Slider

അറിവ്

0
കോട്ടയത്ത്, മണർകാട്ടുള്ള ഒരു സ്കൂളിലെ നാലാം ക്ലാസുകാരൻ വിദ്യാർത്ഥി തന്റെ സയൻസ് മാഷിനോട് ചോദിച്ചു. ' മാഷേ.. എന്റെ വീട്ടിൽ ആപ്പിളും ഓറഞ്ചും മുന്തിരിങ്ങയും വാഴപ്പഴങ്ങളുമൊക്കെ വാങ്ങാറുണ്ട്. പക്ഷേ രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ബാക്കി വരുന്ന ആപ്പിളും ഓറഞ്ചുമൊക്കെ അളിഞ്ഞു പോവുകയും വാഴപ്പഴം കറുത്തു പോവുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഈ വാഴപ്പഴം കറുത്തു പോകുന്നതു പോലെ മറ്റുള്ളവ കറുത്തു പോവാത്തത് ..? '
പരിജ്ഞാനവും സ്നേഹ സമ്പന്നനുമായ ആ മാഷ് ഒരു നിമിഷം ചിന്തിച്ചിട്ടു പറഞ്ഞു.
'കുഞ്ഞേ, ഇപ്പോൾ എനിക്ക് അതിനു ഉത്തരം പറയുവാനറിയില്ല. ഒരു മണിക്കൂറിനുള്ളിൽ ഞാൻ അതു പറഞ്ഞു തരാം. '
അതിനു ശേഷം അദ്ദേഹം തന്റെ സുഹൃത്തായ ഒരു ബോട്ടണി പ്രൊഫസറെ വിളിച്ചു ഇതേ ചോദ്യം ആവർത്തിച്ചു. എന്നാൽ ആ പ്രൊഫസർക്കും, ഒരു സാധാരണ നീതീകരണത്തിനപ്പുറം ഈ ചോദ്യത്തിന് ആധികാരികമായ ഒരുത്തരം നൽകുവാൻ കഴിഞ്ഞില്ല. എന്നാൽ അതറിയണമെന്ന ആഗ്രഹത്താൽ ആ ചോദ്യം ചെന്നു നിന്നത്, അദ്ദേഹം മുഖാന്തരം തന്റെ പരിചയത്തിലുള്ള , അമേരിക്കയിലെ ടെക്സാസിലെ മറ്റൊരു ബോട്ടണി വിഭാഗം പഠന കേന്ദ്രത്തിലാണ്. അവിടുത്തെ പ്രധാന അദ്യാപകൻ പറഞ്ഞ ഉത്തരം വളരെ രസകരമായിരുന്നു. എങ്ങനെയെന്നാൽ ,അതിപ്രകാരമായിരുന്നു;
' കഴിഞ്ഞ പതിന്നാലു വർഷങ്ങളായി ഇവിടുത്തെ പ്രശസ്തമായ ഒരു 'ഫ്രൂട്ട് സാലഡ് ' കമ്പനി ഇതേ ചോദ്യത്തിന് ഒരു സയന്റിഫിക് ഉത്തരം കണ്ടെത്തുന്നതിനായുള്ള റിസർച്ചിലാണ് !'
ഈ സംഭവം ,ഇന്നലെ ഒരു സ്കൂൾ അദ്യാപകന്റെ പ്രസംഗത്തിലൂടെ ഞാൻ കേട്ടതാണ്. ഇവിടെ നമ്മൾ ചിന്തിക്കേണ്ടത് ഇത്രമാത്രമാണ് . കേവലം കേരളത്തിലെ ഒരു സാധാരണ വിദ്യാലയത്തിലെ നാലാം ക്ലാസ്സുകാരനായ ഒരു കുട്ടിയുടെ ചോദ്യം ചെന്നു നിന്നത് അമേരിക്കയിലുള്ള, ടെക്സാസിലെ അത്രയും പ്രധാനപ്പെട്ടയിടത്താണ് !
അങ്ങനെയാണ് വേണ്ടത്, നമുക്കെല്ലാവർക്കും 'അറിവ് ' എന്നത് നേടുവാനുള്ള ആഗ്രഹവും ആകാംക്ഷയും വേണം. വിഷയങ്ങളും സ്രോതസ്സുകളും ഏതുമാവട്ടെ . നമ്മൾ അത് തേടിപ്പോവുക തന്നെ വേണം. ഒരിക്കലും അത് നമ്മെ തേടി മാത്രം വരികയില്ല.
'ഞാനും നിങ്ങളുമൊക്കെ എത്ര അഹങ്കാരികളാണ് അല്ലേ..?'
ഈ ചോദ്യം ഇടയ്ക്കിടെ സ്വയം ചോദിക്കുന്നത് നല്ലതായിരിക്കും. ഇതൊരു പ്രഭാഷണമോ ബോധവത്കരണമോ അല്ലെന്ന് ആദ്യമെ പറഞ്ഞുകൊള്ളട്ടെ. അതിനുളള കഴിവുണ്ടായിരുന്നുവെങ്കിൽ ഇതിവിടെ ഇപ്പോൾ എഴുതിയിടുവാൻ ഞാൻ കാണില്ലായിരുന്നു. കാരണം പ്രഭാഷണങ്ങളും മറ്റുമൊക്കെയായി ഞാൻ അങ്ങ് തിരക്കിലായി പോവില്ലെ ! പിന്നെ , അതിനുള്ള അറിവും പരിജ്ഞാനവും വേണമല്ലോ. നിർഭാഗ്യവശാൽ എനിക്കതില്ല. എനിക്കെന്നല്ല ഈ ഭൂമിയിൽ ജീവിക്കുന്ന ഒരു മനുഷ്യനു പോലും അങ്ങനൊന്നില്ല. കാരണം 'അറിവ് ' എന്നത് അതിന്റെ പൂർണ്ണതയിൽ നേടിയെടുക്കുവാൻ നമുക്കൊരിക്കലും ആവില്ല.എന്നാൽ പലയിടങ്ങളിലായി വിന്യസിച്ചു കിടക്കുന്ന മനുഷ്യരുടെ അറിവിന്റെ ആകെ തുകയെടുത്താൽ അതു ഒരു തൊണ്ണൂറ് ശതമാനത്തിലെത്തിയേക്കാം. അപ്പോഴും പത്തു ശതമാനം ബാക്കിയാണ് . എന്തുകൊണ്ടാണത് ? പ്രപഞ്ചത്തിൽ അത്തരം ചില പ്രഹേളികകൾ നിലനിൽക്കുന്നുണ്ട്. ഉത്തരം കിട്ടാതെ ഒരു പടി കൈയ്യകലത്തിലോ , ഒരിക്കലും കാണുവാൻ കഴിയാത്തിടത്തോ ആയി അതിങ്ങനെ നമ്മളെ നോക്കി ചിരിച്ചുകൊണ്ട് രാജകീയ ഭാവത്തിൽ ഇരിക്കും. നിഗൂഢതകളെന്നോ, വിസ്മയങ്ങളെന്നോ, അന്ധതയെന്നോ ,ദൈവീകതയെന്നോ ഒക്കെയായി അതിനെ നമ്മൾ അതിനെ പല പേരുകളിൽ വിളിക്കും.
എന്നാൽ,
ആത്മീയതയിലായിക്കോട്ടെ ,വിശ്വാസങ്ങളിലായിക്കോട്ടെ സെക്സിലായരിക്കോട്ടെ , മറ്റേതു വികാരങ്ങളിലായിക്കോട്ടെ , ഒരു പരിധിവരെ നമുക്കതിൽ വിജ്ഞാനം നേടുവാൻ കഴിയും. കേവലം ഒരു പുസ്തകം വായിച്ചതുകൊണ്ടോ, നേരിട്ടു കണ്ടതുകൊണ്ടോ ,അനുഭവിച്ചതുകൊണ്ടോ അറിവ് കിട്ടിയേക്കും എന്നു നിർബന്ധം പിടിക്കുവാനാവില്ല. എന്തെന്നാൽ അത് ചില മാധ്യമങ്ങളിൽ ഒന്നു മാത്രമാണ്. ഒരു ചെറിയ ബാലനിൽ നിന്നു പോലും നമുക്ക് അറിവ് ലഭിച്ചേക്കാം എന്നത് ചിന്തിച്ചിട്ടുണ്ടോ ? ഒരു ഭ്രാന്തനിൽ നിന്ന് അറിവ് ലഭിച്ചേക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ.നമ്മളെക്കാൾ വിദ്യാഭാസം / നിലവാരം കുറഞ്ഞവനിൽ നിന്ന് അറിവ് ലഭിച്ചേക്കാം എന്ന് ചിന്തിച്ചുണ്ടോ.
ഇല്ലെങ്കിൽ ചിന്തിക്കണം. അവരിൽ നിന്നല്ല, മരണപ്പെട്ടു കിടക്കുന്ന ഒരു ശവശരീരത്തിൽ നിന്നു പോലും നമുക്ക് അറിവ് / ജ്ഞാനം ലഭിക്കും. അത് നേടിയെടുക്കുവാനുള്ള അഹംബോധമില്ലാത്ത മനസ്സാണ് നമുക്ക് വേണ്ടതെന്ന് മാത്രം. നമുക്ക് അജ്ഞമായി ഇരിക്കുന്നത് ഏത് വിഷയവുമായി കൊള്ളട്ടെ, അത് വലിപ്പചെറുപ്പമില്ലാതെ ചോദിച്ചു നേടിയെടുക്കുവാനുള്ള ഒരു മനോഭാവം ഉണ്ടാക്കിയെടുക്കണം. ( ഇതിനർത്ഥം ചോദ്യങ്ങൾ ചോദിച്ച് ഇറിറ്റേറ്റ് ചെയ്യിക്കുക എന്നതല്ല ) ആ ചോദ്യങ്ങളിൽ വ്യക്തമായ ഒരു ആധികാരികത വേണമെന്നുള്ളതാണ്.
ഇങ്ങനെയുള്ള അറിവിന്റെ സമ്പാദനം കൊണ്ട് അനവധി പ്രയോജനങ്ങൾ നമുക്കുണ്ട്. തീർച്ചയായും നമ്മളെല്ലാവരും ഒരു പരിധി വരെ സ്വാർത്ഥമായി ആഗ്രഹങ്ങളുള്ളവരല്ലേ. അങ്ങനെ ചിന്തിച്ചാലും 'അറിവ് ' എന്ന ആഴക്കടൽ ജീവിതത്തിൽ പലപ്പോഴുമെന്നല്ല . എപ്പോഴും തന്നെ ഉപകാരപ്രദമാവുകയാണ് ചെയ്യുന്നത്. അതിനായി നമ്മൾ മനസ്സിനെ തയ്യാറെടുപ്പിക്കുക. അതിന് മുഖമോ, ജാതിയോ മതമോ വിദ്യാഭാസമോ നിലവാരങ്ങളോ മാനദണ്ഡങ്ങളാക്കുവാതിരിക്കുക. മാത്രമല്ല, നമ്മൾ നേടുന്ന അറിവുകൾ വിഷയമേതുമാവട്ടെ, സാഹചര്യങ്ങൾക്കനുസൃതം മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുവാനും മാനസികമായും ,ശാരീരികമായും തയ്യാറെടുക്കുക. അറിവിനായ് അതിയറ്റ് ദാഹിക്കുക. ആ ജലപ്രവാഹം നമ്മളെ തേടി വരുമെന്ന ചിന്തകൾ മാറ്റി പകരം അതിന്റെ ഉറവകൾ തേടിപ്പോവുക. നൂറു ശതമാനവും അത് നിങ്ങൾക്ക് ഗുണമേ ചെയ്യുകയുള്ളു എന്നതിൽ സംശയമില്ല. അങ്ങിനെയാവട്ടെ.
ശുഭദിനം
- വിപിൻ -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo