നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചെമ്മീൻ


ചെമ്മീൻ
...............
നല്ല ഉണക്ക ചെമ്മീൻ കുറച്ചെടുത്തു ചട്ടിയിൽ ഇട്ടു വറുത്തു, വറുക്കുമ്പോൾ ലേശം മുളകുപൊടി ചേർത്ത് ഇളക്കി വാങ്ങി വെച്ച്. അതിനു ശേഷം കുറച്ചു മുളകെടുത്തു (കാന്താരി ആണെങ്കിൽ ഉത്തമം )ഒന്നു രണ്ടു ചുവന്നുള്ളി തൊലികളഞ്ഞു എടുത്തു, പാകത്തിനു ഉപ്പും, ലേശം മുളകുപൊടിയും ചേർത്തു, വറുത്തു വെച്ച ആ ചെമ്മീനും കൂടി അമ്മിക്കല്ലിൽ വച്ചു അങ്ങോട്ട്‌ ശക ശകാന്നു ചതച്ചെടുത്തു പിനീട് നന്നായി അരച്ചെടുത്താൽ നല്ല ഉഗ്രൻ ചെമ്മീൻ ചമ്മന്തി ആകും. പിന്നെ ഒരു ശരാശരി മലയാളിക്ക് മിനിമം രണ്ടു പ്ലേറ്റ് ചോറുണ്ണാം എന്നാണ് എന്റെ ഒരു നിഗമനം.
ചെമ്മീനിനെ കുറിച്ചു ഇപ്പോൾ ഞാൻ പറയാൻ കാരണം കഴിഞ്ഞ ദിവസത്തെ ഒരു അനുഭവം ആണ്.
ഈ ചെമ്മീനിന് തകഴിയുടെ ചെമ്മീനുമായോ മധു അഭിനയിച്ച പഴയ റൊമാന്റിക്‌ ത്രില്ലെർ സിനിമ ചെമ്മീനുമായോ യാതൊരു ബന്ധവുമില്ല.
കഴിഞ്ഞ ദിവസം വീട്ടിലിരിക്കുമ്പോൾ പെട്ടെന്നൊരു ഫോൺ വന്നു.
"എടാ ഒന്നു വാടാ എന്നെ ഒന്നു ആശുപത്രിയിൽ കൊണ്ടു പോടാ. "
ഇതായിരുന്നു ആ ഫോൺ കാൾ അറ്റൻഡ് ചെയ്തപ്പോൾ കേട്ടത്.
കണ്ണ് ഒന്നു ചിമ്മി ഫോൺ ഡിസ്‌പ്ലേയിൽ ഒന്നു ശരിക്ക് നോക്കിയപ്പോൾ മൂന്നുകുടി അപ്പുറത്തുള്ള എന്റെ കൂട്ടുകാരൻ മനു ആണ് വിളിച്ചത്.
അയ്യോ അവനെന്തു പറ്റിയോ ആവോ.
ചിന്തിച്ചു നിൽക്കാനോ തിരിച്ചു വിളിച്ചു നിനക്കെന്തു പറ്റി ബ്രോ" എന്നു ചോദിക്കാൻ നിൽക്കാതെ വേഗം റെഡിയായി ബൈക്കെടുത്തു നേരെ അവന്റെ വീട്ടിലേക്കു വിട്ടു.
ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാൻ നേരം വീണ്ടും ഫോൺ മുഴങ്ങി.
എടാ എനിക്കു ഒട്ടും വയ്യടാ എന്നെ ആശുപത്രിയിൽ കൊണ്ടു പോടാ.
ഡാ നിനക്കെന്തെടാ പറ്റിയെ എന്നു ചോദിക്കാൻ വന്നപ്പോഴേക്കും ഫോൺ കട്ട്‌.
ധൃതിയിൽ ബൈക്ക് സ്റ്റാർട്ട്‌ ആക്കി ഒന്നു മുന്നോട്ടു എടുത്തില്ല വീണ്ടും ഫോൺ മുഴക്കം.
എടാ നീ ബൈക്ക് എടുക്കണ്ട ഇവിടെ ഓട്ടോ ഉണ്ട്, വേഗം കുടി ചാടി ഇങ്ങ് വാടാ.
ഹോ, മുന്നോട്ടു എടുത്ത വണ്ടി അവിടെ വച്ചിട്ടു ഞാൻ ബിജുചേട്ടന്റെ പറമ്പ് വഴി ഓടി, ഓടുന്നതിനു ഇടയിൽ ഞാൻ വീണ്ടും അവനോടു ചോദിച്ചു,
ഡാ എന്നതാ പറ്റിയെ,
അപ്പോഴും അവൻ ഫോൺ കട്ട്‌..
ബിജു ചേട്ടന്റെ പറമ്പിലൂടെ ശര വേഗത്തിൽ ഞാൻ ഓടി, ഓടുന്നതിനിടയിൽ ജാതി മരത്തിന്റെ ഒന്നു രണ്ടു ഉണക്ക കമ്പു മേത്ത് കൊണ്ടു.
ഷർട്ടിൽ നിന്നും ഒരു കിർ ഒച്ചകേട്ടു.
ഓടുന്നതിനിടയിൽ ഒന്നു തപ്പി നോക്കിയപ്പോൾ കക്ഷം കീറിയിരിക്കുന്നു.
ഓടിക്കിതച്ചു അവന്റെ മുറ്റത്തെത്തുമ്പോൾ ഓട്ടോയിൽ നിന്നും ഒരു കാലു പുറത്തേക്കു നീണ്ടു നില്ക്കുന്നു.
ഓട്ടോയിൽ ചാടി കയറി..
സുരേഷേട്ടൻ ഓട്ടോ എടുത്തു.
ഹാവു, വേദന കൊണ്ടവൻ പുളയുകയാണ്.
എടാ എന്താ പറ്റിയെ.
ഭയങ്കര കാലു വേദന ആണെടാ, ഇന്നലെ തുടങ്ങിയതാ,
വല്ലോടുത്തും തട്ടിയോ.
ഏയ്യ് തട്ടിയൊന്നുമില്ലെടാ.
പിന്നെ,,
എന്താന്ന് അറിയില്ല ഒടുക്കത്തെ വേദന.
അമ്മയെന്തേ.
അമ്മ, വല്ല്യമ്മയുടെ വീട്ടിൽ രാവിലെ പോയതാ, അച്ഛനോട് പണി സൈറ്റിൽ നിന്നും ഹോസ്പിറ്റലോട്ടു വരാൻ പറഞ്ഞിട്ടുണ്ട്.
നേരെ ഹോസ്പിറ്റലിലെത്തി ചീട്ടെടുത്തു ഡോക്ടറെ കാണാൻ ഇരുപ്പായി.
അവനാണേൽ കാലു കുത്താനോ ഒന്നു അനക്കാനോ വയ്യ, ഉപ്പുറ്റിയുടെ അടുത്താണ് വേദന എന്നവൻ പറഞ്ഞു.
ഡോക്ടറെ കാണാൻ നേരം അവന്റെ അച്ഛൻ ഓടിക്കിതച്ചെത്തി.
എന്താ പറ്റിയെ എന്നു എന്നോട് ചോദിച്ചു.
അവനു വലതു കാലിന്റെ ഉപ്പൂറ്റി ഭാഗത്തു നല്ല വേദന ഉണ്ടെന്ന്.
ഹാവു, വീണ്ടും അവൻ കിടന്നു ഒച്ചയിടുത്തു.
ഞാനും അവന്റെ അച്ഛനും കൂടി നഴ്സിനോട് പറഞ്ഞു അവനെ വേഗം ഡോക്ടറുടെ ക്യാബിനിൽ കയറ്റി.
എന്ത് പറ്റി.
ഭയങ്കര കാലുവേദന.
അനക്കനെ വയ്യ.
എവിടെയെങ്കിലും മുട്ടിയോ.
ഇല്ല ഡോക്ടറെ.
ഡോക്ടർ അവന്റെ വിരലിന്റെ ഒത്ത നടുക്ക് പിടിച്ചു ഒന്നു മടക്കിയിട്ട് ചോദിച്ചു ഇവിടെ വേദന ഉണ്ടൊ.
ഹാവു,, അവൻ ഒച്ചയിട്ടു.
ഇത് യൂറിക് ആസിഡിന്റെ പ്രശ്നം ആണെന്ന് തോന്നുന്നു ബ്ലഡ്‌ ഒന്നു ടെസ്റ്റ്‌ ചെയ്തു വരൂ.
ഡോക്ടർ പറഞ്ഞത് പോലെ ഞങ്ങൾ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ കൊടുത്തു റിസൾട്ടിനായി കാത്തിരിന്നു..
മനു വാസുദേവ്.
നേഴ്സു വീണ്ടും പേരു വിളിച്ചു.
ഞങ്ങൾ വീണ്ടും അകത്തു കയറി.
റിസൾട്ട്‌ എടുത്തിട്ടു ഡോക്ടർ പറഞ്ഞു,
ഇത് യൂറിക് ആസിഡിന്റെ പ്രശ്നം തന്നെയാണു.
യൂറിക് ആസിഡ് ഈ എന്നു കേട്ടപ്പോൾ അവനും അച്ഛനും മുഖത്തോടു മുഖം നോക്കി.
അല്ല ഡോക്ടർ ഈ യൂറിക് ആസിഡ് എന്നു പറഞ്ഞാൽ.
മദ്യപിക്കുമോ.
ഏയ്യ് ഇല്ല, അവൻ തലയാട്ടി
ചില ഭക്ഷണങ്ങളിൽ നിന്നും ആണ് യൂറിക് ആസിഡ് ഉണ്ടാവുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ബീഫ്‌, ചെമ്മീൻ ഇവ കൂടുതൽ കഴിച്ചിരുന്നൊ.
ഇല്ല ഡോക്ടർ.
അവൻ വീണ്ടും പറഞ്ഞു.
അപ്പോൾ മനുവിന്റെ അച്ഛൻ ഇടക്ക് കേറി പറഞ്ഞു.
ആ ശരിയാ ഡോക്ടറെ ഇന്നലെ വീട്ടിൽ ചെമ്മീൻ കറി ആയിരുന്നു.
ആണോ,, ഒരുപാട് കഴിച്ചോ.
ആ, ഒരു അഞ്ചട്ടെണ്ണം എങ്കിലും കിട്ടിയിട്ടുണ്ടാകും.
മനു അച്ഛനെ വല്ലാത്തൊരു നോട്ടം നോക്കി.
അച്ഛൻ മനുവിന്റെ മുഖത്തു നോക്കി പറഞ്ഞു, മ് എന്നു കാണിച്ചു.
ആ അപ്പോൾ അതാണ് പെട്ടെന്നു കാലുവേദന ആയത്.
കുറച്ചു കഴിക്കാൻ പാടില്ലാത്ത ഭക്ഷണ സാധനങ്ങളുടെ ഒരു ലിസ്റ്റും കുറച്ചു മരുന്നും ഡോക്ടർ കുറിച്ചു കൊടുത്തു.
മരുന്നെല്ലാം മേടിച്ചു തിരികെ ഓട്ടോയിൽ പോരുമ്പോൾ മനു അച്ഛനോട് പറഞ്ഞു.
അച്ഛനെന്തുവാ ആ ഡോക്ടറോട് പറഞ്ഞത്.
ഇന്നലെ അഞ്ചാറു ചെമ്മീൻ കഴിച്ചെന്നോ.
ആ പിന്നെ ഇന്നലെ കഴിക്കാതെ.
ആ ചിലപ്പോൾ അതിന്റെ ആയിരിക്കും ഡാ.. ഞാനും പറഞ്ഞു.
ഡോക്ടർ ചോദിച്ചത് ചെമ്മീൻ കഴിച്ചോ എന്നാണ്. അവൻ ലേശം ഒന്നു ചൂടായി പറഞ്ഞു.
പിന്നെ ചെമ്മീൻ അല്ലാതെ പിന്നെ എന്താ ഇന്നലെ കറിവച്ചത്. ഡോക്ടർ പറഞ്ഞത് നീയും കേട്ടില്ലേ, ഇനി ചെമ്മീൻ മേടിക്കണ്ട.
ഹും, ചെമ്മീൻ.
എടാ എന്താടാ..
ഞാൻ ചോദിച്ചു.
എടാ പത്തു രൂപേടെ ചെമ്മീൻ പാക്കറ്റ് മേടിച്ചു, എന്നിട്ട് മാങ്ങയും മുരിങ്ങാക്കോലും ഇട്ടു വച്ചതിനാണ് അഞ്ചാറു ചെമ്മീൻ കിട്ടിയെന്നു പറയുന്നത്.
സത്യം പറഞ്ഞാൽ അവനതു പറഞ്ഞപ്പോൾ ചിരി അടക്കാൻ ഞാൻ കുറെ പ്രയാസപ്പെട്ടു.
ഇതു കേട്ടു നിഷ്കു ആയ അവന്റെ അച്ഛൻ തിരിച്ചു പറഞ്ഞു.
പിന്നെ അത് എന്ന ചെമ്മീൻ അല്ലെ.
ശരിക്കും പറഞ്ഞാൽ അത് ചെമ്മീനോ അതോ ചെമ്മീന്റെ അസ്ഥികൂടമോ.
Aneesh.pt

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot