നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പത്തു രൂപ


പത്തു രൂപ
...................
മാസാവസാനം ആണ്, കയ്യിൽ നിന്നും ഒരു പത്തു രൂപ പോയാൽ തന്നെ ആകെ വിഷമം. പോകുന്നതു ഒരു പത്തുരൂപ കൂടിയാണെങ്കിലും ആ പത്തു കയ്യിലുണ്ടാവുമ്പോൾ അതു നാളേക്കുള്ള ഒരു പ്രതീക്ഷ കൂടിയാകുന്നു.
ഇന്നലെ കയ്യിലുണ്ടായിരുന്ന ഒരു പത്തു രൂപ എന്നെ ഒരൽപ്പം മുൾമുനയിൽ നിർത്തിയെന്നു പറയും. പണം ആണ് ഓരോ മനുഷ്യനെയും നിയന്ത്രിക്കുന്നത്.
വൈകീട്ട് ജോലി കഴിഞ്ഞു വരുന്ന വഴിയിൽ വീടിനടുത്തുള്ള സ്കൂളിൽ ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നു.
സ്കൂളിന് ഫ്രണ്ടിലെ ഗേറ്റിലെ വലിയ ഫ്ലെക്സിൽ സി. കെ. വിനീതും ഇയാൻ ഹ്യൂമും പന്തിനായി ഓടുന്നു.
ഫ്ലെക്സിൽ ഹ്യൂമും, സി. കെ. വിനീതും ഒക്കെയാണെങ്കിലും കളിക്കുന്നത് ലോക്കൽ ടീമുകൾ തന്നെയാണു.
ബൈക്ക് സൈഡിലൊതുക്കി ഞാൻ ചുറ്റുമൊന്നു നോക്കി. വേറെ ഒന്നും കൊണ്ടല്ല നോക്കിയത് ഇനി പാസ്‌ വച്ചുള്ള കളിയാണെങ്കിൽ നേരെ വീട്ടിലേക്കു വിടാമല്ലോ. ഞാൻ പറഞ്ഞ ആ പത്തു രൂപയില്ലേ അതു കയ്യിൽ നിന്നും പോവില്ലല്ലോ.
പക്ഷെ കളി പാസ്‌ വച്ചുള്ളത് അല്ലെന്നു മനസിലായ ഞാൻ ഏറോപ്ലെയിൻ കണക്കെ ഗ്രൗണ്ടിലേക്ക് കുതിച്ചു.
പാസ്‌ ഇല്ലാത്തതു കൊണ്ടു ഗ്രൗണ്ടിന് ചുറ്റും ഒരു കയറ് പോലും കെട്ടിയിട്ടില്ല.
ആളുകൾ തിക്കി തിരക്കി കളി കാണാൻ
തിരക്ക് കൂട്ടുന്നു.
Isl സീസൺ ആയതുകൊണ്ട് ആണെന്ന് തോന്നുന്നു കാണികൾക്കും കളിക്കാൻ തെയ്യാറെടുക്കുന്ന ടീമംഗങ്ങൾക്കും വല്ലാത്തൊരു ആവേശം തന്നെ.
ഞാൻ കറങ്ങി തിരിഞ്ഞു ഗ്രൗണ്ടിന്റെ ഒത്ത നടുക്കു തമ്പടിച്ചു. നടുക്കു നിൽക്കുന്നത് കൊണ്ടു രണ്ടു ടീമുകളുടെയും കളി എനിക്കു യഥേഷ്ടം ആസ്വദിക്കാൻ കഴിയും.
അങ്ങനെ വിസിൽ മുഴങ്ങി കളി തുടങ്ങി.
രണ്ടു ടീമിലെയും കളിക്കാർ തമ്മിൽ പരസ്പരം പന്തിനായി ഗ്രൗണ്ടിൽ കിടന്നു തലങ്ങും വിലങ്ങും ഓടുന്നു.
പോസ്റ്റിലേക്കു ഏതെങ്കിലുമൊരു കളിക്കാരൻ അനായാസമായി ഒരു ഷോട്ട് തൊടുത്താൽ കാണികൾ ആർപ്പുവിളിച്ചു കൈ കൊട്ടുന്നു. ഗോൾ മുഖത്തു ഗോൾ അടിക്കാൻ കിട്ടുന്ന അവസരം തുലച്ചു കളയുന്ന കളിക്കാരനെ പച്ചതെറിയും വിളിക്കുന്നുണ്ട്. നമ്മുടെ നാട്ടുകാരല്ലേ, വേറെ ഒന്നും കൊണ്ടല്ല ഞാൻ നേരത്തെ പറഞ്ഞ ആ "ആവേശം" ഇല്ലേ അത് ഒന്നുകൊണ്ടു മാത്രം ആണ് ഇതെല്ലാം സംഭവിക്കുന്നത്.
ഏതാണ്ട് ഒരു പതിനഞ്ചു മിനുറ്റു കഴിഞ്ഞപ്പോൾ എനിക്കു മനസിലായി,
കളി അത്ര പോരാ രണ്ടു ടീമും കണക്കാണ്. എങ്കിലും ഹാഫ് ടൈം വരെ കാണാം എന്നു കരുതി.
റഫറി അങ്ങനെ ഹാഫ് ടൈമിന്റെ വിസലൂതി. ഞാൻ പതുക്കെ ഗ്രൗണ്ടിൽ നിന്നും വീട്ടിലേക്കു പോകാൻ നടന്നു.
കുറച്ചു നടന്നതും പുറകിൽ നിന്നും എന്റെ പേരു വിളിച്ചു.
തിരിഞ്ഞു നോക്കുമ്പോൾ കോൾഗേറ്റിന്റെ പരസ്യം കണക്കെ ഈ എന്നു ഇളിച്ചു കൊണ്ടു രണ്ടു കമ്മിറ്റി ഭാരവാഹികൾ.
അതിലൊരു ഭാരവാഹി എന്റെ ഒരു പരിചയക്കാരനും.
" ഒരു സമ്മാന കൂപ്പൺ എടപ്പ.
ഞാൻ പോക്കറ്റൊന്നു തപ്പി പൈസ എടുത്തില്ല എന്നു പറയാൻ വന്നപ്പോഴേക്കും പരിചയക്കാരൻ ഭാരവാഹി ഒരു കൂപ്പൺ കീറി എന്റെ പോക്കെറ്റിൽ തിരുകി.
ഞാൻ പെട്ടു.. ഇനി പൈസ കൊടുക്കാതിരിക്കാൻ നിവർത്തിയില്ല.
പിന്നെ ഏക ഒരു ആശ്വാസം പത്തു രൂപയെ കൂപ്പണ് ഉള്ളു എന്നതാണ്.
എന്നാലും മാസാവസാനം അല്ലെ പത്തു രൂപ അങ്ങു പോയാൽ അതും പ്രശ്നം ആകും. മനസില്ല മനസോടെ പേഴ്സിൽ നിന്നും ഒരു പത്തുരൂപ ഞാൻ ഭാരവാഹികൾക്ക് നൽകി.
വീടിലേക്ക്‌ പോകാൻ വണ്ടിയെടുത്തപ്പോഴാണ് അനൗൺസ്മെന്റ് കേട്ടത്.
പ്രിയപ്പെട്ട നാട്ടുകാരെ സമ്മാന കൂപ്പണുകൾ എല്ലാവരും എടുത്തു സഹകരിക്കേണ്ടതാണ്.
ഫസ്റ്റ് പ്രൈസ്. ഒരു ഫുൾ ഗ്രിൽഡ് ചിക്കെൻ.
ഇതു കേട്ടതും ഞാൻ വണ്ടിയിലേക്ക് വച്ച കാൽ പുറകോട്ടു എടുത്തു.
ങേ ഒരു ഫുൾ ഗ്രിൽഡ് ചിക്കെനോ.
ശേ പത്തു രൂപ പോയാലും ഇത്രയും വിഷമം എനിക്കുണ്ടാവില്ല പക്ഷെ ഇത്.
ഇനി പത്തു രൂപയ്ക്കു ആ ഫുൾ ഗ്രിൽഡ് ചിക്കെൻ എനിക്കെങ്ങാനും അടിച്ചാലോ.
നൂറെ നൂറിൽ വീട്ടിലേക്കു പോകാൻ ഇറങ്ങിയ ഞാൻ ഇരുന്നൂറേ ഇരുന്നൂറിൽ നേരെ പിന്നെയും ഗ്രൗണ്ടിലെത്തി.
ഹോ ഈ അലമ്പ് കളി ഇനിയും സഹിക്കണമല്ലോ എന്നോർത്ത് വീണ്ടും ഞാൻ ഗ്രൗണ്ടിൽ, പക്ഷെ ഇത്തവണ നടുക്കു പോയി നിൽക്കാതെ ഗോൾ പോസ്റ്റിന്റെ അടുത്തു പോയി നിന്നു.
മനസ് മുഴുവൻ ഗ്രിൽഡ് ചിക്കെനായിരുന്നു. ഈശ്വര അതെനിക്കെങ്ങാനും അടിച്ചാൽ പോളിചെനെ എന്നു ചിന്തിച്ചു നിൽക്കുമ്പോഴാണ് പോസ്റ്റിലോട്ടു ഒരു കളിക്കാരന്റെ ഒരുഗ്രൻ ഷോട്ടു വരുന്നത്.
ഓടിക്കോ എന്നു ഗോൾ പോസ്റ്റിന്റെ അടുത്തു കളി കണ്ടു നിന്നവർ പറഞ്ഞതും.
ചിലര് ഒന്നു കുനിഞ്ഞു, ചിലര് അങ്ങോട്‌ ചിന്നി തെറിച്ചു, ആ കൂട്ട വെപ്രാളത്തിനു ഇടയിൽപെട്ട എനിക്കു ഒന്നു കുനിയാനും പറ്റിയില്ല, ചിന്നി ചിതറാനും പറ്റിയില്ല. ശരവേഗത്തിൽ വന്ന ആ പന്ത് വേറെ ആർക്കും തന്നെ വിട്ടുകൊടുക്കാതെ ഒട്ടും സങ്കോചമില്ലാതെ തിരിഞ്ഞു നിന്നു എന്റെ നിതംബം കുണ്ഡലത്തിൽ ഏറ്റു വാങ്ങി.
ജീൻസ് ആയതു കൊണ്ടു "പടക്കോ'' എന്നൊരു ഒച്ചയും കേട്ടു.
പിന്നെ ഒരു നിമിഷം പോലും ഞാൻ അവിടെ നിന്നില്ല, ഗ്രിൽഡ് ചിക്കെനും വേണ്ട ഒന്നും വേണ്ട, അപ്പൊ തന്നെ ഒരു ഗ്രൗണ്ടിന്റെ ഒരു അരികു പിടിച്ചു ഞാൻ ബൈക്ക് വച്ചോടുത്തേക്കു നടന്നു.
ഈശ്വര ബാക്കിലാകെ ഒരു കടന്നൽ കൂട്ടം കൊത്തിയ ഒരു ഫീൽ ആണ് എനിക്കപ്പോ തോന്നിയത്. മൊത്തത്തിൽ ഒരു അരിപ്പൊ, തരിപ്പോ അങ്ങനെ എന്നാണ്ടൊക്കെ തോന്നുന്നു.
ഏതായാലും പിന്നാമ്പുറത് ആയതോണ്ട് നന്നായി, അതുകൊണ്ട് എന്റെ മൂന്നാംമുറ പോയില്ല എന്ന സന്തോഷത്തിൽ ഞാൻ ബൈക്കെടുത്തു വീടിലേക്ക്‌ വിട്ടു.
Aneesh. pt

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot