നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

താക്കോൽ

താക്കോൽ
പത്ത് വയസ്സുകാരി മാനസിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ് പ്രതിയായ ചെവിത്തീച്ചാമി എന്ന ഷിഹാബുൾ നെ മതിയായ തെളിവുകളില്ലാത്തതിനാൽ കോടതി വെറുതെ വിട്ടു.
അന്വേഷണ ഉദ്യാഗസ്ഥർക്ക് കോടതിയുടെ രൂക്ഷ വിമർശനം
ഓലകൾ കൊണ്ടുള്ള വേലികൾക്കിടയിലൂടെ കഷ്ടിച്ച് ഒരു വാഹനം കടന്ന് പോകാനുള്ള വഴിയിലൂടെ പോലീസ് ജീപ്പ് പതിയെ വരുന്നത് കണ്ട് തലയിൽ വയ്ക്കോൽ ചുമടുമായി നടന്ന് പോയ ഒരാൾ വശത്തേക്ക് ഒതുങ്ങി നിന്ന് കൊടുത്തു.
ജീപ്പ് അയാളെ കടന്ന് ആ ചെമ്മൺ വഴിയിലെ വേലികളിൽ നിന്നും വളർന്ന് വഴിയിലേക്ക് നിൽക്കുന്ന കൊന്നമരത്തിലെ ശിഖരങ്ങളിൽ തട്ടിയും താഴെ പാതയിലെ കുഴികളിൽ ടയറുകൾ കയറി ഇറങ്ങുന്ന ജീപ്പിന്റെ കരച്ചിൽ ശബ്ദത്തോടെ അത് അയാളെ കടന്ന് പോയി.
"വാര്യർ മാഷിന്റെ വീട്ടിലേക്കാണെന്ന് തോന്നുന്നു... "
തലച്ചുമടുമായി ജീപ്പിലേക്ക് തന്നെ പുറം തിരിഞ്ഞ് നോക്കി നിന്ന അയാളോട് സൈക്കിളുമായി വഴി ഒതുങ്ങി നിന്ന പാൽക്കാരൻ പറഞ്ഞ് കൊണ്ട് സൈക്കിളിലേക്ക് കയറി ചവിട്ടി പോയി.
ഒരു ഓടിട്ട വീടിന് മുന്നിലേക്ക് കയറി ആ ജീപ്പ് നിന്നു
അതിൽ നിന്ന് എസ് ഐ പട്ടേലും കോൺസ്റ്റബിൾ പ്രഭാകരനും ഇറങ്ങി
എസ് ഐ ആ വീടും പരിസരവും ഒന്ന് നിരീക്ഷിക്കുവായിരുന്നു.
മുറ്റത്ത് വളർന്ന് പന്തലിച്ച് നിൽക്കുന്ന കൂറ്റൻ പ്ലാവ് പക്ഷേ അതിൽ നിന്നും വീണ ഒരു ഇല പോലും ആ മുറ്റത്ത് ഇല്ലാതെ തൂത്ത് വൃത്തിയാക്കിയിട്ടിരിക്കുന്നു.
വീടിന്റെ മുൻവശത്തെ നീളത്തിൽ കാണുന്ന തിണ്ണയിൽ വച്ചിരിക്കുന്ന ചെടിച്ചട്ടികളിലെ റോസയും കുറ്റിമുല്ലയും ജമന്തിയും ഒക്കെ പൂത്ത് നിൽക്കുന്നുണ്ട്.
ചെറിയ കാറ്റിലൂടെ അതിന്റെ മനോഹരമായ ഗന്ധവും
പിന്നെ സന്തോഷം പൂണ്ടെന്നത് പോലെ ഒരു താളത്തിൽ കാറ്റിനോടൊപ്പം നൃത്തം ചെയ്ത് ചിരിക്കുന്നത് പോലെ തോന്നി. പൂക്കളുടെ മണത്തോടൊപ്പം കലർന്ന ഗന്ധം എന്താണെന്ന് നോക്കിയപ്പോൾ ആണ് ഉമ്മറത്തെ ചുവരിൽ കത്തിച്ച വിളക്കിന് പിന്നിലെ മനോഹരമായി ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു പത്ത് വയസ്സുകാരി പെൺകുട്ടിയുടെ ചിത്രം ശ്രദ്ധിച്ചത്.
കരിങ്കൂവള പൂവ് പോലെയുള്ള വിടർന്ന മിഴികൾ
ഒരു പുഞ്ചിരിയോടെ തന്നെ ഉറ്റുനോക്കുന്നുണ്ടോ....
''സാർ ഇതാണ് മാനസി ചെവിത്തീച്ചാമി പീഢിപ്പിച്ച് കൊന്നു കളഞ്ഞ കുട്ടി.."
കോൺസ്റ്റബിൾ പ്രഭാകരൻ എസ് ഐ യുടെ ചെവിയിൽ പറഞ്ഞു.
അയാൾക്ക് ഈ കാഴ്ചകളിൽ അതിശയമായി
കുറച്ച് ദിവസങ്ങൾക്ക് മുൻപ് സ്ഥലം മാറിപോയ പഴയ എസ് ഐ യുമായി ഇവിടെ വന്നപ്പോൾ ഇതായിരുന്നില്ല ഇവിടത്തെ അവസ്ഥ.
മുറ്റം നിറയെ പ്ലാവിലകൾ വീണും പരിസരം മുഴുവൻ കാടു കയറിയും വർഷങ്ങളായി ആൾവാസം ഇല്ലാത്ത ഒരവസ്ഥ.
ചുവരിലെ ഫോട്ടോയിൽ ഒരു കരിഞ്ഞുണങ്ങിയ പൂക്കളുടെ പണ്ടെങ്ങോ ചാർത്തിയ ഹാരവും മാറാലകളും
ആ ചിത്രത്തിലെ കുട്ടിയുടെ മുഖത്തെ കണ്ണുകളിലെ വിഷാദ ഭാവവും
ഇന്നിപ്പോൾ അതാകെ മാറിയിരിക്കുന്നു.
ചുവന്ന റോസാപ്പൂക്കളുടെ ഇടയിൽ മുല്ലപ്പൂക്കൾ കൂടെ ചേർത്ത് കെട്ടിയ മനോഹരമായ ഹാരമതിൽ ചാർത്തിയിരിക്കുന്നു.
വിളക്കിന്റെ പുറകിലെ മുഖത്ത് ആ പഴയ വിഷാദഭാവമല്ല.
"എന്താ പ്രഭ സാറെ ഈ വഴി ഇതാണോ പുതിയ എസ് ഐ സാർ."
വീടിനകത്ത് നിന്ന് വെള്ളമുണ്ടും ബനിയനും ധരിച്ച് നെറ്റിയിൽ ഭസ്മക്കുറിയുമായി വന്ന ആളിനെ കണ്ടപ്പോൾ ഒരു ഞെട്ടലിന്റെ ഭാവം ആ കോൺസ്റ്റബിളിന്റെ മുഖത്തുണ്ടായി.
അന്നു കണ്ടപ്പോൾ വയറിനോളം നീണ്ടു വളർന്ന താടിയും ക്രമമില്ലാതെ വളർന്നു കയറിയ തലമുടിയുമൊക്കെ ആയൊരു രൂപമല്ല ഇപ്പോൾ
മകളുടെ ഘാതകനെ വധശിക്ഷ കിട്ടാതെ താടി വടിക്കില്ല എന്ന് ശപഥം ചെയ്തിരുന്ന ആളാണല്ലോ
അപ്പോൾ നമ്മുടെ നിഗമനങ്ങൾ ശരിയാകുമോ വാര്യർ മാഷ് ആയിരിക്കുമോ....
അങ്ങനെ പല ചിന്തകളും അയാളുടെ മനസ്സിലൂടെ കടന്ന് പോയി.
മറുപടി ഇല്ലാതെ അതിശയിച്ച് നിൽക്കുന്നവരെ കണ്ട് മാഷ് വീണ്ടും
''കയറി ഇരിക്കണം സാർ എന്നു പറഞ്ഞ് അകത്തേക്ക് വിളിച്ച് ദേവകി രണ്ടു ചായയെടുക്ക്.. "എന്നും കൂടെ പറഞ്ഞു.
"ഞങ്ങൾ വന്നത് എന്തിനാണെന്ന് അറിയാമോ മാഷിന്.." കസേരയിലിരുന്ന എസ് ഐ പട്ടേൽ ഇത് ചോദിക്കുമ്പോൾ അയാളുടെ കണ്ണുകൾ ആ പറമ്പിലെ ഒരു കോണിലെ പൂക്കൾ വിതറി കത്തിച്ചു വച്ച സാമ്പ്രാണി തിരികൾക്കടിയിലെ മൺകൂനയ്ക്കടുത്ത് കിടന്നിരുന്ന ആംബുലൻസിലേക്കായിരുന്നു.
"ഇല്ല സാർ എന്താ കാര്യം..."
വാര്യർ മാഷിന്റെ മറുപടിയും കൂടെ ഒരു ചോദ്യവും വന്നു
"ഇവിടെന്താ ഒരു ആംബുലൻസ് "
എസ് ഐ ചോദിച്ചു.
"അതു ഞാൻ വാങ്ങിയതാണ് മാഷിന്റെ മറുപടി വന്നപ്പോൾ പ്രഭാകരൻ ദേവകി കൊണ്ട് വന്ന ചായ എടുത്ത് അവരുടെ മാറ്റവും മാഷിന്റെ മറുപടിയും എല്ലാം അതിശയമായി അയാൾക്ക്
"ഞാൻ അറിഞ്ഞത് താങ്കൾ ഒരു അദ്ധ്യാപകനാണെന്നാണ്.. "
എസ് ഐ പട്ടേൽ ചായ ഗ്ലാസ് ചുണ്ടിലേക്കടുപ്പിച്ച് കൊണ്ട് ചോദ്യം തുടർന്നു
''അതെ ആ ജോലി തൽക്കാലം അവധിയെടുത്തു ഒരു ആംബുലൻസ് വാങ്ങി ഇപ്പോൾ ഇതിന്റെ ഡ്രൈവർ ആണ് "
ചായ ഗ്ലാസ് വച്ച് എഴുന്നേറ്റ പട്ടേൽ
"പത്രത്തിലും ടി വി യിലും താങ്കളുടെ രൂപം ഞാൻ കണ്ടിട്ടുണ്ട് ഇപ്പോൾ അതിൽ നിന്നെല്ലാം ഒരുപാട് മാറിയിരിക്കുന്നു ".
പട്ടേൽ വാര്യർ മാഷിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി പറഞ്ഞു.
മാഷ് കൈകൾ കൊണ്ട് കവിളുകൾ രണ്ടും തലോടി
"ഭയങ്കര ചൊറിച്ചിലായിരുന്നു സാറെ അതു കൊണ്ട് ഞാൻ ഇതൊക്കെ കളഞ്ഞു. "
ഒട്ടും പതർച്ച ഇല്ലാത്തതായിരുന്നു മാഷിന്റെ ശബ്ദം
പകരം ഒരല്പം പുച്ഛം ഉള്ളതുപോലെ തോന്നി പറഞ്ഞ് നിർത്തി ആ ചുണ്ട് ഒരു വശത്തേക്ക് ചരിച്ചുള്ള ചിരിയിൽ
"ശരി....മാനസിക രോഗിയാണെന്നുള്ള പരിഗണനയും മതിയായ തെളിവുകൾ ഇല്ലാത്തതിനാലും കോടതി വെറുതെ വിട്ട ചെവിത്തീച്ചാമി എന്ന ഷിഹാബുൾ എന്ന അന്യസംസ്ഥാനക്കാരനെ കഴിഞ്ഞ ഞായർ മുതൽ കാണാനില്ല.
നഗരത്തിലെ ബാറിൽ നിന്നിറങ്ങി പോകുന്ന അവനെ ഒരു ആംബുലൻസ് പുറകെ പിൻതുടർന്നതായി അവിടത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്
കുറച്ച് മാറി ആളൊഴിഞ്ഞ വഴിയിൽ ടയർ പഞ്ചറായ നിലയിൽ അവന്റെ ബൈക്കും ചെരിപ്പും ഒക്കെ കിട്ടിയിട്ടുണ്ട് താങ്കൾക്ക് ഇതിൽ എന്താണെന്ന് പറയാനുള്ളത്...."
എസ് ഐ പറഞ്ഞ് നിർത്തി മാഷിന്റെ മുഖത്തേക്ക് തന്നെ നോക്കി
അപ്പോഴേക്കും നടന്നവർ ആ ആംബുലൻസിനരികിൽ എത്തിയിരുന്നു
മാഷിന്റെ മുഖത്ത് ഒരു ഭാവഭേദവും കാണുന്നില്ല
പകരം ഒരു പുഞ്ചിരി മാത്രം
"അത് സാറെ ഞാനന്ന് എന്റെ ഭാര്യയ്ക്ക് മരുന്നു വാങ്ങാൻ അവിടെ അടുത്തൊരു മെഡിക്കൽ സ്റ്റോറിൽ പോയതായിരുന്നു.
ആ ഷോപ്പിലും ക്യാമറ ഉണ്ടായിരുന്നു.
ദൃശ്യങ്ങൾ അവിടെയും ഉണ്ടാകും പരിശോധിച്ചാൽ സാറിന് കിട്ടും.
പിന്നെ അതെ വഴി തന്നെ തിരികെ വീട്ടിലേക്ക് വരാതെ രണ്ട് കിലോമീറ്റർ ചുറ്റി ആളൊഴിഞ്ഞ ആ റോഡിലൂടെ എന്തിന് വീട്ടിലേക്ക് പോയി
എന്ന് സാറിന് ഇനിയും ഒരു ചോദ്യം ഉണ്ടെങ്കിൽ
ആ വഴിക്കപ്പുറം ഉള്ള പെട്രോൾ പമ്പിൽ കയറിയിട്ടുണ്ട് ഞാൻ അവിടത്തെ സി സി ടി വി യിലും അത് ഉണ്ടാകും
സാറിന് പരിശോധിക്കാമത്. "
മാഷ് ഇത്രയും പറഞ്ഞ് നിർത്തിയപ്പോൾ ആ മുഖത്തെ വികാരഭാവം ശ്രദ്ധിക്കുവായിരുന്നു കോൺസ്റ്റബിൾ പ്രഭാകരൻ
കഴിഞ്ഞ തവണ വന്നപ്പോൾ പഴയ എസ് ഐയുടെ മുന്നിൽ നിറഞ്ഞ കണ്ണുകളുമായി കൈക്കൂപ്പി നിന്ന് എന്റെ മകൾക്ക് നീതി കിട്ടണേ സാറെ എന്ന് കരഞ്ഞ് യാചിച്ച ആൾ തന്നെയാണോ ഇത്
അയാൾക്ക് സംശയമായി.
ചായയുമായി വന്ന സ്ത്രീയെയും മുൻപ് കണ്ടപ്പോൾ കരഞ്ഞ് കണ്ണീർ വറ്റിയ മുഖവും
നിർവികാരയായി സംസാരിക്കാൻ മറന്നത് പോലെ ദൂരേയ്ക്കെവിടെയോ കണ്ണും നട്ട് ഇരിക്കുന്ന മുഖമായിരുന്നു മുൻപ് കണ്ടപ്പോഴെല്ലാം
ഇന്നതല്ല ചായ കുടിക്ക് എന്നു പറഞ്ഞ് ഗ്ലാസ് തന്നപ്പോൾ ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നല്ലോ
മാഷിന് ഇപ്പോൾ മുഖത്തുള്ള അതെ ഭാവത്തോടെ പ്രഭ ഓർത്തു.
മാഷ് പറഞ്ഞതൊന്നും കേൾക്കാത്ത ഭാവത്തിൽ ആ പരിസരം ഓരോ മൺതരിയും നിരീക്ഷിച്ച് കൊണ്ട് പട്ടേൽ വീടിന് പുറക് വശത്തെത്തി. അവിടെ പുറക് വശത്തെ മതിലിലെ ഇഷ്ടികകൾ ഒരാൾക്ക് ഇറങ്ങാവുന്ന പാകത്തിൽ പൊളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.
അതിന് പുറകിൽ തെങ്ങും മരങ്ങളും നിറഞ്ഞ വിശാലമായൊരു പറമ്പും
"ഇവിടെ വീടുകൾ ഒന്നുമില്ലേ.. " പട്ടേൽ ചോദിച്ച് കൊണ്ട് അതിനരികിലേക്കെത്തി
"ഇല്ല സാറെ ഇത് ഒഴിഞ്ഞ് കിടക്കുവാണ് മാഷ് അങ്ങനെ പറഞ്ഞപ്പോൾ
"ഇതിനപ്പുറം ഒരു സെമിത്തേരി ആണ് സാർ" കോൺസ്റ്റബിൾ പ്രഭ ഇടയിൽ കയറി പറഞ്ഞു.
പട്ടേൽ നടത്തം നിർത്തിയിരുന്നു അപ്പോഴേക്കും
തിരിഞ്ഞ് അവരുടെ മുഖത്തേക്ക് നോക്കി
"സെമിത്തേരിയോ...." എന്ന് ചോദിച്ചപ്പോൾ വാര്യർ മാഷിന്റെ മുഖം ഒന്നു പരിഭ്രമിച്ചതുപോലെ അയാൾക്ക് തോന്നി
"ശരി എന്നാൽ അതൊന്ന് നോക്കിയേക്കാം "
ആ വിടവിലൂടെ കടന്നവർ ആ സെമിത്തേരിയിലെത്തി
അരയാൾ പൊക്കത്തിൽ കാട് കയറി കിടക്കുന്ന ആ പറമ്പിൽ ചിലയിടത്തൊക്കെ സിമന്റ് കല്ലറകളും ബാക്കിയെല്ലാം അവിടവിടായി കുറെ മൺകൂനകളും കാണാമായിരുന്നു.
എല്ലാ മൺകൂനകളുടേയും ഒരേ ഭാഗത്തായി കാണുന്ന കുരിശ് രൂപങ്ങൾ ചിലതൊക്കെ ചരിഞ്ഞും പൊട്ടിയും ഒക്കെ ഉള്ള അവസ്ഥയിലുമായിരുന്നു.
"ഈ സ്ഥലം ഉപയോഗിക്കാറില്ലേ..." ഈ കാഴ്ചയെല്ലാം കണ്ട എസ് ഐ ചോദിച്ചു
"ഇല്ല സാറെ നഗരത്തിലെ ഒരു പള്ളിവക സെമിത്തേരി ആണ് അവർ ഇപ്പോൾ അവിടെ തന്നെ പ്രത്യേകം കല്ലറകൾ പണിഞ്ഞതിനാൽ ഇതിപ്പോൾ ഇങ്ങനെ കിടക്കുവാണ് "
"ശരി ഇവിടെ ഒക്കെ ഒന്ന് പരിശോധിച്ചേ..."
പട്ടേൽ അങ്ങനെ പറഞ്ഞ് കൊണ്ട് അവിടമാകെ തിരയാൻ തുടങ്ങി.
"സാറെ ദാ ഇവിടെ..."
എന്തോ കണ്ടത് പോലെ പ്രഭയുടെ ശബ്ദം കേട്ട് എസ് ഐ അവിടേക്ക് ചെന്നു
ഒരു കല്ലറയിലെ മുടി അൽപ്പം ഇളകിയത് പോലെ കാണുന്നുണ്ടായിരുന്നവിടെ അതിനടുത്തായി കുറച്ചൊക്കെ പുതിയ മണ്ണ് കുഴിച്ചിരിക്കുന്നതായും കണ്ടു
"പ്രഭ.... "
"യെസ് സാർ..."കോൺസ്റ്റബിൾ അറ്റൻഷനായി
"ഇത് തുറക്കാനും ഇവിടെ പരിശോധിക്കാനുമായുള്ള ഫോർമാലിറ്റികൾ പെട്ടെന്ന് ശരിയാക്കണം"
തിരികെ മാഷിന്റെ വീട്ടിലേക്ക് വേഗത്തിൽ നടന്ന് കൊണ്ടാണ് എസ് ഐ അത് പറഞ്ഞത്.
പുറകെ എത്താനായി പ്രഭ ചെറുതായി ഓടുന്നുണ്ടായിരുന്നു. മതിലിനരികിൽ തന്നെ അവിടേക്ക് നോക്കി കൊണ്ട് നിൽക്കുന്ന മാഷിനെയും ഭാര്യയെയും അവർ കണ്ടു.
ദേവകി മാഷിന്റെ കൈകളിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.
"കഴിഞ്ഞ ദിവസങ്ങളിലെ ഭയങ്കരമായ മഴയിൽ ഇളകിയതാണ് സാറെ ഈ മതിലിലെ ഇഷ്ടികകൾ കൂടാതെ ഇവിടെ ഭയങ്കര പട്ടി ശല്ല്യവുമാണ്
ആ സെമിത്തേരി മുഴുവൻ അവറ്റകൾ കുഴിച്ചിടുവാണ്..."
പട്ടേൽ ഒന്നും ചോദിക്കാതെ തന്നെ ജീപ്പിലേക്ക് കയറി പോകാനായി ഇരുന്നപ്പോൾ
പുറകെ ചെന്ന് വാര്യർ മാഷ് പറഞ്ഞു. മാഷിന്റെ പരിഭ്രമിച്ച മുഖത്തേക്ക് നോക്കി പട്ടേൽ ഒന്നു ചിരിച്ചു.
"ഞാൻ തിരിച്ചു വരും മാഷെ അതിനുള്ളിൽ മാഷിന് ഇനി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ആകാം
എന്തുചെയ്താലും പക്ഷേ
തിരികെ പോകുമ്പോൾ മാഷും എന്റെ കൂടെ ഈ വാഹനത്തിൽ ഉണ്ടാകും "
എസ് ഐ പറഞ്ഞ് നിർത്തിയപ്പോൾ മാഷിന്റെ മുഖത്തൊരു ചിരി വിടർന്നു.
"കുറച്ച് വർഷങ്ങളായി ഈ വാഹനത്തിൽ ഞാൻ അലഞ്ഞിട്ടുണ്ട് എന്റെ മകൾക്ക് നീതിയ്ക്ക് വേണ്ടി.
മുൻപ് മറ്റൊരു അച്ഛൻ ഇങ്ങനെ അലഞ്ഞപ്പോൾ
തെളിവുകൾ ഇല്ലെന്നും അവന് മാനസികമാണെന്ന പരിഗണന നൽകി പുറത്തു വിടാതെ ആ നരാധമനെ ശിക്ഷിച്ച് ആ അച്ഛന് നീതി കൊടുത്തിരുന്നെങ്കിൽ
എന്റെ മകൾ ഉൾപ്പെടെ രണ്ടു പെൺകുട്ടികൾ ശരീരാവയവങ്ങൾ കറിക്കത്തിയാൽ കീറി മുറിച്ചൊരു ദാരുണമായ മരണത്തിനിരയാകില്ലായിരുന്നു.
എനിക്ക് ഇനി ഒന്നും ചെയ്തു തീർക്കാൻ ബാക്കിയില്ല
ഇനി വരുമ്പോൾ സാറിന് എന്നെ കൊണ്ടു പോകാം എന്ന് ഉറപ്പുണ്ടെങ്കിൽ തീർച്ചയായും സാർ വരണം
ഞാൻ ഇവിടെ കാത്തിരിക്കും "
കൈകൾ കൂപ്പി മാഷ് പറഞ്ഞ് നിർത്തി
മുന്നോട്ട് നീങ്ങിയ ജീപ്പിലെ കണ്ണാടിയിലൂടെ പുറകിൽ മാഷും ഭാര്യയും ആ മൺകൂനയ്ക്കരികിലായി നിൽക്കുന്ന ചിത്രം കാണുന്നുണ്ടായിരുന്നു.
ചെമ്മൺ പാതയിൽ നിന്ന് ജീപ്പ് ടാറിട്ട ചെറിയ റോഡിലേക്ക് കയറി
"വാര്യർ മാഷ് അന്ന് രാത്രി വന്നത് പോലെ രണ്ട് കിലോമീറ്റർ ചുറ്റി വളഞ്ഞുള്ള വഴിയേ നമുക്ക് പോകാം പ്രഭ" പട്ടേൽ ഇങ്ങനെ പറഞ്ഞപ്പോൾ ഡ്രൈവിംങ്ങിൽ ശ്രദ്ധിച്ച് കൊണ്ട് തന്നെ അയാൾ തിരികെ ചോദിച്ചു.
''എന്ത് തോന്നുന്നു സർ"
"അവരുടെ പെരുമാറ്റ രീതിയിൽ എന്തോ ദുരൂഹത തോന്നുന്നുണ്ട് എന്തായാലും നാളെ ആ സെമിത്തേരി ഒന്നു പരിശോധിക്കാം" എസ് ഐ പട്ടേൽ പറഞ്ഞു നിർത്തി.
ജീപ്പ് ഇടറോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറാൻ തുടങ്ങിയതും ഇടതുവശത്തെ ഗേറ്റിനകത്ത് നിന്ന് ഒരു ആംബുലൻസ് വാൻ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി വന്നു.
ജീപ്പും വാനുമായി മുട്ടിയില്ല എന്ന നിലയിൽ ബ്രേക്കിട്ട് നിൽക്കുവായിരുന്നു.
പ്രഭ തല പുറത്തേക്കിട്ട് ഒരു ചീത്തയും പറഞ്ഞ് എടുത്ത് മാറ്റെടാ പെട്ടെന്ന് എന്ന് ദേഷ്യപ്പെട്ടു.
ആ വാൻ പോയി ജീപ്പ് മുന്നോട്ട് എടുത്തപ്പോൾ അത് ഇറങ്ങി വന്ന ഇടതു വശത്തെ ഗേറ്റിനകത്തെ ബോർഡ് കണ്ടു
' ശ്മശാനം '
പട്ടേൽ ജീപ്പ് അങ്ങോട്ട് കയറ്റാൻ പറഞ്ഞു
ഒരു മതിൽ കെട്ടിനുള്ളിലെ വലിയ പറമ്പിലെ വാഴയും ചേനയും ചേമ്പുമൊക്കെ വളർന്നു നിൽക്കുന്നു ഒരു വശത്ത്.
ഒരു വശത്ത് നട്ടുപ്പിടിപ്പിച്ചിരിക്കുന്ന മരിച്ചീനി കമ്പുകൾ വളർന്ന് വരുന്നതെ ഉണ്ടായിരുന്നുള്ളു ഓരോരോ മൺകൂനയ്ക്ക് മുകളിലായി ചെറിയ കമ്പുകൾ നിരത്തി വച്ചിരിക്കുന്നു. ചിലതിലൊക്കെ മുള പൊട്ടി ഇലകളും കാണുന്നുണ്ട്.
അതിന് നടുക്കായുള്ള ചെറിയ ഒരു കെട്ടിടത്തിന് മുന്നിലായി മെലിഞ്ഞുണങ്ങിയ കറുത്ത ഒരാൾ ഒരു നീളൻ കമ്പിയുമായി നിൽക്കുന്നു അതിന്റെ അഗ്രത്ത് ചെറിയൊരു കമ്പി കുറുകെ വച്ച് പിടിപ്പിച്ചും ഉണ്ട് ഒരു കുരിശ് പോലെ.
"ഏതാ ഇപ്പോൾ പുറത്തേക്ക് പോയ വാൻ "
എസ് ഐ അയാളോട് ചോദിച്ചു
" അത് മെഡിക്കൽ കോളേജിൽ നിന്നും ശവവുമായി വന്ന വണ്ടിയാണ് സാറെ... "
അയാൾ മടത്തുടിത്തിരുന്ന മുണ്ട് അഴിച്ച് വിനീതനായി പറഞ്ഞു.
പട്ടേൽ ആ കെട്ടിടം നിരീക്ഷിക്കുവായിരുന്നു.
വലിയ രണ്ടു കട മുറികൾ പോലെ ചേർത്ത് കെട്ടിയിരിക്കുന്നു.
രണ്ട് കരിപിടിച്ച ഇരുമ്പു ഷട്ടറുകൾ അടച്ചിട്ടിരിക്കുന്നുണ്ട്.
ഒന്നിനകത്ത് എന്തോ കത്തിയമരുന്നിന്റെ പൊട്ടലുകളും ചീറ്റലും കേൾക്കുന്നുമുണ്ട്.
"ഇതെന്താ രണ്ട് ഷട്ടറുകൾ.. " പട്ടേൽ അയാളോട് ചോദിച്ചു
" ഇത് ഒന്ന് വിറകും ഇത് കറണ്ടുമാണ് സാറെ... "
അയാൾ രണ്ടിലായിട്ട് വിരൽ ചൂണ്ടി കാണിച്ച് പറഞ്ഞു.
"കറണ്ടോ..." എസ് ഐ സംശയത്തോടെ ചോദിച്ചു.
"അത് സർ ഇലക്ട്രിക് ക്രിമേഷൻ ആണ് "പ്രഭയാണ് ആ മറുപടി പറഞ്ഞത്.
"ശരി ഇതൊന്ന് തുറന്നേ... " പട്ടേൽ അയാളോട് പറഞ്ഞു.
"വിറകിൽ ഒരാളെ ഇപ്പൊ കയറ്റിയതാണ് സാറെ ഇപ്പൊ തുറന്നാൽ ഭയങ്കര ചൂടും തീയുമായിരിക്കും
ഇത് വേണേൽ തുറക്കാം "
എന്ന് പറഞ്ഞ് ഒരു നീളൻ താക്കോൽ കൊണ്ട് ഇലക്ട്രിക് ക്രിമേഷൻ റൂമിലെ ഇരുവശത്തെയും വലിയ രണ്ടു പൂട്ടുകൾ അയാൾ തുറന്നു ഷട്ടർ ഉയർത്തി.
ആ വലിയ മുറിയ്ക്കകത്ത് ഒരു വശത്തായി കുറെ ഇലക്ട്രിക് സ്വിച്ചുകളും അതിൻ നടുവിലായി ഒരു കുഞ്ഞു മുറി പോലെ വേറെയൊന്നും
അതിന്റെ മുന്നിൽ അർദധ വൃത്തത്തിൽ ഇരു വശങ്ങളിലേക്കും തുറക്കാവുന്ന രീതിയിലെ ഇരുമ്പ് ചെറിയ വാതിലുകളും അതിന് മുൻപിൽ പുറത്തേക്ക് നീണ്ടു നിൽക്കുന്ന രണ്ടു പാളങ്ങൾക്ക് മുകളിലായി ചക്രങ്ങൾ ഘടിപ്പിച്ചൊരു ഇരുമ്പിലുണ്ടാക്കിയ കുഞ്ഞു കട്ടിൽ പോലെ കണ്ടതിൽ ചൂടടിച്ച് ചുട്ടുപഴുത്തതിന്റെ നിറമായിരുന്നു.
"ഇതെങ്ങനെയാണ് ഒന്ന് കാണിക്കൂ" പട്ടേൽ പറഞ്ഞു.
അയാൾ ഒരു ഇലക്ട്രിക് സ്വിച്ച് ഓൺ ചെയ്തപ്പോൾ ഇരുമ്പു ഡോറുകൾ വശങ്ങളിലേക്ക് മാറുകയും
ആ ഇരുമ്പ് കട്ടിൽ ഉരുണ്ട് അകത്തേക്ക് പോകുകയും ചെയ്തു.
" ഇനി ഇലക്ട്രിക്കിന്റെ സ്വിച്ച് ഇട്ടാൽ ആൾ അതിൽ ഉണ്ടെങ്കിൽ നിമിഷങ്ങൾ കൊണ്ട് ചാമ്പലാകും സാറെ...
അസ്ഥികളെടുക്കാൻ അവകാശികൾ ഇല്ലാത്തവയൊക്കെ ഹൈവോൾട്ടിലിട്ട് ഭസ്മം പോലെ ആയി ഇതുവഴി താഴേക്ക് തട്ടും... "
അയാൾ കൈയ്യിലിരുന്ന ഇരുമ്പ് വടി കൊണ്ട് അതിനകത്ത് തന്നെ താഴെയുള്ള ഒരു അറ കാട്ടിക്കൊടുത്തു.
"നിങ്ങൾക്ക് വാര്യർ മാഷിനെ അറിയാമോ.. "
എസ് ഐ അയാളോട് ചോദിച്ചു.
" ഉം അറിയാം അദ്ദേഹം ഒരു വണ്ടി വാങ്ങിച്ചല്ലോ..
രാത്രി ചിലപ്പോഴൊക്കെ ഇവിടെയാണ് പാർക്ക് ചെയ്യുന്നത് എനിക്ക് സിഗരറ്റും പിന്നെ വെള്ളം കുടിക്കാനൊക്കെ പൈസയും തരാറുണ്ട് ഇവിടെ ഇരുന്ന് എന്റെ കൂടെ കുറെ കാര്യങ്ങൾ ഒക്കെ സംസാരിക്കും "
അയാൾ പറഞ്ഞു നിർത്തിയപ്പോൾ പ്രഭയും എസ് ഐ യും തമ്മിൽ ഒന്നു നോക്കി
"ശരി നിങ്ങൾ എവിടാണ് താമസം" എസ് ഐ വീണ്ടും
"ഞാൻ കുറച്ച് ദൂരെയാ വൈകുന്നേരം ഇത് പൂട്ടി കോർപ്പറേഷൻ ഓഫീസിൽ താക്കോൽ ഏൽപ്പിച്ച് ഞാൻ പോകും"
അയാൾ പറഞ്ഞു.
എസ് ഐ പട്ടേൽ ആ മുറി ആകെ ഒന്നു നിരീക്ഷിച്ചു.
അയാളുടെ ചിന്തയിൽ ചില കാഴ്ചകൾ അയാൾ മെനയുകയായിരുന്നു.
ബാറിൽ നിന്നിറങ്ങിയവന്റെ ബൈക്കിലെ ടയറിൽ കൃത്യം പത്ത് മിനിട്ട് കൊണ്ട് അവിടന്ന് ഓടി ആൾവാസം ഇല്ലാത്ത വഴിയിൽ എത്തുമ്പോൾ കാറ്റൊഴിയുന്ന വിധത്തിൽ ദ്വാരം ഉണ്ടാക്കുന്നൊരാൾ
അതിൽ അഞ്ച് മിനിട്ട് മെഡിക്കൽ സ്റ്റോറിൽ കയറി മരുന്ന് വാങ്ങി മനപൂർവ്വം ക്യാമറയ്ക്ക് മുഖം കൊടുക്കുന്നു.
പിന്നെ ബൈക്കിനെ പിൻതുടർന്ന് ആളൊഴിഞ്ഞ റോഡിൽ പഞ്ചറായ ബൈക്കിനടുത്ത് നിൽക്കുന്നവനെ ആംബുലൻസ് കൊണ്ട് ചെറുതായി ഇടിച്ചിടുന്നു.
സെക്കന്റുകൾക്കകം അവനെ അകത്തെടുത്തിട്ട് ഇവിടേയ്ക്ക് വരാനുള്ള വഴിയിലെ പെട്രോൾ പമ്പിൽ കയറി പെട്രോളടിച്ച് ക്യാമറയ്ക്ക് മുഖം കൊടുക്കുന്നു.
പിന്നെ ഇവിടെയെത്തി പാർക്ക് ചെയ്തു.
രാത്രി ഷട്ടർ തുറന്ന് വാഹനത്തിൽ നിന്ന് അവനെ എടുത്ത് ജീവനോടെ ഇതിനകത്തേക്ക് കയറ്റി പ്രവർത്തിപ്പിക്കുമ്പോൾ
ചൂടേറ്റ് ഉണർന്ന് അലറി കരയുന്നൊരുവൻ സ്വിച്ച് ഓഫ് ചെയ്ത് അതു കണ്ട് പൊട്ടിച്ചിരിക്കുന്ന നീണ്ട താടിവച്ചൊരു രൂപം
വീണ്ടും അയാൾ അത് ഓണാക്കുന്നു അവന്റെ നിലവിളി ആ മുറിയ്ക്കകത്ത് ഒടുങ്ങി ഭസ്മമാകുമ്പോൾ കണ്ണുകളിൽ വന്യമായ ഭാവത്തോടെ വികൃതമായി പൊട്ടിച്ചിരിക്കുന്ന വാര്യർ മാഷിന്റെ രൂപം സങ്കൽപ്പത്തിലൂടെ കണ്ടു.
" എവിടെ ഇതിന്റെ താക്കോൽ.."
എസ് ഐ അയാളോട് ചോദിച്ചു.
അയാൾ കൊടുത്ത ആ നീളൻ താക്കോൽ തിരിച്ചും മറിച്ചും നോക്കിയ പട്ടേൽ അതിന്റെ വിടവുകൾക്കിടയിലെ മഞ്ഞനിറം നഖങ്ങൾ കൊണ്ട് ചുരണ്ടിയെടുത്തു.
അതിന്റെ ഗന്ധം മൂക്കിലേക്കടുപ്പിച്ചപ്പോൾ ഏതോ സോപ്പിന്റെ ആണെന്ന് മനസ്സിലായി പട്ടേൽ ഒന്ന് ചിരിച്ചുകൊണ്ട് അയാളോട് ചോദിച്ചു
"ഇവിടത്തെ ചാമ്പൽ ഒക്കെ എവിടെയാണ് ഉപേക്ഷിക്കുന്നത്.."
"അത് കുറച്ചൊക്കെ അപ്പുറത്തെ കൃഷിസ്ഥലത്ത് ആണ് സാറെ തിങ്കളാഴ്ച കുറച്ച് വാരി മാറ്റിയതാണ് അന്നു മുതൽ മഴയും ആയിരുന്നു വയലും തോടും നിറഞ്ഞ് എല്ലാം കടലിലേക്ക് ഒഴുകി പോകുവാണ് അതുകൊണ്ട് ഇനി അതു കഴിഞ്ഞെ അങ്ങോട്ടേക്ക് ഉള്ളു. "
അയാൾ പറഞ്ഞ് നിർത്തി.
"ജീപ്പ് തിരിക്കട്ടെ സാറെ മാഷിന്റെ വീട്ടിലേക്ക് " പ്രഭ ചോദിച്ചു.
" വേണ്ട എന്ത് കാര്യത്തിന് കടൽവെള്ളം എടുത്ത് ഇനി എന്ത് ചെയ്യാനാ
മാഷിന്റെ നമ്പരിൽ ഒന്നു വിളിച്ചേ ഞാനൊന്നു സംസാരിക്കട്ടെ..." പട്ടേൽ പറഞ്ഞപ്പോഴേക്കും പ്രഭ ഫോൺ എടുത്ത് വിളിച്ച്
പട്ടേലിന്റെ കൈയ്യിലേക്ക് കൊടുത്തു.
"ഹലോ വാര്യർ മാഷല്ലേ..."
"അതെ... "
"ഞാൻ എസ് ഐ പട്ടേൽ ആണ് ഇവിടെ അടുത്തുള്ള ശ്മശാനത്തിൽ നിന്നാണ് വിളിക്കുന്നത്..."
അപ്പുറത്ത് കുറച്ച് നേരം മൗനമായി മറുപടി ഒന്നും വരാതിരുന്നപ്പോൾ
"ഹലോ.. " എസ് ഐ വീണ്ടും വിളിച്ചു.
"ശരി ഞാൻ കാത്തിരിക്കാം സർ ഇങ്ങോട്ട് വരുന്നുണ്ടോ.... " മാഷിന്റെ ചോദ്യം വന്നു.
"വന്നിട്ടെന്തിനാ അതു കൊണ്ട് ഒരു കാര്യവുമുണ്ടാകില്ലെന്ന് താങ്കൾക്ക് തന്നെ അറിയാലോ "എസ് ഐപറഞ്ഞ് നിർത്തി.
വീണ്ടും മൗനം
"ആ താക്കോൽ എന്ത് ചെയ്തു
അത് ഉപേക്ഷിച്ചേയ്ക്ക്
ഇനി താങ്കൾ അത് ഉപയോഗിക്കരുത് നമ്മൾ തമ്മിൽ ഇനി ഒരിക്കലും കാണാതിരിക്കട്ടെ..."
ഇത്രയും പറഞ്ഞ് മറുപടി കേൾക്കാൻ നിൽക്കാതെ പട്ടേൽ ഫോൺ കട്ട് ചെയ്തു ജീപ്പിൽ കയറി പ്രഭ അത് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.
ഫോൺ കട്ട് ചെയ്ത് കുറച്ച് നേരം ചുവരിലെ മകളുടെ ചിത്രത്തിലേക്ക് നോക്കി നിന്ന വാര്യർ മാഷ്
അതിന്റെ പുറകിൽ നിന്നും നീളത്തിലുള്ളൊരു താക്കോൽ പുറത്തെടുത്തു
ദൂരേയ്ക്ക് വലിച്ചെറിയാനായി തുടങ്ങിയപ്പോഴാണ് മുന്നിലെ പത്രത്തിലെ വാർത്ത കണ്ണിൽ പെട്ടതും എറിയാനാഞ്ഞ കൈ നിൽക്കുകയും ആ കണ്ണുകളിൽ ഒരു വന്യത രൂപമാകുകയുമായിരുന്നു.
പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീകാന്തിന്റെ കൊലപാതകത്തിലെ പ്രതികളെ തെളിവില്ലാത്തതിനാൽ കോടതി വെറുതെ വിട്ടു.
അന്വേഷണ ഉദ്യാഗസ്ഥർക്ക് കോടതിയുടെ രൂക്ഷ വിമർശനം.
ജെ....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot