നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഴ പോലെ

. "അമ്മേ ഒരു അഞ്ഞൂറ് രൂപ തന്നെ "
അടുക്കളയിൽ ദോശ ചുട്ടുകൊണ്ട് നിൽക്കുകയായിരുന്ന വനജയുടെ തോളിൽ മുഖം അമർത്തി ഹരി
"അയ്യടാ അപ്പോൾ കഴിഞ്ഞ ആഴ്ചയിൽ വാങ്ങിയതോ? "
"അയ്യോടാ അതു ഞാൻ തന്നില്ലാരുന്നോ? "ഹരി ഒരു കള്ളച്ചിരിയോടെ കല്ലിൽ മൊരിയുന്ന ദോശ എടുത്ത് തിന്നു
"കൈ പൊള്ളും കൊച്ചേ "വനജ പാത്രത്തിൽ ചുട്ടു വെച്ചിരിക്കുന്ന ദോശ എടുത്ത് മുളകുചമ്മന്തിയിൽ മുക്കി അവന്റെ വായിൽ വെച്ചു കൊടുത്തു
"ഹോ അമ്മേ... അമ്മേടെ ഈ ചമ്മന്തിയുടെ രുചി ഉണ്ടല്ലോ... മുളകും ഉള്ളിയും ചേർന്നിട്ട് അങ്ങനെ വെളിച്ചെണ്ണ ഒക്കെ ഒഴിച്ച്... വേറെ ഒരിടത്തും കിട്ടില്ല ഈ രുചി.. എന്റെ അമ്മ മുളക് അരച്ചു തന്നാലും രുചിയാ "
"മതി മോനെ അഞ്ഞൂറ് രൂപക്ക് ഇത്രേം ബിൽഡ് അപ് മതി "
"മതിയോ? "അവൻ കള്ളച്ചിരി ചിരിച്ചു
അന്നേരം തന്നെ ആണ് മീര അവിടേക്ക് വന്നത്
"മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നു. അതാണ് ഞാൻ "
"അതിനെന്താ മോളെ? എന്തായാലും കുറച്ചു ദിവസം കഴിയുമ്പോൾ നീ ഇങ് പൊരുമല്ലോ "അമ്മ ചിരിച്ചു
മീരയും ഹരിയും ഒരെ ഓഫീസിൽ ആണ്. പ്രണയബദ്ധർ ആയിരുന്നു ഇപ്പോൾ വിവാഹം നിശ്ചയിച്ചു
"നീ ഷേവ് ചെയ്യൂ ഹരിക്കുട്ടാ "
അമ്മ അവന്റെ മുഖത്തു തൊട്ടു
"അതിവൾക്കു ഇഷ്ടം അല്ല അമ്മേ.. താടിയുള്ളതാണത്രേ ഭംഗി.. ഉവ്വോ അമ്മേ? "
അമ്മയുടെ മുഖം ഒന്ന് ചുവന്നു. മീര വിളറിപ്പോയി
"അമ്മ പറ ഏതാ ഭംഗി? "
നന്നേ വെളുത്തതാണ് ഹരി അവനെന്തും ഭംഗി തന്നെ
എന്റെ മോനിഷ്ടം പോലെ ചെയ്യ് "അവരെങ്ങും തൊടാതെ പറഞ്ഞു
"അമ്മേ എനിക്ക് അഞ്ഞൂറ് രൂപ "
"അരിപ്പാത്രത്തിലുണ്ട് എടുത്തോ "അമ്മ ചിരിയോടെ പറഞ്ഞു
ബൈക്കിൽ ഓഫീസിലേക്ക് പോകുമ്പോൾ മീര ഹരിയെ ഒന്ന് തോണ്ടി
"അതെ ഹരിയുടെ കൈയിൽ കാശില്ലേ??
"ഉണ്ടല്ലോ "
"പിന്നെന്തിനാ അമ്മയോട് ചോദിച്ചേ "
"അതൊരു ശീലമായെടി "
"അത് ദുശീലമാ കേട്ടോ "
മീരയുടെ ശബ്ദം മാറിയത് ഹരി ശ്രദ്ധിച്ചു
അവൻ ബൈക്ക് ഒതുക്കി നിർത്തി
"എന്താ പറഞ്ഞെ? "
"അല്ല അമ്മ പാല് വിറ്റും പച്ചക്കറി വിറ്റുമൊക്ക ഉണ്ടാക്കുന്ന പൈസ അല്ലെ? അതിപ്പോ തട്ടിപ്പറിക്കുന്നതെന്തിനാ? ഹരിക്ക് നല്ല സാലറി ഉണ്ടല്ലോ? "
അങ്ങനെ ആണ് അവതരിപ്പിച്ചതെങ്കിലും അവളുടെ ഉള്ളിൽ അതല്ലാന്നു അവനു മനസിലായി
"എടി അമ്മയുടെ അരിപ്പത്രത്തിൽ നിന്നെടുക്കുന്ന കാശിന് ഗവണ്മെന്റ് തരുന്ന നോട്ടുകളുടെ പുത്തൻ മണമൊന്നുമുണ്ടാകില്ല. അത് ചുളുങ്ങിയിട്ടാകും. അമ്മ കൂട്ടി പിടിച്ചിട്ട് നനവുണ്ടാകും. അതിലെന്റ അമ്മയുടെ വിയർപ്പിന്റെ മണമുണ്ടാകും. അതെന്റെ അവകാശമാ.. അത് വഴക്കിട്ട് വാങ്ങുമ്പോൾ ഒരു സുഖ "
"ഹരിക്കു ഭ്രാന്താ. അമ്മ ഭ്രാന്ത്. ഇക്കണക്കിനു എന്റെ സ്ഥാനം എവിടെ ആണോ എന്തോ? "
"നീ എന്റെ ഹൃദയം ല്ലെടി? "
അവൻ ചിരിച്ചു
"പിന്നെ... സത്യം പറ എന്നെയാണോ അമ്മയെയാണോ കൂടുതൽ ഇഷ്ടം? "
"ഈശ്വര ഈ പെണ്ണുങ്ങൾ ജനിക്കുന്നത് തന്നെ ആണുങ്ങളോട് ഈ ചോദ്യം ചോദിക്കാൻ ആണോ? "
"പറ ഹരി "
"സത്യം പറയാമല്ലോ അമ്മയോടാ..നിന്നെ പേടിച്ചതൊന്നും മാറ്റി പറയുകേല കേട്ടോ കൊച്ചേ. കാരണം കൂടെ പറയാം ഞാൻ നിന്നെ കണ്ടു തുടങ്ങിട്ട് കഷ്ടിച്ച് രണ്ടു വർഷം... എന്റെ അമ്മ എന്റെ ഒപ്പം ആയിട്ട് ഇരുപത്തി ആറു വർഷം. നീ എത്ര ശ്രമിച്ചാലും ആ സീനിയോറിറ്റി മറികടക്കാനാവുമോ? "അമ്മയ്‌ക്കൊപ്പമാവാൻ ആർക്കു കഴിയും മീരേ? ദൈവത്തിനു പോലും പറ്റുമോ അത് ? നീ ഒരു അമ്മയാകുമ്പോൾ അത് മനസിലാകും... നിനക്ക് നിന്റെ സ്ഥാനം അമ്മക്ക് അമ്മയുടെയും കേട്ടോടി "
അവൻ മീരയെ ചേർത്ത് പിടിച്ചു.
ബൈക്ക് ഓടിക്കവേ അവൻ മീര നിശ്ശബ്ദയായിരിക്കുന്നതു ശ്രദ്ധിച്ചു
"മീരക്കൊച്ചേ "
"ഉം "
"മഴ പെയ്യ്ന്നത് കണ്ടിട്ടുണ്ടോ? "
"ഉം "
"കടലിൽ മഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ? "
"ഉം "
"കടലിനു ഉപ്പ് രുചിയല്ലേ? പക്ഷെ എത്ര മഴ പെയ്താലും ആ രുചി മാറുമോ? പകരം മഴവെള്ളം ഉപ്പായി മാറും അല്ലെ?
"ഉം "
"അത് പോലെ ആണ് ആണിന്റെ മനസും. പെണ്ണെന്ന മഴ അവനിലേക്ക്‌ പെയ്യുമ്പോൾ അവനത് അവന്റെ സ്നേഹത്തിന്റെ ഉപ്പായി മാറ്റും അവിടെ സംശയം പാടില്ല, താരതമ്യം പാടില്ല.. നിന്നെ എനിക്കു വലിയ ഇഷ്ടാ.. നീ എന്റെ പെണ്ണാ.. എന്റെ മരണം വരെ. അത് പോരെ? "
മീരയുടെ കണ്ണ് നിറഞ്ഞു അവൾ അവനെ ചേർത്ത് പിടിച്ചു തോളിൽ മുഖം അമർത്തി വെച്ചു
"മതി... ലവ് യൂ "
ഹരി ചിരിച്ചു
"കെട്ടില്ലാടി ഉറക്കെ "
"ലവ് യൂ.... "
ഹരി പൊട്ടിച്ചിരിച്ചു കൊണ്ട് വണ്ടിയുടെ വേഗം കൂട്ടി

By Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot