Slider

യുവജനോത്സവക്കഥ

1
യുവജനോത്സവക്കഥ
~~~○~~~~~~○~~~
"മാളൂ... നീ ഞാൻ പറയുന്നതനുസരിക്ക്..! ചെല്ല്..ഞാൻ പറഞ്ഞിട്ടുണ്ടവരോട് ഡാൻസിനിടക്ക് നിനക്ക് തല കറങ്ങിയതാണെന്ന്.. "
കലോൽസവവേദിക്കു പുറകിൽ തളർന്നിരുന്ന എന്നെ അച്ഛൻ വിടാനുള്ള ഭാവമില്ലായിരുന്നു !
"സത്യായിട്ടും എനിക്ക് വയ്യച്ഛാ.. നമുക്ക് നാലു ഐറ്റത്തിലും ഇത്ര പോയിന്റ്സ് വച്ചു കിട്ടിയില്ലേ..? ഇതു മതിയച്ഛാ.. പ്ളീസ്.. "
ദേഷ്യത്തോടെ അച്ഛൻ ചുറ്റുമൊന്ന് നോക്കി. പിന്നെ അമ്മയുടേയും മറ്റുള്ളവരുടേയും ഇടയിൽ നിന്ന് ശക്തിയോടെ, കൈപിടിച്ച് വലിച്ച് മാറ്റിനിറുത്തി മുഖം കാതോടടുപ്പിച്ച് പറഞ്ഞു.
"യു നോ ? എയ്റ്റി തൌസൻഡ്..!എൺപതിനായിരം രൂപ..! ഈ അഞ്ചു ഒന്നാം സ്ഥാനങ്ങൾക്കു വേണ്ടി ഞാൻ ഈ വർഷം മുടക്കിയതാണിത്..! ജഡ്ജസിനു മാത്രം കൊടുത്തു അൻപതിനായിരം..! ഉച്ചക്കു കൊടുത്ത ഫൈവ് സ്റ്റാർ ലഞ്ച്.. അപ്പീല്... കുപ്പികള്... അതൊക്കെ വേറേ.. ഷിറ്റ്...!"
തല വെട്ടിത്തിരിച്ച്, കൈകൾ ആഞ്ഞു സ്വന്തം തുടയിലടിച്ച് അച്ഛൻ പറഞ്ഞു. ശരിക്കു വിറക്കുന്നുമുണ്ടായിരുന്നു. ഭയന്നുവെങ്കിലും കരഞ്ഞ് കണ്ണുകളടച്ച് ഞാൻ നിലത്തേക്കിരുന്നു. അതു കണ്ട് അമ്മ ഓടി വന്നു.
"മതിയിത്.. അവൾക്ക് വേണ്ടെങ്കിൽ വേണ്ട.. നിറുത്ത്. നമുക്കാവുന്നത് നമ്മൾ ചെയ്തില്ലേ..!"
വെറുപ്പോടെയെങ്കിലും അമ്മ എന്നെ പിടിച്ചെഴുന്നേല്പിച്ചു. വേദിയുടെ കുറച്ചു പുറകിലായി നിറുത്തിയിട്ടിരുന്ന ഞങ്ങളുടെ കാറിലേക്ക് അനിയനോടൊപ്പം ഞാൻ നടന്നു.
എല്ലാം ഇപ്പോൾ ഓർമയിലേക്ക് കൊണ്ടുവന്നത് മൃണാളിനി എന്ന ഒരു കഥയാണ്. മാധവി വാട്ട്സാപ്പിൽ അയച്ചു തന്നത്. യുവജനോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ കഥ. എത്ര നന്നായിരിക്കുന്നു. ഞാനും ഷെയർ ചെയ്തു. മനസ്സ് പിന്നേയും പണ്ടു നടന്നൊരു യുവജനോത്സവത്തിലേക്കും മാധവിയിലേക്കും പോയി.
അന്ന്, ആ കലയുടെ പൂരത്തിരക്കിലേക്ക് രണ്ടു ദിവസം മുമ്പെത്തിയതാണ് കൊല്ലത്ത് നിന്ന്. അച്ഛന്റെ കൂട്ടുകാരൻ മോഹനങ്കിളിന്റെ വീട്ടിൽ ആയിരുന്നു താമസം. അഞ്ചിനങ്ങളിൽ അന്നു മോണോ ആക്ടും ഭരതനാട്യവും മാത്രം ബാക്കി. കഴിഞ്ഞതിൽ രണ്ടെണ്ണത്തിന് ഫസ്റ്റും മറ്റൊന്നിന് സെക്കന്റുമുണ്ട്. എന്നിട്ടും അച്ഛനും അങ്കിളും കൂടി രാവിലെ തന്നെ പതിവു പോലെ ജഡ്ജസിനെ കാണാനും സത്ക്കരിക്കാനും പോയി. അന്നും വിജിലൻസുകാരൊക്കെ ഉണ്ടെന്ന് പറഞ്ഞ് അച്ഛനുമമ്മക്കും വലിയ ടെൻഷനായിരുന്നു. അനിയനോടൊപ്പം മോണോ ആക്ടിനു പ്രാക്ടീസ് ചെയ്ത് തണലിൽ കിടന്നിരുന്ന കാറിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. നല്ല ഉച്ച വെയിൽ..!
പരസ്പരം കൈപിടിച്ച് സ്വരാജ് റൗണ്ട് കുറുകെ കടന്ന് വന്ന രണ്ടു പേരെ ഞാൻ എപ്പോഴോ കണ്ടു. അമ്മയും മകളുമാണെന്നു തോന്നി. ഈ ഭാഗത്തേക്ക് തന്നെ നടന്നു വന്നു. ആദ്യമായിട്ട് വരുന്നവരെ പോലെ. വടക്കുന്നാഥന്റെ നേരേ കുമ്പിട്ടു തൊഴുതു രണ്ടാളും. ആർക്കോ പിന്നെ അവർ ഫോൺ ചെയ്തു.
ചുറ്റുമൊന്നു നോക്കി ഞങ്ങളെ കണ്ടപ്പോൾ അടുത്തുവന്നു ചോദിച്ചു.
"ഭരതനാട്യം രണ്ടാം നമ്പർ വേദിയിൽ തന്നെ അല്ലേ ?"
"ഉം.. അതെ"
എന്റെ അമ്മ മറുപടി പറഞ്ഞെന്നു വരുത്തി. പിന്നെ അവർ പോയി ഞങ്ങൾക്കു മുമ്പിലെ മാവിൻ തണലിലിരുന്നു. ഏതോ ടെക്സ്റ്റയിൽസിന്റെ പ്ളാസ്റ്റിക്ക് കവർ തുറന്ന്, ഒരു പൊതിച്ചോർ പുറത്തേക്കെടുത്ത്, അവർ തന്നെ കൊണ്ടു വന്നിരുന്ന കുപ്പിവെള്ളത്തിൽ കൈ കഴുകി ചോറുണ്ടു.
ഒരു കൗതുകം എന്നിൽ മുള പൊട്ടി. അവർ ചോറുണ്ടു കഴിഞ്ഞപ്പോൾ പതുക്കെ അവരുടെ അടുത്തേക്കു ചെന്നു.
"ഏതിലാ പാർട്ടിസിപ്പേറ്റ് ചെയ്യണേ.?"
ഞാൻ ചോദിച്ചു.
"ഭരതനാട്യത്തിന്."
അമ്മയാണ് മറുപടി പറഞ്ഞത്.
" ആണോ..? ഞാനുമതെ..! രാത്രി ആവുമെന്ന് തോന്നുന്നു"
"അതെ.. ഞാനിപ്പോൾ തന്നെ ഇവളുടെ ടീച്ചറെ വിളിച്ചിരുന്നു."
കോഴിക്കോടിനപ്പുറം ഒരു ഗ്രാമത്തിൽ നിന്നും വരുന്നവരാണിവർ. അവരുടെ സ്കൂളിൽ നിന്നും വന്നിരിക്കുന്ന ഒരേയൊരു കുട്ടി.
" വീട്ടിൽ അമ്മ തനിച്ചാണേയ്. അതു കൊണ്ട് പെട്ടെന്ന് തിരിച്ചു പോകണം. മോളുടെ പേരെന്താണ് ?"
ആ അമ്മയാണ് ചോദിച്ചത്.
" മാളവിക. ഈ കുട്ടിയുടേയോ..?"
"മാധവി"
ആ പേരിൽ എനിക്കൊരു കൗതുകം തോന്നി.
"മാധവി..! അമ്മൂമ്മേടെ പേരോ മറ്റോ ആയിരുന്നോ..?"
അവർ പരസ്പരം നോക്കി ഒന്നു ചെറുതായി ചിരിച്ചു.
"ഇവളുടെ അച്ഛന് ഭരതനാട്യം എന്നു വെച്ചാൽ വലിയ ഇഷ്ട്ടമായിരുന്നു. അതു കൊണ്ടാ ചിലപ്പതികാരത്തിലെ നൃത്തക്കാരിയുടെ പേരു തന്നെ ഇട്ടത് "
ചിലപ്പതികാരം ! എവിടേയോ കേട്ടിട്ടുണ്ട്. എന്റെ സംശയഭാവം ആ അമ്മക്ക് മനസ്സിലായി.
" കണ്ണകിയുടെ ഒക്കെ കഥയുള്ള.. ഭരതനാട്യത്തെ കുറിച്ച് ഒക്കെ പറയുന്ന.."
"ഓഹ്.. ഓക്കെ..ഒക്കെ.. കണ്ണകി കേട്ടിട്ടുണ്ട്. അതിലെ മാധവി ഓർമ്മയില്ല.."
എന്റെ അജ്ഞത ഞാൻ മറച്ചു വെച്ചില്ല. ഒരു ചമ്മിയ ചിരിയോടെ തന്നെ ഞാൻ പറഞ്ഞു.
" ഒന്നാം സമ്മാനം.. ഒന്നാം സമ്മാനം ന്നും പറഞ്ഞ് ഈ ഡാൻസൊക്കെ പഠിക്കുന്നു എന്നല്ലാതെ ചരിത്രമൊന്നും അറിയില്ലാട്ടോ. !"
"അയ്യോ.. അതു സാരമില്ല കുട്ടീ.. മാധവീടെ കാര്യം ചോദിച്ചപ്പോ പറഞ്ഞൂന്നേ ഒള്ളൂ.."
ആ അമ്മ തുടർന്നു..
"ഒരിക്കൽ ഞങ്ങൾക്കിതു ജീവിതം തന്നെയായിരുന്നു മോളേ.. ഇവളുടെ അച്ഛനും ഞാനും ഒരുമിച്ചായിരുന്നു നൃത്തമവതരിപ്പിച്ചു കൊണ്ടിരുന്നത്. ഒരു വേദിയിൽ വച്ചു അദ്ദേഹം മരിച്ചതിൽ പിന്നെ ഞാൻ അരങ്ങിൽ കയറിയിട്ടില്ല.."
അവരുടെ കണ്ണുകൾ നിറയുന്ന പോലെ തോന്നി. കൈകളെടുത്ത് മാധവി പതുക്കെ തന്റെ അമ്മയുടെ കൈകളിൽ വച്ചു.
" നമ്മുടെ ഇൻഡ്യയിലെ ഏറ്റവും പഴയ ക്ളാസിക് നൃത്തമല്ലേ ഇത്. പക്ഷേ ഇപ്പോ തനിമയെല്ലാം ചോർന്നു തുടങ്ങിയോ എന്ന സംശയമുണ്ട് .!"
ഈ അമ്മ തന്നെയായിരിക്കും ഇവളുടെ ഗുരു. ഞാൻ പെട്ടെന്ന് ചോദിച്ചു.
"അമ്മ അപ്പോ കുറേ കുട്ടികൾക്ക് ക്ളാസ് എടുക്കുന്നുണ്ടോ..?"
"ഹേയ്.. ഇല്ല ! ഇവളും അയൽ പക്കത്തെ ഒന്നു രണ്ടു കുട്ടികളും മാത്രം. അതിനുള്ള സൗകര്യം കൂടി വീട്ടിലില്ല.. എങ്കിലും.."
പെട്ടെന്ന് അനിയൻ ഓടി വന്നു.
" ചേച്ചീ.. ദേ അമ്മ വിളിക്കണു.. നാലാമത്തെ വേദിയിൽ മോണോ ആക്ട് തുടങ്ങാൻ പോണൂന്ന്."
" ശരിയപ്പോ.. പിന്നെ കാണാട്ടോ.."
പിന്നെ അതിന്റെ തിരക്കിലായിരുന്നു. സ്റ്റേജിലെ എന്റെ പെർഫോർമൻസും, സ്റ്റേജിനു പിറകിലെ അച്ഛന്റെ പെർഫോർമൻസും മോശമായില്ല. ഇതിനും ഫസ്റ്റ് കിട്ടി. അതും കഴിഞ്ഞ് പിന്നീട് വൈകുന്നേരമാണ് രണ്ടാം വേദിയ്ക്കു പുറകിലെത്തിയത്. ഇവിടെയാണ് ഭരതനാട്യ മത്സരം. ഇതിൽ കൂടി നല്ല പോയിൻറ് കിട്ടിയാൽ കലാ തിലകം തന്നെ. എല്ലാവരും തനിക്കു ചുറ്റും കൂടി. പത്രക്കാരും ബന്ധുക്കളും ടീച്ചർമാരും ഒക്കെ.
മേക്കപ്പിനായി കയറുമ്പോൾ ആണ് പിന്നെ അവരെ കണ്ടത്. തിരക്കിൽ നിന്നകന്ന് ഒരു മരത്തണലിൽ മകളെ ഒരുക്കി തുടങ്ങിയിരിക്കുന്നു ആ അമ്മ.. ഒറ്റക്ക്.! ആ... എന്തെങ്കിലുമാവട്ടെ. അധികമൊന്നും ആലോചിക്കാൻ പോകേണ്ട. എങ്കിലും മേക്കപ്പിനിടയിൽ, എനിക്കു വേണ്ടി ചുറ്റും കൂടി നിൽക്കുന്നവർക്കിടയിൽ, അമ്മ എന്തോ കഴിക്കാൻ തന്നപ്പോൾ, കുടിക്കാൻ തന്നപ്പോൾ ഒക്കെ ഞാനവരെ ഓർത്തു. ആരാണ് അവരെ ഒന്നു സഹായിക്കാൻ.? ഒരു തുണക്ക് ? ആരുമില്ല..! ഈശ്വരനല്ലാതെ !
ഒരുങ്ങി വേദിക്ക് പുറകിലെത്തിയപ്പോഴും ഞാനവളെ നോക്കി. നിറം മങ്ങി തുടങ്ങിയ ഒരു വേഷം. വാടകക്ക് എടുത്തതാവും. പക്ഷേ ലക്ഷണമൊത്ത മേനിയിൽ അത് വളരെ മനോഹരമായി തോന്നി. എനിക്കാണെങ്കിൽ ഇതും പുതിയതാണ്. വളരെ വില കൂടിയത് ! എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി.
പക്ഷേ അധികം നീണ്ടു നിന്നില്ലത്. വേദിയിലേക്ക് ആദ്യം വിളിച്ചതവളെ ആയിരുന്നു. അമ്മയുടെ കാൽ തൊട്ടു വണങ്ങി അവൾ നൃത്തം തുടങ്ങിയപ്പോൾ സദസ്സ് നിശ്ശബ്ദമായി. മോളിതൊന്നും കണ്ടു പേടിക്കേണ്ടെന്ന് അച്ഛൻ ആഗ്യം കാട്ടി. ജഡ്ജസ് എല്ലാം ഏറ്റിട്ടുണ്ടെന്ന് പറഞ്ഞു. പക്ഷേ കർട്ടനിടയിലൂടെ ഞാൻ കണ്ട മാധവി, അവൾ മറ്റാരോ ആയി മാറിയിരുന്നു.
ദേവീദേവന്മാരെ വന്ദിച്ച് അവൾ ആ നൃത്തത്തിലേക്കലിഞ്ഞു ചേർന്നു. ആ പാട്ടിനൊപ്പം താളത്തിനൊപ്പം എല്ലാം മറന്ന് അവൾ. ആ ധ്രുതപാദ ചലനങ്ങളും മുദ്രാ രൂപങ്ങളും അവർണ്ണനീയം തന്നെയായിരുന്നു. ജതിസ്വരത്തിലും വർണ്ണത്തിലും പദത്തിലുമെല്ലാം അവളുടെ ചലനങ്ങളുടെ ഭംഗി കണ്ട് എല്ലാവരേയും പോലെ ഞാനും വാതുറന്ന് നിന്നു. നൃത്തം കഴിഞ്ഞ് കേട്ട കരഘോഷം തന്നെ അവൾക്കുള്ള അംഗീകാരമായിരുന്നു. അച്ഛൻ മാത്രം ഒന്നുമില്ലെന്ന് പുച്ഛത്തോടെ കൈ കാണിച്ചു.
അമ്മയും മീനാക്ഷിയാന്റിയും ടീച്ചർമാരുമൊക്കെ എനിക്ക് ധൈര്യം തന്നു. ഞാനും മോശമൊന്നുമല്ലല്ലോ. അങ്ങിനെ തോറ്റു കൊടുക്കാൻ വയ്യ. വേദിയിലേക്ക് കയറും മുമ്പ് ഞാനൊന്നു കൂടെ സദസ്സിലേക്ക് നോക്കി. വിജയീ ഭാവത്തോടെ അച്ഛൻ. കൗതുകത്തോടെ അനിയൻ. കലാതിലകം ആവേണ്ട കുട്ടിയുടെ പ്രകടനം കാണാൻ പത്രക്കാർ.. എന്റെ ആത്മവിശ്വാസം ഇരട്ടിയായി.
സംഗീതം തുടങ്ങി. ദേവിയെ മനസ്സിൽ ധ്യാനിച്ച് ഒന്നു ശ്വാസമെടുത്തപ്പോഴേക്കും മനസ്സിൽ ഊർജ്ജം നിറഞ്ഞു. പ്രണയ സ്വപ്നങ്ങളുടെ കഥയിലേക്ക്, ഗാനത്തിലേക്ക് ഞാൻ പതുക്കെ പതുക്കെ ഉയർന്നുയർന്നു പോയി. പക്ഷേ എപ്പോഴാണ് ഞാൻ മാധവിയെ ഓർക്കാൻ തുടങ്ങിയത് ? അവളോടുള്ള കുറ്റബോധം നിറയാൻ തുടങ്ങിയത് ? എത്ര പാവനമായ ഒരു കലാ രൂപത്തേയാണ് പണം കൊണ്ട് തങ്ങൾ വിലക്കെടുക്കുന്നത്. മനസ്സു പിന്നെ പതറാൻ തുടങ്ങി. ചിലപ്പതികാരം.. കണ്ണകിയുടെ ശാപം.. വലിച്ചെറിയപ്പെട്ട ചിലങ്കകൾ.. മാധവിയുടെ പ്രായശ്ചിത്തം എല്ലാം ഓർമ്മ വരുന്നു.
വേണ്ട.. ഈ വലിയ പാപം തലയിലേറ്റരുത്. ഒന്നാം സ്ഥാനമല്ല വലുത്. സത്യമാണ് ജയിക്കേണ്ടത് ! കല സത്യമുള്ളതാവണം.
സംഗീതം തുടരവേ.. അംഗചലനങ്ങൾ മറന്ന്.. മുദ്രകൾ മറന്ന് കണ്ണുനീരുമായി.. കൂപ്പുകൈകളുമായി ഞാൻ നിന്നു പോയി. സദസ്സ് ആകെ സ്തംബ്ദരായി. പാട്ടുനിന്നു. കണ്ണീരുമായി ഞാനിരുന്നു. വയ്യ.. എനിക്കു വയ്യ !
അച്ഛന്റെ ശാപവാക്കുകൾക്കപ്പുറം, നിരാശക്കുമപ്പുറം എന്റെ മനസ്സിലെ സത്യം വിജയിക്കുക തന്നെ ചെയ്തു. മാധവിക്ക് ഫസ്റ്റ് പ്രൈസ് ! മാധവിയും അമ്മയും ആദ്യം ഓടി വന്നത് എന്റെ അടുത്തേക്കായിരുന്നു.
" മോള് എത്ര നന്നായി ചെയ്തു. എന്നിട്ടും... എന്തോ നിർഭാഗ്യമാണ്. സാരമില്ലാട്ടോ " എന്നാശ്വസിപ്പിച്ചു. മറുപടി പറയാതെ ഞാനവളെ കെട്ടിപ്പിടിച്ചു. അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.
വീട്ടിലേക്ക് മടങ്ങാനായി അന്ന് കാറിലിരിക്കുമ്പോൾ പണം കൊടുത്ത് വാങ്ങിയ എന്റെ മെഡലുകൾ മടിയിൽ നിറം മങ്ങിക്കിടന്നു. ദൂരെ, വേഷമെല്ലാം അഴിച്ച് പഴയ ബാഗിലിട്ട് ആ അമ്മയും മകളും നടന്നു പോവുന്നു. അവരുടെ അച്ഛന്റെ ഓർമ്മകൾ നിറഞ്ഞ ആ ഹൃദയത്തോട് ചേർത്ത് പിടിച്ച മാധവിയുടെ കൈകളിൽ കണ്ണിരു വീണു തിളങ്ങിയ ഒരു സ്വർണ്ണപതക്കവും.!
പരസ്പരം കൈ ചേർത്ത് പിടിച്ച്, സന്തോഷത്തോടെ അവർ നടന്നു നീങ്ങുമ്പോൾ എന്റെ മനസ്സും നിറയുന്ന പൊലൊരു തോന്നലും. ഓടി പ്പോയി പിടിച്ചു നിറുത്തി. അഡ്രസ് എഴുതി വാങ്ങി. പിന്നെ അന്നു മുതൽ മുടങ്ങാതെ എഴുത്തുകൾ.. പിന്നെ ഫോൺ വിളി.
കലാ ലോകത്തു നിന്ന് താൻ സ്കൂൾ അധ്യാപികയുടെ റോളിലേക്ക് മാറിയപ്പോൾ യഥാർത്ഥ കലാകാരി നൃത്തം തുടർന്നു. ഇപ്പോൾ കലാമണ്ഡലത്തിലെ ടീച്ചർ...!
പെട്ടെന്ന്, മാധവിയുടെ മെസേജ് പിന്നേയുമെത്തി. മൃണാളിനി എന്ന കഥ മറ്റാരോ എഴുതിയതാണെന്ന് !
ദൈവമേ.. കലയും, സാഹിത്യവും ഒക്കെ ഇപ്പോഴും കാശു കൊടുത്ത് വാങ്ങാൻ നടക്കുന്നവരുണ്ടല്ലോ..? കഷ്ടം ! ആ കഥയെഴുതിയ ആളിൽ സത്യമെന്നൊന്നുണ്ടെങ്കിൽ അയാളും ഒരിക്കൽ തിരിച്ചറിയപ്പെടാതിരിക്കില്ല..! തീർച്ച..!
സ്നേഹത്തോടെ അഷ്റഫ്..
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo