഉൾപ്പെടുത്തിയിട്ടുണ്ട് ) ഈ പണവും ഞാൻ പണ്ട് നിനക്ക് തരാനുള്ള 800 റിയാലും എല്ലാം ഈ മാസത്തെ ശമ്പളത്തിൽ നിന്നും പിടിച്ച്‌ ബാക്കിയുള്ളത് തന്നാൽ മതിയെന്നും ഞാൻ പറഞ്ഞു . ഓർമിക്കാനുള്ള പല വിവരങ്ങളും എഴുതിവെച്ച എന്റെ ആ പുസ്തകത്തിൽ നടുവിലെ ചില പേജുകളിലായി ഞാൻ മുൻപ് എഴുതിയ ഭാഗങ്ങൾ അന്ന് എന്റെ കണ്ണിലുടക്കി. മനസ്സിന്റെ വിഷമങ്ങൾ താങ്ങാൻ കഴിയാത്ത സമയത്ത് ഞാൻ എഴുതി വച്ച ആ കുറിപ്പുകൾ ഞാൻ വായിച്ചു .അതിൽ ഇങ്ങനെ എഴുതിയിരുന്നു.
(((( ഇവളുടെ അടുത്തേക്ക് ഇനി മടക്കമില്ല ഇന്ഷാ അല്ലാഹ് ....നൂറുകണക്കിന് ദിവസങ്ങൾ ഒരു റിയാലിന്റെ ഉപകാരമില്ലാതെ പട്ടിയെപ്പോലെ ഓടിച്ചു. മാത്രമോ തീർത്താൽ തീരാത്ത സംശയവും. അതിനൊക്കെ പുറമേ ഓടിത്തളരുമ്പോൾ ഒന്നോ രണ്ടോ മിനിട്ട് വൈകിയാൽ തെറിവിളിയും .അവൾക്ക് അവളുടെ കാര്യം മാത്രമേ ഉള്ളൂ അത് നേടാൻ അവളെന്തു കളിയും കളിക്കും അത് വിശ്വസിക്കരുത്. ആ ചെറിയ വണ്ടിക്ക് അകത്തിരുന്ന് അനുഭവിച്ചതൊന്നും ഒരിക്കലും മറക്കരുത് ഒരിക്കലും ഒരിക്കലും.
ഒരു റിയാലിന്റെ തമീസ് (റൊട്ടി) വാങ്ങി വരാമെന്നു പറഞ്ഞപ്പോൾ പോലും സമ്മതിക്കാത്തവൾ . അറിഞ്ഞോ അറിയാതെയോ അര മിനിട്ട് എന്റെ ആവശ്യത്തിനുവേണ്ടി വൈകിയാൽ കുത്തുവാക്കുകളും ശകാരങ്ങളും കൊണ്ട് വെറുപ്പിക്കുന്നവൾ.മണി പണം തരാമെന്ന് പറഞ്ഞപ്പോൾ പോലും അല്പം കരുണ കാണിക്കാതെ എന്നെ മണിക്കൂറുകൾ പിടിച്ചുവച്ചു. ജീവിതത്തിന്റെ നല്ല ഒരു ഭാഗം കാത്തു കിടക്കലുകളിൽ പലസ്ഥലങ്ങളിലും കൊതുകു കടിയും കൊണ്ട് നേരത്തിന് ഭക്ഷണവുമില്ലാതെ പോയി. ഇനി നാട്ടിലേക്ക് പോവാൻ സമയത്ത് അല്പം കരുണ കാണിച്ചു എന്നെ പറ്റിക്കാൻ നോക്കിയാൽ അവിടെ ഞാൻ വഞ്ചിക്കപ്പെടില്ല .
പെട്ടുപോകരുത് ഇവളുടെ വലയിൽ 23/05 പോലത്തെ ദിവസങ്ങൾ ഓർക്കുക. ഒരു മനുഷ്യനെ 3 സ്ഥലങ്ങളിലായി ഒരു ദിവസം പതിനൊന്ന് മണിക്കൂറാണ് കാത്തു നിർത്തിയത്. ഏതൊക്കെ മേഖലയിലായിരുന്നു എന്റെ മേലുള്ള അടിച്ചമർത്തലുകൾ.ഓട്ടത്തിന്റെ കാര്യമോ സമയമോ എന്നോട് മുൻകൂട്ടി പറയില്ല. എവിടെക്കാണെന്നോ എപ്പോഴാണ് പോകുന്നതെന്നോ പറയരുതെന്ന് കുട്ടികളോട് പോലും നിർദ്ദേശം കൊടുക്കും. അവളുടെ പരീക്ഷണങ്ങളും നിരീക്ഷിക്കുകയും പോരാഞ്ഞിട്ട് കുട്ടികളെയും മുതിർന്നവരെയും അതിനേൽപിച്ചു. എനിക്ക് നോമ്പിന് അത്താഴം കഴിക്കാൻ പോലും സമയം കിട്ടിയിരുന്നില്ല. റൂമിൽ നിന്നും ആകെ പുറത്തുപോയിരുന്നു പള്ളിയിൽ പോകൽ വരെ മുടക്കിയിരുന്നു.))))
ഇത്രയും കാര്യമായിരുന്നു അതിൽ ഉണ്ടായിരുന്നത്. മാഡത്തിന്റെ കെണിയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഞാൻ എന്നെത്തന്നെ ഓർമിപ്പിച്ചിരുന്ന കാര്യങ്ങൾ ആയിരുന്നു അത്.
നാട്ടിലേക്ക് പോകുന്നതിന്റെ മുന്നൊരുക്കങ്ങൾ എന്റെ എല്ലാ തിരക്കിനിടയിലും തകൃതിയായി നടന്നു. ഒരു വെള്ളിയാഴ്ച കഫീലിനോട് സമ്മതം വാങ്ങി മദീനയിലേക്ക് പോയി. വ്യാഴാഴ്ച മാഡവും കുട്ടികളുമെല്ലാം കടപ്പുറത്ത് പോയി അവിടെ ഒരു വില്ലയിൽ വ്യാഴവും വെള്ളിയും താമസിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച ഞാൻ അവധിയെടുത്തത് വർക്ക് പ്രശ്നമായില്ല. അടുത്തതായി ഒരു ദിവസം അല്പം ഭക്ഷണം ഉണ്ടാക്കി കഫീലിനും കുടുംബത്തിനും മാഡത്തിനും കുടുംബത്തിനും കൊടുക്കലാണ്. അത് പോകുന്നതിന്റെ തലേദിവസം ചെയ്തു. ഒരു കോഴിയെ വാങ്ങി അതുകൊണ്ട് ചിക്കൻ കടായി (നാസർ സ്പെഷ്യൽ) ഉണ്ടാക്കി കഫീലിന്റെ ഉമ്മാന്റെ വീട്ടിലേക്കും കഫീലിനും മാഡത്തിനും കുട്ടികൾക്കും മാഡത്തിന്റെ ഉമ്മാന്റെ വീട്ടിലേക്കും ബിൽഡിങ്ങിലെ എന്റെ സഹപ്രവർത്തകരായ മറ്റു ഡ്രൈവർമാർക്കും അയൽവാസിയായ മലയാളി ഫവാസിനും കുടുംബത്തിനും എല്ലാമായി വീതിച്ചു. മാഡം ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു, 'നീ പാചകം ചെയ്ത ഭക്ഷണം ഒരിക്കൽ കഴിക്കണമെന്ന്'.ഏതായാലും ആ ആഗ്രഹം സാധിച്ചു.
എനിക്കുള്ള സമ്മാനമായി മാഡത്തിന്റെ ഉമ്മ തന്നത് 'സ്വലാത്ത് മാലകൾ' ആയിരുന്നു ആറോ എട്ടോ മാലകളുള്ള ഒരു പാക്കറ്റിന് 3 റിയാലോളം വിലവരുന്നതായിരുന്നു അത് . മാഡത്തിന്റെ സമ്മാനം അല്പം കൂടി വിലകൂടുതൽ ഉള്ളതായിരുന്നു.സലാത്ത് ചെല്ലുന്ന,വിരലിലിടുന്ന മെഷീനായിരുന്നു അത്.അതിന് ഒരെണ്ണത്തിന് ഒരു റിയാൽ വിലയുണ്ട്.അങ്ങിനത്തെ ഇരുപതോളം മെഷീനുകൾ .എന്റെ വീട്ടുകാരും നാട്ടുകാരും ഒക്കെ ഇനി സ്വലാത്ത് ചൊല്ലി ഇരിക്കട്ടെ . അങ്ങനെ സമ്മാനം തരും ഭക്ഷണം കൊടുക്കലും എല്ലാം കഴിഞ്ഞു. വീട്ടിലേക്കുള്ള സാധനങ്ങൾ അധികമൊന്നും എനിക്കു വാങ്ങാൻ ഉണ്ടായിരുന്നില്ല. കാരണം സാമ്പത്തികം തന്നെ. ഈ മാസത്തെ ശമ്പളം മാത്രമാണ് എന്റെ കയ്യിലുള്ളത് അത് തീർക്കാൻ പറ്റില്ലല്ലോ .നാട്ടിൽ ചെല്ലുന്ന മാസം വീട്ടുചെലവിന് പണം കൈയിൽ വേണ്ടതിനാൽ അല്പം സാധനങ്ങളൊക്കെ വാങ്ങി . എന്റെ പഴയ ഡ്രെസ്സുകൾ എല്ലാം ഞാൻ പാക്ക് ചെയ്തു .
ഈ മാസത്തെ ശമ്പളത്തിൽ നിന്നും കഫീലിന് ഇതുവരെ കൊടുക്കാനുണ്ടായിരുന്ന പണം മുഴുവനും അവൻ പിടിച്ചെടുക്കുകയാണ് എങ്കിൽ എനിക്ക് കൂടുതലൊന്നും കിട്ടാൻ ഉണ്ടായിരുന്നില്ല. പക്ഷേ മുപ്പതാം തിയതി രാത്രി എന്റെ ശമ്പളം റിയാൽ പോലും കുറവില്ലാതെ മുഴുവനായും എന്റെ അക്കൗണ്ടിലേക്ക് അവൻ വിട്ടുതന്നു.
ഞാൻ ചിന്തിക്കുകയായിരുന്നു.എങ്ങിനെയാണ് കഴിഞ്ഞ രണ്ടു വർഷങ്ങൾ എനിക്കവിടെ പിടിച്ചുനിൽക്കാൻ കഴിഞ്ഞത് ? എന്റെ ഉമ്മയുടെയും ഭാര്യയുടെയും ഒക്കെ പ്രാർത്ഥനയാണോ ?അതോ ഒരു കുഞ്ഞിന്റെ പിതാവ് ആയപ്പോൾ എനിക്ക് അല്ലാഹു നൽകിയ പക്വതയാണോ , അതോ ഇതൊന്നും അല്ലാതെ അള്ളാഹു എനിക്ക് ഓശാരമായി നൽകിയ ക്ഷമയും സഹനവും ആണോ എന്താണ് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല . അവസാനമാസങ്ങൾ സാമ്പത്തിക നഷ്ടം കാരണം പ്രയാസങ്ങൾ അനുഭവിച്ചെങ്കിലും , മറ്റുള്ള പല കാരണങ്ങൾകൊണ്ടും സന്തോഷകരമായിരുന്നു. എങ്കിലും ഇത്തവണത്തെ പ്രവാസത്തിലെ ആദ്യത്തെ ഒരുവർഷം എനിക്ക് ചിന്തിക്കാൻപോലും കഴിയാത്ത അത്ര മാനസിക പ്രയാസങ്ങൾ ആയിരുന്നു. അത് നീന്തിക്കടക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. എല്ലാം കഴിഞ്ഞ് രണ്ടു വർഷം തികഞ്ഞു ഞാൻ പ്രതീക്ഷിച്ചതു പോലെ ഇന്ന് ഞാൻ ഇവിടെ എത്തിയിരിക്കുന്നു.
ജീവിതത്തിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു വ്യത്യസ്തമായ പ്രതികാരം മാഡത്തിന് ഞാൻ കൊടുക്കുകയും ചെയ്തു എത്രയോ കാലമായി അവളോടുള്ള പ്രതികാരം ഞാൻ മനസ്സിൽ കൊണ്ടുനടക്കുകയായിരുന്നു എന്ന് സ്വാർത്ഥതയോടെ തന്നെ ഞാൻ ചിന്തിക്കുന്നു. പലനിലക്കും എന്നെ അടിച്ചമർത്തുമ്പോൾ, അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ, പ്രാരാബ്ധക്കാരനായ എന്റെ കഴിവിന്റെ പരിധിയിൽ നിന്നുകൊണ്ട് മറ്റൊരാളെ ദ്രോഹിക്കാതെ ചെയ്യാൻ കഴിയുന്ന ഒരു പ്രതികാരം എന്റെ മനസ്സിലുണ്ടായിരുന്നു. എന്റെ കാലാവധി തീരുന്നതുവരെ ഏതൊക്കെ മേഖലയിൽ പ്രതിസന്ധികൾ വന്നാലും എല്ലാം ക്ഷമയോടെ തരണം ചെയ്തു, സമാധാനത്തോടെ കാലാവധി പൂർത്തിയാക്കി, ഇനിയൊരിക്കലും ഇവരുടെ അടുത്തേക്ക് തിരിച്ചു വരില്ല എന്ന് മുഖത്തുനോക്കി പറഞ്ഞു , ഫൈനൽ എക്സിറ്റ് അടിപ്പിച്ചു , ടിക്കറ്റും അവരുടെ പണത്തിന് തന്നെ എടുപ്പിച്ചു , ഞാൻ നാട്ടിലേക്ക് പോകും .
ഇതായിരുന്നു എന്റെ പ്രതികാരം ഇതുകൊണ്ട് ഒരു പക്ഷേ എന്നെ ഉപദ്രവിച്ചവർക്ക് ഒരു നഷ്ടവും സംഭവിക്കില്ലായിരിക്കാം പക്ഷേ എനിക്ക് , എന്റെ മനസ്സാക്ഷിക്ക്, ഇതാണ് വിജയം , ഏറ്റവും വലിയ വിജയം . മുൻകോപക്കാരനായ, ക്ഷമയില്ലാത്ത, എന്നൊക്കെ പേരുകേട്ട എനിക്ക് രണ്ടു വർഷം ക്ഷമയോടെ കടന്നു പോകാൻ കഴിഞ്ഞു എന്നത് തന്നെ അള്ളാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹമായി ഞാൻ കണക്കാക്കുന്നു.
ഡിസംബർ 31 ന് ജോലി നിർത്തി ജനുവരി ഒന്നിന് പ്രത്യേകിച്ച് എവിടെയും പോവാനില്ലാത്തതിനാൽ അന്നും ഞാനെന്റെ ജോലി തുടർന്നു .രാവിലത്തെ ഓട്ടമെല്ലാം കഴിഞ്ഞു ഉച്ചക്കു വീണ്ടും പുറത്തിറങ്ങിയ മാഡം ആഘോഷിക്കുക തന്നെയായിരുന്നു .രാത്രി എനിക്ക് മക്കത്തു പോവാനുണ്ടെന്ന് ഞാൻ കഫീലിന് മെസ്സേജ് അയച്ചു .ഓടിക്കൊണ്ടിരുന്ന ഓട്ടം അവസാന ദിവസവും കാത്തുകിടക്കലിൽ നിന്ന് വീണ്ടും കാത്തുകിടക്കലിലേക് നീങ്ങാനിരിക്കെ ഇനി എനിക്ക് തിരിച്ചു പൊയ്ക്കൂടേ എന്ന് മാഡത്തോട് ഞാൻ ചോദിച്ചു .മനസില്ലാ മനസ്സോടെ സമ്മതിച്ചെങ്കിലും ഞാൻ റൂമിലെത്തി ഭക്ഷണം കഴിച്ചു മക്കത്തേക്ക് പുറപ്പെടുന്നതിന്റെ മുൻപായി അവൾ വിളിച്ചു. അനിയത്തിയെ അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ പോയി കൊണ്ടുവരണമെത്രെ .എനിക്കിപ്പോൾ പറ്റില്ല എന്ന് ഞാൻ പറഞ്ഞു . പുറത്തേക്കു ചാടാനിരുന്ന ജാള്യത മറച്ചു വച്ച് 'ഓഹ് നീ മക്കത്തു പോവുകയാണോ?' എന്ന് ചോദിച്ചു
'അല്ല മക്കയെ ഞാൻ ഇങ്ങോട്ട് കൊണ്ടുവരികയാണ്' എന്നാണെന്റെ മനസ്സിൽ വന്നത് .ഒരുത്തനെ കഴുത്തറുക്കുമ്പോൾ പോലും ഒരിത്തിരി വെള്ളം കുടിക്കാനനുവദിക്കാത്ത .......
ഞാൻ കൊടുത്തതിനു പുറമെ അവൾക്കുള്ള പണികൾ വേറെ പല സ്ഥലത്തു നിന്നും കിട്ടി. ജോലിക്കാരി വീണ്ടും ഒഴിവാക്കി പോയി , ഡ്രൈവറും ഇതാ പിവാനിരിക്കുന്നു. പിന്നെ 2018 ജനുവരി ഒന്ന് മുതൽ സൗദിയിൽ ഒരുപാട് പുതിയ നിയമങ്ങൾ വന്നു. രാജ്യത്ത് ആദ്യമായി VAT ഏർപ്പെടുത്തി .ഹോട്ടൽ ഭക്ഷണം,മൊബൈൽ റീചാർജ് , തുടങ്ങി സകല നിഖില മേഖലകളിലും വില വർധന വന്നു . എല്ലാത്തിനും പുറമെ 00-75 റിയാലിന് കിട്ടിയിരുന്ന പെട്രോൾ 01-37റിയാലായി.75 പൈസയുടെ പെട്രോൾ അടിക്കുമ്പോൾ എന്നെ തെറി വിളിച്ച അവളെ മാത്രം ഉദ്ദേശിച്ചാണോ, പടച്ചവൻ ഞാൻ പോവുന്നതിനു ഒരു ദിവസം മാത്രം മുൻപ് ഈ വിലവർധനവ് കൊണ്ടുവരാൻ അധികാരികളെ തോന്നിപ്പിച്ചത് ..
ഏതായാലും ഒന്നാം തിയ്യതി രാത്രി മക്കയിൽ പോയി ഉംറ ചെയ്യലും പ്രാർത്ഥനയും എല്ലാം തീർത്ത് രണ്ടാം തീയ്യതി രാവിലെ മടങ്ങിപ്പോന്നു .പ്രാർത്ഥനയിൽ പതിവ് പോലെ ഒരുപാട് കാര്യങ്ങൾ കടന്നു വന്നു .കുടുംബക്കാർക്കും , മാതാപിതാക്കൾക്കും ,സ്നേഹിച്ചവർക്കും, സഹായിച്ചവർക്കും ,കഫീലിനും കുടുംബത്തിനും, മാഡത്തിനും (അതിന്റെ സ്വഭാവം ഒന്നു നന്നാവാൻ)എല്ലാര്ക്കും വേണ്ടി പ്രാർത്ഥിച്ചു ഇവളെപ്പോലുള്ള അല്പം ചവറുകൾ ഉള്ളതൊഴിച്ചാൽ ഈ നാട് എന്നും പ്രതീക്ഷയും ആശ്രയവും സ്നേഹവും ഒക്കെയാണ് എന്നും .മറ്റെവിടെയും കാണാത്ത പല സുമനസ്സുകളെയും എത്രയോ തവണ ഞാൻ ഇവിടെ നിന്നും കണ്ടിട്ടുണ്ട് . നടന്നു പിവുമ്പോൾ സൗജന്യമായി കാറിൽ കൊണ്ടുപോയി വിടുന്നവരും നോമ്പിനും മറ്റും ഭക്ഷണം വിതരണം ചെയ്യുന്നവരുമൊക്കെ. ഒരിക്കൽ കടപ്പുറത്ത് നീണ്ട കത്ത് കിടക്കലിൽ എനിക്കൊരു ചായ കുടിക്കാൻ തോന്നി.
മാസം തീരാൻ ഒന്നോ രണ്ടോ ദിവസം മാത്രം ബാക്കിയുള്ള അന്ന് എന്റെ പോക്കറ്റിൽ ഒരു റിയാലിന്റെ നോട്ടല്ലാതെ ഒന്നുമില്ല .ഞാൻ ചെന്ന് ചായക്ക് വില ചോദിച്ചു. 3 റിയാലെന്ന് മറുപടി . സാദാരണ സ്ഥലങ്ങളിൽ ഒന്നോ ഒന്നരയോ ഒക്കെയാണെങ്കിലും ഇവിടെ പാർക്കിലായതു കൊണ്ട് അധിക ചാർജാണ് എന്നാൽ വേണ്ട എന്ന് ചിന്തിച്ചു തിരിഞ്ഞു നടന്ന എന്റെ മനസ്സ് വായിച്ച അയാൾ എന്നെ തിരിച്ചു വിളിച്ച് എന്റെ കയ്യിലുള്ള ഒരു റിയാലും വാങ്ങാതെ എനിക്ക് നിർബന്ധിച്ചു ഒരു ഗ്ലാസ് ചായ തന്നു .ചായയിൽ പാലൊഴിക്കാണോ ' നാനാ' ഇടണോ എന്ന എന്റെ അഭിപ്രായം ചോദിച്ചു കൊണ്ടായിരുന്നു അത് .സ്വാഭാവികം എന്ന് പലർക്കും തോന്നാവുന്ന സംഭവമാണെങ്കിലും എനിക്ക് ഇതൊക്കെ ജീവിതത്തിലെ വലിയ അനുഭവങ്ങൾ തന്നെയാണ് .
മക്കത്തു നിന്നും ചൊവ്വാഴ്ച എട്ടുമണിയോടെ പുറപ്പെട്ടു നേരെ ശരഫിയ യിലേക്ക് വന്നു അവിടെനിന്നും അൽപ്പം സാധനങ്ങളൊക്കെ വാങ്ങുകയും മുടിയും താടിയുമൊക്കെ ശരിയാക്കുകയും ചെയ്തു ഉച്ചക്ക് നിസ്കാരവും കഴിഞ്ഞ് അളിയന്റെ റൂമിലേക്ക് പോകാനൊരുങ്ങി . അപ്പോഴാണ് എനിക്ക് പുതിയ ഒരു ആശയം തോന്നിയത് ടാക്സിക്ക് പോകാതെ 'ഹലജൻ ബസ്സിന്' (സ്വദേശികളായ പാവപ്പെട്ട സൗദികൾ ഓടിക്കുന്ന ജിദ്ദയിലെ ടൗണിൽ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന ബസ്സ് ) അതിൽ പോകാമെന്ന്.
പണ്ട് ഉംറക്ക് വന്ന കാലത്ത് ഞാൻ ഈ ബസിന്റെ ഒരു സ്ഥിരം കസ്റ്റമർ ആയിരുന്നു . അന്നൊരിക്കൽ ഞാനും കൂട്ടുകാരനും ഈ ബസിൽ യാത്രചെയ്യുമ്പോൾ ഒരു ഡ്രൈവർ രണ്ടു ടയറുകൾ പൊക്കി ബാക്കി രണ്ടു ടയറിൽ ഈ വണ്ടി ഓടിച്ച ചരിത്രം വരെയുണ്ട് . പലവിധ ലഹരിമരുന്നുകൾ ഉപയോഗിച്ചുകൊണ്ടാണ് ഇത്തരം ഡ്രൈവർമാർ വാഹനം ഓടിക്കുന്നത്.
മാത്രമല്ല വണ്ടിയുടെ കാര്യം ഏകദേശം ഒരു പറക്കും തളിക മോഡൽ ആയിരിക്കും ഏതായാലും 'അലജൻ ബസ്സ്' എന്നു വിളിക്കുന്ന ബസിൽ കയറാൻ ഞാൻ തീരുമാനിച്ചു 'റിയാലൈൻ ബസ്' (2 റിയാൽ) എന്ന പേരും ഇതിനുണ്ട് പേര് 2 റിയാൽ ആണെങ്കിലും ഇപ്പോൾ ഇതിന് മൂന്ന് റിയാൽ ആണ് ചാർജ് അങ്ങനെ ഞാനൊരു ബസ്സിൽ കയറി പണ്ടത്തെപ്പോലെ സാഹസം ഒന്നുമില്ല ഇപ്പോൾ 4 റിയാൽ ആണത്രെ ചാർജ് ഇന്നലെ പെട്രോളിന് വില കൂടിയത് മുതൽ ഞങ്ങളും കൂട്ടിയതാണ് എന്ന് പറഞ്ഞു. ഞാനിവിടെ അടുത്തൊരു സ്ഥലത്തു ഇറങ്ങാൻ ഉള്ളതാണ് എന്ന് പറഞ്ഞപ്പോൾ 3 റിയാലിന് സമ്മതിച്ചു. ബസ്സിറങ്ങി കഴിഞ്ഞപ്പോഴാണ് അടുത്ത പ്രതിസന്ധി ഹൈവേയുടെ മറുഭാഗത്ത് ആണ് അളിയന്റെ റൂം അവിടേക്ക് റോഡ് മുറിച്ചുകടക്കാൻ ബസ്സിൽ കയറിയതിനേക്കാൾ സാഹസം വേണം . ഇടതുഭാഗത്തു നിന്നും വാഹനങ്ങൾ വരുന്നതിനിടയിലെ ചെറിയ ഇടവേളകളിൽ പെട്ടെന്ന് റോഡ് മുറിച്ചു കടന്ന് നടുവിൽ സ്ഥാപിച്ച കോൺക്രീറ്റ് കട്ടകൾ ക്ക് മുകളിൽ ഒരു കുരങ്ങിന്റെ മെയ്‌വഴക്കത്തോടെ കയറിയിരിക്കണം .
എന്നിട്ട് വലതു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളുടെ ഒഴിവ് നോക്കി അപ്പുറത്തേക്ക് മുറിച്ചു കടക്കണം . അതിനിടയിൽ റോഡിന് നടുവിലെ ഈ ചെറിയ കോൺക്രീറ്റ് കട്ടക്ക് മുകളിൽനിന്ന് 'ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ വീണാൽ പിന്നത്തെ കാര്യം എടുക്കാൻ ഉണ്ടാവില്ല.ഏതായാലും അതിസാഹസികമായ റോഡ് മുറിച്ചു കടക്കലും കഴിഞ്ഞ് അളിയന്റെ റൂമിലെത്തി ഉച്ചഭക്ഷണം അവിടെ നിന്നും കഴിച്ച് അളിയനോട് യാത്ര പറഞ്ഞു ഞാൻ എന്റെ റൂമിലേക്ക് വന്നു. രാത്രിയിലെ 2 നിസ്കാരങ്ങളും റൂമിനടുത്തെ പള്ളിയിൽ കൂടാൻ തീരുമാനിച്ച ഞാൻ പള്ളിയിലേക്ക് നടന്നു.
(തുടരും )

HouseDriver - Part32



ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 32
ഡിസംബർ ആദ്യത്തിൽ തന്നെ പതിനായിരം രൂപ നാട്ടിലേക്ക് അയച്ചു . ഭാര്യയും മോളും വന്നു പോയപ്പോൾ ഇവിടെ കുറച്ചു കടം ഉണ്ടായിരുന്നതും തീർത്തു. ഈ മാസം കൂടി ജോലി ചെയ്തു ,അടുത്തമാസം എനിക്ക് നാട്ടിൽ പോകണം എന്നതാണ് ഞാൻ കഫീലിനെ അറിയിച്ചിരുന്നത് . ഇഖാമയുടെ കാലാവധി പൂർത്തിയാക്കുന്ന മാർച്ച് 23 തീയതിവരെ ജോലി ചെയ്യാൻ ഞാൻ തയ്യാറല്ല എന്ന് അറിഞ്ഞപ്പോൾ കഫീൽ എന്നോട് 'ജനുവരി മുഴുവനും ജോലിചെയ്ത് ഫെബ്രുവരിയിൽ നാട്ടിൽ പോയാൽ പോരേ' എന്ന് ചോദിച്ചു അതിനും ഞാൻ തയ്യാറല്ല ആദ്യം പറഞ്ഞതുപോലെ തന്നെ ജനുവരി ആദ്യത്തിൽ പോകണം എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഞാൻ ജോലി നിർത്തുന്നതിനു മുൻപ് തന്നെ ഡിസംബർ മൂന്നിന് എന്റെ വിസ ക്യാൻസൽ ചെയ്തു എക്സിറ്റ് അടിച്ചു . കഫീലിന് പുതിയ ഡ്രൈവർ വിസ ഇറക്കാൻ വേണ്ടിയായിരുന്നു അത്
എന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ലെന്നും ഇനി എന്നോട് കരുണ ഭാവിച്ച് അഭിനയം തുടരുന്നതിൽ അർത്ഥം ഒന്നുമില്ലെന്നും മനസ്സിലാക്കിയ മാഡം പരമാവധി എന്നെ ഉപദ്രവിക്കാൻ തുടങ്ങി . എണ്ണ അടിക്കാൻ നേരത്ത് 'ഇതിന് മുൻപ് എന്നാണ് അടിച്ചതെന്നും , അതിനുശേഷം എവിടെയൊക്കെയാണ് ഓടിയതെന്നും 'എന്നെ കൊണ്ടു വീണ്ടും വീണ്ടും പറയിപ്പിച്ചു . സാധാരണ പമ്പിൽ വെച്ച് പറയുന്ന തെറികൾക്ക് പുറമേ വണ്ടിയിൽ വെച്ചും, ഓട്ടം ചെല്ലുന്ന സ്ഥലത്തു വെച്ചും ,എണ്ണ വിഷയത്തിൽ അവളെന്നോട് ഉച്ചത്തിൽ വഴക്കിട്ടു. രണ്ടുവർഷം തികയാൻ പോകുന്ന ഡിസംബറിൽ പോലും സ്വന്തം ആവശ്യങ്ങൾക്ക് എണ്ണ അടിക്കുന്ന വിഷയത്തിൽ അവൾ ഡ്രൈവറെ തെറി പറയാറുണ്ടെന്ന് ഞാൻ പറഞ്ഞാൽ കേൾവിക്കാർക്ക് ഒരുപക്ഷേ വിശ്വസിക്കാൻ പ്രയാസമാണെങ്കിലും അതായിരുന്നു സത്യം.
നല്ല നിലയിൽ, സമാധാനത്തോടെ യുള്ള ,എൻറെ നാട്ടിൽ പോക്ക് മുടക്കാൻ വേണ്ടി അവൾ പല കളികളും വേറെയും കളിച്ചു. റൂമിൽ നിന്നും ഞാനാകെ പുറത്തുപോയിരുന്ന 'പള്ളിയിൽ പോക്ക്' വരെ മുടക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു. അതിനവൾ പ്രയോഗിച്ച സൂത്രം , ബാങ്കു വിളിക്കുന്നതിന് മുമ്പ് തന്നെ 'എവിടെയും പോകരുതെന്നും' പറഞ്ഞു എനിക്ക് ഫോൺ ചെയ്യും. ഞാനുടനെ തയ്യാറായി പുറത്തു കാത്തു നിൽക്കും . ബാങ്കു വിളിച്ചു 20 മിനിട്ടിനുശേഷം പള്ളിയില് നിസ്കാരവും കഴിഞ്ഞ് ആളുകളെല്ലാം പിരിഞ്ഞുപോയി പിന്നെയും അരമണിക്കൂറോളം കഴിഞ്ഞിട്ടാണ് അവൾ പുറത്തേക്ക് വരിക അതുവരെ പള്ളിയിൽ പോലും പോകാതെ ഞാൻ പുറത്തു കാത്തു നിൽക്കണമായിരുന്നു. രണ്ടുമൂന്നു ദിവസം ഇതേ പ്രവൃത്തി തുടർന്നപ്പോൾ നാലാം ദിവസം ഞാൻ വളരെ സൗമ്യമായി പറഞ്ഞു "നിസ്കാരം കഴിഞ്ഞ് പിന്നെയും ഒരുപാട് സമയം കഴിഞ്ഞിട്ട് ആണല്ലോ നീ ഇറങ്ങി വരാറുള്ളത് പിന്നെ എന്തിനാണ് പള്ളിയിൽ പോലും പോവാതെ ഞാൻ ഇവിടെയിരിക്കുന്നത്"എന്റെ മേൽ ചാടിവീഴാൻ കിട്ടിയ അവസരം അവൾ ശരിക്കും മുതലെടുത്തു "പറയുന്നത് അനുസരിച്ചാൽ മതി താഴെ റെഡിയായി നിൽക്കാൻ പറഞ്ഞാൽ അങ്ങനെ ചെയ്യണം , ഞാൻ ഇറങ്ങി വരുമ്പോൾ നീ അവിടെ ഉണ്ടായിരിക്കണം അല്ലാതെ കൂടുതൽ സംസാരിക്കേണ്ട"
നിർവികാരതയോടെ അത് മുഴുവൻ കേട്ട് അവൾ പറഞ്ഞതുപോലെ ചെയ്യാൻ എനിക്ക്, കഴിഞ്ഞ രണ്ടുവർഷം ഞാൻ നേടിയെടുത്ത ക്ഷമയും സഹനവും ധാരാളം മതിയായിരുന്നു. ഈ അവസാനമാസം ഞാനും അവളും തമ്മിൽ ഇതിലും കൂടുതൽ ആയി പോരാട്ടം നടക്കാൻ സാധ്യതയുണ്ട്. കാരണം എന്റെ തിരിച്ചുപോക്ക് പ്രശ്നത്തിൽ പെട്ടുകൊണ്ടാവാൻ അവൾ ശ്രമിക്കുന്നുണ്ട്. ഞാനാണെങ്കിലോ ഇത്രയുംകാലം സഹിച്ചതും ക്ഷമിച്ചതും മുഴുവനും നല്ല നിലയിൽ രണ്ടു വർഷം പൂർത്തിയാക്കി സന്തോഷത്തോടെ നാട്ടിൽ പോകാനും ആണ് .
ഞാനൊരു നല്ല ഡ്രൈവർ അല്ലെന്നും വെറുതെ വെപ്രാളപ്പെട്ട് ഓരോന്നു വരുത്തിവയ്ക്കുന്ന , ഒരു ഡ്രൈവർ എന്ന നിലക്ക് വട്ടപൂജ്യം ആയിരുന്ന ഒരാളായിരുന്നു എന്നും തെളിയിച്ചുകൊണ്ട് ഡിസംബർ 10ന് കഫീലിന്റെ വലിയ വണ്ടിയുടെ ഇടതുഭാഗത്തെ കണ്ണാടി ഞാൻ പൊട്ടിച്ചു.
അവന്റെ വണ്ടിയുടെ ബ്രേക്ക് എടുക്കാനായിരുന്നു. സാധാരണ എല്ലാ കാര്യവും പിന്നത്തേക്ക് വെക്കുകയും , വൈകിക്കുകയും ചെയ്യുന്ന അവൻ, ഞാൻ നാട്ടിൽ പോകുന്നതിനു മുൻപായി ഈ വക കാര്യങ്ങളൊക്കെ തീർക്കാനുള്ള ശ്രമത്തിലാണ്. അതുകൊണ്ടുതന്നെ ഡിസംബർ എനിക്ക് വർക്കുഷോപ്പ്കളുടേയും മറ്റ് ചുറ്റുപാടുകളുടെയും മാസമായിരുന്നു . വണ്ടി വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകാനായി ഞാൻ കഫീലിന്റെ ഓഫീസിൽ ചെന്ന് , എന്റെ വണ്ടി അവിടെ പാർക്ക് ചെയ്തു അവന്റെ വണ്ടിയെടുത്ത് പോകാൻ ഒരുങ്ങുകയായിരുന്നു . പിന്നിലേക്ക് നോക്കി വണ്ടി പിറകോട്ടെടുത്ത, ഞാൻ ഇടതുഭാഗത്തെ കോൺഗ്രീറ്റ് തൂൺ ശ്രദ്ധിച്ചില്ല. വണ്ടിയുടെ കണ്ണാടി, ചില്ല് അടക്കം മൊത്തത്തിൽ തരിപ്പണമായി .
ഓരോരോ പ്രശ്നങ്ങൾ എന്നെ വിടാതെ പിന്തുടരുന്നല്ലോ എന്ന് ചിന്തിക്കുന്നതിനേക്കാൾ, മറ്റെന്തോ വലിയ പ്രശ്നം വരാതിരുന്നത് ഇതുപോലെ ചെറിയതിൽ ഒതുങ്ങി എന്ന് വിശ്വസിക്കുവാനാണ് ഒരു ദൈവ വിശ്വാസിയായ എനിക്ക് തോന്നിയത്. ഒട്ടും സമയം കളയാതെ ഞാൻ വണ്ടിയുമെടുത്ത് സ്പെയർ പാർട്സ് കടയിൽ പോയി . അമേരിക്കൻ നിർമിത വാഹനമായ GMC യുടെ കണ്ണാടി വാങ്ങാൻ ഒരുപക്ഷേ ഇന്ത്യൻ ഡ്രൈവറുടെ ഒരുമാസത്തെ ശമ്പളം തികയാതെ വരും.അതുകൊണ്ടുതന്നെ പോകുന്ന വഴിയിലെല്ലാം ഞാൻ അല്ലാഹുവിനോട് പ്രാർഥിച്ചത് , 'എല്ലാ തവണത്തെയും പോലെ മലപോലെ വന്നത് മഞ്ഞുപോലെ ഒഴിവാക്കിത്തരണമെന്ന്' ആയിരുന്നു. കടയിൽ പോയി ഒരുപാട് അന്വേഷണങ്ങൾക്കു ശേഷം 110റിയാലിനു ( 2000 രൂപ) ഡൂപ്ലിക്കേറ്റ് കണ്ണാടി വാങ്ങി (പൊട്ടിയതും ഡൂപ്ലിക്കേറ്റ് തന്നെയായിരിക്കണം)വർക്ക് ഷോപ്പിലേക്ക് പോയി .
അവിടെ വെച്ച് ഉണ്ടായ സംഭവങ്ങൾ ഒക്കെ കഫീലിന് മെസേജ് അയച്ചു അപ്പോഴാണ് അയാൾ വിവരമറിയുന്നത്. ഞാൻ വരുത്തിവെച്ചത്, ഞാൻ തന്നെ മിനുട്ടുകൾക്കുള്ളിൽ പണം മുടക്കി ശരിയാക്കി എന്നറിഞ്ഞപ്പോൾ അയാൾക്ക് പിന്നെ അധികം ഒന്നും പറയാനുണ്ടായിരുന്നില്ല 'നിനക്കിത് എന്തുപറ്റി' എന്ന് ചോദിച്ചതിന് 'എന്തുപറ്റിയെന്ന് എനിക്കു തന്നെ അറിയില്ല' എന്ന് ഞാൻ മറുപടി പറഞ്ഞു. ജോലി നിർത്താൻ ഇനിയും അര മാസം കൂടി ബാക്കി നിൽക്കേ ഇവിടെ വന്നിട്ട് വണ്ടിയുടെ തട്ടി മുട്ടലുകളിൽ മൊത്തത്തിൽ എനിക്ക് ഇതുവരെയായി 710 റിയാൽ (12000 രൂപ) നഷ്ടമായി . മാസം തീരാൻ ഇനിയും ദിവസങ്ങൾ ബാക്കി ഉണ്ട്. എനിക്കു മാത്രമല്ല എന്നെപ്പോലെ പല ഡ്രൈവർമാർക്കും അധ്വാനിച്ചുണ്ടാക്കിയ പണം ഇതുപോലെ നഷ്ടപ്പെടുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട് .എന്റെ അയൽവാസി പാകിസ്താനി ഒരിക്കൽ മറ്റൊരു വണ്ടിയുടെ പിറകിൽ ഇടിച്ചതിനു അയാൾക്ക് 500 റിയാൽ നഷ്ടമായി.ഞങ്ങളുടെ ബിൽഡിങ്ങിലെ തന്നെ പുതിയതായി വന്ന ശ്രീലങ്കക്കാരൻ ഇവിടെ വന്നു ആദ്യത്തെ കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ അയാളുടെ ഒരു മാസത്തെ ശമ്പളമായ 1500 റിയാൽ നഷ്ടമായി.
അയാളുടെ വണ്ടി പിറകോട്ട് എടുത്തസമയത്ത് , പിറകിലൂടെ ഓടിക്കളിച്ച ഒരു ചെറിയ പെൺ കുട്ടിയുടെ ദേഹത്ത് തട്ടി. കുട്ടിക്ക് പരിക്കൊന്നും പറ്റിയില്ലെങ്കിലും അതിന്റെ മാതാപിതാക്കൾ 4000 റിയാൽ നഷ്ടപരിഹാരം വേണമെന്ന് പറഞ്ഞു. ആ സമയത്ത് ഡ്രൈവറും മാഡവുമായിരുന്നു വണ്ടിയിലുണ്ടായിരുന്നത് . പോലീസിനെ വിളിക്കും എന്നും മറ്റും പറഞ്ഞു പ്രശ്നം ഉണ്ടാക്കിയപ്പോൾ വണ്ടിയിലുണ്ടായിരുന്ന മാഡം പേടിച്ച് ഉടനെ അവർ ചോദിച്ച തുക എടുത്തു കൊടുത്തു. അതോടെ ശ്രീലങ്കക്കാരന് ,ആ മാസം ശമ്പളം ഇല്ലാതെയായി . പട്ടിണി കിടന്ന് ചാവാതിരിക്കാൻ ആ മാസത്തിൽ അയാളുടെ കഫീൽ 200 റിയാൽ കൊടുത്തത്രേ. ഇങ്ങനെ ഒരുപാട് ആളുകൾക്ക് ശമ്പളം മുഴുവനും പകുതിയും ഒക്കെ നഷ്ടപ്പെടാറുണ്ട്. ജിദ്ദ പോലെയുള്ള തിരക്കുപിടിച്ച നഗരത്തിൽ പതിനായിരക്കണക്കിന് വാഹനങ്ങൾക്കിടയിലൂടെ നൂറുക്കണക്കിന് ദിവസങ്ങൾ കണ്ണും കാതും കൂർപ്പിച്ച് നേരത്തിനു ഭക്ഷണമോ വിശ്രമമോ ഇല്ലാതെ ജോലി ചെയ്യുന്നതിനിടയിൽ സ്വാഭാവികമായും സംഭവിക്കാവുന്ന തെറ്റുകൾക്ക് പാവം ഡ്രൈവർമാരുടെ വിയർപ്പിന്റെ വില വാങ്ങാൻ മടിയില്ലാത്തവരാണ് അധികം സൗദികളും. എങ്കിലും ചെറിയ ചെറിയ തെറ്റുകളും സ്വാഭാവികമായി സംഭവിക്കാവുന്ന വീഴ്ചകളും ഒക്കെ പൊറുത്ത് , ഡ്രൈവർമാരുടെ കൂടെ നിൽക്കുന്ന നല്ലവരായ സൗദികളും ഇവരുടെ കൂട്ടത്തിലുണ്ട് .
ഡിസംബർ പതിനാറാം തിയതി ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് എന്നെ എക്സിറ്റ് അടിച്ച പേപ്പർ കഫീൽ എന്നെ ഏൽപ്പിച്ചു . കൂട്ടത്തിൽ ജനുവരി രണ്ടാം തീയതി രാത്രി ജിദ്ദയിൽ നിന്നും പുറപ്പെട്ട് മൂന്നാം തീയതി ബോംബെയിലെ അഞ്ചുമണിക്കൂർ വെയ്റ്റിങ്ങും കഴിഞ്ഞ് ഉച്ചക്ക് രണ്ടുമണിയോടെ കോഴിക്കോട്ടെത്തുന്ന വിമാനടിക്കറ്റും അയാൾ തന്നു. അങ്ങനെ അവസാന മാസം, മാഡം കൂടുതൽ ക്രൂരയായെങ്കിലും കഫീൽ എന്നോട് പല കാര്യത്തിലും നീതി കാണിച്ചു. ഞാൻ പറഞ്ഞതുപോലെ എക്സിറ്റ് അടിച്ച് , ടിക്കറ്റും അവൻ എടുത്തു തന്നു എന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമായിരുന്നു . നാട്ടിൽ പോകാനുള്ള തീയതിവരെ തീരുമാനമായതോടെ ഞാനെന്റെ ഇവിടെയുള്ള പരിചയക്കാരോടൊക്കെ യാത്ര പറയാൻ തുടങ്ങി .
പള്ളിയിലെ പ്രായമായ സൗദികളോടൊക്കെ യാത്ര പറഞ്ഞു . നോമ്പിന് എനിക്ക് നൂറ് റിയാൽ തന്ന അതേ പ്രായമായ സൗദി, ഞാൻ നാട്ടിൽ പോകുന്നത് പറഞ്ഞപ്പോൾ എനിക്ക് 500 റിയാൽ (9000 രൂപ) തന്നു . താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു രാജ്യത്ത് ജീവിക്കുന്ന ഒരു ചെറുപ്പക്കാരന് കുറച്ചുകാലത്തെ പള്ളിയിലെ പരിചയം മാത്രം വച്ച് ഇത്രയും വലിയ സഹായം ചെയ്ത വ്യക്തിക്കുവേണ്ടി നല്ലതുവരാൻ പ്രാർത്ഥിക്കുകയല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാനില്ലായിരുന്നു.
കണ്ണാടി പൊട്ടലോടെ തകർന്നു തരിപ്പണമായ എന്റെ ഈ മാസത്തെ സാമ്പത്തിക സ്ഥിതി അങ്ങനെ വീണ്ടും ജീവൻ വെച്ചു. 17 ദിവസങ്ങൾക്കപ്പുറം വരാനിരിക്കുന്ന ജനുവരി രണ്ടാം തിയ്യതിയെ പ്രതീക്ഷിച്ചു കഫീൽ തന്നെ ടിക്കറ്റും കൈയ്യിൽ പിടിച്ച് ഞാനിരുന്നു. അപ്രതീക്ഷിതമായ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും ഒന്നും പെടുത്താതെ ഇതു വരെ എത്തിച്ച എന്നെ, കുറച്ചു ദിവസങ്ങൾകൂടി എത്തിക്കണമെന്ന് ഞാൻ അള്ളാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു
(തുടരും)

HouseDriver - Part 31



ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 31
മനുഷ്യരായ നമ്മൾ ഒന്നു തീരുമാനിക്കുകയും ദൈവം മറ്റൊന്ന് വിധിക്കുകയും ചെയ്യുന്നു. ശമ്പളം കൈയിൽവെച്ച് ഞാൻ കണക്കുകൂട്ടിയ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് 29 ആം തീയതി വൈകുന്നേരം എന്റെ വണ്ടി മറ്റൊരു വണ്ടിയുടെ പിറകിൽ ഇടിച്ചു. ഞങ്ങളുടെ ഫ്ലാറ്റിന്റെ താഴെ വണ്ടി കഴുകി കൊണ്ടിരിക്കുമ്പോഴായിരുന്നു മാഡം ഓട്ടം വിളിച്ചത് ഞാൻ ഉടനെ വണ്ടി കഴുകൽ പൂർത്തിയാക്കി വസ്ത്രം മാറി പുറപ്പെട്ടു വീട്ടിൽനിന്നും ഹൈവേയിലേക്ക് പ്രവേശിക്കാൻ തുടങ്ങുന്ന സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത് സാധാരണ വേഗതയിൽ വാഹനങ്ങളെല്ലാം ഓടിക്കൊണ്ടിരിക്കെ എന്റെ വണ്ടിയുടെ അല്പം മുന്നിൽവെച്ച് ഒരു വണ്ടിക്കാരന് പെട്ടെന്ന് ബ്രേക്ക് പിടിക്കേണ്ടി വന്നു അപ്രതീക്ഷിതമായ ആ ബ്രേക്കിൽ എന്റെ തൊട്ടു മുൻപിലെ വണ്ടിക്കാരനും ഒരുവിധത്തിൽ ചവിട്ടി നിർത്തി എല്ലാവരെയും പോലെ ഞാനും ആഞ്ഞു ചവിട്ടി
അഞ്ച് മിനിട്ട് മുൻപ് വണ്ടി കഴുകിയപ്പോൾ സോപ്പും വെള്ളവും എല്ലാം ബ്രേക്ക്നുള്ളിൽ കയറിയത് കൊണ്ടാണോ എന്നറിയില്ല ഞാൻ പ്രതീക്ഷിച്ച സ്ഥലത്ത് വണ്ടി നിന്നില്ല എന്തിന് കൂടുതൽ പറയണം മുൻപിലുള്ള വണ്ടിയുടെ പിറകിലേക്ക് ഞാൻ എന്റെ വണ്ടി ഇടിച്ചു കയറ്റി ആ നിമിഷത്തിൽത്തന്നെ എന്റെ എല്ലാ പ്രതീക്ഷകളും തെറ്റി കാര്യങ്ങൾ കീഴ്മേൽ മറിയുന്നത് എന്റെ മനസ്സിലൂടെ ഒരു മിന്നായം പോലെ കടന്നുപോയി എങ്കിലും സാധാരണ പോലെ ആത്മസംയമനം കൈവിടാതെ ഞാൻ കാര്യങ്ങൾ കൈകാര്യം ചെയ്തു കഫീലിനെ വിളിച്ച് വിവരം പറഞ്ഞു ഉണ്ടായതെല്ലാം സത്യമായിത്തന്നെ പറഞ്ഞു ഞാൻ ചെന്നിടിച്ച വണ്ടിയിലെ ആളുമായി പരിചയപ്പെട്ട് ഇൻഷുറൻസ് ഏജൻസിയെ വിളിച്ച് തുടർ നടപടികൾ സ്വീകരിച്ചു ആ വണ്ടിയിൽ ജിദ്ദയിലെ ഒരു ബാങ്കിൽ ജോലിചെയ്യുന്ന ബ്രിട്ടൻ പൗരൻ ആയിരുന്നു
വളരെ മാന്യമായി പെരുമാറിയ അയാൾ കുടുംബത്തോടൊപ്പം യാത്ര പോകുമ്പോഴായിരുന്നു സംഭവം അയാൾ ഓടിച്ച വാഹനം വാടകക്കെടുത്തതുമായിരുന്നു ഇൻഷുറൻസ് ഏജന്റ് വരുന്നതിനു മുമ്പ് കഫീൽ വന്ന് മാഡത്തെ വിളിച്ചുകൊണ്ടുപോയി ഞാൻ അവിടെ തന്നെ നിന്നു ഏജന്റ് വന്നപ്പോൾ ചോദിച്ചതിനും സത്യമായിത്തന്നെ മറുപടി പറഞ്ഞു മറ്റൊരു വണ്ടിയുടെ പിറകിൽ ഇടിച്ചതു കൊണ്ട് തെറ്റ് പൂർണമായും എന്റെ ഭാഗത്തായിട്ടാണ് റിപ്പോർട്ട് വന്നത് എന്റെ വണ്ടിക്ക് ഇൻഷുറൻസ് ഉണ്ടായതുകൊണ്ട് അതുപയോഗിച്ച് മറ്റേ വണ്ടിയുടെ കേടുപാടുകൾ തീർക്കാനുള്ള പേപ്പറുകൾ ശരിയാക്കി കൊടുത്തു എന്റെ വണ്ടി അയാളുടെ വണ്ടിയെ ആണ് ഇടിച്ചതെങ്കിലും ആ വണ്ടിയിൽ ചെറിയ പരിക്കുകളെ ഉണ്ടായിരുന്നുള്ളൂ പരിക്ക് മുഴുവൻ എന്റെ വണ്ടിക്കായിരുന്നു
വണ്ടിയുടെ ബോണറ്റ് അടക്കമുള്ള മുൻഭാഗം ഉള്ളിലേക്ക് മടങ്ങിവന്നു ബമ്പറിലും ചെറിയ പൊട്ടൽ സംഭവിച്ചിട്ടുണ്ട് അത് നിലത്തേക്ക് തൂങ്ങി ഇനി വർക്ക് ഷോപ്പിൽ പോയി ഉള്ളിലേക്ക് മടങ്ങി നിന്ന ബോണറ്റ് തുറക്കുമ്പോഴാണ് അകത്ത് എൻജിന്റെ ഭാഗത്ത് എന്തെല്ലാം സംഭവിച്ചിരിക്കും എന്ന് അറിയുക എത്രയും പെട്ടെന്ന് ഞാൻ പണം മുടക്കി വണ്ടി ശരിയാക്കണം എന്ന രൂപത്തിലായിരുന്നു അന്ന് രാത്രിയിൽ കഫീലിന്റെ സംസാരം മുഴുവൻ "തനിക്ക് ഏതു വർക്ക് ഷോപ്പിലേക്ക് വേണമെങ്കിലും നാളെ രാവിലെ തന്നെ പോയേക്ക് എന്നിട്ട് വണ്ടി പഴയ രൂപത്തിലാക്കി കൊണ്ടുവന്നേക്കണം" എന്നയാൾ പറഞ്ഞു അയാൾ പറയാതെ തന്നെ എന്റെ പണം നഷ്ടപ്പെട്ടു എന്നത് ഞാൻ വണ്ടി തട്ടിയ അതേ നിമിഷത്തിൽത്തന്നെ ഉറപ്പിച്ച കാര്യം ആയിരുന്നു
പക്ഷേ എന്നെ സംബന്ധിച്ച് ഇന്ന് ഞാൻ നേരിട്ട ഏറ്റവും വലിയ പ്രശ്നം ഇതൊന്നുമായിരുന്നില്ല രാത്രി റൂമിലേക്ക് മടങ്ങി വന്നിട്ട് ഭാര്യയെ എങ്ങനെ അഭിമുഖീകരിക്കും എന്നതായിരുന്നു എന്റെ പ്രശ്നം ഇവിടുത്തെ എന്റെ അവസ്ഥയും വിശ്രമമില്ലാത്ത ജോലിയും എല്ലാം കണ്ട് അവൾ ഒരുപാട് വിശമിക്കുന്നുണ്ടായിരുന്നു ഈ പ്രശ്നം കൂടി അവളോട് പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്നറിയില്ല ഒരു മാസത്തിന് വിദേശത്തേക്ക് ഭർത്താവിനോടൊത്ത് കഴിയാൻ വന്ന അവളെ ഇന്ന് എങ്ങനെ അഭിമുഖീകരിക്കുമെന്ന് ചിന്തിച്ച് ഞാൻ വിഷമിച്ചു അവസാനം ഈ പ്രശ്നവും പഴയതുപോലെ മറ്റാരുമറിയാതെ ഞാൻ തന്നെ സഹിക്കാൻ തീരുമാനിച്ചു
മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് എന്നെ മനസ്സിലാക്കി തന്നു കൊണ്ട് ഞാൻ റൂമിലേക്ക് ചെന്ന ഉടനെ ഭാര്യ സംശയം പ്രകടിപ്പിച്ചു "ഇന്നെന്തു പറ്റി മുഖത്ത് വല്ലാത്തൊരു വിഷമം ഉണ്ടല്ലോ എന്തെങ്കിലും പ്രശ്നം ഉണ്ടോ" എന്ന് ചോദിച്ചു "മാഡത്തിന്റെ ശല്യങ്ങൾ കൊണ്ടും കൈയിൽ പണം കുറഞ്ഞുവരുന്നത് കൊണ്ടും ഒക്കെ ആണ്" എന്നു ഞാൻ കള്ളം പറഞ്ഞു ഭാര്യയെപ്പോലും അറിയിക്കാത്ത എന്റെ ആ ഭാരം മുഴുവൻ ഞാൻ ഇറക്കി വെച്ചത് എല്ലാ തവണത്തെയും പോലെ അള്ളാഹു വിന്റെ മുൻപിൽ മാത്രമായിരുന്നു പ്രതിസന്ധികളിൽ പിടിച്ചുനിൽക്കാനുള്ള ശക്തി തരണേ എന്നും ഇപ്പോൾ വന്ന ഈ വിഷമം മലപോലെ വന്നത് മഞ്ഞുപോലെ ഒഴിവാകുന്ന രൂപത്തിലാക്കി തരണേ എന്നും ഞാൻ ആത്മാർഥമായി പ്രാർത്ഥിച്ചു
പിറ്റേന്ന് രാവിലെയുള്ള ഓട്ടങ്ങൾ കഴിഞ്ഞു കഫീൽ പറഞ്ഞതനുസരിച്ച് ഞാൻ വർക്ക് ഷോപ്പിലേക്ക് പോയി പണ്ട് എന്റെ മൊബൈൽ ടാക്സിയിൽ മറന്നുവെച്ച അന്ന് പരിചയപ്പെട്ട വർക്ക്ഷോപ്പിലെ പാക്കിസ്ഥാനിയെ ലക്ഷ്യം വെച്ചാണ് ഞാൻ പോയത് അയാളുടെ വർക്ക് ഷോപ്പിൽ എത്തുന്നതിനു മുൻപായി ഒരു ഇത്തോപ്പിയക്കാരൻ എന്നെ കൈകാണിച്ചു നിർത്തി അയാളുടെ വർക്ക് ഷോപ്പിൽ വെച്ച് പണിയെടുപ്പിക്കാം എന്നും പരമാവധി ചെറിയ തുകക്ക് തന്നെ ശരിയാക്കിത്തരാം എന്നും പറഞ്ഞു ഞാൻ അയാളോടൊപ്പം അയാളുടെ വർക്ക് ഷോപ്പിലേക്ക് പോയി അവിടെ തൊട്ടടുത്തുള്ള അയാളുടെ ഷോപ്പിൽ വെച്ച് വണ്ടി മുഴുവനായും പരിശോധിച്ചു ഉള്ളിലെ പ്രശ്നങ്ങളും കണ്ടുപിടിച്ചു എന്റെ ഭാഗ്യത്തിന് എഞ്ചിന്റെ ഭാഗത്ത് വലിയ തകരാർ ഒന്നും സംഭവിച്ചിട്ടില്ലായിരുന്നു
എല്ലാത്തിനും കൂടി പെയിന്റിംഗ് ഉൾപ്പെടെ 500 റിയാൽ അയാൾ ചാർജ് പറഞ്ഞു ഞാൻ എന്റെ പ്രശ്നം അയാളെ പറഞ്ഞു മനസ്സിലാക്കി ഇതിന് ചെലവ് വരുന്ന പണം 1700 റിയാൽ ശമ്പളക്കാരനായ എന്റെ കൈയിൽ നിന്നാണ് ചിലവാകുന്നത് എന്നറിഞ്ഞപ്പോൾ അയാൾ 300 റിയാലിന്ന് പെയിന്റിംഗ് ഉൾപ്പെടാതെ പണിയെല്ലാം ചെയ്യാം എന്നു പറഞ്ഞു മാത്രമല്ല പണിയെടുക്കുന്ന സമയത്ത് വളരെ ശ്രദ്ധിച്ച് വണ്ടിയുടെ പെയിന്റ് നഷ്ടപ്പെടുത്താതെ പണിയെടുക്കാം എന്നും , ചെറിയ ചില അടയാളങ്ങൾ ഒക്കെ ബാക്കിയായാൽ അത് അയാളുടെ കൈയിലുള്ള പെയിന്റ് കൊണ്ട് ടച്ച് ചെയ്തു തരാം എന്നും പറഞ്ഞു വിലപേശലിനൊടുവിൽ 250 റിയാലിന് അയാൾ സമ്മതിച്ചു . 250 റിയാൽ (4500 രൂപ) നഷ്ടപ്പെട്ടതിനേക്കാളേറെ ഒരുപാട് ആശങ്കകൾക്ക് ഇടവരുത്തിയ ഒരു പ്രശ്നം ഈ സംഖ്യ കൊണ്ട് തീരുന്നു കിട്ടിയല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക്
രാത്രിയോടെ ഞാനും കഫീലും ചെന്ന് ,അവനു വണ്ടി കാണിച്ചുകൊടുത്തു ബോധ്യപ്പെട്ടു വണ്ടിയുമായി തിരിച്ചുപോന്നു വർക്ക് ഷോപ്പിൽ വെച്ച് ഞാൻ പണം കൊടുത്തപ്പോൾ അയാൾ മൊബൈലിലേക്കും മറ്റും ശ്രദ്ധിച്ച് ഒന്നുമറിയാത്തപോലെ നിന്നു. കുടുംബത്തിന്റെ മടങ്ങിപ്പോകൽ വരെയുള്ള എന്റെ ബജറ്റിൽ നിന്നും 250 റിയാൽ കുറവു വന്നത് നല്ലൊരു കുറവ് തന്നെയായിരുന്നു എങ്കിലും ഞാനത് ആരേയും അറിയിക്കാതെ തരണം ചെയ്തു എത്രയൊക്കെ സാമ്പത്തികബുദ്ധിമുട്ട് അനുഭവിച്ചാലും കഫീലിന്റെയോ അയാളുടെ ഭാര്യയുടെയോ അല്പം കരുണക്ക് വേണ്ടി ഇപ്പോൾ ഞാൻ യാചിക്കാറില്ല എന്നത് എല്ലാ അടിമപ്പെടലുകൾക്ക് ഇടയിലും ഒരു മലയാളി എന്ന നിലക്ക് എന്റെ ആത്മാഭിമാനത്തെ ഉയർത്തിപ്പിടിച്ചു
ഭാര്യയും മോളും ഒരു മാസം താമസിച്ച് മടങ്ങുന്നതുവരെ ഒരിക്കൽപോലും ഞാൻ അവരുടെ വണ്ടി ആവശ്യപ്പെട്ടില്ല ഞങ്ങളുടെ യാത്രകൾ മുഴുവനും ടാക്സിയിലായിരുന്നു ഒരു തവണ മക്കത്തു പോയി വരാൻ 150 റിയാൽ (3000 രൂപ) ടാക്സി ചാർജ് വേണമായിരുന്നു എന്റെ വണ്ടിയുമായി പോവുകയാണെങ്കിൽ ഇരുപതു റിയാലിന്റെ (350 രൂപ) എണ്ണ പോലും ആവശ്യമായി വരില്ലായിരുന്നു പക്ഷേ ഞാനൊരിക്കലും കഫീലിന്റെ വണ്ടി ആവശ്യപ്പെട്ടില്ല മൊത്തത്തിൽ നാലുപ്രാവശ്യം റൂമിൽ നിന്നും മക്കത്തേക്കും ഒരു പ്രാവശ്യം മദീനയിലേക്കും ഭാര്യയെയും കൂട്ടി പോവാൻ ഞാൻ ഒരു ദിവസത്തേക്ക് മാത്രമാണ് അവധിയെടുത്തത് അത് മദീനത്തെക്ക് പോയ അന്നായിരുന്നു മക്കത്തേക്കുള്ള ഞങ്ങളുടെ യാത്ര മുഴുവൻ , സാധാരണ ഞാൻ തനിച്ചു പോകുന്നപോലെ അർദ്ധരാത്രി വരെ ജോലി ചെയ്തു ഓട്ടങ്ങൾ എല്ലാം കഴിഞ്ഞു എന്നുറപ്പിച്ച് ഉറങ്ങാൻ കിട്ടുന്ന അല്പം സമയത്തായിരുന്നു
അവർ തിരിച്ചു പോകുന്നതിന്റെ മുമ്പ് ഒരിക്കൽ മാഡം അവരെയും കൂട്ടി വീടിനടുത്തുള്ള കടയിൽ പോയി മോൾക്കും ഭാര്യക്കും അല്പം വസ്ത്രങ്ങളൊക്കെ വാങ്ങി കൊടുത്തിരുന്നു കഫീൽ പണം കൊടുത്തു അവളെ കൊണ്ട് ചെയ്യിപ്പിക്കുക യായിരുന്നു എന്നാണ് എന്റെ ഊഹം കാരണം അവൻ പലപ്പോഴും എന്റെ മകളുടെ പ്രായവും ഉടുപ്പിന്റെ അളവും ഒക്കെ എന്നോട് ചോദിച്ചിരുന്നു എന്നോട് എങ്ങനെയൊക്കെ പെരുമാറിയാലും എന്റെ മോളെ മാഡത്തിന് വലിയ ഇഷ്ടമായിരുന്നു ഭാര്യയെയും മോളെയും ഇടയ്ക്ക് അവരുടെ ഫ്ളാറ്റിൽ കൊണ്ടുപോയി ഇരുത്തുകയും അറിയാവുന്ന ഭാഷയിൽ സംസാരിക്കുകയും ഒക്കെ ചെയ്യും അതുപോലെ കഫീലിന്റെ ഉമ്മാക്കും പെങ്ങൾക്കും ഞാൻ എൻറെ കുടുംബത്തെ പരിചയപ്പെടുത്തി കൊടുക്കുകയും അവരുടെ ഫ്ലാറ്റിലേക്ക് ഇടക്ക് ഇവരെ പറഞ്ഞയക്കുകയും ഒക്കെ ചെയ്തു
ഭാര്യ വന്നപ്പോൾ നാട്ടിൽ നിന്നും രണ്ട് കിലോ തേൻ കൊണ്ടുവന്നിരുന്നത് ഞാൻ നാല് കുപ്പികളിലാക്കി കഫീലിന്റെ ഫ്ളാറ്റിലേക്കും , അവന്റെ ഉമ്മയുടെ ഫ്ലാറ്റിലേക്കും , അവന്റെ പെങ്ങളുടെ വീട്ടിലേക്കും , മാടത്തിന്റെ വീട്ടിലേക്കുമായി കൊടുത്തു ഭാര്യയും മോളും തിരിച്ചു പോകുന്നതിന്റെ മുമ്പ് കഫീലിന്റെ ഉമ്മ മോൾക്ക് സമ്മാനമായി പണം കൊടുത്തിരുന്നു പുണ്യസ്ഥലങ്ങളിൽ സന്ദർശനങ്ങളും കർമ്മങ്ങളും എല്ലാം നല്ല നിലയിൽ ചെയ്തുതീർത്തു നവംബർ ഒമ്പതാം തിയതി 28 ദിവസത്തെ ഉംറ വിസയുടെ കാലാവധി അവസാനിച്ചു ഭാര്യയും മോളും നാട്ടിലേക്ക് പോയി അങ്ങനെ ജീവിതത്തിലെ വലിയ ഒരു ആഗ്രഹം എല്ലാ പ്രതിസന്ധികൾക്കിടയിൽ നിൽക്കുന്ന സമയത്ത് തന്നെ അള്ളാഹു സാധിച്ചു തന്നു. അധികം ഒന്നും ഇല്ലെങ്കിലും കൈയിലുള്ള സാമ്പത്തികത്തിന് അനുസരിച്ച് അല്പം സാധനങ്ങളൊക്കെ വാങ്ങി അവരുടെ അടുത്ത് ഞാൻ നാട്ടിലേക്ക് കൊടുത്തയച്ചു എൻറെ ജോലിയും ഒഴിവ് സമയത്ത് മകളോടൊപ്പം ഉള്ള കളികളും തമാശകളും പുണ്യ സ്ഥലങ്ങളിലേക്കുള്ള യാത്രകളും എല്ലാമായി 28 ദിവസം എത്ര പെട്ടെന്നാണ് കഴിഞ്ഞത് എന്ന് ഞാൻ അത്ഭുതപ്പെട്ടു അങ്ങിനെ നവംബർ ഒമ്പതാം തീയതി മുതൽ ഞാൻ വീണ്ടും ഇവിടെ ഒറ്റപ്പെട്ടു
നവംബർ പത്താം തീയതി ജിദ്ദയിലുള്ള അളിയന്റെ ഉപ്പ നാട്ടിൽ മരിച്ചു കുറച്ചു വർഷങ്ങളായി സുഖമില്ലാതെ കിടക്കുകയായിരുന്നു ആകെയുള്ള മൂന്നുമക്കളിൽ ഏക ആൺ കുട്ടിയാണ് അളിയൻ പിതാവിന്റെ മുഖം അവസാനമായി കാണാൻ കഴിയാതെ, അന്ത്യകർമങ്ങളിൽ ഒന്നും പങ്കെടുക്കാൻ കഴിയാതെ മരുഭൂമിയിൽ സങ്കടം കടിച്ചൊതുക്കി കഴിയുന്ന അളിയനെ ആശ്വസിപ്പിക്കാൻ ചെല്ലാൻപോലും എനിക്ക് ജോലിത്തിരക്കുമൂലം സമയം കിട്ടിയില്ല പ്രവാസം കൊണ്ട് കിട്ടുന്ന മറ്റൊരു ഉപകാരം ആണിത് സ്വന്തക്കാരുടെ കല്യാണം , മരണം പോലുള്ള ഒരു പരിപാടിയിലും പങ്കെടുക്കാൻ കഴിയാതെ വിഷമങ്ങൾ സ്വയം കടിച്ചിറക്കി വിധി എന്നു കരുതി എല്ലാം സഹിക്കുക
ഡിസംബർ അവസാനത്തോടെ ഞാൻ പണി നിർത്തി ജനുവരി ആദ്യത്തിൽ എനിക്ക് നാട്ടിൽ പോകണമെന്ന് ഞാൻ കഫീലിനെ അറിയിച്ചശേഷം ആ വിഷയത്തിൽ വലിയ ചർച്ചകളൊന്നും നടന്നിരുന്നില്ല കാര്യങ്ങളെല്ലാം അവനെ അറിയിച്ചതിനുശേഷം വീണ്ടും വീണ്ടും പറഞ്ഞു അവനെ ബുദ്ധിമുട്ടിക്കാൻ ഞാനും ശ്രമിച്ചില്ല പക്ഷേ ഇതുപോലൊരു അടിമയെ നഷ്ടപ്പെടാതിരിക്കാൻ മാഡം കഴിവിന്റെ പരമാവധി ശ്രമിച്ചു കുറച്ചു ദിവസം എന്റെ ജോലി ഒരു സാധാരണ മനുഷ്യന്റെ ആവശ്യങ്ങൾ കൂടി പരിഗണിച്ച് ഉള്ളതായിരുന്നു ചില ഓട്ടങ്ങളിൽ ഒക്കെ എന്നെ റൂമിലേക്ക് തിരിച്ചു വിട്ടു എപ്പോഴെങ്കിലും അറിയാതെ അഞ്ചോ പത്തോ മിനിട്ട് വൈകിയാൽ വഴക്കില്ല തെറിയില്ല .അടുത്ത ഒരു അടിമപ്പത്രം എഴുതി ഒരു പുതിയ അടിമയെ ഇവിടെ കൊണ്ടുവന്നു എന്നെപ്പോലെ മെരുക്കിയെടുക്കുക എന്നത് അല്പം ശ്രമകരമാണ്
മാത്രമല്ല ഇതുപോലെ തെറിവിളികളും ശകാരങ്ങളും കേട്ടാലും പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു പൊട്ടനെപ്പോലെ ഇരിക്കാൻ ഒരു പക്ഷെ ഇനി വരുന്നവർ തയ്യാറായെന്നും വരില്ല അങ്ങനെയാകുമ്പോൾ ഒത്ത ഒരു അടിമയെ കിട്ടണമെങ്കിൽ രണ്ടും മൂന്നും അതിലധികവും തവണ പരീക്ഷിക്കേണ്ടി വരും അപ്പോൾ പിന്നെ അല്പസ്വല്പം വിട്ടുവീഴ്ച ചെയ്യുന്ന പോലെ അഭിനയിച്ച് ഇപ്പോഴുള്ള അടിമയെ തന്നെ നിലനിർത്താൻ കഴിയുമോ എന്നാണ് മാഡം നോക്കുന്നത് സമയത്ത് ഭക്ഷണവും ഒരു ശരാശരി മനുഷ്യന് വേണ്ട ഉറക്കംപോലും ആവശ്യമില്ലാത്ത ഒരു അടിമയെ കൈവിട്ടു കളയാൻ അവൾക്ക് അത്രപെട്ടെന്ന് കഴിയില്ലായിരുന്നു
ആയിടക്ക് ഒരു ദിവസം ജോലിക്കാരിയുമായി മാഡം തെറ്റിപ്പിരിഞ്ഞു. ആദ്യമായി ഇവിടെ ജോലിക്ക് വന്ന അതേ ജോലിക്കാരി തന്നെയാണ് ഇപ്പോഴും മാഡത്തിന്റെ വീട്ടിലുള്ളത് ഒരിക്കൽ മാഡം അവളെ വേണ്ട എന്ന് പറഞ്ഞു ഒഴിവാക്കി മറ്റു പലരെയും പരീക്ഷിച്ചെങ്കിലും അവരാരും ഇവളെ പോലെ കൃത്യസമയത്ത് ഭക്ഷണവും ഉറക്കവും ഇല്ലാതെ ജോലിചെയ്യാൻ തയ്യാറല്ലായിരുന്നില്ല അവസാനം മറ്റാരെയും മാഡത്തിന് ശരിയാകാതെ വന്നപ്പോൾ ഇവൾ പറഞ്ഞ പല നിബന്ധനകളും അംഗീകരിച്ചു ഇവളെ തന്നെ തിരിച്ചു കൊണ്ടു വരികയായിരുന്നു മടങ്ങി വന്നതിനുശേഷം രാത്രി ഒരു സമയ പരിധിക്ക് ശേഷം അവൾ മാഡത്തിന്റെ കൂടെ പുറത്തേക്ക് കറങ്ങാൻ പോകാറില്ല ,മുൻപ് ചെയ്തിരുന്ന പോലെ മാടത്തിന്റെ ഉമ്മയുടെ വീട്ടിൽ പോയി അവിടുത്തെ ജോലികൾ ചെയ്യുകയും ചെയ്യാറില്ലായിരുന്നു
ഇപ്പോൾ മാഡം അവളുമായി തെറ്റാൻ ഉണ്ടായ കാരണം, അവൾക്ക് പെട്ടെന്ന് ഒരു ദിവസത്തെ അവധി വേണമെന്നും കുടുംബത്തിൽ ആരോ പ്രസവിച്ചു ഹോസ്പിറ്റലിലാണ് അവിടേക്ക് പോകണമെന്നും പറഞ്ഞതാണ് ഏതായാലും ജോലിക്കാരി പിടിച്ച പിടിയിൽ തന്നെ പിടിച്ചു "അത്യാവശ്യമായി പോകണമെന്നും ഒരു ദിവസത്തെ ശമ്പളം നീ കട്ട് ചെയ്തോ എന്നും പോയി വന്നാൽ അടുത്ത ആഴ്ച തന്നെ മാസാവസാനം സ്ഥിരമായിട്ടുള്ള രണ്ടുദിവസത്തെ അവധിക്ക് പോകുമെന്നും" അവൾ തുറന്നുപറഞ്ഞു അവളെ കൊണ്ടുപോയി വിട്ടത് ഞാനും മാഡവും കൂടിയാണ് അവൾ വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ അവളെക്കുറിച്ച് കണ്ണുപൊട്ടുന്ന തെറിയായിരുന്നു മാഡം എന്നോട് പറഞ്ഞത് ഞാനിതൊക്കെ എന്തിനു കേൾക്കണം പക്ഷേ ഞാൻ ചിന്തിച്ചത് മറ്റൊന്നാണ് അവളെക്കുറിച്ച് ഇത്രയും തെറി എന്നോട് പറയുമ്പോൾ എന്നെക്കുറിച്ച് ഇവൾ മറ്റു പലരോടും എന്തൊക്കെ പറയുന്നുണ്ടാവും
അവളെ തിരിച്ചുകൊണ്ടുവരാൻ സാധ്യതയില്ല എന്ന് മാഡം തീരുമാനമെടുത്തിരുന്നു എങ്കിലും ഒത്ത ഒരുത്തിയെ തരപ്പെട്ടു കിട്ടാത്ത പഴയ അനുഭവം ഉണ്ടായതുകൊണ്ട് അവളുടെ കാലു പിടിക്കാൻ തന്നെ മാഡം തീരുമാനിച്ചു എന്നോട് തെറിയാണ് പറഞ്ഞതെങ്കിലും ജോലിക്കാരിക്ക് വിളിച്ച് മാഡം സ്നേഹത്തിൽ സംസാരിച്ചു തിരിച്ചുകൊണ്ടുവന്നു പക്ഷേ അത് ജോലിക്കാരി പറഞ്ഞ സമയത്തിന് അവളുടെ സൗകര്യത്തിനും ആയിരുന്നു എന്നെക്കൊണ്ട് 'ക്ഷ' വരപ്പിക്കുന്ന മാഡം ജോലിക്കാരിയുടെ മുൻപിൽ മുട്ടു മടക്കുന്നത് ഞാൻ നിറഞ്ഞ മനസ്സോടെ കണ്ടു നിന്നു . ജോലിക്കാരിക്ക് എങ്ങനെ വേണമെങ്കിലും പ്രതികരിക്കാം കാരണം അവൾ പുറത്തെ വിസയിൽ ഉള്ള ആളാണ് അതുകൊണ്ടുതന്നെ എന്നെ പോലെ അടിമയായി നിൽക്കണമെന്നില്ല ജോലിക്കാരിയുടെ മുൻപിൽ തോറ്റ് തൊപ്പിയിട്ട സമയത്ത് മാഡം ഒരു കാര്യം പ്രത്യേകം പറയുന്നുണ്ടായിരുന്നു "ഇനി ഇവിടെനിന്നു ജോലിക്ക് ആളുകളെ വേണ്ട പുറത്തുനിന്ന് എവിടെ നിന്നെങ്കിലും വിസക്ക് ആളെ കൊണ്ടുവരണം" എന്ന് .അങ്ങനെയാകുമ്പോൾ എന്നെപ്പോലെ വരച്ചവരയിൽ ചെരുപ്പ് പോലുമിടാതെ നിർത്താമല്ലോ അങ്ങനെ ഒരു ജോലിക്കാരി ഇവളുടെ അടുത്തേക്ക് വരുന്നുണ്ടെങ്കിൽ അവളുടെ കാര്യം പിന്നീട് ചിന്തിക്കാതിരിക്കുന്നത് ആയിരിക്കും നല്ലത്
ഈ മാസത്തിൽ കഫീലിന്റെ ഉമ്മാക്ക് സുഖമില്ലാതായി വൃദ്ധയായ അവർക്കു അടുത്തായി ഒരു ഓപ്പറേഷൻ കഴിഞ്ഞതായിരുന്നു അതിനുശേഷം അൽപം ക്ഷീണിതയായിരുന്നു എങ്കിലും കുറച്ചുദിവസമായി അസുഖം കൂടുതലാണ് കഫീൽ ഉമ്മയുമായി ഹോസ്പിറ്റലുകളിലും മറ്റുമായി നടക്കുന്നുണ്ടെങ്കിലും മാഡത്തിന് അതൊന്നും ഒരു വിഷയമേ അല്ലായിരുന്നു തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന ഭർത്താവിന്റെ ഉമ്മാക്ക് ഇത്രത്തോളം അസുഖം കൂടുതലായിട്ടും മാഡത്തിന്റെ അർദ്ധരാത്രി ഉള്ള കറക്കങ്ങൾക്കൊന്നും യാതൊരു കുറവും വന്നില്ല . ഒരിക്കൽ ഞാൻ റൊട്ടി കൊടുക്കാൻവേണ്ടി ഉമ്മയുടെ ഫ്ലാറ്റിൽ ചെന്നപ്പോൾ എന്റെ ശബ്ദം കേട്ടിട്ട് അകത്ത് കിടന്നിരുന്ന അവർ എഴുന്നേറ്റ് വാതിൽ വരെ വന്നു എന്നോട് സംസാരിച്ചു "തല കറങ്ങുകയാണെന്നും, ആരെങ്കിലും പിടിക്കാതെ എഴുന്നേൽക്കാൻ വയ്യെന്നും, കണ്ണിന്റെ കാഴ്ച കുറഞ്ഞു വരികയാണെന്നും," ഒക്കെ പറഞ്ഞു ആശുപത്രിയിലേക്ക് പോവുകയും വരികയും ചെയ്യുന്നുണ്ട് എന്നല്ലാതെ അസുഖത്തിന് കാര്യമായ കുറവ് ഇല്ലെന്നും നീ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും പറഞ്ഞു ആ ഉമ്മ കരഞ്ഞു
എന്തുചെയ്യണമെന്നറിയാതെ ഞാനാകെ വിഷമിച്ചു "എല്ലാം ശരിയാകാൻ വേണ്ടി നമുക്ക് പടച്ചവനോട് പ്രാർത്ഥിക്കാം" എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ഞാൻ തിരിച്ചു പൊന്നു .ഇത്രയും കാലം മാഡത്തിന്റെ അടിച്ചമർത്തലുകളിലും സാമ്പത്തിക നഷ്ടങ്ങളിലും ജീവിത പ്രതിസന്ധികളിലും ഒരിക്കൽപോലും നനയാത്ത എന്റെ രണ്ടു കണ്ണുകളിലും അന്ന് നനവ് പടർന്നു. ഉമ്മയുടെ രോഗാവസ്ഥ മാത്രമായിരുന്നില്ല എന്റെ കണ്ണുകളെ ഈറനണിയിച്ചത് ഇത്രയൊക്കെ തുറന്നു പറഞ്ഞപ്പോഴാണ് അവർ എന്നെ ശരിക്കും ഒരു മകനെപ്പോലെയാണ് കണ്ടിരുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നത്
അതുകൊണ്ടാണല്ലോ അവശതയിലും നോമ്പിന് എല്ലാദിവസവും പലഹാരങ്ങൾ ഉണ്ടാക്കി മുടങ്ങാതെ എന്നെ കാത്തിരുന്നതും, കഫീലിന്റെ വീട്ടിൽ ആടിനെ അറുത്തപ്പോൾ എനിക്ക് തരാത്തത് അറിഞ്ഞു അയാളെ വഴക്കു പറഞ്ഞതും . പടച്ചവനേ എന്റെ ഈ ഉമ്മയെ നീ രക്ഷപ്പെടുത്തണെ .... ഉമ്മയുടെ അസുഖങ്ങൾ മാറ്റി ആരോഗ്യം തിരിച്ചുകൊടുക്കണെ .... ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
(തുടരും )

HouseDriver - Part 30



'ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 30
ആഗസ്റ്റ് 26 ന് കഫീലും ഭാര്യയും മക്കളും ഈജിപ്തിലേക്ക് ടൂർ പോയി പതിവുപോലെ പോകുന്ന വിവരമോ എവിടെക്കാണെന്നോ എന്നു വരുമെന്നോ എന്നൊന്നും എന്നോട് പറഞ്ഞില്ല പക്ഷേ അവർ വണ്ടിയിൽ വച്ചു പോകുന്ന പല പേപ്പറുകളിൽ നിന്നും അവരുടെ ഫോൺ വിളികളിൽ നിന്നും എല്ലാം കൃത്യമായി ഞാൻ നേരത്തെ അറിഞ്ഞിരുന്നു മാഡം യാത്ര പോകാൻ തീരുമാനിച്ചാൽ പിന്നെ ഭയങ്കര രസമാണ് വണ്ടിയിലിരിക്കുമ്പോൾ വരുന്ന ഫോൺ കോളുകൾക്ക് മറുപടി കൊടുക്കാനും വയ്യ കൊടുക്കാതിരിക്കാനും വയ്യ എന്ന അവസ്ഥയിലാവും അവൾ അവര് പറയുന്നത് ഞാൻ കേട്ടാൽ അവരുടെ യാത്ര വിവരമൊക്കെ ഞാൻ മനസ്സിലാക്കുമല്ലോ അതിനുവേണ്ടി അവൾ ആദ്യം ചെയ്യുന്നത് ശബ്ദം താഴ്ത്തി 'നാസർ വണ്ടിയിൽ ഉണ്ട് പിന്നെപ്പറയാം' എന്നു പറയും എന്നിട്ട് ഞാൻ കേൾക്കാൻ ഉറക്കെ പറയും 'അത് ചിലപ്പോഴേ പോവുകയുള്ളൂ പോയാലും പിറ്റേന്നു തന്നെ തിരിച്ചു വരും' ഹോ എന്തൊരു ബുദ്ധി
ഇത്തവണ കഫീലും മക്കളും പോയാൽ പിന്നെ ബാക്കിയുള്ളത് കഫീലിന്റെ ഉമ്മയുടെ ഓട്ടം മാത്രമാണ് മാഡത്തിന്റെ കുടുംബം മുഴുവൻ അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് പോയിരിക്കുകയാണ് വീട്ടിൽ ഒരാൾ എയർപോർട്ടിൽ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട വകുപ്പുകളിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ ഇവർക്ക് സൗദി എയർലൈൻസിൽനിന്നും വളരെ തുച്ഛമായ തുകക്കു ടിക്കറ്റ് കിട്ടും ചെല്ലുന്ന സ്ഥലത്ത് സ്വന്തക്കാർ ആരെങ്കിലുമുണ്ടെങ്കിൽ അവിടെയും പണത്തിന് അധികം ചിലവില്ലല്ലോ അതുകൊണ്ടാണ് അറുപിശുക്കന്മാരായ ഇവരിങ്ങനെ ഇടയ്ക്കിടക്ക് പുറത്തുപോകുന്നത് പതിവുപോലെ ഞാനവരെ എയർപോർട്ടിൽ കൊണ്ടുപോയി വിട്ടു ഉമ്മയുടെ ഓട്ടങ്ങൾ എല്ലാം ഓടണം എന്നു പറഞ്ഞു കഫീൽ യാത്ര പറഞ്ഞു രണ്ടുദിവസം കഴിഞ്ഞപ്പോൾ പതിവുപോലെ എന്റെ ശമ്പളം അക്കൗണ്ടിലേക്ക് അയച്ചുതന്നു
29 തീയതി ഞാൻ നാട്ടിലേക്ക് പണം അയച്ചു 15,000 രൂപ കഫീലും മാഡവും പോയതോടെ എന്റെ ജോലിയിൽ വലിയ കുറവു വന്നു അവന്റെ ഉമ്മയെ കൊണ്ട് യാതൊരു ശല്ല്യവും ഉണ്ടാകാറില്ല അപൂർവമായി ചില ഓട്ടങ്ങൾ ഉണ്ടാകും അത് നേരത്തെ പറയുകയും കൊണ്ടുപോയി വിട്ടു തിരിച്ചു റൂമിലേക്ക് വരികയും ചെയ്യാം ഏതായാലും കുറച്ചുദിവസം നന്നായി ഉറങ്ങി ഇഷ്ട ഭക്ഷണങ്ങളും പലഹാരങ്ങളും ഒക്കെ പാചകം ചെയ്തു കഴിച്ചു ഒരുദിവസം രാത്രി അളിയന്മാരെയും അളിയന്റെ മരുമകനെയും ഒക്കെ കൂട്ടി ഞങ്ങൾ വണ്ടിയുമെടുത്ത് കടപ്പുറത്ത് ഒക്കെ ഒന്ന് കറങ്ങി ഇങ്ങനെയൊക്കെ സ്വാതന്ത്രത്തിൽ കുറച്ചു ദിവസം ജോലി ചെയ്യാനും അവസരം കിട്ടി
സെപ്റ്റംബർ ഒന്നാം തീയതി വലിയ പെരുന്നാളായിരുന്നു നാട്ടിൽ നിന്നും വന്നിട്ട് രണ്ട് ചെറിയ പെരുന്നാളും രണ്ടു വലിയ പെരുന്നാളും കഴിഞ്ഞുപോയി പതിവ് പോലെ പള്ളിയിലേക്ക് പെരുന്നാൾ നിസ്കാരത്തിന് പോയി വന്നു ഒരു കൂട്ടുകാരന്റെ റൂമിൽ പോയി ഭക്ഷണം കഴിച്ചു ഉച്ചക്ക് കഫീലിന്റെ ഉമ്മഅവരുണ്ടാക്കിയ ചോറും തന്നു അത് ഞാനും അടുത്തുള്ള ഒരു സുഹൃത്തും കഴിച്ചു അസർ നിസ്കാരം കഴിഞ്ഞപ്പോൾ കഫീലിന്റെ ഉമ്മയെ ഷറഫിയയിൽ ഉള്ള അവരുടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടാക്കാൻ പറഞ്ഞു അവിടെ വിട്ടു എന്നോട് മടങ്ങാൻ പറഞ്ഞു വിളിക്കുകയാണെങ്കിൽ വന്നാൽ മതിയെന്നും ഇല്ലെങ്കിൽ മകളും മരുമകനും വരുമ്പോൾ അവരുടെ കൂടെ വരാം എന്നും പറഞ്ഞു എനിക്കാണെങ്കിൽ തേടിയ വള്ളിയായിരുന്നു ഈ ഷറഫിയയിലെക്കുള്ള ഓട്ടം
ഞാൻ നേരെ മലയാളികൾ ഒരുമിച്ച് കൂടുന്ന സ്ഥലത്തേക്ക് പോയി ഉമ്മയുടെ ഓട്ടം പോയതുകൊണ്ട് ശറഫിയയിലെക്കു പോയി നാട്ടുകാരെ കാണട്ടെ എന്ന് കഫീലിനോട് സമ്മതം ചോദിക്കേണ്ടി വന്നില്ല റൂമിലേക്ക് തിരിച്ചു വന്നിട്ട് പ്രത്യേകിച്ച് ഓട്ടങ്ങൾ ഒന്നുമില്ലാത്തതുകൊണ്ട് പെരുന്നാൾ ഞാൻ നാട്ടുകാരോടൊപ്പം കൂടി നാട്ടുകാരെയും കുടുംബക്കാരെയും സുഹൃത്തുക്കളെയും ഒക്കെ കണ്ടു സംസാരിച്ചു വിശേഷങ്ങൾ പങ്കുവച്ചു രാത്രി ഒരു മണിക്ക് മുൻപായി ഞാൻ റൂമിലെത്തി സൗദിയിലെ മാന്ദ്യവും പ്രവാസികളുടെ കൊഴിഞ്ഞുപോക്കും എല്ലാ സ്ഥലത്തും എന്നപോലെ ശറഫിയ്യയിലും പ്രകടമായിരുന്നു കഴിഞ്ഞ പെരുന്നാളിന്റെ പകുതി ആളുകളെ ഇപ്പ്രാവശ്യം ഉള്ളൂ എന്നാണ് എല്ലാവരും പറയുന്നത് രണ്ടാം പെരുന്നാളിന്ന് മാഡത്തിന്റെ കുടുംബം അമേരിക്കയിൽനിന്നും വരുന്നുണ്ടെന്നും ഉച്ചക്ക് ഒരുമണിക്ക് എയർപോർട്ടിൽ എത്തണം എന്നും കഫീൽ മെസ്സേജ് വിട്ടത് അനുസരിച്ച് ഞാൻ ചെന്നു
കൃത്യം ഒരു മണിക്ക് പുറത്തുവന്ന അവരെയും അവരുടെ പെട്ടികളും എല്ലാമെടുത്ത് ഞാൻ അവരുടെ വീട്ടിലേക്ക് കൊണ്ടുവന്നു വരുന്ന വഴിയിൽ എണ്ണ അടിക്കാൻ പമ്പിൽ കയറിയെങ്കിലും അവളുടെ ഉമ്മയോ ഉപ്പയോ എണ്ണ അടിക്കാൻ തയ്യാറായില്ല രണ്ടുപേരും പണമില്ല എന്ന് പറഞ്ഞു കൈമലർത്തി വലിയ വണ്ടി ആയതുകൊണ്ട് ഇപ്പോൾ പഴയതിനേക്കാൾ എണ്ണചെലവ് കൂടുതലാണ് മാത്രമല്ല കഫീൽ പോകുമ്പോൾ വണ്ടിയിൽ എണ്ണ കാലിയാക്കി ആണല്ലോ പോകാറുള്ളത് പിന്നെയുള്ളത് കഫീലിന്റെ ഉമ്മയാണ് അവര് പാവം ആയതുകൊണ്ട് ഞാൻ പറയുന്നത് തന്നെ ആണ് അവർക്ക് ശരി ഏത് ഓട്ടം പോവുകയാണെങ്കിലും പമ്പിൽ കയറിയാൽ എണ്ണ അടിക്കും അധികം വേണമെന്ന് ഞാൻ പറഞ്ഞാൽ അതിനും അവർക്ക് സമ്മതമാണ് അങ്ങനെ അടിക്കുന്ന എണ്ണയിൽനിന്നും അല്പസ്വല്പം ബാക്കിയുള്ളത് കൊണ്ടാണ് ഞാൻ എന്റെ ചെറിയ ചെറിയ ഓട്ടങ്ങൾ പോകുന്നത് ഇന്ന് എന്റെ വീട്ടിൽ നിന്നും എയർപോർട്ട് വരെയും എയർപോർട്ടിൽനിന്ന് മാഡത്തിന്റെ വീട് വരെയും ഓടിയത് ഇന്നലെ കഫീലിന്റെ ഉമ്മ നിറച്ച എണ്ണ കൊണ്ടാണ് അത് തിരിച്ചു നിറക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടെന്ന് പോലും ഓർക്കാതെ മാഡത്തിന്റെ വീട്ടുകാർ പണമില്ല എന്ന പല്ലവി ആവർത്തിച്ചു
സത്യത്തിൽ അവർ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ പുറത്തെവിടെയെങ്കിലും പോയി എയർപോർട്ട് വഴി മടങ്ങി വരുമ്പോൾ തങ്ങളെയും സാധനങ്ങളും എടുക്കാൻ വരുന്ന വണ്ടിക്ക് കൊടുക്കേണ്ട പാർക്കിംഗ് ഫീസ് 3 റിയാൽ ലാഭിക്കാൻ വേണ്ടി അവർ ചെയ്യുന്ന സൂത്രം കേട്ടാൽ തന്നെ ആർക്കും അവരുടെ പിശുക്കിനെ കുറിച്ച് മനസ്സിലാകും ജിദ്ദയിലെ എയർപോർട്ട് 'സൗദി എയർലൈൻസ്' എന്നും 'ഫോറിൻ എയർലൈൻസ്' എന്നും വേർതിരിച്ചു രണ്ടുവിഭാഗം ആക്കിയിരിക്കുകയാണ് ഇതിൽ ഫോറിൻ എയർലൈൻസിൽ ആളുകൾ വരുന്നതും പോകുന്നതും എല്ലാം ഒരേ നില യിലൂടെയാണ് അവിടേക്ക് ചെല്ലുന്ന വാഹനങ്ങൾ 15 മിനിറ്റിലധികം താമസിച്ചാൽ മണിക്കൂറിന് 3 റിയാൽ വച്ച് ചാർജ് ഈടാക്കും സൗദി എയർലൈൻസിൽ ആളുകൾ പോകുന്നത് മുകൾ ഭാഗത്ത് കൂടി ഒന്നാം നിലയിലാണ് ഇവിടെ 15 മിനിറ്റിനുള്ളിൽ ആളെ ഇറക്കി വാഹനങ്ങൾ തിരിച്ചു പോന്നാൽ സൗജന്യവും താമസിക്കുന്ന ഓരോ മണിക്കൂറിനും 3 റിയാൽ വീതവും ആണ്
അവിടെ യാത്ര കഴിഞ്ഞു വരുന്ന ആളുകൾ പുറത്തേക്ക് വരുന്നത് താഴെ നിലയിലൂടെയാണ് ഇവിടെ 15 മിനിട്ട് സൗജന്യം ഇല്ലാതെ ഓരോ വാഹനത്തിനും മണിക്കൂറിനു 3 റിയാൽ വീതം നൽകണം മാഡത്തിന്റെ വീട്ടുകാർ യാത്ര കഴിഞ്ഞു വരുന്ന സമയത്ത് എന്നോട് പറയുന്നത് എയർപോർട്ടിന് പുറത്ത് കാത്തു നില്ക്കാനാണ് പിന്നെ അവർ പുറത്തേക്ക് വരുന്നത് താഴെ നിലയിലൂടെ അല്ല അതിലൂടെ പുറത്തു കടന്നാൽ വാഹനത്തിന് 3 റിയാൽ പാർക്കിംഗ് ഫീസ് കൊടുക്കുന്നത് ലാഭിക്കാൻ വേണ്ടി എയർപോർട്ടിൽ ജോലി ചെയ്യുന്ന മാഡത്തിന്റെ ഉപ്പയുടെ സ്വാധീനം വെച്ച് ലഗേജുകളും കുട്ടികളെയുമൊക്കെ താങ്ങിപ്പിടിച്ച് മുകൾനിലയിൽ ആളുകൾ യാത്ര പോവാനുള്ള പ്രവേശന കവാടത്തിലൂടെയാണ് അവർ പുറത്തേക്കു വരുന്നത് ഫലം 3 റിയാൽ ലാഭം അങ്ങനെയുള്ള അവർ എന്റെ വണ്ടിയിലേക്ക് എണ്ണ അടിക്കും എന്ന് വിചാരിച്ച ഞാനല്ലേ യഥാർത്ഥ വിഡ്ഢി
സെപ്തംബർ ആറാം തീയതി കഫീൽ മടങ്ങിവന്നു വന്നപ്പോൾ എനിക്ക് ഒരു ഷർട്ട് കൊണ്ടുവന്നിരുന്നു എന്റെ ജോലി വീണ്ടും പഴയപോലെ തന്നെ തുടർന്നുകൊണ്ടിരുന്നു നാട്ടിലേക്ക് പോയ എന്റെ ഇവിടുത്തെ അയൽവാസി പാക്കിസ്ഥാനി തിരിച്ചുവന്നു വീട്ടിലെ പ്രാരാബ്ദം വെച്ചുനോക്കുമ്പോൾ ഇവിടെയുള്ള കഷ്ടപ്പാടുകൾ ഒന്നും പ്രശ്നമല്ല എന്ന് തോന്നിക്കാണും എന്റെ സുഹൃത്തായ നൗഷാദും അവന്റെ കഫീലിൽ നിന്നും എക്സിറ്റുവാങ്ങി നാട്ടിൽ പോയി അവന്റെ ഭാഗ്യം പ്രശ്നങ്ങളൊന്നും കൂടാതെ എക്സിറ്റ് അടിച്ച് ടിക്കറ്റ് എടുത്തു കൊടുത്തു എന്നു പറയുന്നതുതന്നെ ഒരു ഭാഗ്യം ആണല്ലോ അവധി കഴിഞ്ഞ് സെപ്റ്റംബർ 19 ന് മദ്രസകൾ തുറന്നു പതിവുപോലെ തന്നെ റോഡുകൾ നിറഞ്ഞുകവിഞ്ഞു തിക്കും തിരക്കുമായി മദ്രസ തുറക്കുന്നതിനു മുമ്പ് തന്നെ എന്റെ പഴയ വണ്ടി എൻജിൻ മാറ്റി വർക്ക് ഷോപ്പിൽ നിന്നും ഇറക്കിയിരുന്നു
നാലഞ്ച് ദിവസം വർക്കു ഷോപ്പിലും മറ്റുമായി കൃത്യമായ ഭക്ഷണവും വിശ്രമവുമില്ലാതെ ചുറ്റിത്തിരിഞ്ഞതു കൊണ്ടും മദ്രസ തുറന്ന് ഒരാഴ്ച കുട്ടികളുടെ ക്ലാസ് മാറലും സമയം മാറലും തുടങ്ങി ഒന്ന് ശരിക്ക് ശ്വാസം വിടാൻ പോലും ഒഴിവില്ലാതെ ജോലി ഉണ്ടായതു കൊണ്ടും എന്റെ ശരീരം വളരെ ക്ഷീണിക്കുകയും തൊണ്ടവേദനയും പനിയും പിടിപെടുകയും ചെയ്തു ഒരിക്കൽ അർധരാത്രി ഏറെ വൈകി മാഡം വിളിച്ചത് ഞാൻ കണ്ടെങ്കിലും ഫോണെടുത്തില്ല ഫോണെടുത്ത് സംസാരിക്കാൻപോലും കഴിയാത്ത രൂപത്തിൽ എനിക്ക് അപ്പോൾ വിറച്ച് പനിക്കുന്നുണ്ടായിരുന്നു ഒരു മണിക്കൂർ കഴിഞ്ഞു ഞാൻ എഴുന്നേറ്റ് അല്പം ചായ ഉണ്ടാക്കി കുടിക്കുമ്പോൾ കഫീലിനെ വിളിച്ച് കാര്യം പറഞ്ഞു ഗുളിക വല്ലതും ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് പറഞ്ഞപ്പോൾ നോക്കട്ടെ കുറച്ചു കഴിഞ്ഞു വിളിക്കാം എന്നുപറഞ്ഞു അല്പം കഴിഞ്ഞ് ഉമ്മയുടെ ഫ്ലാറ്റിലേക്ക് ചെല്ലാൻ പറഞ്ഞു അവിടെനിന്നും ഒന്ന് രണ്ട് വിധം ഗുളികകൾ തന്നു ആദ്യം അന്വേഷിച്ചത് മാഡത്തിന്റെ ഫ്ലാറ്റിലാണെങ്കിലും ഞാൻ നുണ പറയുകയാണെന്നും മറ്റും പറഞ്ഞ് അവൾ ഗുളിക ഒന്നും കൊടുത്തിട്ടുണ്ടാവില്ല അതുകൊണ്ടാണ് ഉമ്മയുടെ ഫ്ലാറ്റിൽ നിന്നും അയാൾ ഉള്ളത് തന്നത്
സെപ്റ്റംബർ ഇരുപത്തിയേഴാം തിയതി സൗദി അറേബ്യയിൽ ഭാവിയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ അനുമതി നൽകിക്കൊണ്ട് രാജാവിന്റെ ഉത്തരവ് ഇറങ്ങി മറ്റ് അറബ് രാഷ്ട്രങ്ങളിലെ പോലെ ഇവിടെയും ഇനി കുറച്ചു കാലങ്ങൾക്ക് ശേഷം സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ വാഹനങ്ങൾ ഓടിക്കാം നാട്ടിൽ പോകുന്ന വിവരവും എക്സിറ്റ് വേണമെന്നും കഫീലിനെ അറിയിച്ചതിനുശേഷം രണ്ടുമാസത്തോളം ആ വിഷയത്തിനൽ പ്രതികരണം ഒന്നും വന്നില്ല പക്ഷേ ഞാൻ എങ്ങനെയെങ്കിലും തീരുമാനം മാറ്റാൻ വേണ്ടിയായിരിക്കണം മാഡം സ്വഭാവത്തിൽ കഴിവിന്റെ പരമാവധി മാറ്റം വരുത്തിയിട്ടുണ്ട് എന്നെനിക്കു മനസ്സിലായി എത്ര മാറിയാലും അവൾക്ക് അവൾ ആവാനേ കഴിയൂ ഒരു റിയാലിന്റെ ഉപകാരം മറ്റൊരാൾക്ക് ചെയ്യുവാനോ എന്തെങ്കിലും പ്രതിസന്ധി ഉണ്ടാകുമ്പോൾ അല്പം ക്ഷമിക്കുവാനോ ഒന്നും അവൾക്ക് കഴിയില്ലായിരുന്നു
ഒക്ടോബർ 12-ആം തീയതി എന്റെ ഭാര്യയും മോളും ഉംറ വിസയിൽ ഒരു മാസത്തേക്ക് സൗദിയിലേക്ക് വന്നു കഷ്ടപ്പാടുകളെക്കാൾ കൂടുതൽ അനുഗ്രഹങ്ങൾ എനിക്കു തന്നു കൊണ്ട് എന്റെ രക്ഷിതാവ് എന്നെ വീണ്ടും അത്ഭുതപ്പെടുത്തി കാരണം കാലങ്ങളായി അത്യാവശ്യം നല്ല ശമ്പളത്തിൽ ജോലി ചെയ്യുന്നവർ പോലും പലവിധ പ്രശ്നങ്ങൾ കാരണം കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടായിട്ടും നടക്കാതെ അതിനുവേണ്ടി കാത്തിരിക്കുന്നവരാണ് അവർക്കിടയിൽ 1700 റിയാൽ ശമ്പളത്തിൽ ഹൗസ് ഡ്രൈവറായി ഇതുപോലെയുള്ള ഒരു വീട്ടിൽ ജോലി ചെയ്യുന്ന ഞാൻആദ്യത്തെ രണ്ടുവർഷം പൂർത്തിയാകുന്നതിനു മുൻപുതന്നെ കുടുംബത്തെ ഇവിടെ കൊണ്ടു വന്നു എന്നത് ഒരു വലിയ ഭാഗ്യം തന്നെയാണ് മനസ്സിൽ ഒരുപാട് ആഗ്രഹിക്കുകയുംപ്രാർത്ഥിക്കുകയും ചെയ്തിരുന്നതും എന്നാൽ ഇപ്പോൾ ഒന്നും നടന്നുകിട്ടാൻ സാധ്യതയില്ല എന്ന്‌ കരുതിയതുമായ ഒരു കാര്യമായിരുന്ന ഭാര്യയുടെ വരവിന് ആദ്യമായി വഴിയൊരുക്കുന്നത് ഉമ്മയായിരുന്നു
നീ രണ്ടു വർഷം കഴിഞ്ഞു തിരിച്ചുപോരുമ്പോൾ എക്സിറ്റിലാണ് പോരുന്നതെങ്കിൽ അതിനുമുമ്പ് നിന്റെ ഭാര്യയെയും ഒന്നര വയസ്സായ മോളെയും അങ്ങോട്ടു കൊണ്ടു പോയി മക്കയും മദീനയും എല്ലാം കാണിച്ചു കൊടുത്തേക്ക് എന്ന് ഉമ്മയുടെ ഉപദേശം ആയിരുന്നു അന്ന് ഞാൻ ഉമ്മയുടെ മുൻപിൽ അവതരിപ്പിച്ചത് 2 പ്രതിസന്ധികളാണ് 1 സാമ്പത്തികം 2 മുതലാളിമാരുടെ സ്വഭാവം ആദ്യമായി നീ തയ്യാറെടുത്തു പടച്ചവനോട് പ്രാർത്ഥിക്ക്‌ വഴിയെ എല്ലാ പ്രതിസന്ധികളും മാറിക്കിട്ടും എന്നും അന്ന് ഉമ്മ എന്നോട് പറഞ്ഞു അങ്ങനെ ഞാൻ അതിനു വേണ്ടി കഴിഞ്ഞ രണ്ടുമൂന്നു മാസമായി ശ്രമിക്കുന്നു അളിയന്മാർ തരാനുണ്ടായിരുന്ന പണം തിരിച്ചു വാങ്ങിയും അല്പം കടംവാങ്ങിയും സാമ്പത്തികം ഞാൻ തരപ്പെടുത്തി ഭാര്യയും മകളും ഗ്രൂപ്പ് വഴിയാണ് വരുന്നതെന്നും അവരു വന്നാലും എന്റെ ജോലിക്ക് ഞാൻ ഒരു മുടക്കവും വരുത്തില്ലെന്നും പറഞ്ഞപ്പോൾ കഫീലിനും സമ്മതമായിരുന്നു
അവരുടെ വരവും പോക്കും ഗ്രൂപ്പ് വഴിയാണെങ്കിലും താമസവും ഭക്ഷണവും ഇവിടെയുള്ള യാത്രകളുമെല്ലാം എന്റെ അടുത്തു നിന്ന് ആക്കാൻ വേണ്ടി പാക്കേജിൽ ഉൾപ്പെടാതെയാണ് ഞാനവരെ കൊണ്ടുവന്നത് അങ്ങനെ ഒക്ടോബർ 12-ആം തിയതി വ്യാഴാഴ്ച വൈകിട്ട് സാധാരണയുള്ള മദ്രസ ഓട്ടങ്ങളെല്ലാം തീർത്ത് ആറുമണിയോടെ ഞാൻ മക്കത്തേക്ക് ചെന്നു രാവിലെ 10 മണിക്ക് ജിദ്ദയിൽ ഇറങ്ങിയ ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങളും അവിടെ എത്തിയിരുന്നു അവിടെവച്ച് 21 മാസങ്ങൾക്കുശേഷം ഞാനെന്റെ മോളെ കണ്ടു ഭാര്യയേയും മോളെയും കൂട്ടി ഹറമിൽ പോയി ഉംറ ചെയ്തു ആരോഗ്യമുള്ള നല്ല സമയത്തുതന്നെ ഭാര്യയുമൊത്ത് ഈ പുണ്യഭൂമി സന്ദർശിക്കാൻ കഴിഞ്ഞതിൽ ഞാൻ അല്ലാഹുവിനെ സ്തുതിച്ചു ഉംറ ചെയ്യലും പ്രാർത്ഥനയും എല്ലാം കഴിഞ്ഞു അർദ്ധ രാത്രി ഒന്നരയോടെ ഞാൻ അവരെയും കൂട്ടി എന്റെ റൂമിൽ എത്തി പക്ഷേ നാട്ടിൽ നിന്നും കുടുംബം ഇവിടെ വന്ന ആ രാത്രി പോലും എന്നെ വെറുതെ വിടാൻ മാഡവും കഫീലും തയ്യാറായിരുന്നില്ല
അവരെ റൂമിലാക്കി ഓട്ടം തുടങ്ങിയ ഞാനും വണ്ടിയും പിന്നെ നിൽക്കുന്നത് പുലർച്ചെ ബാങ്കു വിളിക്കുന്നതിന് അല്പം മുമ്പായിരുന്നു പിറ്റേന്ന് മുതൽ ഞാൻ ഭാര്യയും മോളുമായി എന്റെ ആ റൂമിൽ താമസമാരംഭിച്ചു രാത്രിയും പകലുമായി തീരാത്ത എന്റെ ഓട്ടവും ഒരു മുടക്കവും വരുത്താതെ തുടർന്നു കുടുംബം കൂടെ ഉണ്ടായതുകൊണ്ട് ജോലിയിൽ ഒരു കുറവും വരാതിരിക്കാൻ ഞാനാദ്യം ചെയ്തത് കടയിൽ പോയി വലിയ ശബ്ദത്തിൽ അലാറം അടിക്കുന്ന ഒരു ക്ലോക്ക് വാങ്ങി ചെറിയ ഇടവേളയിലുള്ള ഉറക്കം കഴിഞ്ഞു ഉണരാൻ വേണ്ടി മൊബൈലിലെ എട്ടും പത്തും അലാറങ്ങളൊന്നും എനിക്ക് തികയാതെ വരാറുണ്ട് പലപ്പോഴും ഒരുദിവസം മാഡം ബലദിലേക്ക് ഓട്ടം പോകാനൊരുങ്ങിയപ്പോൾ എന്റെ ഭാര്യയെയും മോളെയും കൂടെകൂട്ടാൻ പറഞ്ഞു പുറത്തെവിടെയും ഇറങ്ങാൻ പറ്റാതെ ഒറ്റമുറി റൂമിലിരുന്ന് മുഷിഞ്ഞ അവർക്ക് ആശ്വാസം ആകട്ടെ എന്നു കരുതി ഞാൻ അവരെയും കൂടെ കൂട്ടി
മാഡത്തിന് ആവശ്യമുള്ള സ്ഥലങ്ങളിൽ ഒക്കെ പോയി അവിടെ കാത്തു നിൽക്കുന്ന സമയത്ത് ഞാനും കുടുംബവും പുറത്തൊക്കെ ഒന്നു നടന്നു കണ്ടു മാഡത്തിന്റെ ആവശ്യങ്ങളൊക്കെ കഴിഞ്ഞു തിരിച്ചുവിളിച്ചപ്പോൾ ഞങ്ങളെല്ലാവരും കൂടി തിരിച്ചു പോരുകയും ചെയ്തു വീട്ടിലേക്കുള്ള വഴിയിൽ എണ്ണ തീർന്ന് പമ്പിൽ കയറ്റിയപ്പോൾ മാഡത്തിൽ നിന്ന് പ്രതികരണമൊന്നും ഇല്ല ഞാൻ പിറകിലേക്ക് നോക്കുമ്പോൾ അവൾ മൊബൈലിലേക്ക് നോക്കി ഒന്നുമറിയാത്തപോലെ അഭിനയിക്കുകയാണ് എനിക്ക് കാര്യം പിടികിട്ടി ഇന്ന് എന്റെ ഭാര്യയും മോളും കൂടി വണ്ടിയിൽ ഉയരുന്നതിന് ഞാൻ പണം മുടക്കി എണ്ണ അടിക്കേണ്ടിവരും അതിനാണ് ഈ അഭിനയം എന്ന് മനസ്സിലാക്കാൻ അവളോടൊപ്പം ഒന്നര വർഷത്തിലധികം ജോലി ചെയ്ത അനുഭവം തന്നെ എനിക്ക് ധാരാളമായിരുന്നു ഭാര്യയുടെ മുൻപിൽ വെച്ച് മറ്റൊരു സ്ത്രീയുടെ വായിൽ നിന്നും ശകാരം വരുന്നതിനു മുമ്പ് മറിച്ചൊന്നു ചിന്തിക്കാതെ ഞാൻ എന്റെ കയ്യിലുള്ള പണത്തിൽ നിന്നും 10 റിയാൽ മുടക്കി എണ്ണ അടിച്ചു
ഇത് നല്ല ഒരു സൂത്രം ആണെന്ന് മനസ്സിലാക്കിയ അവൾ പിറ്റേന്ന് ഓട്ടം പോയപ്പോൾ എന്നോട് ചോദിച്ചു ഇന്ന് നിന്റെ ഭാര്യയെയും മോളെയും കൂട്ടിയില്ലേ എന്ന് അവർക്ക് പുറത്ത് കറങ്ങാൻ പോകുന്നതെന്നും വലിയ ഇഷ്ടമില്ല എന്ന് ഞാൻ മറുപടി പറഞ്ഞു എന്റെ കുടുംബം കൂടെയുണ്ടെങ്കിലും ഏതു രാത്രിയിലും പുലർച്ചെയും എല്ലാം ഓട്ടങ്ങൾ പഴയപോലെ തന്നെ ഉണ്ടായിരുന്നെങ്കിലും റൂമിനടുത്തുള്ള സ്ഥലങ്ങളിലേക്ക് ഓട്ടം പോകുമ്പോൾ ചിലപ്പോഴൊക്കെ മാഡം എന്നെ റൂമിലേക്ക് മടക്കിയയച്ച്‌ എന്നോട് അല്പം കരുണ കാണിച്ചു
ഒക്ടോബറിലെ ശമ്പളം ഇരുപത്തിയെട്ടാം തീയതി തന്നെ എന്റെ അക്കൗണ്ടിലേക്ക് വന്നു ഇത്തവണ നാട്ടിലേക്ക് പണമയക്കാൻ ഇല്ല ഭാര്യയെയും മോളെയും കൂട്ടി മക്കയിലും മദീനയിലും പോകാനും ഒരുമാസം നല്ലനിലയിൽ ഭക്ഷണം കഴിക്കുവാനും (നാട്ടിൽ നിന്നും ഒരു മാസത്തേക്ക് ഗൾഫ് കാണാൻ വന്നവർക്ക് കുബ്ബൂസും പരിപ്പുകറിയും മാത്രം കൊടുക്കാൻ പറ്റില്ലല്ലോ) അവർ തിരിച്ചു പോകുന്നത് വരെയുള്ള മറ്റു ചിലവുകൾക്കുമായി ഈ മാസത്തെ ശമ്പളം ഞാൻ കയ്യിൽ കരുതി
(തുടരും )

HouseDriver- Part 29




ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 29
പ്രവാസികൾക്ക് അവർ ജോലിചെയ്യുന്ന ഗൾഫ് നാടുകളിൽ പ്രതിസന്ധിയും മാന്ദ്യവും എല്ലാം പ്രവാസം തുടങ്ങിയ കാലം മുതൽക്കുതന്നെ തുടങ്ങിയതാണെങ്കിലും ഇവിടെ സൗദി അറേബ്യയിൽ ഈയിടെയായി ഈവക പ്രശ്നങ്ങളെല്ലാം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ ആണ് കുറച്ചു വർഷങ്ങൾക്കു മുൻപ് ഇവിടത്തെ ഭരണാധികാരികൾ സ്വന്തം പൗരന്മാരുടെ സാമ്പത്തികസ്ഥിതിയും തൊഴിൽ മേഖലയും മെച്ചപ്പെടുത്തുന്നതിനു വേണ്ടി പ്രഖ്യാപിച്ച നിതാഖാത്ത് മുഖേന അനേകം പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുകയും പിടിച്ചുനിൽക്കാൻ ഒരു വഴിയും കാണാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരികയും ചെയ്തു അതിനുശേഷം ഇവിടെയുള്ള സ്വദേശി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ഭരണാധികാരികളെ സ്വദേശിവൽക്കരണത്തിലേക്ക് കൂടുതൽ പ്രേരിപ്പിക്കുകയും ചെയ്തു
നിതാഖാത്ത് പ്രതിസന്ധിക്ക് ശേഷം പ്രവാസികൾക്ക് ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കേണ്ടി വന്ന ഒരു കാലഘട്ടമാണ് ഈ അടുത്ത കാലത്ത് സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി വന്ന മൊബൈൽ ഷോപ്പുകളുടെ സ്വദേശവൽക്കരണം വിദേശികൾ നടത്തിവന്ന ആയിരക്കണക്കിന് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും സാധനങ്ങൾ കിട്ടിയ വിലക്ക് വിൽക്കേണ്ടിയും വന്നു ആ മേഖലയിൽ ഉയർന്ന വിദ്യാഭ്യാസം നേടി സൗദിയിലേക്ക് വന്ന ലക്ഷക്കണക്കിന് വിദേശികൾക്ക് അവരുടെ ഭാവി ഇരുട്ടാകുന്ന അനുഭവമാണ് സമ്മാനിച്ചത് പലരും തുച്ഛമായ ശമ്പളത്തിന് മറ്റു പല തൊഴിലും തേടിയപ്പോൾ ഒരുപാട് ആളുകൾ ഗൾഫ് എന്ന സ്വപ്നം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു
എണ്ണ ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി സർക്കാർ നടപ്പിലാക്കിയ വിഷൻ 2030 പദ്ധതി 2030 ആകുന്നതോടെ എണ്ണവില ആശ്രയിക്കാതെ തന്നെ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി നിലനിർത്തുന്നതായിരുന്നു ഇതിനായി സർക്കാർ തലത്തിൽ നടപ്പിലാക്കിയ പല പദ്ധതികളും വിദേശികളെ മാത്രമല്ല സ്വദേശികളായ സാധാരണക്കാരെയും സാമ്പത്തികമായി പിന്നോട്ടു നയിച്ചു ഇത്രയും കാലം നികുതി ഈടാക്കാതെതിരുന്ന പല സാധനങ്ങൾക്കും വലിയ രൂപത്തിൽ നികുതി അടക്കേണ്ടി വന്നു പുകയില ഉൽപ്പന്നത്തിന്റെ ഉപയോഗം കുറക്കാൻ വേണ്ടി സിഗരറ്റിനും അനുബന്ധ ഉൽപ്പന്നങ്ങൾക്കും വില 100 ശതമാനത്തിലധികം വർധിച്ചു പഴയ വിലയുടെ ഇരട്ടിയായി പെപ്സി പോലെയുള്ള ശീതള പാനീയങ്ങളുടെ വില 50 ശതമാനം വർധിച്ചു വിദേശിയായ ഒരാൾ ഒരുമാസം സർക്കാറിന് 200 റിയാൽ വീതം ഒരുവർഷത്തിൽ 2400 റിയാൽ വച്ച് സ്വന്തം ഇഖാമ പുതുക്കുമ്പോൾ കെട്ടിവെക്കണമെന്ന നിയമം അൽപ്പം മുമ്പ് ഉണ്ടായിരുന്നത് ഭാവിയിൽ അതിൻറെ ഇരട്ടിയാക്കാനുള്ള സാധ്യതയിലേക്കാണ് പുതിയ വാർത്തകൾ
വിദേശികളുടെ ആശ്രിതർക്ക് ഒരുമാസം സൗദിയിൽ തങ്ങാൻ 100 റിയാൽ വീതം സർക്കാരിലേക്ക് നികുതി അടക്കാൻ ഉള്ള നിയമം കൂടി വന്നതോടെ കുടുംബമായി താമസിച്ചിരുന്നവർ മുഴുവൻ അവരെ നാട്ടിലേക്ക് കയറ്റി അയക്കാൻ തുടങ്ങി കിട്ടുന്ന ശമ്പളത്തിൽ നിന്നും ഇവിടെയുള്ള ചിലവും കഴിഞ്ഞ് കൂടെയുള്ള ഭാര്യക്കും വലിപ്പച്ചെറുപ്പമില്ലാതെ മക്കൾക്കും മാസം 100 റിയാൽ വച്ച് നൽകേണ്ടി വരിക എന്നത് ഒരു ശരാശരി പ്രവാസിക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല ബാക്കി ഇപ്പോൾ സൗദിയിലുള്ള കുടുംബങ്ങൾ മൂന്നു നാലു വർഷത്തിനുള്ളിൽ മുഴുവനായും വീടണയും എന്നതിൽ സംശയമില്ല കാരണം 2017 ൽ ഒരുമാസം ഒരാൾക്ക് 100 റിയാൽ എന്നുള്ളത് 2020 ൽ 200 റിയാലും 2022 ൽ 400 റിയാലും ആയി മാറും എന്നുള്ള വാർത്തകൾ പല കേന്ദ്രങ്ങളിൽ നിന്നും കേട്ടു തുടങ്ങി അങ്ങനെ വരുമ്പോൾ ശമ്പളം മുഴുവനായും ഈയിനത്തിൽ മാറ്റിവെച്ചാലും തികയാത്ത അവസ്ഥയാണ് ഇനി കുടുംബമായി കഴിയുന്ന പ്രവാസികളെ കാത്തിരിക്കുന്നത്
ജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രയാസം കച്ചവടസ്ഥാപനങ്ങളിലും ഷോപ്പിങ് മാളുകളിലും എല്ലാം വളരെ വ്യക്തമായിത്തന്നെ പ്രകടമായിരുന്നു കടകളിലൊന്നും കച്ചവടം നടക്കുന്നില്ല വലിയ വലിയ ഷോപ്പിംഗ് മാളുകളിൽ ഉണ്ടായിരുന്ന തിരക്കുകൾ ഒക്കെ പഴങ്കഥയായി പുതിയ കടകൾ തുറക്കുവാനോ ബിസിനസ് തുടങ്ങുവാനോ ആളുകൾ ഈ കാലത്ത് ശ്രമിക്കുന്നുമില്ല വിദേശി കുടുംബങ്ങൾ ഒഴിഞ്ഞു പോയതോടെ ഫ്ളാറ്റുകളും കെട്ടിടങ്ങളും കാലിയായി എവിടെയും വാടകക്ക് വില്പനക്ക് എന്ന ബോർഡ്കൾ മാത്രം വൻകിട കമ്പനികൾ പലതും ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചു വിട്ടതിനു പിന്നാലെ പല കമ്പനികളും അടച്ചുപൂട്ടേണ്ടിവന്നു ജോലി നഷ്ടപ്പെട്ട് അല്ലെങ്കിൽ ഉള്ള ജോലിയിൽ ശമ്പളം ലഭിക്കാത്ത അനേകായിരം പ്രവാസികൾ നിത്യ വാർത്തകളായി സുഹൃത്തുക്കളും മറ്റും വിളിക്കുമ്പോൾ പുതിയ വല്ല ജോലിയും അന്വേഷിക്കണം ഇപ്പോഴുള്ള ജോലി ഏത് സമയവും നഷ്ടപ്പെടും എന്ന സംസാരമാണ് അധികം പേർക്കും പറയാനുള്ളത്
രണ്ടും രണ്ടരയും വർഷം കഴിഞ്ഞ് മുതലാളിമാരുടെയും മാനേജർമാരുടെ യും കാലുപിടിച്ച് ഒന്നോ രണ്ടോ മാസം ലീവൊപ്പിച്ചു നാട്ടിൽ പോയിരുന്ന പ്രവാസികളെ കൊണ്ട് ഇന്ന് അതേ മുതലാളിമാർ നിർബന്ധിപ്പിച്ച് ലീവെടുപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത് അതും നീണ്ട ആറു മാസമോ അതിലധികമോ പ്രവാസം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് വരുംകാലങ്ങളിൽ സൗദി അറേബ്യയിൽ വരാൻ പോകുന്നത് എന്ന കാര്യത്തിൽ തർക്കമില്ല ഇത്രയും കാലം വിദേശികളെ സ്വന്തം പൗരന്മാരെ പോലെ തീറ്റിപ്പോറ്റിയ നാട് ഇപ്പോൾ അവരുടെ പൗരന്മാരുടെ കാര്യത്തിൽ അല്പം മുൻകരുതൽ സ്വീകരിക്കുന്നതിൽ തെറ്റുപറയാൻ പറ്റില്ല ഇത്രയും കാര്യങ്ങൾ കൂടുതലായി ബാധിച്ചത് വിദേശികളെ യാണെങ്കിൽ ഇവിടെയുള്ള എന്റെ കഫീൽ അടക്കമുള്ള സാദാരണക്കാരായ സൗദികളുടെ മേലിലും ഒരുപാട് നിയമങ്ങളും നികുതികളും വന്നു
ഞാൻ ഇവിടെ വരുന്ന അവസരത്തിൽ എട്ടു മണിക്കൂർ ജോലിയും 5 മണിക്കൂറിലധികം ഓവർടൈംമും ഉണ്ടായിരുന്ന സാമ്പത്തികപരമായി നല്ല അവസ്ഥയിലായിരുന്ന എന്റെ കഫീലിന്റെ ഇപ്പൊഴത്ത അവസ്ഥ അല്പം മോശം തന്നെയാണ് സർക്കാർ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളം 20% ഈ അടുത്തകാലത്ത് സർക്കാർ വെട്ടിച്ചുരുക്കി രാജഭരണം ആയതുകൊണ്ട് ഒറ്റപ്പാടും ബഹളവും ഒന്നും തന്നെ ഉണ്ടായില്ല നമ്മുടെ നാട്ടിലായിരുന്നെങ്കിൽ കത്തിയ സർക്കാർ സ്ഥാപനങ്ങൾക്കും സർക്കാർ വാഹനങ്ങൾക്കും കയ്യും കണക്കും ഉണ്ടാവില്ല ശമ്പളം കുറച്ചതിനു പുറമേ മുൻപ് ഉണ്ടായിരുന്ന ഓവർടൈം ജോലിയും ഇപ്പോൾ കഫീലിന് ഇല്ലാതെയായി ഫ്ലാറ്റ് രണ്ടെണ്ണം പുതിയത് വാങ്ങിയെങ്കിലും അതിന്റെയും അതിലേക്ക് വാങ്ങിയ ഫർണിച്ചറുകളുടെയും ഒക്കെയായി പലസ്ഥലങ്ങളിലും ബാങ്കിലും ഒക്കെ ഒരു നല്ല സംഖ്യ മാസാമാസം അടയ്ക്കേണ്ടിവരും പിന്നെ എന്റെ ശമ്പളം മക്കളുടെ പഠിപ്പ് സ്വന്തം ഫ്ലാറ്റിലേക്കും ഉമ്മയുടെ ഫ്ളാറ്റിലെക്കുമുള്ള ഭക്ഷണ ചിലവ് എല്ലാം തന്റെ ശമ്പളത്തിൽനിന്നും കഴിഞ്ഞുപോകുക എന്നത് അയാളെ സംബന്ധിച്ച് ഒരു കടമ്പ തന്നെയാണ് ശമ്പള ഇതര വരുമാനം വർധിപ്പിക്കുന്നതിന് വേണ്ടി കഫീലും ചില സുഹൃത്തുക്കളും ചേർന്ന് ചെറിയ ചില കച്ചവടങ്ങൾ ഒക്കെ തുടങ്ങാനുള്ള ശ്രമത്തിലാണ്
######
ആഗസ്റ്റ് മാസം എന്റെ ചെറിയ വണ്ടി അവശനായി വഴിയിൽനിന്നു ഇനി ഒരടി മുന്നോട്ടുപോകാൻ കഴിയില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വണ്ടിയുടെ എഞ്ചിനിൽ നിന്നും വലിയ ശബ്ദം ഉണ്ടാവാൻ തുടങ്ങി ശബ്ദങ്ങൾ പലതും പണ്ടുമുതൽക്കേ വണ്ടിയിൽനിന്നും പലഭാഗങ്ങളിൽ നിന്നായി കേൾക്കുന്നുണ്ടെങ്കിലും എൻജിനിൽ നിന്നും ഇത്ര വലിയ ശബ്ദം ആദ്യമായിരുന്നു 15 വർഷം പഴക്കമുള്ള ആ വണ്ടി എന്റെ കയ്യിൽ ഏല്പിക്കുന്ന അന്നുതന്നെ വണ്ടിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു അതിനൊന്നും വർക്ക് ഷോപ്പിൽ കൊണ്ടു പോയില്ല എന്ന് മാത്രമല്ല മാഡം വണ്ടി യെക്കൊണ്ട് തന്റെയും തന്റെ വീട്ടുകാരുടെയും സകല ഭാരങ്ങളും വലിപ്പിക്കുകയും ചെയ്തു രണ്ടു വർഷത്തിലധികം ഇത്രയും പ്രശ്നങ്ങളുമായി വണ്ടിയോടിച്ച എന്റെ കാലിന്റെയും മുതുകിന്റെയും അവസ്ഥ വല്ലാതായി ഇതാ ഇപ്പോൾ വണ്ടി തന്നെ സ്വയം പറഞ്ഞിരിക്കുന്നു ഇനി വയ്യ എന്ന്
അന്ന് കഫീലിന്റെ ഓഫീസിൽ പോയി വലിയ വണ്ടി വാങ്ങി ഞാൻ രണ്ടുപേരുടെയും ഓട്ടങ്ങൾ ഓടി എന്നാൽ രണ്ടു ദിവസം കഴിഞ്ഞു കഫീലിന് അവന്റെ വണ്ടി അത്യാവശ്യമായി വന്നപ്പോൾ എന്നെക്കൊണ്ട് വീണ്ടും ആ ചെറിയ വണ്ടിതന്നെ എടുപ്പിച്ചു ഹെലികോപ്റ്റർ പറന്നുയരാൻ തുടങ്ങുമ്പോൾ ഉണ്ടാകുന്ന ശബ്ദമായിരുന്നു വണ്ടി സ്റ്റാർട്ട് ആക്കിയാൽ ഉടനെ അടുത്ത പ്രദേശത്തുകാരൊക്കെ ഇത്രയും വലിയ ശബ്ദം കേൾക്കുമ്പോൾ ഞങ്ങളെയും വണ്ടിയെയും ശ്രദ്ധിക്കും എന്നാൽ നമ്മുടെ കക്ഷിക്കുണ്ടോ വല്ല കുലുക്കവും രണ്ട് ദിവസത്തോളം ആ ഭയാനകമായ ശബ്ദവും വച്ച് അവൾ എന്നെ കൊണ്ട് വണ്ടി ഓടിച്ചു എല്ലാവരും ഞങ്ങളെ സർക്കസിലെ മരണക്കിണറിലെ അഭ്യാസിയെ നോക്കുന്നപോലെ നോക്കിക്കൊണ്ടിരുന്നു മൂന്നാം നാൾ രാവിലെ മാഡത്തെ ഡ്യൂട്ടിക്ക് കൂട്ടിക്കൊണ്ടുപോയി വിടാൻ വേണ്ടി വീട്ടിൽ നിന്നും പുറപ്പെട്ടു ഹൈവേയിൽ എത്തി അല്പം ഓടിയതേയുള്ളൂ അപ്പോഴേക്കും വണ്ടിയിൽ നിന്നും ഭയാനകമായ ശബ്ദവും പുകയും വരാൻ തുടങ്ങി എന്നുമാത്രമല്ല ഇനിയെങ്കിലും എന്നെ വെറുതെ വിടൂ എന്നും പറഞ്ഞു വണ്ടി ഓഫ് ആവുകയും ചെയ്തു
വണ്ടിയുടെ സ്വഭാവമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ ഞാൻ പെട്ടെന്ന് സർവീസ് റോഡിലേക്ക് തിരിച്ചു റോഡിന്റെ ഓരം ചേർത്തു നിർത്തി അവിടെനിന്നും ഞാൻ വണ്ടിയുടെ ബോണറ്റും മറ്റും തുറന്നു പരിശോധിക്കുമ്പോഴും മാഡം വണ്ടിയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു വണ്ടി മുന്നോട്ടു പോവാൻ ഒരു വഴിയുമില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ ഗത്യന്തരമില്ലാതെ അവൾ ടാക്സി വിളിച്ചു ജോലിക്കു പോയി എനിക്ക് വീട്ടിലേക്ക് മടങ്ങാൻ ടാക്സിക്ക് പണം തരികയോ ഞാൻ എന്തുചെയ്യണമെന്നു പറയുകയോ ചെയ്തില്ല അല്പം കഴിഞ്ഞു ഞാൻ ഒരു ടാക്സി പിടിച്ച് റൂമിലേക്ക് പോന്നു പണം പിന്നീട് കഫീലിൽ നിന്നും കിട്ടിയാൽ വാങ്ങാം എന്ന് തീരുമാനിച്ചു അങ്ങനെ ആ പാവം വണ്ടിയുടെ കഥ കഴിഞ്ഞു പണ്ടൊരിക്കൽ വണ്ടി മെക്കാനിക്കിനെ കാണിച്ചപ്പോൾ പറഞ്ഞതാണ് ഈ വണ്ടി എൻജിൻ പണി എടുക്കുകയാണെങ്കിൽ മാറ്റേണ്ടത് അല്ലാതെ ഇതിനകത്ത് ഒന്നും കാണില്ല എന്ന് അതുകൊണ്ട് എത്രയും പെട്ടെന്ന് പഴയ എൻജിൻ വാങ്ങി വയ്ക്കുന്നതാണ് നല്ലത് എന്നും
ചെറിയ വണ്ടി നിന്നതോടെ ഞാൻ വലിയ വണ്ടിയുമായി രണ്ടുപേരുടെ ഓട്ടവും ഓടാൻ തുടങ്ങി ജോലി എല്ലാം കഴിഞ്ഞു വന്നു കഫീൽ വീട്ടിലിരിക്കുമ്പോൾ മാഡം എന്നെയും കൂട്ടി പുറത്തെ കറക്കങ്ങൾ ഒക്കെ നടത്തും അപൂർവ്വം ചില ദിവസങ്ങളിൽ കഫീൽ വണ്ടിയുമായി പുറത്തു പോകും പക്ഷെ വണ്ടി ഇല്ല എന്നു വിചാരിച്ച് മാഡം വെറുതെയിരിക്കാൻ തയ്യാറല്ല എന്നെ കടകളിലേക്ക് നടത്തി ഓരോ സാധനങ്ങൾ വാങ്ങിക്കും ഒരുദിവസം കഫീൽ വണ്ടിയുമായി പുറത്തുപോയ സമയം അവൾക്ക് ടൈലറിങ് ഷോപ്പ് വരെ അത്യാവശ്യമായി പോകേണ്ടതായി വന്നു മറ്റു മാർഗങ്ങളൊന്നുമില്ലാതെ വന്നപ്പോൾ ടാക്സി വിളിച്ചു പോകാൻ തീരുമാനിച്ച അവൾ എന്നോടും കൂടെ ചെല്ലാൻ പറഞ്ഞു കാരണം രാത്രിയിൽ തനിച്ചു ടാക്സിയിൽ യാത്ര ചെയ്യാനുള്ള പേടി തന്നെ
ഇന്റർനെറ്റ് യുഗം ആയതുകൊണ്ട് ടാക്സി വിളിക്കൽ ഒക്കെ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഓർഡർ കിട്ടിയാൽ നിമിഷങ്ങൾക്കകം ടാക്സി നമ്മുടെ വീടിനു മുമ്പിലെത്തും അങ്ങനെ ഞങ്ങൾ രണ്ടുപേരുംകൂടി കടയിൽ പോയി വീടിനടുത്തുള്ള കട തന്നെ ആയിരുന്നു അവിടെയുള്ള പണികളൊക്കെ തീർത്തു മടങ്ങാൻ നേരം വീണ്ടും ടാക്സി വിളിക്കാൻ അവൾക്കൊരു മടി ഇത് ശ്രദ്ധയിൽപ്പെട്ട ഞാൻ അവളോട് അങ്ങോട്ട് പറഞ്ഞു 'വണ്ടി വേണമെന്നില്ല നമുക്ക് നടക്കാം' അത് അവൾക്ക് പെരുത്ത് ഇഷ്ടപ്പെട്ടു 8 റിയാൽ ലാഭം കിട്ടുകയാണല്ലോ ഞാൻ അങ്ങനെ പറയാൻ മറ്റൊരു കാരണമുണ്ട് ആ വഴിയൊക്കെ ഞാൻ സ്ഥിരമായി പള്ളിയിൽ പോകുമ്പോൾ നടക്കുന്ന വഴിയാണ് അവൾ അങ്ങനെ അല്ലല്ലോ ഫ്ളാറ്റിൽനിന്ന് കാറിലേക്കും കാറിൽ നിന്ന് ഓഫീസിലേക്കും മാത്രമാണല്ലോ അവളുടെ നടത്തം അങ്ങനെ ഞാൻ മുൻപിലും എന്റെ അല്പം പിന്നിൽ ഉരുണ്ടുരുണ്ട് അവളും നടക്കാൻ തുടങ്ങി ഞാനെന്റെ നീണ്ട ബലിഷ്ഠമായ കാലുകൾ നീട്ടിവെച്ചു എന്റെ കൂടെയെത്താൻ അവൾ നന്നേ കഷ്ടപ്പെട്ടു അങ്ങനെ 8 റിയാൽ ലാഭം കിട്ടിയ സന്തോഷത്തിൽ അവളും അവൾക്ക് ചെറിയ രൂപത്തിൽ പണികൊടുത്ത സന്തോഷത്തിൽ ഞാനും വീട്ടിലെത്തി അതോടെ വണ്ടി ഇല്ലെങ്കിൽ പോലും എന്നെ വെറുതെ വിടില്ലെന്ന് എനിക്ക് മനസ്സിലായി
ആഗസ്റ്റ് ഇരുപത്തി മൂന്നാം തീയതി എൻറെ നാട്ടിൽ പോകൽ ഞാൻ കഫീലിനെ ബോധിപ്പിച്ചു നേരിട്ട് സംസാരിക്കുമ്പോൾ ഒന്നും വ്യക്തമായി കേൾക്കാൻ അയാൾക്ക് സമയമുണ്ടാവില്ല എന്നറിയാവുന്നതുകൊണ്ട് ഞാൻ വിവരങ്ങളെല്ലാം റെക്കോർഡ് ചെയ്തു മൊബൈലിലേക്ക് മെസേജ് അയക്കുകയാണ് ചെയ്തത് 'ഇന്ന് ദുൽഹിജ്ജ ഒന്നാണ് ഇന്ന് മുതൽ നാലുമാസം കൂടി കടന്നുപോയാൽ ഞാൻ നിന്റെ കൂടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് രണ്ടുവർഷം തികയും രണ്ടുവർഷം പൂർത്തിയാകുന്നതോടെ ഞാൻ നാട്ടിലേക്ക് പോകും തിരിച്ചുവരാനുള്ള സാധ്യതയില്ല കാരണം ഉപ്പാക്ക് ചെറിയ സഹായങ്ങൾ ഒക്കെ ചെയ്തുകൊടുത്തു നാട്ടിൽ തന്നെ എന്തെങ്കിലും ജോലി ചെയ്യാനാണ് ഉദ്ദേശിക്കുന്നത് 2 വർഷം തികയുന്നത് ഡിസംബർ 23 ഓ അതിനു മുൻപോ ആയിരിക്കും എന്റെ ശമ്പളം ഇംഗ്ലീഷ് മാസം കണക്ക് ആയത് കൊണ്ട് ഡിസംബർ 31 വരെ ഞാൻ ജോലി ചെയ്യാം അതിനുശേഷം ജനുവരി ഒന്നിനോ രണ്ടിനോ നീ എനിക്കുള്ള ടിക്കറ്റ് എടുത്ത് തരുവാൻ അപേക്ഷിക്കുന്നു' ഇത്രയും പറഞ്ഞു നാട്ടിലെ 2 എയർപോർട്ടുകളുടെ പേരും അയാൾക്ക് ഞാൻ മെസേജ് വിട്ടു
ഞാൻ പറഞ്ഞ കണക്ക് അറബി മാസം കണക്കാക്കിയാണ് ഇംഗ്ലീഷ് വർഷം കണക്കാക്കിയാൽ രണ്ടു വർഷം തികയുന്ന തീയതി ജനുവരി 14നാണ് ഇഖാമയുടെ തീയതിയും ഇവിടെ പൊതുവേ ഉപയോഗിക്കുന്നതും അറബിമാസം ആയതുകൊണ്ട് ഞാൻ അത് അനുസരിച്ച് പറഞ്ഞതാണ് രണ്ടു ദിവസം കഴിഞ്ഞു ഞാനും കഫീലും തനിച്ചു ഒരു ഓട്ടം പോയപ്പോൾ ഇക്കാമ യുടെ തീയതി എന്നാണ് തീരുന്നത് എന്ന് ചോദിച്ചു മാർച്ച് 23 നായിരുന്നു അത് അതു വരെ തനിക്കു നിന്നുകൂടേ എന്ന് അയാൾ ചോദിച്ചു ഞാനൊരുപാട് മുൻപേ പോവാൻ തീരുമാനിച്ചതാണ് പിന്നെ ഇവിടെ വരാൻ വന്ന ചിലവും എനിക്കുവേണ്ടി നിനക്ക് വന്ന ചിലവുകളും എല്ലാം പരിഗണിച്ച് 2 വര്ഷം തികയ്ക്കാൻ തീരുമാനിച്ചതാണ് അതിൽ കൂടുതൽ നിൽക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞു ഒരുപക്ഷേ നാട്ടിൽ പോക്ക് രണ്ടുമാസം കൂടി നീണ്ടു പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല അങ്ങനെ ഒരവസരം വന്നാൽ അപ്പോൾ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാം എന്ന് ഞാൻ തീരുമാനിച്ചു
(തുടരും)

HouseDriver - Part 28



ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 28
ജൂൺ ഇരുപത്തിയഞ്ചാം തീയതി ചെറിയപെരുന്നാൾ എത്തി പതിവുപോലെ ഈ പെരുന്നാളിന് കഫീലിന്റെ വക എനിക്ക് തോപ്പ് തൈപ്പിച്ചിരുന്നു അതുപോലെ ശമ്പളത്തിൽ പെരുന്നാൾ വകയായി 200 റിയാൽ അധികമുണ്ടായിരുന്നു നോമ്പിനും പെരുന്നാളിനുമായി എനിക്ക് 500 റിയാൽ പലരിൽ നിന്നായി കിട്ടിയിരുന്നു കഫീൽ തന്ന 200 കഫീലിന്റെ ഉമ്മ 50 പള്ളിയിൽ വച്ച് പ്രായമായ ഒരു സൗദി 100 ഞങ്ങളുടെ ബിൽഡിങ്ങിലെ താമസക്കാരനായ ഒരു മുതലാളി പെരുന്നാൾ ദിവസം 100 മാഡത്തിന്റെ ഉമ്മ 50 എന്നിങ്ങനെയാണ് 500 റിയാലിന്റെ കണക്ക് ഈ കണക്കുകളിലൊന്നും ഒരു പത്തു റിയാൽ കൊണ്ടു പോലും നമ്മുടെ കക്ഷിയുടെ( മാഡം )പേര് കാണില്ല കിട്ടിയ പണമൊക്കെ ചേർത്ത് ഞാനതു ടാബ് വാങ്ങി
അതുപോലെ നാട്ടിലേക്ക് ഈമാസം അയച്ചത് ഇരുപതിനായിരം രൂപയായിരുന്നു കഴിഞ്ഞ തവണത്തെപ്പോലെ കുട്ടികൾക്കും മറ്റ് കുടുംബക്കാർക്കും പെരുന്നാളിന് പൈസ കൊടുക്കാൻ വിചാരിച്ചത് ഇത്തവണ നടന്നില്ല കാരണം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജേഷ്ഠന് കുറച്ചു പണം കടം കൊടുത്തിരുന്നു ഏതായാലും പെരുന്നാൾ ദിവസം രാവിലെ പുതുവസ്ത്രം ധരിച്ച് പള്ളിയിൽ പോയി പതിവുപോലെ പരിചയക്കാരെ പരസ്പരം ആലിംഗനം ചെയ്തു തിരിച്ചു പോന്നു ഉച്ചക്ക് മുൻപായി കഫീലിനെ കണ്ടപ്പോൾ ഇന്ന് എനിക്ക് ലീവ് അനുവദിച്ച കാര്യം പറഞ്ഞു എവിടെയെങ്കിലും പോകുന്നുണ്ടോ എന്ന ചോദ്യത്തിന് രാത്രി ശറഫിയയിലെക്ക് ഒന്നു പോകണം എന്ന് ഞാൻ പറഞ്ഞു അങ്ങനെ ഒരു വർഷത്തിനുശേഷം ഇന്ന് ഞാൻ ജോലിയിൽ ലീവ് ആസ്വദിക്കുകയാണ്
രാത്രിയായപ്പോൾ കഫീലിന്റെ സമ്മതം വാങ്ങി ഞാൻ ഒരു കൂട്ടുകാരനെയും കൂട്ടി ഷറഫിയ്യയിലേക്ക് പോയി പോകുന്ന വഴിയിൽ അല്പനേരം അളിയൻ ജോലിചെയ്യുന്ന കടയിൽ ചെലവഴിച്ചു ഷറഫിയയിൽ വെച്ച് നാട്ടുകാരെയും സുഹൃത്തുക്കളെയും ഒക്കെ കണ്ടു അവിടെ അടുത്തു തന്നെയുള്ള എന്റെ പഴയ റൂമിലേക്ക് പോയി അവിടെയും അല്പനേരം ചെലവഴിച്ചു ഞാനും രണ്ടു സുഹൃത്തുക്കളും കൂടി വണ്ടിയിൽ എണ്ണയും അടിച്ചു കടപ്പുറത്തേക്ക് പോയി കടപ്പുറത്ത് പോയി സുഹൃത്തുക്കളുമായി അല്പം സംസാരിച്ചിരുന്നപ്പോഴേക്കും കഫീലിന്റെ വിളിവന്നു 'നാസർ താൻ എവിടെയാണ്' 'ഞാൻ കടപ്പുറത്ത്' 'ഇനിയും തിരിച്ചു പോന്നില്ലേ' ' ഇല്ല ' ഫോൺ കട്ടായി എല്ലാ ആവേശവും ചോർന്നുപോകാൻ ആ ഒരു വിളി മതിയല്ലോ ഇനി അവിടെ ഇരിക്കാൻ തോന്നാത്തതുകൊണ്ട് ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു വണ്ടി എടുക്കുന്നതിനു മുൻപായി അടുത്ത വിളി വന്നു 'നാസർ താനെപ്പോഴാ തിരിച്ചു പോരുന്നത്' 'ഇതാ ഇപ്പോൾതന്നെ'
അങ്ങനെ ഇത്തവണത്തെ പെരുന്നാൾ ആഘോഷവും അവധിയും എല്ലാം കഴിഞ്ഞു പെരുന്നാൾ കഴിഞ്ഞു നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ മാടത്തിന്റെ വീട്ടിൽനിന്നും അർദ്ധരാത്രി എനിക്ക് കുറച്ചു ചോറ് തന്നു ഒരുപാട് നേരത്തെ ഓട്ടത്തിന് ശേഷം പുലർച്ചെ മൂന്നുമണിക്ക് ആയിരുന്നു അത് അതുമായി വീട്ടിൽ പോകാൻ പറഞ്ഞു മാഡം അവളുടെ ഉമ്മയുടെ വീട്ടിൽ കൂടി ഞാൻ തിരിച്ചു പോകുന്ന വഴിയിൽ അളിയന്റെ റൂമിൽ പോയി ഭക്ഷണം എന്തെങ്കിലും ഉണ്ടാക്കി കഴിക്കാം എന്ന് അളിയൻ പറഞ്ഞപ്പോൾ ഞാൻ വണ്ടിയിലുള്ള ചോറിന്റെ കാര്യം പറഞ്ഞു അത് എടുത്ത് ചൂടാക്കിയ അളിയൻ അന്തം വിട്ടു നിൽക്കുന്നത് കണ്ടു ചോദിച്ചപ്പോളാണ് എനിക്ക് കിട്ടിയ ഭക്ഷണത്തിന്റെ യഥാർത്ഥരൂപം ഞാൻ കാണുന്നത് ചോറും കോഴിയും മറ്റും മാഡവും വീട്ടുകാരും തിന്നതിന്റെ ബാക്കി എല്ലാവരുടെ പാത്രത്തിലുള്ള എച്ചിലും കൂടി ഒരു വലിയ പാത്രത്തിലിട്ട് തന്നതായിരുന്നു
അളിയന് ഇത് പുതിയ അനുഭവമാണെങ്കിലും ഞാൻ ഇതൊക്കെ എത്രയോ തവണ അനുഭവിച്ചതാണ് തുറന്നു നോക്കിയിട്ട് നല്ലതാണെങ്കിൽ കഴിക്കുക അല്ലാതെ എച്ചിലോ പഴയതോ ആണെങ്കിൽ കളയുക എന്ന നയമാണ് ഞാൻ സ്വീകരിച്ചിരുന്നത് അന്നത്തേത് പുതിയ സംഭവം അല്ലെങ്കിലും ആ ഭക്ഷണം പുറത്തു കൊണ്ടുപോയി കളയുമ്പോൾ ഞാൻ മനസ്സിൽ മറ്റൊരു തീരുമാനമെടുത്തു ഇനി മാഡം ഭക്ഷണം തന്നാൽ ഏതു സാഹചര്യത്തിലായാലും വാങ്ങില്ല എന്ന് അന്നത്തെ സംഭവത്തേക്കാൾ എന്നെ അൽഭുതപ്പെടുത്തിയത് പിറ്റേന്നത്തെ അവളുടെ ഉമ്മയുടെ സംസാരമാണ് പിറ്റേന്ന് എന്നെ കണ്ട ഉടനെ അവര് ചോദിച്ചു 'നാസർ ഇന്നലത്തെ ഭക്ഷണം എങ്ങിനെ ഉണ്ടായിരുന്നു' 'വളരെ നന്നായിരുന്നു' 'കുറെ അധികം ഉണ്ടായിരുന്നല്ലോ കൂട്ടുകാർക്കൊക്കെ കൊടുത്തോ' 'പിന്നില്ലാതെ എല്ലാവർക്കും കൊടുത്തു അവർക്കൊക്കെ പെരുത്ത് ഇഷ്ടപ്പെട്ടു' ' അതെയോ എങ്കിൽ അതിൽ ബാക്കി കുറച്ചുകൂടി ഇവിടെ ഇരിപ്പുണ്ട് ഇപ്പോൾ എടുത്തു തരാം' ' അയ്യോ വേണ്ട ഇനി പിന്നീടെപ്പോഴെങ്കിലും തന്നാൽ മതി'
മാഡത്തെ കുറിച്ച് കുറ്റവും കുറവും മാത്രമേ പറയാനുള്ളൂ എങ്കിലും ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ അവളിൽനിന്നും അനുഭവിച്ചിട്ടുണ്ട് എങ്കിലും ഇത്രയും കാലം അവളുടെ കീഴിൽ ജോലി ചെയ്തതിൽ നിന്നും ഞാൻ മനസ്സിലാക്കിയ അപൂർവ്വം ചില നല്ല സ്വഭാവങ്ങൾ കൂടി അവൾക്കുണ്ടായിരുന്നു അവളുടെ കൈയിൽനിന്നും എനിക്ക് സൗജന്യമായി ഒന്നും കിട്ടിയില്ലെങ്കിലും എന്റെ പണത്തിൽ നിന്നും അവൾക്കു വേണ്ടി ചിലവായത് തിരിച്ചുതരുന്ന കാര്യത്തിൽ അവൾക്ക് വലിയ ശ്രദ്ധയായിരുന്നു ഞാൻ മറന്നാൽ പോലും എത്ര ചെറിയ സംഖ്യ ആണെങ്കിൽ പോലും അവൾ പെട്ടെന്ന് തിരിച്ചു തരുമായിരുന്നു ആ കാര്യത്തിൽ കഫീൽ അല്പം പിറകിലായിരുന്നു അതുപോലെ പണ്ട് അവളുടെ മുന്നിൽ തോറ്റു തൊപ്പിയിട്ടു ഞാൻ രണ്ടാമതൊരു സിം കാർഡ് കൂടി വാങ്ങിയത് കൊണ്ടായിരിക്കണം പിന്നീടങ്ങോട്ട് എന്റെയോ അവളുടെയോ എന്ത് ആവശ്യത്തിനും ഞാനവളുടെ മൊബൈലിലേക്ക് വിളിച്ചാൽ ഉടനെ അവൾ കട്ട് ചെയ്തു തിരിച്ചു വിളിക്കുമായിരുന്നു അക്കാര്യത്തിൽ മാഡത്തിന്റെ അത്രത്തോളം സഹകരണം ഇല്ലെങ്കിലും ഏറെക്കുറെ കഫീലും അതുപോലെ തന്നെയായിരുന്നു
അവരുടെ ഈ സഹകരണം കൊണ്ട് തന്നെ മൊബൈൽ റീച്ചാർജ് വിഷയത്തിൽ ഞാൻ ലോകം കണ്ട ഏറ്റവും വലിയ പിശുക്കാണ് പിന്തുടർന്നിരുന്നത് 2016 മെയ് മാസം ആദ്യം വാങ്ങിയ ആ സിം കാർഡിൽ 25 റിയാൽ ആയിരുന്നു ബാലൻസ് ഉണ്ടായിരുന്നത് അതുകൊണ്ട് ഞാൻ കഴിച്ചു കൂട്ടിയത് നീണ്ട എട്ടു മാസങ്ങളായിരുന്നു അതിനുശേഷം ഡിസംബർ അവസാനത്തിൽ എന്റെ ടാബ് നഷ്ടപ്പെട്ടപ്പോൾ കുറച്ച് അധികം പേർക്ക് വിളിക്കാൻ വേണ്ടി ഒരു പത്ത് റിയാൽ റീച്ചാർജ് ചെയ്തു അതുകൊണ്ട് വീണ്ടും ഞാൻ നാലഞ്ചു മാസം കടന്നു പോയി മക്കളെ നിയന്ത്രിക്കുന്ന കാര്യത്തിലും മാഡം ഏറെ ശ്രദ്ധിച്ചിരുന്നു മകനെക്കൊണ്ട് തനിച്ചു പോകുമ്പോഴുള്ള പ്രശ്നങ്ങളൊന്നും മാഡം വണ്ടിയിൽ ഉണ്ടാവുമ്പോൾ എനിക്ക് നേരിടേണ്ടി വരാറില്ല എന്നെ ശല്യപ്പെടുത്താനോ തെറി വിളിക്കാനൊ ഒന്നും മാഡം അവനെ അനുവദിക്കില്ല വിദേശികളായ ഡ്രൈവർമാരെ തെറി വിളിക്കലും ദേഹോപദ്രവം ഏൽപിക്കലും ഒക്കെയാണല്ലോ ഇവിടെയുള്ള പയ്യൻസിന്റെ പ്രധാന വിനോദം
കുറച്ചുകാലം ഇവിടെ ജോലി ചെയ്തു കഴിഞ്ഞാൽ പിന്നെ "എടാ പട്ടി" "എടാ കഴുതേ" എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ ഒന്നുംതന്നെ ഒരു പ്രശ്നമല്ലാതായി തോന്നും അതല്ലേ എന്നെപ്പോലുള്ള പ്രവാസികളുടെ വിജയരഹസ്യം മാഡം അറുപിശുക്കി ആയതുകൊണ്ടാവാം എന്നെ കൊണ്ട് അവളുടെ വീട്ടിലെ അധികം ഓട്ടങ്ങളൊന്നും ഓടിക്കാറില്ലായിരുന്നു അവളും മക്കളുമൊക്കെയായി ഓട്ടം പോവുകയാണെങ്കിൽ വീട്ടുകാരെയും കൂടെ കൂട്ടും എന്നല്ലാതെ ഇവരുടെ ഓട്ടവും കാത്തുകിടക്കലും ഒക്കെ കഴിഞ്ഞു വീട്ടുകാരുടെ ഓട്ടങ്ങളും കൂടി തന്ന് എന്നെ ബുദ്ധിമുട്ടിക്കാറില്ല അതുപോലെ തന്നെ ഏതെങ്കിലും ഓട്ടം കഴിഞ്ഞ് വരുമ്പോൾ തന്നെ വാങ്ങുവാനുള്ള മുഴുവൻ സാധനങ്ങളും വാങ്ങി വീട്ടിലേക്ക് മടങ്ങുന്നത് കൊണ്ട് തിരിച്ചു വരാൻ അല്പം വൈകിയാലും പിന്നീട് അപൂർവമായി അല്ലാതെ എന്നെ ഓരോന്ന് പറഞ്ഞ് ബുദ്ധിമുട്ടിക്കാറില്ല
അവളെക്കുറിച്ച് എടുത്തുപറയേണ്ട മറ്റൊരു സ്വഭാവം നല്ലനടപ്പ് തന്നെയാണ് ഒരു ഭാര്യ എന്നുള്ള നിലയിൽ അവൾ ഒരു പൂർണ്ണ പരാജയം ആണെങ്കിലും ഭർത്താവിനെ വഞ്ചിക്കാത്തവൾ എന്ന നിലക്ക് കഫീലിന് അവളെക്കുറിച്ച് അഭിമാനിക്കാം മറ്റു പല അറബി സ്ത്രീകളെപ്പോലെ മുഖത്തു പുരട്ടിയ മേക്കപ്പ് മുഴുവൻ വെളിയിൽ കാണിച്ച് ഹിജാബ് ധരിക്കാതെ മാറും പർദ്ദ കൊണ്ട് ശരിക്ക് മൂടാതെ നടക്കുന്ന ശീലം മാഡത്തിന് ഇല്ല ഭർത്താവിന്റെ കൂടെ വണ്ടിക്ക് അകത്തിരിക്കുമ്പോൾ ഒഴിച്ച് ബാക്കിസമയം എല്ലാം ഹിജാബ് ധരിച്ചാണ് അവൾ പുറത്തിറങ്ങുന്നത് ഇത്രയും കാലം അവളോടൊപ്പം ജോലിചെയ്തിട്ട് ഇന്നുവരെ അബദ്ധത്തിൽ പോലും ഞാൻ അവളുടെ മുഖം കണ്ടിട്ടില്ല അതിനുള്ള അവസരം ഞാനോ അവളോ ഉണ്ടാക്കിയിട്ടില്ല
പരപുരുഷന്മാരുമായി ഫോൺ വിളിക്കുകയോ അവരോടൊത്ത് പുറത്തു കറങ്ങാൻ പോവുകയോ ചെയ്യുന്ന ശീലം എന്റെ അറിവിൽ മാഡത്തിന് ഇല്ല പണത്തിന്റെയും സുഖ സൗകര്യത്തിന്റെ യും നടുവിൽ ജീവിക്കുന്ന ഇവിടെ അങ്ങനെയുള്ള സ്ത്രീകൾ ധാരാളമുണ്ട് തങ്ങൾക്ക് കിട്ടിയ സ്വാതന്ത്ര്യം ഇന്നത്തെ സാഹചര്യങ്ങളും സൗകര്യങ്ങളും മുതലെടുത്ത് സ്വന്തം ഭർത്താവിനെയും വീട്ടുകാരെയും വഞ്ചിക്കുന്ന സ്ത്രീകളും അങ്ങനെയുള്ളവരെ തേടി സ്വന്തം ഭാര്യയെ വഞ്ചിക്കുന്ന പുരുഷന്മാരും ഈ നാട്ടിലും കുറവല്ല പക്ഷേ ആ വിഷയത്തിൽ മാഡം വിശ്വാസയോഗ്യയാണ് എന്നാണെന്റെ വിശ്വാസം കാരണം അവൾ അപൂർവമായി അല്ലാതെ തനിച്ച് എവിടെയും പോകാറില്ല പുറത്തെവിടെ പോവുകയാണെങ്കിലും മക്കളോ കൂട്ടുകാരോ അവളുടെ വീട്ടുകാരോ കൂടെയുണ്ടാകും തനിച്ചാണ് പോകുന്നതെങ്കിൽ കൃത്യമായ സമയക്രമം പാലിച്ച് തിരിച്ചുവരും സാധനങ്ങൾ വാങ്ങാനുള്ള സമയം കഴിഞ്ഞു അവളെ കാത്തു നിൽക്കേണ്ടി വരില്ല
പുറത്തു പോയി മണിക്കൂറുകൾ ചിലവഴിക്കുന്നത് കൂട്ടുകാരികളുടെ വീടുകളിൽ, സ്വന്തം വീട്ടിൽ, കുട്ടികളുമൊത്ത് പാർക്കിൽ, കുടുംബക്കാരൊക്കെയായി കടപ്പുറത്ത്‌, സൂക്കിൽ, ഇങ്ങനെ എവിടെയെങ്കിലും ഒക്കെയാവും കൂട്ടുകാരികൾക്ക് ആയാലും മറ്റ് ആർക്കുവേണ്ടി യായാലും വണ്ടിയും ഡ്രൈവറെയും മാഡം വിട്ടു കൊടുക്കുകയും ഇല്ല അങ്ങനെ വിട്ടു കൊടുക്കണമെങ്കിൽ അതിന്റെ പത്തുമടങ്ങ് ഉപകാരം അവരിൽ നിന്ന് വസൂലാക്കിയിട്ട് മാത്രമേ അവൾ ചെയ്യു കാരണം മറ്റൊന്നുമല്ല അറുപിശുക്ക് തന്നെ പക്ഷേ ആ പിശുക്കുകൾ ഒക്കെ ഒരു തരത്തിൽ എനിക്ക് ഉപകാരപ്പെടുക യാണ് ചെയ്തത്
ജൂലൈ 28 ന് നാട്ടിലേക്ക് പണം അയച്ചു 25,000 രൂപ ജീവിതത്തിൽ പരീക്ഷണങ്ങൾ വീണ്ടും കടന്നുവന്നു വണ്ടിയുടെ പിറകിൽ ഒരു ലോറിക്കാരൻ ഇടിച്ചു അർദ്ധരാത്രി മാഡത്തിനെ അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ നിന്നും എടുത്ത് റോഡിലേക്ക് ഇറങ്ങുന്നതിന്റെ മുൻപായിരുന്നു അത് അർദ്ധ രാത്രി ആയതു കൊണ്ട് റോഡിൽ മറ്റു വണ്ടികൾ ഒന്നുമില്ലെന്ന വിശ്വാസത്തിൽ തെരുവിൽ ഇടയിലൂടെയുള്ള റോഡിലൂടെ മൊബൈലിലോ മറ്റൊ നോക്കി വന്ന ഒരു ആഫ്രിക്കക്കാരൻ ലോറി ഡ്രൈവർ എന്റെ വണ്ടിയുടെ പിറകിൽ വന്നിടിച്ചു വണ്ടിയുടെ ബ്രേക്ക് ലൈറ്റ് പൊട്ടുകയും ബോഡിയിൽ അല്പം പരിക്കും സംഭവിച്ചു ഉടനെ കഫീലും സ്ഥലത്തെത്തി ഇൻഷുറൻസ് ഏജന്റ് പേപ്പറുകൾ ശരിയാക്കി തന്നു എങ്കിലും കഫീലിന്റെ സംസാരവും പെരുമാറ്റവും ഞാൻ കരുതിക്കൂട്ടി വല്ലതും ചെയ്തതു പോലെ ആയിരുന്നു എന്ത് ചെയ്യാൻ ഇതു പോലെയുള്ള ചെറിയ തട്ടി മുട്ടലുകൾ സാധാരണമാണെങ്കിലും ഇവരെ പോലുള്ളവരുടെ കൂടെ ജോലി ചെയ്യുമ്പോൾ ഇതൊക്കെ വലിയ എന്തോ സംഭവം ആയി തോന്നുകയും മനസ്സിന് വല്ലാത്ത വിഷമവുമാണ്
പിറ്റേന്ന് മുതൽ കഫീലിന്റെ സമ്മതവും വാങ്ങി ഇൻഷൂറൻസ് കിട്ടാനുള്ള വഴികളിലൂടെയൊക്കെ ഞാൻ സഞ്ചരിക്കാൻ തുടങ്ങി ആദ്യം ട്രാഫിക് പോലീസിൽ പോയി അവിടെയുള്ള ഉദ്യോഗസ്ഥന്റെ സീൽ പതിച്ചു പിന്നീട് വണ്ടിക്കു വന്ന കേടുപാടുകൾ നോക്കി സമ്മതപത്രം തരുന്ന ഓഫീസിലെത്തി വരിയിൽ നിന്നു വണ്ടിയുടെ ഊഴമെത്തി അവരുടെ ഫോട്ടോ എടുക്കലും ബില്ല് തയ്യാറാക്കലും കഴിഞ്ഞു അവിടെ പോകുമ്പോൾ തന്നെ 30 റിയാൽ ചെലവ് വരുമെന്നും അത് എന്നോട് കൊടുക്കുവാനും കഫീൽ പറഞ്ഞിരുന്നു മറ്റൊരാൾ ഇങ്ങോട്ട് വന്നു തട്ടിയതാണെങ്കിലും ഞാനൊടിച്ച വണ്ടിക്ക് ആണല്ലോ ഇങ്ങനെ സംഭവിച്ചത് അതിനാണ് ഈ കഷ്ടപ്പെടുത്തലുകൾ മുഴുവനും അവിടെ ഞാൻ 30 റിയാൽ എന്റെ പണമടച്ച് പേപ്പറുകൾ ശരിയാക്കി വാങ്ങി പിന്നീട് സ്പെയർപാർട്സ് കടയിൽ പോയി ആവശ്യമുള്ള സാധനത്തിന്റെ ബില്ലിന്റെ കോപ്പി വാങ്ങി
എല്ലാ പേപ്പറുകളും കൂടി വീണ്ടും പഴയ സ്ഥലത്തേക്ക് തന്നെ ഇത്തവണ പുതിയ ഒരു സ്ഥലത്ത് വരിനിന്നു എല്ലാ പേപ്പറുകളും ശരിയാക്കി ഇൻഷൂറൻസ് ലേക്ക് കൊടുക്കാൻ ഒരു കവറും എന്നെ ഏൽപ്പിക്കാൻ നേരം വീണ്ടും ഒരു നൂറ് റിയാൽ പിഴ അടക്കണം എന്ന് പറഞ്ഞു ഞാൻ കഫീലിന് വിളിച്ചു അവൻ ഓഫീസറുമായിട്ട് സംസാരിച്ചു എന്തിനാണ് പണമെന്നും മറ്റുമൊക്കെ ചോദിച്ചു അവസാനം 100 റിയാൽ കൂടി എന്നോട് കൊടുക്കാൻ പറഞ്ഞു മറിച്ചൊന്നും പറയാതെ ഞാൻ എന്റെ ആ മാസത്തെ ഭക്ഷണത്തിനും മറ്റുമായി മാറ്റിവച്ച 100 റിയാൽ ഓഫീസിൽ അടച്ചു പണം എന്റെ അക്കൗണ്ടിലേക്ക് അയച്ച് തരൂ എന്നു പറയാൻ പോലും എനിക്ക് പേടിയായിരുന്നു കേൾക്കാൻ പോകുന്ന ശകാരങ്ങളും പിന്നീടുള്ള സ്വഭാവ മാറ്റങ്ങളും എല്ലാം എനിക്കു പേടിയായി ഞാൻ ശരിക്കും ഒരു ഭീരുവായി മാറിയിരിക്കുന്നു കഫീലും ഭാര്യയും ഒന്നരവർഷം കൊണ്ട് എന്നെ അങ്ങനെ ആക്കി മാറ്റിയിരിക്കുന്നു
അവിടെ നിന്നും എനിക്ക് ലഭിച്ച കവറുമായി ഞാൻ ഇൻഷൂറൻസ് ഓഫീസിൽ പോയി കഫീൽ നേരിട്ട് വരാത്തതുകൊണ്ട് ഒരുപാട് പേപ്പർകൾ വീണ്ടും വേണമായിരുന്നു അതൊക്കെ ഞാൻ വീണ്ടും അവന്റെ ഓഫീസിൽ പോയി കൊണ്ടുവന്നു കൊടുത്തു അങ്ങിനെ വണ്ടി ഇടിച്ച് ഒരാഴ്ചക്കുള്ളിൽ തന്നെ മാഡത്തിന്റെ ഓട്ടങ്ങൾക്കൊന്നും ഒരു മുടക്കവും വരുത്താതെ ഒഴിവുള്ള സമയത്തും ഉണ്ണാനും ഉറങ്ങാനും കിട്ടുന്ന സമയത്തുമൊക്കെ ഞാൻ ഓടി നടന്നു ഇൻഷൂറൻസ് പാസാക്കിയെടുത്തു 362 റിയാൽ ഇൻഷുറൻസ് പാസായതിൽ 130 റിയാൽ എനിക്കു വന്ന ചിലവായിരുന്നു രണ്ടുദിവസത്തിനുശേഷം പണം കഫീലിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി എന്റെ മൊബൈലിലേക്ക് കമ്പനിയുടെ മെസ്സേജ് കിട്ടി പിറ്റേന്ന് ഞാൻ കഫീൽ വിളിച്ച സമയത്ത് ഇൻഷൂറൻസിന്റെ പണം വന്നില്ലേ എന്നും എങ്കിൽ എന്റെ 130 റിയാലിങ്ങു വിട്ടു തരൂ എന്നും പറഞ്ഞു
ശരി ശരി പിന്നെ പിന്നെ എന്നും പറഞ്ഞ് ഫോൺ കട്ടായി അതിനി കിട്ടുമെന്നു തോന്നുന്നില്ല അടുത്ത ഒന്നാം തിയ്യതി വരെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ഒരു പിടിയുമില്ല എന്റെ കയ്യിൽ ഒരു റിയാലുമില്ലാതെ ഒന്നുരണ്ടു ദിവസം മുന്നോട്ടു പോയപ്പോൾ കഫീലിനോട് ഞാനൊരു 100 റിയാൽ കടമായിട്ട് ചോദിച്ചു ശമ്പളം കിട്ടിയാൽ അതിൽ നിന്നും പിടിച്ചോളൂ എന്നു പറഞ്ഞു രണ്ടു മൂന്നു ദിവസത്തിനു ശേഷം വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അവസാനം അവൻ 100 റിയാൽ അക്കൗണ്ടിലേക്ക് വിട്ടുതന്നു
(തുടരും)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo