Showing posts with label SreerajVS. Show all posts
Showing posts with label SreerajVS. Show all posts

സെൽഫ് ഡ്രിവൺ ഡിസാസ്റ്റർ

 


മോണിറ്റർ റൂമിലെ സ്ക്രീനിൽ തെളിയുന്ന എറർ കോഡുകൾ കൈകാര്യം ചെയ്യാൻ സാധിക്കാതെ ഞെട്ടിയിരിക്കുകയാണ് ട്രാക്കിംഗ് എൻജിനിയർമാർ. തങ്ങളുടെ നിയന്ത്രണത്തിൽ നിന്നും വിട്ടുപോയ കാറിൽ നിന്നും ഒരേസമയം വരുന്ന അനേകം എറർ കോഡുകൾ ഒരുമിച്ച് കൈകാര്യം ചെയ്യാൻ അവർക്ക് സാധിക്കുന്നില്ല.
അരിസോണ ടു കൊളറാഡോ മാപ്പ് സെറ്റ് ചെയ്ത ശേഷം കാർ സെൽഫ് ഡ്രൈവ് മോഡിൽ ഇട്ടു അയാൾ. വണ്ടി പതിയെ ചലിച്ച് തുടങ്ങി. ലെയ്ൻ ട്രാഫിക്ക് പാലിച്ചുകൊണ്ട് അരിസോണ ഹൈവേയിലൂടെ മുൻപോട്ട് പോയിക്കൊണ്ടിരിക്കുന്ന സെൽഫ് ഡ്രിവൺ കാറിലിരുന്ന് ഗ്രെയ്‌സൺ കുറിച്ചു, 'ശാസ്ത്രത്തിന്റെ പുരോഗതി അത്ഭുതം തന്നെ, തനിയെ ചലിക്കുന്ന കാറിലിരുന്ന് കൊണ്ട് ഞാൻ ചിന്തിച്ചു പോയി'. ഓരോ കിലോമീറ്റർ കൂടുമ്പോഴും കാറിന്റെ ഇൻഫോടെയ്ന്മെന്റ് സ്ക്രീനിലെ മാപ്പ് അപ്ഡേറ്റ്സ്‌ നോട്ടിഫിക്കേഷൻ കൊടുത്തുകൊണ്ടിരുന്നു.
നിശ്ചിത വേഗത്തിൽ പോയിക്കൊണ്ടിരുന്ന കാറിൽ ചിന്തകളിൽ മുഴുകിയിരിക്കെ, പെട്ടെന്ന് കാറിന് വേഗം കൂടി വരുന്നത് പോലെ അയാൾക്ക് തോന്നി. മീറ്റർ കൺസോളിൽ നോക്കിയപ്പോൾ മനസ്സിലായി അതൊരു തോന്നൽ മാത്രമായിരുന്നുവെന്ന്. കാരണം മീറ്ററിൽ സാധാരണ വേഗം തന്നെയാണ് ഇപ്പോഴും കാണിക്കുന്നത്. അതേ വേഗത്തിൽ തന്നെ പോയിക്കൊണ്ടിരുന്ന കാർ കുറച്ച് നേരത്തിന് ശേഷം വീണ്ടും വേഗം കൂട്ടിയത് പോലെ തോന്നി മീറ്ററിലേക്ക് അയാളൊന്ന് കണ്ണ് പായിച്ച നിമിഷത്തിൽ മറ്റൊരു കാര്യം കൂടി സംഭവിച്ചു. നൂറ് മീറ്റർ മുൻപ് മാത്രം അപ്ഡേറ്റായ മാപ്പിൽ അസ്വാഭാവികമായി വീണ്ടുമൊരു നോട്ടിഫിക്കേഷൻ.
ഇത്തവണ ഗ്രെയ്‌സൺ ശെരിക്കും ഞെട്ടി. അയാൾക്ക് എത്തേണ്ട സ്ഥലത്തിന് പകരം വേറെ എവിടേക്കോ മാപ്പിലെ ഡെസ്റ്റിനേഷൻ തനിയെ മാറിയിരിക്കുന്നു. അത് റീസെറ്റ് ചെയ്യാനൊരു വിഫല ശ്രമം അയാൾ നടത്തി. കാരണം ഇൻഫോടെയ്ന്മെന്റ് സിസ്റ്റത്തിന്റെ ടച്ച്സ്ക്രീൻ വർക്കാവുന്നില്ല. സെൽഫ് ഡ്രിവൺ മോഡിൽ നിന്നും മാനുവലിലേയ്‌ക്ക് സ്വിച്ച് ചെയ്യാനായി ഗിയർ നോബിനോട് ചേർന്നുള്ള ബട്ടൻ പ്രസ് ചെയ്യാൻ ഗ്രെയ്‌സൺ ശ്രമിച്ചു. അപ്പോളാണ് കാര്യങ്ങളുടെ ഗൗരവം അയാൾക്ക് മനസ്സിലായത്. കാറിന്റെ സിസ്റ്റം മുഴുവൻ ലോക്ക്ഡ് ആണ്. ഒന്നും പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ല. ഓടിക്കൊണ്ടിരിക്കുന്ന തന്റെ കാറിനെ ആരോ അതിവിദഗ്തമായി ഹാക്ക് ചെയ്തിരിക്കുന്നു.
ഗ്രെയ്‌സണെയും വഹിച്ചുകൊണ്ട് കാർ അതിവേഗത്തിൽ പായുകയാണ്. പരിഭ്രാന്തനായ അയാൾ ഫോണിൽ നിന്നും എമർജൻസി നമ്പർ ഡയൽ ചെയ്തു.
* * * * * * * * * * * * * * * * * * * * * * * * * * * * * *
മെക്‌സിക്കോയിലെ ട്രാഫിക് മോണിറ്ററിങ് റൂം. അരിസോണയിലെ ട്രാഫിക് അപ്ഡേറ്റ്സ് വലിയ വാളിൽ തെളിഞ്ഞ് നിൽക്കുന്നു. സാധാരണ നിലയിൽ പോയിക്കൊണ്ടിരുന്ന ട്രാഫിക്കിൽ നിന്നും പെട്ടെന്ന് ഒരു അലേർട്ട് സിഗ്‌നൽ വരുന്നു. ഹൈവേയിൽ ഒരു കാർ അതിവേഗത്തിൽ പായുന്നു. ട്രാഫിക് ഹെഡ് ഉടൻ തന്നെ കാറിന്റെ രജിസ്ട്രേഷൻ ഡീറ്റൈൽസ് എടുത്ത് ഓണറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്ത നടപടിയെന്നോണം അയാൾ കാർ നിർമാണ കമ്പനിയിലേക്ക് ഒരു അലർട്ട് മെസ്സേജ് പാസ്സ് ചെയ്തു.
ട്രാഫിക് റാപ്പിഡ് റെസ്പോൺസ് ടീമിനെ ആ കാർ പിന്തുടരാൻ ഹൈവേയിലേക്ക് അയച്ച ശേഷം അയാൾ കാർ കമ്പനിയുടെ മറുപടിക്കായി കാത്തിരുന്നു. പരമാവധി വേഗത്തിൽ ടീം ഹൈവേയിൽ എത്തി കാറിനെ പിന്തുടരാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വാളിൽ തെളിഞ്ഞു. കാർ നിർമാണ കമ്പനിയിൽ നിന്നും റിപ്ലൈ മെസ്സേജ് വന്നു. കാറിനെ ട്രാക്ക് ചെയ്യാൻ അവർ പരാജായപ്പെട്ടിരിക്കുന്നു എന്നതായിരുന്നു അതിന്റെ ഉള്ളടക്കം.
* * * * * * * * * * * * * * * * * * * * * * * * * * * * * *
തന്റെ യൂട്യൂബ് ചാനലിലെ കമ്മ്യൂണിറ്റി ടാബിൽ കുറച്ച് മുൻപ് ഇട്ട പോസ്റ്റിന്റെ കമന്റുകൾ വായിച്ചിരിക്കുകയാണ് എറിക്. പുതിയതായി വരാൻ പോകുന്ന വിഡിയോയെപ്പറ്റി സൂചനകൾ നൽകുന്ന പോസ്റ്റുകൾ ഇടുന്നത് അയാളുടെ സ്ഥിരം ശീലമാണ്. അടുത്തതായി തയ്യാറാക്കുന്ന എസ്ക്ലൂസിവ് കണ്ടന്റിനെപ്പറ്റിയിട്ട പോസ്റ്റിന് കീഴിൽ വന്ന ആളുകളുടെ ആവേശത്തോടെയുള്ള കമന്റുകൾ കണ്ട് അയാൾ കോരിത്തരിച്ചിരിക്കുകയാണ്. 'നിങ്ങൾക്ക് വേണ്ടിയുള്ള കണ്ടന്റ് ഇവിടെ തയ്യാറുകുന്നതേയുള്ളൂ പ്രിയപ്പെട്ടവരേ.. കുറച്ച് കൂടി ക്ഷമിക്കൂ '. അയാൾ ആത്മഗതം പറഞ്ഞു.
* * * * * * * * * * * * * * * * * * * * * * * * * * * * * *
വെയ്‌മോ മോട്ടോഴ്‌സിന്റെ നെവാഡയിലുള്ള മോണിറ്റർ റൂമിലെ സ്ക്രീനിൽ തെളിയുന്ന എറർ കോഡുകൾ കൈകാര്യം ചെയ്യാൻ സാധിക്കാതെ ഞെട്ടിയിരിക്കുകയാണ് ട്രാക്കിംഗ് എൻജിനിയർമാർ. തങ്ങളുടെ നിയന്ത്രണത്തിൽ നിന്നും വിട്ടുപോയ കാറിൽ നിന്നും ഒരേസമയം വരുന്ന അനേകം എറർ കോഡുകൾ ഒരുമിച്ച് കൈകാര്യം ചെയ്യാൻ അവർക്ക് സാധിക്കുന്നില്ല. കാറിന്റെ സർവിസ് ഹിസ്റ്ററി പരിശോധിച്ചപ്പോൾ തൊട്ട് മുൻപത്തെ ദിവസം അവിടെ നിന്നും സർവിസ് കഴിഞ്ഞ് ഇറങ്ങിയതാണെന്ന് മനസ്സിലാക്കാൻ സാധിച്ചു. സർവിസ് ഡീറ്റൈൽസിൽ പരതുന്നതിനിടയിൽ 'ഇന്ഫോടൈന്മെന്റ് സിസ്റ്റം അപ്ഡേറ്റഡ്' എന്ന എന്റ്റിക്ക് ഒരു ഇറർ ലോഗ് കിടക്കുന്നതായി കണ്ടു. അപ്ഡേഷൻ ചെയ്ത യൂസറുടെ പേര് 'എറിക്'
* * * * * * * * * * * * * * * * * * * * * * * * * * * * * *
യൂട്യൂബിൽ പബ്ലിഷ് ചെയ്യാനുള്ള കണ്ടന്റ് തയ്യാറാക്കുകയാണ് എറിക്. വീഡിയോക്ക് കൊടുക്കാനുള്ള വോയ്സ് റെക്കോർഡ് ചെയ്യുകയാണ്.' വാഹനലോകത്തെ ഏറ്റവും മികച്ച കണ്ടുപിടിത്തമായി ഇപ്പോൾ കൊട്ടിഘോഷിക്കുകയാണ് സെൽഫ് ഡ്രിവൺ കാറുകൾ. ഡ്രൈവറില്ലാതെ തനിയെ ഓടുന്ന ആ കാറുകളിൽ ഒന്നിനെ മറ്റൊരിടത്ത് ഇരിക്കുന്ന വ്യക്തി നിയന്ത്രിക്കുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ലായിരിക്കും. എന്നാൽ ഇതാ അത് സംഭവിച്ചു കഴിഞ്ഞു. ശേഷം വിഡിയോയിൽ'
അരിസോണ ഹൈവേയിലൂടെ തന്റെ നിയന്ത്രണത്തിൽ അതിവേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന കാറിലെ ഡാഷ്ക്യാം ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത വീഡിയോയുടെ കൂടെ ആ വോയ്സ് കൂടി ആഡ് ചെയ്ത് പബ്ലിഷ് ചെയ്യാൻ തയ്യാറാക്കി വച്ച് അയാളൊന്ന് ദീർഘശ്വാസം വിട്ടു.
* * * * * * * * * * * * * * * * * * * * * * * * * * * * * *
തൊട്ടടുത്ത ദിവസം വില്ലിസ് കഫേയിൽ നിവർന്ന് കിടന്നിരുന്ന പത്രത്തിലെ വാർത്ത ഇപ്രകാരമായിരുന്നു. ' യൂട്യൂബിലെ പ്രശസ്തി മാത്രം ലക്ഷ്യം വച്ച്, ആളപായമുണ്ടാകും വിധം ടെക്നോളജി ദുരുപയോഗപെടുത്തിയ യുവ ഓട്ടോമൊബൈൽ എൻജിനീയർ അറസ്റ്റിൽ'
======================================
സെൽഫ് ഡ്രിവൺ കാർ : ഡ്രൈവറുടെ ആവശ്യമില്ലാതെ തനിയെ ഓടുന്ന കാർ. ഇപ്പോഴും ഗവേഷണങ്ങൾ നടന്ന് കൊണ്ടിരിക്കുന്ന വിഷയം.
🖋️ ശ്രീരാജ് വി.എസ്.

കർക്കിടകം

Image may contain: Sreeraj Vs, smiling
-----------------
വൈകുന്നേരത്തെ മഴക്കോള് അറിയിച്ചു കൊണ്ട് ആകാശം ഇരുണ്ട് മൂടി. താഴെ കണ്ടത്തിൽ നിന്നും തണുപ്പ് കാറ്റ് വീശിത്തുടങ്ങി. തൊടിയെമ്പാടും കാർമേഘ നിഴലുകൾ മൂടി. മഴയുടെ വരവ് കണ്ടിട്ടാവണം പരിയംപുറത്ത് പരതി നടന്ന കുറിഞ്ഞിപൂച്ച ഓടി കന്നുകാലികൂടിന്റെ കുടുന്തയിൽ കയറി ഇരുന്നു. അവിടെയാണ് അവള് മഴ നനയാതെ കയറിയിരിക്കുന്നത്. തൊടിയുടെ മുകളിലത്തെ തൊട്ടിയിൽ കെട്ടിയിരുന്ന കറുമ്പിപശുവും ക്ടാവും മഴയുടെ വരവ് കണ്ട് ബഹളം വെയ്ക്കുന്നു. അടുക്കളചായ്പ്പിലുള്ള അമ്മ കേൾക്കാൻ പാകത്തിനാണ് അവറ്റകളുടെ വിളി.
ചായ്പ്പിൽ ഇട്ടിരിക്കുന്ന ഉരൽ തുടച്ച് വൃത്തിയാക്കുന്ന ജോലിയിലാണ് അമ്മ, നാളെ കാലത്തെ പലഹാരത്തിനുള്ള ഗോതമ്പ് പൊടിച്ചെടുക്കാൻ വേണ്ടി. അതിനിടക്ക് കറുമ്പിയുടെയും മകളുടെയും വിളികേട്ട് അങ്ങോട്ടോടി. അവയെ കൂട്ടിൽ കയറ്റി കെട്ടി തിന്നാൻ പുല്ലിട്ടു കൊടുത്തു. കന്നുകാലി കൂട്ടിൽ നിന്ന് പടിഞ്ഞാറേ മുറ്റത്തേക്കുള്ള കുത്തുകല്ല് കയറി അമ്മ വരുമ്പോഴേക്കും മഴ തുടങ്ങിയിരുന്നു. മഴ തിമർത്ത് പെയ്ത് തുടങ്ങി. ചായ്പ്പിന്റെ മുകളിലെ കമഴ്ത്തോട് ഒന്ന് രണ്ടെണ്ണം പൊട്ടിയിട്ടുണ്ട്. അത് മാറാൻ പറഞ്ഞിട്ട് ആശാരി ഇത് വരെ വന്നില്ല. മഴ തുടങ്ങിയതും വെള്ളം അതുവഴി തറയിലേക്ക് വീഴാൻ തുടങ്ങി. ചാണകം മെഴുകിയ തറയാണ് ചായ്പ്പിന്. വെള്ളം വീണ് കുതിർന്നാൽ പിന്നെ വീണ്ടും മെഴുകിയെടുക്കേണ്ടി വരും. മഴയായി കഴിഞ്ഞാൽ മെഴുക്ക് ബുദ്ധിമുട്ടാണ്. കാലികൾക്ക് കൊടുക്കാനുള്ള ഓക്കചാക്കിന്റെ മുകളിലേക്കാണ് വെള്ളം വീഴുന്നത്. അമ്മ ആ ചാക്ക് ഒരുവിധത്തിൽ വലിച്ച് മാറ്റി, വെള്ളം പിടിക്കാനായിട്ട് അവിടെ ഒരു ബക്കറ്റ് കൊണ്ട് വെച്ചു.
മഴ തിമിർക്കുകയാണ്. നല്ല കാറ്റുമുണ്ട്. തൊടിയിലെ ചപ്പുചവറുകൾ പറന്ന് മുറ്റത്തേക്ക് വീഴുന്നു. മുറ്റത്ത് നിൽക്കുന്ന പേരമരം അമ്മയുടെ പരിപാലനത്തിൽ വളർന്നു വന്നതാണ്. കാറ്റിന്റെ ശക്തിയിൽ മുഴുത്ത പേരക്കകൾ ഓരോന്നായി വീഴാൻ തുടങ്ങി. മുറ്റത്തിന്റെ അവിടെയും ഇവിടെയുമായി നല്ല പഴുത്ത പേരക്ക വീണു കിടക്കുന്നു. പേരയില മുറ്റത്ത് വീഴുന്നതിന് മാത്രം അമ്മക്ക് പരാതിയില്ല. എത്ര വീണാലും തനിയെ തൂത്ത് വാരിക്കളയും.
മഴയും നോക്കി നിന്ന് സമയം പോയത് അറിഞ്ഞില്ല. അമ്മ അടുക്കളയിലെ പണികളിൽ മുഴുകി. മഴയൊന്ന് തോർന്നു. തൊടിയുടെ താഴെ അറ്റത്തുള്ള കുളത്തിൽ വെള്ളം നിറഞ്ഞിട്ടുണ്ടാവുമിപ്പോൾ.അതിൽ വിസ്തരിച്ചൊരു കുളി നടത്തണം. അതിന് മുമ്പ് കുറച്ച് പണി തീർക്കാനുണ്ട്. കന്നുകാലിയെ കൂട്ടിൽ കയറ്റിയാൽ പിന്നെ നോക്കേണ്ട ഉത്തരവാദിത്തം എനിക്കാണ്. അവയ്ക്ക് കുടിയും തീറ്റയും കൊടുക്കണം.
ചായ്പ്പിൽ ഇരുന്ന ഗോതമ്പുമ്മിചാക്ക് പൊട്ടിച്ച് ചരുവത്തിലേക്ക് ആവശ്യത്തിനുള്ള ഉമ്മി വാരിയിട്ട് അടുക്കളയിൽ കലത്തിൽ വച്ചിരുന്ന കാടിവെള്ളവും അതിലേക്ക് ഒഴിച്ച് കലക്കിയെടുത്തു. ഇവിടെ ഉമ്മിച്ചാക്ക് തുറന്നപ്പോഴേ കറുമ്പി അമറാൻ തുടങ്ങി.അവൾക്കറിയാം കുടി കിട്ടാനുള്ള സമയമായെന്ന്. ചരുവവും പൊക്കിയെടുത്ത്‌ കന്നുകാലി കൂട്ടിലേക്ക് നടന്നു. ചെല്ലുമ്പോൾ കാണുന്നത് കൂട്ടിൽ കയറ്റി നിർത്തിയിട്ട് പോയ ക്ടാവ് പുറത്തിറങ്ങി നിൽക്കുന്നതാണ്. അവൾക്ക് കുറുമ്പ് ഇച്ചിരി കൂടുതലാണ്. അവളെപിടിച്ച് കൂട്ടിൽ കയറ്റി കെട്ടി. കൊണ്ടുവന്ന കുടി കറുമ്പിക്ക് വെച്ചു കൊടുത്തു. ഞാൻ ചെല്ലുന്ന കണ്ടപ്പോഴേ കുറിഞ്ഞിപൂച്ച കന്നുകാലിക്കൂടിന്റെ കുടുന്തയിൽ നിന്ന് ചാടി താഴെയിറങ്ങിവന്നു.അവൾക്കറിയാം ഞാനിനി എങ്ങോട്ടാ പോകുന്നതെന്ന്. അതിനാണ് കൂടെ കൂടിയിരിക്കുന്നത്.
കൂടിന്റെ കുടുന്തയിൽ കേറി കുറച്ച്‌ കച്ചിയെടുത്ത് കറുമ്പിക്ക് ഇട്ട് കൊടുത്ത് കുറിഞ്ഞിയെയും എടുത്ത് തോളിൽ വെച്ചു. കന്നുകാലിക്ക് കുടികൊടുത്തിട്ട് ഞാൻ കുളിക്കാൻ പോകുമ്പോൾ തോളിൽകയറി കാഴ്ച്ച കണ്ടിരിക്കണം, അതവളുടെ പതിവാണ്. അതിനാണ് ചാടി ഇറങ്ങി വന്നത്. കുറിഞ്ഞിയെ തലോടിക്കൊണ്ട് കുളം ലക്ഷ്യമാക്കി നടന്നു. കുളത്തിലേക്ക് ഇറങ്ങുന്ന കുത്തുകല്ലെല്ലാം പായൽ പിടിച്ച് കിടക്കുവാണ്. പതിയെ ശ്രദ്ധിച്ച് ഇറങ്ങി. കുളത്തിന്റെ കെട്ടിന്റെ ഇടക്ക് നിന്നും വെള്ളത്തിലേക്ക് നോക്കി പുളവൻ നാക്കും നീട്ടിയിരിപ്പുണ്ട്. വെള്ളത്തിൽ കൂടി വരുന്ന ചെറിയ പ്രാണികളെ പിടിക്കാൻ തക്കം പാർത്തിരിക്കുകയാണ്. വെള്ളത്തിൽ വെച്ച് പുളവൻ കടിച്ചാൽ വിഷമില്ല എന്ന് അമ്മയൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. അതുകൊണ്ട് അതിനെ പേടിക്കേണ്ട.
കാറ്റിൽ കുളത്തിൽ വീണ ചപ്പുചവറുകൾ എല്ലാം പെറുക്കി കരയിലേക്ക് എറിഞ്ഞ ശേഷം നല്ലൊരു കുളിയങ്ങ് നടത്തി. കുളി കഴിഞ്ഞ് തോർത്തിയപ്പോഴേക്കും കുറിഞ്ഞിപൂച്ച ഒരു കറക്കവും കഴിഞ്ഞ് തിരിച്ച് വന്നു. കുളി കഴിഞ്ഞാൽ പിന്നെ അവളെ ഞാൻ എടുക്കുകേലന്ന് അവൾക്കറിയാം. അവളെന്നെ മുട്ടിയുരുമ്മി കൂടെ നടന്നു. തിരിച്ച് കന്നുകാലി കൂട്ടിൽ എത്തിയപ്പോഴേക്കും കറുമ്പി ചരുവം കാലിയാക്കി വച്ചിരുന്നു. അതും എടുത്ത് പടിഞ്ഞാറെ മുറ്റത്ത്‌ എത്തിയപ്പോഴേക്കും അമ്മൂമ്മ വിളക്ക് കത്തിച്ച് നാമജപം തുടങ്ങിയിരുന്നു. ചരുവം കൊണ്ട് ചായ്പ്പിൽ വെച്ച് അകത്തെ ഭിത്തിയലമാരിയിൽ ചിരട്ടയിൽ വെച്ചിരുന്ന ഭസ്മം കുറച്ച്‌ നെറ്റിയിൽ ചാർത്തി കിഴക്കേ തിണ്ണയിലേക്ക് പോയി. അവിടെ അമ്മൂമ്മ വാതൽപടിയിലിരുന്ന് നാമം ജപിക്കുകയാണ്.
വിളക്ക് തൊഴുത് അമ്മൂമ്മയുടെ കൂടെ നിലത്ത് ചമ്രം പടഞ്ഞിരുന്നപ്പോഴേക്കും അമ്മയും വന്നു. താളം അശേഷമില്ലാത്ത ആ നാമം ജപത്തിൽ ഞങ്ങളും കൂടി. തൃസന്ധ്യ കഴിയുന്ന വരെ നാമം ജപിക്കണമെന്ന് അമ്മൂമ്മക്ക് നിർബന്ധമാണ്. അത്‌ തന്നെയല്ല, കർക്കിടകത്തിൽ രാമായണം വായിക്കണേൽ തൃസന്ധ്യ കഴിയുകയും വേണമെന്ന്. അമ്മൂമ്മക്ക് കാർന്നവന്മാര് പറഞ്ഞ് കൊടുത്താണത്രെ. നാമജപം പൂർത്തിയാക്കി പീഠത്തിൽ വച്ചിരുന്ന രാമായണം എടുത്തു കൊടുത്തു അമ്മൂമ്മക്ക്. രാമായണം വായിക്കാൻ തുടങ്ങിയാൽ പിന്നെ ഞാനവിടെനിന്ന് എഴുന്നേൽക്കുന്നത് അമ്മൂമ്മക്ക് ഇഷ്ടമല്ല. വായിക്കുന്നതത്രയും അവിടെയിരുന്ന് കേൾക്കണം. വായനയിലെ പ്രധാന ഭാഗങ്ങളുടെ കഥയൊക്കെ ഇടക്ക് പറഞ്ഞു തരുന്ന കാരണം എനിക്കും കേൾക്കാൻ താൽപര്യമാണ്.
ͥശ്രീരാമ! രാമ! രാമ! ͥശ്രീരാമചന്ദ്ര! ജയ
ͥശ്രീരാമ! രാമ! രാമ! ͥശ്രീരാമഭȮദ്ര! ജയ!
ͥശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ!
ͥശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ!
അമ്മൂമ്മ ഭക്തിയോട് കൂടി വായിക്കുകയാണ്.
സന്ധ്യമയങ്ങിയതോട് കൂടി പുറത്ത് മഴ ശക്തി പ്രാപിച്ചു. കണ്ടത്തിലെ കോലറയിൽ തവളകൾ ബഹളം തുടങ്ങിയിരിക്കുന്നു. ഇനി രാത്രി മുഴുവൻ അവയുടെ ബഹളം കേൾക്കാം. പുറത്തെ മഴയും വീക്ഷിച്ച് അമ്മൂമ്മ വായിക്കുന്ന രാമായണശീലുകൾക്ക് ചെവികൊടുത്ത് ഞാനവിടെയിരുന്നു, പഞ്ഞകർക്കിടകം ദുരിതങ്ങൾ വിതക്കല്ലേയെന്ന് മനമുരുകി പ്രാർത്ഥിച്ചു കൊണ്ട്...

By: Sreeraj VS

ചില്ലിക്കൊമ്പൻ


-----------------------
മണികണ്ഠൻചാൽ ചപ്പാത്ത് കഴിഞ്ഞ് കാട് കയറുകയാണ് ഷാജിയുടെ ജീപ്പും യാത്രക്കാരും.ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു. എൺപത്തഞ്ച് മോഡൽ മഹീന്ദ്ര ജീപ്പ് ഷാജിയുടെ സന്തത സഹചാരിയാണ്. എണ്ണ ഒഴിച്ച് കൊടുത്താൽ അവൻ ഇന്നും പുലിയാണ്. മുപ്പത്തിയഞ്ച് വർഷത്തിനടുത്ത് പ്രായമായിട്ടും വെളിച്ചത്തിന് ഇന്നും ഒരു മങ്ങലുമില്ല. വഴിയിലെ ഓരോ കാഴ്ചകളും സുവ്യക്തം. വളവുകളിൽ ഗിയർ ഡൗൺ ചെയ്ത് അധികം ഇരപ്പിക്കാതെ വണ്ടി സസൂക്ഷ്മം ഓടിച്ചു പോകുകയാണ് അയാൾ.
മൂക്കൻവാലിക്കും ചാമക്കുടിക്കുമിടയ്ക്കുള്ള ഏക യാത്രാമാർഗം ജീപ്പാണ്. ഇരുപത് കിലോമീറ്ററളോളം പുലിയും, കാട്ടുപോത്തും, മാനും, ആനയുമൊക്കെയുള്ള കൊടും വനത്തിൽ കൂടി ജീപ്പിൽ സഞ്ചരിച്ചാൽ മാത്രമേ ചാമക്കുടിക്കാർക്ക് പുറംലോകം കാണാൻ കഴിയുകയുള്ളൂ. മൊബൈൽഫോൺ അവർക്ക് അന്യമാണ്. അത് കൊണ്ട് തന്നെ എന്ത് ആവശ്യത്തിനും കാടിറങ്ങിയെ മതിയാകൂ. ചാമക്കുടിയുടെ ഏറ്റവും വലിയ ശാപം അവിടെയൊരു ആശുപത്രിയില്ലാത്തതാണ്. കുടിയിലെ പങ്കന്റെ പെണ്ണിന് പ്രസവവേദന കലശലായപ്പോൾ ഷാജിയേയും കൂട്ടി ഇരുട്ടുന്നതിത് മുൻപ് കാടിറങ്ങിയതാണ് പങ്കനും വേലുമൂപ്പരും, മൂക്കൻവാലിയിലെ സർക്കാരാശുപത്രിയിലെ ഡോക്ടറെ കണ്ട് കുടിയിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ. ഡോക്ടറെയും കൂട്ടി തിരികെ കുടിയിലേക്കുള്ള യാത്രയിലാണ് അവർ.
മൂക്കൻവാലിയിൽ നിന്ന് ചാമക്കുടിക്ക് അന്നത്തെ ദിവസം വേറെ വണ്ടിയൊന്നുമില്ല എന്നറിഞ്ഞ് നാട്ടുകാരായ ഒരുപാട് പേർ വണ്ടിയിൽ കയറിയിട്ടുണ്ട്. പകലത്തെ പണികഴിഞ്ഞ് പണിയായുധങ്ങളുമായി കുടികളിലേക്ക് മടങ്ങുന്നവരാണ് ഏറെയും. കൂട്ടത്തിൽ, അന്നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ വരത്തൻ ഒരാളും. ചാമക്കുടിയിലുള്ള ആകെയൊരു സർക്കാർ ആപ്പീസായ പോസ്റ്റ് ഓഫീസിലേക്ക് പുതിയതായി നിയമനം കിട്ടി വന്നതാണയാൾ. വണ്ടികിട്ടി മൂക്കൻവാലിയിൽ എത്തിയപ്പോൾ താമസിച്ചു പോയി. അവസാന വണ്ടിയിൽ കയറികൂടിയതാണ്. ഇങ്ങനെയൊരു യാത്ര അയാളുടെ ജീവിതത്തിൽ ആദ്യമായിട്ടാണ്. പരിചിതമല്ലാത്ത സ്ഥലവും കാടും കൂടി കണ്ടപ്പോൾ അയാളാകെ ഭയപ്പെട്ട് ഇരിക്കുകയാണ്. അതിന് ആക്കം കൂട്ടുവാനായി നാട്ടുകാരായ യാത്രക്കാരുടെ വക കഥകളും.
ഇരുപത് പേരോളം തിങ്ങിഞെരിഞ്ഞ് ഇരിക്കുന്ന വണ്ടി തികഞ്ഞ ഒരു അഭ്യാസിയെപ്പോലെ തന്റെ കൈപ്പിടിയിൽ ഒതുക്കി മുന്നേറുകയാണ് ഷാജി. പങ്കന്റെ പെണ്ണിന്റെയും കുഞ്ഞിന്റെയും ജീവൻ എത്രയും പെട്ടന്ന് രക്ഷിക്കണമെന്ന ഒറ്റ ചിന്തയിൽ, കയറ്റവും ഇറക്കവും നിറഞ്ഞ വഴിയിൽ ഫോർ വീൽ ഡ്രൈവിൽ ഇട്ട് വണ്ടി അതിന്റെ പരമാവധി ശക്തിയിൽ മുന്നോട്ട് ചലി പ്പിക്കുകയാണ് അയാൾ.മുപ്പത്‌ വർഷത്തിലേറെയായി ആ വഴി വണ്ടിയോടിക്കുന്ന അയാൾക്ക് രാത്രിയിൽ വഴിയുടെ ഇരുവശത്തെയും ഒരിലയനക്കം പോലും തിരിച്ചറിയാൻ പറ്റും.അല്ലെങ്കിൽ തന്നെ, രാത്രി സഞ്ചാരികളായ മൃഗങ്ങളുടെ ഒരോ അനക്കവും കാണാപാഠമാണ് ചൊക്കൻകുടിക്കാരനായ ഷാജിക്ക്. രാത്രികളിൽ കുടിയിലെ കൂരകൾക്ക് ചുറ്റും അവയുടെ സഞ്ചാരമുണ്ടാകാറുണ്ട്.
മഹീന്ദ്ര എഞ്ചിന്റെ മുരളൽ ശബ്ദമൊഴികെ എങ്ങും കനത്ത നിശബ്ദത. ചാമക്കുടിയെത്താൻ ഇനിയും പകുതി ദൂരം സഞ്ചരിക്കണം. പാണാവള്ളിമുക്ക് കഴിഞ്ഞ് ഒരു അൻപത് മീറ്റർ മുന്നോട്ട് ചെന്നിട്ടുണ്ടാവും. ഹെഡ്ലൈറ്റ് വെളിച്ചത്തിൽ തെളിഞ്ഞ പരിസരത്ത് എന്തോ ഒരു അപാകത മണത്തു ഷാജിക്ക്. ഈറ്റകാടുകൾ ഒടിച്ച് നശിപ്പിച്ച് ഇട്ടിരിക്കുന്നു. മുൻ സീറ്റിൽ ഇരുന്ന വേലുമൂപ്പർ ഉറപ്പിച്ചു പറഞ്ഞു, 'ആനച്ചൂര് മണക്കുന്നുണ്ട്, ചില്ലിക്കൊമ്പൻ ഇവിടെ അടുത്ത് എവിടെയോ ഉണ്ട്'. ഷാജി ഗിയർ ഒന്ന് ഡൗൺ ചെയ്തു വണ്ടി പതിയെ നിർത്തി. വണ്ടിയിൽ സ്ഥിരം കരുതുന്ന സെർച്ച് ലൈറ്റ് കൊണ്ട് കുറച്ച് നേരം പരിസരം ഒന്ന് പരതിയ ശേഷം പതിയെ ഫസ്റ്റ് ഗിയറിലേക്കിട്ടു വണ്ടി അനക്കി.മുൻപിൽ ഒന്നിനെയും കാണുന്നില്ലല്ലോ എന്ന ആശ്വാസത്തിൽ പതിയെ ആക്സിലറേറ്ററിൽ കാലമർത്തി.
ഒന്ന് ശ്വാസം വിട്ട് സെക്കന്റ് ഗിയറിലേക്ക് മാറാൻ ക്ലച് അമർത്തിയതും പൊടുന്നനെ ഈറ്റകാടുകൾക്ക് ഇടയിൽ നിന്നും എന്തോ ഒന്ന് വഴിയിലേക്ക് ഇറങ്ങി. അത് സാക്ഷാൽ ചില്ലിക്കൊമ്പനാണെന്ന് മനസ്സിലാക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല ഷാജിക്ക്. ഒറ്റ നിമിഷം കൊണ്ട് അയാൾ ബ്രേക്കിൽ ആഞ്ഞ് ചവിട്ടി. വണ്ടി സഡൻ ബ്രേക്കിട്ട് അലറിക്കൊണ്ട് ആടിയുലഞ്ഞ് നിന്നു. വണ്ടിയിൽ ഉണ്ടായിരുന്ന പണിയായുധങ്ങൾ തമ്മിൽ ഉരസി വലിയൊരു ശബ്ദമുയർന്നു. വണ്ടിയിലുണ്ടായിരുന്ന എല്ലാവരും ഭയചകയതിരായി പരസ്പരം നോക്കി. പെണ്ണിനേയും ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ഓർത്ത് ആധിപൂണ്ട് ഇരിക്കുന്ന പങ്കനെ ഡോക്ടറും വേലുമൂപ്പരും മറ്റ് യാത്രക്കാരും ചേർന്ന് ആശ്വസിപ്പിക്കുന്നുമുണ്ട്. ഷാജിയിലുള്ള വിശ്വാസത്തിൽ അവർ ശ്വാസമടക്കിയിരുന്നു. മീറ്ററുകൾ അകലെ മാത്രം നിൽക്കുന്ന അപകടകാരിയായ കൊമ്പനെ വീക്ഷിച്ചു കൊണ്ട് അയാൾ പതിയെ വണ്ടി ന്യൂട്രലിൽ ഇട്ട് ആദ്യത്തെ അടവ് പ്രയോഗിക്കാൻ തീരുമാനിച്ചു. ന്യൂട്രൽ ഗിയർ വീണെന്ന് ഉറപ്പാക്കിയ ശേഷം പരമാവധി ശക്തി പ്രയോഗിച്ച് ആക്സിലറേറ്റർ അമർത്തി. ഹെഡ്ലൈറ്റ് അതിന്റെ പരമാവധി വെട്ടത്തിൽ പ്രകാശിപ്പിച്ച് വണ്ടി എഞ്ചിൻ ഇരപ്പിച്ച് തന്നെ നിറുത്തി. സാധാരണ വലിയ വെട്ടം കണ്ടാൽ കൊമ്പൻ വഴി മാറേണ്ടതാണ്.ഇത് പക്ഷെ..
വെളിച്ചമോ ജീപ്പിന്റെ മുരൾച്ചയോ ചില്ലിക്കൊമ്പന്റെ നിൽപ്പിൽ ഒരു മാറ്റവും വരുത്തിയില്ല. അവൻ ആക്രമണത്തിന് മുതിരുകയാണ്. കൊമ്പൻ പതിയെ ജീപ്പിനടുത്തേക്ക് നടന്നടുക്കുമ്പോൾ ഷാജിയുടെ കൈകൾ വണ്ടിയുടെ റിവേഴ്സ് ഗിയറിൽ അമർന്നു..വണ്ടി പുറകോട്ട് ചലിക്കുന്നത് കണ്ട് കൊമ്പനും നടത്തം വേഗത്തിലാക്കി. കുറച്ച് നടന്ന ശേഷം കൊമ്പൻ നിന്നു. അനങ്ങാൻ ഉദേശമില്ലാതെ നടുവഴിയിൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണവൻ. അവന്റെ ആലില പോലെ വായുവിൽ ആയിരുന്ന ചെവികൾ പെട്ടെന്ന് നിശ്ചലമാകുകയും, വാൽ ചുരുട്ടുകയും ചെയ്തിരുന്നു. കൊമ്പന്റെ ഈ ഭാവമാറ്റം ഷാജിയുടെ മുഖത്ത് ഭീതിയുടെ വിത്തുകൾ മുളപ്പിച്ചു.അയാൾ പതിയെ പറഞ്ഞു. രക്ഷയില്ലാ...അവൻ നമ്മളെകൊണ്ടേ പോകൂ.. വേലുമൂപ്പനും പങ്കനും ഷാജിയുടെ നേരെ കൈകൂപ്പി. രണ്ട് ജീവനുകൾ രക്ഷിക്കാനുള്ള ദൗത്യത്തിൽ ഇറങ്ങിത്തിരിച്ച തങ്ങൾക്ക് ഈ പ്രതിസന്ധി എങ്ങനെയും കടന്നേ മതിയാവൂ എന്ന് അവർ പറയാതെ പറഞ്ഞു. ഇനി എന്താണ് വേണ്ടതെന്ന് അവരുടെ കണ്ണുകൾ തമ്മിൽ സംവദിച്ചു.ഷാജി പതിയെ ജീപ്പ് നിറുത്തി. ഇപ്പോൾ ചില്ലിക്കൊമ്പനും ജീപ്പും തമ്മിൽ കഷ്ടിച്ച് ഒരു മുപ്പത് മീറ്റർ നീളം കാണും.
ഷാജി ഒരു നിമിഷം കണ്ണടച്ചു. ഈ പ്രതിസന്ധി തരണം ചെയ്തില്ലെങ്കിൽ പിന്നെ താൻ എന്ത് ഡ്രൈവറാണ്. കഴിഞ്ഞ മുപ്പത്തഞ്ച് വർഷം ഈ കാടിന്റെ നടുവിലൂടെ ചീറിപ്പാഞ്ഞ താൻ ഒരു കൊമ്പന്റെ മുൻപിൽ പതറുകയോ..അതുവരെയില്ലാത്തൊരു ധൈര്യം അയാൾക്ക് കൈവന്നു. അയാൾ
പതിയെ വണ്ടി ഫസ്റ്റ് ഗിയറിലേക്ക് മാറ്റി അവസാന അടവ് ഇറക്കാൻ പാകമാക്കി നിറുത്തി. ജീപ്പിന്റെ സ്റ്റിയറിങ് മുറുകെ പിടിച്ച് അയാൾ ജീപ്പിലുള്ളവരോടായി പറഞ്ഞു.'എല്ലാവരും കമ്പിയിൽ മുറുകെപ്പിടിച്ചോ..ഞാൻ ജീവനോടെ ഉണ്ടെങ്കിൽ നിങ്ങൾ എല്ലാവരും നാളത്തെ പുലരി കാണും. അത്‌ നിശ്ചയം'.. നിമിഷ നേരത്തിനകം പുറകിലത്തെ വീൽ ശക്തിയായി കറക്കികൊണ്ട് ഹെഡ്ലൈറ്റുകൾ ശക്തിയായി പ്രകാശിപ്പിച്ച് പൊടിപറത്തി വണ്ടി മുന്നോട്ട് കുതിച്ചു. ഇടക്ക് ക്ലച്ച് അയച്ച് പരമാവധി ഇരപ്പിച്ച് വണ്ടി മുന്നോട്ട് കുതിച്ചു. ഏതു നിമിഷവും അമർത്താൻ പാകത്തിന് ബ്രേക്കും ശ്രദ്ധിക്കുന്നുണ്ടയാൾ.
അയാളുടെ കണക്ക് കൂട്ടൽ ഒട്ടും പിഴച്ചില്ല. പ്രതീക്ഷിക്കാത്ത നീക്കത്തിൽ കൊമ്പൻ പതറി. ചിന്നം വിളിച്ചുകൊണ്ട് അവൻ വഴി മാറി. ഈറ്റകാടുകൾ ചവിട്ടി ഒടിച്ച് അവൻ കാട്ടിലേക്ക് കയറി. അവന് പിന്തിരിഞ്ഞ് വരാനുള്ള സമയം കിട്ടുന്നതിന് മുൻപേ ജീപ്പ് അവിടെയെത്തി. കൊമ്പനെ തൊട്ടു തൊട്ടില്ലാ എന്ന മട്ടിൽ ഷാജി ജീപ്പിനെ അതിവിദഗ്ദമായി അവിടം കടത്തി. ജീപ്പ് കടന്ന നിമിഷം കൊമ്പൻ തിരിഞ്ഞ് വന്നെങ്കിലും ഷാജിയുടെ കയ്യിൽ ഭദ്രമായ ജീപ്പിനെ അവന് തൊടാൻ കൂടി സാധിച്ചില്ല. അതിന് മുൻപേ അടുത്ത ഗിയറിലേക്ക് മാറി വണ്ടി കുതിച്ചു തുടങ്ങിയിരുന്നു. കലിയടങ്ങാത്ത കൊമ്പൻ കുറച്ചേറെ ദൂരം വണ്ടിയെ പിന്തുടർന്നെത്തി. 'ആരും പേടിക്കേണ്ട, ഇനി അവന് നമ്മളെ തൊടാൻ പറ്റില്ല' എന്ന ഷാജിയുടെ വാക്കിൽ എല്ലാവരും ഭയത്തിൽ നിന്നും പതിയെ മോചിതരായി. കുറച്ച് ദൂരം വണ്ടിയെ പിന്തുടർന്ന കൊമ്പൻ ഒടുവിൽ പിന്മാറി. ഗിയർ മുകളിലേക്കും താഴേക്കുമാക്കി പരമാവധി വേഗത്തിൽ പറപറക്കുകയാണ് ഷാജിയും ജീപ്പും. കൊമ്പന്റെ അലർച്ച കാടുകളെ പ്രകമ്പനം കൊള്ളിക്കുന്നുണ്ടപ്പോൾ.
വലിയൊരു അപകടത്തിൽ നിന്ന് തങ്ങളെ രക്ഷിച്ച തേവർക്ക് മനസ്സിൽ നന്ദി പറഞ്ഞ്, എത്രയും വേഗം ചാമക്കുടിയിലെത്താൻ കുതിക്കുകയാണ് ഷാജിയും ജീപ്പും. ബാക്കിയുള്ള ദൂരം അതിവിദഗ്ദമായി മിനുറ്റുകൾക്കകം സഞ്ചരിച്ച് ചാമക്കുടിയിൽ ജീപ്പെത്തിച്ചു അയാൾ. കാടിറങ്ങിയെ ചുങ്കനെകാത്തിരുന്ന കുടിയിലുള്ളവരുടെ മുന്നിൽ ദൈവ തുല്യരായി മാറുകയായിരുന്നു ഷാജിയും ജീപ്പും ഡോക്ടറുമെല്ലാം. കാടിന്റെ നിയമങ്ങൾ പാലിച്ച്, കാടിനെ പരിപാലിച്ച് ജീവിക്കുന്ന ചാമക്കുടിക്കാർക്ക് നഷ്ടമാകേണ്ടിയിരുന്ന രണ്ട് ജീവനുകളെ രക്ഷിക്കാൻ സാധിച്ചതിൽ തേവരോട് നന്ദി പറഞ്ഞു ചൊക്കൻകുടി ലക്ഷ്യമാക്കി ജീപ്പോടിച്ചു അയാൾ.
Sreeraj VS @ Nallezhuth FB Group

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo