Showing posts with label SaiBro. Show all posts
Showing posts with label SaiBro. Show all posts

=കാമുകന്റെ രാത്രിസഞ്ചാരം=

Image may contain: 1 person, beard and closeup
"ഇന്ന് രാത്രി വീട്ടിൽ ഞാൻ ഒറ്റക്കാണ്.. പോരുന്നോ..? "
ആ മെസ്സേജ് മൊബൈലിൽ കണ്ടതും വിശ്വാസം വരാതെ ഞാൻ കണ്ണുകൾ ഒന്നൂടെ ചിമ്മിയടച്ചു.. അപ്പോൾ ദാ വരുന്നു അടുത്തത്..
"അമ്മയും, അച്ഛനും വെളുപ്പിന് 1:30ന് ഗുരുവായൂർ അമ്പലത്തിലേക്ക് പോകും.. നീ ഇങ്ങോട്ട് വരില്ലേ? "
"പിന്നെന്താ ചക്കരെ.. കറക്റ്റ് 1:45ന് ഞാൻ നിന്റെ വീട്ടിൽ എത്തിയിരിക്കും... പിന്നേ, നീ സാരി ഉടുത്താൽ മതീട്ടോ.. സാരിയിൽ നീ അടിപൊളിയാണ് പെണ്ണെ.."
"അയ്യടാ.. "
അതായിരുന്നു അവളുടെ റിപ്ലൈ എങ്കിലും എനിക്ക് ഉറപ്പായിരുന്നു.. അവൾ ഇന്ന് രാത്രി സാരി ഉടുത്തിരിക്കും എന്ന്..
ആ നിമിഷങ്ങളെകുറിച്ചോർത്തു ഇരിക്കപ്പൊറുതി കിട്ടാതെ അപ്പൊതന്നെ ഞാൻ കുളിച്ചൊരുങ്ങി ബുള്ളറ്റിൽ കയറി കൊച്ചിയിലേക്ക് വെച്ച് പിടിച്ചു..
"അല്ലേലും പെണ്ണൊരുത്തി അക്കരെ നിന്ന് മാടിവിളിച്ചാൽ ഏതൊരു കാമുകനാണ് ഇരിക്കപ്പൊറുതി കിട്ടുക.. "
നിയോൺ വെളിച്ചത്തിൽ നീണ്ടു നിവർന്നു കിടക്കുന്ന ഹൈവേയിലൂടെ ബുള്ളറ്റ് പറക്കുമ്പോൾ ഞാൻ അവളെകുറിച്ച് ഓർത്തു..
' മുകിൽ ' എന്ന അവളെകുറിച്ച്.. !
തൃശ്ശൂർക്കാരനായ ഞാൻ കൊച്ചിക്കാരിയായ മുകിലിനെ ആദ്യമായി കണ്ടത് ഒരു സുഹൃത്തിന്റെ വിവാഹത്തിനിടയിൽ വെച്ചായിരുന്നു.. സത്യം പറഞ്ഞാൽ നല്ലൊരു കോഴിയായ എനിക്ക് അവളെ എന്റെ കാമുകിയാക്കിമാറ്റാൻ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല..
ബാങ്ക് ജോലിക്കാരനായ അച്ഛനും, സ്കൂൾടീച്ചറായ അമ്മക്കും ഒറ്റ മകളായിരുന്നു മുകിൽ.. മൂന്ന് തലമുറക്ക് കഴിയാനുള്ളത് ഇപ്പോഴേ സമ്പാദിച്ചു വെച്ചിട്ടുണ്ട് അവളുടെ അച്ഛനും അമ്മയും.. പക്ഷെ അതിനിടയിൽ അവർ മകൾക്ക് ഒന്ന് മാത്രം നൽകാൻ മറന്നുപോയി..
' സ്നേഹം..' ഞാനാകട്ടെ അത് വാരിക്കോരി നൽകുകയും ചെയ്തു.. പിന്നെ വെറുതെയാണോ പെണ്ണ് എന്റെ ചൊൽപ്പടിക്ക് നിൽക്കുന്നത്..!
മുകിലിനേയും കൊണ്ട് മറൈൻഡ്രൈവിൽ ഒന്നുരണ്ട് തവണ കറങ്ങിയിട്ടുണ്ടെങ്കിലും അവളുടെ വീട്ടിലേക്ക് ഇതുപോലൊരു ക്ഷണം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല...
എന്തായാലും ഇന്നത്തോടെ ഒരാണിന്റെ, അല്ല എന്റെ കഴിവ് ഞാനവളെ കാണിച്ചു കൊടുക്കും..
ആലുവ എത്താറായപ്പോൾ വഴിയോരത്തുള്ള തട്ടുകടയിൽ കയറി ഒരു കട്ടൻ കാപ്പി വാങ്ങി ഊതി കുടിക്കുമ്പോഴാണ് വീണ്ടും മൊബൈലിൽ മെസ്സേജ് വന്നത്..
"എവിടെയെത്തി..? "
" ആലുവാ " എന്ന് മറുപടി അയച്ചപ്പോൾ കണ്ണിറുക്കിയുള്ള ഒരു സ്മൈലി റിപ്ലേ വന്നു..
'ചക്കരെ... ഞാൻ ദേ എത്തിപ്പോയി.. 'എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ കടക്കാരനോട് പറഞ്ഞു..
"ചേട്ടാ, കാപ്പി ഉണ്ടാക്കുമ്പോൾ, കാപ്പിപ്പൊടി ഇട്ടതിനുശേഷം വെള്ളം അതികം തിളപ്പിക്കരുത്.., കട്ടന്റെ ആ ടേസ്റ്റ് അങ്ങ് പോകും.., ഇതൊരു ഉപദേശം ആയി കാണണ്ടാ, വെറുമൊരു അഡ്വൈസ് ആയി കണ്ടാൽ മതി ട്ടോ "
'അല്ലേലും ഹോട്ടൽ മാനേജ്മെന്റ് പാസ്സായ എനിക്ക് പുറത്തുനിന്നും എന്ത് കഴിച്ചാലും അതിനെ കുറ്റം പറയാതെ ഒരു സ്വസ്ഥതയുമില്ലാ.. '
ലൊക്കേഷൻ അയച്ചു തന്നതുകൊണ്ട് മുകിലിന്റെ വീട് കണ്ടെത്താൻ ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല.. വീട്ടുപടിക്കൽ ബുള്ളെറ്റ് എത്തുമ്പോൾ സമയം പുലർച്ചെ 1:50..
അടഞ്ഞുകിടക്കുന്ന വാതിലിൽ തട്ടണോ, അതോ അവളെ മൊബൈലിൽ വിളിക്കണോ എന്ന് ശങ്കിച്ചു നിൽക്കുമ്പോൾ അതാ വാതിൽ പതിയെ തുറന്നു ഒരു കൈ എന്നെ ഉള്ളിലേക്ക് പിടിച്ചു വലിച്ചു കയറ്റി..
"അവിടെ നിന്ന് ചവിട്ടുനാടകം തുള്ളാതെ ഉള്ളിലേക്ക് കേറിവന്നൂടെ..? അതോ അടിയൻ താലം പിടിച്ചു എഴുന്നള്ളിച്ചു കൊണ്ടുവരണോ..? "
പേടികൊണ്ടും അരിശം കൊണ്ടും അവളത് ചോദിക്കുമ്പോൾ എന്റെ കണ്ണുകൾ മുകിലിനെ അടിമുടി ഉഴിയുകയായിരുന്നു..
"സാരിയുടുത്തപ്പോൾ എന്താ ഒരു ചേല്. . "
"വാ നമുക്ക് റൂമിലിരിക്കാം.." എന്ന് പറഞ്ഞുകൊണ്ട് മുകിൽ എന്റെ കൈ പിടിച്ചുകൊണ്ട് അവളുടെ ബെഡ്റൂമിലേക്ക് നടക്കുമ്പോൾ ഞാനാ കൊട്ടാരം പോലുള്ള വീട് കണ്മിഴിച്ചു നോക്കികാണുകയായിരുന്നു..
റൂമിലെ പതുപതുത്ത ബെഡിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കെ മുകിലിന്റെ മടങ്ങിയിരിക്കുന്ന അടിവയറിൽ എന്റെ കണ്ണുകളുടക്കി...
'വെളുത്ത അണിവയറിൽ അങ്ങിങ്ങായി ഉയർന്നുനിൽക്കുന്ന സ്വർണ്ണനിറമുള്ള രോമങ്ങൾ... '
"എടി പെണ്ണെ നീ സാരി നേരെയാക്കിട്ടേ.. മനുഷ്യന്റെ കണ്ട്രോള് കളയാൻ.. "
"അയ്യടാ.. അപ്പൊ നോട്ടം അങ്ങോട്ടായിരുന്നല്ലേ.. " അതും പറഞ്ഞു അവൾ എണീറ്റുനിന്ന് സാരി നേരെയാക്കുമ്പോൾ ഞാൻ അലക്ഷ്യമായി മറ്റെങ്ങോ നോക്കിയിരുന്നു..
പെട്ടെന്നായിരുന്നു ബെഡിൽ ഇരിക്കുന്ന എന്റെ മടിയിലേക്കവൾ ചാഞ്ഞു കിടന്നത്..
"എന്താടി പെണ്ണെ..? " ഞാൻ മുകിലിന്റെ ചുരുണ്ട മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് പതിയെ ചോദിച്ചു ..
"എനിക്ക് ഇങ്ങനെ കിടന്നുറങ്ങണം.. കൊറേ കൊറേ നേരം.. " ചിണുങ്ങികൊണ്ട് അവളത് പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു..
"അതേയ്, ഇങ്ങനെ കിടന്നുറങ്ങിയാൽ ശരിയാവോ.. നമുക്ക് പരിപാടി തുടങ്ങേണ്ട..? "
"ഇപ്പൊ തന്നെ വേണോ, കുറച്ച് കഴിഞ്ഞിട്ട് പോരെ..? " മുകിൽ വീണ്ടും ചിണുങ്ങി..
"പോരാ.. ഇപ്പൊ തുടങ്ങിയാലേ എനിക്ക് നേരം വെളുക്കുമ്പോൾ ഇവിടെനിന്നു ഇറങ്ങാൻ പറ്റുകയുള്ളൂ.. അതോണ്ട് മോളൊന്ന് എണീറ്റെ.. "
എന്നിട്ടും മടിപിടിച്ചു കിടക്കുന്ന മുകിലിനെ നിർബന്ധിച്ചു എണീപ്പിച്ചുനിർത്തികൊണ്ട് ഞാൻ പറഞ്ഞു..
"ഉറക്കം വരുന്നേൽ ഒന്ന് മേല് കഴുകിവായോ.. ഞാനപ്പോഴേക്കും എന്റെ പണി തുടങ്ങാം.. "
അവളെ ഉന്തിത്തള്ളി ബാത്‌റൂമിൽ കയറ്റി വാതിലടച്ചപ്പോൾ വീണ്ടും ഒരു സംശയം..
" അല്ല, ഈ വീട്ടിലെ അടുക്കള ഏത് ഭാഗത്താണ്..? "
"റൂമിൽ നിന്ന് പുറത്തിറങ്ങി ഇടത്തോട്ട് നടന്നാൽ മതി.. "
ബാത്റൂമിൽ നിന്ന് മുകിലിന്റെ ശബ്ദം..
"അവിടെ എല്ലാം റെഡിയാണല്ലോ അല്ലേ..? "
"ഡബിൾ ഒക്കെ.."
അതും പറഞ്ഞു ബാത്‌റൂമിൽ നിന്നും മുകിലിന്റെ ചിരി മുഴങ്ങികേട്ടു...
ആ വലിയ അടുക്കളയിൽ കയറിയപ്പോൾ ഞാൻ അന്ധാളിച്ചുപോയി.. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേതുപോലുള്ള സൗകര്യങ്ങൾ.. അതിനേക്കാൾ വൃത്തിയും വെടിപ്പും.. ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോൾ ഒരു ലോകം മുഴുവനും അതിലുണ്ട്. പതിയെ ഫ്രീസർ തുറന്നപ്പോൾ കണ്ടു.. ഒരു വലിയ മീനിന്റെ നടുഭാഗം..
പുറത്തെടുത്തു നോക്കിയപ്പോൾ മനസിലായി.. അസ്സല് "നെയ്മീൻ കഷ്ണം"..ഒരു കിലോക്ക് മേലെ കാണും..
ഞാൻ വയറൊന്ന് തടവി.. നല്ല വിശപ്പ്..
ഒരു മണിക്കൂർ നേരം ഒരു യുദ്ധം നടന്നു ആ അടുക്കളയിൽ.. !!
ഇടക്ക് മുകിൽ അങ്ങോട്ട്‌ കടന്നു വന്നെങ്കിലും ഞാനവളെ അവിടെനിന്നും ഗെറ്റ്ഔട്ട്‌ അടിച്ചു..
ഡൈനിംങ് ടേബിളിൽ ആവി പറക്കുന്ന മീൻ വറ്റിച്ചതിനും, കപ്പ പുഴുങ്ങിയതിനും, ഉള്ളിചമ്മന്തിക്കും ഇരുവശങ്ങളിലുമായി ഞങ്ങളിരിക്കുമ്പോൾ മുകിലിന്റെ മുഖത്തുള്ള ആശ്ചര്യം ഞാൻ ശ്രദ്ധിച്ചു..
ഒരു കഷ്ണം കപ്പയെടുത്തു മീൻ വറ്റിച്ചതിന്റെ ചാറിൽ ഒന്ന് മുക്കി ഞാനവളുടെ വായിലോട്ട് വെച്ചുകൊടുത്തപ്പോൾ അവളത് ആസ്വദിച്ചു കഴിക്കുന്നുണ്ടായിരുന്നു..
"ഇനിയൊന്നു നാവ് നീട്ടിക്കേ.. " ഞാനത് പറഞ്ഞപ്പോൾ അവൾ നാവ് പുറത്തേക്ക് നീട്ടിപിടിച്ചു..
ഉള്ളിചമ്മന്തിയിൽ മുക്കിയ നടുവിരൽകൊണ്ട് ഞാനവളുടെ നാവിലൊന്ന് തോണ്ടി..
കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് മുകിൽ ചുണ്ടുകൾ കൂട്ടിയുരുമ്മിയപ്പോൾ എനിക്ക് സത്യത്തിൽ ചിരിവന്നു..
"എരിവുണ്ടോ പെണ്ണെ..? "
"ഇച്ചിരി.. ന്നാലും നല്ല രസം.. "
"ഇനി പറ.. എന്റെ കൈപ്പുണ്യം എങ്ങിനെയുണ്ട്..? "
ഞാനല്പം ഗമയിൽ ചോദിച്ചു..
"സമ്മതിച്ചു മോനെ.. ദേ എന്റെ വയറു നിറഞ്ഞു പൊട്ടാറായി.. "
അതൊരു പന്തയമായിരുന്നു.. ഞാനൊരു ഹോട്ടൽമാനേജ്മെന്റ്കാരനാണെന്നും അത്യാവശ്യം നന്നായി കുക്ക് ചെയ്യുമെന്നും പറഞ്ഞപ്പോൾ മുകിലിന് അത്ര വിശ്വാസം പോരായിരുന്നു.. എങ്കിൽ അത് തെളിയിക്കാനൊരു അവസരം തരാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ഇങ്ങനെയൊരു സാഹചര്യം ഒത്തുവന്നത്..
ഈ പന്തയത്തിൽ ഞാൻ തന്നെ ജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.. കാരണം ആ വലിയ വീട്ടിൽ മുകിലിന്റെ അച്ഛനും അമ്മയും മകൾക്ക് ഭക്ഷണം വിളമ്പികൊടുക്കാനോ, അവൾക്കൊപ്പമിരുന്ന് കഴിക്കാനോ ശ്രമിച്ചിരുന്നില്ല.. അവരവരുടെ ജോലിതിരക്കിൽ മുഴുകികൊണ്ടേ ഇരുന്നു.. വീട്ടുജോലിക്കാരി വെച്ച് സമയാസമയങ്ങളിൽ വിളമ്പിവെക്കുന്ന ഭക്ഷണം ഒറ്റക്കിരുന്നു കഴിച്ചു മടുത്തു എന്നവൾ പലവട്ടം പറഞ്ഞത് ഞാനോർത്തിരുന്നു..
ഇന്ന് ഞാനവൾക്ക് വിളമ്പികൊടുത്തത് കേവലം ഭക്ഷണം മാത്രമായിരുന്നില്ല, അതിനൊപ്പം എന്റെ സ്നേഹവുമുണ്ടായിരുന്നു.. അതാണ്‌ മുകിലിന്റെ വയറ് നിറയാനുള്ള പ്രധാന കാരണവും...
അടുക്കളയിൽ ഉപയോഗിച്ച പാത്രങ്ങളെല്ലാം ഞങ്ങൾ ഇരുവരും കൂടെയാണ് വൃത്തിയാക്കി വെച്ചത്.. അവളപ്പോഴും എന്റെ തമാശകൾ കേട്ട് പൊട്ടിചിരിക്കുന്നുണ്ടായിരുന്നു...
അവിടെനിന്നും ഇറങ്ങി ബുള്ളറ്റിൽ കയറാൻ നേരത്ത് അപ്രതീക്ഷിതമായി മുകിൽ എന്നെ കെട്ടിപിടിച്ചു കവിളിൽ ചുണ്ട് ചേർത്ത് വെച്ചു.. ആ സ്നേഹചുംബനം നൽകിയ ഊർജ്ജത്തിലാണ് ഞാൻ ബുള്ളറ്റ് പറത്തി തിരികെ വീട്ടിലെത്തിയതും..
NB: "പാതിരാത്രി ആരുമില്ലാത്തപ്പോൾ കാമുകിയുടെ വീട്ടിൽ കയറി ചോറും കറിയും വെച്ച് കൊടുത്ത്‌ അവളെ തീറ്റിച്ചു തിരികെവന്ന ഈ കഥയിലെ നായകൻ എന്തൂട്ട് പുരുഷനാടോ...? ഞാനെങ്ങാനും ആയിരുന്നെങ്കിൽ.. "
എന്നാരെങ്കിലും ഈ എഴുത്ത് വായിച്ചതിനുശേഷം ചിന്തിക്കുന്നുണ്ടെങ്കിൽ അതെന്റെ തെറ്റല്ല, നിങ്ങളുടെ ചിന്തകൾ മറ്റൊരു തലത്തിലായതുകൊണ്ടുള്ള കുഴപ്പം മാത്രമാണത്..

#കനി

കണങ്കാലിൽ കറുത്ത ചരട്കെട്ടിയ പെൺകുട്ടിയെ കുറിച്ച് ഒരു കഥ എഴുതിയാലോ എന്നാലോചിച്ചു ഉമ്മറത്തെ ചാരുകസേരയിൽ അങ്ങിനെ കണ്ണടച്ചു കിടക്കുമ്പോഴാണ് പിറകിൽ നിന്നും അമ്മയുടെ സ്വരം കേട്ടത്..
എന്താടാ.. വയ്യേ നിനക്ക്..?
ഹേയ്, ഒന്നുല്യ അമ്മേ.. ഞാൻ ഫേസ്ബുക്കിൽ ഇടാൻ പറ്റിയ ഒരു കഥയെപറ്റി ഓർക്കുവായിരുന്നു..
ഉവ്വ്.. കഥ എഴുതി അവസാനം നീയൊരു കഥയില്ലാത്തവൻ ആയി മാറാതിരുന്നാൽ മതിയാർന്നു..
അമ്മ പിറുപിറുത്തുകൊണ്ട് വീടിനുളിലേക്ക് നടന്നു പോയി..
ഈ അമ്മക്ക് എന്തറിയാം നൂറുകണക്കിന് ആരാധകരുള്ള ഒരു എഴുത്തുകാരനാണ് ഞാനെന്ന്‌ അമ്മക്ക് അറീല്യലൊ..
വീണ്ടും കണ്ണടച്ച് എന്തൊക്കെയോ അലോയ്‌ച്ചു തല പുണ്ണാക്കുമ്പോഴാണ് ഒരു കിളി നാദം തൊട്ടടുത്ത്‌ നിന്നും കേട്ടത്...
ഹായ് ബ്രോ... !
ഞെട്ടി കണ്ണ്തുറന്ന് നോക്കിയപ്പോൾ ആ കിളിനാദത്തിന്റെ ഉടമയെ കണ്ടു..
നീണ്ട് മെലിഞ്ഞു കൊലുന്നനെയുള്ള ഒരു പെൺകുട്ടി..
ജീൻസും ടീഷർട്ടും ആണ് വേഷം..
ചുമലിൽ ഒരു വല്യ ബാഗും തൂങ്ങികിടപ്പുണ്ട്..
മുന്നിൽ നിൽക്കുന്നവളുടെ മുഖം ശ്രദ്ധിച്ചപ്പോഴാണ് ആ കാഴ്ച കണ്ടത്..
അവളുടെ മേൽചുണ്ടിനു മുകളിൽ കിളിർത്തു നിൽക്കുന്ന ചെമ്പൻ രോമങ്ങൾ.. !
ഉള്ളൊന്ന് കാളി..
കനി.. !
ചെറിയൊരു നടുക്കത്തോടെ ആ പേര് മനസിലേക്ക് കടന്നുവന്നു..
**************************
ഡാ നിന്റെ അയൽക്കാരി ആ സുന്ദരികോതക്ക് മീശ ഉണ്ടല്ലേ.. ?
അമ്പലക്കുളത്തിൽ മുങ്ങാംകുഴി ഇടാൻ തയ്യാറെടുക്കുമ്പോൾ അപ്പു പിറകിൽ നിന്നും ചോദിച്ചു..
ഉം.. ഉണ്ട്, ആ ചെമ്പൻ മീശ കാണാൻ നല്ല ചേലാണ് അല്ലേ അപ്പു..
ഉം..
എന്തോ ഓർത്തു അപ്പു ഒന്ന് മൂളി..
മുങ്ങി നിവരുമ്പോൾ അപ്പു പിന്നെയും അടുത്തുവന്നു..
ഓൾടെ പേര് കനി എന്നാണല്ലേ.. ?
ആ, അതേ.. എന്താ അപ്പു കാര്യം.. ?
ഞാൻ ജിജ്ഞാസതയോടെ അപ്പുവിനെ നോക്കി..
ഡാ, മീശയുള്ള പെങ്കുട്യോൾക്ക് ഇടതു കണങ്കാലിൽ ഒരു കാക്കപുള്ളി ഉണ്ടാവും..
അപ്പു സ്വകാര്യത്തിൽ പറഞ്ഞത് കേട്ട് ഞാനൊന്ന് അതിശയിച്ചു..
ചുമ്മാ പുളുവടിക്കല്ലേ അപ്പു..
നീ കണ്ടിട്ടുണ്ടോ ഓൾടെ കാലിലെ കാക്കപുള്ളി.. ?
ഞാൻ നോക്കീട്ടില്യ ഓൾടെ കാല്.. പക്ഷെ ഇത് സത്യം ആണ്.. വേണേൽ നീ പോയി നോക്കിക്കോ.. അപ്പൊ അറിയാം..
അന്ന് രാത്രി കിടക്കുമ്പോൾ മുഴുവനും അപ്പുവിന്റെ വാക്കുകളായിരുന്നു ചെവിയിലും മനസ്സിലും..
കനി.. ഓളെ കാണാൻ നല്ല ഭംഗിയാണ്.. ചുണ്ടിന് മുകളിലെ ചെമ്പൻ രോമങ്ങൾ കനിയുടെ പ്രത്യേകതയായിരുന്നു.. അതവളുടെ അഴക് കൂട്ടിയിരുന്നു..
അതുകൊണ്ട് തന്നെയാണ് കനിയെ തന്റെ ബെസ്റ്റ് ഫ്രണ്ട്‌ ആയി തിരഞ്ഞെടുത്തതും, കാണാൻ ഭംഗിയുള്ള പെങ്കുട്യോളെ കാണുമ്പോൾ ഒരാണിന് തോന്നുന്ന ഒരിഷ്ടം ഓളോട് തോന്നിയതും,അത് മനസ്സിൽ കൊണ്ടുനടന്നതും...
പക്ഷെ ഓൾടെ ഇടത് കാലിൽ കാക്കപുള്ളി ഉണ്ടോ.. ?
ഇനിയെങ്ങാനും കനിയുടെ കാലിലെ കാക്കപുള്ളി കണ്ടിട്ടാണോ അപ്പു അങ്ങിനെ പറഞ്ഞത് ?
അതോ അവൻ ചുമ്മാ ബഡായി പറഞ്ഞതോ ?
സംശയങ്ങൾ, ആയിരമായിരം സംശയങ്ങൾ..
പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു..
രാവിലെതന്നെ എണീറ്റു കുളിയും കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ ദാ നിക്കുന്നു കനി കണ്മുൻപിൽ..
അവളുടെ കൂടെ അമ്പലത്തിലേക്ക് നടക്കുമ്പോൾ എന്റെ ശ്രദ്ധ മുഴുവനും അവളുടെ കാലിലേക്കായിരുന്നു..
വെളുത്ത ഇടത് കണങ്കാലിൽ കറുത്ത കാക്കപുള്ളി കാണുന്നുണ്ടോ.. ?
ഒരു രക്ഷയും ഇല്യ.. കനി ഉടുത്തിരിക്കുന്ന പട്ടുപാവാട ഓൾടെ കാലിനെ മൂടിപുതച്ചു കിടക്കുവാണ്.. നഖം പോലും പുറത്തുകാണാനില്ല.
ചുറ്റമ്പലം പ്രദക്ഷിണം ചെയ്യുമ്പോൾ കനിയുടെ ചുണ്ടിനുമുകളിലെ ചെമ്പൻരോമങ്ങളിൽ ഉരുണ്ടുകൂടിയ വിയർപ്പുമണികളെ അവൾ അറിയാതെ ഞാൻ ശ്രദ്ധിച്ചു..
അമ്പലത്തിൽനിന്നും പുറത്തിറങ്ങി ചെരുപ്പിടാൻ വേണ്ടി കുനിഞ്ഞപ്പോഴാണ് ആ സുവർണ്ണാവസരം ഒത്തുവന്നത്..
തൊട്ടടുത്ത്‌ നിന്നിരുന്ന കനിയുടെ പട്ടുപാവാടയുടെ തുമ്പ് അറിയാത്തമട്ടിൽ ഞാനൊന്ന് പൊന്തിച്ചു..
ആകാംഷയും പേടിയും വെപ്രാളവും കൊണ്ടാവണം കൈവിരലുകളിലൊന്ന് അറിയാതെ കനിയുടെ കാലിലൊന്നു സ്പർശിച്ചു..
ഓള് ഞെട്ടി തിരിഞ്ഞതേ ഓർമയുള്ളൂ..
പടക്കം പൊട്ടുന്ന ശബ്ദത്തിൽ നെറ്റിയിൽ എന്തോ വന്നിടിച്ചത് തൊട്ടടുത്ത്‌ കിടന്നിരുന്ന ഇഷ്ട്ടികകൊണ്ട് കനി എന്റെ നെറ്റിയിൽ അടിച്ചതാണെന്നു വളരെ വൈകിയാണ് ഞാനറിഞ്ഞത്..
കനിയുടെ കാലിൽ കാക്കപുള്ളി ഉണ്ടെന്ന് അപ്പു പറഞ്ഞപ്പോ അതൊന്ന് നോക്കാൻ വേണ്ടീട്ടാ ഞാൻ...
ചോരയൊലിക്കുന്ന നെറ്റിയും പൊത്തിപിടിച്ചു തലതാഴ്ത്തി അത്രേം പറഞ്ഞപ്പോഴേക്കും ഓള് വെട്ടിത്തിരിഞ്ഞു നടന്നു പോയി..
ആശൂത്രിയിൽ പോയി നെറ്റിയിൽ ബാൻഡേജ് ചുറ്റി ബാലചന്ദ്രമേനോനായി തിരിച്ചു വരുമ്പോ ദാ വരുന്നു അപ്പു മുഖവും പൊത്തിപിടിച്ചുകൊണ്ട്..
ന്തൂട്ടാ അപ്പു പറ്റ്യേ.. ?
ഒന്നും പറയണ്ട അളിയാ രാവിലെ ഒന്ന് വഴുതിവീണു.. നെറ്റി ഒരു കല്ലിൽ ഇടിച്ചു പൊട്ടി..
അത്രേം പറഞ്ഞപ്പോളാണ് അപ്പു എന്റെ മുഖം ശ്രദ്ധിച്ചത്..
നിന്റെ നെറ്റിൽ എന്താ പറ്റ്യേ.. ?
ഞാനും രാവിലെതന്നെ ഒന്ന് വഴുതിവീണതാ അപ്പു...
നെറ്റിയിലെ മുറിവിലെ നീറ്റലിനിടയിലും ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
ആ സംഭവം കഴിഞ്ഞു ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ കനിയും കുടുംബവും വീടിനടുത്തുനിന്നും താമസംമാറി ബാംഗ്ലൂരിലേക്ക് പോയി...
കാറിൽ കയറി പോകാൻ നേരത്ത് അപ്രതീക്ഷിതമായി കനി എന്റെ നേരെ നോക്കി..
സ്ഫടികത്തിൽ ലാലേട്ടൻ മീശ പിരിക്കുന്നത് പോലെ ഓളും ഓൾടെ ചെമ്പൻ മീശയൊന്നു പിരിച്ചുകൊണ്ട് കണ്ണുകളാൽ എന്നെയൊന്ന് വെല്ലുവിളിച്ചു...
നീണ്ട ആറുവർഷത്തെ ഇടവേളകഴിഞ്ഞു കനി വീണ്ടും വന്നിരിക്കുന്നു.. എന്തൂട്ടിനാണാവോ... ?
ഹേയ് ബ്രോ.. എന്താ അന്തംവിട്ട് കണ്ണുംമിഴിച്ചിങ്ങനെ ഇരിക്കുന്നെ, എന്നെ മനസിലായില്ലേ.. ?
അത് ചോദിക്കുമ്പോഴും ഓൾടെ നോട്ടം എന്റെ നെറ്റിയിലെ മുറിപ്പാടിലേക്കായിരുന്നു..
കാലത്തിനു മായ്ക്കാൻ പറ്റാത്ത ഒന്നായി അത് നെറ്റിയിൽ തെളിഞ്ഞ് കിടന്നിരുന്നു..
അമ്മയുടെ കൂടെ ബാഗും തൂക്കിപിടിച്ചു ചിരിച്ചുകൊണ്ട് വീടിനുള്ളിലേക്ക് കയറിയപ്പോൾ കനി ഉമ്മറത്ത്‌ അന്തംവിട്ടുനിൽകുന്ന എന്നെ പെട്ടെന്നൊന്നു തിരിഞ്ഞുനോക്കി., കണ്ണുരുട്ടി പേടിപ്പിച്ചു...
അമ്മയിൽ നിന്നാണ് ബാക്കി കാര്യങ്ങൾ ഞാനറിഞ്ഞത്..
ഓണം വെക്കേഷന് നാല് ദിവസം നാട്ടിൽ ചിലവഴിക്കാൻ എത്തിയതാണ് കനി..
വന്നിട്ടിപ്പോൾ രണ്ട്‌ ദിവസമായി...
ഓൾടെ അച്ഛൻ വീട്ടിലും അമ്മവീട്ടിലുമായി കറങ്ങി നടക്കുവായിരുന്നു.. നാളെ കഴിഞ്ഞു തിരുവോണം.. അന്ന് വൈകീട്ട് തിരിച്ചു ബാംഗ്ലൂരിലേക്ക് വണ്ടി കയറും കനി..
രണ്ട്‌ ദിവസം കനി ഇവിടെ കാണും..
അതോർത്തപ്പോൾ ഒരു കിരുകിരുപ്പ് കരളിൽ.
പിറ്റേന്ന് മുഴുവനും കനിയുമായി മുഖാമുഖം വരാതെ ഞാൻ ഒഴിഞ്ഞുമാറി നടന്നു..
പക്ഷെ തിരുവോണത്തിന്റെ അന്ന് രാവിലെ ഓള് എന്നെ കയ്യോടെ പൊക്കി..
തുടരെയുള്ള തട്ട് കേട്ട് വാതിൽ തുറന്നപ്പോൾ ദാ നിൽക്കുന്നു കണ്മുന്നിൽ കനി..
ജീൻസിനു പകരം സെറ്റ്മുണ്ടാണ് വേഷം. മുടിയിൽ മുല്ലപ്പൂവും തുളസിക്കതിരും കോർത്തിട്ടുണ്ട്..
ബ്രോ കുളിച്ചില്ലേ.. ?
ഉവ്വ്‌ എന്നമട്ടിൽ ഞാനൊന്ന് തലയാട്ടി..
ന്നാ വായോ, നമുക്കൊന്ന് അമ്പലത്തിൽ പോകാം.. ആറു വർഷം കഴിഞ്ഞു അമ്പലം കണ്ടിട്ട്..
പാടവരമ്പിലൂടെ ചിരപരിചിതയെപോലെ കനി തുള്ളിച്ചാടിനടന്നപ്പോൾ അത് കണ്ട്‌ നിശബ്ദനായി ഞാനും പിറകിലൂടെ നടന്നു..
എന്തേലും ഒക്കെ പറയ് ബ്രോ..
കനി സംസാരിക്കാൻ നിര്ബന്ധിച്ചു..
ഈ ബാംഗ്ലൂരുള്ള പെങ്കുട്യോൾ കാലിൽ ചരട് കെട്ടുമോ.. ?
എന്റെ ചോദ്യം കേട്ട് കനി നടത്തം നിർത്തി തിരിഞ്ഞു നിന്നു..
അവിടെ ചിലരുടെ കാലിൽ കറുത്ത ചരട് കാണാറുണ്ട്. അതിപ്പോഴത്തെ സ്റ്റൈൽ അല്ലേ ബ്രോ..
ഉം..
അല്ല ബ്രോ.. ഈ കാര്യമെന്താ എടുത്തുചോയ്ക്കാൻ കാരണം.. ?
ഹേയ്, ഒന്നുരണ്ട് പെങ്കുട്ട്യോൾടെ കാലിൽ കറുത്ത ചരട് കിടക്കുന്നത് ഞാൻ കണ്ടിരുന്നു.. നല്ല രസണ്ട് കാണാൻ അത്..
ഉം.. ഇപ്പോഴും കാൽനോട്ടം വിട്ടിട്ടില്ല അല്ലേ..
കനി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോ അറിയാതെ ഞാനെന്റെ നെറ്റിയിലൊന്നു തടവി..
ആറുവർഷങ്ങൾക്കു ശേഷം വീണ്ടും ഞങ്ങളൊരുമിച്ചു അമ്പലത്തിൽ കയറി..
ശ്രീകോവിലിന് മുൻപിൽ തൊഴുകയ്യോടെ നിൽക്കുമ്പോൾ കനി എന്റെ തോളൊരുമ്മി നിന്നപോലെ ഒരു തോന്നൽ..
കണ്ണടച്ച് പ്രാർത്ഥിച്ചു നിൽക്കുമ്പോൾ കനിയുടെ മൂക്കിൻ തുമ്പിൽനിന്നും ചെമ്പൻ മീശരോമങ്ങളിലേക്ക് ഉരുണ്ടിറങ്ങുന്ന വിയർപ്പ് മണികളെ ഞാൻ അസൂയയോടെ നോക്കി നിന്നു..
കണ്ണടച്ചുനിന്ന കനി പെട്ടെന്ന് ചെവിയിൽ ചുണ്ട് ചേർത്തു സ്വകര്യം പറഞ്ഞു..
ദേവി ഇരിക്കുന്നത് ശ്രീകോവിലിനുള്ളിലാണ് അങ്ങോട്ട്‌ നോക്കി പ്രാർത്ഥിക്ക്..
ചെറിയൊരു ഇളിഭ്യതയോടെ കൈകൂപ്പി കണ്ണടക്കാൻ നേരത്ത് കനിയുടെ ചുണ്ടിലൊരു പുഞ്ചിരി മിന്നിമാഞ്ഞപോലെ തോന്നി...
തൊഴുതിറങ്ങി തിരികെ വീട്ടിലേക്ക് നടക്കിമ്പോഴും കനി മുൻപിലും ഞാൻ പിറകിലും തന്നെയായിരുന്നു..
ബ്രോ എന്താ ദേവിയോട് പ്രത്യേകമായി പ്രാർഥിച്ചത്.. ?
ഏയ്‌.. അങ്ങനെ പ്രത്യേകമായി ഒന്നുല്യ.
ന്നാലും.. പറയ് ബ്രോ.
ഞാൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ കാലിൽ ചിരട് ഉണ്ടാവണേന്ന്‌ പറഞ്ഞിരുന്നു ദേവിയോട്..
അത് കൊള്ളാലോ ബ്രോ..
കനി എന്തൂട്ടാ ദേവിയോട് പ്രാർത്ഥിച്ചേ.. ?
മുൻപിൽ നടന്നിരുന്ന കനി പെട്ടെന്നൊന്നു വെട്ടിത്തിരിഞ്ഞു, എനിക്ക് അഭിമുഖമായി നിന്നു..
ചോദ്യഭാവത്തിൽ ഞാൻ കനിയുടെ മുഖത്തേക്കൊന്ന്‌ നോക്കി..
കനിയുടെ കണ്ണുകൾ എന്റെ മുഖത്തും നെറ്റിയിലെ മുറിപ്പാടിലുമായി കറങ്ങിനടന്നു..
കൊറേനാൾ മുൻപ് എന്റെ പാവാടത്തുമ്പ് പൊക്കിയതിന് ഒരുത്തനെ ഞാൻ കല്ലുവെച്ചു ഇടിച്ചിരുന്നു..
അവനെ തന്നെ കെട്ടി അവന്റെ കുഞ്ഞുങ്ങളേം പെറ്റുകൂട്ടി അവനോടു പിണങ്ങി തല്ലൂടി ഈ നാട്ടിൽതന്നെ സുഖിച്ചു ജീവിക്കാൻ കഴിയണേ ദേവി എന്നാണ് ഞാൻ പ്രാർത്ഥിച്ചേ...
കനിയുടെ ആ പ്രാർത്ഥനയുടെ അർത്ഥം ഞാൻ മനസിലാക്കി വരുമ്പോഴേക്കും ഓള് പൊട്ടിചിരിച്ചുകൊണ്ട് പാടവരമ്പിലൂടെ തുള്ളിച്ചാടി ഓടിയിട്ടുണ്ടായിരുന്നു...
അതിനിടയിലും ഞാനാ കാഴ്ച കണ്ടു...
ഓടുന്നതിനിടക്ക് കനിയുടെ സെറ്റുമുണ്ടിന്റെ തുമ്പൊന്ന് ഉലഞ്ഞപ്പോൾ ഇടത്തെ കണങ്കാലിൽ തെളിഞ്ഞു കണ്ടു....
ഒരു കാക്കപുള്ളിയും കറുത്ത ചരടും...

Sai Bro

#ബുള്ളെറ്റ്മെറിൻ



==
ഒരു നട്ടുച്ചവെയിലത്തു വീടിനടുത്തുള്ള പറമ്പിൽ പിള്ളേരുടെ ക്രിക്കറ്റ്‌ കളി കണ്ടോണ്ടിരിക്കുമ്പോഴാണ് പൂഴിമണ്ണ് നിറഞ്ഞ ഇടവഴിയിലൂടെ പടപടാ ശബ്ദത്തിൽ ഒരു ബുള്ളെറ്റ് പാഞ്ഞുപോകുന്നത് കണ്ടത്...
ഇതാരെടാ ഈ വഴിക്ക് ഇങ്ങനൊരു പോക്ക് പുവാൻ എന്ന് മനസിൽപറഞ്ഞോണ്ടു നോക്കുമ്പോ ദാ പോണ് ആ ബുള്ളെറ്റ് എന്റെ വീട്ടിലേക്ക്..
ഒരു സംശയദൃഷ്ടിയോടെ പിറകെ ഞാനും വീട്ടിലേക്ക് വെച്ചടിച്ചു...
വണ്ടി സ്റ്റാൻഡിൽ വെച്ച് ഹെൽമെറ്റ്‌ ഊരിയിറങ്ങിയ ആ രൂപത്തെ കണ്ടപ്പോൾ അടിവയറ്റിലൊരു കാളൽ..
മെറിൻ.... !!
പഴയ കളിക്കൂട്ടുകാരി..
പണ്ട് ബംഗ്ലൂരിൽ ജോലി അന്വേഷിച്ചുപോയപ്പോൾ വീണ്ടും കണ്ടുമുട്ടിയെങ്കിലും മെറിന്റെ ഈയൊരു വരവ് പ്രതീക്ഷിച്ചിരുന്നില്ല...
ബംഗ്ലൂരിൽ നിന്നും ട്രെയിൻ കയറുമ്പോൾ അവളുടെ മുഖത്ത് കണ്ട ആ ചിരി പിന്നീട്‌ പലരാത്രികളിലും എന്റെ ഉറക്കം നഷ്ടപെടുത്തിയിരുന്നു...
പിന്നെപ്പിന്നെ എല്ലാം പഴയപടി ആയി...
ഇപ്പോഴിതാ വീണ്ടും മെറിൻ കൺമുന്നിൽ നിൽക്കുന്നു...
ഇത് നിന്നെത്തേടിയുള്ള വരവാണ് എന്ന് തലച്ചോറ് ഹൃദയത്തോട് മന്ത്രിക്കുന്നുണ്ട്..
മെറിനെ പരിചയപെടുത്തിക്കൊടുത്തപ്പോൾ അമ്മക്ക് അതിശയമായി...
കുട്ടിക്കാലത്തു അരപ്പാവാടയും ബ്ലൗസും ഇട്ട് നടന്നിരുന്ന പെങ്കൊച് ഇപ്പൊ മുടി ബോയ്കട്ട് വെട്ടി, ജീൻസും ടീഷർട്ടും ഇട്ട് ബംഗ്ലൂരിൽനിന്നും ഗമണ്ടൻ ബുള്ളറ്റും ഒടിച്ചു നാട്ടിലേക്ക് വന്നത് അമ്മക്ക് അവിശ്വസനീയം ആയി തോന്നിക്കാണും...
പക്ഷെ പെട്ടെന്ന്തന്നെ അമ്മ മെറിനുമായി അടുത്തു..
അടുക്കളയിലേക്ക് വിളിച്ചുകൊണ്ടുപോയി അമ്മ അവളോട്‌ വാതോരാതെ വിശേഷങ്ങൾ ചോദിക്കുന്നതുകേട്ടപ്പോൾ ഞാൻ പതുക്കെ പുറത്തോട്ടിറങ്ങി..
ഹൃദയം ചുമ്മാ പട പടാ ഇടിക്കുന്നു...
വിലപെട്ട എന്തോ ഒന്ന് വീടിനകത്തു ഇരിപ്പുള്ളത് പോലെ..
പിന്നാമ്പുറത് ഒരു ബഹളം കേട്ട് ഓടിച്ചെന്നു നോക്കിയപ്പോൾ മെറിനും അമ്മയുംകൂടെ ഒരുതടിമാടൻ പൂവൻകോഴിയെ ഓടിച്ചിട്ട്‌ പിടിക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്..
ആഹാ, ഉച്ചക്ക് ഊണിന് നാടൻ കോഴിക്കറി ആണല്ലോ അപ്പോൾ..
ഞാൻ മനസ്സിലോർത്തു..
ഗംഭീരമായ ഊണുംകഴിച്ചു പച്ചഈർക്കിലികൊണ്ട് പല്ലുംകുത്തി ഉമ്മറത്തെ ചാരുകസേരയിൽ വയറും തടവി അങ്ങനെ ഇരിക്കുമ്പോൾ മെറിൻ അടുത്തുവന്ന്നിന്നു...
മാഷെ , നമുക്കൊന്ന് കറങ്ങിയാലോ... ?
മെറിന്റെ ചോദ്യംകേട്ട എന്റെ കണ്ണുകൾ മുറ്റത്തിരിക്കുന്ന ബുള്ളെറ്റിന് നേരെ നീണ്ടു..
എൻഫീൽഡിൽ മെറിന്റെ കൂടെ ഒരു കറക്കം..
അത് പൊളിക്കും..
അമ്മയോട് യാത്രപറഞ്ഞു മുറ്റത്തേക്കിറങ്ങിയ മെറിനോട് മടിച്ചിട്ടാണെങ്കിലും ഞാനെന്റെ ആഗ്രഹം പറഞ്ഞു..
ഇത് ഞാനൊന്ന് ഓടിച്ചോട്ടെ..... ??
മെറിനെയും പിറകിലിരുത്തി ഇടവഴിയിലൂടെ ബുള്ളെറ്റ് പറത്തുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷമായിരുന്നു ഉള്ളിൽ..
പിൻസീറ്റിൽ മെറിൻ നിശബ്ദമായിരിക്കുന്നത് കണ്ടപ്പോൾ കണ്ണാടിയിലൂടെ ഞാനൊന്ന് പാളി നോക്കി..
ചുറ്റിനും കണ്ണോടിച് ഗ്രാമത്തിന്റെ വിശുദ്ധിയും മനോഹാരിതയും ആസ്വദിക്കുകയായിരുന്നു അവളപ്പോൾ..
കുറച്ചുസമയത്തിനുശേഷം മെറിൻ സംസാരിച്ചുതുടങ്ങി..
മാഷെ , എനിക്ക് കാട് കാണണം, മലകാണണം... മലമുകളിൽ പൂത്തുനിൽക്കുന്ന വൈലറ്റ്പൂക്കൾ കാണണം..
ന്നാ പിന്നെ നമുക്ക് വണ്ടി മുന്നാറിലോട്ട് വിടാം, അവിടാവുമ്പോ ഇതൊക്കെ കാണാം..
ഓ ആയികൊട്ടെ, മുന്നാർ എങ്കിൽ മുന്നാർ, വണ്ടിവിടു മാഷെ...
യാത്രക്കിടയിൽ മെറിന്റെ മുഖം കാണാൻവേണ്ടി ഇടക്കിടെ ഞാൻ കണ്ണാടിയിലേക്ക് നോക്കുന്നത് ശ്രദ്ധിച്ചിട്ടാവണം അവൾ ചെവിക്കരുകിലേക്ക് മുഖം ചേർത്തു ചോദിച്ചു..
എന്താ നോക്കുന്നെ ?
ഒരു മൂക്കുത്തികൂടെ ഉണ്ടാരുന്നെങ്കിൽ പൊരിച്ചാനെ..
എന്റെ വാക്കുകൾ കേട്ട് ചെറുതായി ഒന്ന് ചിരിച്ചതല്ലാതെ അവളൊന്നും മറുപടി പറഞ്ഞില്ല..
കുറച്ചൂടെ മുന്നോട്ട് പോയപ്പോൾ മെറിൻ പെട്ടെന്ന് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു...
പിറകിൽനിന്നിറങ്ങി തൊട്ടടുത്ത ഷോപ്പിലേക്ക്‌ കയറിപോയ മെറിൻ പെട്ടെന്നുതന്നെ തിരിച്ചെത്തി..
ഞങ്ങൾ പിന്നേം യാത്ര തുടർന്നു...
മാഷെ, ഇങ്ങോട്ടൊന്നു നോക്ക്യേ..
മെറിന്റെ പറച്ചിൽകേട്ട് തിരിഞ്ഞു നോക്കുമ്പോ അതാ കാണുന്നു ഒരു മൂക്കുത്തികല്ല്‌..
അവളുടെ മൂക്കിൻ തുമ്പിൽ..
ഇപ്പൊ എങ്ങിനെ... പൊരിച്ചോ ?
മെറിന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു...
കിടുക്കാച്ചി ആയിട്ടാ ഇപ്പൊ..
പെട്ടെന്ന് ഒരു നീറ്റൽ അനുഭവപെട്ടു ചുമലിൽ..
മെറിൻ മുതുകിൽ പല്ല് അമർത്തിയതിന്ടെ നോവായിരുന്നു അതെന്ന് അറിയാൻ നിമിഷങ്ങളെടുത്തു...
വേദനിച്ചോ... ?
ചെവിക്ക് തൊട്ടരികിൽ ആ ചോദ്യം കേട്ടപോൾ ഇല്ല എന്ന അർത്ഥത്തിൽ ഞാനൊന്ന് തലയാട്ടി....
മറ്റേതൊ മായാലോകത്തായിരുന്നു ഞാനാ സമയത്ത്...
വഴിയരികിലെ കാഴ്ചകളും കണ്ട്‌ മൂന്നാർ എത്തിയപ്പോൾ തന്നെ സന്ധ്യയായി...
ഇന്നിവിടെ താമസിച്ചു രാവിലെ തിരിച്ചു പോയാൽ മതിയോ നമുക്കെന്ന് മെറിനാണ് എന്നോട് ചോദിച്ചത്..
അത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു ഞാൻ...
വെയിലും കൊണ്ട് കിലോമീറ്ററുകളോളം ബൈക്ക് ഓടിച്ചതിന്ടെ ക്ഷീണം എന്റെ ശരീരത്തെ ശരിക്കും തളർത്തിയിരുന്നു...
പക്ഷെ മുന്നാറിലെപ്പോൾ തണുപ്പായിരുന്നു...
ഒരു സുഖമുള്ള തണുപ്പ്...
പൈൻ മരങ്ങൾക്ക് നടുവിലെ മരത്തടി കൊണ്ട് നിർമ്മിച്ച റൂമിൽ എത്തിയപാടെ ഞാൻ ബെഡിലേക്ക് ചാഞ്ഞു...
എപ്പോഴോ കണ്ണുതുറന്നപ്പോൾ റൂമിൽ ഇരുട്ട് പടർന്നിരുന്നു...
തൊട്ടപ്പുറത്തെ ബെഡിൽ ഒരു മൂക്കുത്തി കല്ലിന്റെ പ്രകാശം ആ ഇരുട്ടിലും തിളങ്ങി നിന്നു..
പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ മലയിറങ്ങി...
യാത്രക്കിടയിലെപ്പോഴോ മെറിന്റെ കൈകൾ എന്നെ വട്ടം ചുറ്റി പിടിച്ചിരുന്നു...
നാട്ടിലെത്താറാകുന്തോറും ഒരുതരം അസ്വസ്ഥത എന്നെ പിടികൂടി തുടങ്ങി...
എന്തോ ഒന്ന് മെറിനോട് പറയാനായി ബാക്കിവെച്ചപോലെ...
ഈ യാത്ര അവസാനിക്കാതിരുന്നെങ്കിൽ....
വീട്ടിലെത്തി അധികം വൈകാതെ തന്നെ മെറിൻ തിരിച്ചുപോകാനൊരുങ്ങി.....
പോകാൻ നേരത്ത് അവളൊരുകൂട്ടം അമ്മയിൽനിന്നും ചോദിച്ചു വാങ്ങി...
ഒരു പൂവന്കോഴിയെ....
വീട്ടിൽകൊണ്ടോയി വരട്ടിയെടുക്കണം ഇവനെ,
അതുംപറഞ്ഞു ബുള്ളറ്റിൽ കയറിയ മെറിന്റെ മുഖത്തേക്ക് ഞാനൊന്നു പാളിനോക്കി..
എന്നോടൊന്നും പറയാനില്ലേ ഇവൾക്ക്.. ??
പ്രതീക്ഷ തെറ്റിയില്ല, വീടിന്ടെ പടികടക്കാൻ നേരം ബുള്ളെറ്റൊന്നു നിന്നു...
മാഷിന് ബുള്ളെറ്റ് വല്യ ഇഷ്ട്ടാണ് അല്ലേ ?
മറുപടിയൊന്നും പറയാതെ ഞാൻ വെറുതെ തലകുലുക്കി...
എന്റെ ഇഷ്ടമാണല്ലോ ഈ പടിയിറങ്ങുന്നത്...
ഇനിയൊരു പുതിയ ബുള്ളെറ്റ് മേടിക്കണ്ടാട്ടൊ, നമുക്ക് രണ്ടുപേർക്ക് പോകാൻ ഇതൊരെണ്ണണം പോരെ... ?
മെറിൻ ആ പറഞ്ഞ വാക്കിന്റെ അർത്ഥം ഞാൻ മനസിലാക്കി വരുമ്പോഴേക്കും, കണ്ണിറുക്കിയുള്ള ഒരുചിരിയും എനിക്ക് സമ്മാനിച്ച്‌ മെറിനും അവളുടെ ബുള്ളറ്റും വീടിന്ടെ പടികടന്നു അകന്നുപോയിരുന്നു....

SaiBro

#ഋതു

2/4/2017
ഒരു കൂക്കിവിളിയും പെൺകുട്ടികളുടെ കുണുങ്ങി ചിരിയും കേട്ടിട്ടാണ് കിടക്കപ്പായയിൽനിന്നും കണ്ണും തിരുമ്മി എണീറ്റത്...
ആരിത്.. എന്ന് മനസ്സിൽ പ്രാകികൊണ്ട് ഉടുമുണ്ട് തപ്പിപിടിച്ചെടുത്ത് അരയിൽചുറ്റി ശബ്ദം കേൾക്കുന്നിടത്തേക്ക് ചെന്നപ്പോൾ അതാ നിക്കുന്നു ഒരു ബറ്റാലിയൻ പെൺപിള്ളേർ എന്റെ വീടിന്റെ തെക്കേത്തൊടിയിൽ...
കുലച്ചുനിൽക്കുന്ന ചെങ്കദളി വാഴയുടെ പിന്നിൽ ഒളിച്ചിരുന്ന് ഞാൻ അവറ്റകളെ സസൂക്ഷ്മം നിരീക്ഷിച്ചു..
ഇതുവരെ കാണാത്ത മുഖങ്ങൾ...
പരിഷ്കാരികൾ ആണെന്ന് തോന്നുന്നു, എല്ലാവരും ജീൻസും ഷർട്ടുമാണ് വേഷം...
പിന്നീട് നോക്കിയപ്പോൾ അവരിൽ ഒരുത്തി താഴെ നിന്നും ഒരു കല്ലെടുക്കുന്നത് കണ്ടു,...
പിന്നീടുള്ള കാര്യങ്ങൾ ഞാനൊരു ഞെട്ടലോടെയാണ് കണ്ടത്...
ഞാൻ ആറ്റുനോറ്റു ഓമനിച്ചുവളർത്തിയ ഒട്ടുമാവിൽ ആദ്യമായി കായ്ച മാങ്ങകളെ അവൾ നിഷ്കരുണം എറിഞ്ഞു വീഴ്ത്തുന്നു...
ആ പിശാശിനു ഒടുക്കത്തെ ഉന്നം തന്നെ...
ഓരോ ഏറിനും ചറപറാ മാങ്ങകൾ ചിതറിവീഴുന്നു...
ആർപ്പ് വിളിച്ചുകൊണ്ട് അവർ എന്റെ മാങ്ങകളെ കൈക്കലാക്കുന്നു...
ഇതൊക്കെകണ്ടു രക്തം തിളച്ച ഞാൻ ദേഷ്യം തീർക്കാനായി തൊട്ടടുത്ത്‌ നിന്ന വാഴപിണ്ടിയിൽ ഒന്നമർത്തി കടിച്ചു...
വേദനകടിച്ചമർത്തിയ ആ വാഴ പിണ്ടിനീര്‌ ഗുമ ഗുമാ പുറത്തേക്ക് ഉത്പാദിപ്പിച്ചു...
എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും എന്ന ഭാവത്തിൽ ഞാൻ ആ വാഴയെനോക്കി ഒരു പുച്ഛച്ചിരി ചിരിച്ചു...
ഇതൊക്കെ നടക്കുമ്പോഴേക്കും പെൺപടകൾ മാവിൻ ചോട്ടിൽ നിന്നും അപ്രത്യക്ഷമായിരുന്നു...
" അങ്ങാടിയിൽ തോറ്റതിന് അമ്മയോട് " എന്ന പഴഞ്ചൊല്ല് ശരിവെച്ചുകൊണ്ട് ഞാനോടി അമ്മക്കരുകിലെത്തി...
അമ്മേ,... ആ പെൺപിള്ളേർ എന്റെ മാവിൽ കല്ലെറിയുന്നത് അമ്മ കണ്ടില്ലേ ?
ആരോട് ചോയ്ച്ചിട്ടാ അവറ്റകൾ അത് ചെയ്തത് ?
അമ്മ കണ്ടില്ലേ ഇതൊന്നും ?
എന്റെ മൂന്ന് ചോദ്യങ്ങൾക്ക് അമ്മ ഒരൊറ്റ ഉത്തരത്തിൽ മറുപടി നൽകി...
വാഴച്ചോട്ടിൽ ഒളിഞ്ഞിരുന്നു കാണുന്നുണ്ടാരുന്നല്ലോ എല്ലാം...
ചോയ്ക്കാൻ പാടില്ലാരുന്നോ നിനക്ക്.. ?
അതുപിന്നെ ഞാൻ... ഞാനാ വാഴ കുലച്ചോ എന്ന് നോക്കാൻ പോയതാ...
എന്നെക്കണ്ടതും അവറ്റകൾ എങ്ങോട്ടോ ഓടി മറഞ്ഞു...
ഇല്ലെങ്ങിൽ കാണാർന്നു...
ഡാ, അവര് അപ്പുറത്തെ വീട്ടിലെ നീതുന്റെ ക്ലാസ്സിൽ പഠിക്കുന്ന പിള്ളേരാ...
നമ്മുടെ അമ്പലത്തിലെ ഉത്സവത്തിന്‌ നീതു ക്ഷണിച്ചിട്ട് വന്നിരിക്കുന്നവരാ അവർ... ഒരാഴ്ച ഇവിടെ കാണൂത്രെ..
അത് ശരി, നഗരവാസികൾ ആണല്ലേ അവറ്റകൾ... വെറുതേ അല്ല ഈ കുഗ്രാമത്തിൽ ജീൻസും വലിച്ചുകേറ്റി നടക്കുന്നേ...
അത്രയും മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ അടുക്കളയിൽനിന്ന് സ്ഥലം കാലിയാക്കി
വാഴകൾക്ക് വെള്ളം നനക്കുന്നതിനിടയിൽ ഞാൻ നീതുവിന്റെ വീട്ടിലേക്ക് ഒന്നെത്തിച്ചു നോക്കി..
പരിഷ്കാരി പെൺപടകൾ മുൻവശത്തു തന്നെയുണ്ട്...
പെട്ടെന്നാണ് ഒട്ടുമാവിന് കല്ലെറിഞ്ഞ ആ ഭീകരിയുടെ നോട്ടം അപ്രതീക്ഷിതമായി എന്നിലേക്ക്‌ പതിഞ്ഞത്...
പെട്ടെന്ന് ഞാൻ നോട്ടം വാഴക്കുലയിലേക്ക് മാറ്റി...
അവറ്റകൾ അവിടിരുന്നു എന്നെനോക്കി എന്തോ കുശുകുശുക്കുന്നുണ്ടെന്ന് മനസിലാക്കിയ ഞാൻ പെട്ടെന്ന് തന്നെ വാഴത്തോപ്പിൽ നിന്നും വീടിനുള്ളിലേക്ക് പലായനം ചെയ്തു...
ഉത്സവം തുടങ്ങി മൂന്നാമ്പക്കം,
നട്ടുച്ച നേരത്ത് തണല് തേടി ഞാൻ ഒട്ടുമാവിൻ ചോട്ടിലെത്തി...
ഇലകൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന മാവിൻ ചോട്ടിൽ ഇളംകാറ്റും ഏറ്റ് അങ്ങനെ കുത്തിയിരുന്നപ്പോൾ കണ്ണുകൾ അറിയാതെ അടഞ്ഞുപോയി...
പെട്ടെന്നാണ് മരത്തിന്റെ ചില്ലകൾ ഞെരിയുന്ന ശബ്ദം കേട്ട് കണ്ണ് തുറന്നത്...
ചാടിപിടഞ്ഞു എണീറ്റു മരത്തിനു മുകളിലേക്ക് നോക്കിയപ്പോൾ ചില്ലകൾക്കിടയിൽ കയ്യിൽ മാങ്ങയുമേന്തി ഇരിക്കുന്നു ആ ഭീകരി... !!
അന്ന് കല്ലെറിഞ്ഞു മാങ്ങ വീഴ്ത്തിയവൾ, ഇന്നവൾ മാവിന്റെ മോളിൽ കേറി ഇരുന്ന് മാങ്ങ തിന്നുന്നു...
ഇത്തവണ ഞാൻ വെറുതെ ഇരുന്നില്ല, അവളെ നോക്കി ഞാൻ അലറി...
ഇറങ്ങെടീ താഴെ...
മാവിൻ ചില്ലകൾക്കിടയിലൂടെ നൂണ്ട് താഴെ എത്തിയപ്പോഴാണ് ഞാനവളെ ശരിക്കും കാണുന്നത്...
ഒട്ടും എണ്ണമയമില്ലാത്ത മുടിയിഴകൾ തലയുടെ ഉച്ചിയിൽ കെട്ടിവെച്ചിരിക്കുന്നു...
കയ്യിലോ കാതിലോ ഒരു ആഭരണം പോലുമില്ല...
ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു കുളിക്കാത്തവൾ ലുക്ക്‌...
വെടിപ്പും വൃത്തീം ഇല്ലാത്ത വർഗം ആണെന്ന് തോനുന്നു, ഞാൻ മനസ്സിൽ പറഞ്ഞു...
എന്നെനോക്കി അവൾ ഒരു വളിച്ചചിരി പാസാക്കിയപ്പോൾ ഞാനൊന്ന് ശ്രദ്ധിച്ചു...
ചിരിക്കുമ്പോൾ ആ കവിളിൽ വിരിയുന്ന വലിയ നുണക്കുഴികൾ...
ഏതൊരാണും അറിയാതെ നോക്കിപ്പോകും...
മനസിനെ സ്വയം നിയന്ത്രിച്ചുകൊണ്ട് ഞാൻ അവളെ നോക്കി പരുഷമായി ചോദിച്ചു...
തന്റെ പേരെന്താ ?
ഋതു...
മാനത്തോട്ടു നോക്കി അവൾ മറുപടി നൽകി...
നീ ആരോട് ചോദിച്ചിട്ടാ ഈ മാവിൽ കല്ലെറിഞ്ഞതും, മാങ്ങ പൊട്ടിക്കാൻ മരത്തിൽ കയറിയതും ?
മാങ്ങ കണ്ടു, പൊട്ടിച്ചു..
അവൾ വീണ്ടും അലസമായി മറുപടി നൽകി
ആഹാ, എന്നാൽ ആ തെങ്ങിന്റെ മണ്ടയിൽ കുറേ തേങ്ങാ നില്പുണ്ട് . നീയൊന്ന് പൊട്ടിച്ചേ...
ഞാൻ പറഞ്ഞതുകേട്ട ഋതു ആദ്യം തെങ്ങിലേക്കും പിന്നേ എന്നെയും ഒന്ന് നോക്കി..
തീരെ പ്രതീക്ഷിക്കാത്തതായിരുന്നു അവളുടെ അടുത്ത നീക്കം...
ഋതു ഒരു അണ്ണാനെ പോലെ തെങ്ങിൽ പറ്റിപിടിച്ചു കേറാൻ തുടങ്ങി...
ഡീ, നീ എന്തൂട്ടാ കാട്ടണേ, ഇറങ്ങെടി താഴേക്ക്‌...
ഞാൻ താഴെ നിന്ന് വിളിച്ചു പറയുന്നതൊന്നും അവൾ ശ്രദ്ധിക്കുന്നില്ല...പിന്നേം അള്ളിപ്പിടിച്ചു മുകളിലോട്ട് തന്നെ..
ഇത് കുരിശായല്ലോ ദേവ്യേ എന്ന് പറഞ്ഞു ചുറ്റും നോക്കിയപ്പോൾ അപ്പുറത്തെ പറമ്പിൽ നീതു നിൽകുന്നത് കണ്ടു...
നീതു, ഒന്ന് ഇറക്കിക്കൊണ്ട് പോടീ ഈ മാരണത്തെ...
എന്റെ ദയനീയമായ അലറൽ കേട്ടാണ് നീതു അങ്ങോട്ടേക്ക് ഓടിവന്നത്...
ഋതു, ഒന്ന് താഴേക്ക്‌ ഇറങ്ങിവായോ പ്ലീസ്..
അയാളോട് സോറി പറയാൻ പറ.. എന്നാൽ ഞാനിറങ്ങാം...
നീതുവിന്റെ കെഞ്ചൽ കേട്ട് ഋതു തെങ്ങിന്റെ മുകളിൽ ഇരുന്ന് വിളിച്ചു പറഞ്ഞു...
മനസ്സിൽ നുരഞ്ഞുപൊങ്ങിയ ദേഷ്യത്തെ സ്വയം നിയന്ത്രിച്ചു ഞാൻ തെങ്ങിൻ മുകളിരിക്കുന്ന ഋതുവിനെ നോക്കി സോറി പറഞ്ഞു...
തെങ്ങിൻ തടിയിലൂടെ താഴേക്ക്‌ ഊർന്നിറങ്ങിയ ഋതു വിജയീഭാവത്തിൽ എന്നെനോക്കി ചിരിച്ചുകൊണ്ട് നടന്നകന്നു...
ഉള്ളിൽ ദേഷ്യം നുരയുമ്പോഴും ചിരിച്ചപ്പോൾ ആ മുഖത്തു വിരിഞ്ഞ നുണക്കുഴി നോക്കി ഞാൻ മതിമറന്നു നിന്നു..
ചേട്ടാ, വേറൊന്നും കരുതരുത്.. ഒരു പ്രത്യേക സ്വഭാവക്കാരിയാ ഋതു .. ഇത്തിരി വാശി കൂടുതലാണെന്നേ ഒള്ളൂ , അവൾ പാവം കുട്ടിയാ..
നീതു കൂട്ടുകാരിക്ക് വേണ്ടി വക്കാലത്ത് പറയാനെത്തി..
ഉവ്വാ, ചൂരലുകൊണ്ട് ചന്തിക്ക് അടി കിട്ടാത്തതിന്റെ കുഴപ്പാ ആ പെണ്ണിന്..
ഞാനല്പം ദേഷ്യത്തിൽ പറഞ്ഞു...
ങേ.. ഇതുതന്നെ ആണല്ലോ ചേട്ടനെപ്പറ്റി ഋതു പറഞ്ഞതും...
നീതു ആശ്ചര്യം തുടിക്കുന്ന സ്വരത്തിൽ പറഞ്ഞു..
എന്നെപ്പറ്റിയോ... ?
അവൾ എന്താ എന്നെക്കുറിച്ച് പറഞ്ഞത്.. ?
എനിക്ക് ആകാംക്ഷ അടക്കാനായില്ല..
പത്ത് മുപ്പത് വയസായിട്ടും കല്യാണം കഴിക്കാതെ അമ്മയെ വിഷമിപ്പിക്കുന്ന ചേട്ടന്റെ മൂട്ടിൽ ചൂരലിനടിക്കണം എന്ന് ഋതു ഇന്നലെ പറഞ്ഞെ ഒള്ളു..
അതും പറഞ്ഞു ചിരിച്ചു നീതു വീട്ടിലേക്ക് ഓടി..
ഞാൻ അറിയാതെ മൂടൊന്ന്‌ തടവി..
ആ മരംകേറി പെണ്ണ് എന്റെ മൂട്ടിൽ അടിക്കോ ഇനി..
പറയാൻ പറ്റില്ല, അവളായതുകൊണ്ട് അതും ചെയ്യും...
പിറ്റേ ദിവസം പകൽ അമ്പലത്തിൽ കറങ്ങിനടന്നു വൈകീട്ട് വീട്ടിൽ തിരിച്ചെത്തി റൂമിൽ കേറിയ ഞാൻ ഒന്ന് ഞെട്ടി..
മേശപ്പുറത് അടക്കി വെച്ചിരുന്ന പുസ്തകങ്ങൾ ആരോ വാരി വലിച്ചിട്ടിരിക്കുന്നു..
സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ നിന്നും എനിക്കേറ്റവും ഇഷ്ടപെട്ട നോവൽ നഷ്ടപ്പെട്ടതായും മനസിലായി...
അമ്മയോട് തിരക്കിയപ്പോഴാണ് കാര്യങ്ങൾ മനസിലായത്...
അന്ന് പകൽ ഋതു വീട്ടിലേക്ക് വന്നിരുന്നു..
ചേട്ടന്ടെ കയ്യിൽ കുറേ ബുക്സ് ഉണ്ടെന്ന് നീതു പറഞ്ഞല്ലോ എന്നുപറഞ്ഞു അവൾ എന്റെ റൂമിലേക്ക്‌ കയറുന്നതായി കണ്ടെന്ന്‌ അമ്മ പറഞ്ഞു ...
അതൊരു പാവം പെണ്ണാ...നീയിനി ഇതും പറഞ്ഞു അതിനോട് തല്ലുകൂടാനൊന്നും പോകേണ്ട..
ഋതുവിന്‌ വേണ്ടി അമ്മയുടെ ശുപാർശ...
പുസ്തകം കാണാതായതിനെ കുറിച്ച് ഞാൻ ഋതുവിനോട് ചോദിക്കാനേ പോയില്ല...
പക്ഷെ രണ്ട് ദിവസമായി ഋതു എന്നെ എവിടെ വെച്ച് കണ്ടാലും ഒന്ന് കണ്ണിറുക്കി കാണിക്കുന്നു..
ആ കവിളിലെ നുണക്കുഴിയിലേക്ക് അവളറിയാതെ ഒന്ന് ശ്രദ്ധിക്കും എന്നല്ലാതെ ഞാനവളെ മൈൻഡ് ചെയ്യാനേ പോയില്ല..
അങ്ങനെ ഉത്സവ ദിവസം വന്നെത്തി..
നാട് മുഴുവൻ ഉത്സവലഹരിയിൽ ആറാടുമ്പോൾ ഞങ്ങൾ കുറച്ചു കൂട്ടുകാർ വീട്ടിലെ ഒട്ടുമാവിൻ ചുവട്ടിൽ ഒത്തുകൂടി..
ഒന്ന് മിനുങ്ങാൻ...
അരണ്ട വെളിച്ചത്തിൽ തണുത്ത ബിയർ ബോട്ടിൽ തുറന്ന് നുരയുന്ന ലഹരിയെ രണ്ടുകവിൽ നുകർന്നപ്പോൾ ഏപ്രിൽ മാസത്തിലെ കനത്ത ചൂട് ശരീരം വിട്ടൊഴിഞ്ഞു പോയപോലെ തോന്നി...
മനസിലും ശരീരത്തിലും ബിയറിന്റെ തണുപ്പ് പടർന്നു തുടങ്ങിയപ്പോഴാണ് മതിലിനു അപ്പുറത്ത് നിന്നും ഒരു ശബ്ദം കേട്ടപോലെ തോന്നിയത്...
ഞാനൊന്ന് ചെവി വട്ടംപിടിച്ചു.
ശൂ..., ശൂ...
ശരിയാണ് അപ്പുറത്തുനിന്നും ആരോ വിളിക്കുന്നുണ്ട്..
ആരെയും അറിയിക്കാതെ മതിലിനടുത്തേക്ക് പതുക്കെ നടന്നടുത്തപ്പോൾ ഒരു തല അപ്പുറത്ത് നിന്നും ഉയർന്നു വന്നു...
ഋതു...
ചേട്ടായി, ഇച്ചിരി ബിയർ തരോ.. ?
ഉള്ളിൽ ഒന്ന് ഞെട്ടിയെങ്കിലും അല്പനേരത്തേക്ക് ഞാനൊന്നും മറുപടി പറഞ്ഞില്ല..
കൂട്ടുകാരേ കാണിക്കാതെ ഒരു കുപ്പി ബിയർ എടുത്ത്‌ ഞാൻ വീണ്ടും മതിലിനടുത്തെത്തി..
ബിയറിന് വേണ്ടി ഋതു കൈ നീട്ടിയപ്പോൾ ഞാൻ പറഞ്ഞു..
വാ തുറക്ക്‌, ഞാൻ ഒഴിച്ച് തരാം..
ഒരു മതിലിന് അപ്പുറവും ഇപ്പുറവുമായി ഞാനും ഋതുവും..
ഇപ്പുറത്തുനിന്നു ഞാനവളുടെ വായിലേക്ക് ബിയർ ഒഴിച്ച് കൊടുത്തു..
കുപ്പി പകുതിയായപ്പോൾ ഞാനൊന്നു നിർത്തി..
ഋതു ഒന്ന് ചീറിക്കൊണ്ട് ചുണ്ട് അമർത്തി തുടച്ചു..
ചേട്ടായി നിങ്ങള്‌ മുത്താണ്, മുത്ത്ചിപ്പിയാണ്..
മതിലിൽ പിടിച്ചു ആടികൊണ്ട് അവൾ പറയുന്നുണ്ടായിരുന്നു..
ആണോ.. നന്ദി ഋതു,..
ഞാൻ മറുപടി നൽകി..
തീരെ പ്രതീക്ഷിക്കാത്തതായിരുന്നു അടുത്ത നിമിഷം സംഭവിച്ചത്...
ഏന്തിവലിഞ്ഞു മതിലിന് മുകളിലേക്ക് മുഖം കൊണ്ടുവന്ന ഋതു അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ അമർത്തി..
വാടിയ ചെമ്പകപ്പൂവിന്റെ ഗന്ധം അന്തരീക്ഷത്തിൽ പടർന്നു..
തണുത്ത ബിയർ ഉള്ളിൽ നുരയുമ്പോഴും ഞാനൊന്ന് വിയർത്തു..
അവളുടെ ചുണ്ടുകൾ അമർന്ന കവിൾത്തടത്തിൽ അറിയാതൊന്ന് വിരലോടിച്ചു..
മറ്റൊന്നും പറയാതെ തുള്ളിച്ചാടി പോകുന്ന ആ മരംകേറി പെണ്ണിനെ ഞാൻ അത്ഭുതത്തോടെ നോക്കിനിന്നു..
പ്രതീക്ഷിക്കാത്ത കാര്യങ്ങൾ പ്രവർത്തിക്കുന്ന പെൺകുട്ടി..
ഞാൻ മനസ്സിൽ ഉരുവിട്ടു..
ഉത്സവം കഴിഞ്ഞു പിറ്റേന്ന് രാവിലെ തന്നെ നീതുവിന്റെ കൂട്ടുകാരികൾ തിരിച്ചു പോകാനൊരുങ്ങി
അവർ എല്ലാവരും വീട്ടിൽ വന്ന് അമ്മയോട് യാത്ര പറഞ്ഞപ്പോൾ ഋതുവിനെ മാത്രം ആ കൂട്ടത്തിൽ കണ്ടില്ല..
ഇന്നലത്തെ സംഭവങ്ങൾ ഓർത്ത് എന്നെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ആയിരിക്കണം ഋതു ഇങ്ങോട്ട് വരാഞ്ഞത്.. ഞാൻ മനസിൽ ഓർത്തു..
എല്ലാവരും കാറിൽ കയറുമ്പോഴും എന്റെ കണ്ണുകൾ അവർക്കിടയിൽ ഋതുവിനെ തിരഞ്ഞു...
അല്ലെങ്ങിൽ വേണ്ട, അവൾ പോകുന്നത് എനിക്ക് കാണേണ്ട..
മനസ്സിൽ ഉയരുന്ന അസ്വസ്ഥതയെ കുടഞ്ഞെറിയാൻ ശ്രമിച്ചുകൊണ്ട് ഞാൻ റൂമിലേക്ക്‌ കയറി..
പെട്ടെന്ന് രണ്ട് കൈകൾ എന്നെ പിറകിലൂടെ വരിഞ്ഞു മുറുക്കി...
ആദ്യത്തെ ഞെട്ടലിനു ശേഷം ഞാനൊന്ന് ശ്വാസം വലിച്ചു വിട്ടു...
വാടിയ ചെമ്പകപൂവിന്റെ ഗന്ധം, എനിക്ക് ചുറ്റും ഒഴുകി പരക്കുന്നു...
ഋതു..
അവളാണ് പിറകിൽ എന്നോട് ചേർന്ന് നിൽക്കുന്നതെന്ന് ഞാനറിഞ്ഞു..
എനിക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ അവൾ പിറുപിറുത്തു..
പേരറിയാത്തൊരിഷ്ടം എനിക്ക് നിങ്ങളോട് തോന്നിപോയി...
ഇന്നലെ അബോധാവസ്ഥയിൽ പോലും ഞാനത് സൂചിപ്പിച്ചു...
പക്ഷെ ഈ മരംകേറി പെണ്ണ് ചേട്ടായിക്ക് ചേരില്ല അല്ലേ.. ?
അനുവാദം ചോദിക്കാതെ ഇവിടെനിന്നെടുത്ത പുസ്തകം തിരികെ വെച്ചിട്ടുണ്ട്..
അത്രയും പറഞ്ഞപ്പോഴേക്കും ഒരേങ്ങൽ അവളിൽ നിന്നും പുറത്തേക്ക് വന്നു.... പെട്ടെന്ന് തന്നെ അവളത് കടിച്ചമർത്തി...
ഷർട്ടിന്റെ പിറകുവശം നനയുന്നത് പോലെ തോന്നിയപ്പോഴാണ്, എന്നെ ചുറ്റിയിരുന്ന ഋതുവിന്റെ കൈകളിൽ പിടിച്ചു അവളെ എന്റെ മുന്നിലേക്ക്‌ നിർത്തിയത്...
കണ്ണുകൾ ചുവന്നു വീർത്തിരിക്കുന്നു..
മറ്റെങ്ങോട്ടോ അലക്ഷ്യമായി മിഴികളൂന്നി നിൽക്കുന്ന ഋതുവിനെ ഞാൻ എന്റെ മുഖത്തിനു നേരെ ബലമായി പിടിച്ചു നിർത്തി..
ഈ വിഷു കഴിയുമ്പോൾ ഞാനൊരു താലിമാല പണിയിക്കട്ടെ ഈ മരംകേറി പെണ്ണിന്റെ കഴുത്തിൽ ചാർത്തി തരാൻ.. ?
ഋതുവിന്റെ മുഖത്തുണ്ടായിരുന്ന സങ്കടം നാണം കലർന്ന പുഞ്ചിരിക്ക് വഴിമാറി കൊടുക്കുന്നത് ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു..
തുടുത്ത കവിളിൽ നുണക്കുഴി വിരിയിച്ചുകൊണ്ട് ഋതു ഒന്ന് പുഞ്ചിരിച്ചു, കണിക്കൊന്ന പൂത്തുനില്കുന്നതുപോലെ അഴകേറിയ പുഞ്ചിരി.
Sai Bro..

#നിള

#നിള
*********************

രാവിലെ എഴുന്നേറ്റു കണ്ണാടിയുടെ മുന്നിൽ നിന്നപോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടത്..
തലമുടിക്കിടയിലും താടിരോമങ്ങൾക്കിടയിലും നീണ്ട നരച്ച രോമങ്ങൾ പ്രത്യക്ഷപെട്ടിരിക്കുന്നു..
"അമ്മേ "
ആ ഭീകരശബ്ദം കേട്ട് അടുക്കളയിൽ ദോശ ചുട്ടുകൊണ്ടിരുന്ന അമ്മ കയ്യിൽ ചട്ടുകവുമായി അന്ധാളിച്ചു ഓടിവന്നു..
എന്താടാ വിളിച്ചു കൂവുന്നെ ?
ഇതുകണ്ടോ, എന്റെ തലമുടിയും താടിയും നരച്ചു..
അതിന് ?
ഞാൻ പെണ്ണ് കേട്ടീട്ടില്യ..
അതിന്?
മാങ്ങാതൊലി, ഇങ്ങനെ ചോദ്യം ചോയ്ച്ചു നീക്കാണ്ട്, എനിക്കൊരു പെണ്ണിനെ കണ്ടുപിടിച്ചു എന്റെ കല്യാണം നടത്താൻ നോക്ക്.. അമ്മക്ക് കുശുമ്പു കാണിക്കാൻ ഒരു മരുമോള് ഈ കുടുംബത്തിൽ വേണ്ടെന്നാണോ ??
എന്റെ ചോദ്യശരങ്ങൾ ഏറ്റു അമ്മ അന്തംവിട്ടു നിൽക്കുമ്പോൾ മേശയിൽനിന്നും കത്രിക കൈക്കലാക്കി തലയിലെയും താടിയിലേക്കും വെള്ളിരോമങ്ങളെ കടയടക്കം വെട്ടിമാറ്റാനുള്ള തത്രപാടിലായിരുന്നു ഞാൻ..
കുളിയും കഴിഞ്ഞു കാവിമുണ്ട്ചുറ്റി അമ്പലത്തിലേക്ക് ഓടുമ്പോഴാണ് അമ്പലം പ്രസിഡണ്ട് ഉണ്ണ്യേട്ടൻ ഇന്നലെ ഏല്പിച്ച ദൗത്യം ഓർമ്മവന്നത്..
അമ്പലത്തിൽ ഉത്സവം കൊടിയേറാൻ ഇനി കഷ്ടിച്ച് ഒരു മാസമേ ഒള്ളു.. ഈ കൊല്ലം ഒരു പുതുമയുണ്ട് ഉത്സവത്തിന്‌,.. കൊടിയേറ്റിന്ടെ അന്ന് ക്ഷേത്രത്തിന് ചുറ്റുമുള്ള വീടുകളിലെ നൂറോളം വീട്ടമ്മമാർ പങ്കെടുക്കുന്ന ഒരു മെഗാ തിരുവാതിരക്കളി അമ്പലംകമ്മിറ്റി ഒരുക്കിയിട്ടുണ്ട്.. ചേച്ചിമാരെ തിരുവാതിര പഠിപ്പിക്കുന്നതിനായി പ്രശസ്തയായ ഒരു നൃത്ത അദ്ധ്യാപികയെ കണ്ടെത്തുകയും ചെയ്തു പ്രസിണ്ടന്റ് ഉണ്ണ്യേട്ടൻ.
ആഴ്ചയിൽ നാല് ദിവസം ടീച്ചറെ വീട്ടിൽനിന്നും അമ്പലത്തിൽ എത്തിക്കുകയും തിരികെ കൊണ്ട് വിടുകയും വേണം.. ആ ഉത്തരവാദിത്വം പ്രത്യേകിച്ച് ജോലിയും കൂലിയും ഇല്ലാത്ത എനിക്കാണ് ഉണ്യേട്ടൻ ഏല്പിച്ചു തന്നിരിക്കുന്നത്..
അമ്പലത്തിലെത്തി ഉണ്യേട്ടന്റെ കയ്യിൽനിന്നും കാറിന്റെ ചാവിയും വാങ്ങി ടീച്ചറുടെ വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോഴാണ് സൈഡ് സീറ്റിൽ കിടന്നിരുന്ന ഉത്സവ നോട്ടീസ് കണ്ടത്..
നോട്ടീസിലേക്ക് കണ്ണ് പരതിയപ്പോൾ നൃത്ത അധ്യാപികയുടെ പേര് കണ്ടു..
" നിള "
ആഹാ, കൊള്ളാലോ പേര്..
ഒന്ന്‌രണ്ട്‌ തവണ വഴി തെറ്റിയെങ്കിലും പറഞ്ഞ സമയത്ത്തന്നെ കാർ ടീച്ചറുടെ വീടിന് മുൻപിൽ എത്തിച്ചപ്പോൾ ഞാനെന്ടെ ഡ്രൈവിങ്ങിൽ ഒന്ന് അഹങ്കരിച്ചു..
ഹോൺ നീട്ടിമുഴക്കി അതികം കാത്തിരിക്കേണ്ടി വന്നില്ല ടീച്ചർ ആയിരിക്കണം ഒരു സ്ത്രീ ഓടിവന്നു ഗേറ്റ് തുറന്ന് കാറിന്റെ പിറകിൽ കയറി..
സോറിട്ടോ, അല്പം താമസിച്ചതിൽ ക്ഷമിക്കണം, വണ്ടി കത്തിച്ചു വിട്ടോ മാഷെ...
അത് കേട്ടപ്പോൾ കണ്ണാടിയിലൂടെ പിറകിൽ ഇരിക്കുന്നവളെ ഞാനൊന്നു നോക്കി..
നൃത്തദ്ധ്യാപിക എന്ന് കേട്ടപ്പോൾ ഏകദേശം നാൽപത് വയസ് കഴിഞ്ഞ മദ്ധ്യവയസ്കയുടെ രൂപമായിരുന്നു മനസ്സിൽ..
എന്റെ എല്ലാ മുൻധാരണകളേയും തകിടംമറിച്ചായിരുന്നു നിള ടീച്ചറുടെ വരവ്..
ഏകദേശം ഇരുപത്തിയഞ്ചു വയസ് കാണും ടീച്ചർക്ക്‌, വട്ടമുഖം, നെറ്റിയിൽ വൃത്താകൃതിയിലുള്ള ചുവന്ന പൊട്ട്, കരിമഷി എഴുതിയ പരൽമീൻ കണ്ണുകൾ, അണിഞ്ഞിരിക്കുന്ന ചുവന്ന സാരി അവരുടെ സൗന്ദര്യത്തെ ജ്വലിപ്പിക്കുന്നതുപോലെ..
ഒന്നൂടെ ശ്രദ്ധിച്ചപ്പോൾ ടീച്ചർടെ മുഖത്തു പാറി പറന്ന്കിടക്കുന്ന മുടിയിഴകളിൽ പലതും വെള്ളിനൂൽ പോലെ നരച്ചിരിക്കുന്നതായി കണ്ടു..
ആഹാ, ന്നാ ശരി, ഞാനും വളർത്താൻ പുവാ ഇനി നരച്ച മുടിയും തടീം,.. ഞാൻ മനസിൽ പറഞ്ഞു..
അമ്പലമുറ്റത്തെത്തിയപ്പോൾ ഉണ്ണ്യേട്ടൻ നിറചിരിയോടെ നിള ടീച്ചറെ സ്വാഗതം ചെയ്തു..
ഇങ്ങോട്ടുള്ള യാത്ര ടീച്ചറെ ക്ഷീണിപിച്ചു കാണില്ലെന്ന് വിശ്വസിക്കുന്നു എന്ന് ഉണ്യേട്ടൻ കുശലം പറഞ്ഞപ്പോൾ വളരെ സിംപിൾ ആയിത്തന്നെ ടീച്ചറുടെ മറുപടി വന്നു..
കാർ ഡ്രൈവ് ചെയ്ത പുള്ളിക്ക് പിറകിലും കണ്ണുള്ളതുകൊണ്ട് യാത്ര വളരെ ആസ്വദിച്ചു.. ഒട്ടും മുഷിച്ചിൽ തോന്നിയില്ല ട്ടോ..
അത്കേട്ട് ഉണ്ണ്യേട്ടൻടെ കൂർത്തനോട്ടം എനിക്കുനേരെ നീണ്ടപ്പോൾ താനേ തലകുനിഞ്ഞു..
അപ്പൊ കണ്ടൂലെ ടീച്ചറെ ഞാൻ കണ്ണാടിയിലൂടെ നോക്കിയത്.. കാണാൻ ഭംഗി ഉള്ളോണ്ടല്ലേ നോക്കിയത്, അതിലെന്താ തെറ്റ്, ഞാൻ ഇനീം നോക്കും..
അത്രേം മനസ്സിൽ പറഞ്ഞോണ്ട് ഞാനെന്റെ പാട്ടിനുപോയി..
നിള ടീച്ചറുടെ കീഴിൽ അമ്മമാരുടെയും ചേച്ചിമാരുടെയും തിരുവാതിരകളി പഠനം കേമം തന്നെ ആർന്നു.. ടീച്ചറുടെ കൈവിരലുകളിൽ മുദ്രകൾ വിരിയുന്നത് മറ്റുള്ളവർക്കൊപ്പം നിന്ന് ആരാധനയോടെ ഞാനും നോക്കി കണ്ടു.. ടീച്ചറുടെ സൗന്ദര്യവും ഹൃദയം തുറന്നുള്ള പെരുമാറ്റവും ഞങ്ങളുടെ നാട്ടുകാർക്കെല്ലാർക്കും അവരെ പ്രിയങ്കരി ആക്കി മാറ്റി..
പിറകിലും കണ്ണുള്ളവൻ എന്ന് ആദ്യമേ വിശേഷിപ്പിച്ചതുകൊണ്ടാവണം നിളടീച്ചറോട് സംസാരിക്കാൻ മടിയായിരുന്നു എനിക്ക്.. കാറിൽ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രകളിൽ എന്നും നിശ്ശബ്ദതയായിരുന്നു ഞങ്ങൾക്കിടയിൽ..
ഒരൂസം രണ്ടുംകല്പിച്ചു ഞാൻ ടീച്ചറോട് സംസാരിച്ചു തുടങ്ങി.. എന്റെ വാ തുറക്കാൻ കാത്തുനിന്നതുപോലെയായിരുന്നു നിള ടീച്ചർ.. ചറപറാ സംസാരമായിരുന്നു ഞങ്ങൾതമ്മിൽ പിന്നങ്ങോട്ട്..
ടീച്ചറുടെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചുപോയി എന്നും വീട്ടിൽ അമ്മ മാത്രേ ഒള്ളു എന്നും അതിനിടയിൽ ഞാൻ മനസിലാക്കി
അല്ല മാഷെ, തന്റെ തലയിലും താടിയിലും കൊറേ നര വീണിട്ടുണ്ടല്ലോ, വയസ്സ് കൊറേ ആയോ, അതോ ഇതാണോ ഇപ്പോഴത്തെ ട്രെന്റ് ?
പിറകിൽനിന്നും ടീച്ചറുടെ ചോദ്യം കേട്ടപ്പോഴാണ് കണ്ണാടിയിൽ ഞാൻ മുഖം ശ്രദ്ധിച്ചത്..
ശരിയാണ്, താടിയിലും തലയിലും നരച്ച മുടിയിഴകൾ ഒരുപാടായി..
അല്ല ടീച്ചറെ, ഇങ്ങടെ തലയിലും വെള്ളിനൂലുകൾ ഒരുപാടായല്ലോ എന്ന് ഞാനൊരു മറുചോദ്യം ഉയർത്തിയപ്പോൾ ടീച്ചർ മറുപടിപറയാതെ വെറുതെയൊന്നു പുഞ്ചിരിച്ചു..
എന്തൊക്കെയായാലും ആ വെള്ളിനൂലുകൾ ടീച്ചറുടെ ഭംഗി കൂട്ടിയിട്ടേ ഒള്ളൂട്ടോ..
ആണോ, ഞാനിത് പിഴുതു കളയണം എന്നോർത്തിരിക്കുവായിരുന്നു, ഇനീപ്പോ അത് അവിടെത്തന്നെ ഇരിക്കട്ടെ, കളയുന്നില്ല..
പിറകിൽ നിന്നും ടീച്ചറുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സ് നിറഞ്ഞപോലെ..
എത്ര ദിവസായി വീടിന്റെ പടിവരെ വന്നുപോകുന്നു, ഇന്നേതായാലും വീട്ടിൽ കയറീട്ടു പൂവാം..
ടീച്ചറുടെ ആ ക്ഷണം നിരസിക്കാൻ മനസ്സ് അനുവദിച്ചില്ല, അതുകൊണ്ടുതന്നെ ഒഴിവുകഴിവുകൾ പറയാൻ നിൽക്കാതെ ടീച്ചറുടെ പിറകെ വീട്ടിലേക്ക് നടന്നു..
വൃത്തീം വെടിപ്പുമുളള ഒരു ചെറിയ വീട്, ടീച്ചറെപ്പോലെ തന്നെയായിരുന്നു ടീച്ചറുടെ അമ്മയും.. ഹൃദ്യമായ പെരുമാറ്റം.. ടീച്ചർഅകത്തോട്ടു പോയപ്പോൾ അമ്മ എനിക്കൊപ്പം തിണ്ണയിലിരുന്നു ഏറെ നേരം സംസാരിച്ചു..
അടുക്കളയിൽ അല്പം പായസം ഇരുപ്പുണ്ടെന്നും അത് ഒരുഗ്ലാസ്സ് കഴിച്ചിട്ട് പോയാൽ മതിയെന്നും അമ്മ പറഞ്ഞപ്പോൾ ഒരു ഗമക്ക് വേണ്ടി ഞാനത് സ്നേഹപൂർവ്വം നിരസിച്ചു.
അത് അമ്മക്ക് വിഷമം ആയെന്നു തോന്നുന്നു, മുഖം അല്പം വാടിയതുപോലെ..
എന്തൂട്ട് പായസാ അമ്മേ, പാലട ആണോ ?
അപ്പുറത്തുനിന്നും ഉയർന്ന ടീച്ചറുടെ ചോദ്യത്തിന് അതെ എന്ന് അമ്മ മറുപടി നൽകിയതോടെ എന്റെ വായ്ക്കകത്ത് തിരമാല അടിച്ചു തുടങ്ങി..
'പാലട പ്രഥമൻ ' എന്റെ ഒടുക്കത്തെ വീക്ക് പോയന്റ്.. ഈശ്വരാ ഇതാണോ ഇത്രേംനേരം ഞാൻ വേണ്ടാന്ന് പറഞ്ഞത്..
എന്റെ മനസ്സ് വായിച്ചിട്ടെന്നോണം ഒരു ഗ്ലാസ്‌ നിറയെ പായസവുമായി അമ്മ അരികിലെത്തി.. അമ്മ അടുത്തൂന്നു മാറിയതും ഒറ്റവലിക്ക് ഗ്ലാസ്‌ ഞാൻ കാലിയാക്കി.. പോരാഞ്ഞിട്ട് ചൂണ്ടുവിരൽ ഗ്ലാസ്സിനകത്തിട്ടു കറക്കി വിരലിൽ പറ്റിപ്പിടിച്ചിരിക്കുന്ന പായസതുള്ളിയെ നാവുകൊണ്ട് നക്കിയെടുക്കുമ്പോൾ അതാ തൊട്ടുമുമ്പിൽ
"നിള ടീച്ചർ "
ഇനീം വേണോ പായസം ?
ടീച്ചറുടെ ചോദ്യം കേട്ടപ്പോൾ അറിയാതെ വേണം എന്ന അർത്ഥത്തിൽ തലയാട്ടിപോയി..
എന്തിനുപറയുന്നു നാല് ഗ്ലാസ്‌ പാലടപ്രഥമൻ കുടിപ്പിച്ചു വയറും നിറപ്പിച്ചാണ് നിളടീച്ചർ അന്ന് വീട്ടിൽനിന്നും എന്നെ പറഞ്ഞയച്ചത്..
തിരികെ കാറോടിക്കുമ്പോൾ പായസം കുടിച്ചുവീർത്ത എന്റെ വയറും ആ സന്തോഷത്താൽ നിറഞ്ഞ ഹൃദയവും എന്നോട് മന്ത്രിച്ചു..
നീ നിളയെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു..
അമ്പലത്തിൽ കൊടിയേറ്റു കഴിഞ്ഞതും ചെറിയൊരു കരിമരുന്നു പ്രയോഗത്തിന് പിറകെ തിരുവാതിരക്കളി ആരംഭിച്ചു.. അന്തരീക്ഷത്തിൽ ഉയർന്ന തിരുവാതിരപാട്ടിനൊപ്പം സെറ്റ്മുണ്ടുടുത്ത ചേച്ചിമാരുടെ ദ്രുത ചലങ്ങൾ..
നാട്ടുകാർക്കൊപ്പം തിരുവാതിരക്കളി ആസ്വദിച്ചിരിക്കുന്ന നിളടീച്ചറുടെ തൊട്ടുപിറകിൽ ഞാനും ഇരിപ്പുണ്ടായിരുന്നു...
വെള്ളിനൂലുകൾ പോലെ പറക്കുന്ന ആ നീണ്ട മുടിയിഴകളിൽനിന്നും ഉത്ഭവിക്കുന്ന കാച്ചിയ എണ്ണയുടെ ഗന്ധവും ആസ്വദിച്ചുകൊണ്ട്..
പറഞ്ഞതിലും കൂടുതൽ തുക ദക്ഷിണ നൽകിയാണ് ഉണ്ണ്യേട്ടനും നാട്ടുകാരും നിളടീച്ചറെ അന്ന് യാത്രയാക്കിയത്.. അത്രക്കും ഗംഭീരമായിരുന്നു തിരുവാതിരക്കളി..
തിരിച്ചു വീട്ടിലോട്ടുള്ള യാത്രയിൽ ടീച്ചർ പതിവില്ലാതെ എനിക്കൊപ്പം കാറിനു മുൻസീറ്റിൽ ഇരുപ്പുറപ്പിച്ചു.പരിപാടി നന്നായതുകൊണ്ടാവാം ടീച്ചർ പതിവിൽകവിഞ്ഞു ആഹ്ലാദവതിയായിരുന്നു..
പക്ഷെ എന്റെ ഇടനെഞ്ഞിൽ എന്തോ ഒരു സങ്കടം.. കരിങ്കല്ല് കയറ്റിവച്ചിരിക്കുന്നതു പോലൊരു ഭാരം.. ഉള്ളിലെ ഇഷ്ടം നിളയോട് പറയണം എന്നുണ്ട്, പക്ഷെ മനസിന്‌ ധൈര്യം പോരാ..
ഉള്ളിൽ ഒരു വീർപ്പുമുട്ടലോടെ ഞാനിരുന്നു ടീച്ചറുടെ വീടിന്റെ പടി എത്തുംവരെ.
'അമ്പലത്തിൽ കയറി തൊഴുതപ്പോൾ കുറി വരയ്ക്കാൻ മറന്നു പോയി, മാഷിന്റെ നെറ്റിയിലെ ചന്ദനം കണ്ടപ്പോഴാണ് അതോർമ്മവന്നത്..'
കാറിൽ നിന്നും ഇറങ്ങാൻ നേരത്ത് എന്റെ നെറ്റിയിലേക്ക് നോക്കി നിളടീച്ചർ പതിയെ പറഞ്ഞു..
ഒരു നിമിഷം, പെട്ടെന്ന് തോന്നിയ ഒരാവേശത്തിനു ഞാനൊന്ന് മുന്നോട്ടാഞ്ഞു നിളയുടെ നെറ്റിതടം എന്റെ നെറ്റിയിലേക്ക് ചേർത്തു പിടിച്ചു..
നാസികകൾ ചേർന്നുരുമ്മി, അധരം അധരത്തോട് ചേരാതെ ചേർന്നു, ചുടു നിശ്വാസം ഇരു കവിൾതടങ്ങളും ഏറ്റുവാങ്ങി.. എന്റെ നെറ്റിയിലെ ചന്ദനവും കുങ്കുമവും നിളയുടെ നെറ്റിയിൽ പടർന്നു..
**************************

അച്ഛാ, ഈ അമ്മേടെ മുടിമുഴുവനും എന്താ ഇങ്ങനെ വെളുത്തിരിക്കണേ ?
മൂന്ന് വയസുള്ള കടിഞ്ഞൂൽ പുത്രിയുടെ സംശയംകേട്ട് ഞാൻ അടുക്കളയിൽ പായസം ഇളക്കികൊണ്ടിരിക്കുന്ന പ്രിയതമയുടെ നരച്ചമുടിയിഴകളെ നോക്കിയൊന്നു പുഞ്ചിരിച്ചു..
അത് അമ്മക്ക് വയസായത്‌കൊണ്ടാ മോളു..
അപ്പൊ അച്ഛന്ടെ മുടി വെളുത്തിട്ടില്ലലോ, അച്ഛന് വയസാവൂലെ ?
ഏയ്‌, നിന്റെ അമ്മയെപ്പോലെ ഈ അച്ഛന് വയസായിട്ടില്ല, അച്ഛനിപ്പോഴും ചെത്ത്‌ പയ്യനല്ലേ മോളു..
ഉവ്വാ, തലനിറയെ കറുത്തകളറും തേച്ചു നടക്കുവാ കിഴവൻ, എന്നിട്ട് എന്നെ കുറ്റം പറയാൻ വന്നേക്കുന്നു..അച്ഛനും മോളും ഇങ്ങുവാ പാലടപായസം ചോദിച്ചു.. ശരിയാക്കി തരാം..
അടുക്കളയിൽനിന്നും നിളയുടെ പിറുപിറുക്കൽ ഉയരുമ്പോൾ ഉമ്മറകോലായിലെ തറയിൽ കുഞ്ഞികാലടികൾ ഉറപ്പിച്ചുചവിട്ടി, കൈ വിരലുകളിൽ മുദ്രകൾ വിരിയിക്കാൻ ശ്രമിക്കുന്ന ഞങ്ങളുടെ പോന്നുമോളുടെ തിരുവാതിരക്കളി ചുവടുകൾ ആസ്വദിക്കുകയായിരുന്നു ഞാൻ..

Sai

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo