അഥര്‍വ്വം -ഭാഗം 5
“ഒടിയന്‍ വേറെ ഒടി പ്രയോഗം വേറെ ..ശരിയ്ക്കും പറഞ്ഞാല്‍ നിങ്ങളെ പോലെയുള്ള പുതിയ തലമുറയ്ക്ക് ഈ ഒടി പ്രയോഗത്തെ പറ്റി പറഞ്ഞാല്‍ ആശ്ചര്യവും അത്ഭുതവും അവിശ്വാവുമൊക്കെ ഉണ്ടാകാന്‍ ഇടയുള്ള കാര്യമാണ് എന്നാല്‍ ഉത്തരകേരളത്തില്‍ ഒരു വിഭാഗത്തിന്‍റെ ഇടയില്‍ ഉണ്ടായിരുന്ന ഒരു ആഭിചാരക്രിയയാണ് ഒടി വെയ്ക്കല്‍ അഥവാ ഒടി പ്രയോഗം ..ഇതൊരു ദ്രാവിഡ മാന്ത്രിക വിഭാഗത്തില്‍പ്പെട്ട ആഭിചാര ക്രിയയാണ് ..ചന്ദസ്സുകളോ അതുപോലെതന്നെ ബീജക്ഷരങ്ങളോ ഒന്നുമല്ലാതെ ഗദ്യരൂപത്തിലുള്ള മന്ത്രങ്ങളാണ് ദ്രാവിഡ മന്ത്രികത്തിന്റെ പ്രത്യേകത തന്നെ ..ഇനി ഈ ഒടി എന്ന കര്‍മ്മം ചെയ്യുന്നത് എങ്ങനെയാ എന്ന് വെച്ചാല്‍ ..ഒരു വണ്ണാത്തിപ്പുള്ള് എന്നൊരു പക്ഷിയുണ്ട് ..ഈ പക്ഷിയെ പിടിച്ച് അതിന്‍റെ രക്തം വാര്‍ന്നുപോകാതെ കൊന്ന് ഒരു ചിരട്ടയില്‍ ഇട്ടു അടച്ചു മറ്റൊരു ചിരട്ടകൊണ്ട് അത് മൂടി നൂലുകൊണ്ട് അത് കെട്ടിയ ശേഷം മണ്ണില്‍ കുഴിച്ചിടും ..പതിനൊന്ന് ദിവസങ്ങള്‍ കഴിയുമ്പോള്‍ അതിനെ വീണ്ടും പുറത്തേയ്ക്ക് എടുത്ത് അതിനെ ഒരു മണ്‍കാലത്തില്‍ ഇട്ടു കഴുകിയ ശേഷം അതിന്‍റെ എല്ലുകള്‍ എടുത്തു ഗുരുതി കൂട്ടും അതിനുശേഷം ഉച്ചാടനത്തിനു ആണെങ്കില്‍ പനയുടെ ഓലയിലും മാരണത്തിന് ആണെങ്കില്‍ ഇയ്യതകിടിലും സാധ്യന്‍റെ പേരും നക്ഷത്രവും എഴുതി ഒരു മണ്‍കുടത്തില്‍ ഇട്ടശേഷം അതിലേയ്ക്ക് പക്ഷിയുടെ ഗുരുതി കൂട്ടിയ എല്ലുകളും സാധ്യന്റെ കാല്‍പാദം പതിഞ്ഞിട്ടുള്ള മണ്ണും ഇട്ടശേഷം സാധ്യന്‍ വരാന്‍ ഇടയുള്ള വഴിയില്‍ ഇത് കുഴിച്ചിടും ..സാധ്യന്‍ ഈ ഒടിയെ മാറി കടന്നാല്‍ സാധ്യനെ ഒടിപിടിക്കുകയും സാധ്യനു മരണം വരെ സംഭവിക്കാന്‍ ഇടവരുകയും ചെയ്യും ..ഇതാണ് ഇവിടെ നടന്നിരിക്കുന്നത് ..ഒടിയേറ്റ അജയനും ശ്യാമും സ്തംഭന ക്രിയയുടെ ശക്തികൊണ്ട് അവരുടെ രക്തധമനികളും സ്തംഭിച്ചു പോയതാണ് അവരുടെ മരണ കാരണം ..ഈ വിദ്യ അറിയുന്നവര്‍ ഇപ്പോഴും ജീവനോടെ ഉണ്ട് ജീവന്‍ ..കേട്ടാല്‍ വിശ്വസിക്കില്ല ...നമ്മുടെ ശാസ്ത്രത്തിന് കണ്ടെത്താന്‍ കഴിയാത്ത ,തെളിയിക്കാന്‍ കഴിയാത്ത പലതും ഇനിയും ഈ ഭൂമിയിലുണ്ട് ജീവന്‍ “
മരണകാരണം വിവരിച്ചത് കേട്ട് ജീവനും മാധവനും അന്തംവിട്ടു മുഖത്തോട് മുഖം നോക്കി
“നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ ആകിലെന്ന് അറിയാം ..ഒരു എക്സോസിസ്റ്റ് എന്ന നിലയില്‍ ഇതുപോലെ ഒടിയേറ്റവരെ ഞാന്‍ മുന്‍പ് കണ്ടിട്ടുണ്ട് ..ജീവന്‍ ഈ പറഞ്ഞത് വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് ഇവിടെ നടന്നിരിക്കുന്നത് ..ചിലതൊക്കെ ഇപ്പോഴും മനുഷ്യന്റെ യുക്തിയ്ക്ക് അപ്പുറമാണ് ജീവന്‍ ..വിശ്വസിച്ചേ പറ്റൂ “
“ഒരു മനുഷ്യനെ വക വരുത്താനുള്ള ശക്തിയൊക്കെ ഈ മന്ത്രങ്ങള്‍ക്ക് ഉണ്ടോ ഫാദര്‍ ? “ ഫാദര്‍ പറഞ്ഞത് വിശ്വാസം വരാതെ ജീവന്‍ ചോദിച്ചു
“തീര്‍ച്ചയായും ജീവന്‍ ..മന്ത്രങ്ങള്‍ അറിയുന്ന ഒരു കര്‍മ്മിയ്ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് “
“പിന്നെ ഒരു സംശയം ..തകിടില്‍ എഴുതിയ പേരുള്ള അല്ലെങ്കില്‍ സാധ്യനു മാത്രമാണോ ഒടി ഏല്‍ക്കുക ..വേറെ ആരെങ്കിലും ഇതിലൂടെ കടന്നാല്‍ ?അവര്‍ക്ക് ഏല്‍ക്കുമോ ? “
“ചിലപ്പോള്‍ ഏല്‍ക്കാം ..അതിലൂടെ കടന്നുപോകുന്ന ആളുടെ ഗ്രഹനില പോലെയിരിക്കും എന്ന് മാത്രം ..സാധ്യന്‍ അതിലൂടെ വരാന്‍ ഇടയുള്ള,അത്രയ്ക്കും ഉറപ്പുള്ള ഇടത്താണ് ഒടി വെയ്ക്കുന്നത് ..അല്ലെങ്കില്‍ ആ ഭാഗത്തേക്ക് സാധ്യനെ ഏതു വിധത്തിലെങ്കിലും ആഭിചാരം ചെയ്യുന്നവര്‍ എത്തിക്കും “
“ഈ കേസില്‍ ഈ കുടം കണ്ടെത്തിയത് വളരെ ഒഴിഞ്ഞ ..ആള്‍താമസം ഇല്ലാത്ത തികച്ചും വിജനമായ ഒരു സ്ഥലത്ത് നിന്നാണ് ..അങ്ങനെ ആണെങ്കില്‍ അജയനെയും ശ്യാമിനെയും അവിടെ വരെ എത്തിച്ചിരിക്കണം ..അവര്‍ കടന്നുപോകാന്‍ ഇടയുള്ള പല വഴികളും വേറെ ഉണ്ടെങ്കിലും എന്തിനായിരിക്കും ഈ കുടം കുഴിച്ചിട്ടവര്‍ അങ്ങനെയൊരു വിജനമായ സ്ഥലം തിരഞ്ഞെടുത്തത് ? “ ജീവന്‍ ഒരു സംശയം പ്രകടിപ്പിക്കും പോലെ ചോദിച്ചു
“അതിനുത്തരം നിങ്ങള്‍ പോലീസ് കണ്ടുപിടിക്കണം “ ഫാദര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു
“മം ..ഫാദറിന് എന്‍റെ കൂടെ വരാമോ ? ഈ കുടം ലഭിച്ച ഇടം ഞാന്‍ കാണിച്ചുതരാം ..അവിടെ നിന്നു എന്തെങ്കിലും വിവരങ്ങള്‍ ഫാദറിന് ലഭിച്ചാലോ “
“ശരി ..ഞാന്‍ വരാം “
ജീവനും ഫാദര്‍ ഡേവിഡും മണ്‍കുടം ലഭിച്ച കൂമന്‍ പാറയിലെയ്ക്ക് പുറപ്പെട്ടു .ജീപ്പില്‍ നിന്നിറങ്ങിയ ശേഷം റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ അവര്‍ കൂമന്‍ പാറയിലെയ്ക്ക് നടന്നു .ജീവനായിരുന്നു മുന്‍പില്‍ നടന്നത് .മുന്‍പിലൊരു ചെറിയൊരു പുഴകണ്ടപ്പോള്‍ ജീവന്‍ ഫാദറിനോട് പറഞ്ഞു
“ഈ പുഴയും കടക്കണം ഫാദര്‍ “ ഫാദര്‍ ശരിയെന്ന് തലയാട്ടി
“ദേ ഇവിടെ നിന്നാണ് ഈ കുടം കുഴിച്ചെടുത്തത് “ കുടം കുഴിച്ചെടുത്ത വൃത്തത്തിന്റെ അടുത്തെത്തിയപ്പോള്‍ ജീവന്‍ ഫാദറിനോട് പറഞ്ഞു .ഫാദര്‍ ആ വൃത്തത്തിലേയ്ക്ക് നോക്കി .അതിന്‍റെ വശങ്ങളില്‍ കിടന്നിരുന്ന വാടിയ പൂക്കള്‍ കൈയ്യിലെടുത്ത് കൊണ്ട് റബ്ബര്‍ മരങ്ങള്‍ക്കിടയിലേയ്ക്ക് നോക്കി കൊണ്ട് പറഞ്ഞു
“മം ..വായുവും കാറ്റും ആഭിചാരത്താല്‍ മലിനമായിരിക്കുന്നു..കാറ്റിനെ പോലും ബന്ധിച്ച് ചൊല്‍പടിയില്‍ നിറുത്തുവാന്‍ കഴിവുള്ളവനാണ് നമ്മുടെ എതിരാളി ജീവന്‍ “
“ഫാദറിന് ഇതില്‍ ഒന്നും ചെയ്യാനാകില്ലേ ? “
“മം..ഇലൂഷന്‍..എതിരാളിയെ തെറ്റായ ദിശയിലേയ്ക്ക് വഴി തെറ്റിക്കണം ..ഒരു ഇലൂഷന്‍ ഉണ്ടാക്കി എതിരാളിയുടെ ശ്രദ്ധ മാറ്റണം ..എങ്കില്‍ മാത്രമേ നമുക്ക് എതിരാളിയെ കീഴ്പ്പെടുത്താന്‍ ആവുകയുള്ളൂ “
“ഫാദര്‍ മനസ്സിലായില്ല “
“കര്‍മ്മി ഏതെങ്കിലും മൂര്‍ത്തിയ്ക്ക് ബലി നല്‍കി പ്രസാദിപ്പിച്ചാണ് ആഭിചാരം തുടങ്ങുക..ഈ മൂര്‍ത്തിയുടെ പ്രഭാവം നിലനില്‍ക്കുന്ന ഇടത്ത് കര്‍മ്മിയെ തോല്‍പ്പിക്കാന്‍ ആവില്ല..അതുകൊണ്ട് അവരുടെ ശ്രദ്ധ മാറ്റണം ..ഒന്നുടെ കൃത്യമായി പറഞ്ഞാല്‍ അവരുട ഫോക്കസ് നഷ്ടപ്പെടുത്തണം “
“ഫാദര്‍ പറയുന്നതൊന്നും എനിയ്ക്ക് മനസ്സിലാവുന്നില്ല “
“ഹ ഹ ..അത് അത്ര എളുപ്പവുമല്ല ജീവന്‍ ..ഇലൂഷന്‍ എന്ന് പറഞ്ഞാല്‍ ഒരു ജ്വാലവിദ്യയാണ് ..ഇനി മന്ത്രവാദത്തില്‍ മറിവ് എന്ന് പറയും ..മായവും മറിവും എന്നൊക്കെ കേട്ടട്ടില്ലേ ..ഉള്ളതിനെ മറച്ചു വെയ്ക്കല്‍ ഇതിലൂടെ സാധിയ്ക്കും ..അതുപോലെ ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് കാണിക്കാന്‍ പറ്റും ..ഹൈ ESP(Extrasensory perception) പവര്‍ ഉള്ളവര്‍ക്ക് ചെയ്യാനാകുന്ന പ്രവര്‍ത്തനമാണ് അത്..അതുപോലെ ആഭിചാരം ചെയ്യുന്ന ആളുടെ ശ്രദ്ധ നമ്മുക്ക് തിരിച്ചു വിടണം ..കൊലയാളി എന്ന് സംശയിക്കുന്ന ആ പെണ്‍കുട്ടിയുടെ ഫോട്ടോ തരൂ “
ജീവന്‍ ഫാദറിന് ദുര്‍ഗ്ഗയുടെ ഫോട്ടോ കാണിച്ചുകൊടുത്തു
“എവിടെ നിന്നാണ് ഈ ഫോട്ടോ ലഭിച്ചത് ? “
“സര്‍വേയിലെന്‍സ് ക്യാമറയില്‍ നിന്ന് “
“എനിയ്ക്ക് അതിന്‍റെ വീഡിയോ കാണാന്‍ സാധിക്കുമോ ? “ ജീവന്‍ ഫാദറിന് ശ്യാമിന് അടുത്തേയ്ക്ക് നടന്നുപോകുന്ന വീഡിയോ കാണിച്ചുകൊടുത്തു .ഫാദര്‍ ആ വീഡിയോ രണ്ടുവട്ടം കണ്ടു
“മം ..കര്‍മ്മി കേമനാണ് ജീവന്‍ “
“അതെന്താ ഫാദര്‍ അങ്ങനെ പറഞ്ഞത് ? “
“ജീവന്‍ ചിന്തിച്ചിരുന്നോ ഈ ചെറുപ്പക്കാര്‍ ഒട്ടും പരിചയം ഇല്ലാഞ്ഞിട്ടു പോലും ഈ ദുര്‍ഗ്ഗ എന്ന് പറയുന്ന പെണ്‍കുട്ടി വിളിച്ചപ്പോള്‍ അവളുടെ കൂടെ പോയത് എങ്ങനെ ആയിരിക്കുമെന്ന് ? അല്ലെങ്കില്‍ എന്തുകൊണ്ടായിരിക്കും എന്ന് “
“അറിയില്ല ഫാദര്‍ ..പക്ഷെ ഒരു രാത്രിയില്‍ ഒരുവട്ടം ഞാനാണ് ഇവളെ ഇവളുടെ വീട്ടില്‍ കൊണ്ടുവിട്ടത്..അവള്‍ എന്നോട് കൊണ്ടുവിടുമോ എന്ന് ചോദിച്ചില്ല ..മടിച്ചുനിന്ന അവളെ ഞാനാണ് നിര്‍ബന്ധിച്ചു ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടത് “
“പക്ഷേ ഈ വീഡിയോ പ്രകാരം അവള്‍ ശ്യാമിനോട് എന്തോ ചോദിക്കുന്നതും അതിനുശേഷം ശ്യാം അവള്‍ക്ക് ഡോര്‍ തുറന്നു കൊടുക്കുന്നതാണ് കാണുന്നത് “
“അത് ചിലപ്പോ അവള്‍ ഒരു സഹായം ചോദിച്ചതാകും “
“അങ്ങനെ ആണെങ്കില്‍ ആ രാത്രി ജീവന്‍ കൊണ്ടുവിടാം എന്ന് പറഞ്ഞപ്പോള്‍ അവള്‍ എന്തിനാണ് മടിച്ചത് ജീവന്‍ ? “
“അത് ശരിയാലോ ...എന്തിനായിരിക്കും ? “
“കാരണം അവള്‍ക്ക് വേണ്ടത് ജീവനെ ആയിരുന്നില്ല ..അവള്‍ അജയനെ കാത്തുനില്‍ക്കുമ്പോഴായിരിക്കണം ജീവന്‍ ആ വഴിയ്ക്ക് വന്നത്.. ജീവന്‍ നിര്‍ബന്ധിച്ചതിനാലായിരിക്കണം അവള്‍ അന്ന് ജീവന്‍റെ ജീപ്പില്‍ കയറിയത് ..അവള്‍ അന്നും ഈ കുറി തൊട്ടിരുന്നോ ? ..സൂക്ഷിച്ച് നോക്ക് ജീവന്‍ “ ജീവനോട് ഫോട്ടോയിലെയ്ക്ക് നോക്കാന്‍ ആവശ്യപ്പെട്ടു ഫാദര്‍
“വ്യക്തമായി കാണാന്‍ ആകുന്നില്ല ഫോട്ടോയില്‍ പക്ഷെ ഞാന്‍ ഓര്‍ക്കുന്നു ..അവളൊരു കുറി തൊട്ടിരുന്നു “
“വേറെ എന്തൊക്കെയാണ് അവളുടെ മുഖത്ത് കണ്ടത് ? “
“അവളുടെ മുഖം വളരെ ഐശ്വര്യം നിറഞ്ഞതായിരുന്നു ഫാദര്‍ ..നല്ല വെളുത്ത നിറമായിരുന്നു ..ഒരിക്കല്‍ നോക്കിയാല്‍ എന്തോ ഒന്ന് അവളിലേയ്ക്ക് നമ്മളെ അടുപ്പിക്കും അത് തീര്‍ച്ചയാ..പിന്നെ അവളൊരു മൂക്കുത്തി കുത്തിയിരുന്നു “
“ചുവന്ന നിറമായിരുന്നോ മൂക്കുത്തിയിലെ കല്ലുകള്‍ ? “
“അതെ ഫാദര്‍ “
“മം ..മന്ത്രവാദത്തെ പറ്റി പറഞ്ഞപ്പോള്‍ ഞാന്‍ വശ്യം എന്നൊരു ക്രിയയെ പറ്റി പറഞ്ഞിരുന്നു ..ചുവപ്പിനൊരു പ്രത്യേകതയുണ്ട് ജീവന്‍ ..ആണിനെ മയക്കാന്‍,വശീകരിക്കാന്‍ ഏറ്റവും എളുപ്പമായ നിറമാണ് ചുവപ്പ്..ചുവപ്പുകൊണ്ട് സാധ്യനു ചുറ്റും അന്തരീക്ഷം തീര്‍ത്ത് വശീകരിച്ചാണ് ഇവിടെ ..ഈ വിജനമായ സ്ഥലത്തേയ്ക്ക് തന്‍റെ ഇരകളെ അവള്‍ കൊണ്ടുവരുന്നത് ..ഇനി വശ്യം അഥവാ വശീകരണത്തെ കുറിച്ച് പറയുവാന്‍ ആണെങ്കില്‍ ..മാരണം ,ഉച്ചാടനം ,സ്തംഭനം പോലെയുള്ള മറ്റൊന്നാണ് വശ്യം ..ദുര്‍ഗ്ഗയുടെ നെറ്റിയില്‍ കാണുന്ന കുറി കണ്ടോ ഒരു വശീകരണ യന്ത്രമാണ് അത് ..കക്ഷപുടം എന്നൊരു ഗ്രന്ഥമുണ്ട് അതില്‍ എങ്ങനെ വശ്യ പ്രയോഗം നടത്താമെന്ന് എന്ന് വിശദമായിത്തന്നെ പറയുന്നുണ്ട്..ആല്‍മരത്തിന്റെ വേരുകള്‍ കത്തിച്ചശേഷം ചന്ദനവുമായി കൂട്ടികലര്‍ത്തി നിഴലില്‍ ഉണക്കി വശ്യമന്ത്രം ചൊല്ലി നെറ്റിയില്‍ കുറി തൊട്ടാല്‍ നമ്മുക്കാരെയും വശീകരിക്കാം ..നമ്മുടെ ചോല്‍പ്പടിയില്‍ നിറുത്താം .ആരായാലും മറുത്തൊന്നും പറയാതെ നമ്മളെ അനുസരിക്കും ..ഇതാണ് ഇവിടെ നടക്കുന്നത് ..ഇങ്ങനെയാണ് ദുര്‍ഗ്ഗ തന്‍റെ ഇരകളെ ഇവിടെ എത്തിക്കുന്നത് ..പക്ഷേ എന്തിനാണ് ഒടി പോലെയുള്ള ഒരു കാര്യം ഇത്രയ്ക്കും വിജനമായ ഒരിടത്ത് ചെയ്യുന്നതെന്ന വസ്തുത ഇപ്പോഴും അവ്യക്തം ..അത് പോലീസ് തന്നെ കണ്ടുപിടിക്കണം “
“മം ..ഫാദര്‍ എങ്ങനെയാണ് ആളുകളുടെ കണ്ണില്‍ നോക്കി ഹിപ്പോനോട്ടിസം ചെയ്യുന്നത് ..ആ വിദ്യ എന്നെക്കൂടി പഠിപ്പിക്കാമോ ? “
“ഹ ഹ ..തീര്‍ച്ചയായും ഒരിക്കല്‍ പഠിപ്പിക്കുന്നുണ്ട് ജീവന്‍ “
“ ഫാദര്‍ നമ്മുക്ക് ഒരിടം വരെയും പോകാന്‍ ഉണ്ട് “
-------------------------------
“ശ്രീകാന്തിന്റെ കല്യാണം കഴിഞ്ഞു എത്ര നാളായി ? “ ജീവന്‍ ശ്രീകാന്തിനോട് ചോദിച്ചു
“മൂന്നു ആഴ്ച “
“അജയനെയും ശ്യാമിനെയും എങ്ങനെയാണ് ശ്രീകാന്തിന് പരിചയം ? “
“കോളേജില്‍ ഒരുമിച്ച് പഠിച്ചതാണ് സാര്‍ “
“അജയനും ശ്യാമും മരണപ്പെട്ടു അല്ല കൊല്ലപ്പെട്ടു എന്ന് പറയുകയാവും ഉചിതം ..ശ്രീകാന്തിന് ആരെയെങ്കിലും സംശയമുണ്ടോ ? “
“ഇല്ല സാര്‍ “ ശ്രീകാന്ത് തല കുമ്പിട്ടു കൊണ്ടാണ് അതിനു മറുപടി പറഞ്ഞത്
“ഉറപ്പാണോ ശ്രീകാന്ത് ? “
“എനിക്ക് അറിയില്ല സാര്‍ ..ആരാണ് അവരെ കൊന്നത് എനിയ്ക്കാറില്ല സാര്‍ “
“ശരി ..ശ്രീകാന്ത് ഈ ഫോട്ടോയില്‍ കാണുന്ന കുട്ടിയെ അറിയുമോ ? “ ദുര്‍ഗ്ഗയുടെ ഫോട്ടോ കാണിച്ചുകൊണ്ട് ജീവന്‍ ചോദിച്ചു
“ഇല്ല സാര്‍ “
“സൂക്ഷിച്ചു നോക്ക് ..അജയന്റെയും ശ്യാമിന്റെയും കൊലയ്ക്ക് പിന്നില്‍ ഇവളാണ് ..പേര് ദുര്‍ഗ്ഗ “ ദുര്‍ഗ്ഗ എന്നാ പേര് കേട്ടപ്പോള്‍ ശ്രീകാന്ത് ഞെട്ടിയത് ജീവനെപോലെ ഫാദറും ശ്രദ്ധിച്ചിരുന്നു
“ശ്രീകാന്തിന് അറിയുമോ ഇവളെ ? “ ശ്രീകാന്ത് അറിയില്ലെന്ന രീതിയില്‍ തലയാട്ടി
“സീ ശ്രീകാന്ത് ..നിങ്ങളുടെ ഉറ്റ ചങ്ങാതിമാര്‍ രണ്ടുപേരും ഇന്നില്ല ..അവരുടെ കൊലപാതകിയെ കണ്ടെത്തുന്നതിന്റെ ആവശ്യം ശ്രീകാന്തിന്റെ കൂടിയുമാണ് ..അതുകൊണ്ട് ശ്രീകാന്ത് ഞങ്ങളോട് സഹകരിക്കണം..ഇവളെ പറ്റി എന്തെങ്കിലും അറിയാം എന്നുണ്ടെങ്കില്‍ പറയണം ശ്രീകാന്ത് “
“ഇല്ല സര്‍ ..എനിയ്ക്ക് അറിയില്ല ഇവളെ ..ആദ്യമായിട്ടാണ് ഇവരെ ഞാന്‍ കാണുന്നത് “
ജീവന്‍ ഫാദറിനെ നോക്കി
“ജീവന്‍ ഇനി കുറച്ചുനേരം ഞാന്‍ പോലീസ് ആവട്ടെ ? സത്യം ഞാന്‍ പറഞ്ഞു കേള്‍പ്പിക്കാം ..ആ ഫോട്ടോ ഇങ്ങു തരൂ “ ഫാദര്‍ ഡേവിഡ് ജീവന്‍റെ കൈയ്യില്‍ നിന്ന് ദുര്‍ഗ്ഗയുടെ ഫോട്ടോ വാങ്ങി
“ശ്രീകാന്ത് ഈ ഫോട്ടോയില്‍ ഒന്ന് നോക്കൂ ..ഷുവര്‍ ആണോ ശ്രീകാന്ത് ഇവളെ അറിയില്ല ? “ ഇക്കുറി ഫാദര്‍ ആയിരുന്നു ചോദിച്ചത് .ശ്രീകാന്ത് അപ്പോഴും അറിയിലെന്ന്‍ തലയാട്ടി
“ശ്രീകാന്ത് എന്‍റെ കണ്ണുകളിലേയ്ക്ക് നോക്കൂ “ ഒരു നിമിഷം ശ്രീകാന്ത് ഫാദറിന്റെ കണ്ണുകളിലേയ്ക്ക് നോക്കി.ആ സമയം ധാരാളമായിരുന്നു ഫാദറിന് കണ്ണുകളിലൂടെ ഹിപ്പ്നോട്ടിസം ചെയ്യാന്‍
“ഇനി പറയൂ ശ്രീകാന്ത് ഇവളെ അറിയില്ലേ ? “ഫാദറിന്റെ കണ്ണുകളിലേയ്ക്ക് നോക്കി നില്‍ക്കുന്ന ശ്രീകാന്തിനോട് ചോദിച്ചു.അവന്‍ അറിയുമെന്ന രീതിയില്‍ തലയാട്ടി .ആ നിമിഷം മുതല്‍ ഫാദറിന്റെ ഹിപ്പ്നോട്ടിസത്തിലെയ്ക്ക് വഴുതി വീഴുകയായിരുന്നു ശ്രീകാന്ത്
(തുടരും )
Lijin
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക