Slider

പുതുവത്സരം

0
Image may contain: 1 person, smiling
Use Nallezhuth Android App to Read all Superhit Posts

ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കണ സമയം...
ഏട്ടനന്ന് പത്തിലും അനിയന്‍ അഞ്ചിലുമാണ്.
ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് സ്കൂളടച്ചതിന്‍റെ പിറ്റേന്ന് രാവിലെ പുട്ടു കുത്തുന്നതിനിടയില്‍ അമ്മ പറഞ്ഞു ,
''തറവാട്ട് കാവിലെ ഏഴു ദിവസത്തെ ഉത്സവം നാളെ തുടങ്ങാണ് , നമുക്കെല്ലാര്‍ക്കും കൂടി വൈകുന്നേരം പോകണം '' ന്ന്.
മൂന്ന് കഷ്ണം പുട്ടും കൈ മുട്ടിന്‍റെ അത്രയും പോന്ന ഒരു നേന്ത്രപഴവും കൂടി കൂട്ടി കുഴച്ച് വിരലുകള്‍ക്കിടയിലൂടെ പുറത്തേക്ക് തള്ളിച്ചോണ്ടിരുന്ന ഞാനത് കേട്ടപ്പോള്‍ അനിയനെയൊന്ന് നോക്കി.
പുട്ടിന്‍റെ മുകളിലുള്ള തേങ്ങ ചുരണ്ടിയെടുക്കുന്ന തിരക്കിലായിരുന്നപ്പോ ഓന്‍....!
കുഞ്ഞുനാളിലെന്നോ കണ്ട് മറന്ന ഉത്സവ ഓര്‍മ്മകള്‍ പുട്ടിന്‍റെ കൂടെ ഞാനയവിറക്കി.
വര്‍ഷങ്ങളായി മുടങ്ങി കിടന്നിരുന്ന ഉത്സവ ഓര്‍മ്മകളൊന്നും ഓര്‍ത്തെടുക്കാന്‍ ഇല്ലാത്തത് കൊണ്ടാവും അനിയനപ്പോഴും ചുരണ്ടലില്‍ തന്നെയായിരുന്നു .
വൈകുന്നേരം നേരത്തെ തന്നെ അച്ഛന്‍ വന്നു .
അയയിലിട്ട തുണികളെല്ലാം വാരിയെടുത്ത് അമ്മ അകത്തെ കട്ടിലില്‍ കൊണ്ടിട്ട് മടക്കി വച്ചു.
നേരമാവാത്തോണ്ട് കൂട്ടില്‍ കയറാന്‍ മടിച്ച് നിന്ന കോഴികളെ ഇത്തിരി ഗോതമ്പിട്ട് കൊടുത്ത് ഞാന്‍ വശീകരിച്ചു .
എല്ലാത്തിനേയും പിടിച്ച് കൂട്ടിലാക്കി അതിന്‍റെ മുകളില്‍ ഒരു പലക കഷ്ണം ചാരി വച്ചു.
ഏഴു ദിവസവും കോഴീനെ നോക്കണ കാര്യം അയല്‍ വീട്ടിലെ ശാരദേടത്തീനെ അമ്മ പറഞ്ഞേല്‍പ്പിച്ചു.
ചട്ടിയില്‍ പോറ്റണ ഗപ്പിക്ക് ഏഴു ദിവസം കണക്കാക്കി ഞാന്‍ തീറ്റയിട്ടു കൊടുത്തു.
അപ്പോഴേക്കും കളി കഴിഞ്ഞ് ഏട്ടനും വീട്ടിലെത്തി.
വീടൊക്കെ പൂട്ടി പെട്ടിയും സഞ്ചിയുമെടുത്ത് ഞങ്ങള്‍ അഞ്ച് പേരും കൂടി വയല്‍ വരമ്പിലൂടെ തറവാട്ടിലേക്ക് തിരിച്ചു .
ഇടക്ക് വെച്ച് നടത്തം നിര്‍ത്തിയ അമ്മ ഒന്നും പറയാതെ വീട്ടിലേക്ക് തന്നെ തിരിച്ചോടി......!
അത് കണ്ട് ഞങ്ങള്‍ അന്തം വിട്ട് നിന്നു.
തിരിച്ചെത്തിയ അമ്മയോട് ഇതെങ്ങോട്ടേക്കാണ് പോയതെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു , അടുക്കള വാതില് ശരിക്കും അടച്ചിട്ടില്ലേന്നൊരു സംശയം , അത് നോക്കാന്‍ പോയതാന്ന്......!
പത്തടി മുന്നോട്ട് നടന്നപ്പോള്‍ അമ്മ വീണ്ടും നിന്നു , എന്നിട്ട് വീട്ടിലേക്ക് തിരിഞ്ഞ് നിന്ന് എന്നോടൊരു ചോദ്യം , കോഴിക്കൂട് നീ ശരിക്കും അടച്ചില്ലായിരുന്നോ ന്ന്.
ആ ചോദ്യം ചോദിച്ച് അമ്മ തിരിഞ്ഞത് അച്ഛന്‍റെ മുഖത്തേക്കായിപ്പോയി.
ദേഷ്യം കൊണ്ട് ചുവന്ന അച്ഛന്‍റെ മുഖം കണ്ടതും അമ്മ പിന്നൊന്നും പറയാതെ ഒരിളിഞ്ഞ ചിരിയാലേ അനിയന്‍റെ കയ്യും പിടിച്ച് മുന്നില്‍ നടന്നു.
അങ്ങാടിയില്‍ വച്ച് ചെത്തുകാരന്‍ പവിത്രേട്ടന്‍ അച്ഛനോടൊരു ചോദ്യം , എങ്ങട്ടാ ചന്ദ്രേട്ടാ എല്ലാരും കൂടെ ന്ന്.
കാര്യം പറഞ്ഞ അച്ഛനോട് മൂപ്പര് പിന്നേം ചോദിച്ചു , എത്രീസത്തെ പരിപാടിയാ അപ്പോന്ന്.
ഏഴ് ദിവസംന്ന് പറയാന്‍ വന്ന അച്ഛന്‍റെ മുന്നില്‍കയറി അമ്മ പറഞ്ഞു , ഇല്ല പവിയേട്ടാ , ഞങ്ങള് നാളെ തന്നെ തിരിച്ച് വരുംന്ന്.....!
എഴു ദിവസം കണക്കു കൂട്ടി ഗപ്പിക്ക് തീറ്റയിട്ട് കൊടുത്ത എനിക്കത് സഹിച്ചില്ല.
ഞാനമ്മയുടെ മുഖത്തേക്കൊന്ന് നോക്കി.
എന്‍റെ കയ്യില്‍ മെല്ലെ ഒന്ന് നുള്ളിയിട്ട് അമ്മ പറഞ്ഞു , കള്ളന്മാരുള്ള കാലമാണ് , ഏഴ് ദിവസമൊക്കെ വീട്ടില്‍ ആളില്ലെന്നറിഞ്ഞാ പിന്നെ അതു മതി കള്ളന്‍മാര്‍ക്ക് , വരുമ്പോ പിന്നൊന്നും കാണൂല്ലാന്ന്.
ബസ്സ് വന്നു . ഞങ്ങള്‍ മൂന്നാളും കൂടി ഒരു സീറ്റിലിരുന്നു . സൈഡ് സീറ്റിന് വേണ്ടി അനിയന്‍ കുറെ ശ്രമിച്ചെങ്കിലും ഏട്ടന്‍ വഴങ്ങിയില്ല.
അച്ഛനും അമ്മയും വേറെ സീറ്റിലിരുന്ന് ഇടക്കിടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു
അങ്ങനെ ഇറങ്ങാനുള്ള സ്റ്റോപ്പെത്തി.
ബസ്സിറങ്ങി ഞങ്ങള്‍ തറവാട്ടിലേക്ക് നടന്നു . എവിടെ നോക്കിയാലും അച്ഛന്‍റെ പരിചയക്കാരായിരുന്നു. ഓരോരുത്തര് വന്ന് കുശലം ചോദിക്കും തോറും അച്ഛന്‍റെ മുഖം ഗമ കൊണ്ട് നിറഞ്ഞു.
ഒടുവില്‍ തറവാടിന്‍റെ ഉമ്മറത്തെത്തിയ ഞങ്ങളെ കണ്ടതും വല്ല്യച്ഛന്‍മാരും ചെറിയച്ചന്മാരും വല്ല്യമ്മമാരും ചെറിയമ്മമാരും അവരുടെ മക്കളും ഓടി വന്നു.
അച്ഛച്ഛനും അച്ഛമ്മയും വന്ന് എന്‍റെയും അനിയന്‍റേയും തലമുടിയിലൊക്കെ തലോടി വിശേഷം ചോദിച്ചു.
പിന്നെ കുടുംബക്കാരും കൂട്ടക്കാരുമായി ആളുകളിങ്ങനെ തറവാട്ടില്‍ വന്നും പോയുമിരുന്നു.
അതിനിടയില്‍ കുപ്പായം മാറ്റി ഞാനും അനിയനും ഉത്സവ പറമ്പില്‍ തെണ്ടാനിറങ്ങി.
ഏട്ടന്‍ വല്ല്യ ആളായെന്ന ഭാവത്തില്‍ പതിവു പോലെ ഞങ്ങളുടെ കൂടെ കൂടാതെ ഒറ്റക്ക് തെണ്ടി.
തിരിച്ച് തറവാട്ടിലേക്ക് പോയപ്പോള്‍ ഇതു വരെ കാണാത്ത ആളുകളൊക്കെ മുറ്റത്തുണ്ടായിരുന്നു.
വന്ന് വല്ലതും കഴിക്ക് മക്കളെ എന്ന് പറഞ്ഞ് അച്ഛമ്മ എല്ലാവരുടേയും പുറകെ നടക്കുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് അമ്മയുടെ അടുത്ത് നില്‍ക്കണ പട്ടു പാവാടയിട്ട ആ കുട്ടീനെ ഞാന്‍ കണ്ടത്.
അമ്മ ചോദിക്കുന്നതിനൊക്കെ ആ കുട്ടി നാണത്തോടെ മറുപടി പറയുന്നുണ്ടായിരുന്നു .
അതാരെന്നറിയാന്‍ ഞാന്‍ അടുത്തേക്ക് ചെന്ന് നോക്കി.
എന്‍റെ കണ്ണ് തള്ളിപ്പോയി......!
കൃഷ്ണവിലാസം സ്ക്കൂളിലെ സുകന്യയും രമ്യയുമാണ് ഏറ്റവും സുന്ദരികളെന്നുള്ള എന്‍റെ ധാരണ അന്നവിടെ തെറ്റുകയായിരുന്നു.
ആ കുട്ടിയുടെ കൈ വിരലുകള്‍ക്ക് എന്ത് ഭംഗിയായിരുന്നു.........!
അവളുടെ കാലുകള്‍ എന്ത് വെളുത്തിട്ടായിരുന്നു.......!
ആ ആന ചെവി ആ മുഖത്തിനെന്തൊരു ഭംഗിയായിരുന്നു.......!
കുഴി നഖം കുത്തിയ എന്‍റെ വിരലുകള്‍ നോക്കി ഞാനവിടെ കുറച്ച് നേരം നെടുവീര്‍പ്പിട്ട് നിന്നു.
അന്ന് രാത്രി മുഴുവന്‍ അവളുടെ കയ്യും കാലും ചെവിയുമായിരുന്നു എന്‍റെ മനസ്സില്‍.
രാവിലെ എണീറ്റ് ഞാന്‍ അച്ഛമ്മയുടെ മുറിയിലേക്കോടി.
അച്ഛമ്മയോടൊപ്പം അവളുമുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അവളൊന്ന് ചിരിച്ചു. ഞാനും ചിരിച്ചു.
പിന്നെ പിന്നെ അവളെന്നോട് സംസാരിക്കാന്‍ തുടങ്ങി , സ്കൂളിലെ വിശേഷങ്ങള്‍ ചോദിക്കാന്‍ തുടങ്ങി , അവളുടെ വിശേഷങ്ങളെന്നോട് പറയാനും തുടങ്ങി.
അതിനിടയിലേക്ക് കയറി വന്ന അനിയനെ എന്‍റെ കയ്യില്‍ ആകെയുണ്ടായിരുന്ന ഒരുര്‍പ്പ്യ കൊടുത്ത് ഞാന്‍ കൊലൈസ് വാങ്ങാന്‍ പറഞ്ഞു വിട്ടു .......!
അവളുടെ കൂടെ ഇരിക്കുന്ന ഓരോ നിമിഷവും ഞാനിടക്കിടെ അവളുടെ കയ്യും കാലും ചെവിയും നോക്കി.
അതിനിടയില്‍ വീണ് കിട്ടണ സമയം ഞാന്‍ ഉത്സവപറമ്പിലേക്കോടി . അവിടെ ഞാന്‍ സകല പെണ്‍കുട്ടികളുടെയും കയ്യും കാലും ചെവിയും നോക്കി.
ചിലയിടത്ത് കാലില്‍ ചെളി , ചിലയിടത്ത് വിണ്ട് കീറിയത് . ചിലയിടത്ത് ചപ്പിയ ചെവിയാണെങ്കില്‍ , ചിലയിടത്ത് വക്രിച്ചത്.
അവളുടെ കയ്യും കാലും ചെവിയും പോലെ ഭംഗിയുള്ളത് ഒരിടത്തും ഞാന്‍ വേറെ കണ്ടില്ല.
പിന്നീടുള്ള ദിവസങ്ങളില്‍ ആ കൈകളില്‍ കിടക്കണ കുപ്പിവളയുടെ വട്ടം ഞാന്‍ മനസ്സ് കൊണ്ടളക്കാന്‍ തുടങ്ങി....!
ആന ചെവിയിലിട്ട കമ്മലിന്‍റെ നീളവും ഞാന്‍ മനസ്സു കൊണ്ടളന്നു.....!
അഞ്ചിന്‍റെ പൈസ കയ്യിലില്ലാഞ്ഞിട്ടും അവള്‍ക്ക് കുപ്പിവളയും കമ്മലും വാങ്ങി കൊടുക്കണമെന്ന് ഞാനുറപ്പിച്ചു.
അതിനായി ഞാന്‍ മുട്ടാത്ത വാതിലുകളില്ല.
ഏട്ടനോട് രണ്ടുര്‍പ്യ കടം ചോദിച്ചപ്പോള്‍ അവന്‍ കണ്ടം വഴി ഓടിച്ച് വിട്ടു.
അനിയന്‍റെ കയ്യില്‍ അമ്മ കൊടുത്ത അഞ്ചുര്‍പ്യ ഉണ്ടായിരുന്നു. അത് കടം ചോദിച്ച എന്നോടവന്‍ പകരം ചോദിച്ചത് , പ്രസവിക്കാനായ നാല് ഗപ്പിയെയാണ്.
ഗപ്പിയെ കച്ചോടം ഉറപ്പിച്ച് ബാക്കി കാശിനായി കുടുംബക്കാരുടെ അടുത്ത് തെണ്ടലാരംഭിച്ചു.
പശൂന് പുല്ലിട്ട് കൊടുത്ത വകയിലും , വല്ല്യച്ഛന്‍റെ കടയിലേക്ക് സാധനം വാങ്ങി കൊടുത്ത വകയിലും കിട്ടിയ കാശ് കൂട്ടി നോക്കിയപ്പോള്‍ പത്തുറുപ്പ്യ തികഞ്ഞു.
മനസ്സിലുള്ള അളവ് വച്ച് നല്ല ഭംഗിയുള്ള ഒരു കമ്മലും തിളങ്ങണ കുപ്പി വളകളും വാങ്ങി.
ചെറിയൊരു പെട്ടിയും ചോദിച്ച് വാങ്ങി രണ്ടും കൂടി അതില്‍ പൊതിഞ്ഞ് വെച്ചു.
തിരിച്ച് തറവാട്ടിലെത്തിയപ്പോള്‍ അനിയന്‍ ചോദിച്ചു , ഇതിലെന്താന്ന് .
മീനിന് കൊടുക്കണ തീറ്റയാന്ന് പറഞ്ഞ് ഞാനാ പെട്ടി മെല്ലെ കട്ടിലിനടിയിലേക്ക് നീക്കി വെച്ചു.
ഇതവള്‍ക്ക് എങ്ങനെ കൊടുക്കുമെന്നായിരുന്നു പിന്നത്തെ ചിന്ത.
ഏഴാം ദിവസം ഉത്സവത്തിന്‍റെ അന്ന് രാവിലെ എല്ലാവരും അമ്പലത്തിലേക്ക് പോയി.
ഇത് തന്നെ പറ്റിയ സമയമെന്ന് മനസ്സിലാക്കിയ ഞാന്‍ തറവാട്ടിലേക്കോടി.
ഇന്ന് ഉത്സവം തീരുമെന്നുള്ള ചിന്ത എന്‍റെ ഓട്ടത്തിന് വേഗത കൂട്ടി.
വേഗം മുറിയില്‍ കയറി കട്ടിലിനടിയിലേക്ക് തലയിട്ടു.
എന്‍റെ വയറ്റിലൊരു കാളലുണ്ടായി.....!
ഞാന്‍ വെച്ച പെട്ടിയവിടെ കാണുന്നില്ല.....!
ഞാനാ മുറി മുഴുവന്‍ പരതി . ഒരു രക്ഷയും ഇല്ല.
അനിയനെ നോക്കി . അവനെയും കാണാനില്ല.
സങ്കടം സഹിക്കാവുന്നതിലപ്പുറമായിരുന്നു . കണ്ണിങ്ങനെ നിറയുന്നുണ്ടായിരുന്നു.
ഞാനവനെ തിരഞ്ഞ് ചെറിയച്ഛന്‍റെ വീട്ടിലേക്കോടി.
മുന്‍ വാതില്‍ അടച്ചിരിക്കുന്നത് ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു . എങ്കിലും ഞാന്‍ അവിടേക്കോടി.
മുറ്റത്തെത്തിയപ്പോഴായിരുന്നു ഒരു ശൂ,ശൂ വിളി തലക്ക് മുകളില്‍ നിന്ന് കേട്ടത്.
ഞാന്‍ മുകളിലേക്ക് നോക്കി . അവിടെയതാ അനിയന്‍.......!
പേര മരത്തിന്‍റെ ഒത്ത ഉയരത്തിലതാ അവന്‍ കയറിയിരിക്കുന്നു.
എന്നെ കണ്ടതും അവന്‍ ചുണ്ടില്‍ വിരല്‍ വെച്ച് മിണ്ടല്ലേന്ന് ആംഗ്യം കാണിച്ച് ചുറ്റും ഭീതിയോടെ നോക്കി.
ഇറങ്ങിവാടാ നാ @@@$%%% , നിന്നെ ഞാന്‍ ശരിയാക്കി തരാം എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ പേരയിലേക്ക് വലിഞ്ഞ് കയറി.
അപ്പോഴാണ് കണ്ടത് , അവന്‍റെ കയ്യില്‍ ഒരുര്‍പ്പ്യയുടെ പാലൈസ്......!
കയ്യില്‍ അഞ്ചിന്‍റെ പൈസയില്ലാത്ത നിനക്കെവിടുന്നാടാ ഇത് വാങ്ങാനുള്ള പൈസ എന്ന് ഞാനവന്‍റെ കൊങ്ങക്ക് പിടിച്ച് ചോദിച്ചു.
അതിന് മറുപടിയായി അവന്‍ ചൂണ്ടി കാണിച്ചത് ജനവാതിലിലേക്കാണ്.
ഞാന്‍ പേരയില്‍ നിന്ന് ചാടിയിറങ്ങി ആ ജനവാതിലിനടുത്തേക്ക് ഓടി.
അവിടെ കണ്ട കാഴ്ച്ച എന്നെ തളര്‍ത്തി കളയുന്നതായിരുന്നു.
ഏട്ടനും ആ ആന ചെവിയുള്ള കുട്ടിയും സംസാരിച്ച് നില്‍ക്കുകയാണവിടെ.
ഞാനവളെ അടിമുടി നോക്കി . ഒരു ചെറുപുഞ്ചിരിയാലെ നില്‍ക്കുന്ന ആ ഭംഗിയുള്ള കയ്യില്‍ വച്ചിരിക്കുന്നത് എന്‍റെ പെട്ടി.....!
എന്‍റെ കണ്ണ് നിറഞ്ഞൊഴുകി.
ദേഷ്യം സഹിക്കാവുന്നതിനുമപ്പുറമാമിരുന്നു.
ഒരുര്‍പ്യന്‍റെ ഐസെന്ന പ്രലോഭനത്തിന് മുന്നില്‍ ഇവര്‍ക്ക് വേണ്ടി കാവല്‍ നില്‍ക്കുന്ന അനിയനെ ഞാന്‍ പല്ല് കടിച്ച് നോക്കി.
സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ അവനിറങ്ങി ഓടി.
കരഞ്ഞ് കൊണ്ട് ഞാന്‍ തറവാട്ടിലേക്ക് പോയി. കട്ടിലില്‍ മുഖമമര്‍ത്തി കരഞ്ഞു.
സങ്കടം സഹിക്ക വയ്യാതെ ഞാന്‍ പൊട്ടിപ്പൊട്ടി കരഞ്ഞു. പുതപ്പെടുത്ത് ഞാന്‍ ദേഷ്യം തീരും വരെ കയ്യിലിട്ട് ചുരുട്ടി.
ഒടുവില്‍ ഞാനൊരു തിരുമാനമെടുത്തു......!
ഇന്ന് രാത്രി തന്നെ ഈ നശിച്ച നാട് വിടണമെന്ന്.
തറവാട്ടിനടുത്തുള്ള കൊപ്രക്കാരന്‍ മൊയ്തൂക്കാന്‍റെ കോയമ്പത്തൂര്‍ക്ക് പോവുന്ന രാത്രി ലോറിയായിരുന്നു എന്‍റെ ലക്ഷ്യം.
മുഖം കയ്യാല്‍ തുടച്ച് അനിയനെ അടുത്ത് വിളിച്ചു. വീട്ടിലെ ബാക്കിയുള്ള ഗപ്പിയുടേയും തീപ്പെട്ടി പിക്ച്ചറിന്‍റേയും ഉടമസ്ഥതാവകാശം ഞാനവന് അപ്പോ തന്നെ കൈമാറി.....!
സന്തോഷം കൊണ്ടവന്‍ കണ്ണ് തുറിച്ച് നിന്നു.
വീട്ടില്‍ നിന്ന് കൊണ്ട് വന്ന സഞ്ചിയില്‍ നിന്ന് രണ്ട് ഷര്‍ട്ടെടുത്ത് ഞാന്‍ പൊതിഞ്ഞ് വച്ചു.
അപ്പോഴേക്കും ഉത്സവം കഴിഞ്ഞ് എല്ലാവരും തിരിച്ച് വരാന്‍ തുടങ്ങി. പലരും യാത്ര ചോദിച്ച് അവരവരുടെ വീടുകളിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു.
പോവുന്നതിന് മുന്‍പ് എല്ലാവരും പരസ്പരം പുതുവത്സരാശംസകള്‍ നേരുന്നുണ്ടായിരുന്നു.
നാളെ ജനുവരി ഒന്നാം തീയ്യതി ആണെന്നതും , നാളെ സ്ക്കൂള്‍ തുറക്കും എന്നുള്ളതും നാട് വിടേണ്ട ആവശ്യകത എന്നില്‍ തീവ്രമായി വര്‍ദ്ധിപ്പിച്ചു.
അമ്മയും ഏട്ടനും അവിടേക്ക് വന്നു . ഏട്ടന്‍റെ മുഖത്ത് പതിവില്ലാത്തൊരു സന്തോഷം ഞാന്‍ കണ്ടു.
അവളെ ഞാന്‍ കുറെ തിരഞ്ഞു . പക്ഷെ കണ്ടില്ല . പിന്നീട് അച്ഛമ്മ പറഞ്ഞു , അവരൊക്കെ പോയെന്ന്.
സങ്കടം നിയന്ത്രിക്കാനാവാതെ എന്‍റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി.
ഞാന്‍ മുറിയില്‍ കയറിയിരുന്നു .
രാത്രി രണ്ട് പിടി ചോറുണ്ട് ഞാന്‍ കൊപ്ര വണ്ടിയുടെ വരവും കാത്ത് ജനവാതിലിനരികിലിരുന്നു.
പെട്ടെന്നാണ് മുഖത്തേക്ക് വെളിച്ചമടിച്ചത് . അത് കൊപ്ര വണ്ടിയാണെന്ന് തിരിച്ചറിഞ്ഞ ഞാന്‍ മെല്ലെ പൊതിയുമെടുത്ത് മുറി വിട്ടിറങ്ങി.
അടുക്കള വാതിലിലൂടെ പമ്മി, പമ്മി പുറത്ത് കടന്നതും കൊലായില്‍ നിന്ന് കേട്ടു , പരിചയമുള്ള ഒരു നിലവിളി.
കരച്ചിലും ബഹളവും ഉച്ചത്തിലായപ്പോള്‍ കാര്യമെന്തെന്നറിയാന്‍ ഞാന്‍ കൊലായിലേക്കോടി.
ഏട്ടനെ അച്ഛനെടുത്തിട്ട് അറഞ്ചം പുറഞ്ചം തല്ലുകയാണ്‌...... !
തല്ല് കിട്ടിയിട്ട് ഏട്ടന്‍ മുറ്റത്ത് തലങ്ങും വിലങ്ങും കരഞ്ഞോണ്ട് ഓടുകയാണ്. പുറകെ അച്ഛനും .
എന്‍റെ കയ്യിലെ പൊതി ഞാന്‍ താഴെ വച്ചു.
കരച്ചില് കേട്ട് ഓടി വന്ന അമ്മയും അച്ഛമ്മയും അച്ഛനെ വട്ടം പിടിച്ചു . അച്ഛന്‍ അവിടെ നിന്നും കുതറി വീണ്ടും ഏട്ടന്‍റെ ചന്തിക്ക് ഒന്നൂടെ പെടച്ചു.
ദേഷ്യം വന്ന അച്ഛമ്മ അച്ഛനോടുറക്കെ ചോദിച്ചു , നിനക്കെന്താടാ ഭ്രാന്തായാ , നീയെന്തിനാടാ ചെക്കനെ ഇങ്ങനെയിട്ട് തല്ലുന്നതേന്ന്.
അത് കേട്ട് അച്ഛന്‍ പല്ല് കടിച്ച് രോഷത്തോടെ പറഞ്ഞു , ഇവനെന്താ ചെയ്തേന്ന് , ഇവനെന്താ ചെയ്തതെന്ന് അമ്മക്കറിയോ ന്ന്.
അതുകേട്ട് എന്താന്നറിയാന്‍ ആകാംഷയോടെ അവര്‍ അച്ഛന്‍റെ മുഖത്തേക്ക് നോക്കി നിന്നു.
'' ഇവനാ ശ്രീധരന്‍റെ മോള്‍ക്ക് വളയും കമ്മലും വാങ്ങി കൊടുത്ത് ഇഷ്ടാണെന്ന് പറഞ്ഞേക്കുന്നു ''
അത് വരെ അടങ്ങി നിന്ന അമ്മയതാ ഭദ്രകാളിയെ പോലെ നിന്ന് കിതക്കുന്നു.
'' സ്വന്തം പെങ്ങളെയാണോടാ പ്രേമിക്കാന്‍ കിട്ടിയത് , കുരുത്തം കെട്ടവനെ എന്നും ചോദിച്ച് കയ്യും പുറവും നോക്കി അമ്മയും കൊടുത്തു നാലഞ്ചെണ്ണം.
അവസാനം അച്ഛമ്മ വന്ന് എട്ടനെ പൊതിഞ്ഞ് നിന്ന് രക്ഷകയായി അവതരിച്ചു.
എല്ലാം കിട്ടി കഴിഞ്ഞപ്പോള്‍ കാറ്റ് പോയ ബലൂണ്‍ പോലെ ഏട്ടനൊരു മൂലക്കായി.
അച്ഛമ്മ അടുത്ത് പോയി മുടിയും കയ്യുമൊക്കെ ഉഴിഞ്ഞ് കൊടുക്കുന്നുണ്ടായിരുന്നു.
എല്ലാം കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ഒരു സമാധാന സന്തോഷം എനിക്ക് തോന്നി.
ഒളിച്ചോട്ടത്തിന് തല്‍ക്കാലം വിട നല്‍കി ഞാന്‍ തുള്ളിച്ചാടി അകത്തേക്ക് പോയി.
അപ്പോഴതാ ഉറക്കത്തില്‍ നിന്നെണീറ്റ അനിയന്‍ എന്നോടൊരു ചോദ്യം , ഏട്ടാ വീട്ടിലെത്തിയിട്ട് പരന്ന ചട്ടിയിലിട്ട ആ ഗപ്പീനെ ഞാന്‍ വട്ടത്തിലുള്ള ചട്ടിയിലേക്ക് മാറ്റും ട്ടോന്ന്.
'' ഗപ്പീന്‍റെ കാര്യം ഇനി മിണ്ടി പോകരുത് , എന്‍റെ ഗപ്പീന്‍റെ കാര്യം നോക്കാന്‍ എനിക്കറിയാം''
എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഒന്നും മനസ്സിലാവാതെ അവനന്ധാളിച്ചിരുന്നു.
സന്തോഷം വന്നാല്‍ ഒരു മൂത്ര ശങ്ക എനിക്ക് കുഞ്ഞു നാളിലേ ഉള്ളതാണ് .
മൂത്രമൊഴിക്കാനായി ഞാന്‍ മുറ്റത്തേക്കിറങ്ങി.
പെട്ടെന്നാണ് ഒരു ഏങ്ങലടി ശബ്ദം എന്‍റെ ചെവിയിലേക്ക് ഒഴുകിയെത്തിയത്.
ഒഴിക്കല്‍ നിര്‍ത്തി ഞാന്‍ ചെവിയോര്‍ത്തു .
വിറക് പുരക്കുള്ളിലാണ് ആ ശബ്ദത്തിന്‍റെ ഉറവിടമെന്ന് മനസ്സിലാക്കിയ ഞാന്‍ മെല്ലെ അതിനുള്ളിലേക്ക് തപ്പി പിടിച്ച് കയറി.
അവിടെ നാളികേരം കൂട്ടിയിട്ട മൂലയായിരുന്നു എന്‍റെ ലക്ഷ്യം.
ആ ഇരുട്ടിലും ഞാന്‍ കണ്ടു .
ചുരുണ്ട് കൂടിയിരുന്ന് ഏങ്ങലടിച്ച് കരയുന്ന എന്‍റെ ഏട്ടനെ........!
എന്‍റെ ചങ്കൊന്ന് പിടഞ്ഞു.
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്നെ ഇടം കാല് വെച്ച് വീഴ്ത്തിയിട്ട നാല് ബിയിലെ രമേശന്‍റെ മൂക്കിടിച്ച് പരത്തിയ വീരശൂര പരാക്രമിയായ എന്‍റെ ഏട്ടന്‍റെ ഇപ്പോഴത്തെ അവസ്ഥ ഓര്‍ത്തപ്പോള്‍ എന്‍റെ മനസ്‌ വേദനച്ചൂടില്‍ കോലൈസ് പോലെ ഒരുകിയൊലിച്ചു.
ഞാന്‍ ഏട്ടന്‍റെ അരികിലേക്ക് മെല്ലെ നടന്നു. എന്‍റെ കാലുകള്‍ കുറ്റബോധത്താല്‍ ഇടറുന്നുണ്ടായിരുന്നു.
കുനിഞ്ഞ് നിന്ന് ഞാന്‍ ഏട്ടന്‍റെ കൈകളില്‍ മൃദുവായി തലോടി സ്വാന്തനമേകി.
ചോറ് തിന്നാന്‍ വിളിക്കാന്‍ വന്ന അച്ഛനോ അമ്മയോ ആണെന്ന് കരുതി ഏട്ടന്‍ പ്രതീക്ഷയോടെ തലയുയര്‍ത്തി നോക്കി.
വിശന്ന് പണ്ഡാറമടങ്ങിയിരിക്കുന്ന ആ കണ്ണുകളിലേക്ക് നോക്കി ഞാന്‍ മെല്ലെ പറഞ്ഞു ,
ഹാപ്പി ന്യൂ ഇയര്‍ ഏട്ടാന്ന്........ !
പിന്നെ അവിടെ കേട്ടത് , ഒരേട്ടനും ഇന്നേ വരെ ഒരനിയനോടും പറയാത്ത വിധത്തിലുള്ള മാരക പദപ്രയോഗങ്ങളായിരുന്നു......!
ഞാന്‍ ജീവനും കൊണ്ട് പുറത്തേക്കോടി.
ഏടാ നാ @#$@#%%%&@@ മോനേ , നിന്‍റെയൊരു വളയും കമ്മലും എന്ന് ഏട്ടന്‍ കരഞ്ഞോണ്ട് പറഞ്ഞതെനിക്കോര്‍മ്മയുണ്ട്
പിന്നെ , ഉണങ്ങിയ നാളികേരമാണോ , വിത്തിന് വെച്ച ചേമ്പാണോന്നെനിക്കറിയില്ല, കൃത്യമായി എന്‍റെ നടുപ്പുറത്ത് തന്നെ വന്ന് പതിച്ചു.
എന്താന്നറിയില്ല , അതിനുശേഷമുള്ള എല്ലാ പുതുവത്സരത്തിന്‍റെ തലേന്നും രാത്രി ഒരു പത്ത് പത്തരയാവുമ്പോ നടുപ്പുറത്തൂന്ന് മിന്നായം പോലൊരു വേദന തലച്ചോറിലേക്ക് പായും..... !
--------------------------------------------
എല്ലാവര്‍ക്കും എന്‍റെ പുതുവത്സരാശംസകള്‍ .

By: Magesh Boji
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo