
പണ്ട് സ്ക്കൂളില്‍ പഠിക്കുന്ന സമയത്ത് പശുക്കളെയും പോത്തുകളെയും മേയ്ക്കുന്നതിനു ഞങ്ങള്‍ കുറെ കൂട്ടുകാര്‍ പോകുമായിരുന്നു. വീട്ടില്‍ ഒത്തിരി നെല്‍കൃഷി ഉണ്ടായിരുന്നതുകൊണ്ട് പാടം ഉഴുന്നതിനു വേണ്ടി പോത്തുകളെയും വളര്‍ത്തിയിരുന്നു. മൂന്നു പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും അടങ്ങിയ സംഘം. നല്ല രസമായിരുന്നു ഞങ്ങള്‍ ഒന്നിക്കുമ്പോള്‍. ഒരുപാടു സങ്കടങ്ങള്‍ അനുഭവിക്കുമ്പോഴും ഇവരോടൊപ്പമുള്ള നിമിഷങ്ങള്‍ ചെറിയൊരു ആശ്വാസമായിരുന്നു.
വീടിനടുത്തുള്ള മലയുടെ താഴ്വരയിലായിരുന്നു കന്നുകളെ മേയാന്‍ വിട്ടിരുന്നത്. അടുത്തുള്ള തെങ്ങിന്‍ തോട്ടത്തില്‍ നിന്നും ഇളനീര്‍ കട്ടുകുടിച്ചും പേരക്ക മാങ്ങ തുടങ്ങി തൊട്ടടുത്ത വീടുകളില്‍ നിന്നും ചോദിച്ചും ചോദിക്കാതെയും തിന്നുന്നതിന്‍റെ ഒരു സുഖമേ...
ഇതില്‍ ഏറ്റവും ആസ്വദിക്കുന്നത് ഞായറാഴ്ചകളില്‍ പാടവരമ്പത്ത് അടുപ്പുണ്ടാക്കി ചോറും മീന്‍കറിയും ഉണ്ടാക്കി കഴിക്കും. അരിയും പാത്രങ്ങളും മറ്റു സാധനങ്ങളും ഒാരോരുത്തരും കൊണ്ടുവരും. പെണ്‍കുട്ടികള്‍ ചോറു വെക്കുമ്പോഴേക്കും തൊട്ടടുത്ത കനാലില്‍ നിന്നും ഞങ്ങള്‍ മീന്‍ പിടിച്ചു കൊണ്ടു വരും. വിറക് തൊട്ടടുത്ത തെങ്ങിന്‍ തോട്ടത്തില്‍ നിന്നും കിട്ടും. എല്ലാവരും കൂടി കഴിക്കും അതിന്‍റെ രുചി ഇപ്പഴും നാവിലുണ്ട്..
അതുപോലെ ഞങ്ങള്‍ ഉണ്ടാക്കുന്ന മറ്റൊരു വിഭവം മത്തന്‍ കൊണ്ടുള്ളതാണ്. അവരവര്‍ക്ക് പറ്റുന്ന ചെറിയ പൈസകള്‍ പിരിച്ച് നല്ല മൂത്തു പരുവമായ മത്തന്‍ വാങ്ങും എന്നിട്ട് അതില്‍ ചെറിയൊരു തുളയുണ്ടാക്കും ഒരു സ്പൂണ്‍ കൊണ്ട് ഉള്ളിലെ കുരുവും ചോറും കളയും എന്നിട്ട് തേങ്ങയും ശര്‍ക്കരയും അടങ്ങുന്ന മിശ്രിതം അതില്‍ നിറച്ചു ആ തുള അടക്കും പിന്നീട് വാഴയുടെ പോളകൊണ്ട് മത്തനെ വരിഞ്ഞു കെട്ടും ശേഷം തൊട്ടടുത്തുള്ള പാറയില്‍ കൊണ്ടുവക്കും വിറകും ചപ്പും മത്തന്‍റെ മുകളില്‍ കൂട്ടിവെച്ച് തീകൊടുക്കും. കുറേ നേരം കഴിഞ്ഞ് കരിഞ്ഞ വാഴപോളയെല്ലാം മാറ്റികഴിഞ്ഞ് ചൂടോടെ മുറിച്ച് കഴിക്കും !! എന്താ ഞാന്‍ പറയുക അത്ര രുചിയാണതിന്...
എല്ലാവരുടെയും കൊച്ചു കൊച്ചു സങ്കടങ്ങള്‍ പറയുന്ന ഇടം കൂടിയായിരുന്നു അത്. കൂട്ടത്തില്‍ ഏറ്റവും വേദന അനുഭവിച്ചത് ഞാനായിരുന്നല്ലോ. അമ്മയില്ലാത്ത കുട്ടിയായതുകൊണ്ടാവും എന്നെക്കാളും ഒരു വയസ്സിനു മൂത്ത ഉഷചേച്ചി ചിലപ്പോഴൊക്കെ എനിക്കു ചോറു വാരിതന്നത്.....
ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ ©
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക