നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രേതവും കള്ളനും


പ്രേതവും കള്ളനും
XXXXXXXXXXXX
ഇംഗ്ലണ്ടില്‍ വന്ന കാലത്ത് കരുതിയത് ഇവിടെ കള്ളന്മാര്‍ ഒന്നും ഇല്ല എന്നായിരുന്നു. നമ്മുടെ നാട്ടിലെക്കാളും കൂതറ കള്ളന്മാർ ഇവിടെ ഉണ്ടെന്ന് പിന്നീടാണ് മനസ്സിലായത്.
ആദ്യമായി ജോലിക്ക് കയറിയത് ഒരു നഴ്സിങ്ങ് ഹോമിൽ ആയിരുന്നു. നിറയെ ചില്ലിട്ട ജനാലകളും വാതിലുമൊക്കെയുള്ള ഒരു പഴയ കൂറ്റൻ വിക്ടോറിയൻ കെട്ടിടം. കെട്ടിടത്തിന്റെ പിൻവശമാകെ വളർന്നു തിങ്ങി നിൽക്കുന്ന വലിയ മരങ്ങളുള്ള കാട്. മുൻ വശം നിറയെ പുല്ലുപിടിപ്പിച്ച് ഭംഗിയാക്കിയിരിക്കുന്നു. പകൽ വെളിച്ചത്തിൽ നല്ല ഭംഗിയുള്ള അന്തരീക്ഷം. രാത്രി ജോലിക്ക് ചെന്നപ്പോഴാണ് അതിന് ഒരു പ്രേത ഭവനത്തിന്റെ ലുക്ക് ഉണ്ടെന്ന് മനസ്സിലായത്.
കുറെ പ്രേത കഥകൾ ആദ്യ ആഴ്ചയിലേ കേട്ടു. പണ്ടത്തെ സൈനിക കേന്ദ്രമായിരുന്നു ഈ കെട്ടിടമെന്നും ഒരു പട്ടാളക്കാരൻ ഇതിന്റെ റിസപ്ഷനിൽ തൂങ്ങി മരിച്ചിട്ടുണ്ട് എന്നും പറഞ്ഞറിഞ്ഞു. അയാളുടെ പ്രേതം മുൻവശത്തെ ചില്ലിട്ട ഡബിൾ ഡോർ തുറന്ന് ഇടയ്ക്കിടയ്ക്ക് കയറി വരും. പിന്നീട് ഈ കെട്ടിടം കന്യാസ്ത്രീകൾ വാങ്ങി നഴ്സിങ്ങ് ഹോമാക്കി. അങ്ങനെ പണ്ടത്തെ മരിച്ചു പോയ കന്യാസ്ത്രികളും വെള്ള ഉടുപ്പൊക്കെ ഇട്ട് അതിലൂടേം ഇതിലൂടേം ഒക്കെ നടക്കുമത്രേ.
എന്തായാലും അങ്ങനെ കുറെ ദിവസങ്ങൾ മനസ്സിൽ പേടിയുണ്ടായിരുന്നുവെങ്കിലും വലിയ കുഴപ്പമില്ലാതെ കടന്നു പോയി. ഈ പറഞ്ഞ ആൾക്കാരെയൊന്നും കണ്ടതുമില്ല. ഒരു ദിവസം രാത്രി കൂടെ ജോലിയുള്ള ആൾ ബ്രേക്കിനു പോകുന്നതിന് മുമ്പ് ഒരു എക്സ ട്രാ കഥ കൂടി പറഞ്ഞു. 16 രോഗികൾ മിണ്ടാനും അനങ്ങാനും വയ്യാതെ ഓരോ മുറിയിലും കിടക്കുന്നു. അതിൽ റൂം നമ്പർ 16ൽ നിന്നും ചിലപ്പോഴൊക്കെ ഒരു നിഴൽ പുറത്തേക്ക് വരുമത്രേ. പ്രേതത്തിലും ഭൂതത്തിലുമൊന്നും എനിക്ക് തീരെ വിശ്വാസമില്ലെന്ന് ഇത് പറഞ്ഞ ഇംഗ്ലീഷുകാരിയോട് ഞാൻ തീർത്തു പറഞ്ഞു. നിനക്ക് വേണമെങ്കിൽ വിശ്വസിക്കാം എന്നും പറഞ്ഞ് ആ പണ്ടാരം ബ്രേക്കിനു പോയി.
അടുത്ത ചെക്കിങ്ങിനു നേരമായിരിക്കുന്നു. മാതാവിനേം മനസ്സിൽ വിളിച്ച് അരണ്ട വെളിച്ചമുള്ള കോറിഡോറിലൂടെ ഓരോ രോഗിയേയും ചെക്ക് ചെയ്യാൻ പോയി. റൂം നമ്പർ 16 ന് മുൻപിലെത്തിയപ്പോൾ പതുക്കെ ഒന്നു നിന്നു. സൂക്ഷിച്ചു നോക്കി. ഹേയ്, ഒന്നും കാണുന്നില്ല. പിന്നേയും സൂക്ഷിച്ചു നോക്കി. എന്തോ അനങ്ങുന്ന പോലെ. ഇല്ല, തോന്നിയതാണ്. ഇക്കണക്കിന് ഇവിടെയുള്ള ഒരു ബെഡിൽ എന്നേയും ഈ രാത്രി തന്നെ പിടിച്ചിടേണ്ടി വരുമല്ലോ കർത്താവേ എന്നു മനസ്സിലോർത്തു. ക്യത്യം ആ സമയത്ത് ഒരു ബ്ളീപ് അടിക്കുന്നു. 16 ൽ നിന്നാണല്ലോ ഈ കുരിശ് അടിക്കുന്നത് , വിറച്ചു വിറച്ചു അകത്തു കയറി. ഫീഡ് കൊടുക്കുന്ന മെഷീൻ അടിച്ചതാണ്. അത് റിസെറ്റ് ചെയ്ത് സീറ്റിൽ വന്നിരുന്നു.
കൂടെയുള്ള ആൾ ബ്രേക്ക് കഴിഞ്ഞ് വരാൻ ഇനിയും ഒരു മണിക്കൂർ കൂടി. ബ്രേക്ക്‌ റൂമിൽ പോയിട്ടും കാര്യമില്ല. വെള്ളയുടുപ്പിട്ട കന്യാസ്ത്രീകൾ അവിടെയാണ് കറങ്ങി നടക്കുന്നത്. അങ്ങനെ ചെവിയും വട്ടം പിടിച്ച് ഇരിക്കുമ്പോേൾ അതാ മുകളിൽ നിന്നും ആരോ സംസാരിക്കുന്നു. സീറ്റിൽ നിന്നും എഴുന്നേറ്റ് മുകളിലേക്ക് നോക്കി വായും പൊളിച്ച് ഒന്നും കുടി ചെവിയോർത്തു. ശരിയാണ്. അവിടെ ഓടിന്റെ മുകളിൽ ആരോ ഉണ്ട്.
ഇനി ആരോടു പറയും. സീനിയർ നഴ്സ് ഒരാളുണ്ട് , അവരെ വിളിക്കാം. നേരേ ഓടി, അവരു കൈകാര്യം ചെയ്യട്ടെ കള്ളനെയായാലും പ്രേതത്തിനെയായാലും. നമ്മളു വെറും ജൂനിയർ, ഇന്നലെ വന്നത് വെറുതെ എന്തിന് വലിയ കാര്യമൊക്കെ അന്വേഷിക്കുന്നു? ഇവര് ഒരു ആഫ്രിക്കക്കാരിയാണ്. എന്റെ പേടി കണ്ട് അടുത്തു തന്നെ ഒരു ആംബുലൻസ് വിളിക്കേണ്ടി വരുമെന്ന് ഓർത്തിട്ടോ മറ്റോ അവരു കൂടെ വന്നു. ഞാനും അവരും പിന്നേയും ചെവിയോർത്തു. അവിടെ അപ്പോഴും അടക്കിപ്പിടിച്ച് സംസാരമുണ്ട്. അവരു പറഞ്ഞു ‘ ഇവിടെ നിറയെ ഗോസ്റ്റാ എല്ലാവരും പറയുന്നുണ്ട് ‘ ഞാൻ അവരോട് ഇത് ഗോസ്റ്റൊന്നുമല്ല, വല്ല കള്ളന്മാരുമായിരിക്കും നമുക്ക് പോലീസിനെ വിളിക്കാമെന്ന് വിറച്ചു വിറച്ചു പറഞ്ഞൊപ്പിച്ചു.
‘ ഇതിന്റെ മുകളിൽ കള്ളന്മാർക്ക് എന്തെടുക്കാനാണ്?
"ശരിയാണല്ലോ, പുരമുകളിൽ കള്ളന്മാർ കയറുന്നത് എന്തിനാണ്? എന്റെ കൈയും കാലും വിറയ്ക്കാൻ തുടങ്ങി.
“ ആരാണവിടെ? അവര് ഇംഗ്ലീഷിൽ ഉറക്കെ ഒരു ചോദ്യം.
പണ്ട് ചത്തുപോയ വിശ്വംഭരനോ അല്ലെങ്കിൽ കള്ളൻ പാക്കരനോ ആണ് ഞാൻ എന്ന മറുപടിയാണാവോ ഈ വട്ടത്തി പ്രതീക്ഷിക്കുന്നത്? എന്തായാലും മറുപടി ഒന്നും കിട്ടിയില്ലെങ്കിലും ഇവരുടെ ചോദ്യം അവര് കേട്ടിരിക്കുന്നു. സംസാരം തീർത്തും ഇല്ലാതായി. എന്തോ പടാ പടാന്ന് ഓടി പോകുന്ന ശബ്ദം. പ്രേതമായാലും ആരായാലും ഓടി പോയല്ലോ, സമാധാനം.
പിറ്റേ ദിവസം ഡ്യൂട്ടിക്ക് ചെല്ലുമ്പോൾ അതാ മാനേജരും മറ്റും നിരന്നു നിൽക്കുന്നു. എന്തോ അപകടം മണത്തു. അവരെന്നോട് "ഡിൻറാ, ഇവിടെ ഒരു മോഷണം നടന്നിരിക്കുന്നു, ഈ റൂഫിന്റെ മുകളിലുള്ള ചെമ്പൊക്കെ കള്ളൻമാർ മോഷ്ടിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് പോലീസിനെ വിളിക്കാതിരുന്നത്?
ഹോ, ചെമ്പൊക്കെ വെച്ചാണൊ ഓടുമേയുന്നത്? ഞങ്ങളുടെ നാട്ടിലൊക്കെ മരക്കഷണത്തിന്റെ മുകളിലാണല്ലോ ഓടിരിക്കന്നത്, ഇതൊക്കെ ആരറിഞ്ഞു? അല്ലാ, പോലീസിനെ വിളിക്കാൻ മറ്റവളു സമ്മതിച്ചില്ലല്ലോ. ഒരു ഒടുക്കത്തെ പ്രേതവും പറഞ്ഞ്. സീനിയറിനെ ഒന്നു നോക്കി. നിനക്ക് സമാധാനം വേണമെങ്കിൽ നാക്കടക്കി വെയ്ക്കൂ എന്നവളുടെ കണ്ണുകൾ എന്നോടു പറയുന്നുണ്ടായിരുന്നു.
ഇതിന്റെ മുകളിൽ ചെമ്പുണ്ടെന്ന് അറിയില്ലായിരുന്നു, അതു കൊണ്ടാണ് പോലീസിനെ വിളിക്കാതിരുന്നത് എന്ന് വളരെ നിഷ്കളങ്കമായി പറഞ്ഞു.
അതോടെ ഒരു കാര്യം മനസ്സിലായി. പ്രേതങ്ങളും പിശാചുമൊന്നും ഇല്ല, എന്നാൽ മനുഷ്യൻ തന്നെ ചിലപ്പോൾ കള്ളനും പ്രേതവും പിശാചും ഒക്കെ ആയീന്ന് വരാം എന്ന സത്യം.

Dinda

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot