
"മലയാളത്തിലെ അഞ്ചു നോവലിസ്റ്റുകളുടെ പേര് പറയു". പ്രാസംഗികന്റെ ചോദ്യം ഏറ്റുവാങ്ങാൻ നിയോഗിക്കപ്പെട്ടത് എൽ .കെ. ജി മുതൽ പ്ലസ്. റ്റു വരെ വിവിധ ക്ളാസുകളിൽ പഠിക്കുന്ന ഏകദേശം ഇരുപത്തഞ്ചോളം കുട്ടികളായിരുന്നു . ഇതിൽ എൽ. കെ. ജി .യിൽ പഠിക്കുന്ന എന്റെ ഇളയ മോളും മൂന്നാം ക്ലാസിൽ പഠിക്കുന്ന മൂത്ത മോളും ഉണ്ടായിട്ടിരുന്നു.
"പറയു കുട്ടികളെ മലയാളത്തിലെ ഏതെങ്കിലും അഞ്ചു നോവലിസ്റ്റുകളുടെ പേര് പറയു "
ഏതോ ഒരു വിരുതൻ കുഞ്ഞുണ്ണി മാഷെന്ന് പറഞ്ഞു.
"സന്തോഷം.....കുഞ്ഞുണ്ണി മാഷിന്റെ പേരെങ്കിലും നിങ്ങള് പറഞ്ഞല്ലോ..കുഞ്ഞുണ്ണി മാഷ് നോവലിസ്റ്റല്ല മക്കളെ ..നോവലിസ്റ്റുകളുടെ പേര് ആർകെങ്കിലും അറിയാമോ.."
കുട്ടികളാരും തന്നെ ഉത്തരം പറഞ്ഞില്ല. മലയാളത്തിലെ ഒരു നോവലിസ്റ്റിന്റെ പേര് പോലും പറയാൻ ഇരുപത്തഞ്ചോളം കുട്ടികൾക്ക് സാധിച്ചില്ല. കുട്ടികളുടെ പുറകിലായി രക്ഷിതാക്കളെല്ലാരും തന്നെ ഇരിപ്പുണ്ട്.
"ഇനി എനിക്ക് ഈ കുട്ടികളുടെ മാതാപിതാക്കളോടാണ് സംസാരിക്കാനുള്ളത്." ഞങ്ങള് രക്ഷിതാക്കളെല്ലാരും പരസ്പരം നോക്കി. അഞ്ചാറു നോവലിസ്റ്റുകളുടെ പേരുകൾ ഞാൻ നേരത്തെ തന്നെ മനസിൽ ഓർത്തു വെച്ചിട്ടുണ്ടാരുന്നു.
"മലയാളത്തിലെ അഞ്ചു നോവലിസ്റ്റുകളുടെ പേരുകൾ നിങ്ങളുടെ മക്കൾക്കു അറിയില്ലെങ്കിൽ അതിനു കുട്ടികൾ അല്ല കുറ്റക്കാർ.... നമ്മളോരോരുത്തരും ആണ്." പ്രാസംഗികന്റെ വാക്കുകൾ ഓരോ മാതാപിതാക്കളും ശ്രദ്ധയോടെ ഒപ്പിയെടുക്കുകയാണ്.
"കുഞ്ചൻ നമ്പ്യാരുടെ രണ്ടു വരി കവിത ചൊല്ലാൻ പറഞ്ഞാല് നമ്മുടെ മക്കൾക്കു അറിയില്ല. കുമാരനാശാന്റെ കവിതകളിലെ വരികൾ അറിയില്ല. കഥകളും കവിതകളും കേട്ട് വളർന്ന ഒരു ബാല്യം എനിക്കുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കുട്ടികൾക്ക് അതിനുള്ള അവസരം ഉണ്ടാവുന്നില്ല. കുട്ടികൾക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കണമെന്നുണ്ടെങ്കിൽ ആദ്യം മാതാപിതാക്കളായ നമ്മളോരോരുത്തരും ഇതൊക്കെ വായിച്ചു പഠിക്കണം. അത് കൊണ്ട് എന്റെ മുന്നിലിരിക്കുന്ന കുട്ടികളെ.. മലയാളത്തിലെ അഞ്ചു നോവലിസ്റ്റുകളുടെ പേര് നിങ്ങൾക്കറിയില്ലങ്കിൽ അതിനു നിങ്ങളാരും തന്നെ ഉത്തരവാദികളല്ലാ "
മലായാളത്തിലെ ഒട്ടു മിക്ക സാഹിത്യ കൃതികളെയും സ്പർശിച്ചു കൊണ്ടുള്ള ഒരു ഗംഭീര പ്രസംഗം ആയിരുന്നു പിന്നീട് നടന്നത്. . പ്രസംഗം അവസാനിച്ചു. ചിലരുടെ ഒക്കെ മനസ്സിൽ ആ പ്രസംഗത്തിന്റെ ശബ്ദം ഇപ്പോഴും പ്രകമ്പനം കൊള്ളുന്നുണ്ടാവാം.
====
**രചന -രാജേഷ് ഇരവിനല്ലൂർ കോട്ടയം.**
====
**രചന -രാജേഷ് ഇരവിനല്ലൂർ കോട്ടയം.**
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക