ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 32
ഡിസംബർ ആദ്യത്തിൽ തന്നെ പതിനായിരം രൂപ നാട്ടിലേക്ക് അയച്ചു . ഭാര്യയും മോളും വന്നു പോയപ്പോൾ ഇവിടെ കുറച്ചു കടം ഉണ്ടായിരുന്നതും തീർത്തു. ഈ മാസം കൂടി ജോലി ചെയ്തു ,അടുത്തമാസം എനിക്ക് നാട്ടിൽ പോകണം എന്നതാണ് ഞാൻ കഫീലിനെ അറിയിച്ചിരുന്നത് . ഇഖാമയുടെ കാലാവധി പൂർത്തിയാക്കുന്ന മാർച്ച് 23 തീയതിവരെ ജോലി ചെയ്യാൻ ഞാൻ തയ്യാറല്ല എന്ന് അറിഞ്ഞപ്പോൾ കഫീൽ എന്നോട് 'ജനുവരി മുഴുവനും ജോലിചെയ്ത് ഫെബ്രുവരിയിൽ നാട്ടിൽ പോയാൽ പോരേ' എന്ന് ചോദിച്ചു അതിനും ഞാൻ തയ്യാറല്ല ആദ്യം പറഞ്ഞതുപോലെ തന്നെ ജനുവരി ആദ്യത്തിൽ പോകണം എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഞാൻ ജോലി നിർത്തുന്നതിനു മുൻപ് തന്നെ ഡിസംബർ മൂന്നിന് എന്റെ വിസ ക്യാൻസൽ ചെയ്തു എക്സിറ്റ് അടിച്ചു . കഫീലിന് പുതിയ ഡ്രൈവർ വിസ ഇറക്കാൻ വേണ്ടിയായിരുന്നു അത്
എന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ലെന്നും ഇനി എന്നോട് കരുണ ഭാവിച്ച് അഭിനയം തുടരുന്നതിൽ അർത്ഥം ഒന്നുമില്ലെന്നും മനസ്സിലാക്കിയ മാഡം പരമാവധി എന്നെ ഉപദ്രവിക്കാൻ തുടങ്ങി . എണ്ണ അടിക്കാൻ നേരത്ത് 'ഇതിന് മുൻപ് എന്നാണ് അടിച്ചതെന്നും , അതിനുശേഷം എവിടെയൊക്കെയാണ് ഓടിയതെന്നും 'എന്നെ കൊണ്ടു വീണ്ടും വീണ്ടും പറയിപ്പിച്ചു . സാധാരണ പമ്പിൽ വെച്ച് പറയുന്ന തെറികൾക്ക് പുറമേ വണ്ടിയിൽ വെച്ചും, ഓട്ടം ചെല്ലുന്ന സ്ഥലത്തു വെച്ചും ,എണ്ണ വിഷയത്തിൽ അവളെന്നോട് ഉച്ചത്തിൽ വഴക്കിട്ടു. രണ്ടുവർഷം തികയാൻ പോകുന്ന ഡിസംബറിൽ പോലും സ്വന്തം ആവശ്യങ്ങൾക്ക് എണ്ണ അടിക്കുന്ന വിഷയത്തിൽ അവൾ ഡ്രൈവറെ തെറി പറയാറുണ്ടെന്ന് ഞാൻ പറഞ്ഞാൽ കേൾവിക്കാർക്ക് ഒരുപക്ഷേ വിശ്വസിക്കാൻ പ്രയാസമാണെങ്കിലും അതായിരുന്നു സത്യം.
നല്ല നിലയിൽ, സമാധാനത്തോടെ യുള്ള ,എൻറെ നാട്ടിൽ പോക്ക് മുടക്കാൻ വേണ്ടി അവൾ പല കളികളും വേറെയും കളിച്ചു. റൂമിൽ നിന്നും ഞാനാകെ പുറത്തുപോയിരുന്ന 'പള്ളിയിൽ പോക്ക്' വരെ മുടക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു. അതിനവൾ പ്രയോഗിച്ച സൂത്രം , ബാങ്കു വിളിക്കുന്നതിന് മുമ്പ് തന്നെ 'എവിടെയും പോകരുതെന്നും' പറഞ്ഞു എനിക്ക് ഫോൺ ചെയ്യും. ഞാനുടനെ തയ്യാറായി പുറത്തു കാത്തു നിൽക്കും . ബാങ്കു വിളിച്ചു 20 മിനിട്ടിനുശേഷം പള്ളിയില് നിസ്കാരവും കഴിഞ്ഞ് ആളുകളെല്ലാം പിരിഞ്ഞുപോയി പിന്നെയും അരമണിക്കൂറോളം കഴിഞ്ഞിട്ടാണ് അവൾ പുറത്തേക്ക് വരിക അതുവരെ പള്ളിയിൽ പോലും പോകാതെ ഞാൻ പുറത്തു കാത്തു നിൽക്കണമായിരുന്നു. രണ്ടുമൂന്നു ദിവസം ഇതേ പ്രവൃത്തി തുടർന്നപ്പോൾ നാലാം ദിവസം ഞാൻ വളരെ സൗമ്യമായി പറഞ്ഞു "നിസ്കാരം കഴിഞ്ഞ് പിന്നെയും ഒരുപാട് സമയം കഴിഞ്ഞിട്ട് ആണല്ലോ നീ ഇറങ്ങി വരാറുള്ളത് പിന്നെ എന്തിനാണ് പള്ളിയിൽ പോലും പോവാതെ ഞാൻ ഇവിടെയിരിക്കുന്നത്"എന്റെ മേൽ ചാടിവീഴാൻ കിട്ടിയ അവസരം അവൾ ശരിക്കും മുതലെടുത്തു "പറയുന്നത് അനുസരിച്ചാൽ മതി താഴെ റെഡിയായി നിൽക്കാൻ പറഞ്ഞാൽ അങ്ങനെ ചെയ്യണം , ഞാൻ ഇറങ്ങി വരുമ്പോൾ നീ അവിടെ ഉണ്ടായിരിക്കണം അല്ലാതെ കൂടുതൽ സംസാരിക്കേണ്ട"
നിർവികാരതയോടെ അത് മുഴുവൻ കേട്ട് അവൾ പറഞ്ഞതുപോലെ ചെയ്യാൻ എനിക്ക്, കഴിഞ്ഞ രണ്ടുവർഷം ഞാൻ നേടിയെടുത്ത ക്ഷമയും സഹനവും ധാരാളം മതിയായിരുന്നു. ഈ അവസാനമാസം ഞാനും അവളും തമ്മിൽ ഇതിലും കൂടുതൽ ആയി പോരാട്ടം നടക്കാൻ സാധ്യതയുണ്ട്. കാരണം എന്റെ തിരിച്ചുപോക്ക് പ്രശ്നത്തിൽ പെട്ടുകൊണ്ടാവാൻ അവൾ ശ്രമിക്കുന്നുണ്ട്. ഞാനാണെങ്കിലോ ഇത്രയുംകാലം സഹിച്ചതും ക്ഷമിച്ചതും മുഴുവനും നല്ല നിലയിൽ രണ്ടു വർഷം പൂർത്തിയാക്കി സന്തോഷത്തോടെ നാട്ടിൽ പോകാനും ആണ് .
ഞാനൊരു നല്ല ഡ്രൈവർ അല്ലെന്നും വെറുതെ വെപ്രാളപ്പെട്ട് ഓരോന്നു വരുത്തിവയ്ക്കുന്ന , ഒരു ഡ്രൈവർ എന്ന നിലക്ക് വട്ടപൂജ്യം ആയിരുന്ന ഒരാളായിരുന്നു എന്നും തെളിയിച്ചുകൊണ്ട് ഡിസംബർ 10ന് കഫീലിന്റെ വലിയ വണ്ടിയുടെ ഇടതുഭാഗത്തെ കണ്ണാടി ഞാൻ പൊട്ടിച്ചു.
അവന്റെ വണ്ടിയുടെ ബ്രേക്ക് എടുക്കാനായിരുന്നു. സാധാരണ എല്ലാ കാര്യവും പിന്നത്തേക്ക് വെക്കുകയും , വൈകിക്കുകയും ചെയ്യുന്ന അവൻ, ഞാൻ നാട്ടിൽ പോകുന്നതിനു മുൻപായി ഈ വക കാര്യങ്ങളൊക്കെ തീർക്കാനുള്ള ശ്രമത്തിലാണ്. അതുകൊണ്ടുതന്നെ ഡിസംബർ എനിക്ക് വർക്കുഷോപ്പ്കളുടേയും മറ്റ് ചുറ്റുപാടുകളുടെയും മാസമായിരുന്നു . വണ്ടി വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകാനായി ഞാൻ കഫീലിന്റെ ഓഫീസിൽ ചെന്ന് , എന്റെ വണ്ടി അവിടെ പാർക്ക് ചെയ്തു അവന്റെ വണ്ടിയെടുത്ത് പോകാൻ ഒരുങ്ങുകയായിരുന്നു . പിന്നിലേക്ക് നോക്കി വണ്ടി പിറകോട്ടെടുത്ത, ഞാൻ ഇടതുഭാഗത്തെ കോൺഗ്രീറ്റ് തൂൺ ശ്രദ്ധിച്ചില്ല. വണ്ടിയുടെ കണ്ണാടി, ചില്ല് അടക്കം മൊത്തത്തിൽ തരിപ്പണമായി .
ഓരോരോ പ്രശ്നങ്ങൾ എന്നെ വിടാതെ പിന്തുടരുന്നല്ലോ എന്ന് ചിന്തിക്കുന്നതിനേക്കാൾ, മറ്റെന്തോ വലിയ പ്രശ്നം വരാതിരുന്നത് ഇതുപോലെ ചെറിയതിൽ ഒതുങ്ങി എന്ന് വിശ്വസിക്കുവാനാണ് ഒരു ദൈവ വിശ്വാസിയായ എനിക്ക് തോന്നിയത്. ഒട്ടും സമയം കളയാതെ ഞാൻ വണ്ടിയുമെടുത്ത് സ്പെയർ പാർട്സ് കടയിൽ പോയി . അമേരിക്കൻ നിർമിത വാഹനമായ GMC യുടെ കണ്ണാടി വാങ്ങാൻ ഒരുപക്ഷേ ഇന്ത്യൻ ഡ്രൈവറുടെ ഒരുമാസത്തെ ശമ്പളം തികയാതെ വരും.അതുകൊണ്ടുതന്നെ പോകുന്ന വഴിയിലെല്ലാം ഞാൻ അല്ലാഹുവിനോട് പ്രാർഥിച്ചത് , 'എല്ലാ തവണത്തെയും പോലെ മലപോലെ വന്നത് മഞ്ഞുപോലെ ഒഴിവാക്കിത്തരണമെന്ന്' ആയിരുന്നു. കടയിൽ പോയി ഒരുപാട് അന്വേഷണങ്ങൾക്കു ശേഷം 110റിയാലിനു ( 2000 രൂപ) ഡൂപ്ലിക്കേറ്റ് കണ്ണാടി വാങ്ങി (പൊട്ടിയതും ഡൂപ്ലിക്കേറ്റ് തന്നെയായിരിക്കണം)വർക്ക് ഷോപ്പിലേക്ക് പോയി .
അവിടെ വെച്ച് ഉണ്ടായ സംഭവങ്ങൾ ഒക്കെ കഫീലിന് മെസേജ് അയച്ചു അപ്പോഴാണ് അയാൾ വിവരമറിയുന്നത്. ഞാൻ വരുത്തിവെച്ചത്, ഞാൻ തന്നെ മിനുട്ടുകൾക്കുള്ളിൽ പണം മുടക്കി ശരിയാക്കി എന്നറിഞ്ഞപ്പോൾ അയാൾക്ക് പിന്നെ അധികം ഒന്നും പറയാനുണ്ടായിരുന്നില്ല 'നിനക്കിത് എന്തുപറ്റി' എന്ന് ചോദിച്ചതിന് 'എന്തുപറ്റിയെന്ന് എനിക്കു തന്നെ അറിയില്ല' എന്ന് ഞാൻ മറുപടി പറഞ്ഞു. ജോലി നിർത്താൻ ഇനിയും അര മാസം കൂടി ബാക്കി നിൽക്കേ ഇവിടെ വന്നിട്ട് വണ്ടിയുടെ തട്ടി മുട്ടലുകളിൽ മൊത്തത്തിൽ എനിക്ക് ഇതുവരെയായി 710 റിയാൽ (12000 രൂപ) നഷ്ടമായി . മാസം തീരാൻ ഇനിയും ദിവസങ്ങൾ ബാക്കി ഉണ്ട്. എനിക്കു മാത്രമല്ല എന്നെപ്പോലെ പല ഡ്രൈവർമാർക്കും അധ്വാനിച്ചുണ്ടാക്കിയ പണം ഇതുപോലെ നഷ്ടപ്പെടുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട് .എന്റെ അയൽവാസി പാകിസ്താനി ഒരിക്കൽ മറ്റൊരു വണ്ടിയുടെ പിറകിൽ ഇടിച്ചതിനു അയാൾക്ക് 500 റിയാൽ നഷ്ടമായി.ഞങ്ങളുടെ ബിൽഡിങ്ങിലെ തന്നെ പുതിയതായി വന്ന ശ്രീലങ്കക്കാരൻ ഇവിടെ വന്നു ആദ്യത്തെ കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ അയാളുടെ ഒരു മാസത്തെ ശമ്പളമായ 1500 റിയാൽ നഷ്ടമായി.
അയാളുടെ വണ്ടി പിറകോട്ട് എടുത്തസമയത്ത് , പിറകിലൂടെ ഓടിക്കളിച്ച ഒരു ചെറിയ പെൺ കുട്ടിയുടെ ദേഹത്ത് തട്ടി. കുട്ടിക്ക് പരിക്കൊന്നും പറ്റിയില്ലെങ്കിലും അതിന്റെ മാതാപിതാക്കൾ 4000 റിയാൽ നഷ്ടപരിഹാരം വേണമെന്ന് പറഞ്ഞു. ആ സമയത്ത് ഡ്രൈവറും മാഡവുമായിരുന്നു വണ്ടിയിലുണ്ടായിരുന്നത് . പോലീസിനെ വിളിക്കും എന്നും മറ്റും പറഞ്ഞു പ്രശ്നം ഉണ്ടാക്കിയപ്പോൾ വണ്ടിയിലുണ്ടായിരുന്ന മാഡം പേടിച്ച് ഉടനെ അവർ ചോദിച്ച തുക എടുത്തു കൊടുത്തു. അതോടെ ശ്രീലങ്കക്കാരന് ,ആ മാസം ശമ്പളം ഇല്ലാതെയായി . പട്ടിണി കിടന്ന് ചാവാതിരിക്കാൻ ആ മാസത്തിൽ അയാളുടെ കഫീൽ 200 റിയാൽ കൊടുത്തത്രേ. ഇങ്ങനെ ഒരുപാട് ആളുകൾക്ക് ശമ്പളം മുഴുവനും പകുതിയും ഒക്കെ നഷ്ടപ്പെടാറുണ്ട്. ജിദ്ദ പോലെയുള്ള തിരക്കുപിടിച്ച നഗരത്തിൽ പതിനായിരക്കണക്കിന് വാഹനങ്ങൾക്കിടയിലൂടെ നൂറുക്കണക്കിന് ദിവസങ്ങൾ കണ്ണും കാതും കൂർപ്പിച്ച് നേരത്തിനു ഭക്ഷണമോ വിശ്രമമോ ഇല്ലാതെ ജോലി ചെയ്യുന്നതിനിടയിൽ സ്വാഭാവികമായും സംഭവിക്കാവുന്ന തെറ്റുകൾക്ക് പാവം ഡ്രൈവർമാരുടെ വിയർപ്പിന്റെ വില വാങ്ങാൻ മടിയില്ലാത്തവരാണ് അധികം സൗദികളും. എങ്കിലും ചെറിയ ചെറിയ തെറ്റുകളും സ്വാഭാവികമായി സംഭവിക്കാവുന്ന വീഴ്ചകളും ഒക്കെ പൊറുത്ത് , ഡ്രൈവർമാരുടെ കൂടെ നിൽക്കുന്ന നല്ലവരായ സൗദികളും ഇവരുടെ കൂട്ടത്തിലുണ്ട് .
ഡിസംബർ പതിനാറാം തിയതി ഞാൻ ആവശ്യപ്പെട്ടതനുസരിച്ച് എന്നെ എക്സിറ്റ് അടിച്ച പേപ്പർ കഫീൽ എന്നെ ഏൽപ്പിച്ചു . കൂട്ടത്തിൽ ജനുവരി രണ്ടാം തീയതി രാത്രി ജിദ്ദയിൽ നിന്നും പുറപ്പെട്ട് മൂന്നാം തീയതി ബോംബെയിലെ അഞ്ചുമണിക്കൂർ വെയ്റ്റിങ്ങും കഴിഞ്ഞ് ഉച്ചക്ക് രണ്ടുമണിയോടെ കോഴിക്കോട്ടെത്തുന്ന വിമാനടിക്കറ്റും അയാൾ തന്നു. അങ്ങനെ അവസാന മാസം, മാഡം കൂടുതൽ ക്രൂരയായെങ്കിലും കഫീൽ എന്നോട് പല കാര്യത്തിലും നീതി കാണിച്ചു. ഞാൻ പറഞ്ഞതുപോലെ എക്സിറ്റ് അടിച്ച് , ടിക്കറ്റും അവൻ എടുത്തു തന്നു എന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമായിരുന്നു . നാട്ടിൽ പോകാനുള്ള തീയതിവരെ തീരുമാനമായതോടെ ഞാനെന്റെ ഇവിടെയുള്ള പരിചയക്കാരോടൊക്കെ യാത്ര പറയാൻ തുടങ്ങി .
പള്ളിയിലെ പ്രായമായ സൗദികളോടൊക്കെ യാത്ര പറഞ്ഞു . നോമ്പിന് എനിക്ക് നൂറ് റിയാൽ തന്ന അതേ പ്രായമായ സൗദി, ഞാൻ നാട്ടിൽ പോകുന്നത് പറഞ്ഞപ്പോൾ എനിക്ക് 500 റിയാൽ (9000 രൂപ) തന്നു . താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു രാജ്യത്ത് ജീവിക്കുന്ന ഒരു ചെറുപ്പക്കാരന് കുറച്ചുകാലത്തെ പള്ളിയിലെ പരിചയം മാത്രം വച്ച് ഇത്രയും വലിയ സഹായം ചെയ്ത വ്യക്തിക്കുവേണ്ടി നല്ലതുവരാൻ പ്രാർത്ഥിക്കുകയല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാനില്ലായിരുന്നു.
കണ്ണാടി പൊട്ടലോടെ തകർന്നു തരിപ്പണമായ എന്റെ ഈ മാസത്തെ സാമ്പത്തിക സ്ഥിതി അങ്ങനെ വീണ്ടും ജീവൻ വെച്ചു. 17 ദിവസങ്ങൾക്കപ്പുറം വരാനിരിക്കുന്ന ജനുവരി രണ്ടാം തിയ്യതിയെ പ്രതീക്ഷിച്ചു കഫീൽ തന്നെ ടിക്കറ്റും കൈയ്യിൽ പിടിച്ച് ഞാനിരുന്നു. അപ്രതീക്ഷിതമായ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും ഒന്നും പെടുത്താതെ ഇതു വരെ എത്തിച്ച എന്നെ, കുറച്ചു ദിവസങ്ങൾകൂടി എത്തിക്കണമെന്ന് ഞാൻ അള്ളാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു
(തുടരും)
(തുടരും)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക