നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചില്ലിക്കൊമ്പൻ


-----------------------
മണികണ്ഠൻചാൽ ചപ്പാത്ത് കഴിഞ്ഞ് കാട് കയറുകയാണ് ഷാജിയുടെ ജീപ്പും യാത്രക്കാരും.ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു. എൺപത്തഞ്ച് മോഡൽ മഹീന്ദ്ര ജീപ്പ് ഷാജിയുടെ സന്തത സഹചാരിയാണ്. എണ്ണ ഒഴിച്ച് കൊടുത്താൽ അവൻ ഇന്നും പുലിയാണ്. മുപ്പത്തിയഞ്ച് വർഷത്തിനടുത്ത് പ്രായമായിട്ടും വെളിച്ചത്തിന് ഇന്നും ഒരു മങ്ങലുമില്ല. വഴിയിലെ ഓരോ കാഴ്ചകളും സുവ്യക്തം. വളവുകളിൽ ഗിയർ ഡൗൺ ചെയ്ത് അധികം ഇരപ്പിക്കാതെ വണ്ടി സസൂക്ഷ്മം ഓടിച്ചു പോകുകയാണ് അയാൾ.
മൂക്കൻവാലിക്കും ചാമക്കുടിക്കുമിടയ്ക്കുള്ള ഏക യാത്രാമാർഗം ജീപ്പാണ്. ഇരുപത് കിലോമീറ്ററളോളം പുലിയും, കാട്ടുപോത്തും, മാനും, ആനയുമൊക്കെയുള്ള കൊടും വനത്തിൽ കൂടി ജീപ്പിൽ സഞ്ചരിച്ചാൽ മാത്രമേ ചാമക്കുടിക്കാർക്ക് പുറംലോകം കാണാൻ കഴിയുകയുള്ളൂ. മൊബൈൽഫോൺ അവർക്ക് അന്യമാണ്. അത് കൊണ്ട് തന്നെ എന്ത് ആവശ്യത്തിനും കാടിറങ്ങിയെ മതിയാകൂ. ചാമക്കുടിയുടെ ഏറ്റവും വലിയ ശാപം അവിടെയൊരു ആശുപത്രിയില്ലാത്തതാണ്. കുടിയിലെ പങ്കന്റെ പെണ്ണിന് പ്രസവവേദന കലശലായപ്പോൾ ഷാജിയേയും കൂട്ടി ഇരുട്ടുന്നതിത് മുൻപ് കാടിറങ്ങിയതാണ് പങ്കനും വേലുമൂപ്പരും, മൂക്കൻവാലിയിലെ സർക്കാരാശുപത്രിയിലെ ഡോക്ടറെ കണ്ട് കുടിയിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ. ഡോക്ടറെയും കൂട്ടി തിരികെ കുടിയിലേക്കുള്ള യാത്രയിലാണ് അവർ.
മൂക്കൻവാലിയിൽ നിന്ന് ചാമക്കുടിക്ക് അന്നത്തെ ദിവസം വേറെ വണ്ടിയൊന്നുമില്ല എന്നറിഞ്ഞ് നാട്ടുകാരായ ഒരുപാട് പേർ വണ്ടിയിൽ കയറിയിട്ടുണ്ട്. പകലത്തെ പണികഴിഞ്ഞ് പണിയായുധങ്ങളുമായി കുടികളിലേക്ക് മടങ്ങുന്നവരാണ് ഏറെയും. കൂട്ടത്തിൽ, അന്നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ വരത്തൻ ഒരാളും. ചാമക്കുടിയിലുള്ള ആകെയൊരു സർക്കാർ ആപ്പീസായ പോസ്റ്റ് ഓഫീസിലേക്ക് പുതിയതായി നിയമനം കിട്ടി വന്നതാണയാൾ. വണ്ടികിട്ടി മൂക്കൻവാലിയിൽ എത്തിയപ്പോൾ താമസിച്ചു പോയി. അവസാന വണ്ടിയിൽ കയറികൂടിയതാണ്. ഇങ്ങനെയൊരു യാത്ര അയാളുടെ ജീവിതത്തിൽ ആദ്യമായിട്ടാണ്. പരിചിതമല്ലാത്ത സ്ഥലവും കാടും കൂടി കണ്ടപ്പോൾ അയാളാകെ ഭയപ്പെട്ട് ഇരിക്കുകയാണ്. അതിന് ആക്കം കൂട്ടുവാനായി നാട്ടുകാരായ യാത്രക്കാരുടെ വക കഥകളും.
ഇരുപത് പേരോളം തിങ്ങിഞെരിഞ്ഞ് ഇരിക്കുന്ന വണ്ടി തികഞ്ഞ ഒരു അഭ്യാസിയെപ്പോലെ തന്റെ കൈപ്പിടിയിൽ ഒതുക്കി മുന്നേറുകയാണ് ഷാജി. പങ്കന്റെ പെണ്ണിന്റെയും കുഞ്ഞിന്റെയും ജീവൻ എത്രയും പെട്ടന്ന് രക്ഷിക്കണമെന്ന ഒറ്റ ചിന്തയിൽ, കയറ്റവും ഇറക്കവും നിറഞ്ഞ വഴിയിൽ ഫോർ വീൽ ഡ്രൈവിൽ ഇട്ട് വണ്ടി അതിന്റെ പരമാവധി ശക്തിയിൽ മുന്നോട്ട് ചലി പ്പിക്കുകയാണ് അയാൾ.മുപ്പത്‌ വർഷത്തിലേറെയായി ആ വഴി വണ്ടിയോടിക്കുന്ന അയാൾക്ക് രാത്രിയിൽ വഴിയുടെ ഇരുവശത്തെയും ഒരിലയനക്കം പോലും തിരിച്ചറിയാൻ പറ്റും.അല്ലെങ്കിൽ തന്നെ, രാത്രി സഞ്ചാരികളായ മൃഗങ്ങളുടെ ഒരോ അനക്കവും കാണാപാഠമാണ് ചൊക്കൻകുടിക്കാരനായ ഷാജിക്ക്. രാത്രികളിൽ കുടിയിലെ കൂരകൾക്ക് ചുറ്റും അവയുടെ സഞ്ചാരമുണ്ടാകാറുണ്ട്.
മഹീന്ദ്ര എഞ്ചിന്റെ മുരളൽ ശബ്ദമൊഴികെ എങ്ങും കനത്ത നിശബ്ദത. ചാമക്കുടിയെത്താൻ ഇനിയും പകുതി ദൂരം സഞ്ചരിക്കണം. പാണാവള്ളിമുക്ക് കഴിഞ്ഞ് ഒരു അൻപത് മീറ്റർ മുന്നോട്ട് ചെന്നിട്ടുണ്ടാവും. ഹെഡ്ലൈറ്റ് വെളിച്ചത്തിൽ തെളിഞ്ഞ പരിസരത്ത് എന്തോ ഒരു അപാകത മണത്തു ഷാജിക്ക്. ഈറ്റകാടുകൾ ഒടിച്ച് നശിപ്പിച്ച് ഇട്ടിരിക്കുന്നു. മുൻ സീറ്റിൽ ഇരുന്ന വേലുമൂപ്പർ ഉറപ്പിച്ചു പറഞ്ഞു, 'ആനച്ചൂര് മണക്കുന്നുണ്ട്, ചില്ലിക്കൊമ്പൻ ഇവിടെ അടുത്ത് എവിടെയോ ഉണ്ട്'. ഷാജി ഗിയർ ഒന്ന് ഡൗൺ ചെയ്തു വണ്ടി പതിയെ നിർത്തി. വണ്ടിയിൽ സ്ഥിരം കരുതുന്ന സെർച്ച് ലൈറ്റ് കൊണ്ട് കുറച്ച് നേരം പരിസരം ഒന്ന് പരതിയ ശേഷം പതിയെ ഫസ്റ്റ് ഗിയറിലേക്കിട്ടു വണ്ടി അനക്കി.മുൻപിൽ ഒന്നിനെയും കാണുന്നില്ലല്ലോ എന്ന ആശ്വാസത്തിൽ പതിയെ ആക്സിലറേറ്ററിൽ കാലമർത്തി.
ഒന്ന് ശ്വാസം വിട്ട് സെക്കന്റ് ഗിയറിലേക്ക് മാറാൻ ക്ലച് അമർത്തിയതും പൊടുന്നനെ ഈറ്റകാടുകൾക്ക് ഇടയിൽ നിന്നും എന്തോ ഒന്ന് വഴിയിലേക്ക് ഇറങ്ങി. അത് സാക്ഷാൽ ചില്ലിക്കൊമ്പനാണെന്ന് മനസ്സിലാക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല ഷാജിക്ക്. ഒറ്റ നിമിഷം കൊണ്ട് അയാൾ ബ്രേക്കിൽ ആഞ്ഞ് ചവിട്ടി. വണ്ടി സഡൻ ബ്രേക്കിട്ട് അലറിക്കൊണ്ട് ആടിയുലഞ്ഞ് നിന്നു. വണ്ടിയിൽ ഉണ്ടായിരുന്ന പണിയായുധങ്ങൾ തമ്മിൽ ഉരസി വലിയൊരു ശബ്ദമുയർന്നു. വണ്ടിയിലുണ്ടായിരുന്ന എല്ലാവരും ഭയചകയതിരായി പരസ്പരം നോക്കി. പെണ്ണിനേയും ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ഓർത്ത് ആധിപൂണ്ട് ഇരിക്കുന്ന പങ്കനെ ഡോക്ടറും വേലുമൂപ്പരും മറ്റ് യാത്രക്കാരും ചേർന്ന് ആശ്വസിപ്പിക്കുന്നുമുണ്ട്. ഷാജിയിലുള്ള വിശ്വാസത്തിൽ അവർ ശ്വാസമടക്കിയിരുന്നു. മീറ്ററുകൾ അകലെ മാത്രം നിൽക്കുന്ന അപകടകാരിയായ കൊമ്പനെ വീക്ഷിച്ചു കൊണ്ട് അയാൾ പതിയെ വണ്ടി ന്യൂട്രലിൽ ഇട്ട് ആദ്യത്തെ അടവ് പ്രയോഗിക്കാൻ തീരുമാനിച്ചു. ന്യൂട്രൽ ഗിയർ വീണെന്ന് ഉറപ്പാക്കിയ ശേഷം പരമാവധി ശക്തി പ്രയോഗിച്ച് ആക്സിലറേറ്റർ അമർത്തി. ഹെഡ്ലൈറ്റ് അതിന്റെ പരമാവധി വെട്ടത്തിൽ പ്രകാശിപ്പിച്ച് വണ്ടി എഞ്ചിൻ ഇരപ്പിച്ച് തന്നെ നിറുത്തി. സാധാരണ വലിയ വെട്ടം കണ്ടാൽ കൊമ്പൻ വഴി മാറേണ്ടതാണ്.ഇത് പക്ഷെ..
വെളിച്ചമോ ജീപ്പിന്റെ മുരൾച്ചയോ ചില്ലിക്കൊമ്പന്റെ നിൽപ്പിൽ ഒരു മാറ്റവും വരുത്തിയില്ല. അവൻ ആക്രമണത്തിന് മുതിരുകയാണ്. കൊമ്പൻ പതിയെ ജീപ്പിനടുത്തേക്ക് നടന്നടുക്കുമ്പോൾ ഷാജിയുടെ കൈകൾ വണ്ടിയുടെ റിവേഴ്സ് ഗിയറിൽ അമർന്നു..വണ്ടി പുറകോട്ട് ചലിക്കുന്നത് കണ്ട് കൊമ്പനും നടത്തം വേഗത്തിലാക്കി. കുറച്ച് നടന്ന ശേഷം കൊമ്പൻ നിന്നു. അനങ്ങാൻ ഉദേശമില്ലാതെ നടുവഴിയിൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണവൻ. അവന്റെ ആലില പോലെ വായുവിൽ ആയിരുന്ന ചെവികൾ പെട്ടെന്ന് നിശ്ചലമാകുകയും, വാൽ ചുരുട്ടുകയും ചെയ്തിരുന്നു. കൊമ്പന്റെ ഈ ഭാവമാറ്റം ഷാജിയുടെ മുഖത്ത് ഭീതിയുടെ വിത്തുകൾ മുളപ്പിച്ചു.അയാൾ പതിയെ പറഞ്ഞു. രക്ഷയില്ലാ...അവൻ നമ്മളെകൊണ്ടേ പോകൂ.. വേലുമൂപ്പനും പങ്കനും ഷാജിയുടെ നേരെ കൈകൂപ്പി. രണ്ട് ജീവനുകൾ രക്ഷിക്കാനുള്ള ദൗത്യത്തിൽ ഇറങ്ങിത്തിരിച്ച തങ്ങൾക്ക് ഈ പ്രതിസന്ധി എങ്ങനെയും കടന്നേ മതിയാവൂ എന്ന് അവർ പറയാതെ പറഞ്ഞു. ഇനി എന്താണ് വേണ്ടതെന്ന് അവരുടെ കണ്ണുകൾ തമ്മിൽ സംവദിച്ചു.ഷാജി പതിയെ ജീപ്പ് നിറുത്തി. ഇപ്പോൾ ചില്ലിക്കൊമ്പനും ജീപ്പും തമ്മിൽ കഷ്ടിച്ച് ഒരു മുപ്പത് മീറ്റർ നീളം കാണും.
ഷാജി ഒരു നിമിഷം കണ്ണടച്ചു. ഈ പ്രതിസന്ധി തരണം ചെയ്തില്ലെങ്കിൽ പിന്നെ താൻ എന്ത് ഡ്രൈവറാണ്. കഴിഞ്ഞ മുപ്പത്തഞ്ച് വർഷം ഈ കാടിന്റെ നടുവിലൂടെ ചീറിപ്പാഞ്ഞ താൻ ഒരു കൊമ്പന്റെ മുൻപിൽ പതറുകയോ..അതുവരെയില്ലാത്തൊരു ധൈര്യം അയാൾക്ക് കൈവന്നു. അയാൾ
പതിയെ വണ്ടി ഫസ്റ്റ് ഗിയറിലേക്ക് മാറ്റി അവസാന അടവ് ഇറക്കാൻ പാകമാക്കി നിറുത്തി. ജീപ്പിന്റെ സ്റ്റിയറിങ് മുറുകെ പിടിച്ച് അയാൾ ജീപ്പിലുള്ളവരോടായി പറഞ്ഞു.'എല്ലാവരും കമ്പിയിൽ മുറുകെപ്പിടിച്ചോ..ഞാൻ ജീവനോടെ ഉണ്ടെങ്കിൽ നിങ്ങൾ എല്ലാവരും നാളത്തെ പുലരി കാണും. അത്‌ നിശ്ചയം'.. നിമിഷ നേരത്തിനകം പുറകിലത്തെ വീൽ ശക്തിയായി കറക്കികൊണ്ട് ഹെഡ്ലൈറ്റുകൾ ശക്തിയായി പ്രകാശിപ്പിച്ച് പൊടിപറത്തി വണ്ടി മുന്നോട്ട് കുതിച്ചു. ഇടക്ക് ക്ലച്ച് അയച്ച് പരമാവധി ഇരപ്പിച്ച് വണ്ടി മുന്നോട്ട് കുതിച്ചു. ഏതു നിമിഷവും അമർത്താൻ പാകത്തിന് ബ്രേക്കും ശ്രദ്ധിക്കുന്നുണ്ടയാൾ.
അയാളുടെ കണക്ക് കൂട്ടൽ ഒട്ടും പിഴച്ചില്ല. പ്രതീക്ഷിക്കാത്ത നീക്കത്തിൽ കൊമ്പൻ പതറി. ചിന്നം വിളിച്ചുകൊണ്ട് അവൻ വഴി മാറി. ഈറ്റകാടുകൾ ചവിട്ടി ഒടിച്ച് അവൻ കാട്ടിലേക്ക് കയറി. അവന് പിന്തിരിഞ്ഞ് വരാനുള്ള സമയം കിട്ടുന്നതിന് മുൻപേ ജീപ്പ് അവിടെയെത്തി. കൊമ്പനെ തൊട്ടു തൊട്ടില്ലാ എന്ന മട്ടിൽ ഷാജി ജീപ്പിനെ അതിവിദഗ്ദമായി അവിടം കടത്തി. ജീപ്പ് കടന്ന നിമിഷം കൊമ്പൻ തിരിഞ്ഞ് വന്നെങ്കിലും ഷാജിയുടെ കയ്യിൽ ഭദ്രമായ ജീപ്പിനെ അവന് തൊടാൻ കൂടി സാധിച്ചില്ല. അതിന് മുൻപേ അടുത്ത ഗിയറിലേക്ക് മാറി വണ്ടി കുതിച്ചു തുടങ്ങിയിരുന്നു. കലിയടങ്ങാത്ത കൊമ്പൻ കുറച്ചേറെ ദൂരം വണ്ടിയെ പിന്തുടർന്നെത്തി. 'ആരും പേടിക്കേണ്ട, ഇനി അവന് നമ്മളെ തൊടാൻ പറ്റില്ല' എന്ന ഷാജിയുടെ വാക്കിൽ എല്ലാവരും ഭയത്തിൽ നിന്നും പതിയെ മോചിതരായി. കുറച്ച് ദൂരം വണ്ടിയെ പിന്തുടർന്ന കൊമ്പൻ ഒടുവിൽ പിന്മാറി. ഗിയർ മുകളിലേക്കും താഴേക്കുമാക്കി പരമാവധി വേഗത്തിൽ പറപറക്കുകയാണ് ഷാജിയും ജീപ്പും. കൊമ്പന്റെ അലർച്ച കാടുകളെ പ്രകമ്പനം കൊള്ളിക്കുന്നുണ്ടപ്പോൾ.
വലിയൊരു അപകടത്തിൽ നിന്ന് തങ്ങളെ രക്ഷിച്ച തേവർക്ക് മനസ്സിൽ നന്ദി പറഞ്ഞ്, എത്രയും വേഗം ചാമക്കുടിയിലെത്താൻ കുതിക്കുകയാണ് ഷാജിയും ജീപ്പും. ബാക്കിയുള്ള ദൂരം അതിവിദഗ്ദമായി മിനുറ്റുകൾക്കകം സഞ്ചരിച്ച് ചാമക്കുടിയിൽ ജീപ്പെത്തിച്ചു അയാൾ. കാടിറങ്ങിയെ ചുങ്കനെകാത്തിരുന്ന കുടിയിലുള്ളവരുടെ മുന്നിൽ ദൈവ തുല്യരായി മാറുകയായിരുന്നു ഷാജിയും ജീപ്പും ഡോക്ടറുമെല്ലാം. കാടിന്റെ നിയമങ്ങൾ പാലിച്ച്, കാടിനെ പരിപാലിച്ച് ജീവിക്കുന്ന ചാമക്കുടിക്കാർക്ക് നഷ്ടമാകേണ്ടിയിരുന്ന രണ്ട് ജീവനുകളെ രക്ഷിക്കാൻ സാധിച്ചതിൽ തേവരോട് നന്ദി പറഞ്ഞു ചൊക്കൻകുടി ലക്ഷ്യമാക്കി ജീപ്പോടിച്ചു അയാൾ.
Sreeraj VS @ Nallezhuth FB Group

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot