നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വെള്ളാരം കണ്ണുളള മാലാഖ

വെള്ളാരം കണ്ണുളള മാലാഖ
****************************
"ഇനി ഒരക്ഷരം മിണ്ടി പോകരുത്..എനിക്കറിയാം എന്ത് ചെയ്യണം.. ചെയ്യണ്ട എന്ന്..എന്നെ പഠിപ്പിക്കാൻ മാത്രം സിസ്റ്റർ വളർന്നൂവോ?"
സീനിയർ സർജൻ തിലകൻ സിസ്റ്റർക്ക്‌ നേരെ വിരൽ ചൂണ്ടി ചീറ്റി കൊണ്ട് പറഞ്ഞൂ..ദേഷ്യം കൊണ്ട് ഡോക്ടറുടെ സ്വതെ വെളുത്തു തുടുത്ത മുഖം ചുമ്മപ്പു രാശി പടർന്നിരുന്നു..
"സർ അത്..അജയ്കുമാർ ഡോക്ടർ..."
കൂട്ടത്തിൽ ഉണ്ടായിരുന്ന വെളുത്ത് മെലിഞ്ഞ സിസ്റ്റർ പതിയെ എന്തോ പറയാൻ തുടങ്ങിയതും ഡോക്ടർ വീണ്ടും ചീറ്റി..
"അജയ്കുമാർ അല്ല ഞാനാണ് ഇവിടെ സീനിയർ...ഞാൻ പറയുന്നത് ഇപ്പോ കേട്ടാൽ മതി.. പിന്നെ ഇനി മേലാൽ സിസ്റ്റർ എന്റെ കൂടെ റൗണ്ട്സിന് വരരുത്.. ഇന്ന് പോകുന്നതിന് മുൻപ് എന്നെ വന്ന് കാണണം..."
അതൊരു താക്കീതായിരുന്നു
എല്ലാവരും പകച്ചു നിൽപ്പാണ്. തിലകൻ ഡോക്ടർ നഗരത്തിലെ സമർത്ഥനായ സർജൻ . ആളുകൾ ക്യൂ നിന്ന് കാണുന്ന മനുഷ്യൻ...ദൈവത്തിന്റെ കൈകൾ ഡോക്ടറിലൂടെ.. ആ ഡോക്ടറാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്‌സിനോട് തട്ടികേറുന്നത്..
നഴ്സിന്റെ ഭാഗത്ത് ന്വായമുണ്ട്..സിസ്റ്റർ പറയാൻ വന്നത് എന്താണെന്നും തനിക്കറിയാം...അജയ്കുമാർ ഡോക്ടർ ഫിസിഷ്യനാണ് ...രണ്ട് ഡോക്ടർമാരുടെ ഇടയിലുള്ള ശീതസമരത്തിന്റെ ബലിയാട് മാത്രമാണ് സിസ്റ്റർ..അവരുടെ സംസാരത്തിന്റെ ഇടയിൽ കേറി ഇടപെട്ടാലോ എന്ന് ആലോചിച്ച് പോയി..
അപ്പച്ചന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ടാണ് ഡോക്ടർമാരുടെ തർക്കം.
എന്തിനും ഏതിനും കീറി മുറിക്കുന്ന സർജന് പ്രായം ഒരു പ്രശ്നമല്ല..അജയ്കുമാർ ഡോക്ടർ അപ്പച്ചന്റെ പ്രായത്തെയും ആരോഗ്യത്തെയും കണക്കിലെടുത്ത് മനുഷ്യത്വപരമായ ഇടപെടലാണ്...
ഇൗ പ്രായത്തിൽ ഇനി ഒരു കീറിമുറിക്കലിന് മുതിരണോ?
അജയ്കുമാർ ഡോക്ടർ അങ്ങനെ ഒരു ചോദ്യം മകനായ തന്റെ നേർക്ക് എറിഞ്ഞിരുന്നു
ഡോക്ടറുടെ സംസാരം കേട്ടാൽ സിസ്റ്റർമാർ അവരുടെ അടിമകളെന്ന പോലെയാണ്... കഴിഞ്ഞ രണ്ടാഴ്ചയായി താൻ ഇൗ ആശുപത്രിയിലുണ്ട്..
ഡ്യൂട്ടിക്ക് കേറുന്ന നേരം തൊട്ടു ഇറങ്ങി പോകും വരെ നിലം തൊടാതെ നടക്കുന്ന പാവം മാലാഖമാർ...
പാതിരാത്രി പോലും ..കൃത്യമായ ഇടവേളയിൽ രോഗിയെ വന്ന് നോക്കി..അവരോട് ചിരിച്ചും കളിച്ചും ചുണ്ടിൽ ചിരിയുമായി പാറി നടക്കുന്നവർ..
പലപ്പോഴും അതിശയം തോന്നിപ്പോകും..എത്ര ലാഘവത്തോടെ ആണ് ഓരോ രോഗിയോടും അവർ ഇടപഴുകുന്നത്..മുഖത്തെ ഇൗ ചിരി എങ്ങനെ എപ്പോഴും നിലനിർത്താൻ കഴിയുന്നു!
പ്രായമായ തന്റെ അപ്പച്ചന്റെ കൈകൾ പിടിച്ച്...ഇപ്പൊ വേദന കുറവില്ലെ അച്ഛാ എന്നൂ ഓരോ തവണ ചോദിക്കുമ്പോഴും തോന്നാറുണ്ട്... ആ ചോദ്യം ഒരിക്കലും വെറുമൊരു അധര വ്യായാമം അല്ലെന്ന്..
ഹൃദയത്തില് നന്മ ഉള്ളോർക്കു ..സ്നേഹം ഉ ള്ളോർക്ക്‌ മാത്രേ ഇത്രയും ആത്മാർത്മായി ഓരോ രോഗിയോടും കുശലം ചോദിക്കാൻ പറ്റൂ..
മക്കൾ പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങളല്ലെ ഇവർ ചെയ്ത് കൂട്ടുന്നത്..ഓരോ ബെഡിൽ നിന്നും ഓരോ മുറിയിൽ നിന്നും കേറിഇറങ്ങുമ്പോ എത്രയോ തരം ആളുകളെ കാണുന്നുണ്ടാവും.
അപ്പച്ചന് വേണ്ട മരുന്നുകൾ കുറിച്ച് തിലകൻ ഡോക്ടർ റൂം വിട്ടൊഴിഞ്ഞപ്പോ ഒരു പകപ്പോടെ അറിയാതെ നിന്നു പോയി..
"സർ ഇതൊന്നും കണ്ട് വിഷമിക്കണ്ട..
ഇത് പതിവാണ്..ഡോക്ടർ ഭയങ്കര ദേഷ്യ ക്കാരനാണ്..ഇൗ ചാട്ടം മാത്രേ ഉള്ളു മിടുക്കനാണ്..സാറിന്റെ അപ്പച്ചന് സുഖവും..ഉറപ്പാ.."
സിസ്റ്റർ അതും പറഞ്ഞ് ഇട്ടിരുന്ന ഡ്രിപ്പിന്റെ വേഗത ഒരല്പം കുറച്ചു..അപ്പച്ചന്റെ മുടിയിൽ ഒന്ന് തലോടി..എന്നിട്ടും വെള്ളാരം കല്ലുകൾ പോലുള്ള കണ്ണുകളിൽ വെള്ളം നിറഞ്ഞിരിക്കുന്നതു ഞാൻ കണ്ടൂ..
രണ്ടാഴ്ച കൊണ്ട് അപ്പച്ചന്റെ ഹൃദയത്തിൽ സ്ഥാനം നേടിയിരുന്നു സിസ്റ്റർ .. ഒന്ന് വരാൻ വൈകിയാൽ അച്ഛൻ ഉടൻ തിരക്കും
"ആ സിസ്റ്റർ വന്നില്ലേ?"
"ലോൺ എടുത്താണ് മിക്കവാറും എല്ലാവരും പഠിക്കുന്നത് സർ .. ഇവിടെ നിന്നും കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് എല്ലാം വീട്ടണം.. എത്ര ചീത്ത കേട്ടാലും പിടിച്ച് നിന്ന് പോകും...പിന്നെ... ഇത്രേം പുണ്യം കിട്ടുന്ന വേറെ ഏതു ജോലിയുണ്ട് ..?"
പറഞ്ഞതിൽ സത്യമില്ലേ..
പിറന്നുവീണതു ഏതോ ഒരു വെളളയുടുപ്പിന്റെ കൈകളിലേക്ക്..
അമ്മയുടെ ചൂടറിയും മുന്നേ നെഞ്ചോട് ചേർത്ത് പിടിച്ചതും അവരായിരുന്നില്ലെ
മനുഷ്യന്റെ അഹം ഭാവത്തിനുള്ള മറുപടിയാ യിട്ടാവണം ദൈവം രോഗങ്ങൾ സൃഷ്ടിച്ചത്.
ഇവിടെ പണ്ഡിതനും പാമരനും ഇല്ല.
സമ്പന്ന ദരിദ്രവ്യത്യാസം ഇല്ല
എല്ലാവരും ഇൗ മാലാഖമാരുടെ ചിറകിൻ കീഴിൽ..
ഓപ്പറേഷൻ തിയേറ്ററിൽ സർജെന്റെ ചിന്തകൾക്കും മനസ്സിനും ഒപ്പം സഞ്ചരിക്കുന്ന നഴ്സ്..എന്നിട്ടും പലപ്പോഴും അവഗണനയും അധിക്ഷേപവും ബാക്കി വെക്കുന്നൂ.
എന്തിനാണ് ഇന്ന് ഡോക്ടർ അവരെ എല്ലാവരുടെയും മുന്നിൽ വെച്ച് സിസ്റ്റ്ററിനെ വഴക്ക് പറഞ്ഞത്..
വൈകീട്ട് ചാർട്ടിൽ നോക്കി സിസ്റ്റർ മരുന്നെടുക്കുമ്പോ അനാവശ്യം ആണെങ്കിൽ കൂടി ചോദിച്ച് പോയി..
"ഡോക്ടർ പിന്നെയും വഴക്ക് പറഞ്ഞുവോ?"
കണ്ണുകളിലേക്ക് നോക്കി ഉത്തരം ഒരു ചിരിയിൽ ഒതുക്കി അവർ നടന്നകന്നു.
വൈകീട്ട് വെള്ളാരം കണ്ണുള്ള സിസ്റ്ററിനെ വെറുതെ ഒന്ന് തിരഞ്ഞു...നഴ്സിംഗ് റൂമിൽ..
എപ്പോഴും ചിരിച്ച് കൊണ്ട് നടക്കുന്ന ഇരുനിറത്തിൽ ഉള്ള സിസ്റ്റർ കളിയായി ചോദിച്ചു..
"എന്തിനാ സർ... കല്യാണാലോചന വല്ലതും ആണോ? അതോ ചുമ്മാതെ ആണെങ്കിൽ അതിനെ വിട്ടേക്ക് സാറേ ..പാവാണ്."
മുഖത്തടിച്ച പോലെ അവരുടെ മറുപടി കേട്ടത് കൊണ്ടാവും തന്റെ മുഖം പെട്ടെന്ന് ഗൗരവം പൂണ്ടത്...അത് കണ്ട് ഭയന്നിട്ടാവണം സിസ്റ്ററുടെ ഭാവവും ഒന്ന് മാറി..
"പലരും ഇതുപോലെ വരും ..ഞങ്ങളുടെ അഡ്രസ്സും തിരഞ്ഞ് ..വെറും നേരമ്പോക്കിന്..അതുകൊണ്ട് പറഞ്ഞ് പോയതാണ്. "
ഒന്നിരുത്തി മൂളി അവിടം വിടാൻ നേരം സിസ്റ്റർ വീണ്ടും പറഞ്ഞു.."സാറിന്റെ തന്നെ നാട്ടുകാരിയാണ് ..പേര് ദിവ്യ..അമ്മ മാത്രേ ഉള്ളൂ..കിടപ്പിലാണ്...കല്യാണം എന്നും പറഞ്ഞ് പലരും അവളുടെ അടുത്ത് വരും..എല്ലാർക്കും അവളെയും കൊണ്ട് പറക്കണം...അമ്മയെ തനിച്ചാക്കി അവള് പോകില്ല .."
നന്ദിയോട് അവരെ നോക്കി ഒന്ന് ചിരിച്ച് അവിടം വിടുമ്പോൾ ചിന്തകൾ അനുവാദം കൂടാതെ എങ്ങോ പറന്നു നടന്നു.
അല്ലെങ്കിൽ തന്നെ അനുവാദം ചോ ദിച്ചിട്ടാണോ അവയുടെ സഞ്ചാരം.
മനസ്സിൽ പല ചിത്രങ്ങൾ തെളിഞ്ഞ് വന്നു..
വിവാഹ കമ്പോളത്തിൽ ഇന്ന് നഴ്‌സിന് വൻ ഡിമാൻഡ് ആണ്..അതൊരിക്കലും അവരുടെ പ്രഫഷനോട് ഉള്ള കൂറല്ല.. വിദേശത്ത് അവർ വാരികൂട്ടുന്ന പണ ത്തിനോട് ഉള്ള ആർത്തി മാത്രം..
നാട്ടിൽ ഇന്നും നഴ്സിനെ മുഖം ചുളിച്ച് കാണുന്ന ഒരു വിഭാഗം ജീവനോടെയുണ്ട്.
തറവാട്ടിൽ പിറന്നവർക്ക് പറ്റിയ പണിയല്ല പോലും!
"ഇവരൊന്നും ശരിയെല്ലെടാ .." ഇൗ അടുത്ത ദിവസങ്ങളിൽ അഭ്യസ്തവിദ്യനായ ഒരു കൂട്ടുകാരന്റെ ഡയലോഗ് കേട്ട് വയർ നിറയെ മറുപടി പറയേണ്ടി വന്നു..
"പൊട്ടി പൊളിഞ്ഞ ശരീര ഭാഗങ്ങളും കൊണ്ട് ചോരയിൽ പൊതിഞ്ഞ ആളുകൾ..ചീഞ്ഞളിഞ്ഞ പഴുത്ത വൃണങ്ങൾ.. മനസാന്നിധ്യം കൊണ്ട് നേരിടുന്ന ഇവരെ വെല്ലാൻ നിനക്കു പറ്റുമോടാ?"
വേദനയിൽ ആശ്വാസമായി പുഞ്ചിരിക്കുന്ന മുഖത്തോടെ ഓരോ രോഗിയുടെയും അടുത്ത് ഓടിയെത്തുന്ന ഇവർ ഭൂമിയിലെ മാലാഖയല്ലാതെ പിന്നാര്
മുറിയിൽ ചെന്ന് കേറുമ്പോൾ വീട്ടിൽ പോയ അമ്മ പെങ്ങളുടെ കൂടെ മടങ്ങി വന്നിട്ടുണ്ട്..
"മോൻ പോയ്ക്കോ.ഞാൻ നിന്നോളാം."
അമ്മക്ക്‌ ഒരന്തി പോലും അച്ഛനെ പിരിഞ്ഞ് ഇപ്പൊൾ നിൽക്കാൻ വയ്യ...വർഷങ്ങളുടെ പ്രാവാസം കഴിഞ്ഞ് എത്തിയ അച്ഛനെ അമ്മ പിന്നെ തനിച്ചാക്കി പോയിട്ടില്ല എങ്ങും..പ്രായത്തിന്റെ കഷ്ടതകൾ അലട്ടിയെന്നാലും അമ്മക്ക് സ്വസ്ഥായി വീട്ടിൽ ഇരിക്കാൻ കഴിയില്ല എന്നറിയാം..
"നീ പോയി നാളെ വാ...ഞാനും അമ്മയും കൂടി നിന്നോളാം.".പെങ്ങളുടെ നിർദേശം
അവരുടെ വാക്കുകൾ മുഖവിലക്ക്‌ എടുത്ത് അവിടം വിടുമ്പോൾ ഒരിക്കൽ കൂടി കണ്ണുകൾ വെള്ളാരം കണ്ണിന്റെ ഉടമയെ തിരഞ്ഞു...
പാർക്കിങ് ഏരിയയിൽ നിന്ന് വണ്ടി എടുത്ത് മുന്നോട്ട് നീങ്ങുമ്പോൾ മഞ്ഞ ചുരിദാറിൽ അവള് ഓടുന്ന കണ്ടൂ...ആശുപത്രിയിലെ തിരക്കിൽ നിന്നും ബസ്സിന് വേണ്ടിയുള്ള നെട്ടോട്ടം..
പതിയെ കാർ കൊണ്ട് ചെന്ന് ചവിട്ടിയപ്പോൾ ഒരല്പം ഭയത്തോടെ ആ കണ്ണുകൾ വീണ്ടും വിടർന്നു
"ഞാനുംഅന്തിക്കാട്ടിലേക്കാണ്..കേറിക്കോളു.."
വേണ്ട എന്നർത്ഥത്തിൽ തലയാട്ടി യെങ്കിലും...തുറന്നിട്ട ഡോറിനേ നോക്കി ഒരു നിമിഷം അവള്. നിന്നു....
നാട്ടിലേക്കല്ല എന്റെ വീട്ടിലേക്കുള്ള വാതിലാണ് ഇതെന്ന് പറയാൻ മനസ്സ് കൊതിച്ചു... എങ്കിലും പറഞ്ഞത് മറ്റൊന്നാണ്
"പേടിക്കണ്ട...ഞാൻ എന്റെ അച്ഛന്റെ മോനാണ്.."
ആ വാചകം കേട്ടു അവള് ഒന്ന് ചിരിച്ച് അകത്തേക്ക്. കേറി..
ചോദിച്ച. ചോദ്യത്തിന് രണ്ടു വാക്കിൽ മാത്രം ഉത്തരം..
പിന്നെ പിന്നെ ചോദ്യങ്ങൾ അവസാനിപ്പിച്ചു
മൗനം രണ്ടുപേരുടെയും ഇടയിൽ മതിലുകൾ തീർക്കാൻ തുടങ്ങിയപ്പോൾ ഫ്‌ എം ഓൺ ചെയ്ത് വെച്ചു..
മനസ്സിൽ നിന്നും...
മനസ്സിലേക്കൊരു മൗന സല്ലാപം..
ഫ്എം റേഡിയോ പാടി കൊണ്ടിരുന്നു.
അവള് പറഞ്ഞ പ്രകാരം കാർ ഒരൊഴിഞ്ഞ പറമ്പിന്റെ അരികിലെ ചെമ്മൺ പാതയിൽ കൂടി കടന്ന് ചെറിയ ഒരു വീടിന്റെ മുന്നിലെത്തി..
"തന്റെ അമ്മയോട് ഒരു മകനെ കൂടി സ്വീകരിക്കൻ വിരോധം ഉണ്ടോ എന്ന് ഞാൻ ചോദിച്ചോട്ടെ.."പെട്ടെന്നായിരുന്നു തന്റെ ചോദ്യം
പകപ്പോടെ അവള് ഒന്ന് നോക്കി..
ആശുപത്രിയിൽ മുറിയിൽ കണ്ട ആള് തന്നെയോ ഇത് ..എന്ന് അവളുടെ മുഖം ചോദിക്കുന്നുണ്ടായിരുന്നു
"ഇൗ മാലാഖയെ എനിക്ക്.വേണം..
എനിക്കു മാത്രമല്ല എന്റെ വീട്ടുകാർക്കും.."
അതും പറഞ്ഞ് വണ്ടി മുന്നോട്ട് എടുക്കുമ്പോൾ അപ്പോഴും തിളങ്ങുന്ന കണ്ണുകളോടെ പകച്ചു നിൽക്കുന്ന അവളുടെ ചിത്രം ഇടത് വശത്തെ കാറിന്റെ റിയർ വ്യൂ മിററിൽ തെളിഞ്ഞ് നിന്നു...

Shabna

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot