Showing posts with label Rajesh Eravinallor. Show all posts
Showing posts with label Rajesh Eravinallor. Show all posts

നമ്മുടെ മക്കൾ =(ചെറുകഥ)

Image may contain: 1 person, closeup
"മലയാളത്തിലെ അഞ്ചു നോവലിസ്റ്റുകളുടെ പേര് പറയു". പ്രാസംഗികന്റെ ചോദ്യം ഏറ്റുവാങ്ങാൻ നിയോഗിക്കപ്പെട്ടത് എൽ .കെ. ജി മുതൽ പ്ലസ്. റ്റു വരെ വിവിധ ക്ളാസുകളിൽ പഠിക്കുന്ന ഏകദേശം ഇരുപത്തഞ്ചോളം കുട്ടികളായിരുന്നു . ഇതിൽ എൽ. കെ. ജി .യിൽ പഠിക്കുന്ന എന്റെ ഇളയ മോളും മൂന്നാം ക്ലാസിൽ പഠിക്കുന്ന മൂത്ത മോളും ഉണ്ടായിട്ടിരുന്നു.
"പറയു കുട്ടികളെ മലയാളത്തിലെ ഏതെങ്കിലും അഞ്ചു നോവലിസ്റ്റുകളുടെ പേര് പറയു "
ഏതോ ഒരു വിരുതൻ കുഞ്ഞുണ്ണി മാഷെന്ന് പറഞ്ഞു.
"സന്തോഷം.....കുഞ്ഞുണ്ണി മാഷിന്റെ പേരെങ്കിലും നിങ്ങള് പറഞ്ഞല്ലോ..കുഞ്ഞുണ്ണി മാഷ് നോവലിസ്റ്റല്ല മക്കളെ ..നോവലിസ്റ്റുകളുടെ പേര് ആർകെങ്കിലും അറിയാമോ.."
കുട്ടികളാരും തന്നെ ഉത്തരം പറഞ്ഞില്ല. മലയാളത്തിലെ ഒരു നോവലിസ്റ്റിന്റെ പേര് പോലും പറയാൻ ഇരുപത്തഞ്ചോളം കുട്ടികൾക്ക് സാധിച്ചില്ല. കുട്ടികളുടെ പുറകിലായി രക്ഷിതാക്കളെല്ലാരും തന്നെ ഇരിപ്പുണ്ട്.
"ഇനി എനിക്ക് ഈ കുട്ടികളുടെ മാതാപിതാക്കളോടാണ് സംസാരിക്കാനുള്ളത്." ഞങ്ങള് രക്ഷിതാക്കളെല്ലാരും പരസ്പരം നോക്കി. അഞ്ചാറു നോവലിസ്റ്റുകളുടെ പേരുകൾ ഞാൻ നേരത്തെ തന്നെ മനസിൽ ഓർത്തു വെച്ചിട്ടുണ്ടാരുന്നു.
"മലയാളത്തിലെ അഞ്ചു നോവലിസ്റ്റുകളുടെ പേരുകൾ നിങ്ങളുടെ മക്കൾക്കു അറിയില്ലെങ്കിൽ അതിനു കുട്ടികൾ അല്ല കുറ്റക്കാർ.... നമ്മളോരോരുത്തരും ആണ്." പ്രാസംഗികന്റെ വാക്കുകൾ ഓരോ മാതാപിതാക്കളും ശ്രദ്ധയോടെ ഒപ്പിയെടുക്കുകയാണ്.
"കുഞ്ചൻ നമ്പ്യാരുടെ രണ്ടു വരി കവിത ചൊല്ലാൻ പറഞ്ഞാല് നമ്മുടെ മക്കൾക്കു അറിയില്ല. കുമാരനാശാന്റെ കവിതകളിലെ വരികൾ അറിയില്ല. കഥകളും കവിതകളും കേട്ട് വളർന്ന ഒരു ബാല്യം എനിക്കുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കുട്ടികൾക്ക് അതിനുള്ള അവസരം ഉണ്ടാവുന്നില്ല. കുട്ടികൾക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കണമെന്നുണ്ടെങ്കിൽ ആദ്യം മാതാപിതാക്കളായ നമ്മളോരോരുത്തരും ഇതൊക്കെ വായിച്ചു പഠിക്കണം. അത് കൊണ്ട് എന്റെ മുന്നിലിരിക്കുന്ന കുട്ടികളെ.. മലയാളത്തിലെ അഞ്ചു നോവലിസ്റ്റുകളുടെ പേര് നിങ്ങൾക്കറിയില്ലങ്കിൽ അതിനു നിങ്ങളാരും തന്നെ ഉത്തരവാദികളല്ലാ "
മലായാളത്തിലെ ഒട്ടു മിക്ക സാഹിത്യ കൃതികളെയും സ്പർശിച്ചു കൊണ്ടുള്ള ഒരു ഗംഭീര പ്രസംഗം ആയിരുന്നു പിന്നീട് നടന്നത്. . പ്രസംഗം അവസാനിച്ചു. ചിലരുടെ ഒക്കെ മനസ്സിൽ ആ പ്രസംഗത്തിന്റെ ശബ്ദം ഇപ്പോഴും പ്രകമ്പനം കൊള്ളുന്നുണ്ടാവാം.
====
**രചന -രാജേഷ് ഇരവിനല്ലൂർ കോട്ടയം.**

കുറ്റിക്കാട്ടിലെ വെളുത്ത പുക

Image may contain: 1 person, closeup

ഉണ്ണികൃഷ്ണന് ഇന്നെവിടെയോ പോകാനുണ്ടെന്നു തോന്നുന്നു..രാവിലെ തന്നെ എണീറ്റു
..സാധാരണ 10 മണിയാണ് കണക്കു .
കോളജ് ജീവിതം കഴിഞ്ഞു ഒരു ജോലി കിട്ടിയിട്ട് കല്ല്യാണം കഴിക്കാനുള്ള തയ്യാറെടുപ്പു തുടങ്ങിയിട്ട് ഒത്തിരി നാളായി
എല്ലാ ജോലിയില്ല തൊഴിലാളികളെയും പോലെ.... ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും പങ്കെടുക്കുന്ന ജോലി തന്നെയാണ് ഉണ്ണിക്കൃഷ്ണന്റെയും..
ജോലിയില്ലങ്കിലും ഉണ്ണികൃഷ്ണൻ ഇന്നുവരെയും യാതൊരു ചീത്ത കൂട്ടുകെട്ടിലും പോയിട്ടില്ല..ഒരു ചെറിയ കുറ്റി ബീഡി പോലും വലിക്കില്ല എന്ന് വേണമെങ്കിൽ പറയാം
നാട്ടുകാർക്കെല്ലാം പ്രിയങ്കരനും എല്ലാവരെയും സഹായിക്കുന്നവനും തന്നെ ആണ് നമ്മുടെ ഉണ്ണിക്കണ്ണൻ......
"രാവിലെ എങ്ങോട്ടാടാ......വല്ല ഇന്റർവ്യൂവും ഉണ്ടോ .." രാവിലത്തെ കുളിയും ഷർട്ടും വെള്ളമുണ്ടും ഒക്കെ തേക്കുന്നതും ഒക്കെ കണ്ടപ്പോൾ അമ്മ ചോദിച്ചു
"ഞാൻ ടൗണിൽ വരെ ഒന്ന് പോകുവാണമ്മേ "
"എങ്കിൽ ഈ മാസത്തെ ചിട്ടീടെ കാശും കൂടെ കണ്ടു പൊയ്ക്കോളൂ..."
'അമ്മ ചിട്ടിക്ക് അടക്കാനുള്ള കാശും ചിട്ടിക്കാശു പതിക്കുന്ന ബുക്കും എടുത്തു കൊടുത്തു
അവൻ ചിട്ടിക്കാശും ബുക്കും വാങ്ങി പോക്കറ്റിൽ തിരുകി
അപ്പോളേക്കും അമ്മ പുട്ടും കടലയും ഉണ്ടാക്കി വെച്ചു
" അമ്മെ ഞാനിറങ്ങുവാണെ "..ഭക്ഷണവും കഴിച്ചു കൈകഴുകി അവൻ അമ്മയോട് യാത്ര പറഞ്ഞിറങ്ങി
ടൗണിലേക്കുള്ള ബസു വരുന്നേടത്തേക്കു കുറച്ചു ദൂരമുണ്ട് നടക്കാൻ
പോകുന്നവഴിക്കു നാട്ടുകാരോടൊക്കെ കുശലം ചോദിച്ചും .....ഒരു മൂളിപ്പാട്ടും ഒക്കെ പാടി ഉണ്ണികൃഷ്ണൻ അങ്ങനെ നടക്കുന്നു...
ബസ് സ്റ്റോപ്പിൽ അധികം ആളുകളൊന്നും ഇല്ല.."പത്തുമണി സമയം ആയതിനാലാവാം ആളുകൾ കുറവ് " അവൻ ചിന്തിച്ചു
ബസ് സ്റ്റോപ്പിന്റെ ഒരു മൂലക്കായിട്ടു ഒരു പട്ടി കിടന്നുറങ്ങുന്നു
ആ പട്ടിയുടെ ഉറക്കം ഉണ്ണികൃഷ്‌ണൻ വളരെ കൗതുകത്തോടെ നോക്കി നിന്നു ***എന്തൊരു ഭാഗ്യവാൻ..ജോലി അന്വേഷിക്കേണ്ട, കല്ല്യാണം കഴിക്കണ്ട...വീടുണ്ടാക്കണ്ട...കുടുംബം നോക്കണ്ട...അടുത്ത ജന്മത്തിലെങ്കിലും ഒരു പട്ടിയായി .....****അപ്പോഴേക്കും വണ്ടി എത്തി ....ഉണ്ണികൃഷ്ണന്റെ പട്ടിച്ചിന്തകൾ ഇടക്ക് വെച്ചു മുറിഞ്ഞു...
ബസിന്റെ ഏറ്റവും പുറകിലത്തെ സീറ്റിൽ ഉണ്ണി പോയിരുന്നു...ഉണ്ണികൃഷ്ണന് എപ്പോഴും പുറകിലത്തെ സീറ്റിന്റെ മൂലക്കിരിക്കുന്നതാണ് ഇഷ്ടം
കണ്ടക്ടർ വന്നു ..ഉണ്ണി പോക്കറ്റിൽ നിന്നും പത്തുരൂപ നോട്ടെടുത്തു കൊടുത്തു
"ക്രിസ്റ്റഫർ കോളേജ് " ഉണ്ണി ഇറങ്ങേണ്ട സ്ഥലം പറഞ്ഞു ..കണ്ടക്ടർ ഒരു തുണ്ടു പേപ്പറിൽ ഒരു ശരിയിട്ടു ഉണ്ണിയുടെ കയ്യിൽ കൊടുത്തു
ചെറിയ ക്ളാസ്സു മുതല് മാസ്റ്റർ ഡിഗ്രി വരെ പഠിക്കുമ്പോഴും ഉണ്ണിക്കു എല്ലായിടത്തും ശരികളാരുന്നു കിട്ടിയിരുന്നത്..എങ്കിലും ഒരു ജോലിയുടെ കാര്യം എത്തിയപ്പോൾ ശരി ഒന്നും കിട്ടുന്നില്ല
"കോളേജ് പടി ...കോളേജ് പടി ..."കണ്ടക്ടറും കിളിയും കൂടെ ഒരുമിച്ചു വിളിച്ചു പറയുന്നു...
ഉണ്ണി കോളേജിന്റെ ഗേറ്റും കടന്നു ഓഡിറ്റോറിയത്തിലേക്കു നടക്കുന്നു...ഉണ്ണിയുടെ ജീവിതത്തിന്റെ ഏഴു വർഷങ്ങൾ പിന്നിട്ട കോളേജാണ്...അവിടത്തെ ഓരോ മണൽത്തരികൾക്കും ഉണ്ണിയുടെ കാൽപാടുകൾ പരിചിതമാണ്
ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ കസേരകൾ എല്ലാം നിരത്തിയിട്ടിരുന്നു .കസേരകൾ അധികവും കാലിയായി കിടക്കുന്നു ...
സ്റ്റേജിൽ അതിഥികൾ എത്തിയാൽ പ്രസംഗം തുടങ്ങാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടായിരുന്നു ...***ലഹരി വിരുദ്ധ സെമിനാർ **എന്നെഴുതിയ ഫ്ളക്സ് ബോർഡും ..അതിൽ വിഷയം അവതരിപ്പിക്കാൻ എത്തുന്ന **മന്മഥൻ** സാറിന്റെ ഫോട്ടോയും ഉണ്ടായിരുന്നു
ഉണ്ണി ഏറ്റവും പുറകിലത്തെ മൂലക്കത്തെ കസേരയിൽ തന്നെ ഇരുന്നു ...ഉണ്ണി ഇത്രയും നേരത്തെ വന്നത് തന്നെ ആ കസേരയിൽ ഇരിക്കാൻ ആണെന്ന് തോന്നുന്നു
ഏറ്റവും നല്ല മലയാളം ലെക്ച്ചറർ ആയിരുന്നു മന്മഥൻ സാർ. കോളേജ് കുട്ടികളുടെ ഇടയിലുള്ള ലഹരി ഉപയോഗം കണ്ടു മനസ് വേദനിച്ചിട്ടു സ്വന്തം അധ്യാപക ജോലിയും ഉപേക്ഷിച്ചു ഇന്ന് കേരളത്തിന്റെ ഒരറ്റം മുതൽ അങ്ങേ അറ്റം വരെയുള്ള എല്ലാ കോളേജുകളും കയറി ഇറങ്ങി ലഹരി വിരുദ്ധ സന്ദേശം കൊടുക്കുകയാണ് ....
കുറച്ചു കഴിഞ്ഞപ്പോഴേക്കും കസേരകളൊക്കെ നിറയാൻ തുടങ്ങി...ക്രിസ്റ്റഫർ കോളേജിന്റെ അടുത്തുള്ള മറ്റു കോളേജിൽ നിന്നും ഒക്കെ വിദ്യാർഥികൾ എത്തിയിട്ടുണ്ട്
സമ്മേളനം തുടങ്ങുകയായി
"അൽപ സമയത്തിനകം നമ്മളെല്ലാം കാത്തിരിക്കുന്ന മന്മഥൻ സാറ് എത്തിച്ചേരുന്നതാണ് " ......സ്വാഗത പ്രസംഗകൻ പ്രസംഗം ആരംഭിച്ചു
"നമ്മുടെ വളരെ നാളത്തെ പരിശ്രമത്തിന്റെ ഫലമായാണ് മന്മഥൻ സാറിനെ നമുക്ക് ഇന്ന് ഈ വേദിയിൽ കിട്ടാൻ പോകുന്നത് "..സ്വാഗത പ്രസംഗകൻ പ്രസംഗം തുടരുകയാണ്
അപ്പോളേക്കും പുറത്തൊരു കാറ് വന്നു നിന്നു ...സംഘടകരാണെന്നു തോന്നുന്നു ബാഡ്‌ജ്‌ ഒക്കെ പോക്കറ്റിൽ കുത്തിയ കുറച്ചു പേര് അവിടേക്കു ചെന്നു
മന്മഥൻ സാറിനെ മാലയിടീപ്പിച്ചും ബൊക്ക കൊടുത്തും ഒക്കെ സ്വീകരിച്ചു..സദസ്സൊന്നടങ്കം എഴുനേറ്റു നിന്ന് കൈയ്യടിച്ചു....ഓഡിറ്റോറിയം ഇളകിമറിയുന്ന പോലെ തോന്നി..ഒരു മനുഷ്യന് ഒരു സദസ്സിനെ ഇത്രയും സ്വാധീനിക്കാൻ കഴിയുമോ...മന്മസ്ഥൻസാറു എല്ലാവരെയും കൈ ഉയർത്തി അഭിവാദ്യം ചെയ്തു...
സ്വാഗത പ്രസംഗകൻ തുടരുന്നു "ഞാനിനിയും നിങ്ങളെ സംസാരിച്ചു ബോറടിപ്പിക്കുന്നില്ല..നമ്മളെല്ലാം കാത്തിരുന്ന മന്മഥൻ സാറിന്റെ വാക്കുകൾ കേൾക്കാനായി അദ്ദേഹത്തെ ഞാൻ ഹാർദ്ദവമായി ക്ഷണിക്കുന്നു..."
മന്മഥൻ സാറ് മൈക്കിന്റെ മുൻപിൽ എത്തി...സൂചി വീണാൽ കേൾക്കാവുന്നത്രയും നിശബ്ദമായ അന്തരീഷം ........എല്ലാവരും കാതോർത്തിരുന്നു അദ്ദേഹത്തിന്റെ മൊഴിമുത്തുകൾ അടർന്നു വീഴുന്നതും കാത്തു
"പ്രിയ വിദ്യാർഥികളെ....." ....സദസ്സൊന്നടങ്കം കൈക്കൊട്ടി ..... ആർത്തു വിളിച്ചു ...
അദ്ദേഹം പ്രസംഗം ആരംഭിച്ചു
"പണ്ടൊക്കെ,... എന്റെ കോളേജ് ജീവിത കാലത്തു സിഗരറ്റു വലിയായിരുന്നു കോളേജുകളിലെ ഒരു ദുശീലം ... ..അന്ന് ഞങ്ങള് പുകവലി വിരുദ്ധ സെമിനാറു നടത്തിയിട്ടുണ്ട്...എന്നാൽ ഇന്ന് സിഗരറ്റു വലിക്കുന്നവര് വളരെ കുറവാണ് കോളേജുകളില്.."
എല്ലാവരും വളരെ ശ്രദ്ധയോടെ സാറിന്റെ പ്രസംഗം കേൾക്കുകയാണ്
"എന്നാൽ ഇന്ന് കോളേജുകളിൽ മയക്കുമരുന്നും കഞ്ചാവും പോലുള്ള ലഹരികളാണ് വിദ്യാർഥികൾ ഉപയോഗിക്കുന്നത് ......"
സാറിന്റെ പ്രസംഗം ഒരു ലഹരിപോലെ കത്തിക്കയറുകയാണ്
"ഇതുപയഗിക്കുന്നവരുടെ തലച്ചോറുകളെയും...ചിന്താ ശേഷിയെയും .....നാഡീ ഞരമ്പുകൾ തളർത്തിക്കളയും ..........ഒരു വ്യക്തിയുടെ സർവ്വനാശമാണ്.......കുടുംബ ബന്ധങ്ങൾ നശിക്കും ........ക്രിമിനലുകൾ പെരുകും....."അങ്ങനെ ശാസ്ത്രീയമായ വശങ്ങളും വരെ സാറ് പറഞ്ഞു
"ഇന്ന് കൊട്ടേഷൻ സംഘങ്ങള് പോലുള്ള സാമൂഹ്യ വിരുദ്ധര് ഏറ്റവും കൂടുതലുപയോഗിക്കുന്നതു ഇത് പോലുള്ള ലഹരികളാണ്...."
ഏകദേശം നാല്പതു മിനിറ്റോളം സാറ് പ്രസംഗിച്ചു..പ്രസംഗത്തിന്റെ അവസാന ഭാഗത്തേക്ക് എത്തുകയാണെന്നു തോന്നുന്നു
"ഈ കോളേജിന്റെ പുറകു വശത്തെ ഗേറ്റിന്റെ പുറത്തുള്ള വഴിയിലൂടെ കിഴക്കുവശത്തേക്കു അരക്കിലോമീറ്റർ നടക്കുമ്പോൾ ഒരു ചെറിയ മാടക്കട നിങ്ങള് കണ്ടിട്ടില്ലേ "
ഉണ്ണികൃഷ്ണൻ ഓർക്കുന്നു...അവിടെ ഒരു മാടക്കട ഉണ്ടല്ലോ..തന്റെ ചില കൂട്ടുകാരൊക്കെ അന്ന് അവിടെ ചുറ്റിപ്പറ്റി നില്കുന്നത് കാണാറുണ്ടായിരുന്നു
മന്മഥൻസാറു പ്രസംഗം തുടരുന്നു
"ആ ചെറിയ മാടക്കടയിൽ കഞ്ചാവ് പൊതികൾ കൊടുക്കുന്നുണ്ട്...നിങ്ങള് വിദ്യാർഥികളിൽ മിക്കവർക്കും ഇതറിയാവെന്നും എനിക്കറിയാം..എന്നാൽ നിങ്ങളാരും ഇതിനെ ചോദ്യം ചെയ്യുന്നില്ല ...ഇതാണ് ഈ നാടിന്റെ ശാപം "
സാറ് എല്ലാവരെയും വിമർശിക്കുകയാണ്
"ആ കടയിൽ ചെന്ന് കഞ്ചാവ് വേണമെന്ന് പറഞ്ഞാൽ കിട്ടില്ല ...അവിടെ ചെന്ന് "കുടുക്ക" ഉണ്ടോ എന്ന് ചോദിക്കണം ....."
**സാറിനിതൊക്കെ എങ്ങനറിയാം..**ഉണ്ണികൃഷ്ണൻ ചിന്തിച്ചു
സാറ് വീണ്ടും പ്രസംഗം തുടരുന്നു
" അപ്പോൾ കടക്കാരൻ ചോദിക്കും ***ചെറിയ കുടുക്കയോ .... വലിയ കുടുക്കയോ എന്ന് ** ...ചെറിയ കുടുക്കക്കു മുന്നൂറു രൂപയും വലിയ കുടുക്കക്കു അഞ്ഞൂറ് രൂപയും ...."
"കുടുക്ക എന്നുള്ള അപരനാമത്തിലാണ് അവിടെ കഞ്ചാവ് വിൽക്കുന്നത് "
"കടയുടെ പുറകിലുള്ള കുറ്റിക്കാട് നിങ്ങൾക്കെല്ലാം അറിയാമല്ലോ....ആ കുറ്റിക്കാട്ടിലേക്ക് നിങ്ങളൊന്നു കയറി നോക്കണം..കുറ്റിക്കാടുകളുടെ ഉള്ളിൽ നിന്നും വെള്ള നിറത്തിലുള്ള പുക ഉയരുന്നത് കാണാം ...അതായത് മാടക്കടയുടെ പുറകുവശത്തു കഞ്ചാവ് വലിക്കാനും..വലിച്ചിട്ടു കിടന്നുറങ്ങാനും ഒക്കെ ഉള്ള ,..എല്ലാ സൗകര്യങ്ങളും ഉണ്ട് "
"ഒരു ചെറിയ കുടുക്ക കഞ്ചാവ് വലിച്ചാല് എല്ലാ ദുഖങ്ങളും മാറും എന്നാണു അവര് പറയുന്നത്......ആകാശത്തിലൂടെ പറന്നു നടക്കുന്നതായും..സ്വർഗത്തിൽ എത്തിയതായും ഒക്കെ തോന്നും എന്നാണു ഇതൊക്കെവലിക്കുന്നവര് പ്രചരിപ്പിക്കുന്നത്..."
"ഞാൻ എന്റെ പ്രസംഗം അവസാനിപ്പിക്കുകയാണ്.....എനിക്ക് ഇന്ന് വൈകുന്നേരം മറ്റൊരു സെമിനാറിൽ പങ്കെടുക്കേണ്ടതുണ്ട്...."
"ഈ സെമിനാറു കഴിയുമ്പോൾ നിങ്ങളെല്ലാവരും കൂട്ടമായി ചെന്ന് ആ മാടക്കട അടിച്ചു തകർക്കണം എന്നാണു എനിക്ക് നിങ്ങളോടു പറയാനുള്ളത്...."
"അതുപോലെ തന്നെ എല്ലാവരും വെട്ടുകത്തിയും പിക്കാസുമായി ചെന്ന് മാടക്കടയുടെ പുറകിലുള്ള കുറ്റിക്കാട് വെട്ടി തെളിക്കണം..അവിടെ കഞ്ചാവ് വലിച്ചു സ്വർഗ്ഗത്തിലൂടെ നീന്തിത്തുടിക്കുന്നവരെ അടിച്ചോടിക്കണം എന്ന് പറഞ്ഞു കൊണ്ട് ഞാൻ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു "...എല്ലാവരും എണീറ്റ് നിന്ന് കരഘോഷം മുഴക്കി
മന്മഥൻസാറു എല്ലാവരെയും കൈ ഉയർത്തി കാണിച്ചു വീണ്ടും തന്റെ കാറിൽ കയറി
ലഹരി വിരുദ്ധ സെമിനാറു കഴിഞ്ഞു..
.ഉണ്ണി കൃഷ്ണൻ കോളേജിന്റെ പുറകുവശത്തെ ഗേറ്റിങ്കൽ എത്തി...
മാടക്കട അടിച്ചു തകർക്കാൻ എല്ലാവരും എത്തുമല്ലോ
കുറച്ചുനേരം നിന്നിട്ടും ആരും വന്നില്ല..എല്ലാ വിദ്യാർഥികളും ഓഡിറ്റോറിയത്തിൽ നിന്നും പോയെന്നു മനസിലായി
"പിന്നെന്തിനാണ് ഇവിടെ ഇങ്ങനൊരു സെമിനാറു നടത്തിയത്..." ഉണ്ണികൃഷ്ണൻ സ്വയം ചിന്തിച്ചു
ഉണ്ണികൃഷ്‍ണന്റെ കാലും കയ്യും വിറക്കാൻ തുടങ്ങി ....വെള്ളമുണ്ട് മടക്കി കുത്തി...മാടക്കടയെ ലഷ്യമാക്കി അവൻ കിഴക്കോട്ടു നടന്നു...
അത്യാവശ്യം നല്ല വേഗത്തിൽ തന്നെ ഉണ്ണി നടന്നു....അവന്റെ ഞരമ്പുകൾ വലിയുന്നുണ്ടാരുന്നു.....മസിലുകൾ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു
മാടക്കടയുടെ മുൻപിൽ എത്തി
മൂന്ന് തടിമാടന്മാര് കടയുടെ അകത്തും പുറത്തും ഒക്കെ ആയി നിൽക്കുന്നുണ്ട്
ഉണ്ണി കൃഷ്ണൻ മാടക്കടയുടെ അകത്തിരിക്കുന്ന തടിമാടന്റെ കണ്ണുകളിലേക്കു നോക്കി
"എന്താ വേണ്ടത് " അയാളുടെ ഘന ഗംഭീരമായ ശബ്ദം
ഉണ്ണിയുടെ നെഞ്ചുംകൂടു പൊട്ടുന്നപോലെ തോന്നി
ഉണ്ണി കൃഷ്ണൻ സർവ ശക്തിയും ധൈര്യവും എടുത്തു തന്നെ പറഞ്ഞു
"ഒരു കുടുക്ക " അതും പറഞ്ഞു ഉണ്ണി കൃഷ്ണൻ മുന്നൂറു രൂപ എടുത്തു കൊടുത്തു.
കടക്കാരൻ കാശ് വാങ്ങി എണ്ണി നോക്കിയിട്ടു ഒരു ചെറിയ പൊതിയും ഒരു തീപ്പെട്ടിയും കൊടുത്തു ..എന്നിട്ടു അയാള് കുറ്റിക്കാട്ടിലേക്കുള്ള വഴി കാണിച്ചു കൊടുത്തു
ഉണ്ണി കൃഷ്ണൻ ഒരു മരത്തിന്റെ ചോട്ടിൽ ചെന്നിരുന്നു...എന്തിനെന്നറിയില്ല അവന്റെ കണ്ണിൽ നിന്നും കുടു കുടാ കണ്ണീരു വരുന്നുണ്ടാരുന്നു...കണ്ണുനീര് കവിളിൽ നിന്നും ഒഴുകി പോക്കറ്റിൽ കിടന്ന ചിട്ടിക്കാശിന്റെ ബുക്ക് നനയുന്നുണ്ടാരുന്നു..
********
.
=രചന --രാജേഷ് ഇരവിനല്ലൂർ കോട്ടയം =

പുതിയ മനുഷ്യൻ

Image may contain: 1 person, closeup
രാവിലെ 5 മണിക്ക് അലാറം അടിച്ചു..... പല്ലുതേച്ചു... കുളിച്ചു മുടിചീകി.. ചായ കുടിച്ചു.. തുണികൾ ഇസ്തിരിയിട്ടു.. കുറച്ചു നേരം വാർത്ത കേട്ടു... വാട്സപ്പും ഫെയ്‌സ്ബുക്കും നോക്കി .......
ഹ ഹ...
ഇതൊക്കെ തന്നെ അല്ലെ ഞാൻ ഇന്നലെയും ചെയ്തത് ..
ഇനി ഓഫീസിൽ പോകണം ജോലി ചെയ്യണം വൈകിട്ട് തിരിച്ചു വരണം..രാത്രി ആകുമ്പോൾ ഉറങ്ങണം......
കുറെ വര്ഷങ്ങളായിട്ടു ഞാൻ ഇത് തന്നെ ആണല്ലോ ആവർത്തിക്കുന്നത്
എനിക്കാകെ വിഷമം ആയി..ഇങ്ങനെ പോയാൽ എന്റെ ജീവിതം എന്താകും..എന്നും ഒരേ രീതിയിൽ ജീവിക്കുക...
ഏകദേശം എല്ലാം മനുഷ്യരും ഇങ്ങനാണല്ലോ..ഒരു യന്ത്രം പോലെ എന്നും ഒരേ രീതിയിൽ ജീവിക്കുന്നു...എന്താണെങ്കിലും ഇന്നത്തെ എന്റെ ദിവസത്തിൽ എന്തെങ്കിലും ഒക്കെ വ്യത്യാസം ഉണ്ടാക്കണം
തേച്ചു വെച്ച എന്റെ പാന്റ് ഞാൻ കയ്യിൽ എടുത്തു .... പാന്റിനകത്തൂടെ എന്റെ കൈ കയറ്റിയിട്ടു പാന്റിന്റെ രണ്ടു കാലും മറിച്ചിട്ടു
എന്നിട്ടു അത് കാലിലൂടെ കയറ്റി. ഇപ്പോൾ ഞാൻ എന്നും ഇടുന്ന പോലെ അല്ല പാന്റിട്ടിരിക്കുന്നതു. എന്റെ പാന്റ് ഞാൻ തല തിരിച്ചാണ് ഇട്ടിരിക്കുന്നത്. മുൻ വശത്തേയും പിൻ വശത്തേയും പോക്കറ്റുകള് പുറത്തേക്കു തൂങ്ങിക്കിടക്കുന്നു.
ഷർട്ടും ഞാൻ അങ്ങനെ തന്നെ ഇട്ടു.ഷർട്ടിന്റെ പോക്കറ്റ് അകത്താണിപ്പോൾ...രണ്ടു കോളറുകളും പുറത്തേക്കു തള്ളി നിക്കുന്നു...ബട്ടന്സുകള് എങ്ങനൊക്കെയോ ഇട്ടു..
വീട് പൂട്ടി പുറത്തിറങ്ങി.
ഇനി ഷൂസിടണം.
അവിടെ രണ്ടു പാരഗന്റെ വള്ളിച്ചെരുപ്പുണ്ട്. പിന്നെ ഷൂസും ഉണ്ട്. ഞാൻ എന്റെ ഇടതു കാലിൽ പരാഗന്റെ ഒരു റബർ ചെരുപ്പിട്ടു. വലതു കാലിൽ എന്റെ കറുപ്പ് നിറമുള്ള ഷൂസും ഇട്ടു..
ഹ ഹ എന്നോടാ കാളി...
ഞാൻ വഴിയിലിറങ്ങി പതുക്കെ ഓഫീസിലേക്ക് നടന്നു ...
വഴിയിൽ നില്ക്കുന്നവര് നോക്കുന്നുണ്ട്...എനിക്കറിയാം അവരൊക്കെ എന്താണ് ചിന്തിക്കുന്നത് എന്ന്...
ഒരു സമൂഹത്തിൽ എല്ലാരും ചെയ്യുന്നത് പോലത്തതിൽ നിന്നും ആരെങ്കിലും വ്യത്യസ്തമായി എന്തെങ്കിലും ചെയ്‌താൽ അവനെ ഭ്രാന്തൻ എന്ന് വിളിക്കും..അതാണല്ലോ സമൂഹം..ഒരു പക്ഷേ എല്ലാരും ചെയ്യുന്നത് പരമ വിഢിത്തം ആയിരിക്കാം ..എങ്കിലും ഭൂരിപഷം ചെയ്യുന്നത് ശരിയാണെന്നു തന്നെ സമൂഹം വിലയിരുത്തും...
..
ഓഫീസിൽ എത്തി .....
ഞാൻ എന്റെ സീറ്റിൽ ചെന്നിരുന്നു.
.പതിവ് പോലെ ജോലിയും തുടങ്ങി...
കുറച്ചു കഴിഞ്ഞു പീയൂൺ ചന്ദ്രൻ എന്റടുത്തു വന്നു...
"സാർ ഒരു കാര്യം പറയാനുണ്ടാരുന്നു..."
ഞാൻ ചന്ദ്രനെ നോക്കി. അവൻ എന്നെ നോക്കി ഊറി ചിരിക്കുന്നുണ്ടാരുന്നു
"സാർ ഒന്ന് പുറത്തേക്കു വരാമോ..കാര്യം ഇത്തിരി രഹസ്യം ആണ്.."
എനിക്ക് കാര്യം മനസിലായി.
"നീ എന്ത് പറയാൻ ആണ് വിളിക്കുന്നത് എന്നെനിക്കറിയാം ചന്ദ്രാ.. .നീ പൊയ്ക്കോ.."
അവൻ പോയി
ഞാൻ വൈകുന്നേരം വരെ കൂളായിട്ടു ജോലി ചെയ്തു..
അങ്ങനെ വൈകുന്നേരം നടന്നു തന്നെ വീട്ടിൽ എത്തി..
വര്ഷങ്ങളോളം ആയിട്ട് ഒരു യന്ത്രം പോലെ ഒരേ രീതിയിലുള്ള ദിന ചര്യകൾ ചെയ്തു മരിക്കുന്നതു വരെ പോകാൻ എനിക്ക് സൗകര്യം ഇല്ല...
ഓരോ ദിവസവും വ്യത്യസ്‍തമായിരിക്കണം...ഓരോ ദിവസവും നമ്മൾ പുതിയതെന്തെങ്കിലും പഠിക്കണം...പുതിയ മനുഷ്യൻ ആകാൻ ഓരോ ദിവസവും ശ്രമിക്കണം...
അല്ലാതെ എല്ലാ ദിവസവും....ഒരു യന്ത്രം പോലെ...
ഛെ.....
അന്ന് രാത്രി വീണ്ടും അലാറം വെച്ച് ഉറങ്ങാൻ കിടന്നു ......
ഉറക്കം കണ്ണുകളിലേക്കു കയറുമ്പോഴും എന്റെ മനസു മന്ത്രിക്കുന്നുണ്ടാരുന്നു..ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരണം.
മാറ്റം...മാറ്റം..മാറ്റം....
**********
=രചന - രാജേഷ് ഇരവിനല്ലൂർ കോട്ടയം =

ആദ്യ ശമ്പളം == ( ചെറുകഥ )

Image may contain: 1 person, closeup
മോൾടെ ആദ്യത്തെ ശമ്പളം ഇന്ന് കിട്ടുവാണല്ലോ.
മകളെ പഠിപ്പിച്ചു ഒരു ജോലിയാക്കിക്കഴിഞ്ഞു..ഇന്ന് അവളുടെ ആദ്യത്തെ ശമ്പളം കൊണ്ട് കയ്യിൽ തരും.
..ഇനിയും രണ്ടു മണിക്കൂറും കൂടിയുണ്ടല്ലോ വരാൻ..സമയം ഒച്ചിഴയുന്ന പോലെ തോന്നുന്നു.
ഞാൻ ഭാവനയിൽ കണ്ടു .അവൾ കയറി വരുന്നു.."ഇന്നാ അച്ഛാ എന്റെ ആദ്യത്തെ ശമ്പളം.."
ഞാൻ കയ്യിൽ വാങ്ങുന്നു ...എന്നിട്ടു അതിൽ നിന്നും ആകെ 100 രൂപ എടിത്തിട്ടു ബാക്കി മുഴുവൻ തിരിച്ചു അവളുടെ കയ്യിൽ തന്നെ കൊടുക്കുന്നു...
. "എനിക്ക് സന്തോഷമായി ...മക്കളെ വളർത്തി വലുതാക്കുന്നതു ഞങ്ങളുടെ കടമയാണ്..അവരിൽ നിന്നും മാതാപിതാക്കൾ ഒന്നും പ്രതീക്ഷിക്കുന്നില്ല ...."അങ്ങനെ പറഞ്ഞു ബാക്കി ശമ്പളം തിരിച്ചു കൊടുക്കുന്ന രംഗം...
മനസിനകത്തു കുളിരു കോരുന്നു..
."ഇതെന്താണ് ഉച്ചസമയത്താണോ സ്വപ്നം കാണുന്നത്... "ഭാര്യയുടെ കളിയാക്കല് വന്നു
.."അല്ല ഞാനോര്ക്കുവാരുന്നു "..
സ്വതവേ ഉള്ള പുഞ്ചിരിയോടെ ഞാൻ ഭാര്യയോട് പറഞ്ഞു
"എന്റെ ആദ്യത്തെ ശമ്പളത്തിന് മുത്തശ്ശനൊരു തോർത്ത് മുണ്ടു,മുത്തശ്ശിക്ക് കസവിന്റെ ഒരു സാരി,അച്ഛനും അമ്മയ്ക്കും ,അമ്മാവന്മാർക്കും.. ഒക്കെ വാങ്ങിക്കൊടുത്തു.ബാക്കി മുഴുവൻ കാശും അച്ഛന്റെ കയ്യിൽ കൊടുത്തു
."ദാ.... മോള് വന്നല്ലോ... "ഭാര്യ ആവേശത്തോടെ പറഞ്ഞു.
ഞാനിത്തിരി ഗൗരവത്തോടെ സോഫയിൽ തന്നെ ഇരുന്നു...ഹൃദയം പട പടാന്നു ഇടിക്കുവാണല്ലോ.ഇത് പേടിക്കാനുംമാത്രമുള്ള വലിയ കാര്യമൊന്നുമല്ലല്ലോ....
കൈനറ്റിക് ഹോണ്ട സ്റ്റാൻഡിൽ വെച്ചിട്ടു അവൾ അകത്തേക്ക് വരുന്നു...കയ്യിൽ ഒരു ചെറിയ പൊതിയും ഉണ്ട്. ഞാൻ ശ്വാസം പിടിച്ചു തന്നെ ഇരിക്കുവാണ്...
."അച്ഛൻ വേണമെങ്കിൽ ഇനി മുതല് ഈ മൊബൈല് ഉപയോഗിച്ചോളൂ.... "അവളുടെ പഴയ മൊബൈൽ ഫോൺ എന്റെ കയ്യിൽ തന്നു.
" ഏറ്റവും ലേറ്റസ്റ്റ് മോഡല് ഒരെണ്ണം ഞാൻ വാങ്ങി "അവൾ അടുക്കളയിൽ കയറി പാത്രങ്ങൾ ഒക്കെ പൊക്കി നോക്കി
"അമ്മെ വിശക്കുന്നു..ഇവിടൊന്നും ഉണ്ടാക്കിയില്ലേ.... "..അവള് മുറിയിലേക്കു പോയി
"ഇന്നാ അച്ഛാ ബാക്കി കാശു " വീട്ടിലിടുന്ന ഡ്രെസ്സും ഇട്ടു അവള് വന്നു ഒരു കേട്ട് നോട്ടുകൾ എന്റെ കയ്യിൽ തന്നു
"മൊബൈല് വാങ്ങിച്ചോട്ടെ എന്ന് ചോദിച്ചാൽ അച്ഛൻ സമ്മദിക്കില്ലെന്നെനിക്കറിയാം..അതിനാണ് വാങ്ങിയിട്ട് ബാക്കി ശമ്പളം കയ്യിൽ തന്നത് ..."
ഭാര്യ അടുക്കളയിൽ നിന്ന് ചിരിക്കുന്നത് കാണാം
"എല്ലാരും കൈകഴുകിയിട്ടു വാ.."ഭാര്യ വൈകുന്നേരം ഉള്ള ലഘുഭക്ഷണത്തിനു ക്ഷണിക്കുന്നു..ഓഫീസിലെ തമാശകൾ ഒന്നൊന്നായി മോള് വിവരിക്കുന്നു.
.രാത്രിയിൽ കിടക്കാൻ നേരവും ഞാൻ ചിന്തിക്കുകയാരുന്നു തന്റെ ചെറുപ്പകാലത്തൊക്കെ ഒരു ജോലി കിട്ടുന്നതും ആദ്യത്തെ ശമ്പളവും ഒക്കെ ഒരു വലിയ കാര്യം ആയിരുന്നു...മോളെന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ...
.ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു ചിന്തിച്ചു
***ബാക്കി കാശ് എന്റെ കയ്യിൽ കൊണ്ട് തന്നല്ലോ...രാത്രിയുടെ ഏതോ യാമത്തിൽ ഞാനും ഉറക്കമായി. ****
=====
*രചന - രാജേഷ് ഇരവിനല്ലൂർ കോട്ടയം *

രണ്ടു തൈര് വാങ്ങാൻ പോയ കഥ

Image may contain: 1 person, closeup

എന്റെ ഫ്ലാറ്റു തുറന്നു ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ അടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന ചേട്ടൻ വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു.
വളരെ സങ്കടത്തോടെയും ദേഷ്യത്തോടെയും ഒക്കെ നടക്കുന്നത് പോലെ ആണ് തോന്നുന്നത്.എന്തെങ്കിലും സാമ്പത്തിക പ്രശനം ആണോ ? അതോ നാട്ടിൽ ആരെങ്കിലും മരണപ്പെട്ടു കാണുമോ ?
ഇടക്ക് കയ്യിൽ ഇരിക്കുന്ന വിലകൂടിയ സ്മാര്ട്ട് ഫോണിലും നോക്കുന്നുണ്ട്.എന്താണെങ്കിലും ഞാൻ ചോദിക്കാൻ തന്നെ തീരുമാനിച്ചു
"എന്താ ചേട്ടാ പ്രശ്നം ?"
എന്നെ രൂഷമായൊന്നു നോക്കിയതല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല.
ഞാൻ താഴെ കടയിൽ പോയി രണ്ടു തൈരും വാങ്ങി തിരിച്ചു വന്നപ്പഴും ചേട്ടൻ അവിടെ തന്നെ ഉണ്ടായിരുന്നു.
ഇനിയും ചേട്ടന്റെ ജോലി വെല്ലോം പോയി കാണുമോ ..ഞാൻ ചിന്തിച്ചു.
ചെട്ടനിഷ്ടപ്പെട്ടില്ലന്കിലും കുഴപ്പമില്ല ഞാൻ ഒന്നുടെ ചോദിയ്ക്കാൻ തന്നെ തീരുമാനിച്ചു.
"എന്ത് പ്രശ്നമാണെങ്കിലും എന്നോട് പറയു ചേട്ടാ നമുക്ക് പരിഹാരം ഉണ്ടാക്കാം "..എന്നിട്ട് ഞാൻ ഒന്ന് ചരിച്ചു എന്ന് വരുത്തി
"രണ്ടു മണിക്കൂർ ആയിട്ട് ഈ ഫോണിൽ ഇന്റർനെറ്റു കിട്ടുന്നില്ലടോ " കയ്യിലിരുന്ന ഫോൺ എന്റെ മുന്നിലേക്ക്‌ വലിച്ചെറിഞ്ഞിട്ട്‌ സ്വന്തം ഫ്ലാറ്റിലേക്ക് അയാള് കേറിപ്പോയി.
കയ്യിലിരുന്ന തൈരുപോലെ എന്റെ രക്തം കട്ട പിടിക്കുന്നതായിട്ടു തോന്നി.

ഓർമദിവസം

Image may contain: 1 person, closeup

"ദേ മനുഷ്യ ..മൊബൈല് കെടന്നടിക്കുന്നതു കേട്ടില്ലേ...."
ഭാര്യയുടെ ഉച്ചത്തിലുള്ള വിളി കേട്ട് സുരേഷ് തൊടിയിൽ നിന്നും പതുക്കെ കയറി വന്നു..
"ആരാണീ ത്രിസന്ധ്യക്കു വിളിക്കുന്നത് ...".
.കാർ ഷെഡിന്റെ അടുത്തുള്ള പൈപ്പിൽ നിന്നും കാലിലെ മണ്ണൊക്കെ കഴുകിക്കളഞ്ഞു സുരേഷ് ഫോണിന്റെ അടുത്തെത്തിയപ്പോഴേക്കും ബെല്ലടിക്കുന്നതു നിന്നു....... ആരാണ് വിളിച്ചതെന്നറിയാൻ മൊബൈൽ എടുത്തു നോക്കി
"ഡീ ...ചന്ദ്രനാണല്ലോ വിളിച്ചത് .."
അയാൾ ഭാര്യയോടായി പറഞ്ഞു
"കുറച്ചു മുൻപല്ലേ നമ്മളെല്ലാവരും കൂടെ അവിടുന്നിങ്ങോട്ടു പോന്നത് .." സുരേഷ് മൊബൈലെടുത്തു തിരിച്ചു വിളിച്ചു...സുരേഷും ചന്ദ്രനും ചെറുപ്പം മുതലുള്ള കൂട്ടുകാരാണ്. ചന്ദ്രന്റെ അച്ഛന്റെ മരണം കഴിഞ്ഞിട്ട് ഒരു വര്ഷം കഴിഞ്ഞതിന്റെ ഓര്മ ദിവസം ആയിരുന്നു .....ഇന്ന് ജോലിക്കു പോലും പോകാതെ രാവിലെ മുതല് ചന്ദ്രന്റെ വീട്ടിൽ ആയിരുന്നു ..
"എന്താ ഫോണെടുക്കുന്നില്ലേ...."
ഭാര്യ ചോദിച്ചു...സുരേഷ് ഫോൺ അവിടെ വെച്ചിട്ടു വീണ്ടും പുറത്തേക്കു പോകാറുങ്ങിയപ്പോൾ... ദാ വീണ്ടും ഫോൺ അടിക്കുന്നു.
.."എന്താടാ..."
..സുരേഷ് ഫോൺ എടുത്തിട്ട് ചോദിച്ചു...അങ്ങേത്തലക്കൽ ചന്ദ്രന്റെ ശബ്ദം ഇടറുന്ന പോലെ തോന്നി..
."ഡാ സുരേഷേ...."ചന്ദ്രൻ എന്തോ പറയാൻ ഒരുങ്ങുന്നുണ്ട് "എന്താടാ...പറയടാ..."സുരേഷ് വീണ്ടും ചോദിച്ചു ...."ഡാ..അമ്മക്കൊരു തളർച്ച പോലെ...."
സുരേഷിന് കാര്യം മനസിലായി...ചന്ദ്രന്റെ 'അമ്മ ഇന്ന് രാവിലെ മുതല് പച്ച വെള്ളം പോലും കുടിക്കാതെ നടക്കുവാരുന്നു...എല്ലാരും പറഞ്ഞതാണ് എന്തെങ്കിലും കഴിക്കാൻ ...ചന്ദ്രൻ വീണ്ടും പറയുന്നു
"ചെറിയ ഒരു തളർച്ച മാത്രമേ ഉള്ളു ....എന്നാലും വല്ല്യാട് വരെ ഒന്ന് കൊണ്ടുപോകാം..."
ചന്ദ്രൻ അതും പറഞ്ഞു ഫോൺ വെച്ചു...
വല്ല്യാട്ട് ആശുപത്രി മാത്രമേ അവിടെ അടുത്തുള്ളൂ...അവിടത്തെ പരിശോധനയും ബില്ലും ഒന്നും സാധാരണക്കാരെ കൊണ്ട് താങ്ങാൻ വയ്യ..എങ്കിലും ചില അത്യാസന്ന നിലയിലൊക്കെ സാധാരണക്കാരും ചെല്ലാറുണ്ട്...ചന്ദ്രന്റെ അത്യാവശ്യ ഘട്ടങ്ങളിലെല്ലാം സുരേഷ് തന്നെ ആണ് വണ്ടിയുമായി ചെല്ലുന്നതു
"സുമേ...ആ വണ്ടീടെ താക്കോലെങ്ങെടുത്തോ "സുരേഷ് പാന്റും ഉടുപ്പും ഇട്ടു കുറച്ചു കാശും എടുത്തു പോക്കറ്റിലിട്ടു..
."അപ്പോളേക്കും സുമ താക്കോലും എടുത്തു കൊണ്ട് വന്നു ..
"ആ കത്തിയിങ്ങു തന്നെ "
സുമ കറിക്കരിഞ്ഞു കൊണ്ടിരിക്കുവാരുന്നു
"ഇതെന്തിനാ..ബീൻസ് തോരൻ വെക്കാനായിട്ടു ഞാൻ അരിഞോണ്ടിരിക്കുവാരുന്നു "അവള് പറഞ്ഞു .
."നീ അതിങ്ങു കൊണ്ടുവാ..."അവള് കത്തി കൊടുത്തു...സുരേഷ് അത് വാങ്ങി കത്തിയിൽ പറ്റിയിരുന്ന ബീൻസൊക്കെ തൂത്തുകളഞ്ഞു പാന്റിന്റെ ഉള്ളിലൂടെ എളിയിൽ തിരുകി..
."ഇതെന്താ മനുഷ്യാ.... നിങ്ങളീകാണിക്കുന്നതു ...കൂട്ടുകാരന്റെ അമ്മയെ ആശുപത്രി കൊണ്ടുപോകുന്നവരെന്തിനാ കറിക്കത്തിയുമായി പോകുന്നത് ..."
സുരേഷ് മറുപടിയൊന്നും പറഞ്ഞില്ല..കാറ് സ്റ്റാർട് ചെയ്തു വേഗത്തിൽ തന്നെ ചന്ദ്രന്റെ വീട്ടിലേക്കു പോയി...സുരേഷിന്റെ കാറിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ ചന്ദ്രനും അവന്റെ പെങ്ങളുടെ ഭർത്താവും കൂടെ അമ്മയെ താങ്ങിപ്പിടിച്ചു വണ്ടിയിൽ കേറ്റി..വേഗം തന്നെ കവലയിലുള്ള വല്ല്യാട്ട് പ്രൈവറ്റ് ആശുപത്രിയിൽ എത്തി...ആ നാട്ടിലെല്ലാർകും പരിചയം ഉള്ള ഡോക്ടറു തന്നെ ആണ്...എല്ലാത്തരം ആധുനീക സജ്ജീകരണങ്ങളും ഉള്ള മുന്തിയ തരം ആശുപത്രി തന്നെ ആണ്..
.സുരേഷും ചന്ദ്രനും കൂടെ അമ്മയെയും താങ്ങിപ്പിടിച്ചു ഡോക്ടറിന്റെ മുറിയുടെ പുറത്തിരുന്നു...ചന്ദ്രന്റെ അളിയൻ അപ്പോഴേക്കും ഡോക്ടറെക്കാണാനുള്ള ചീട്ടെടുത്തു കൊണ്ട് വന്നു..
"സൗദാമിനിയമ്മ...."കുറച്ചു നേരം ഇരുന്നു കഴിഞ്ഞപ്പോൾ ഒരു നേഴ്‌സ് വന്നു പേര് വിളിച്ചു...ചന്ദ്രനും സുരേഷും കൂടെ അമ്മയെ താങ്ങിപ്പിടിച്ചു ഡോക്ടറിന്റെ മുറിയിലേക്ക് കയറി .
."എന്ത് പറ്റി "
ഡോക്റ്റർ സാധാരണ എന്ന പോലെ ചോദിച്ചു .
."സാറെ ഇന്ന് അച്ഛന്റെ ആണ്ടാരുന്നു ...'അമ്മ രാവിലെ മുതല് ഒന്നും കഴിക്കാതെ നടക്കുവാരുന്നു....."ചന്ദ്രൻ പറഞ്ഞു തുടങ്ങി .."കുറച്ചു മുൻപ് ഒന്ന് തല കറങ്ങി വീണു
..."
ഡോക്ടർ എണീറ്റ് "അവിടേക്കു കിടത്തു.."
ചന്ദ്രനും സുരേഷും കൂടെ അമ്മയെ കിടത്തി....
ഡോക്ടര് തന്റെ സ്റ്റെതസ്കോപ്പ് വെച്ച് നോക്കി....പിന്നെ ഒരു നേഴ്‌സ് വന്നു അമ്മയുടെ പ്രഷറും ചെക്ക് ചെയ്തു....പിന്നെ ഡോക്ടർ വീണ്ടും കസേരയിൽ ചെന്നിരുന്നു ....ഒരു പേപ്പറെടുത്തു എഴുതാൻ തുടങ്ങി..."സ്കാൻ ചെയ്യണം....."
ഡോക്റ്റര് പറഞ്ഞു തുടങ്ങി..."ഞാൻ കുറച്ചു മരുന്നുകളെഴുതുന്നുണ്ട് അത് മാമൂട്ടിൽ മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങണം....."
ഡോക്റ്റർ വീണ്ടു പറഞ്ഞു "ഒന്ന് രണ്ടു ദിവസം വെന്റിലേറ്ററിൽ കിടക്കണ്ടതായി വരും കേട്ടോ...ഒന്ന് കൊണ്ടും പേടിക്കണ്ട...ഉടൻ തന്നെ സുഖമാകും..."
അതും പറഞ്ഞു മരുന്നിന്റെ പേരെഴുതിയ പേപ്പര് അവരുടെ കയ്യിലേക്ക് കൊടുത്തു.....
സുരേഷ് എണീറ്റു ..."സാറെ ഒരു കാര്യം പറയാനുണ്ടാരുന്നു ..."
ഡോക്റ്റർ ഒന്ന് നോക്കി "എന്താണ് പറഞ്ഞോളൂ.."
ഇത്തിരി സ്വാകാര്യമാണ് ...കുറച്ചങ്ങോട്ടു മാറി നിന്നാൽ .....".
ഡോക്റ്റർമാർക്‌ ഇങ്ങനെ പല അനുഭവങ്ങളും ഉണ്ട്...എന്തെങ്കിലും തരാനായിരിക്കും....ഡോക്ടറെന്താണെങ്കിലും സമ്മതിച്ചു..
."ഡാ ചന്ദ്ര...നീ അമ്മയെയും കൂട്ടി ഇവിടിരുക്കു..ഞാനിപ്പം വരാം.."
സുരേഷ് ചന്ദ്രനോട് പറഞ്ഞു.
ഡോക്ടറും സുരേഷും കൂടെ ഒരു കർട്ടന്റെ പുറകിലേക്ക് പോയി ....
"എന്താ കാര്യം പെട്ടന്ന് പറയു..."ഡോക്ടര് തിരക്ക് കൂട്ടി ....
സുരേഷ് തന്റെ എളിയിൽ തിരുകിയിരുന്ന കത്തി എടുത്തു..."ഹേ... നിങ്ങളെന്താണ് കാണിക്കുന്നത് .."
അയാളോടാൻ നോക്കി ....
സുരേഷ് വട്ടം പിടിച്ചു...കത്തി അയാളുടെ കഴുത്തിനു തന്നെ മുട്ടിച്ചു പിടിച്ചു ..
....ഡോക്ടറു പൂക്കുലപോലെ വിറയ്ക്കാൻ തുടങ്ങി..
."ഡോക്ടറെ..."
സുരേഷ് വിളിച്ചു
"എന്തോ...."....
എന്റെ കൂട്ടുകാരാമന്റെ അമ്മക്കെന്താണ് അസുഖം
"ആഹാരം കഴിക്കാതെ നടന്നതിനാൽ ഗ്യാസ് കെട്ടി കിടക്കുന്നതാണ് "
ഡോക്ടറു ഞരങ്ങിക്കൊണ്ടു പറഞ്ഞു
"ഗ്യാസിനുള്ള മരുന്ന് ഏതാണ് "
*****
..."നാലാമത്തെഴുതിയിരിക്കുന്നതാണ്....ഒരു ചുമന്ന ഗുളികയാണ്...."
സുരേഷ് കത്തി ഇത്തിരി ഒന്ന് അയച്ചു
"രാവിലെയും ഉച്ചക്കും വൈകിട്ടും ഓരോന്ന് കഴിക്കണം "..ഡോക്ടറു പറഞ്ഞു നിർത്തിയിട്ടു ഒരു ദീർഘ ശ്വാസം വിട്ടു....
ഡോക്ടറു തിരിച്ചു തന്റെ സീറ്റിൽ വന്നിരുന്നു
"ശരി ഡോക്ടറെ ഞങ്ങളിറങ്ങട്ടെ.."സുരേഷ് ഡോക്ടർക്കു കൈ കൊടുത്തു ..
അമ്മയേം ആയിട്ട് അവരെല്ലാവരും വീണ്ടും കാറിൽ വന്നിരുന്നു
"ഡാ അഡ്മിറ്റ്‌ ചെയ്യണ്ടേ..."ചന്ദ്രൻ ചോദിച്ചു.
.."സുരേഷ് ഒന്നും മിണ്ടിയില്ല
"ഡാ സ്കാൻ ചെയ്യണ്ടേ...."
സുരേഷ് നല്ല വേഗത്തിൽ തന്നെ കാറ് വീട്ടിലേക്കു വിട്ടു..
."നീ എന്താടാ ഈ കാണിക്കുന്നത്..."ചന്ദ്രന് പേടിയാകാൻ തുടങ്ങി
..സുരേഷ് ഫോൺ എടുത്തു വിളിക്കാൻ തുടങ്ങി..
"ഡീ സുമേ....നമ്മളിന്നാളു വാങ്ങിച്ച ഗ്യാസിന്റെ ഗുളിക ഇല്ലാരുന്നോ...ഡീ...അലമാരീടെ മുകളിലത്തെ തട്ടേൽ നോക്കൂ........." സുരേഷ് ഫോണിലൂടെ സംസാരിച്ചുകൊണ്ടും ഇടക്കൊക്കെ ചിരിച്ചും ഒക്കെ വണ്ടി ഓടിച്ചു കൊണ്ടിരുന്നു ..... ....
***********

rajesh eravinalloor

കഥ:--*****ഒറ്റയ്ക്ക് നിൽക്കുന്ന സുന്ദരി ****....

കഥ:--*****ഒറ്റയ്ക്ക് നിൽക്കുന്ന സുന്ദരി ****....
ഉറങ്ങിക്കിടന്ന എന്നെ കണ്ടക്ടർ വന്നു തട്ടി വിളിച്ചു.."അടുത്ത സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത് " ഞാൻ കണ്ണ് തുറന്നു പുറത്തേക്കു നോക്കി ..ബസു നീങ്ങിക്കൊണ്ടിരിക്കുകയാണ് ..രാത്രിയാണെങ്കിലും വഴിയിലൊക്കെ ആളുകൾ നില്പുണ്ട് ..ചെറിയ തട്ടുകടകളും സജീവമാണ് ..ഞാൻ സമയം നോക്കി ...പതിനൊന്നാകാറായി ...ഒരു വളവിങ്കൽ ബസു നിർത്തി....ഞാൻ അവിടെ ഇറങ്ങി... "ആ കാണുന്ന കയറ്റം കയറി മുകളിലോട്ടു പോയാൽ മതി.."...കണ്ടക്ടർ സ്കൂളിലേക്കുള്ള വഴി പറഞ്ഞു തന്നു...
ഞാൻ കുന്നിനു മുകളിലേക്കുള്ള ഇടവഴിയിലൂടെ നടക്കാൻ തുടങ്ങി.വളരെ ഇടുങ്ങിയ ഒരു വഴി ആയിരുന്നു അത്..ചിലടത്തൊക്കെ വലിയ ഉരുളൻ കല്ലുകൾ പൊങ്ങി നില്പുണ്ടായിരുന്നു..പണ്ട് ശബരിമലക്ക് പോയപ്പോൾ മല കയറിയ കാര്യം ഓര്മ വന്നു "ഇതും കൂടെ ആകുമ്പോൾ മുപ്പത്തേഴാമത്തെ ടെസ്റ്റാണ് എഴുതുന്നത്."ഞാൻ കണക്കു കൂട്ടി "ഒരു ജോലികിട്ടിയിട്ടു കല്യാണം കഴിക്കുക എന്ന ലഷ്യം സാധിക്കുമോ ...ആവോ "... ഞാൻ നെടുവീർപ്പിട്ടു..... "വയസ്സ് മുപ്പത്തിമൂന്നായി.കല്യാണപ്രായമൊക്കെ എന്നേ... കഴിഞ്ഞു ".ഞാൻ നടന്നു നടന്നു..ഏറ്റവും മുകളിലെത്തി..
ഒരു പഴയ ഗവൺമെന്റ് സ്കൂളാണ് .. ഞാൻ സ്കൂളിന്റെ പടികൾ കയറി.. വാച്ചിൽ നോക്കി സമയം രാത്രി പതിനൊന്നു കഴിഞ്ഞിരിക്കുന്നു .. എന്നെ പോലെ തന്നെ വളരെ ദൂരെ നിന്നും തലേദിവസം എത്തിച്ചേർന്ന വേറെയും ഉദ്യോഗാർഥികളും ഉണ്ടെന്നു തോന്നുന്നു. സ്കൂളിന്റെ വരാന്തയിലും മറ്റുമായി ചിലരൊക്കെ കിടന്നുറങ്ങുന്നുണ്ട്."പാവങ്ങൾ..എല്ലാർക്കും ജോലി കിട്ടിയാൽ മതിയാരുന്നു "ഞാൻ പ്രാർത്ഥിച്ചു ..
രണ്ടു നിലകളുള്ള സ്കൂളാണ്.... ഞാൻ മുകളിലത്തെ നിലയിലേക്ക് പടികൾ കയറി. .. മുകളിലത്തെ നിലയിലെ വരാന്തയിൽ നിന്ന് ചുറ്റും നോക്കി ... സ്കൂളിരിക്കുന്നതു വളരെ ഉയരത്തിലുള്ള ഒരു കുന്നിന്റെ മുകളിലാണ്. അവിടെ നിന്ന് നോക്കിയാൽ ഞാൻ ബസിറങ്ങിയ വഴിയിലൂടെ വാഹനങ്ങൾ പോകുന്ന ചെറിയ പ്രകാശം കാണാം . കുറച്ചു ദൂരേക്ക് മാറി ഒരു അങ്ങാടി കാണാം. അങ്ങാടിയിൽ ചില കടകളൊക്കെ തുറന്നിരിക്കുന്നുണ്ട്...ബാക്കി ഭാഗങ്ങളെല്ലാം കുറ്റാകൂരിരുട്ടു.... അവിടെ അങ്ങാടിയുടെ നടുഭാഗത്തായി ഒരു കുരിശുംതൊട്ടിയുടെ ഗോപുരം ഉയർന്നു നില്കുന്നത് കാണാം.
നാളെ രാവിലെ എട്ടരക്കാണ് പരീക്ഷ. അതുവരെ ഇവിടെ കഴിച്ചുകൂട്ടണം. പുസ്തകം കൊണ്ട് വന്നിട്ടുണ്ട്. എന്നാൽ വെളിച്ചമില്ലാത്തതിനാൽ വായനയും നടക്കില്ല. ചെറുതായിട്ടൊന്നുറങ്ങാൻ സമയമുണ്ട് .. . അവിടെ ഒരു ബഞ്ച് കിടക്കുന്നു . ഞാൻ ബഞ്ച് വലിച്ചു വരാന്തയുടെ ഒരു വശത്തേക്കിട്ടു. ഞാൻ ബഞ്ചിനു മുകളിൽ കയറി നിന്ന് അങ്ങ് ദൂരെ കാണുന്ന അങ്ങാടിയിലേക്കൊന്നു നോക്കി ..വെറുതെ ഒന്ന് നോക്കി ...അതാ ഒരു പെൺകുട്ടി അവിടെ നില്കുന്നു ..വളരെ സുന്ദരിയാണെന്ന് തോന്നുന്നു ..മുഖം ശരിക്കു കാണാൻ വയ്യ..ഒരു ചുമന്ന സാരിയാണ് ഉടുത്തിരുന്നത്..കയ്യിൽ ഒരു ബാഗും തൂക്കിയിട്ടിട്ടുണ്ട് .
."ഹ ഹ ഇത് നല്ല കഥ ..പന്ത്രണ്ടു മണി രാത്രിക്കു..അതും ഒരു പെണ്ണ്...ഒറ്റയ്ക്ക്..." എനിക്ക് സംശയമായി.....എനിക്ക് തോന്നുന്നതായിരുക്കുമോ ..ഞാൻ അവിടെ കണ്ട ഒരു മേശ വലിച്ചിട്ടു അതിന്റെ മുകളിൽ കയറി നിന്ന് പിന്നെയും നോക്കി "ശരിയാണ് ..അങ്ങാടിയിൽ ചുമന്ന സാരിയും ഉടുത്തു..പാതിരാത്രിയിൽ ഒരു സുന്ദരി നില്കുന്നു ..അതും ഒറ്റയ്ക്ക് "ഞാൻ ഉറപ്പിച്ചു "ഒരു പെണ്ണ് തന്നെ ആണ് നില്കുന്നത് ". എന്റെ വാച്ചിലെ സമയം തെറ്റിയതാണോന്നറിയാൻ ഞാൻ ഒന്നുടെ വാച്ചിൽ നോക്കി
..."എന്നാലും ഇത്രയും രാത്രിയിൽ ഒരു പെണ്കുട്ടിക്കെങ്ങനെ ധൈര്യം വന്നു ..ഇനി വല്ലോ യക്ഷിയോ മറ്റോ " എന്റെ ചങ്കിലൊരു കൊള്ളിയാൻ ......ഞാൻ ബഞ്ചിൽ കിടന്നു കണ്ണുകൾ ഇറുക്കിയടച്ചു.."ഉറക്കം വരുന്നില്ല.."..ഞാനാകെ പരവശനായി..മനസ് മുഴുവനും അങ്ങാടിയിൽ ഒറ്റയ്ക്ക് നിൽക്കുന്ന സുന്ദരിയാണ്..അതും പാതിരാത്രിയിലെ സുന്ദരി...ഞാൻ ബഞ്ചിൽ നിന്നും എണീറ്റ് വീണ്ടും മേശയുടെ മുകളിൽ കയറി നിന്ന് അങ്ങാടിയിലേക്ക് നോക്കി "അവൾ അവിടെ തന്നെ നില്കുന്നു "..അവളുടെ ചുമന്ന സാരിയില് നീലനിറത്തിലുള്ള കല്ലുകൾ പ്രകാശിക്കുന്നത് കാണാം..അവളുടെ അഴിച്ചിട്ടിരിക്കുന്ന മുടികൾ കാറ്റത്തു ഇളകുന്നു കാണാം. .." സമയം... ഹുസ്സയിൻ ബോൾട്ടിനെപ്പോലെ വേഗത്തിൽ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു ...എനിക്കുറങ്ങാൻ സാധിക്കുന്നില്ല...
"അവളെ കാണണം.." എന്റെ മനസ് പറയാൻ തുടങ്ങി.
.പരീക്ഷ എഴുതാനുള്ള ഹോൾടിക്കെറ്റും പുസ്തകവും എടുത്തു ഞാൻ സ്കൂളിന്റെ മുകളിലത്തെ നിലയിൽ നിന്നും താഴേക്കിറങ്ങാൻ തുടങ്ങി "അവളെ കാണണം" എന്റെ മനസു മന്ത്രിച്ചു. .ഞാൻ ബസിറങ്ങി മുകളിലേക്ക് വന്ന ഇടവഴിയിലൂടെ താഴേക്ക് നടക്കാൻ തുടങ്ങി .."ഇനി വല്ല അപകടത്തിലും പെട്ട് നില്കുമായിരിക്കുമോ അവൾ..വഴി അറിയില്ലാതെ..വണ്ടിക്കൂലിക്കു കാശില്ലാതെ "..ഞാൻ ഉരുണ്ട കല്ലുകളുടെ മുകളിൽ ചവിട്ടി താഴേക്കു നടക്കുകയാണ്. അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും ചീവീടുകൾ കരയുന്ന ശബ്ദം കേൾക്കാം .."കയ്യിലൊരു വെട്ടം പോലുമില്ലാതെ പരിചയമില്ലാത്ത വഴിയിലൂടെ നടക്കുക ..ഭയങ്കര പാടാണു "....ഞാൻ സ്വയം പറഞ്ഞു.
ഞാൻ വീണ്ടും ചിന്തകളുടെ ആഴങ്ങളിലേക്ക് മുങ്ങാൻ തുടങ്ങി.... "ഒരുപക്ഷേ ഇവളെ കാണുന്നത് എനിക്കൊരു നിമിത്തമായിരിക്കാം..ഇങ്ങനെയുള്ള അവിചാരിതമായ കൂടിക്കാഴ്ചകളിലൂടെ ആയിരിക്കുമല്ലോ പലരും തങ്ങളുടെ ജീവിത സഖിയെ കണ്ടെത്തുന്നത്... "എന്റെ ശരീരം കുളിരു കോരുന്ന പോലെ തോന്നി " ഛെ .....ഞാനെന്താണീ ചിന്തിക്കുന്നത് .. ..രാത്രി... പന്ത്രണ്ടു മണിക്ക്... വഴിയിൽ നിൽക്കുന്ന ഒരു പെണ്ണിനെ ജീവിത സഖിയാക്കാനോ.." എന്റെ മനസ്സിൽ ദേഷ്യം ഇരച്ചു പൊന്താൻ തുടങ്ങി ..."മൂധേവി..ഒരുമ്പട്ടവള്.."...ഇത്തിരി ഉച്ചത്തിൽ തന്നെ ഞാനങ്ങു വിളിച്ചു...വഴിയിലെ ഉരുളൻ കല്ലുകളും കുറ്റിക്കാട്ടിലെ ചെടികളും ഒക്കെ ഞാൻ വിളിച്ചത് കേട്ടെന്നു തോന്നുന്നു ..ഒരു വാഴക്കൂമ്പ് തലയാട്ടി കാണിക്കുന്നു .."പാതിരാത്രിയിലൊക്കെ ചുമന്ന സാരിയും ഉടുത്തു ....ബാഗും തോളിലിട്ട്.....ഒറ്റയ്ക്ക് നിൽക്കുന്ന പെണ്ണുങ്ങളൊക്കെ നല്ലവളായിരിക്കുമോ ?".. ഞാൻ എന്നോട് തന്നെ ചോദിച്ചു...."പിന്നല്ലാതെ..അവള് ശരിയല്ല"....ഞാൻ തന്നെ ഉത്തരവും പറഞ്ഞു. ...
കുന്നിറങ്ങി ഞാൻ ബസിറങ്ങിയ വഴിയിൽ എത്തി. "ഇനിയും ഇവിടുന്നു ഇടത്തോട്ടു പോയാൽ അങ്ങാടിയിൽ എത്തും " ഞാൻ ഇടത്തോട്ടുള്ള ടാറിട്ട വഴിയുടെ വലതു വശത്തൂടെ തന്നെ നടന്നു. റോഡിലൂടെ ചെറിയ വണ്ടികളും ലോറികളും ഒക്കെ പോകുന്നുണ്ട്... "രാത്രി ഒമ്പതു മണിക്ക് ശേഷം സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ല എന്നൊരു മന്ത്രി പറഞ്ഞത് ഇവളുമാരൊന്നും അറിഞ്ഞില്ലേ "....
.ഞാൻ വീണ്ടും എന്റെ ചിന്തകളിലേക്ക്..."എന്നാലും മന്ത്രിമാരൊക്കെ എന്താണ് ഇങ്ങനെ പറയുന്നത്..പുരുഷന്മാർക്ക് ഏത് പൂതിരാത്രിക്കും എവിടെ വേണമെങ്കിലും പോകാം. സ്ത്രീകൾക്ക് പാടില്ല..പെണ്ണുങ്ങള് കുറച്ചു നേരം രാത്രിയിൽ വഴിയിലൂടെ നടന്നാലെന്താണ് കുഴപ്പം.."....ഞാൻ എന്റെ നടപ്പിന്റെ വേഗത കൂട്ടി ..അങ്ങാടിയുടെ അടുത്തേക്കെത്തും തോറും എന്റെ ആവേശം കൂടിക്കൂടി വന്നു..ഇടക്കൊക്കെ ഒടുന്നും ഉണ്ടെന്നു തോന്നുന്നു .."രാത്രിയിൽ ഒറ്റയ്ക്ക് നിൽക്കുന്ന സ്ത്രീ മോശപ്പെട്ടവളാണെന്നു ഞാൻ എന്തിനു ചിന്തിച്ചു..."എന്റെ ചിന്തകൾ മറ്റൊരു വഴിക്കു നീങ്ങാൻ തുടങ്ങി
"പുരുഷന്മാരും രാത്രിയിൽ ഒറ്റയ്ക്ക് പലേടത്തും പോകാറുണ്ടല്ലോ...അങ്ങാനാവുമ്പോൾ അവമ്മാരും മോശക്കാരാണല്ലോ ".....ഞാൻ മുണ്ടു മടക്കി കുത്തി വീണ്ടും നടക്കാൻ തുടങ്ങി...
. " ദേ.....ഞാനിപ്പം നടക്കുന്നത് നോക്ക്..രാത്രിയാണ് .....ഞാൻ ഒറ്റക്കാണ്..അപ്പോൾ ഞാനും ഒരു മോശം മനുഷ്യൻ ആയിരിക്കുമല്ലോ " എന്റെ മനസ്സാകെ ഇളകി മാറിയാണ് തുടങ്ങി "രാത്രിയിൽ സ്ത്രീകൾ ആക്രമിക്കപ്പെടാൻ സാധ്യത കൂടുതലാണ് ..ഇതായിരിക്കും മന്ത്രി ഉദേശിച്ചത്... "ഞാൻ മന്ത്രിയെ ന്യായീകരിക്കാൻ ഉള്ള ശ്രമത്തിലേക്കെത്തി
"....ഇരുപത്തിമൂന്നു വയസുള്ള സൗമ്യ എന്ന പെൺകുട്ടിയ ആക്രമിച്ച ഗോവിന്ദച്ചാമി എന്തായിരുന്നു കോടതിയിൽ പറഞ്ഞത് ....***രാത്രി ഒമ്പതു മണിക്ക് ശേഷം ഒരു സ്ത്രീയെ ഒറ്റയ്ക്ക് കണ്ടപ്പോൾ അവന്റെ തലക്കകത്തു ഭ്രാന്ത് പിടിച്ചെന്ന് *** ഹോ ഭയങ്കരം തന്നെ .."പകൽ സമയത്തു സ്ത്രീകളെ കണ്ടാൽ കുഴപ്പമില്ല...രാത്രി കണ്ടാല് ഇവമ്മാർക് ഹാലിളകും ……ഇവന്റെ ഒക്കെ കാലു തല്ലി ഓടിക്കണം "..
.ഞാൻ നടന്നു നടന്നു ഏകദേശം അങ്ങാടിയുടെ അടുത്തെത്താറായി..... " ഈ ലോകത്തു എന്ത് കൊണ്ടാണ് സ്ത്രീകള് മാത്രം ആക്രമിക്കപ്പെടുന്നത്.... "വീണ്ടും ഞാൻ എന്റെ പൊട്ട ചിന്തകളിലേക്ക് കടന്നു "...ബലാൽ സംഘം നടന്നു കഴിഞ്ഞാല് സ്ത്രീകളുടെ ശരീരത്തിൽ മാത്രമേ പരിക്ക് പറ്റുന്നുള്ളു..ഇതൊക്കെ ദൈവം തമ്പുരാന്റെ സൃഷ്ടിയിൽ വന്ന ഒരു പിഴവായിരിക്കുമോ "...
.ഞാൻ കുരിശും തോട്ടിയുടെ മുൻപിൽ എത്തി ..ആരോ കത്തിച്ച ഒരു മെഴുകുതിരി അവിടെ കത്തിക്കൊണ്ടിരിക്കുന്നുണ്ട് .." ബലാത്സംഗം നടന്നു കഴിഞ്ഞാൽ പുരുഷന്മാർക്ക് ഗർഭം ഉണ്ടാകുവായിരുന്നു എങ്കിൽ ,സ്ത്രീകളെ ഇതുപോലുള്ള ഗോവിന്ദച്ചാമിമാര് ഉപദ്രവിക്കുമായിരുന്നോ "....എന്റെ തല തിരിഞ്ഞ ചിന്തകൾക്കൊടുവിൽ ഞാൻ അങ്ങാടിയിൽ എത്തി.....
.അതെ ചുമന്ന സാരിയുടുത്ത തോളിൽ ബാഗ് തൂക്കിയിട്ട സുന്ദരി നില്കുന്നത് ഇപ്പോൾ എനിക്ക് വ്യക്തമായും കാണാം.... മുടികൾ കാറ്റത്താടുന്നുണ്ട്. ഒരു കടയുടെ വാതിൽക്കൽ ആണ് അവള് നില്കുന്നത്. അങ്ങാടിയിലുള്ള മറ്റെല്ലാ കടകളും അടച്ചു കഴിഞ്ഞു. ചുമന്ന സാരിയുടുത്ത സുന്ദരി നിൽക്കുന്ന കട മാത്രം ഇതുവരെയും അടച്ചിട്ടില്ല. .വഴി മുറിച്ചുകടന്ന് അപ്പുറത്തെത്തണം.മനസിനുള്ളിൽ ദേഷ്യം പൊങ്ങിവരുന്നു
"രാത്രി പന്ത്രണ്ടുമണിക്കു...അണിഞ്ഞൊരുങ്ങി നില്കുന്നു..അഹങ്കാരി "....ഞാൻ മനസ്സിൽ പറഞ്ഞു.
ഞാൻ എന്റെ സുന്ദരി നിൽക്കുന്ന കടയുടെ പടികൾ കയറി ..അതൊരു തുണിക്കടയായിരുന്നു ..ഷർട്ടുകളും,ചുരിതാറുകളും ,പാന്റുകളും ഒക്കെ തൂക്കിയിട്ടിട്ടുണ്ടായിരുന്നു . ഞാൻ കടയുടെ വാതിൽക്കൽ എത്തിയതും കഷ്ടിച്ച് ഇരുപതു വയസു തോന്നിക്കുന്ന ഒരു പയ്യൻ കടയുടെ അകത്തു നിന്നും ഇറങ്ങി വന്നു....
"ചേട്ടാ ഒന്ന് സഹായിക്കാമോ "... അവൻ എന്റെ സുന്ദരിയുടെ തലയിൽ പിടിച്ചു താഴേക്കു ചെരിച്ചു കൊണ്ട് എന്നോട് ചോദിച്ചു
.."ഇതിനു ഭയങ്കര കനമാണ് ചേട്ടാ..രണ്ടു പേരില്ലാതെ പൊങ്ങില്"..
.അവൻ വീണ്ടും എന്നോട് സഹായം അഭ്യർഥിച്ചു ..ഞാൻ എന്റെ സുന്ദരിയുടെ കാലിൽ പിടിച്ചു പൊക്കി അവൻ തലയിലും പിടിച്ചു
...ഞാൻ അവളുടെ മുഖത്തേക്കൊന്നു നോക്കി ..അവൾക്കു കണ്ണില്ല..മൂക്കില്ല ... ചെവിയില്ല.. തലയുടെ ഭാഗത്തു ഒരു ചെറിയ പന്ത് പോലെ ഉരുണ്ടിരിക്കുന്നു ...തലയില് കുറച്ചു മുടികൾ ഒട്ടിച്ചു വെച്ചിട്ടുണ്ട്.ഞങ്ങൾ രണ്ടുപേരും കൂടെ അതെടുത്തു കടയുടെ അകത്തെ ഒരു മൂലയിൽ കൊണ്ട് വെച്ചു ...
"ചേട്ടാ പോകല്ലേ..ഇനി രണ്ടെണ്ണം കൂടെ ഉണ്ട് ".....അവൻ എന്നെ വിടാനൊള്ള ഭാവമില്ലാന്നു മനസിലായി...
ജീൻസും ബനിയനും ധരിച്ചു നിൽക്കുന്ന രണ്ടു പുരുഷ പ്രതിമകൾ കൂടെ ഞങ്ങൾ കടയുടെ അകത്തെടുത്തു വെച്ചു
.."പതിനൊന്നരക്കടക്കണ്ടതാരുന്നു ചേട്ടാ..ഇതൊന്നകത്തു വെക്കാൻ സഹായത്തിനാരെയും കിട്ടിയില്ല "....അവൻ കടയിലെ ലൈറ്റുകളൊക്കെ കെടുത്തി..ഷട്ടറിട്ടു കട പൂട്ടി നടന്നു നീങ്ങി
..ഇപ്പോളവിടം നല്ല ഇരുട്ടായി..ഞാൻ പതുക്കെ നടന്നു ....വീണ്ടും സ്കൂളിലേക്കുള്ള കയറ്റം കയറി ....
സ്കൂളിലെത്തി..
ബഞ്ചിൽ കിടന്നു..
ഉറക്കം വന്നു..
.ഉറങ്ങി...
*******(ശുഭം )****
By...Rajesh Eravinallor (Puthuppally, kottayam )

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo