നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 21ആ കുട്ടിയെ ശേഖരൻ  മാഷ് ആദ്യം കാണുകയായിരുന്നു.എന്താണ് സംഭവിക്കുന്നതെന്നറിയാതെ ശേഖരൻ അവളെ തന്നെ നോക്കി ഇരുന്നു.
"എന്താ അച്ഛാ വിളിച്ചത്?"അവൾ മാധവനോട് ചോദിച്ചു.
"നിനക്ക് ഈ ഇരിക്കുന്ന മാഷിനെ അറിയുമോ?മുൻപ് കണ്ടിട്ടുണ്ടോ?"മാധവൻ ശേഖരനെ ചൂണ്ടി ചോദിച്ചു.അവൾ ഇല്ലെന്ന് തലയാട്ടി.
"മാഷ് ഇവളെ തന്നെയാണോ അന്ന് കണ്ടത്?"മാധവൻ ചോദിച്ചു.
ശേഖരൻ അല്ലെന്ന് തലയാട്ടി.അദ്ദേഹം എന്ത് പറയണം എന്നറിയാതെ തരിച്ചിരിക്കുകയായിരുന്നു!
മാധവൻ അവിടെ ഇരുന്ന ഒരു ആൽബം  എടുത്ത് ശേഖരനെ കാണിച്ചു.
"ഇതാണ് സുധി."മാധവൻ ചൂണ്ടിക്കാണിച്ച ഫോട്ടോയിലേക്ക് നോക്കിയതും ആർമി യൂണിഫോമിൽ നിൽക്കുന്ന സുധി എന്ന ചെറുപ്പക്കാരനെ കണ്ട് ശേഖരൻ സ്തബ്ധനായി! ദല്ലാൾ രാഘവൻ പരിചയപ്പെടുത്തിയ സുധിക്ക് ഈ മുഖം ആയിരുന്നില്ല.
"ഒന്നെങ്കിൽ മാഷ്‌ക്കെന്തോ  തെറ്റ് പറ്റി അല്ലെങ്കിൽ മാഷിനെ ആരോ കാര്യമായി കബളിപ്പിച്ചു.."ശേഖരന്റെ ഇരിപ്പ് കണ്ട് മാധവൻ പറഞ്ഞു.ശേഖരൻ ഒന്നും മിണ്ടാതെ എഴുന്നേറ്റ് അവിടെ നിന്നും പുറത്തേക്കിറങ്ങി.മാധവൻ വിളിച്ചിട്ടും അദ്ദേഹം നിന്നില്ല.
ശേഖരന് വല്ലാത്തൊരു പരവേശം തോന്നി.അദ്ദേഹം ഓട്ടോ സ്റ്റാൻഡ് ലക്ഷ്യമാക്കി വേഗം നടന്നു.ചുറ്റും നടക്കുന്നതൊന്നും അദ്ദേഹം അറിയുന്നുണ്ടായിരുന്നില്ല.
ഓട്ടോ സ്റ്റാൻഡ് വരെ എങ്ങനെയോ  നടന്നെത്തി.സുധിയുടെ വീട്ടിലേക്കെന്നും പറഞ്ഞ് അന്ന് രാഘവന്റെ കൂടെ പോയ വഴി അദ്ദേഹത്തിന് ഓർമ്മയുണ്ടായിരുന്നു.ഒരു ഓട്ടോ പിടിച്ച് ശേഖരൻ  നേരെ അങ്ങോട്ട്  വിട്ടു.മാധവന് ചിലപ്പോൾ തെറ്റ് പറ്റിയതാവാം.ഇല്ലെങ്കിൽ ഈ നാട്ടിൽ തന്നെ അമ്പാട്ട് എന്ന പേരിൽ ഒരു വീട് കൂടി ഉണ്ടാവാം.അവിടെ സുധി എന്ന് പേരുള്ള ഡൽഹിയിൽ ടീച്ചർ ഉദ്യോഗം ഉള്ള  ഒരു മരുമകൻ ഉണ്ടാവാം.ആരോ എന്തോ പറഞ്ഞത് കേട്ട് താൻ വെറുതെ ഓരോന്ന് ചിന്തിച്ചുകൂട്ടുന്നതാവാം.ശേഖരൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.കുറച്ച് ദൂരം എടുത്തു അവിടെ എത്താൻ..
"മൂപ്പീന്നെ  ഞാൻ ഇവിടെ വെയിറ്റ് ചെയ്യണോ ?"ഓട്ടോക്കാരൻ ചോദിച്ചു.
ശേഖരൻ അത് കേൾക്കാതെ ഗേറ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് ചെന്ന് കാളിങ്ങ്  ബെൽ അടിച്ചു.
ആരും വാതിൽ തുറന്നില്ല.
"സുധീടെ അമ്മെ..ആരെങ്കിലും ഉണ്ടോ ഇവിടെ?"ശേഖരൻ വിളിച്ച് ചോദിച്ചു.
അദ്ദേഹത്തിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
കാളിംഗ് ബെൽ നിർത്താതെ അടിച്ചിട്ടും ആരും വാതിൽ തുറന്ന് വന്നില്ല.
ശേഖരൻ വീടിന് ചുറ്റും നടന്ന് നോക്കി.
അവിടെ ആൾ താമസമുള്ള ലക്ഷണം ഉണ്ട് പരിസരം ഒക്കെ വൃത്തിയായിട്ടാണ് ഇട്ടിരിക്കുന്നത്.സുധിയും  കുടുംബം  വെളിയിൽ എവിടെയെങ്കിലും പോയതാവാമെന്ന് അദ്ദേഹത്തിന് തോന്നി.അവർ തിരികെ വരുന്നതുവരെ കാത്തിരിക്കാമെന്ന്  അദ്ദേഹം തീരുമാനിച്ചു.ഓട്ടോക്കാരനെ പറഞ്ഞ് വിടാൻ വേണ്ടി പോക്കറ്റിൽ തപ്പിയപ്പോഴാണ് ചില്ലറ ഇല്ല എന്ന് മനസ്സിലായത്.അധികം ദൂരത്തല്ലാതെ ഒരു പെട്ടിക്കട കണ്ടു.
ചില്ലറ വാങ്ങാൻ ശേഖരൻ  അങ്ങോട്ട്  പോയി.
"അവിടെ  താമസിക്കുന്നവർ  എവിടെപ്പോയി എന്ന് അറിയാമോ?"ചില്ലറ വാങ്ങുന്നതിനിടയിൽ ശേഖരൻ സുധിയുടെ വീട്ടിലേക്ക് ചൂണ്ടി കടക്കാരനോട് ചോദിച്ചു.
"അതിന് അവിടെ ആരും താമസം ഇല്ലല്ലോ സാറേ.."കടക്കാരന്റെ മറുപടി കേട്ട് ശേഖരന്റെ കൈ വിറച്ചു! കൈയിലിരുന്ന ചില്ലറ  താഴെ വീണു!
"അവിടെ..അവിടെ അല്ലെ സുധിയും കുടുംബവും താമസിക്കുന്നത്?"ശേഖരൻ വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു.
"അത് ഈ ലോ ബഡ്ജറ്റ് സീരിയലിനൊക്കെ വാടകയ്ക്ക് കൊടുക്കുന്ന വീടാ സാറെ.. അതിന്റെ ഓണർ ദുബായിലാ.."കടക്കാരൻ പറഞ്ഞു.ശേഖരൻ സ്തബ്ധനായി നിന്നുപോയി!
"സാർ അന്ന് വേറെ ഒരു സാറിന്റെ കൂടെ അങ്ങോട്ട്  കേറിപ്പോവുന്നത് ഞാൻ കണ്ടിരുന്നു...അവിടെ രണ്ടു മൂന്ന് ചെറുപ്പക്കാരെയും പിന്നെ രണ്ട് സ്ത്രീകളെയുമൊക്കെ കണ്ടല്ലോ. ഏതെങ്കിലും പുതിയ സീരിയലിന്റെ കാര്യത്തിനാവും എന്നാ ഞാൻ വിചാരിച്ചത്..നിങ്ങളൊക്കെ സീരിയലിൽ അഭിനയിക്കുന്നവരാണെന്ന് വെച്ച് അന്ന് ഞാൻ കൊറേ നേരം നിങ്ങളെ നോക്കി നിന്നു.പക്ഷെ ആരെയും പിടികിട്ടിയില്ല. എല്ലാം പുതുമുഖങ്ങളാ അല്ലെ? ഷൂട്ടിംഗ് അടുത്ത് തന്നെ ഉണ്ടാവുമോ?"കടക്കാരൻ ചോദിച്ചു.
ശേഖരൻ കേട്ടത് വിശ്വസിക്കാനാവാതെ സംഭവിക്കുന്നത് സത്യമോ മിഥ്യയോ എന്നറിയാതെ പകച്ച് നിന്നു! താനും രാഘവനും കഴിഞ്ഞ തവണ ഇവിടെ വന്നപ്പോൾ തങ്ങൾ ഓട്ടോയിൽ കയറാൻ നേരം പെട്ടിക്കടയിലെ ഈ മനുഷ്യൻ  തങ്ങളെ തുറിച്ച് നോക്കിയത് എന്തിനായിരുന്നു എന്ന് ശേഖരന് ഇപ്പോഴാണ് മനസ്സിലായത്.
"മൂപ്പിന്നെ എന്റെ കാശ് കിട്ടിയിരുന്നെങ്കിൽ എനിക്ക് പോവാമായിരുന്നു.."ഓട്ടോക്കാരൻ അവിടേക്ക്  വന്നുകൊണ്ട് പറഞ്ഞു.ശേഖരൻ താഴെക്കിടന്ന ചില്ലറയുമെടുത്ത്  നെഞ്ച്  തടവി അയാളെ നോക്കി.
"ഒരു സ്ഥലത്ത് കൂടി  പോവാനുണ്ട്."ശേഖരൻ ഓട്ടോയിലേക്ക് കയറി ഇരുന്നു.ഓട്ടോക്കാരൻ പിറുപിറുത്ത് കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു.
ഓട്ടോ വന്ന് നിന്നത് രാഘവന്റെ വീടിന്റെ മുൻപിൽ ആണ്.
ശേഖരൻ രാഘവന്റെ വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് വേഗം നടന്നു.അദ്ദേഹത്തിന്റെ ഷർട്ട്  വിയർപ്പിൽ കുതിർന്നിരുന്നു.
ബെൽ അടിച്ചപ്പോൾ ഒരു സ്ത്രീ  ഇറങ്ങിവന്നു.
"ആരാ? എന്താ?"അവർ ചോദിച്ചു.ശേഖരൻ അവരെ ആദ്യം കാണുകയായിരുന്നു.തനിക്ക് വീട് മാറിപ്പോയില്ല എന്ന് ശേഖരൻ ഒന്ന് കൂടി ഉറപ്പ് വരുത്തി.
"ഇത് രാഘവന്റെ വീടല്ലേ?അയാൾ എവിടെ?എനിക്ക് രാഘവനെ കാണണം.."ശേഖരൻ ചോദിച്ചു..
"രാഘവന്റെ വീട് ആയിരുന്നു.അങ്ങേര്   ഈ വീട് വിറ്റേച്ച് പോയല്ലോ.ഞങ്ങളാ ഇപ്പൊ ഇവിടെ താമസം.."അവർ പറഞ്ഞു.തലയ്ക്കടി കിട്ടിയത് പോലെ ശേഖരൻ  ഇരുന്നു.രാഘവൻ കുറച്ച് ദിവസങ്ങളായി വീട്ടിലേക്ക് വരാതിരുന്നതും അയാളുടെ ഫോണിൽ വിളിച്ചക്ക് നോക്കുമ്പോഴൊക്കെ സ്വിച്ച്  ഓഫ് എന്ന് മറുപടി കിട്ടുന്നതും എന്ത് കൊണ്ടാണെന്ന് ശേഖരനിപ്പോൾ മനസ്സിലായി.അദ്ദേഹം അവിടെ നിന്ന് പതിയെ  എഴുന്നേറ്റു.വേച്ച് വേച്ച് ഓട്ടോയുടെ അടുത്തേക്ക് നടന്നു..
"ഇനി എങ്ങോട്ടെങ്കിലും  പോണെങ്കിൽ ഇതുവരെ ഉള്ളതിന്റെ കൂലി കിട്ടണം.എപ്പോ തുടങ്ങിയ ഓട്ടമാ.."ഓട്ടോക്കാരൻ മുഷിവോടെ  പറഞ്ഞു.ശേഖരൻ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.ശ്രീബാലയുടെയും വേണിയുടെയും മുഖം ആയിരുന്നു അദ്ദേഹത്തിന്റെ മനസ്സ്  നിറയെ..എവിടെയോ ഇരുന്ന് ശ്രീബാലയും വേണിയും 'അച്ഛാ' എന്ന് വിളിച്ച് കരയുന്നതായി  അദ്ദേഹത്തിന് തോന്നി..അദ്ദേഹത്തിന്റെ ശരീരം വിയർത്ത് കുളിച്ചു.ഇടത് കൈയും തോളും  വേദനിച്ചു. കൈ നെഞ്ചിൽ പൊതിഞ്ഞ് പിടിച്ചുകൊണ്ട് ശേഖരൻ നിലത്തേക്ക് മലർന്നടിച്ച് വീണു!****
ഭോലയുടെ കൂടെ അടുക്കളപ്പണികൾ തീർത്ത് മുറിയിൽ വന്ന് ശ്രീബാല ശേഖരന്റെ ഫോണിൽ വിളിച്ചു.
റിങ്ങ്  ചെയ്തതല്ലാതെ ആരും കാൾ എടുത്തില്ല..കുറച്ച് കൂടി കഴിഞ്ഞ് അവൾ വീണ്ടും വിളിച്ചപ്പോൾ അതെ മറുപടി തന്നെ.എന്ത് പറ്റിയതാവാം എന്നവൾക്ക് ചെറുയൊരു ആധി തോന്നി.
സമയം നോക്കിയപ്പോൾ വൈകിട്ട് ആറ്  മണി കഴിഞ്ഞു.ഇന്ന് ജിതേഷിന്റെ കമ്പനിയിലെ സ്റ്റാഫിന്  അവിടെ തന്നെ ഉള്ള ഒരു ഫൈവ് സ്റ്റാർ  ഹോട്ടലിൽ വെച്ച് ഒരു ചെറിയ പാർട്ടി ഉണ്ട്.കല്യാണം പ്രമാണിച്ച് ഒരു പാർട്ടി വേണമെന്ന് സ്റ്റാഫ് തന്നെയാണ് നിർബന്ധം പിടിച്ചത്.ശ്രീബാലയ്ക്ക് താൽപ്പര്യമുണ്ടാവില്ല എന്നറിയാവുന്നത്കൊണ്ട് ജിതേഷ് ഒഴിഞ്ഞ് നിന്നു.പക്ഷെ സ്റ്റാഫ് വിടുന്ന മട്ടില്ലായിരുന്നു.ഒടുവിൽ കമ്പനിയിലെ സ്റ്റാഫിനും ഫാമിലിക്കും ചെറിയ തോതിൽ ഒരു  പാർട്ടി കൊടുക്കാൻ ജിതേഷ് തീരുമാനിച്ചു. ശ്രീബാല ആദ്യം സമ്മതിച്ചില്ല.ഒന്ന് വന്ന് മുഖം കാണിച്ചിട്ട് തിരികെ പൊക്കോളാൻ ജിതേഷ് പറഞ്ഞു.ഭോലയും കൂടി നിർബന്ധിച്ചപ്പോൾ വരാമെന്ന് അവൾ സമ്മതിച്ചു.
ജിതേഷ് പതിവിലും നേരത്തെ വീട്ടിൽ വന്നു.ശ്രീബാല നാട്ടിൽ നിന്ന് കൊണ്ടുവന്ന ഒരു സാരിയുടുത്ത് മുറിയിൽ സോഫയിൽ ഇരിക്കുകയായിരുന്നു.
"കബോർഡിലെ   സാരി ഉടുക്കണമെന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ?"ജിതേഷ് ചോദിച്ചു.
"എനിക്ക് അതൊന്നും വേണ്ട..ഇത് ധാരാളം."ശ്രീബാല പറഞ്ഞു.
"ഇത് നിന്റെ പട്ടിക്കാടല്ല  ..സിറ്റിയാണ്.എന്റെ കൂടെ ഒരു പാർട്ടിക്ക് വരുമ്പോൾ എന്റെ സ്റ്റാറ്റസിനൊത്ത ഡീസെൻസി കീപ് അപ്പ് ചെയ്യണം.ഞാൻ വരുമ്പോഴേക്ക് ഇത് മാറിയിട്ടുണ്ടാവണം."ജിതേഷ് ബാത്റൂമിലേക്ക് പോയി.
അവൻ തിരിച്ചിറങ്ങി വന്നപ്പോഴും സാരി മാറാതെ അവൾ അതെ ഇരിപ്പ് തന്നെ ആയിരുന്നു.
ജിതേഷിന് നല്ല ദേഷ്യം വന്നു.
അവൻ കബോർഡ്  തുറന്ന് വില കൂടിയ ഒരു പാർട്ടി വെയർ സാരിയും  ബ്ലൗസും അതിന് മാച്ച് ചെയ്യുന്ന ഒരു നെക്‌ലേസും കമ്മലും വളയും എടുത്ത് കട്ടിലിലേക്ക് ഇട്ടു.
ശ്രീബാല അങ്ങോട്ട്  നോക്കിയതേയില്ല.
"നിനക്ക് മാറാൻ ഉദ്ദേശം ഇല്ല.അല്ലെ?ഓക്കേ ഞാൻ തന്നെ മാറ്റി തരാം.."ജിതേഷ് ശ്രീബാലയുടെ അടുത്തേക്ക് നടന്ന് ചെന്നു.അവൾ പെട്ടെന്ന് സോഫയിൽ നിന്നും ചാടി എഴുന്നേറ്റു.
ജിതേഷ് അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ ഷോൾഡറിൽ  നിന്നും സാരിയുടെ  പിൻ അഴിക്കാൻ തുടങ്ങി.
"നിങ്ങൾ എന്താ ഈ കാണിക്കുന്നത് ? ഭ്രാന്താണോ നിങ്ങൾക്ക്?"ശ്രീബാല അവന്റെ കൈ തട്ടി മാറ്റി അവനെ രൂക്ഷമായി നോക്കി.
"ഭാര്യയുടെ ദേഹത്ത് ഭർത്താവ് തൊടുന്നത് ഭ്രാന്താണോ?"ജിതേഷ് അവളെ കളിയാക്കി.
"ഭാര്യയും ഭർത്താവും! അങ്ങനെ ഒരു ബന്ധം നമ്മൾ തമ്മിൽ ഉണ്ടാവില്ല എന്ന് നിങ്ങൾ പറഞ്ഞത് ഞാൻ മറന്നിട്ടില്ല."ശ്രീബാലയുടെ കണ്ണുകൾ നിറഞ്ഞു..
"തർക്കിച്ച് നിൽക്കാൻ  എനിക്ക് താൽപ്പര്യമില്ല..നീ ഈ സാരി മാറ്റി ഉടുക്കണം.ഇല്ലായെന്നുണ്ടെങ്കിൽ ഞാൻ തന്നെ ഇത് അഴിച്ച് വേറെ ഉടുപ്പിക്കും.."ജിതേഷ് പറഞ്ഞു.
"ഇതെന്തൊരു കഷ്ടമാണ്..ഒന്ന് ജീവിച്ചുപോകണെങ്കിൽ എന്തൊരു പാടാണ് ഈശ്വരാ.."ശ്രീബാല ചാടിത്തുള്ളി കട്ടിലിൽ നിന്നും സാരി എടുത്ത് കൊണ്ട് ബാത്റൂമിലേക്ക് കയറി.
അവളുടെ പോക്ക് കണ്ട് ജിതേഷ് ചിരിച്ചു.പെട്ടെന്ന് അവൻ തന്റെ ഫോൺ എടുത്ത് ആരെയോ വിളിച്ചു.കാൾ നേരെ വോയിസ് മെയിലിലേക്കാണ്  പോയത്.
"മനു..ഫ്രീ ആവുമ്പൊ എന്നെ തിരിച്ച് വിളിക്കണം.അവിടുത്തെ കണ്ടിഷൻ എന്താണ്?എനിക്ക് അപ്പപ്പോ അപ്ഡേറ്റ്‌സ്  തരണം.എന്ത് ആവശ്യമുണ്ടെങ്കിലും ചെയ്ത് കൊടുക്കണം..ഒരു കുറവും വരരുത്."ജിതേഷ് മെസ്സേജ് ഇട്ട ശേഷം കാൾ കട്ട് ചെയ്തു..ശ്രീബാല ഇറങ്ങി വന്നതും അവൻ  അവളെ നോക്കി.പിങ്ക് ടിഷ്യു സിൽക്കിൽ  ഗോൾഡൻ ബീഡ്‌സ് വെച്ച ഒരു പാർട്ടി വെയർ സാരി ആണ് അവൾ ഉടുത്തിരുന്നത്.അതിന് മാച്ച് ചെയ്യുന്ന ഒരു ഗോൾഡൻ ഡിസൈനർ  ബ്ലൗസും.കാതിലെ വലിയ ജിമിക്കി അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു.അവൾ നടക്കുന്ന താളത്തിനൊപ്പിച്ച്   കമ്മൽ  ചെറുതായി ആടിക്കൊണ്ടിരുന്നു.കൈയിൽ പിങ്ക് രത്‌നങ്ങൾ പതിപ്പിച്ച രണ്ട് സ്വർണ്ണവളകളും കഴുത്തിൽ ഒരു ചെറിയ നെക്‌ലേസും ഉണ്ടായിരുന്നു.കണ്ണുകൾ എഴുതി ഒരു കറുത്ത പൊട്ടും തൊട്ട് മുടി നീളത്തിൽ  പിന്നി ഇട്ടിരുന്നു.
"എലഗന്റ്!" ജിതേഷിന്റെ ചുണ്ടുകൾ മന്ത്രിച്ചു.
"എന്തെങ്കിലും പറഞ്ഞോ?" ശ്രീബാല ചോദിച്ചു.
"അങ്ങോട്ട് കയറിപ്പോയ ആൾ അല്ലല്ലോ ഇറങ്ങിവന്നിരിക്കുന്നത് എന്ന് പറഞ്ഞതാ.."ജിതേഷ് പറഞ്ഞു.
"അതെ പേക്കോലം ആണെന്ന് എനിക്കറിയാം.."ശ്രീബാല പറഞ്ഞു.
"ശരിയാ അട്ടെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ലല്ലോ.."ജിതേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഈ ബ്ലൗസ് ഇപ്പൊ ഊരിപ്പോകും എന്ന അവസ്ഥയാണ്.ആനയ്ക്ക് വേണ്ടി തൈപ്പിച്ചതാണോ?"ശ്രീബാല ബ്ലൗസിലെ പിന്നുകൾ  ഒന്നുകൂടി വലിച്ച് കുത്തിക്കൊണ്ട് പറഞ്ഞു.
"റെഡി മെയ്ഡ് ബ്ലൗസ് ആണ്..സാരമില്ല ഒന്ന് ആൾട്ടർ ചെയ്യാൻ കൊടുക്കാം.."ജിതേഷ് പറഞ്ഞു.
ശ്രീബാല മുറിയുടെ വാതിൽ  തുറക്കാൻ തുടങ്ങിയതും ജിതേഷ് അവളുടെ  കൈയിൽ പിടിച്ച് അവളെ ഡ്രസിങ് ടേബിളിന്  മുൻപിലേക്ക്  വലിച്ച് കണ്ണാടിക്ക് അഭിമുഖമായി നിർത്തി.അവൾക്ക് കാര്യമെന്തെന്ന് മനസ്സിലായില്ല.ജിതേഷ് അവിടെ  ഡ്രസിങ് ടേബിളിന്റെ മുകളിൽ  ഇരുന്ന കുങ്കുമത്തിന്റെ ഒരു ചെപ്പെടുത്തത് ശ്രീബാലയുടെ  പിന്നിൽ ചെന്ന് നിന്നു.അവൻ കണ്ണാടിയിൽ ശ്രീബാലയുടെ പ്രതിബിംബത്തെ നോക്കി.കരിമഷി കൊണ്ട് കറുപ്പിച്ച കണ്ണുകളിലേക്കും അവളുടെ നെറ്റിയിലെ  കറുത്ത വട്ട പോട്ടിലേക്കും  അവൻ ഒരു നിമിഷം നോക്കി നിന്നു.. ഒരു നുള്ള് കുങ്കുമമെടുത്ത് ജിതേഷ് ശ്രീബാലയുടെ തൊട്ടു പിന്നിൽ നിന്നുകൊണ്ട് കണ്ണാടിയിൽ  നോക്കി അവളുടെ സിന്ദൂര രേഖയിൽ ചാർത്തി! ശ്രീബാല നിറമിഴികളോടെ  കണ്ണാടിയിൽ ആ രംഗം നോക്കി നിന്നു..കണ്ണാടിയിൽ കൂടി ജിതേഷിന്റെയും ശ്രീബാലയുടെയും കണ്ണുകൾ  പരസ്പരം കൂട്ടിമുട്ടി.പെട്ടെന്ന് ശ്രീബാല നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് വാതിൽ തുറന്ന് താഴേക്കിറങ്ങി.ജിതേഷ് കുങ്കുമച്ചെപ്പും  കൈയിൽ പിടിച്ചുകൊണ്ട് കുറച്ച് നേരം അവിടെ നിന്നു.പിന്നെ അത് തിരികെ വെച്ച് അവനും താഴേക്കിറങ്ങി..
ഭോലയെ വിളിച്ചപ്പോൾ തലവേദന ആയത് കൊണ്ട്  അയാൾ വരുന്നില്ല എന്ന് പറഞ്ഞു.ശ്രീബാലയും ജിതേഷും കാറിൽ ഹോട്ടലിലേക്ക്   പുറപ്പെട്ടു.വഴിനീളം ആരും സംസാരിച്ചില്ല.ജിതേഷ് ഒരു ഇംഗ്ലീഷ് ആൽബം പ്ലേയ് ചെയ്തു.ശ്രീബാല വെളിയിലെ കാഴ്ചകൾ കണ്ട് ഇരുന്നു.അവൾ ഇടയ്ക്കിടെ ശേഖരന്റെ ഫോണിൽ വിളിച്ച് നോക്കുന്നുണ്ടായിരുന്നു.ജിതേഷ് അത് ശ്രദ്ധിച്ചെങ്കിലും കണ്ടതായി ഭാവിച്ചില്ല. ഹോട്ടലിലെ  ഇവന്റ് ഹാളിൽ വെച്ചായിരുന്നു പാർട്ടി.ശ്രീബാലയും ജിതേഷും ചേർന്ന് ഗസ്റ്റിനെ സ്വീകരിച്ചിരുത്തി.മുറി ഹിന്ദിയിലും ഇംഗ്ലീഷിലും  ശ്രീബാല എല്ലാവരോടും വളരെ കാര്യമായി തന്നെ സംസാരിച്ചു.ജിതേഷ് ഇടയ്ക്കിടെ ശ്രീബാലയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.പാർട്ടി കഴിയുന്നത് വരെ ജിതേഷ് തനിക്കും ശ്രീബാലയ്ക്കുമായി അവിടെ തന്നെ ഒരു സ്യൂട്ട്  റൂം ബുക്ക് ചെയ്തിരുന്നു.ജിതേഷ് അതിന്റെ കീ കാർഡ്  ശ്രീബാലയെ ഏൽപ്പിച്ചു.  തങ്ങൾ  തമ്മിലുള്ള പ്രശ്നങ്ങൾ മറ്റുള്ളവർ അറിയാതിരിക്കാൻ  ശ്രീബാല  പ്രത്യേകം ശ്രദ്ധിച്ചു.എല്ലാവരുടെയും മുൻപിൽ അവർ സ്നേഹനിധിയായ ഭാര്യയും ഭർത്താവുമായിരുന്നു.ടേബിളിൽ വെച്ചിരുന്ന ഒരു ത്രീ ടയർ കേക്ക് ഇരുവരും ചേർന്ന് കട്ട് ചെയ്തു.കേക്ക് കഷ്ണം പരസ്പരം വായിൽ വെച്ച് കൊടുത്തു.പിന്നീട് ഡിന്നർ  ബുഫേ ആയിരുന്നു.ശേഖരനെ കുറിച്ച് ഒരു വിവരവും ഇല്ലാത്തത്കൊണ്ട് ശ്രീബാലയ്ക്ക് ഒരു സമാധാനം കിട്ടിയില്ല..കുറച്ച് കഴിഞ്ഞ് വിശപ്പില്ലെന്ന് പറഞ്ഞ് അവൾ മുറിയിലേക്ക് പോയി.ജിതേഷ് സ്റ്റാഫിന്റെ  കൂടെ തന്നെ ആയിരുന്നു.ജന്റ്സിന്റെ റസ്റ്റ് റൂമിന്റെ സൈഡിൽ കൂടി നടന്ന് പോയപ്പോൾ കമ്പനിയിലെ ഒരു സ്റ്റാഫ് അവളുടെ പിന്നാലെ ചെന്ന് ജിതേഷ് ബാത്‌റൂമിൽ മറന്നു വെച്ച് പോയ ഫോൺ അവളെ ഏൽപ്പിച്ചു.ശ്രീബാല അതുമായി മുറിയിലേക്ക് പോയി.
വാതിൽ തുറന്ന് അവൾ അകത്ത് കയറി.ആ മുറിയുടെ വലിപ്പവും ഭംഗിയും കണ്ട് ശ്രീബാല അന്തം വിട്ടു.ഒരു കൊച്ചു വീടിനോളം വലിപ്പമുണ്ടായിരുന്നു ആ മുറിക്ക്! സോഫ സെറ്റും ടി.വി യും  കോഫി ടേബിളോടും കൂടിയ ഒരു ചെറിയ ലിവിങ് റൂം ,പിറകിലായി  ഒരു കിംഗ് ബെഡ്,സൈഡിൽ മാറി ഒരു ബാത്റൂം പിന്നെ കുറച്ച് അകത്തേക്കായി എല്ലാ സൗകര്യങ്ങളുമുള്ള അടുക്കള! കുറച്ച് മണിക്കൂർ വിശ്രമിക്കാൻ ഇത്ര വലിയൊരു മുറി വേണ്ടായിരുന്നുവെന്ന്   അവൾക്ക് ജിതേഷിനോട് പറയണമെന്നുണ്ടായിരുന്നു.ഇതിന് ചിലവാക്കിയ കാശുണ്ടായിരുന്നെങ്കിൽ എത്ര പാവങ്ങൾക്ക് ഉപകാരപ്പെട്ടേനേം എന്നവൾ ഓർത്തു.
അപ്പോഴാണ് ശ്രീബാലയുടെ  കൈയിലിരുന്ന ജിതേഷിന്റെ ഫോൺ ശബ്‌ദിച്ചത്.കാൾ എടുക്കാനോ വേണ്ടയോ എന്നവൾ ഓർത്തു.അവൾ കാൾ എടുത്തില്ല.കാൾ കട്ട് ആയി.അതെ നമ്പറിൽ നിന്ന് തന്നെ അഞ്ചാറു മിസ് കാൾ ഫോണിൽ ഉണ്ടായിരുന്നു.വീണ്ടും ആ നമ്പറിൽ നിന്ന് കാൾ  വന്നപ്പോൾ ആരെങ്കിലും എന്തെങ്കിലും അത്യാവശ്യകാര്യം സംസാരിക്കാനായിരിക്കും എന്ന് കരുതി അവൾ അതെടുത്തു..
"സാർ..സാറിന്റെ വോയിസ് മെയിൽ കിട്ടി.ഇരുപത്തി നാല് മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റു എന്നാ ഡോക്ടർ പറഞ്ഞത്.ഒരു ഓട്ടോക്കാരനാ ഹോസ്പിറ്റലിൽ എത്തിച്ചത്.അയാള് പറഞ്ഞത് അദ്ദേഹം അയാളുടെ  ഓട്ടോയിൽ ഏതോ രണ്ട് വീടുകളിൽ പോയി.ഒരിടത്ത്  ചെന്നപ്പോ അത് സീരിയൽ ഷൂട്ടിങ്ങിന് വാടകകയ്ക്ക് കൊടുക്കുന്ന വീടായിരുന്നു എന്നാ.അവിടുന്ന് ഇറങ്ങിയപ്പോ  തൊട്ട് ആള് നല്ല ടെൻഷനിൽ ആയിരുന്നു അത്രേ..പിന്നെ ഏതോ രാഘവന്റെ വീട്ടിലും പോയി.പുള്ളി അവിടുന്ന് താമസം മാറി എന്ന് അറിഞ്ഞപ്പോ കുഴഞ്ഞ് വീണതാ.. ഇടയ്ക്ക് ബോധം വീണപ്പോ മാഡത്തിന്റെയും അനിയത്തിയുടെയും പേര് പറയുന്നുണ്ടായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു.ഐ.സി.യു വിൽ  ആയത് കൊണ്ട് തൽക്കാലം  ആരെയും അങ്ങോട്ട്  കയറ്റി വിടുന്നില്ല.സാർ ടെൻഷൻ ആവണ്ട.ഞാൻ ഇവിടെ തന്നെ ഉണ്ടാവും.മാഡത്തിനോട് പറഞ്ഞോ?"മനു ചോദിച്ചു.ശ്രീബാല ഞെട്ടിത്തരിച്ചിരുന്നു പോയി!
"എന്താ എന്താ എന്റെ അച്ഛന് പറ്റിയത്?നിങ്ങൾ ആരാ?"ശ്രീബാല കരഞ്ഞുകൊണ്ട് ചോദിച്ചു.മറുവശത്ത് ജിതേഷ് അല്ലെന്ന് മനസിലായതും മനു ഒരു നിമിഷം ഒന്നും മിണ്ടിയില്ല.
"മാഡം ജിതേഷ് സാർ അടുത്തുണ്ടോ ഒന്ന് കൊടുക്കാമോ?"മനു ചോദിച്ചു.
"എന്റെ അച്ഛന് എന്താ സംഭവിച്ചതെന്ന പറയ്..പ്ളീസ്.."ശ്രീബാല മനുവിനോട് അപേക്ഷിച്ചു.പെട്ടെന്ന് കാൾ കട്ട് ആയി.രാവിലെ മുതൽ ശേഖരൻ ഫോൺ എടുക്കാതിരുന്നപ്പോൾ എവിടെയെങ്കിലും പോയതായിരിക്കും അല്ലെങ്കിൽ ഫോണിനെന്തെങ്കിലും കേട് പറ്റിയതാവുമെന്നെ അവൾ വിചാരിച്ചിരുന്നുള്ളു.അച്ഛന് എന്തെങ്കിലും ആപത്ത് പറ്റിക്കാണും   എന്ന് സ്വപ്നത്തിൽ പോലും അവൾ ചിന്തിച്ചിരുന്നില്ല.ജിതേഷിന് സത്യം അറിയാമായിരുന്നു.ജിതേഷ് തന്റെ അടുത്ത് നിന്ന് എല്ലാം മനപ്പൂർവം മറച്ച് പിടിച്ചു എന്നത് അവൾക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.അവൾ ഫോണുമെടുത്ത് വാതിലിന്റെ നേർക്ക് നടന്നതും വാതിലിൽ ആരോ മുട്ടി.അവൾ ഓടി ചെന്ന് വാതിൽ തുറന്നു.ജിതേഷിന് പകരം അവിടെ നിൽക്കുന്ന ആളെ കണ്ട് ശ്രീബാല ഞെട്ടിപ്പോയി!

തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot