Showing posts with label സായിബ്രോ. Show all posts
Showing posts with label സായിബ്രോ. Show all posts

#നിള

#നിള
*********************

രാവിലെ എഴുന്നേറ്റു കണ്ണാടിയുടെ മുന്നിൽ നിന്നപോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടത്..
തലമുടിക്കിടയിലും താടിരോമങ്ങൾക്കിടയിലും നീണ്ട നരച്ച രോമങ്ങൾ പ്രത്യക്ഷപെട്ടിരിക്കുന്നു..
"അമ്മേ "
ആ ഭീകരശബ്ദം കേട്ട് അടുക്കളയിൽ ദോശ ചുട്ടുകൊണ്ടിരുന്ന അമ്മ കയ്യിൽ ചട്ടുകവുമായി അന്ധാളിച്ചു ഓടിവന്നു..
എന്താടാ വിളിച്ചു കൂവുന്നെ ?
ഇതുകണ്ടോ, എന്റെ തലമുടിയും താടിയും നരച്ചു..
അതിന് ?
ഞാൻ പെണ്ണ് കേട്ടീട്ടില്യ..
അതിന്?
മാങ്ങാതൊലി, ഇങ്ങനെ ചോദ്യം ചോയ്ച്ചു നീക്കാണ്ട്, എനിക്കൊരു പെണ്ണിനെ കണ്ടുപിടിച്ചു എന്റെ കല്യാണം നടത്താൻ നോക്ക്.. അമ്മക്ക് കുശുമ്പു കാണിക്കാൻ ഒരു മരുമോള് ഈ കുടുംബത്തിൽ വേണ്ടെന്നാണോ ??
എന്റെ ചോദ്യശരങ്ങൾ ഏറ്റു അമ്മ അന്തംവിട്ടു നിൽക്കുമ്പോൾ മേശയിൽനിന്നും കത്രിക കൈക്കലാക്കി തലയിലെയും താടിയിലേക്കും വെള്ളിരോമങ്ങളെ കടയടക്കം വെട്ടിമാറ്റാനുള്ള തത്രപാടിലായിരുന്നു ഞാൻ..
കുളിയും കഴിഞ്ഞു കാവിമുണ്ട്ചുറ്റി അമ്പലത്തിലേക്ക് ഓടുമ്പോഴാണ് അമ്പലം പ്രസിഡണ്ട് ഉണ്ണ്യേട്ടൻ ഇന്നലെ ഏല്പിച്ച ദൗത്യം ഓർമ്മവന്നത്..
അമ്പലത്തിൽ ഉത്സവം കൊടിയേറാൻ ഇനി കഷ്ടിച്ച് ഒരു മാസമേ ഒള്ളു.. ഈ കൊല്ലം ഒരു പുതുമയുണ്ട് ഉത്സവത്തിന്‌,.. കൊടിയേറ്റിന്ടെ അന്ന് ക്ഷേത്രത്തിന് ചുറ്റുമുള്ള വീടുകളിലെ നൂറോളം വീട്ടമ്മമാർ പങ്കെടുക്കുന്ന ഒരു മെഗാ തിരുവാതിരക്കളി അമ്പലംകമ്മിറ്റി ഒരുക്കിയിട്ടുണ്ട്.. ചേച്ചിമാരെ തിരുവാതിര പഠിപ്പിക്കുന്നതിനായി പ്രശസ്തയായ ഒരു നൃത്ത അദ്ധ്യാപികയെ കണ്ടെത്തുകയും ചെയ്തു പ്രസിണ്ടന്റ് ഉണ്ണ്യേട്ടൻ.
ആഴ്ചയിൽ നാല് ദിവസം ടീച്ചറെ വീട്ടിൽനിന്നും അമ്പലത്തിൽ എത്തിക്കുകയും തിരികെ കൊണ്ട് വിടുകയും വേണം.. ആ ഉത്തരവാദിത്വം പ്രത്യേകിച്ച് ജോലിയും കൂലിയും ഇല്ലാത്ത എനിക്കാണ് ഉണ്യേട്ടൻ ഏല്പിച്ചു തന്നിരിക്കുന്നത്..
അമ്പലത്തിലെത്തി ഉണ്യേട്ടന്റെ കയ്യിൽനിന്നും കാറിന്റെ ചാവിയും വാങ്ങി ടീച്ചറുടെ വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോഴാണ് സൈഡ് സീറ്റിൽ കിടന്നിരുന്ന ഉത്സവ നോട്ടീസ് കണ്ടത്..
നോട്ടീസിലേക്ക് കണ്ണ് പരതിയപ്പോൾ നൃത്ത അധ്യാപികയുടെ പേര് കണ്ടു..
" നിള "
ആഹാ, കൊള്ളാലോ പേര്..
ഒന്ന്‌രണ്ട്‌ തവണ വഴി തെറ്റിയെങ്കിലും പറഞ്ഞ സമയത്ത്തന്നെ കാർ ടീച്ചറുടെ വീടിന് മുൻപിൽ എത്തിച്ചപ്പോൾ ഞാനെന്ടെ ഡ്രൈവിങ്ങിൽ ഒന്ന് അഹങ്കരിച്ചു..
ഹോൺ നീട്ടിമുഴക്കി അതികം കാത്തിരിക്കേണ്ടി വന്നില്ല ടീച്ചർ ആയിരിക്കണം ഒരു സ്ത്രീ ഓടിവന്നു ഗേറ്റ് തുറന്ന് കാറിന്റെ പിറകിൽ കയറി..
സോറിട്ടോ, അല്പം താമസിച്ചതിൽ ക്ഷമിക്കണം, വണ്ടി കത്തിച്ചു വിട്ടോ മാഷെ...
അത് കേട്ടപ്പോൾ കണ്ണാടിയിലൂടെ പിറകിൽ ഇരിക്കുന്നവളെ ഞാനൊന്നു നോക്കി..
നൃത്തദ്ധ്യാപിക എന്ന് കേട്ടപ്പോൾ ഏകദേശം നാൽപത് വയസ് കഴിഞ്ഞ മദ്ധ്യവയസ്കയുടെ രൂപമായിരുന്നു മനസ്സിൽ..
എന്റെ എല്ലാ മുൻധാരണകളേയും തകിടംമറിച്ചായിരുന്നു നിള ടീച്ചറുടെ വരവ്..
ഏകദേശം ഇരുപത്തിയഞ്ചു വയസ് കാണും ടീച്ചർക്ക്‌, വട്ടമുഖം, നെറ്റിയിൽ വൃത്താകൃതിയിലുള്ള ചുവന്ന പൊട്ട്, കരിമഷി എഴുതിയ പരൽമീൻ കണ്ണുകൾ, അണിഞ്ഞിരിക്കുന്ന ചുവന്ന സാരി അവരുടെ സൗന്ദര്യത്തെ ജ്വലിപ്പിക്കുന്നതുപോലെ..
ഒന്നൂടെ ശ്രദ്ധിച്ചപ്പോൾ ടീച്ചർടെ മുഖത്തു പാറി പറന്ന്കിടക്കുന്ന മുടിയിഴകളിൽ പലതും വെള്ളിനൂൽ പോലെ നരച്ചിരിക്കുന്നതായി കണ്ടു..
ആഹാ, ന്നാ ശരി, ഞാനും വളർത്താൻ പുവാ ഇനി നരച്ച മുടിയും തടീം,.. ഞാൻ മനസിൽ പറഞ്ഞു..
അമ്പലമുറ്റത്തെത്തിയപ്പോൾ ഉണ്ണ്യേട്ടൻ നിറചിരിയോടെ നിള ടീച്ചറെ സ്വാഗതം ചെയ്തു..
ഇങ്ങോട്ടുള്ള യാത്ര ടീച്ചറെ ക്ഷീണിപിച്ചു കാണില്ലെന്ന് വിശ്വസിക്കുന്നു എന്ന് ഉണ്യേട്ടൻ കുശലം പറഞ്ഞപ്പോൾ വളരെ സിംപിൾ ആയിത്തന്നെ ടീച്ചറുടെ മറുപടി വന്നു..
കാർ ഡ്രൈവ് ചെയ്ത പുള്ളിക്ക് പിറകിലും കണ്ണുള്ളതുകൊണ്ട് യാത്ര വളരെ ആസ്വദിച്ചു.. ഒട്ടും മുഷിച്ചിൽ തോന്നിയില്ല ട്ടോ..
അത്കേട്ട് ഉണ്ണ്യേട്ടൻടെ കൂർത്തനോട്ടം എനിക്കുനേരെ നീണ്ടപ്പോൾ താനേ തലകുനിഞ്ഞു..
അപ്പൊ കണ്ടൂലെ ടീച്ചറെ ഞാൻ കണ്ണാടിയിലൂടെ നോക്കിയത്.. കാണാൻ ഭംഗി ഉള്ളോണ്ടല്ലേ നോക്കിയത്, അതിലെന്താ തെറ്റ്, ഞാൻ ഇനീം നോക്കും..
അത്രേം മനസ്സിൽ പറഞ്ഞോണ്ട് ഞാനെന്റെ പാട്ടിനുപോയി..
നിള ടീച്ചറുടെ കീഴിൽ അമ്മമാരുടെയും ചേച്ചിമാരുടെയും തിരുവാതിരകളി പഠനം കേമം തന്നെ ആർന്നു.. ടീച്ചറുടെ കൈവിരലുകളിൽ മുദ്രകൾ വിരിയുന്നത് മറ്റുള്ളവർക്കൊപ്പം നിന്ന് ആരാധനയോടെ ഞാനും നോക്കി കണ്ടു.. ടീച്ചറുടെ സൗന്ദര്യവും ഹൃദയം തുറന്നുള്ള പെരുമാറ്റവും ഞങ്ങളുടെ നാട്ടുകാർക്കെല്ലാർക്കും അവരെ പ്രിയങ്കരി ആക്കി മാറ്റി..
പിറകിലും കണ്ണുള്ളവൻ എന്ന് ആദ്യമേ വിശേഷിപ്പിച്ചതുകൊണ്ടാവണം നിളടീച്ചറോട് സംസാരിക്കാൻ മടിയായിരുന്നു എനിക്ക്.. കാറിൽ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രകളിൽ എന്നും നിശ്ശബ്ദതയായിരുന്നു ഞങ്ങൾക്കിടയിൽ..
ഒരൂസം രണ്ടുംകല്പിച്ചു ഞാൻ ടീച്ചറോട് സംസാരിച്ചു തുടങ്ങി.. എന്റെ വാ തുറക്കാൻ കാത്തുനിന്നതുപോലെയായിരുന്നു നിള ടീച്ചർ.. ചറപറാ സംസാരമായിരുന്നു ഞങ്ങൾതമ്മിൽ പിന്നങ്ങോട്ട്..
ടീച്ചറുടെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചുപോയി എന്നും വീട്ടിൽ അമ്മ മാത്രേ ഒള്ളു എന്നും അതിനിടയിൽ ഞാൻ മനസിലാക്കി
അല്ല മാഷെ, തന്റെ തലയിലും താടിയിലും കൊറേ നര വീണിട്ടുണ്ടല്ലോ, വയസ്സ് കൊറേ ആയോ, അതോ ഇതാണോ ഇപ്പോഴത്തെ ട്രെന്റ് ?
പിറകിൽനിന്നും ടീച്ചറുടെ ചോദ്യം കേട്ടപ്പോഴാണ് കണ്ണാടിയിൽ ഞാൻ മുഖം ശ്രദ്ധിച്ചത്..
ശരിയാണ്, താടിയിലും തലയിലും നരച്ച മുടിയിഴകൾ ഒരുപാടായി..
അല്ല ടീച്ചറെ, ഇങ്ങടെ തലയിലും വെള്ളിനൂലുകൾ ഒരുപാടായല്ലോ എന്ന് ഞാനൊരു മറുചോദ്യം ഉയർത്തിയപ്പോൾ ടീച്ചർ മറുപടിപറയാതെ വെറുതെയൊന്നു പുഞ്ചിരിച്ചു..
എന്തൊക്കെയായാലും ആ വെള്ളിനൂലുകൾ ടീച്ചറുടെ ഭംഗി കൂട്ടിയിട്ടേ ഒള്ളൂട്ടോ..
ആണോ, ഞാനിത് പിഴുതു കളയണം എന്നോർത്തിരിക്കുവായിരുന്നു, ഇനീപ്പോ അത് അവിടെത്തന്നെ ഇരിക്കട്ടെ, കളയുന്നില്ല..
പിറകിൽ നിന്നും ടീച്ചറുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സ് നിറഞ്ഞപോലെ..
എത്ര ദിവസായി വീടിന്റെ പടിവരെ വന്നുപോകുന്നു, ഇന്നേതായാലും വീട്ടിൽ കയറീട്ടു പൂവാം..
ടീച്ചറുടെ ആ ക്ഷണം നിരസിക്കാൻ മനസ്സ് അനുവദിച്ചില്ല, അതുകൊണ്ടുതന്നെ ഒഴിവുകഴിവുകൾ പറയാൻ നിൽക്കാതെ ടീച്ചറുടെ പിറകെ വീട്ടിലേക്ക് നടന്നു..
വൃത്തീം വെടിപ്പുമുളള ഒരു ചെറിയ വീട്, ടീച്ചറെപ്പോലെ തന്നെയായിരുന്നു ടീച്ചറുടെ അമ്മയും.. ഹൃദ്യമായ പെരുമാറ്റം.. ടീച്ചർഅകത്തോട്ടു പോയപ്പോൾ അമ്മ എനിക്കൊപ്പം തിണ്ണയിലിരുന്നു ഏറെ നേരം സംസാരിച്ചു..
അടുക്കളയിൽ അല്പം പായസം ഇരുപ്പുണ്ടെന്നും അത് ഒരുഗ്ലാസ്സ് കഴിച്ചിട്ട് പോയാൽ മതിയെന്നും അമ്മ പറഞ്ഞപ്പോൾ ഒരു ഗമക്ക് വേണ്ടി ഞാനത് സ്നേഹപൂർവ്വം നിരസിച്ചു.
അത് അമ്മക്ക് വിഷമം ആയെന്നു തോന്നുന്നു, മുഖം അല്പം വാടിയതുപോലെ..
എന്തൂട്ട് പായസാ അമ്മേ, പാലട ആണോ ?
അപ്പുറത്തുനിന്നും ഉയർന്ന ടീച്ചറുടെ ചോദ്യത്തിന് അതെ എന്ന് അമ്മ മറുപടി നൽകിയതോടെ എന്റെ വായ്ക്കകത്ത് തിരമാല അടിച്ചു തുടങ്ങി..
'പാലട പ്രഥമൻ ' എന്റെ ഒടുക്കത്തെ വീക്ക് പോയന്റ്.. ഈശ്വരാ ഇതാണോ ഇത്രേംനേരം ഞാൻ വേണ്ടാന്ന് പറഞ്ഞത്..
എന്റെ മനസ്സ് വായിച്ചിട്ടെന്നോണം ഒരു ഗ്ലാസ്‌ നിറയെ പായസവുമായി അമ്മ അരികിലെത്തി.. അമ്മ അടുത്തൂന്നു മാറിയതും ഒറ്റവലിക്ക് ഗ്ലാസ്‌ ഞാൻ കാലിയാക്കി.. പോരാഞ്ഞിട്ട് ചൂണ്ടുവിരൽ ഗ്ലാസ്സിനകത്തിട്ടു കറക്കി വിരലിൽ പറ്റിപ്പിടിച്ചിരിക്കുന്ന പായസതുള്ളിയെ നാവുകൊണ്ട് നക്കിയെടുക്കുമ്പോൾ അതാ തൊട്ടുമുമ്പിൽ
"നിള ടീച്ചർ "
ഇനീം വേണോ പായസം ?
ടീച്ചറുടെ ചോദ്യം കേട്ടപ്പോൾ അറിയാതെ വേണം എന്ന അർത്ഥത്തിൽ തലയാട്ടിപോയി..
എന്തിനുപറയുന്നു നാല് ഗ്ലാസ്‌ പാലടപ്രഥമൻ കുടിപ്പിച്ചു വയറും നിറപ്പിച്ചാണ് നിളടീച്ചർ അന്ന് വീട്ടിൽനിന്നും എന്നെ പറഞ്ഞയച്ചത്..
തിരികെ കാറോടിക്കുമ്പോൾ പായസം കുടിച്ചുവീർത്ത എന്റെ വയറും ആ സന്തോഷത്താൽ നിറഞ്ഞ ഹൃദയവും എന്നോട് മന്ത്രിച്ചു..
നീ നിളയെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു..
അമ്പലത്തിൽ കൊടിയേറ്റു കഴിഞ്ഞതും ചെറിയൊരു കരിമരുന്നു പ്രയോഗത്തിന് പിറകെ തിരുവാതിരക്കളി ആരംഭിച്ചു.. അന്തരീക്ഷത്തിൽ ഉയർന്ന തിരുവാതിരപാട്ടിനൊപ്പം സെറ്റ്മുണ്ടുടുത്ത ചേച്ചിമാരുടെ ദ്രുത ചലങ്ങൾ..
നാട്ടുകാർക്കൊപ്പം തിരുവാതിരക്കളി ആസ്വദിച്ചിരിക്കുന്ന നിളടീച്ചറുടെ തൊട്ടുപിറകിൽ ഞാനും ഇരിപ്പുണ്ടായിരുന്നു...
വെള്ളിനൂലുകൾ പോലെ പറക്കുന്ന ആ നീണ്ട മുടിയിഴകളിൽനിന്നും ഉത്ഭവിക്കുന്ന കാച്ചിയ എണ്ണയുടെ ഗന്ധവും ആസ്വദിച്ചുകൊണ്ട്..
പറഞ്ഞതിലും കൂടുതൽ തുക ദക്ഷിണ നൽകിയാണ് ഉണ്ണ്യേട്ടനും നാട്ടുകാരും നിളടീച്ചറെ അന്ന് യാത്രയാക്കിയത്.. അത്രക്കും ഗംഭീരമായിരുന്നു തിരുവാതിരക്കളി..
തിരിച്ചു വീട്ടിലോട്ടുള്ള യാത്രയിൽ ടീച്ചർ പതിവില്ലാതെ എനിക്കൊപ്പം കാറിനു മുൻസീറ്റിൽ ഇരുപ്പുറപ്പിച്ചു.പരിപാടി നന്നായതുകൊണ്ടാവാം ടീച്ചർ പതിവിൽകവിഞ്ഞു ആഹ്ലാദവതിയായിരുന്നു..
പക്ഷെ എന്റെ ഇടനെഞ്ഞിൽ എന്തോ ഒരു സങ്കടം.. കരിങ്കല്ല് കയറ്റിവച്ചിരിക്കുന്നതു പോലൊരു ഭാരം.. ഉള്ളിലെ ഇഷ്ടം നിളയോട് പറയണം എന്നുണ്ട്, പക്ഷെ മനസിന്‌ ധൈര്യം പോരാ..
ഉള്ളിൽ ഒരു വീർപ്പുമുട്ടലോടെ ഞാനിരുന്നു ടീച്ചറുടെ വീടിന്റെ പടി എത്തുംവരെ.
'അമ്പലത്തിൽ കയറി തൊഴുതപ്പോൾ കുറി വരയ്ക്കാൻ മറന്നു പോയി, മാഷിന്റെ നെറ്റിയിലെ ചന്ദനം കണ്ടപ്പോഴാണ് അതോർമ്മവന്നത്..'
കാറിൽ നിന്നും ഇറങ്ങാൻ നേരത്ത് എന്റെ നെറ്റിയിലേക്ക് നോക്കി നിളടീച്ചർ പതിയെ പറഞ്ഞു..
ഒരു നിമിഷം, പെട്ടെന്ന് തോന്നിയ ഒരാവേശത്തിനു ഞാനൊന്ന് മുന്നോട്ടാഞ്ഞു നിളയുടെ നെറ്റിതടം എന്റെ നെറ്റിയിലേക്ക് ചേർത്തു പിടിച്ചു..
നാസികകൾ ചേർന്നുരുമ്മി, അധരം അധരത്തോട് ചേരാതെ ചേർന്നു, ചുടു നിശ്വാസം ഇരു കവിൾതടങ്ങളും ഏറ്റുവാങ്ങി.. എന്റെ നെറ്റിയിലെ ചന്ദനവും കുങ്കുമവും നിളയുടെ നെറ്റിയിൽ പടർന്നു..
**************************

അച്ഛാ, ഈ അമ്മേടെ മുടിമുഴുവനും എന്താ ഇങ്ങനെ വെളുത്തിരിക്കണേ ?
മൂന്ന് വയസുള്ള കടിഞ്ഞൂൽ പുത്രിയുടെ സംശയംകേട്ട് ഞാൻ അടുക്കളയിൽ പായസം ഇളക്കികൊണ്ടിരിക്കുന്ന പ്രിയതമയുടെ നരച്ചമുടിയിഴകളെ നോക്കിയൊന്നു പുഞ്ചിരിച്ചു..
അത് അമ്മക്ക് വയസായത്‌കൊണ്ടാ മോളു..
അപ്പൊ അച്ഛന്ടെ മുടി വെളുത്തിട്ടില്ലലോ, അച്ഛന് വയസാവൂലെ ?
ഏയ്‌, നിന്റെ അമ്മയെപ്പോലെ ഈ അച്ഛന് വയസായിട്ടില്ല, അച്ഛനിപ്പോഴും ചെത്ത്‌ പയ്യനല്ലേ മോളു..
ഉവ്വാ, തലനിറയെ കറുത്തകളറും തേച്ചു നടക്കുവാ കിഴവൻ, എന്നിട്ട് എന്നെ കുറ്റം പറയാൻ വന്നേക്കുന്നു..അച്ഛനും മോളും ഇങ്ങുവാ പാലടപായസം ചോദിച്ചു.. ശരിയാക്കി തരാം..
അടുക്കളയിൽനിന്നും നിളയുടെ പിറുപിറുക്കൽ ഉയരുമ്പോൾ ഉമ്മറകോലായിലെ തറയിൽ കുഞ്ഞികാലടികൾ ഉറപ്പിച്ചുചവിട്ടി, കൈ വിരലുകളിൽ മുദ്രകൾ വിരിയിക്കാൻ ശ്രമിക്കുന്ന ഞങ്ങളുടെ പോന്നുമോളുടെ തിരുവാതിരക്കളി ചുവടുകൾ ആസ്വദിക്കുകയായിരുന്നു ഞാൻ..

Sai

#കിണ്ണംകാച്ചിപെണ്ണ്


**********************
ഡാ കൊശവാ എണീക്കെടാ, നേരം വെളുത്തു..
വെളുപ്പാൻകാലത്ത് തന്നെ അമ്മ വന്ന് ഉറക്കത്തിൽനിന്നു തട്ടി എഴുന്നേൽപിച്ചതിന്ടെ ദേഷ്യം അമ്മയോട് തന്നേ ചോദിച്ചു തീർത്തു ഞാൻ..
എന്തൂട്ടാ അമ്മേ ഈ വെളുപ്പിനെ വിളിക്കണേ, എനിക്ക് psc ടെസ്റ്റ്‌ ഒന്നുല്യാ എഴുതാനിന്ന്.. മനസമാധാനത്തോടെ ഇച്ചിരി നേരം ഉറങ്ങട്ടെ..
ഡാ, ഞാനിന്നലെ പറഞ്ഞതൊക്കെ നീ മറന്നോ ?
അമ്മുനെ എയർപോർട്ടിൽ നിന്നും കൊണ്ടുവരാൻ നീ പൊയ്കോളാം എന്നല്ലേ ഇന്നലെ പറഞ്ഞത്.. എന്നിട്ടിപ്പോ ??
ആ, ഞാനിന്നലെ ഫിറ്റാരുന്നു..
അറിയാതെ വായിൽനിന്നും സത്യം പുറത്തുചാടി..
എന്തൂട്ടാ, ഒന്നുടെ പറഞ്ഞെ ?
ഭാഗ്യം, അമ്മ അത് കേട്ടിട്ടില്ല..
ഞാൻ പെട്ടെന്ന് പോവാം എന്ന് പറഞ്ഞതാ എന്റെ മണ്ടി അമ്മേ എന്ന് പറഞ്ഞു അമ്മേടെ കവിളിൽ ഒരു നുള്ളും വെച്ചുകൊടുത്തു ഞാനോടി കുളിമുറിയിലേക്ക്..
യുദ്ധകാലടിസ്ഥാനത്തിൽ പ്രഭാതചര്യകളൊക്കെ നിർവഹിച്ചു കൂട്ടുകാരന്റെ കാറിൽ നെടുമ്പാശേരി എയർപോർട്ടിലേക്ക്‌ ഡ്രൈവ് ചെയ്യുമ്പോൾ മനസ്സിൽ അമ്മുവിനെക്കുറിച്ചു ഓർത്തു..
കുഞ്ഞുമാമന്റെ ഒരേ ഒരു മോളാണ് അമ്മു.. സത്യം പറഞ്ഞാൽ എന്റെ ഒരേഒരു മുറപ്പെണ്ണ്.. കുട്ടിക്കാലം മുതൽക്കേ വല്യ കൂട്ടായിരുന്നു ഞങ്ങൾ.. അവൾക്കൊരു ഏട്ടനായി ഞാനും, എനിക്കൊരു അനിയത്തി ആയി അവളും..
ഇപ്പൊ മുംബൈയിൽ എന്തോ ഒരു കോഴ്സ് ചെയ്യുകയാണ് അമ്മു, വെക്കേഷൻ ആയപ്പോൾ എല്ലാരേം കാണാൻ വേണ്ടി ഓടിക്കിതച്ചു വരുന്നതാവും പാവം..
എയർപോർട്ടിൽ കാർ എത്തിയപ്പോഴേക്കും പുറത്തിറങ്ങിയിരുന്ന അമ്മു കൈ വീശി കാണിച്ചു..
അവൾക്കരുകിൽ കാർ ഒതുക്കി നിർത്തിയപ്പോഴാണ് ഞാനാ കാഴ്ച്ച കണ്ടത്..
ഒരു പെണ്ണ് !
പെണ്ണെന്ന് പറഞ്ഞാൽ വെറും പെണ്ണല്ല,
വിളഞ്ഞ ഗോതമ്പിന്റെ നിറമുള്ള,
ചാട്ടുളി കണ്ണുകളുള്ള,
ചാമ്പക്ക കവിളുകളുള്ള,
ഒരു കിണ്ണംകാച്ചി പെണ്ണ് !!
അമ്മു എനിക്കൊപ്പം മുൻസീറ്റിൽ കയറിയപ്പോൾ മറ്റേ പെണ്ണ് പിൻസീറ്റിൽ കയറികുത്തിയിരുന്നു..
അമ്മു, ഇതേതാ ഈ സാധനം.. ?
പിറകിലിരിക്കുന്നവൾ കേൾക്കാതെ പതിയെ അമ്മുവിനോടായി ഞാൻ പിറുപിറുത്തു..
അയ്യോ, പരിചയപ്പെടുത്താൻ മറന്നുപോയി..
ഇത് ധ്യുതി,...
"ധ്യുതി പാർവതി "
കോളേജിലെ എന്റെ ചങ്ക് ആണ് ധ്യുതി..
പാതി മലയാളിയാണ് ഇവൾ..
അമ്മ ആലപ്പുഴകാരിയും അച്ഛൻ മുംബൈയിലും.
എന്നോടായി അത്രയും പറഞ്ഞുകൊണ്ട് അമ്മു എന്നെ ധ്യുതിക്ക് പരിചയപെടുത്തി കൊടുത്തു..
ഹിന്ദിയിൽ ആയിരുന്നു പരിചയപ്പെടുത്തൽ.. അതോണ്ട് ഞാൻ ആ ഭാഗം ശ്രദ്ധിക്കാനേ പോയില്ല..
പക്ഷെ ഇടയ്ക്കിടെ മുന്പിലെ കണ്ണാടിയിലൂടെ ഞാൻ ധ്യുതിയെ ശ്രദ്ധിച്ചു..
അവളാകട്ടെ തവിട്ടു കൃഷ്ണമണികളുള്ള കണ്ണുകൾ വിടർത്തി റോഡിലേക്ക് നോട്ടം പായിച്ചു തൃശ്ശൂരിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു അപ്പോൾ..
അമ്മു, നിന്റെ കൂട്ടുകാരി ഒരു കിണ്ണംകാച്ചി ആണുട്ടാ..
പുറകിലിരിക്കുന്നവൾക് മലയാളം അറിയില്ല എന്ന ധൈര്യത്തിൽ ഞാൻ അമ്മുവിനോട് പറഞ്ഞു..
ഹമ്പടാ, മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്യുമ്പോഴും കണ്ണ് രണ്ടും പിറകിലാണല്ലേ.. ?
എടീ, കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ എന്ന് കേട്ടിട്ടില്ലേ നീ.. അതാണ് സംഭവം..
ഉവ്വാ, ഉവ്വേ.. അമ്മു ഊറിചിരിച്ചുകൊണ്ട് പറഞ്ഞു.
നാട്ടിൽ എത്തിയതോടെ അമ്മുവിന്റെ കൂട്ടുകാരി എനിക്കൊരു "നീലക്കൊടുവേലി" ആയി മാറി..
എന്താന്നു വെച്ചാൽ അവൾ എന്റെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്നു...
എനിക്കവളോട് മിണ്ടണം എന്നുണ്ട്, പക്ഷെ എന്തൂട്ട് മിണ്ടും.. ?
അവളാണേൽ വാ തുറന്നാൽ മാതൃഭാഷ മാത്രേ മൊഴിയുന്നുള്ളു..
എനിക്കാണേൽ മാതൃഭാഷാമേം അനുവാദ് കരോ എന്ന് മാത്രേ ഹിന്ദിയിൽ അറിയുള്ളു..
പഠിക്കേണ്ട സമയത്ത് ഹിന്ദി പഠിക്കണമായിരുന്നു ഡാ ഊളെ..
ഞാൻ എന്നെ തന്നെ ശപിച്ചു..
ഒരൂസം രണ്ടുംകല്പിച്ചു അമ്മുവിന്റെ വീട്ടിൽപോയി ധ്യുതിയോട് അറിയാവുന്ന ഹിന്ദിയിൽ മിണ്ടാൻ തന്നെ ഞാൻ തിരുമാനിച്ചു..
അവിടെയെത്തി മാമനോടും അമ്മായിയോടും ലോഹ്യം പറഞ്ഞ എന്റെ കുറുക്കൻകണ്ണുകൾ ധ്യുതി എന്ന ഹിന്ദികോഴിയെ തിരഞ്ഞു..
അടുക്കള ഭാഗത്ത്‌ എത്തിയപ്പോഴാണ് പെട്ടെന്ന് അവൾ എന്റെ മുന്നിൽ വന്നുപെട്ടത്..
ഹായ് ധൃതി..
ഉള്ളിലെ തിക്കുമുട്ട് കൊണ്ടാവാം അവളുടെ പേര് പറഞ്ഞു വിഷ് ചെയ്തപ്പോൾ അറിയാതെ നാവിൽ നിന്നും വെള്ളി വീണു..
ക്യാ.. ?
ഓള് കണ്ണുരുട്ടി ചോദിച്ചപ്പോൾ,
ഒന്നുലാ, അല്പം ധൃതിയുണ്ട് പിന്നെ കാണാം..
അത്രേം പറഞ്ഞു ഞാൻ സ്ഥലം കാലിയാക്കിയപ്പോൾ പിറകിൽനിന്നും ഒരു അടക്കിചിരി കേട്ടോ എന്തോ..
പിറ്റേന്ന് രാവിലെ കിടക്കപ്പായയിൽ നിന്നും എന്നെ എണീപ്പിച്ചത് അമ്മുവും ധ്യുതിയും ആയിരുന്നു..
ഡാ, ഇവൾക്ക് മീൻ പിടിക്കണം എന്നൊരു വല്യ ആഗ്രഹം.. ഒന്ന് ഹെൽപ് ചെയ്യെടാ..
അമ്മു കൊഞ്ചിപറഞ്ഞു..
അതിനെന്താ, വൈകിട്ട് അരയത്തി വരുമ്പോ നല്ല ഉണക്കമാന്തൽ മേടിച്ചു തരാം.. അത് പിടിച്ചിരുന്നു കൊതിതീർത്തോട്ടെ പാവം..
ഞാനൊന്ന് പരിഹസിച്ചു..
ഞ്ഞ ഞ്ഞ ഞ്ഞാ...
കൊഞ്ഞനം കുത്തികാണിച്ചു അമ്മു സ്റ്റാന്റ് വിട്ടപ്പോൾ പിറകിൽ നിന്നിരുന്ന ധ്യുതി എന്നെയൊരു നോട്ടം നോക്കി..
ആ ചാട്ടുളി പോലുള്ള നോട്ടത്തെ നേരിടാനാവാതെ ഞാൻ മുഖം കുനിച്ചിരുന്നു..
അന്ന് ഉച്ചതിരിഞ്ഞ് ഞങ്ങൾ മൂന്നുപേരും തൊട്ടപ്പുറത്തുള്ള പറമ്പിലെ കുളത്തിലേക്ക്‌ മത്സ്യബന്ധനത്തിനായി പുറപെട്ടു..
ചൂണ്ടക്കൊളുത്തിൽ ഞാഞ്ഞൂലിനെ തിരുകികയറ്റുന്നത് കണ്ടപ്പോൾ അമ്മു ഓക്കാനിച്ചു മുഖം തിരിച്ചു.
നിങ്ങൾ ഇവിടിരുന്നു മീൻപിടിക്ക്, ഞാൻ വീട്ടിലുണ്ടാവും എന്നുപറഞ്ഞു അമ്മു എസ്‌കേപ്പ് ആയി..
ധ്യുതിയുടെ കണ്ണുകൾ അപ്പോഴും വിടർന്നു തന്നെ ഇരുന്നു..
ആശ്ചര്യവും, സന്തോഷവും ആ വലിയ കണ്ണുകളിൽ അലയടിക്കുന്നത് എനിക്ക് കാണാമായിരുന്നു..
ചൂണ്ട കുളത്തിൽ എറിഞ്ഞപ്പോൾ തന്നെ എന്തോ ഒന്ന് കൊളുത്തി..
ഈശ്വരാ, എന്റെ ചൂണ്ടയിലും മീനോ എന്ന് മനസ്സിൽ പറഞ്ഞു ആഞ്ഞ് വലിച്ചപ്പോൾ വാലിട്ടടിച്ചുകൊണ്ട് ഒരു ഗമണ്ടൻ വരാൽ ചൂണ്ടക്കൊപ്പം കരയിലേക്ക് ഉയർന്നു വന്നു..
ഹാവൂ, അടുത്തൊന്നും ഇതുപോലെ ഞാൻ അഹങ്കരിച്ചിട്ടില്ല..
അമരത്തിൽ കൊമ്പനെ പിടിച്ച മമ്മുക്കയെ പോലെ ഞാൻ നെഞ്ചും വിരിച്ചു നിന്നു..
അതേ സമയം വരാലിനെ ചൂണ്ടക്കൊളുത്തിൽ നിന്നും വിടുവിച്ചു കയ്യിൽ എടുത്തു പിടിച്ചു താലോലിക്കുകയായിരുന്നു ധ്യുതി..
പിന്നേം ചൂണ്ട കുളത്തിൽ എറിഞ്ഞു അടുത്ത വരാലിനെ പ്രതീക്ഷിച്ചു ഇരിക്കുമ്പോഴാണ് ധ്യുതി പിറകിൽനിന്നും ഞോണ്ടിയത്..
ഒരു കുഞ്ഞി ഞണ്ട്.. !
അവനിങ്ങനെ പതിയെ നടന്നു പോകുന്ന കാഴ്ച ധ്യുതി എനിക്ക് ചൂണ്ടികാണിച്ചു തന്നു..
ആ പീക്കിരി ഞണ്ടാണ് ഇപ്പൊ ഈലോകത്തെ ഏറ്റവും വിലയേറിയ ജീവി എന്നത് പോലെയായിരുന്നു ആ സമയത്ത് ധ്യുതിയുടെ മുഖഭാവം....
ന്നാ പിന്നെ ഞണ്ടിനേം പിടിച്ചു കൊടുത്തു ഹിന്ദിക്കാരിയുടെ മുന്നിൽ ഷൈൻ ചെയ്യാം..
ഞാൻ ചൂണ്ട താഴെ വെച്ചു ഞണ്ടിന്റെ പിറകെ കൂടി..
ഞണ്ടിന്റെ ഇറുക്കു കാലിൽ പിടിക്കാൻ കൈ ആഞ്ഞതും അവൻ തൊട്ടടുത്തുള്ള കുഴിയിലേക്ക് നൂണ്ടിറങ്ങി..
താടിക്ക് കയ്യും വെച്ചു ഞാനും ധ്യുതിയും ആ കുഴിയുടെ ഇരുഭാഗത്തുമായി കുത്തിയിരുപ്പ് തുടർന്നു..
അവസാനം സഹികെട്ട് ആ ഭീകരനെ കൈക്കലാക്കാനായി ഞാനാ കുഴിയിലേക്ക് കയ്യിട്ടു..
അയ്യോ....
നടുവിരലിൽ ഞണ്ടിന്റെ മൂർച്ചയുള്ള ഇറുക്കുകാൽ പതിഞ്ഞപ്പോൾ ഞാൻ അലറി കൂവി..
കുഴിയിൽ നിന്നും കൈ വലിച്ചെടുത്തു നോക്കിയപ്പോൾ ചോര പൊടിയുന്നുണ്ട് നാടുവിരലിൽ..
ഞണ്ട് പതുങ്ങുന്നത് ഒളിക്കാനല്ല ഇറുക്കനാണെന്ന് അപ്പോഴാണ്‌ ഞാൻ മനസിലാക്കിയത്..
ചോര കണ്ടതും എന്റെ തല കറങ്ങി... ബോധം പോകുന്നതിനുമുമ്പ് ഞാൻ നിലത്തു കുത്തിയിരുന്നു..
ഇതൊക്കെ കണ്ടുകൊണ്ടിരുന്ന ധ്യുതി പെട്ടെന്ന് എന്റെ അടുത്തുവന്നു..
ചോര പൊടിയുന്ന എന്റെ വലതുകൈയിലെ നടുവിരലിൽ അവൾ പതിയെ പിടിച്ചു..
എന്താണു സംഭവിക്കുതെന്നു എനിക്ക് മനസിലാകുംമുൻപേ അവളാ കൈവിരൽ വായ്ക്കുള്ളിലേക്ക് വെച്ചു കഴിഞ്ഞിരുന്നു...
തീക്കൊള്ളി ദേഹത്തുകൊണ്ടപോലെ ഒരു തോന്നൽ.. !
കൈതണ്ടയിലെ രോമങ്ങൾ എണീറ്റുനിന്നു അവളെ സല്യൂട്ട് ചെയ്തു..
ആ നിമിഷം ലോകം എന്നിലേക്കും ധ്യുതിയിലേക്കും മാത്രമായി ചുരുങ്ങിയതുപോലെ.
ധൃതി...
കഷ്ടപ്പെട്ട് ഞാനവളെ വിളിച്ചപ്പോൾ വായിൽ നിന്നും വീണ്ടും വെള്ളിവീണു...
അത് കേട്ട് ധ്യുതി പൊട്ടിച്ചിരിച്ചു..
ഒരു കിണ്ണംകാച്ചി ചിരി.. !
ചേട്ടായിക്ക് എന്റെ പേര് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ എന്നെ പാറൂന്ന്‌ വിളിച്ചോട്ടോ..
ധ്യുതി ചിരിച്ചുകൊണ്ട് അത്രേം പറഞ്ഞപ്പോൾ ഞാൻ അറിയാതെ തലയാട്ടി..
നിലത്തുനിന്നും വരാലിനേം കയ്യിലെടുത്തു എന്നെനോക്കി കണ്ണിറുക്കി നടന്നകലുന്ന ധ്യുതിയെ അല്ല പാറുവിനെ ഒരു സ്വപ്നത്തിലെന്നപോലെ ഞാൻ നോക്കിനിന്നു..
ങേ... !
ഇവൾക്ക് മലയാളം അറിയോ... ?
അവൾ പോയതിനു ശേഷമാണ് ആ കാര്യം ഒരു ഞെട്ടലോടെ ഞാൻ ഓർത്തത്‌..
അന്ന് വൈകീട്ട് അമ്മുവിനെ കണ്ടപ്പോൾ ഞാനാ സംശയം അവളോട്‌ ചോദിച്ചു..
എടി പാറുന് മലയാളം സംസാരിക്കാൻ അറിയോ.?
പാറുവോ.. ?
ഇപ്പൊ അവിടംവരെ ഒക്കെ ആയോ കാര്യങ്ങൾ.., കൊള്ളാലോ..
അമ്മു അർത്ഥം വെച്ചുകൊണ്ടൊരു ചിരിച്ചിരിച്ചു പറഞ്ഞു..
ചോദിച്ചതിനു ഉത്തരം പറയെടി..
ഞാൻ അല്പം ഗൌരവത്തിൽ പറഞ്ഞു..
എടാ മണ്ടാ, അവളുടെ അമ്മവീട് ആലപ്പുഴ ആണെന്ന് ഞാൻ മുന്നേ പറഞ്ഞതല്ലേ.. അതുകൊണ്ടാണ് അവളുടെ പേരിന്റെ വാലായി പാർവ്വതി എന്ന് വന്നത്..
പാറു അസ്സലായിട്ട് മലയാളം സംസാരിക്കും..
അടിപൊളി...
അത്രേം പറഞ്ഞുകൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു..
എന്തായിരിക്കും അവൾടെ മനസ്സിൽ.. ?
എന്നോടൊരു കുഞ്ഞി ഇഷ്ടം തോന്നിട്ടുണ്ടാവോ ഇപ്പൊ ?
ചോദിച്ചു നോക്കിയാലോ ?
വേണ്ട, ചോദിച്ചിട്ട് അങ്ങനൊന്നുമില്ല എന്നവൾ പറഞ്ഞാൽ പിന്നെ എനിക്ക് ധ്യുതിയുടെ മുഖത്തു നോക്കാൻ കഴീല്യ..
ഇതെവിടം വരെ പോവൂന്നു നോക്കാം..
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നൂറായിരം സംശയങ്ങൾ എനിക്കുണ്ടായിരുന്നു..
വളരെ പെട്ടെന്നായിരുന്നു അമ്മുവിന് ഒരു വിവാഹ ആലോചന വന്നതും, അവധികഴിഞ്ഞു അവൾ തിരിച്ചുപോകുന്നതിനു മുൻപേ അത് ഉറപ്പിച്ചിടാൻ വീട്ടുകാർ തീരുമാനിച്ചതും..
ചെറുക്കന്റെ വീട്ടിലെ നിശ്ചയത്തിന്ടെ അന്ന് രാവിലെ ഞാൻ കുളിച്ചു കുട്ടപ്പനായി വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ചു ഉമ്മറത്തേക്ക് വന്നപ്പോൾ ദാ നിക്കുന്നു "ധ്യുതി "..
സെറ്റുസാരി അണിഞ്ഞൊരുങ്ങി നിൽക്കുന്ന അവളെ കണ്ടപ്പോൾ ഒരിടിമിന്നൽ അടിവയറ്റിലൂടെ പ്രവഹിച്ചു..
കാറ്റത്തുലഞ്ഞ മുടിയിഴകൾ മാടി വെച്ചപ്പോൾ ചെവിയിൽ വലിയ ജിമിക്കി കമ്മലുകൾ ഊയലാടുന്നത് കണ്ടു..
എന്തൊരു ചേലാ ഇവളെ ഇപ്പൊ കാണാൻ.. !
എന്നെ അടിമുടി നോക്കി കൊണ്ട് ഒന്ന് നിക്കണേ എന്നും പറഞ്ഞു ധ്യുതി അമ്മുവിന്റെ വീട്ടിലേക്കോടി..
ഇവളിത് എങ്ങോട്ടാ പാഞ്ഞേ എന്നാലോചിച്ചു നിക്കുമ്പോഴേക്കും ധ്യുതി ഓടിക്കിച്ചത് അടുത്തെത്തി..
ഒന്ന് കണ്ണടച്ചേ..
എന്തൂട്ടാ.. ?
കണ്ണടക്കാൻ..
അവൾ ഗൌരവത്തിൽ പറഞ്ഞപ്പോൾ ഞാൻ രണ്ടുകണ്ണും വേഗം ഇറുക്കിയടച്ചു..
ഇനി തുറന്നോ..
അത് കേട്ട് കണ്ണുതുറന്നു ഞാൻ നോക്കിയത് എന്റെ മുഖത്തിനു നേരെ ധ്യുതി നീട്ടിപ്പിടിച്ച കണ്ണാടിയിലേക്കായിരുന്നു.
റെയ്ബാൻ ഗ്ലാസ്‌ ധരിച്ച എന്റെ മുഖം... !
അതായിരുന്നു കണ്ണാടിയിൽ കണ്ടത്.. !
അമ്മുവിനോട് പറയാറുണ്ടായിരുന്നു മുംബൈയിൽ നിന്നും വരുമ്പോൾ ഒരു റെയ്ബാൻ കൊണ്ടുവന്നോളു എന്ന്..
പക്ഷെ, ഇതിപ്പോ...
നേരം വൈകി, വാ പൂവാം എന്ന് പറഞ്ഞു ധ്യുതി തിടുക്കം കൂട്ടിയപ്പോൾ ഞാൻ ഒന്നും മിണ്ടാതെ അവളുടെ പിറകെ നടന്നു..
ചെറുക്കന്റെ വീട്ടിലെ ചടങ്ങുകൾ കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും നാടുകാണാൻ പുറത്തോട്ടിറങ്ങി നടന്നു..
അല്പദൂരം കഴിഞ്ഞപ്പോൾ ശൂ.. ശൂ.. എന്ന് പറഞ്ഞു ധ്യുതി ഒരു കൂട്ടം കാട്ടി തന്നു..
റോഡിനരുകിൽ ഒരു ചെറിയ കള്ളുഷാപ്പ് !
ഭഗവാനെ ഇവള് ഇതെന്ത് ഭാവിച്ചാ എന്ന് മനസ്സിൽ ചിന്തിച്ചപ്പോഴേക്കും എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ധ്യുതി ഷാപ്പിലേക്ക് കയറിയിരുന്നു..
ഉച്ച സമയം ആയതുകൊണ്ട് ഷാപ്പ് വിജനമായിരുന്നു..
ഷാപ്പിലെ മേശയിൽ കൈവിരലാൽ താളമിട്ടുകൊണ്ട് ധ്യുതി ഇരുന്നപ്പോൾ, എന്റെ നെഞ്ചിൽ തീമഴ പെയ്യുകയായിരുന്നു..
ചേട്ടായി..., ഒരു പ്ലേറ്റ് കപ്പയും, ഞണ്ട് കറിയും എടുത്തേ..
ധ്യുതി കൂവി വിളിച്ചുകൂവുന്നത് കേട്ട് ഞാൻ അവളുടെ വാ പൊത്തി കൊണ്ട് പറഞ്ഞു..
പോന്നു പാറു നീയൊന്നു പതുക്കെ പറയ്, ആരേലും കേട്ടാൽ..
കപ്പയും ഞണ്ടും മേശയിൽ എത്തിയപ്പോൾ ധ്യുതി എന്നെ തോണ്ടിക്കൊണ്ടു പറഞ്ഞു..
ചേട്ടായിക്ക് ഒരു കുപ്പി കള്ളു പറയട്ടെ..
എനിക്കൊന്നും വേണ്ട..
ഞാൻ തല വെട്ടിച്ചുകൊണ്ട് പറഞ്ഞു..
അല്പം കള്ളൊക്കെ കുടിക്കുന്ന ആണ്കുട്യോളെയാ എനിക്കിഷ്ടം എന്ന് പറഞ്ഞുകൊണ്ട് ധ്യുതി ഞണ്ടിന്റെ കാലി പിടിച്ചപ്പോൾ ഞാനെന്റെ തിരുമാനം പെട്ടെന്ന് മാറ്റി..
ചേട്ടാ, ഒരു വല്യകുപ്പി കള്ള് ഇങ്ങെടുത്തെ.. ദിപ്പോ ശരിയാക്കി തരാം..
കുപ്പിയിലെ കള്ള് തലച്ചോറിലെത്തി പലതരത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്നപ്പോൾ ഞാനൊന്ന് ഇളകിയിരുന്നു ബെഞ്ചിൽ..
അതേ സമയം ഞണ്ടിന്റെ കാലിൽ നിന്നും വിദഗ്ദ്ധമായി മാംസം അടർത്തിയെടുത്തു എന്റെ വായിൽ വെച്ചു തന്നു ധ്യുതി..
ഡി ധൃതി, നിന്നെപോലൊരു കാന്താരിപെണ്ണിനെയാ എനിക്ക് കൂട്ടായി വേണ്ടത്.
കുളക്കരയിൽ ചൂണ്ടയിടുമ്പോൾ കൂടെ നില്ക്കാനും, കള്ളുകുടിക്കുമ്പോൾ ഇതുപോലെ ടച്ചിങ്ങ്സ് വായിൽ വെച്ചു തരാനും, കന്നത്തരം കാണിച്ചാൽ കവിളിൽ നുള്ളി വേദനിപ്പിക്കാനും കഴിവുള്ള ഒരു
കിണ്ണംകാച്ചി പെണ്ണിനെയാ എനിക്ക് വേണ്ടത്..
ഞാൻ ചിറിതുടച്ചുകൊണ്ട് പറഞ്ഞു..
ഇതുപോലെ കന്നത്തരം ഇടയ്ക്കിടെ കാണിച്ചാൽ കവിളിൽ നുള്ളുകയല്ല ഞാൻ ചെയ്യുക എന്ന് പറഞ്ഞ ധ്യുതിയുടെ അടുത്ത നീക്കം പെട്ടെന്നായിരുന്നു..
മുന്നോട്ടാഞ്ഞു എന്റെ കവിളിൽ ചുണ്ട് ചേർത്തു പല്ലുകളമർത്തി ഒന്നാഞ്ഞു കടിച്ചു ധ്യുതി..
കവിളിലേറ്റ കടിയുടെ നീറ്റലുകൊണ്ടാണോ, അതോ വയറ്റിൽ നുരയുന്ന കള്ളിന്റെ പുകച്ചിൽകൊണ്ടാണോ എന്നറിയില്ല ആദ്യമായി അക്ഷരം തെറ്റാതെ ഞാനാ പേര് ഉറക്കെ വിളിച്ചു..
ധ്യുതി... !
**************************
അടുത്ത അവധിക്കാലത്തു കുഞ്ഞുമാമന്റെ വീട്ടിൽ ഉയർന്ന കല്യാണപന്തലിലെ കതിർമണ്ഡപത്തിൽ അമ്മുവിനും അവളുടെ ചെക്കനുമൊപ്പം വിവാഹ വേഷത്തിൽ ഞാനും ധ്യുതിയും ഉണ്ടായിരുന്നു..
അതേ, ഒരു മണ്ഡപത്തിൽ വെച്ചുതന്നെ ആ രണ്ട്‌ വിവാഹങ്ങളും അന്ന് നടന്നു... !!

Sai Bro

#ഞാവൽപഴങ്ങൾ


***********************
പ്രണയം അവസാനിച്ചു... ഇനി വിരഹം... !
മുഖപുസ്തകത്തിൽ പുതിയ സ്റ്റാറ്റസ് പോസ്റ്റ്‌ ചെയ്ത് ഉള്ളും നീറി ഇരിക്കുമ്പോഴാണ് "കിണിം " എന്നൊരു ശബ്ദത്തോടെ മൊബൈൽ വിറക്കുന്നത് കണ്ടത്..
ഇൻബോക്സിൽ ഒരു മെസ്സേജ് റിക്വസ്റ്റ് വന്നു കിടക്കുന്നു..
ഇതാരപ്പാ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഇൻബോക്സ് തുറന്നു നോക്കിയപ്പോൾ ആ പേര് കണ്ടു " പല്ലവി പവൻ "
ഒരാവർത്തികൂടി ആ പേര് മനസ്സിൽ ഉരുവിട്ടുകൊണ്ട് ഒരു സ്മൈലി തിരിച്ചു അങ്ങോട്ട്‌ അയച്ചുകൊടുത്തു..
അല്പംസമയം കഴിഞ്ഞിട്ടും മറുപടി കിട്ടാതായപ്പോൾ കൊഴിഞ്ഞുപോയ പ്രണയത്തിന്റെ നീറുന്ന ഓർമകളിലൂടെ അല്പസമയം സഞ്ചരിച്ചു..
ആ ഓർമകൾക്കൊടുവിൽ കൺകോണിൽ ഊറിവന്ന കണ്ണുനീരിനെ നിലംപതിക്കാൻ സമ്മതിക്കാതെ തലയിണയിൽ മുഖം ചേർത്തമർത്തി..
ആ കിടപ്പിൽ എപ്പോഴാണ് ഉറങ്ങിപോയത് എന്നറിഞ്ഞില്ല..
പക്ഷെ ഉറക്കത്തിനിടയിൽ അവ്യക്തമായി ഒരു സ്വപ്നം കണ്ടു..
ഒരു മരച്ചുവട്ടിൽ വലതുകൈയ്യിൽ ഞാവൽപഴങ്ങളേന്തി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു പെൺകുട്ടി... !
കിണിം...
 മൊബൈൽ നിലവിളിക്കുന്ന ശബ്ദം എന്നെ ഞാവൽപഴതോട്ടത്തിൽ നിന്നും വീണ്ടും ബെഡ്‌റൂമിൽ എത്തിച്ചു..
കണ്ണുംതിരുമ്മി നോക്കിയപ്പോൾ അതാ കിടക്കുന്നു " പല്ലവി പവൻ" അയച്ച മെസ്സേജ് ഇൻബോക്സിൽ...
സഹോ, എഴുത്തൊന്നും കാണുനില്ലാലോ ഈയിടെയായി.. എന്തുപറ്റി.. ?
ഒന്നുല്യ മാഷെ, ക്ഷേമം അന്വേഷിച്ചതിനു നന്ദി എന്നൊരു മറുപടി ഉടനെ തിരിച്ചും അയച്ചു..
അതെന്ത് പറച്ചിലാ... എന്താ കാര്യംന്ന്‌ പറയിഷ്ട്ടാ,
തന്റെ കഥകളിൽ ചിലത് ഒന്നുരണ്ടിടത്തു ശ്രദ്ധിച്ചിരുന്നു.. ഈയിടെയായി ഒന്നും കാണുന്നില്ല, അതാ ഇൻബോക്സിൽ വന്നു തിരക്കിയത്..
താൻ കാര്യം പറയ് സഹോ...
അവൾ വിടുന്ന മട്ടില്ല..
എന്തുപറ്റാനാ മാഷെ,
എന്റെ ഒടുക്കത്തെ ഒരു പ്രണയം ഞഞ്ഞാപിഞ്ഞാ ചീറ്റിപ്പോയി...
അതിന് ശേഷം അക്ഷരങ്ങൾക്കും എന്നോടൊരു അകൽച്ച, സത്യത്തിൽ പറ്റുന്നില്ല.. ഒന്നിനും..
അതാണ്‌ കാര്യം...
സഹോ, ഇപ്പൊ വിരഹം ആയിരിക്കും അല്ലേ.. ?
ആ.. അതേ...
മുടിഞ്ഞ വിരഹം..!
സഹോ, എന്റെ അഭിപ്രായത്തിൽ പ്രണയത്തിന് ശേഷമുള്ള ഈ കഠിന വിരഹത്തിന് അല്പംആയുസ്സ് മാത്രേ ഒള്ളു..,
 നമ്മൾ പുതിയൊരു പ്രണയത്തിൽ അകപ്പെടുംവരെ മാത്രം...
എന്താ ശരിയല്ലെ.. ?
പല്ലവിയുടെ ആ ഗംഭീര അഭിപ്രായം എന്നെയൊന്ന് ഇരുത്തി ചിന്തിപ്പിച്ചു...
ശരിയാണ്.. എല്ലാ വിരഹങ്ങൾക്കും അല്പം ആയുസ്സ് മാത്രേ ഒള്ളു.. അതിന് ഉദാത്ത മാതൃകയാണല്ലോ എന്റെ പ്രണയങ്ങളും, അതിനുശേഷമുള്ള വിരഹവും... !
അപ്പൊ എന്താ സഹോ ഫ്യൂച്ചർ പ്ലാൻ.. ?
പല്ലവി പിടിവിടുന്നില്ല..
ഞാനിങ്ങനെ പ്രണയവും, എഴുത്തും, വിരഹവുമായിട്ട് കഴിഞ്ഞുകൂടാനാണ് ഉദ്ദേശം..
ഞാൻ നയം വ്യക്തമാക്കി..
സഹോ, തനിക്കൊരു LIC എടുത്തൂടെ.. ?
എന്തൂട്ട്‌.. ?
എനിക്ക് മനസിലായില്ല..
തനിക്കൊരു LIC പോളിസി ചേർന്നൂടെ ന്ന്‌.. ?
ബെസ്റ്റ്, LIC ഏജന്റ് ആണല്ലേ അപ്പൊ.. കൊള്ളാം,..
എന്താ സഹോ ഒരു പുച്ഛം.?
ഏയ്‌, എന്തോന്ന് പുച്ഛം.. !
ഞാൻ അലോയിക്കുവായിരുന്നു ഒരു പരിചയവും ഇല്ലാത്ത പല്ലവി പവൻ എന്ന പെൺകുട്ടി എന്നോട് ഇങ്ങോട്ട് വന്ന് ക്ഷേമം അന്വേഷിച്ചത് എന്തിനാണെന്ന്..
ഇപ്പൊ അതിനുത്തരം കിട്ടി..
ഉത്തരം കിട്ടിയല്ലോ, ഇനി ചേർന്നുകൂടെ ഒരു പോളിസി.. ?
പല്ലവി പിടിമുറുക്കി..
ഞാനൊന്ന് ശരിക്കും അലോയ്ക്കട്ടെ മാഷെ, എന്നിട്ട് പറയാം..
Lic യിൽ നിന്നും ഒഴിഞ്ഞുമാറാൻ വേണ്ടി പറഞ്ഞതാണെങ്കിലും അതിന് ശേഷമുള്ള എന്റെ എല്ലാ ആലോചനകളും ഞാൻ പല്ലവിയുമായി പങ്കിട്ടു..
എന്ടെ എല്ലാ വിഷമങ്ങൾക്കും അവൾ പരിഹാരങ്ങളും നിർദ്ദേശിച്ചു..
അങ്ങനിരിക്കെ ഒരൂസം പെട്ടെന്നാണ് പല്ലവി ആ ചോദ്യം എന്നോട് ആരാഞ്ഞത്..
സഹോ, ആ ഒടുക്കത്തെ പ്രണയം എട്ടുനിലയിൽ പൊട്ടാൻ എന്തായിരുന്നു കാരണം.. ?
എന്റെ കഷണ്ടി തല തന്നെ കാരണം.. !!
അതെങ്ങനെ സഹോ ?
പല്ലവിയുടെ ശബ്ദത്തിൽ ആശ്ചര്യം നിറഞ്ഞു..
എന്റെ ഒടുക്കത്തെ പ്രണയനായിക എന്നെ ആദ്യമായി നേരിട്ട് കണ്ടപ്പോഴാണ് എന്റെ തലേല് ഇച്ചിരി മുടികുറവുണ്ട് എന്ന് മനസിലാക്കിയത്..
തലനിറയെ മുടിയുള്ള മറ്റൊരുത്തനെ എന്റെ സ്ഥാനത്തേക്ക് കൊണ്ടുവരാൻ അവൾക്ക് എളുപ്പം സാധിച്ചു..
തമാശയിൽ പൊതിഞ്ഞാണ്‌ അത് പറഞ്ഞെതെങ്കിലും ഇടക്ക് ശബ്ദം ഇടറിയോ എന്നൊരു സംശയം തോന്നി എനിക്ക്..
ആഹാ, കഷണ്ടികൊണ്ട് അങ്ങനേം ഉപകാരം ഉണ്ടായല്ലോ,
 പാവം എന്റെ സഹോ..
പല്ലവി പരിതപിച്ചു..
മാഷ് ശവത്തിൽ കുത്തുവാണല്ലേ.. ?
എടോ, പ്രണയം മൂത്ത് താനവളെ വിവാഹം കഴിച്ചതിനു ശേഷമാണ് തനിക്ക് കഷണ്ടി വന്നിരുന്നെങ്കിലോ.. ?
ഈ പറയുന്ന കക്ഷി അപ്പോഴും ഇട്ടേച്ചുംപോവില്ലേ തന്നെ ?
അല്പസമയത്തേക്ക് ഞാനൊന്നും മിണ്ടിയില്ല..
പല്ലവി തുടർന്നു..
സഹോ, തലനിറയെ മുടിയുള്ള ആണുങ്ങളെ തന്നെയാണ് എല്ലാ പെണ്ണുങ്ങൾക്കും ഇഷ്ടം, എന്നുകരുതി തലയിൽ മുടി കുറവുള്ളവർക്കും കഷണ്ടി ഉള്ളവർക്കും ഈ നാട്ടിൽ പ്രേമിക്കാൻ പാടില്ല, പെണ്ണ് കിട്ടൂല എന്നൊന്നും ആരും പറഞ്ഞിട്ടില്ല, പറയുകയുമില്ല..
ഇജ്ജ് ധൈര്യായി അടുത്ത ഒരുത്തിയെ വളക്കാൻ നോക്ക് മുത്തേ, നുമ്മ ഉണ്ട് കൂടെ..
ഹിഹി, അപ്പൊ എനിക്കും പെണ്ണ് കിട്ടൂലെ മാഷെ?
പിന്നല്ല, കിട്ടാതെവിടെ പോകാൻ...
ഈജ്ജൊന്നു ആഞ്ഞ് പരിശ്രമിക്ക്..
അങ്ങനെ പല്ലവി നൽകിയ ധൈര്യത്തിന്റെ പിൻബലത്തിൽ ഞാൻ എന്റെ നിർമലമായ പ്രണയം പകർന്നു നൽകാനായി ഒരു ജീവിതപങ്കാളിയെ തിരക്കിക്കൊണ്ടിരുന്നു എനിക്ക് ചുറ്റിനും..
പ്രണയചിന്തകളെ തൂലികയിലേക്ക് ആവാഹിച്ചു ഒരിടവേളക്ക് ശേഷം വീണ്ടും എഴുത്ത് തുടങ്ങി ഞാൻ..
അതിനിടയിൽ മറ്റൊന്നുകൂടി നടന്നു..
പല്ലവിയിൽ നിന്നും ഒരു LIC പോളിസി എടുക്കുവാൻ ഞാൻ നിർബന്ധിതനായി..
അങ്ങനെ ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച തീരുമാനിക്കപ്പെട്ടു..
പക്ഷെ അതിന് മുൻപ് പല്ലവി ഒരുകാര്യം ആവശ്യപ്പെട്ടു..
അവളെ കാണാൻ വരുമ്പോൾ എന്റെ തലയിൽ ഒരു രോമം പോലും കാണരുത്..
അതേ, സമ്പൂർണ്ണ മൊട്ടതലയൻ ആയിവേണം അവൾക്ക് മുന്നിൽ ചെല്ലാൻ.. !!
കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും- നോക്കിയിട്ടും പാതി കഷണ്ടി ആയ എന്റെ തലയെ ഒരു സമ്പൂർണ്ണ മൊട്ടത്തലയാക്കി മാറ്റുവാനുള്ള മനസ്ഥിതി എനിക്ക് കൈവന്നില്ല..
അപ്പൊ എങ്ങന്യാ സഹോ, അടുത്ത ഞായർ തേക്കിൻകാട് മൈതാനത് കാണുവല്ലേ നമ്മൾ.. ?
പല്ലവിയുടെ ചോദ്യം കേട്ടപ്പോൾ എതിർത്ത് പറയാനും തോന്നിയില്ല..
അങ്ങനെ ഞായറാഴ്ച്ച രാവിലെ തേക്കിൻകാട് ലക്ഷ്യമാക്കി ഞാൻ വണ്ടിതിരിച്ചു..
മൊട്ടത്തലയിൽ കാറ്റ്കൊള്ളുമ്പോൾ ഇക്കിളിയാകുന്നു..
ഇനീപ്പോ ആരും കഷണ്ടി തലയാ എന്ന് വിളിക്കില്ലലോ,..
മൊട്ടയടിച്ചതുകൊണ്ട് അങ്ങനെ ഒരു മെച്ചം ഉണ്ട്.
തേക്കിൻകാട് മൈതാനത്തിൽ ബുള്ളെറ്റ് ഒതുക്കിവെച്ചു ചുറ്റും കണ്ണോടിച്ചപ്പോൾ മരച്ചുവട്ടിൽ ഇരുന്ന് ഒരു പെൺകുട്ടി കൈവീശി കാണിക്കുന്നത് കണ്ടു..
ഇതായിരിക്കും പല്ലവി പവൻ.. !
അതും ചിന്തിച്ചു അവളുടെ അടുത്തേക്ക് നടന്നടുക്കുമ്പോൾ ഹൃദയമിടിപ്പിന് വേഗത കൂടുന്നതുപോലൊരു തോന്നൽ..
ഇതെന്താത്... !
ശ്വാസം ഒന്നാഞ്ഞുവലിച്ചു വിട്ടു..
പല്ലവിയുടെ അടുത്തേക്ക് നടന്നടുക്കുമ്പോൾ ഞാനവളെ ശ്രദ്ധിക്കുകയായിരുന്നു..
മരച്ചുവട്ടിൽ ഇരുന്ന് കപ്പലണ്ടി കൊറിച്ചുകൊണ്ട് എന്നെത്തന്നെ നോക്കിയിരിക്കുന്ന പല്ലവി.!!
ചിരിയാണ് ആ മുഖം നിറയെ... !
ആ ചിരി കണ്ടപ്പോൾ എനിക്കും അവളെനോക്കി ചിരിക്കാതിരിക്കാനായില്ല..
സഹോ, വാ, ഇവിടെ വന്നിരി..
അവളിരിക്കുന്ന മരചുവട്ടിലെ സിമന്റ്‌ തറക്ക് സമീപത്തെ പൊടി ഊതിക്കളഞ്ഞു ഞാനും പല്ലവിയുടെ തൊട്ടടുത്തായി ചാടിക്കേറിയിരുന്നു...
മൊട്ട സഹോ കാണാൻ ലുക്ക്‌ ആയല്ലോ...
എന്റെ തലയിലേക്ക് നോക്കി പല്ലവി ചിരിച്ചുകൊണ്ട് പറഞ്ഞു..
ഉം.. ഞാൻ വെറുതെ മൂളി.
തലയിലെ മുടി കളഞ്ഞതിൽ വിഷമം ഉണ്ടോ.. ?
പല്ലവിയുടെ ആ ചോദ്യത്തിനു ഞാൻ മറുപടിയൊന്നും പറഞ്ഞില്ല..
എന്റെ സഹോ, ഇപ്പോഴാ നിങ്ങളെ കാണാൻ ഒരു ലുക്ക്‌ ആയത്.. ഇനി പെണ്പിള്ളേര് പിറകെ വരും നോക്കിക്കോ..
ഉവ്വാ, ദിപ്പോ വരും..
ഞാൻ മൊട്ടത്തലയിൽ തടവി പിറുപിറുത്തു..
ഹാ, വരൂന്നേ... ഇന്നല്ലെങ്കി നാളെ ഒരു സുന്ദരി ഇയാളുടെ കൂട്ട്‌ തേടി വരും,.. ഉറപ്പ്..
എന്റെ കരിനാക്കാ.. ദേ നോക്യേ..
അതുംപറഞ്ഞു പല്ലവി നാവ് പുറത്തോട്ടു നീട്ടി കാണിച്ചു..
എന്റെ മാഷെ സമ്മതിച്ചു,..
ഇനിയെങ്കിലും കുറച്ചുനേരം ആ കരിനാക്കിന് അല്പം വിശ്രമം കൊടുക്ക്..
അത് കേട്ടപ്പോൾ പല്ലവി മുഖം വീർപ്പിച്ചു പിടിച്ചു മിണ്ടാതിരുന്നു..
മാഷെ, ഇവിടെ കുത്തിയിരുന്നു മടുത്തു. നമുക്ക് ചുമ്മാ ഒന്ന് നടന്നാലോ.. ?
അത് ബുദ്ധിമുട്ടാവില്ലേ സഹോ.. ?
പല്ലവി നെറ്റിചുളിച്ചു പറഞ്ഞത് കേട്ടപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു..
എനിക്കെന്ത് ബുദ്ധിമുട്ട്, എന്റെ കൂടെ നടക്കാൻ മാഷിന് എന്തേലും ബുദ്ധിമുട്ടുണ്ടോ.. ?
ഉണ്ടല്ലോ സഹോ,
അതും പറഞ്ഞു പല്ലവി ഇരുന്നിടത്തു നിന്നും പതിയെ എണീക്കാൻ ശ്രമിച്ചു..
അപ്പോഴാണ്‌ ഞാനത് ശ്രദ്ധിച്ചത്,..
പല്ലവിയുടെ ഇടത്തെ കയ്യിൽ ഒരു ഊന്നുവടി... !!
എന്റെ നോട്ടം പെട്ടെന്ന് അവളുടെ ഇടത്തെ കാലിലേക്ക് പതിഞ്ഞു...
എന്റെ നോട്ടം കണ്ടിട്ടാവണം പല്ലവി ചിരിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി..
സഹോ, ഇടത്തെ കാല് അല്പം ദുർബലമാണ്, ജന്മനാ കിട്ടിയതാ.. ഇപ്പൊ ഈ ഊന്നുവടി ഇല്ലെങ്കിൽ ഞാൻ കിടപ്പിലായി പോകും..
അതും പറഞ്ഞു അവൾ വേച്ചു വേച്ചു നടക്കാൻ ശ്രമിച്ചു..,..
അപ്പോഴും ആ മുഖത്തെ പുഞ്ചിരി ഒട്ടും മാഞ്ഞിരുന്നില്ല..
പക്ഷെ എന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞുപോയിരുന്നു അപ്പോൾ..
ഒരു നടുക്കവും ഒപ്പം നിർവികാരിതയും മനസിലേക്ക് കടന്നു വന്നു ഒരേ സമയം...
വയ്യാത്ത കാലും വെച്ചു നടക്കണ്ട, ഇവിടെതന്നെ ഇരിക്ക് മാഷെ..
മനസിലെ വികാരം പുറത്തുകാണിക്കാതെ ഞാൻ പറഞ്ഞൊപ്പിച്ചു..
എന്നാൽ അങ്ങിനെ ആവട്ടെ..
പിന്നെയും പുഞ്ചിരിച്ചുകൊണ്ട് പല്ലവി സിമന്റ്‌ തറയിലേക്ക് കയറിയിരുന്നു..
അല്പംസമയം ആരും പരസ്പരം മിണ്ടിയില്ല..
ഞാനിറങ്ങട്ടെ മാഷെ, അത്യാവിശ്യമായി ഒരിടംവരെ പോകേണ്ട കാര്യമുണ്ടായിരുന്നു...
മൊട്ടത്തല ചൊറിഞ്ഞുകൊണ്ട് ഞാനത് പറഞ്ഞപ്പോൾ പല്ലവി ചിരിച്ചുകൊണ്ട് എന്നെ യാത്രയാക്കി..
കൂയ്....
തിരിച്ചു ബുള്ളെറ്റിനടുത്തേക്ക് നടക്കുമ്പോൾ പല്ലവിയുടെ കൂക്കിവിളി കേട്ടു..
തിരിഞ്ഞ് നോക്കിയ എന്നെ ഇടത് കയ്യാൽ മാടിവിളിച്ചു പല്ലവി..
അവളുടെ അടുത്തെത്തിയപ്പോൾ ചുരുട്ടിപിടിച്ച വലതുകൈ തുറന്ന് എന്റെ നേരെ നീട്ടി പല്ലവി..
ആ കൈവെള്ള നിറയെ ഞാവൽ പഴങ്ങൾ !!!
ഒന്ന് നടുങ്ങികൊണ്ട് പണ്ടൊരിക്കൽ കണ്ട പകൽ സ്വപ്നത്തെ ഞാൻ വീണ്ടും ഓർത്തെടുത്തു...
ഒരു മരച്ചുവട്ടിൽ വലതുകൈ നിറയെ ഞാവൽ പഴങ്ങളുമായി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന പെൺകുട്ടി.. !!
സ്വപ്നത്തിൽ കണ്ട ആ കുട്ടിക്ക് എന്റെ മുന്നിൽനിന്നു പുഞ്ചിരിക്കുന്ന പല്ലവിയുടെ ഛായയുണ്ടോ.. ??
നല്ല പഴുത്ത ഞാവൽ പഴങ്ങളാ .. ദേ ഈ മരച്ചുവട്ടിൽ ഒരുപാട് വീണ് കിടപ്പുണ്ട്..,
ഇഷ്ടംകൊണ്ട് തരുന്നതല്ലേ,..? കൈനീട്ടി മേടിക്ക് സഹോ...
അവളിൽ നിന്ന് ഞാവൽ പഴങ്ങളും വാങ്ങി ബുള്ളറ്റിൽ കയറി തിരിച്ചുപോരുമ്പോൾ ഞാനൊന്ന് തിരിഞ്ഞുനോക്കി..
അപ്പോഴും എന്നെനോക്കി ചിരിക്കുവായിരുന്നു പല്ലവി..
പെട്ടെന്ന് ബുള്ളെറ്റ് വട്ടം വളച്ചു നേരെ പല്ലവിയുടെ മുന്നിലേക്ക്‌ ചെന്നു..
എന്റെ ആ വരവുകണ്ടു ആശ്ചര്യത്താൽ മിഴി കൂർപ്പിച്ചു നിൽക്കുന്ന പല്ലവിയോട് പതിയെ ചോദിച്ചു..
ഇടത്തെ കയ്യിലെ ഊന്നുവടിക്ക് പകരം എന്റെ വലതു കൈ തരട്ടെ ഞാൻ..,?
ഇനിയുള്ള കാലം മുഴുവനും ആ കൈ ചേർത്തുപിടിച്ചോട്ടേ മാഷെ... ?
LIC പത്രികയിൽ നോമിനിയുടെ പേര് എഴുതേണ്ട കോളത്തിൽ "പല്ലവി പവൻ " എന്നെഴുതിയാണ് എന്റെ ആ ചോദ്യത്തിന് അവൾ ഉത്തരം നല്കിയത്..
അത് കണ്ടിട്ടാവണം ആ വലിയ മരത്തിന്റെ ചില്ലകളിൽനിന്നും ഞാവൽപഴങ്ങൾ ഞങ്ങൾക്ക് ചുറ്റും ഉതിർന്നു വീണുകൊണ്ടിരുന്നത്...!

By Sai Bro

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo