നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 17


വാതിൽക്കൽ ഒരു പെണ്ണും അവളുടെ കൈയിൽ ഒരു  വയസ്സ് പ്രായമായ ഒരു പെൺകുഞ്ഞും ഉണ്ടായിരുന്നു! വേണി വാതിൽ തുറന്നതും അവർ പെട്ടെന്ന് അകത്ത് കയറി.അകത്ത് കയറിയതും ആ പെണ്ണ് കുഞ്ഞിനെ താഴെ നിർത്തി വേണിയുടെ കാലിൽ പിടിച്ച് കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറഞ്ഞു.
തെലുഗ് ആയിരുന്നത് കൊണ്ട് വേണിക്ക്  ഒന്നും മനസ്സിലായില്ല.പത്തിരുപത് വയസ്സേ  അവൾക്ക് കാണുള്ളൂ.ശരീരം ആകെ ശോഷിച്ചിരിക്കുകയാണ്.കഴുത്തിൽ എല്ലുന്തിയിരിക്കുന്നു.വേണി അവരെ ഒരുവിധം അവളുടെ കാലിൽ  നിന്ന് പിടിച്ച് മാറ്റി.ആ പെണ്ണ്  കുഞ്ഞിനെ എടുത്ത് വേണിയുടെ മുൻപിൽ പിടിച്ച് എന്തൊക്കെയോ കരഞ്ഞുകൊണ്ട് പറഞ്ഞു.അത് ഗിരിയുടെ ഭാര്യയും കുഞ്ഞും ആണോ എന്ന്  വേണിക്ക്  സംശയം തോന്നി.ആ ഓർമ്മയിൽ അവളുടെ ഹൃദയം  കൊളുത്തി വലിച്ചു! ആ പെണ്ണിന്റെ  കഴുത്തിൽ താലി ഒന്നും കണ്ടില്ല.ഒരുപക്ഷെ കഥകളിൽ ഒക്കെ വായിക്കുന്നത് പോലെ  ഗിരി അവളെ ചതിച്ചതാകാം.ജോലി സംബന്ധമായി പല സ്ഥലങ്ങളിൽ പോവുന്നത്  കൊണ്ട്  എവിടെയെങ്കിലും പോയി ഒപ്പിച്ചതാവാം ഈ ബന്ധം.അതായിരിക്കാം കഴുത്തിൽ താലി ഇല്ലാത്തത് .ആരെയും അറിയിക്കാതെ ഇത്രനാളും മൂടിവെച്ചു.തന്നെ ഇപ്പൊ ഇവിടെ പിടിച്ചുകൊണ്ട് വന്നിട്ടുണ്ടെന്നറിഞ്ഞ് താൻ ഗിരിയുടെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ചായിരിക്കും ഈ പെണ്ണ്  തന്റെ കാൽക്കൽ വീണത്. ഓർത്തപ്പോൾ  വേണിയുടെ  കണ്ണുകൾ നിറഞ്ഞു.അവൾ ആ കുഞ്ഞിനെ നോക്കി.നോക്കി നിന്നപ്പോൾ അതിന് ഗിരിയുടെ ഛായ എവിടെയോ ഉണ്ടെന്ന് അവളുടെ മനസ്സ് വിളിച്ച് പറഞ്ഞു.
താൻ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവരും  തന്നെ വഞ്ചിക്കുകയാണല്ലോ എന്നവൾ ഓർത്തു..താലി കെട്ടിയ പുരുഷൻ തന്ന  വഞ്ചിച്ചു.തന്നെ തട്ടിക്കൊണ്ടുവന്നതാണെങ്കിലും ഈ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇവിടവുമായി പതിയെ പൊരുത്തപ്പെട്ട് വരികായായിരുന്നു.അതേപോലെ ഗിരിയോട് തന്റെ മനസ്സിൽ എവിടെയോ ഒരു കുഞ്ഞ് ഇഷ്ടവും പൊട്ടിമുളച്ചിരുന്നു.അത് ഒരു പക്ഷെ അയാൾ താൻ വിചാരിച്ചിരുന്നത്പോലെ മനുഷ്യത്വം ഇല്ലാത്തവൻ അല്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാവാം.പക്ഷെ എല്ലാവരും നിഷ്കളങ്കതയുടെ പൊയ്മുഖം അണിഞ്ഞവർ ആണ്. എന്ത് കൊണ്ട് തങ്ങളെ  മാത്രം ദൈവം ഈ വിധം  പരീക്ഷിക്കുന്നു എന്നവൾക്ക് മനസ്സിലായില്ല.ആ കുഞ്ഞിന്റെ മുഖത്തേക്ക് വീണ്ടും നോക്കാൻ വേണിക്ക്  ഭയം തോന്നി...
രാത്രി പതിവ് സമയത്ത് വാതിലിൽ മുട്ട് കേട്ടിട്ടും വേണി അനങ്ങിയില്ല.കുറെ നേരം കഴിഞ്ഞാണ് അവൾ വാതിൽ തുറന്നത്.കുട്ടനും ഗിരിയും അകത്തേക്ക് കയറി..
"നല്ല വിശപ്പ് ഇന്ന് കഴിച്ചിട്ടേ കുളിക്കുന്നുള്ളു..എന്താന്ന് വെച്ചാ പെട്ടെന്ന് എടുക്ക് ചേച്ചീ.."കുട്ടൻ പറഞ്ഞു.ഗിരിയും കുട്ടനും അടുക്കളയിൽ നിലത്ത് ഇരുന്നു.വേണി ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ച് അടുക്കളയിൽ ഭിത്തിയോട് ചേർന്ന് നിന്നതേ ഉള്ളു.അവളുടെ കണ്ണുകൾ ചുവന്ന്  കലങ്ങിയിരുന്നു.ഗിരിക്കും കുട്ടനും കാര്യമെന്തെന്ന് മനസ്സിലായില്ല.
കുട്ടൻ എഴുന്നേറ്റ് അടുക്കളയിൽ ഓരോരോ പാത്രങ്ങളുടെ മൂടി പൊക്കി.
"ഇന്ന് ഒന്നും ഉണ്ടാക്കിയില്ലേ?"കുട്ടൻ ചോദിച്ചു.
വേണി ഒന്നും മിണ്ടാതെ ആരെയും നോക്കാതെ അങ്ങനെ നിന്നു.
"എന്താ ചേച്ചി എന്താ കാര്യം?"കുട്ടൻ ചോദിച്ചു.ഗിരിയും അവളെ നോക്കി ഇരിക്കുകയായിരുന്നു.വേണിയുടെ നിൽപ്പ് കണ്ട് അവന് ദേഷ്യം  വന്നു.
"വാ തുറന്നാ മുത്ത് പൊഴിയും.ഓരോ നേരത്ത് ഓരോ സ്വഭാവമാ.എന്തോ ജന്മം ആണോ എന്തോ..നീ ആ കടയിൽ പോയി എന്തെങ്കിലും മേടിക്ക് ..വിശന്നിട്ട് കണ്ണ് കണ്ടൂടാ."ഗിരി പറഞ്ഞു.പോക്കറ്റിൽ നിന്ന് കാശെടുത്ത് കുട്ടന് കൊടുത്തു.
കുട്ടൻ ഒന്നും മിണ്ടാതെ എഴുന്നേറ്റ് പുറത്തേക്ക് പോവാൻ തുടങ്ങിയതും മുറിയിലേക്ക് ഒന്ന് നോക്കി.ബ്രേക്ക് ഇട്ടത് പോലെ അവൻ നിന്നു! മുറിയിലെ കട്ടിലിൽ ഒരു പെൺകുഞ്ഞ് കിടന്നുറങ്ങുന്നു.
കുട്ടൻ ആ കുഞ്ഞിനെ  ഒരു നിമിഷം നോക്കി നിന്നു.
"ഗിരിയേട്ടാ  ദേ.."കുട്ടൻ എന്തോ പറയാൻ വന്നു.വേണി അവനെ മുഴുമിപ്പിച്ചില്ല.
"ആഹ് നല്ല മുഖഛായ തോന്നുന്നുണ്ട് അല്ലെ ?ദേ  ഇയാളുടെ കൊച്ചാ.."വേണി ഗിരിയെ ചൂണ്ടി പറഞ്ഞു.
"അതെപ്പോ?ഇന്ന് രാവിലെ വരെ ഇല്ലായിരുന്നല്ലോ?"കുട്ടൻ ഗിരിയെ കളിയാക്കി.
"ദേ അനാവശ്യം  പറഞ്ഞാലുണ്ടല്ലോ തട്ടിക്കൊണ്ട് വന്നതാണെന്നൊന്നും നോക്കില്ല കാലേ പിടിച്ച് ഞാൻ നിലത്തടിക്കും.."ഗിരി എഴുന്നേറ്റ് വേണിയുടെ നേരെ അലറി.
"എന്നോട് അലറണ്ട.ഞാൻ നിങ്ങടെ ഭാര്യയാണെന്ന് ഓർത്ത് അതിന്റെ അമ്മ ഇന്ന് ഇവിടെ വന്ന് എന്റെ കാല് പിടിച്ചു..അവരുടെ ഭാഷ എനിക്ക് മനസ്സിലായില്ലെങ്കിലും  നിങ്ങളെ വിട്ട് തരണം എന്നാണ്  അവർ യാചിച്ചതെന്ന് എനിക്ക് മനസ്സിലായി. ആ കൊച്ചിനെ നോക്ക് നിങ്ങളെ പറിച്ച് വെച്ചത് പോലെ അല്ലെ?നിങ്ങളെ സ്നേഹിച്ചു എന്നൊരു കുറ്റം മാത്രമേ ആ പെണ്ണ് ചെയ്തിട്ടുള്ളു. അവളോടെന്തിനാ ഈ ക്രൂരത കാണിക്കുന്നത്.ഒരു താലി കെട്ടി ആ പെണ്ണിനെ കൂടെ താമസിപ്പിച്ച് കൂടെ?സ്വന്തം കുഞ്ഞിനെ ഏറ്റെടുത്തുകൂടെ?"വേണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
"അത് ശരിയാ ഗിരിയേട്ടാ..നിങ്ങൾ ഇത്ര വൃത്തികെട്ടവൻ ആണെന്ന് ഞാനും വിചാരിച്ചില്ല.."കുട്ടൻ മുഖത്ത് ഗൗരവം വരുത്തി ഗിരിയോട് പറഞ്ഞു.
"ഇനി എന്തെങ്കിലും സംസാരിച്ചാ  നിന്റെ വായിൽ ഞാൻ ആസിഡ് കലക്കി ഒഴിക്കും."ഗിരി വേണിയുടെ  അടുത്തേക്ക് ചെന്നുകൊണ്ട് പറഞ്ഞു.
"ഉവ്വ ഞാൻ വായും പൊളിച്ച് നിന്ന് തരാം.തെമ്മാടിത്തരം കാണിച്ചതും പോരാ..അത് ചോദിക്കാൻ വന്ന എനിക്കായി ഇപ്പൊ കുറ്റം.."പറഞ്ഞിട്ടും പറഞ്ഞിട്ടും വേണിക്ക്  ദേഷ്യം  തീരുന്നുണ്ടായിരുന്നില്ല..
"ഇതിന്റെ അമ്മ എവിടെ?" കുട്ടൻ  ചോദിച്ചു.
"ബാത്റൂമിലാ.."വേണി കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു.
അടുക്കളയുടെ പിറകിലെ വാതിൽ തുറന്ന് കുഞ്ഞിന്റെ  അമ്മ അങ്ങോട്ട്  കയറി വന്നു.
"ആ വന്നല്ലോ ഗിരിയേട്ടന്റെ പുതിയ ഭാര്യ.."കുട്ടൻ കളിയാക്കി.
"നീ എന്റെ കൈയ്യിന്ന് മേടിക്കും.."ഗിരി കുട്ടനോട് പറഞ്ഞു.
ഗിരിയെ കണ്ടതും അവരുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.അവർ ഓടി വന്ന് ഗിരിയുടെ കാൽക്കൽ വീണ് കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറഞ്ഞു.
ഗിരി അവരെ പിടിച്ചെഴുന്നേല്പിച്ചു.വേണിക്ക്  അത് കണ്ട് ദേഹമാസകലം ദേഷ്യം ഇരച്ച് കയറി!
"ഭാര്യയും ഭർത്താവും കുഞ്ഞും കൂടി എന്താച്ചാ ആയിക്കോട്ടെ.ഞാൻ ആർക്കും ഒരു ബാധ്യത ആവുന്നില്ല.."വേണി പിറുപിറുത്ത് കൊണ്ട് അടുക്കള വാതിൽ തുറന്ന് ബാത്റൂമിന്റെ  സൈഡിലേക്ക് പോയി.
അവിടെ അരഭിത്തിയുടെ സൈഡിൽ ഇരുന്ന് വേണി കരയുകയായിരുന്നു.കുട്ടൻ അങ്ങോട്ടേക്ക്  ചെന്നു.
"അതെ..ഭാഷ അറിയില്ലെങ്കിൽ അതിന്റെ അർത്ഥം  എന്താണെന്ന് ചോദിക്കണം."കുട്ടൻ അവളുടെ അടുത്ത് ഇരുന്നുകൊണ്ട് പറഞ്ഞു.
"തന്നെ ചതിച്ചവനെ അന്വേഷിച്ച് വരുന്ന ഒരു സ്ത്രീയുടെ കണ്ണീരിന്റെ അർത്ഥം  മനസ്സിലാക്കാൻ ഭാഷ വേണമെന്നില്ല.."വേണി മുഖം ഉയർത്താതെ പറഞ്ഞു.
"മണ്ണാങ്കട്ട! വാരികയിൽ ഒക്കെ വരുന്ന കണ്ണീർ കഥകൾ ഒരുപാട് വായിക്കാറുണ്ട് അല്ലെ?"കുട്ടൻ അവളെ കളിയാക്കി.വേണി ഒന്നും മിണ്ടിയില്ല.
"അതെ..ആ വന്ന പെണ്ണിന്റെ പേര് ഗിരിജ.ആ കുഞ്ഞ് അവളുടെ തന്നെയാ.പക്ഷെ ഗിരിയേട്ടൻ അല്ല അതിന്റെ  അച്ഛൻ.."കുട്ടൻ പറഞ്ഞത് കേട്ട് വേണി അവനെ നോക്കി.
"ഗിരിയേട്ടൻ കുറച്ച് നാൾ ഇവിടെ റായലസീമയിൽ ആയിരുന്നു.അപ്പൊ പരിചയപ്പെട്ടതാ  അവരെ.അഷ്ടിക്ക് വകയില്ലാത്ത  കുടുംബമാ..ഗിരിജയ്ക്ക് അമ്മ മാത്രമേ ഉള്ളു.ഗിരിയേട്ടന് അവള് സ്വന്തം പെങ്ങളെ പോലെ ആയിരുന്നു.കോളേജിൽ പഠിച്ചിരുന്ന സമയത്ത് കൂടെ പഠിച്ച ഒരു പയ്യൻ അവളെ ചതിച്ചു.ഗർഭിണി ആണെന്ന് അറിഞ്ഞപ്പോ അവൻ മുങ്ങി. കൊച്ചിനെ കളയാൻ പറ്റുന്ന സ്റ്റേജ് കഴിഞ്ഞിരുന്നു.ഗിരിയേട്ടനാ അവരുടെ കൂടെ നിന്ന് അവർക്ക് വേണ്ട സഹായങ്ങൾ ഒക്കെ ചെയ്ത്  കൊടുത്തത്.കുഞ്ഞ്  ഉണ്ടായി കുറച്ച് കഴിഞ്ഞാ അറിഞ്ഞത്   അതിന്റെ ഹാർട്ടിന് തകരാറാണെന്ന്.രണ്ട് മൂന്ന് ഓപ്പറേഷൻ നടത്തേണ്ടതുണ്ടായിരുന്നു .ഓരോന്നിനും  ഭീമമായ തുക  വേണം .പണം കെട്ടിവെച്ചാലേ ഓപ്പറേഷൻ നടത്തുകയുള്ളു എന്ന് ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞു.ഗിരിജയെയും അമ്മയെയും  കൊണ്ട് കൂട്ടിയാൽ കൂടില്ലെന്ന് കണ്ടപ്പോ അവര് ഗിരിയേട്ടന്റെ കാല് പിടിച്ചു.പണം എങ്ങനെയെങ്കിലും ശരി ആക്കാമെന്ന്  ഗിരിയേട്ടൻ അവർക്ക് വാക്ക് കൊടുത്തു. പണ്ട് ജിതേഷ് സാറിന്റെ കമ്പനിയിൽ ഗിരിയേട്ടൻ ഡ്രൈവർ ആയി ജോലി ചെയ്തിട്ടുണ്ട്.ഗിരിയേട്ടനെ അദ്ദേഹത്തിന് വലിയ ഇഷ്ടവുമാണ്.ആ പരിചയം വെച്ച് ഗിരിയേട്ടൻ  അദ്ദേഹത്തോട് കുറച്ച് കാശ് ചോദിച്ചു.കാശ് തരാം പക്ഷെ ഗിരിയേട്ടനെ കൊണ്ട് കുറച്ച് ആവശ്യങ്ങൾ ഉണ്ടെന്ന് ജിതേഷ് സാർ പറഞ്ഞു.എന്താണെങ്കിലും ചെയ്ത് തരാം എന്ന ഉറപ്പിന്മേൽ ഗിരിയേട്ടൻ കാശ് വാങ്ങി ഗിരിജയ്ക്ക് നൽകി.അത് കഴിഞ്ഞാണ് ജിതേഷ് സാർ തന്റെ ആവശ്യം അറിയിച്ചത്.ചേച്ചിയെ തട്ടിക്കൊണ്ടുവരണം എന്ന്..ഗിരിയേട്ടൻ അതിന് വഴങ്ങില്ല എന്നുറപ്പുള്ളത് കൊണ്ടാണ് കാശ് തരുന്നതിന് മുൻപ് ഇതേപ്പറ്റി ഒന്നും പറയാതിരുന്നത്.ഗിരിയേട്ടൻ ഇത് ഏറ്റെടുത്തില്ലെങ്കിൽ പണം ഉടനെ മടക്കി നൽകണം എന്ന് പറഞ്ഞ് ജിതേഷ് സാർ ഭീഷണിപ്പെടുത്തി.എന്നിട്ടും ഗിരിയേട്ടൻ അതിന് വഴങ്ങാൻ തയ്യാറിയില്ല.പക്ഷെ ജിതേഷ് സാർ ഈ പണി  വേറെ ആരെയെങ്കിലും ഏൽപ്പിക്കുമെന്ന് ഗിരിയേട്ടന് അറിയാമായിരുന്നു.മറ്റാരുടെയെങ്കിലും കൈകളിൽ ചേച്ചി എത്തിപ്പെട്ടാൽ ഒരുപക്ഷെ അവർ ചേച്ചിയെ ഉപദ്രവിച്ചേക്കുമോ എന്ന് ഗിരിയേട്ടൻ ഭയപ്പെട്ടു.അത്കൊണ്ട് മാത്രം ഗിരിയേട്ടൻ സമ്മതിച്ചു..ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്..ഇപ്പൊ ആ കുഞ്ഞിന്റെ എല്ലാ ഓപ്പറേഷനും കഴിഞ്ഞ് അത് സുഖം പ്രാപിച്ചു.ഗിരിയേട്ടനെ കണ്ട് നന്ദി പറയാൻ വന്നതാ അവർ.ചേച്ചി ഗിരിയേട്ടന്റെ ഭാര്യ ആണെന്നാണല്ലോ ഇവിടെ  എല്ലാവരും വിചാരിച്ച് വെച്ചിരിക്കുന്നത്.നന്ദി പറയാനാ ചേച്ചിയുടെ  കാൽക്കൽ വീണ് കരഞ്ഞത്..അല്ലാതെ ചേച്ചി വിചാരിച്ചത് പോലെ അത് ഗിരിയേട്ടന്റെ ഭാര്യയും കുഞ്ഞുമൊന്നുമല്ല.."കുട്ടൻ വിശദീകരിച്ചു.
കേട്ടതൊന്നും വിശ്വസിക്കാനാവാതെ വേണി അവനെ നോക്കി ഇരുന്നു.ഗിരിജയും കുഞ്ഞും ഗിരിയുടെ അവിഹിത ബന്ധം അല്ലെന്ന് അറിഞ്ഞപ്പോൾ വേണിക്ക്  എന്തെന്നില്ലാത്ത ആശ്വാസം തോന്നി.അതുവരെ അവളുടെ  മനസ്സ് നീറി പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.പക്ഷെ അത് പുറത്ത് കാട്ടാതെ അവൾ കുട്ടനെ നോക്കി.
"എന്തൊക്കെ പറഞ്ഞാലും ഒരു പെണ്ണിനെ തട്ടിക്കൊണ്ട് വന്ന് തടവിൽ ഇടുന്നത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല.അതിപ്പോ എന്തിന് വേണ്ടി  ആണെന്ന് പറഞ്ഞാലും.."വേണി പറഞ്ഞു.
"ഞാൻ ന്യായീകരിച്ചില്ലലോ..ഞങ്ങൾ ചെയ്തത് തെറ്റ് തന്നെയാ..പക്ഷെ അത് കാരണം ഒരു കുഞ്ഞിന്റെ ജീവൻ രക്ഷപെട്ടു എന്നറിയുമ്പോ ഒരുപാട് സന്തോഷം ഉണ്ട്.അതേപോലെ ഞങ്ങൾ കാരണം ചേച്ചിക്ക് നല്ലതല്ലേ ഉണ്ടായിട്ടുള്ളൂ.ഒരു വഞ്ചകന്റെ കൈയ്യിന്ന് രെക്ഷപെട്ടില്ലേ?അതുകൊണ്ട്  ഞങ്ങൾക്ക് ഒരു കുറ്റബോധവും തോന്നുന്നില്ല ."കുട്ടൻ പറഞ്ഞു.വേണി കണ്ണുകൾ തുടച്ചു.
"അല്ല ചേച്ചി ഒരു സംശയം ചോദിച്ചോട്ടെ..ഗിരിയേട്ടന് ഒരു ഭാര്യയും കുഞ്ഞും ഉണ്ടെന്നറിഞ്ഞത് കൊണ്ടാണോ  ഇന്നിവിടെ അടുപ്പ് പുകയാതിരുന്നത്?അതിനാണോ ചേച്ചി കരഞ്ഞ് ബഹളം വെച്ചത്?"കുട്ടന്റെ ചോദ്യം കേട്ട് വേണി ഒന്ന് പകച്ചു.അപ്പോഴാണ് അവൾ തന്റെ ഇതുവരെ ഉള്ള പെരുമാറ്റത്തെ പറ്റി  ബോധവതി ആയത്.ഗിരിയും കുട്ടനും വന്നപ്പോൾ മുതൽ താൻ അവരുടെ മുൻപിലിരുന്ന്  കരയുകയും ദേഷ്യം  കൊണ്ട് ഓരോന്ന് വിളിച്ച് പറയുകയും ചെയ്യുകയായിരുന്നു എന്നവൾ ചമ്മലോടെ ഓർത്തു.വേണി  അവന് മുഖം കൊടുക്കാതെ അവിടെ നിന്ന് എഴുന്നേറ്റു.കുട്ടൻ അവളുടെ മുൻപിൽ കയറി നിന്നു.
"നില്ല് പറഞ്ഞിട്ട് പോയാൽ മതി..ഗിരിയേട്ടന് ഭാര്യയും കുഞ്ഞും ഉണ്ടെങ്കിൽ ചേച്ചിക്കെന്താ നഷ്ടം??"കുട്ടൻ ചിരിയോടെ ചോദിച്ചു.വേണി കള്ളം പിടിക്കപ്പെട്ടവളേ പോലെ അവിടെ നിന്നും അടുക്കളയിലേക്ക് ഓടി.വാതിൽക്കൽ എത്തിയതും അവിടെ ഇതെല്ലാം  കേട്ട് കൊണ്ട് ഗിരി കൈയും കെട്ടി വാതിലിൽ ചാരി നിൽപ്പുണ്ടായിരുന്നു.വേണിക്ക് അവന്റെ മുഖത്ത് നോക്കാൻ ആകെ ചമ്മൽ തോന്നി.അവളുടെ ഹൃദയം പട പട എന്ന് മിടിച്ചു.അവൾ ഒളികണ്ണിട്ട് ഗിരിയെ  നോക്കിയപ്പോൾ അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.അവന്റെ കണ്ണുകളിലെ പ്രണയം അവൾക്ക് വായിച്ചെടുക്കാമായിരുന്നു.ഗിരിയുടെ  ചുണ്ടിൽ ഒരു ചെറു പുഞ്ചിരി  വിരിയുന്നത് അവൾ നാണത്തോടെ കണ്ടു.കുട്ടൻ അവരുടെ അടുത്തേക്ക് വന്നതും വേണി  പെട്ടെന്ന് മുറിയിലേക്കോടി...***
പതിവ് പോലെ ശ്രീബാല അമ്പലത്തിൽ പോവാൻ ഒരുങ്ങി വന്നു.പക്ഷെ ഭോലയ്ക്ക് ചെറിയ പനിയും  ജലദോഷവും  തുടങ്ങിയിരുന്നു..താൻ ഒറ്റയ്ക്ക് പോയി വരാമെന്ന് അവൾ പറഞ്ഞെങ്കിലും ആദ്യം ഭോല സമ്മതിച്ചില്ല.പിന്നീട് അവളുടെ നിർബന്ധത്തിന് വഴങ്ങി അയാൾ സമ്മതിച്ചു.ജിതേഷ് വരുന്നതിന് മുൻപേ തിരികെ എത്തിക്കോളാം   എന്ന് പറഞ്ഞ് ശ്രീബാല  ഇറങ്ങി.അമ്പലത്തിലേക്ക് കുറച്ച് ദൂരമുണ്ട് നടക്കാൻ.ഭോല കൂടെ ഉണ്ടായിരുന്നെങ്കിൽ വേറെ എന്തെങ്കിലും ഒക്കെ സംസാരിച്ച് നടക്കും.അതുകൊണ്ട് മറ്റൊന്നിനെ പറ്റിയും ഓർക്കാൻ സമയം കിട്ടില്ല.ഒറ്റയ്ക്കായത് കൊണ്ട് അവൾ ശേഖരനെ പറ്റിയും വേണിയെക്കുറിച്ചും  ഓർത്ത് നടന്നു.കണ്ണുകൾ നിറഞ്ഞെങ്കിലും ആരെങ്കിലും ശ്രദ്ധിച്ചാലോ   എന്നോർത്ത് ശ്രീബാല  സാരിത്തലപ്പ് കൊണ്ട് കണ്ണുകൾ തുടച്ചു.അമ്പലത്തിലേക്ക് പോവുന്ന വഴി നാട്ടിലെ പോലെ സ്വാദിഷ്ടമായ ഇഡലിയും ചമ്മന്തിയും കിട്ടുന്ന ഒരു ചെറിയ കടയുണ്ട്.ഭോലയുടെ കൂടെ അവിടെ പോയ് ഇടയ്ക്കിടെ അവൾ അത് വാങ്ങി കഴിക്കാറുമുണ്ട്.രണ്ടുപേർക്കും അത് ഒരുപോലെ ഇഷ്ടവുമാണ്.ഇന്ന് തിരികെ പോവുന്ന വഴി അത് കഴിക്കണമെന്നും ഭോലയ്ക്ക്  മേടിച്ചുകൊണ്ടുപോകണമെന്നും അവൾ ഓർത്തു.അമ്പലത്തിലെ ദീപാരാധന കഴിഞ്ഞ് അവൾ കുറച്ച്  നേരം പടിക്കെട്ടിലിരുന്ന് കണ്ണുകളടച്ചിരുന്ന്  പ്രാർത്ഥിച്ചു.
"മലയാളി ആണോ?" ആരുടെയോ ശബ്ദം കേട്ട് ശ്രീബാല കണ്ണ് തുറന്നു.
അമ്പത് വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ ചിരിച്ചുകൊണ്ട് അവളുടെ  മുൻപിൽ നിൽക്കുന്നത് കണ്ടു.ശ്രീബാല  അവരെ  തന്നെ നോക്കി ഇരുന്നു.അവരെ അവൾ ആദ്യം കാണുകയായിരുന്നു.
"അതെ മലയാളി ആണ്.."ശ്രീബാല എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
"ഇന്നലെയും ഇവിടെ ഇരുന്ന് പ്രാർത്ഥിക്കുന്നത് കണ്ടു.പരിചയപ്പെടാൻ പറ്റിയില്ല.മോൾടെ പേരെന്താ?"അവർ ചോദിച്ചു.
പരിചയമില്ലാത്ത സ്ത്രീ ആയത്കൊണ്ട് ശരിക്കുള്ള പേര് പറയണോ  എന്നവൾ സംശയിച്ചു.പക്ഷെ അവരുടെ മുഖം കാണുമ്പോ ശ്രീബാലയ്ക്ക് അവരോടെന്തോ വല്ലാത്ത അടുപ്പം തോന്നി..
"എന്റെ പേര് ശ്രീബാല.."ശ്രീബാല പറഞ്ഞു.
"കണ്ണീർ തുടയ്ക്ക്.."അവർ പറഞ്ഞു.അപ്പോഴാണ് താൻ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു എന്ന് ശ്രീബാല ഓർത്തത്.അവൾക്ക് ജാള്യത തോന്നി.അവൾ പെട്ടെന്ന് മുഖം തുടച്ചു.
"ഞാൻ സുമ..ഇവിടെ വസന്ത് വിഹാറിൽ താമസിക്കുന്നു..മോൾ  എവിടെയാ താമസിക്കുന്നത്?" സുമ ചോദിച്ചു.
വസന്ത് വിഹാറിൽ ആണെന്ന് കേട്ടപ്പോൾ ശ്രീബാല  ഒന്ന് പകച്ചു.അടുത്തടുത്ത  വീടുകൾ ആണെങ്കിൽ ഇനി എന്തെങ്കിലും കാരണവശാൽ വീണ്ടും കാണേണ്ടി വരാൻ സാധ്യത ഉള്ളത്കൊണ്ട് പേര് ചോദിച്ചപ്പോ കള്ളത്തരം പറഞ്ഞിരുന്നെങ്കിൽ  മോശമായെനേം എന്നവൾ ഓർത്തു.
"ഞാനും അവിടെ തന്നെയാണ് താമസിക്കുന്നത്.."ശ്രീബാല പറഞ്ഞു.
"ഉവ്വോ..അത് കൊള്ളാമല്ലോ..ഞാൻ ഇവിടെ എത്തിയിട്ട്  രണ്ട് മൂന്ന് ദിവസം ആയതേ ഉള്ളു.വിശദമായിട്ട് പിന്നീടൊരിക്കൽ പരിചയപ്പെടാം..ഇപ്പൊ തിരക്കുണ്ട്..മോളെ കണ്ടപ്പോ എന്തോ സംസാരിക്കണമെന്ന്  തോന്നി.അതാ ഓടി വന്നത്.എന്റെ ഡ്രൈവർ ഇപ്പൊ വരും.മോൾ വീട്ടിലേക്കാണെങ്കിൽ ഞാൻ അവിടെ ഇറക്കാം.."സുമ പറഞ്ഞു.
"വേണ്ട..ഹസ്ബൻഡ് ഇപ്പൊ വരും.ഞാൻ പൊക്കോളാം."ശ്രീബാല കള്ളം പറഞ്ഞു.ഒരു അപരിചിതയുടെ ക്ഷണം സ്വീകരിച്ച്  കാറിൽ കയറാൻ അവൾക്ക് തോന്നിയില്ല.യാത്ര പറഞ്ഞ് സുമ പോവുന്നത് അവൾ നോക്കി നിന്നു.
ജിതേഷ് എത്തുന്നതിന് മുൻപേ തിരികെ എത്തണം എന്നുള്ളത്കൊണ്ട് ശ്രീബാല  അമ്പലത്തിൽ നിന്നും പെട്ടെന്ന് ഇറങ്ങി.
ജിതേഷ് അന്ന് പതിവിലും നേരത്തെ ആണ് വീട്ടിൽ എത്തിയത്.
ശ്രീബാലയെ കാണാഞ്ഞ് അവൻ ഭോലയോട് കാര്യം തിരക്കി.ശ്രീബാല ഒറ്റയ്ക്ക് അമ്പലത്തിൽ പോയ കാര്യം ഭോല ഭയത്തോടെ  പറഞ്ഞു.
ജിതേഷ്  വെളിയിലേക്ക്  നോക്കി .സമയം നല്ലതുപോലെ ഇരുട്ടിയിരുന്നു. നല്ല മഴക്കോളുണ്ടായിരുന്നു.ജിതേഷിന് അതിയായ ദേഷ്യം വന്നു.ഒപ്പം ഇത്ര നേരമായിട്ടും അവൾ എന്താ  തിരികെ എത്താത്തത് എന്ന പേടിയും.അവൻ അപ്പോൾ തന്നെ കാറുമെടുത്ത് അമ്പലത്തിലേക്ക് പാഞ്ഞു.
കാർ  വെളിയിൽ പാർക്ക് ചെയ്ത് ജിതേഷ് അമ്പലത്തിൽ കയറി. മഴ ചാറി  തുടങ്ങിയിരുന്നു.നട  അടയ്ക്കാൻ തുടങ്ങുകയായിരുന്നു.അവിടെ മുഴുവൻ നടന്നിട്ടും അമ്പലത്തിൽ  എവിടെയും  ശ്രീബാലയെ കണ്ടില്ല.ഫോൺ വീട്ടിൽ വെച്ചിട്ടാണ് അവൾ തൊഴാൻ  വരുന്നത്.അതുകൊണ്ട് അതിൽ വിളിച്ചിട്ടും കാര്യമില്ല. ചിലപ്പോൾ അവൾ വീട്ടിലേക്ക് തിരിച്ചുകാണുമെന്ന് അവന് തോന്നി.ജിതേഷ്  കാർ സ്റ്റാർട്ട് ആക്കി പതിയെ ഓടിച്ചു. മഴ തകർത്ത് പെയ്യാൻ തുടങ്ങിയിരുന്നു.വഴിയിലെവിടെയെങ്കിലും അവൾ നടന്നുപോകുന്നുണ്ടോ എന്ന് നോക്കി.തന്റെ വാക്ക് ധിക്കരിച്ച് ശ്രീബാല ഭോലയെ  കൂട്ടാതെ വെളിയിൽ പോയി എന്നതായിരുന്നില്ല അവന്റെ പ്രെശ്നം.ശ്രീബാലയെ പോലെ എട്ടും പൊട്ടും തിരിയാത്ത ഒരു നാട്ടിൻപുറത്ത് കാരി  പെണ്ണ് ഡൽഹി പോലെ ഒരു സിറ്റിയിൽ രാത്രി ഒറ്റയ്ക്ക് ഇറങ്ങി നടന്നാൽ ഉണ്ടാവുന്ന അപകടങ്ങളെ കുറിച്ചായിരുന്നു അവന്റെ ചിന്ത മുഴുവനും.അടുത്ത് കൂടി ഇഷ്ടം പിടിച്ച് വാങ്ങി താലി കെട്ടി കൊണ്ടുവന്നത് അവളെ ഭാര്യ ആക്കാനായിരുന്നില്ല.എന്നിട്ടും ഒരു നിമിഷം കണ്മുൻപിൽ നിന്ന് മറഞ്ഞപ്പോൾ എന്ത് കൊണ്ട് താൻ അവളെ കുറിച്ചോർത്ത് ഇത്ര വേവലാതിപ്പെടുന്നു എന്നവന് പിടികിട്ടിയില്ല. ഭോലയ്ക്ക് അവളെ ജീവൻ ആണ്.ശ്രീബാലയ്ക്കും ഭോല ഒരു സഹോദരനെ പോലെ ആണ്..അവളറിയാതെ അവർ തമ്മിലുള്ള കളിചിരികളും തമാശകളും ജിതേഷ്   കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്.തനിക്കും അതേപോലെ അവളോട് അടുക്കണം എന്ന് പലപ്പോഴും അവന് തോന്നിയിട്ടുണ്ട്.അവളുടെ സാമീപ്യം അവൻ പലപ്പോഴും ആഗ്രഹിച്ചിരുന്നു.
പക്ഷെ ആരുടെയൊക്കെയോ മുഖങ്ങൾ ഓർക്കുമ്പോൾ അവൻ തന്റെ മനസ്സിനെ കടിഞ്ഞാണിട്ട് നിർത്തും.
ഓരോന്ന് ആലോചിച്ച് കൊണ്ട് ജിതേഷ്  റോഡിൻറെ ഇരുവശങ്ങളിലേക്കും നോക്കി കാർ  ഡ്രൈവ് ചെയ്യുകയായിരുന്നു.
പെട്ടെന്നവൻ കാർ ബ്രേക്ക് ചവിട്ടി!

തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot