നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നാത്തൂൻ

Image may contain: 1 person, phone

ഹരിയേട്ടാ, ഹരിയേട്ടാ ദേ ചായ കുടിക്കൂ,
മുന്നിൽ ആവിപറക്കുന്ന ചായയുമായി വന്ന് ഇന്ദു എന്നെ വിളിച്ചു.
അവിടെ വച്ചേക്കു ഇന്ദു, ഉറക്കത്തിന്റെ ആലസ്യം വിട്ടൊഴിയാതെ തിരിഞ്ഞു കിടന്നു കൊണ്ടു ഞാൻ പറഞ്ഞു.
ഹരിയേട്ടാ ഞാൻ പറഞ്ഞ കാര്യം...
ഇന്ദു പറയുന്നത് കേൾക്കാത്ത മട്ടിൽ ഞാൻ പുതപ്പെടുത്തു തലയിലേക്ക് വലിച്ചിട്ടു.
ഹരിയേട്ടാ.
ഹരിയേട്ടൻ ഞാൻ പറയണത് കേൾക്കുന്നുണ്ടോ ?
എന്നെ കുലുക്കി വിളിച്ചു കൊണ്ടു ഇന്ദു വീണ്ടും പറഞ്ഞു.
ഉം. നീ പറഞ്ഞോടി പെണ്ണേ
ഞാനെന്റെ വീട്ടിൽ പൊയ്ക്കോട്ടേ ഹരിയേട്ടാ
ഉം. പൊയ്ക്കോ
സത്യം...
നീ പൊയ്ക്കോടി. പക്ഷെ, പിന്നെ ഇങ്ങോട്ട് വരണ്ട
ഹരിയേട്ടാ, കഷ്ടമുണ്ട് ട്ടോ അല്ലേലും ഈ ഭർത്താക്കന്മാർ ഇങ്ങനെയാ. ഒരിടത്തും വിടില്ല.
രാവിലെ ഉറക്കം നഷ്ടപ്പെട്ട ഞാൻ എഴുന്നേറ്റു കട്ടിലിൽ ചാരി ഇരുന്നു.
ഇന്ദു, രണ്ടാഴ്ച തികഞ്ഞിട്ടില്ല നമ്മൾ രണ്ടു പേരും കൂടി നിന്റെ വീട്ടിൽ പോയി വന്നിട്ട്. ശരിയാണോ ?
അതുപിന്നെ ഹരിയേട്ടാ,
നിന്റെ സഹോദരൻ കെട്ടി വന്ന പുതുപ്പെണ്ണുമായിട്ടു വഴക്കുണ്ടാക്കിയിട്ടാണ് നീ അവിടെ നിന്നു പോന്നത്. ഇനിയും പോകാൻ ഞാൻ സമ്മതിക്കില്ല.
ആഹാ, അതു കൊള്ളാം. എന്റെ വീട്ടിലെ ചൂലെടുത്തു ഞാൻ മുറ്റമടിക്കാൻ പോയപ്പോൾ അവൾ അതു വന്നു പിടിച്ചു മേടിച്ചോണ്ടു പോയി. എല്ലാവർക്കും ഭക്ഷണം വിളമ്പാൻ ഞാൻ തുടങ്ങിയപ്പോൾ അവൾ അത് തട്ടിപറിച്ചോണ്ടു പോയി. ഞാൻ കഴുകി വച്ച ഗ്ലാസ്‌ അവൾ വന്നു വീണ്ടും കഴുകിവച്ചു . എന്നിട്ട് ഞാനാണത്രെ വഴക്ക് ഉണ്ടാക്കിയത്.
ഇന്ദു നീ ഇത്രയ്ക്ക് സാധുവായിപ്പോയല്ലോ
പിന്നെ പിന്നെ, ഹരിയേട്ടന് അതു പറയാം. അവൾ വരുന്നതിനു മുൻപ് ആ വീട്ടിലെ പണിയെല്ലാം ഞാൻ തന്നെയാ ചെയ്തത്. അമ്മയെ കൊണ്ടു പോലും മുറ്റം അടിപ്പിക്കൂല, ആ ചൂൽ എടുക്കാറുണ്ടോന്ന് ഹരിയേട്ടൻ അമ്മയോട് ചോദിച്ചു നോക്കൂ, അപ്പോൾ അറിയാം.
ശരി. ഞാൻ ഫോൺ വിളിച്ചു ചോദിച്ചോളാം
എന്ത്
ചൂലെടുക്കാറുണ്ടോന്ന്
ദേ ഹരിയേട്ടാ, ഒരുമാതിരി ചളിയടിക്കല്ലേ. ഞാൻ ഇവിടെ തീയേലാ നിക്കുന്നേ. ഹരിയേട്ടൻ അമ്മയെ ശ്രെദ്ധിചോ, പഴയതിലും എന്തോ ഒരു ക്ഷീണവും തളർച്ചയും ഉണ്ട് അമ്മയ്ക്ക്.പാവം അമ്മ, അവൾ ഒന്നും കഴിക്കാൻ കൊടുക്കുന്നുണ്ടാവില്ല. അതെങ്ങനെ, അവൾ വല്യ ഉദ്യോഗസ്ഥയായി പോയില്ലേ.
അത് നല്ല കാര്യമല്ലേ ഇന്ദു. പഠിച്ചിരുന്നെങ്കിൽ നിനക്കും ആകാമായിരുന്നല്ലോ. അസൂയക്ക് മരുന്നില്ല മോളെ.
ദേ, എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. കെട്ടാൻ വന്നപ്പോൾ എന്തൊക്കെ ആയിരുന്നു. വിവാഹം കഴിഞ്ഞു പഠിപ്പിച്ചോളാം എന്ന് പറഞ്ഞു കെട്ടിക്കൊണ്ട് വന്നിട്ട് ഈ വീട്ടിലെ പണി മുഴുവൻ തീരുമ്പോൾ പാതിരാത്രി ആവും. എന്നിട്ടു പഠനം പോലും.
ദേ ഇന്ദു എല്ലാ പെണ്ണുങ്ങളും പറയുന്ന ഈ ഡയലോഗ് എനിക്ക് കേൾക്കണ്ട. ഒരു പെണ്ണ് കെട്ടിക്കേറി വന്നാൽ അവിടെയുള്ള ജോലി അവളുടെയും കൂടി ഉത്തരവാദിത്തമാണ്. എന്റെയൊക്കെ തറവാട്ടിൽ പറഞ്ഞു ചെയ്യുന്നവളെയല്ല അറിഞ്ഞു ചെയ്യുന്നവളെയാണ് പെണ്ണെന്നു വിളിക്കുന്നത്
ഹരിയേട്ടാ, ഞാൻ എന്താ അറിഞ്ഞു ചെയ്യാത്തത് ?പറ.
ഒന്നുമില്ലേ ശ്രീമതി. പിന്നെ നിന്നെ കെട്ടി വന്നു കുറച്ചു നാൾ കഴിഞ്ഞപ്പോൾ എന്റെ അമ്മ കാൽ തെറ്റി വീണു രണ്ടു മാസം നടക്കാൻ പറ്റിയില്ല.ആ സമയം നിന്നെ പഠിക്കാൻ വിടാൻ പറ്റിയില്ല. അത് നിനക്കു ഇപ്പോൾ നഷ്ടമായി തോന്നുന്നുണ്ടെങ്കിൽ നീ ജോലിക്ക് ശ്രെമിച്ചോ. ഇവിടെയുള്ള കാര്യം ഞാനും അമ്മയും നോക്കിക്കോളാം.
അതു കേട്ടപ്പോൾ ഇന്ദുവിന്റെ മുഖം വാടി. അവൾ എന്റെ അടുത്ത് വന്നു കവിളിൽ തൊട്ടുകൊണ്ടു പറഞ്ഞു.
ഹരിയേട്ടാ, ഞാൻ അങ്ങനെയൊന്നും മനസ്സിൽ പോലും വിചാരിച്ചിട്ട് കൂടെയില്ല. എന്റെ അമ്മയെ പോലെയല്ലേ ഞാൻ ഇവിടുത്തെ അമ്മയെയും നോക്കുന്നെ. ഹരിയേട്ടൻ ഇഷ്ടമില്ലെങ്കിൽ ഞാൻ വീട്ടിൽ പോകുന്നില്ല.
എന്നും പറഞ്ഞു ഇന്ദു കട്ടിലിന്റെ അരികിൽ പോയി തല താഴ്ത്തിയിരുന്നു.
ഇന്ദുവിന്റെ കണ്ണൊന്നു നിറഞ്ഞാൽ എന്റെ നെഞ്ചോന്നു പിടയുമെന്നു അവൾക്കു നല്ലവണ്ണം അറിയാം.
ഏതായാലും നീ ചായ എടുക്കൂ. നമുക്ക് ആലോചിക്കാം.
ഇന്ദു ഓടിവന്നു ചായയെടുത്തു തന്നിട്ട് പറഞ്ഞു.
ഈ പച്ചക്കളർ ഷർട്ടിട്ടാൽ മതി, അതാ ഹരിയേട്ടന് കൂടുതൽ ചേരുന്നത്. ഞാൻ അതു അയൺ ചെയ്യട്ടെ എന്നു പറഞ്ഞു അവൾ
ഹാളിലേക്ക് പോയി.
അല്ലെങ്കിലും സോപ്പിടാൻ പെണ്ണിനെ പോലെ കഴിവുള്ള മറ്റാരും ഇല്ല. ആലോചിക്കട്ടെ എന്ന് പറഞ്ഞപ്പോഴേ അവൾ അതു തീരുമാനിച്ചു.
ഇന്ദുവിന്റെ വീട്ടിൽ പോകാൻ ബൈക്കിൽ കയറുന്നതിനു മുൻപ് ഞാൻ അവളോട്‌ പറഞ്ഞു.
നാത്തൂനോട് വഴക്ക് ഉണ്ടാക്കരുത്, അമ്മയെ കാണുന്നു വൈകിട്ട് തിരിച്ചു വരുന്നു. സമ്മതിച്ചോ ?
ശരി ഹരിയേട്ടാ, ഹരിയേട്ടന്റെ ഇഷ്ടം.
ബൈക്ക് പകുതി വഴി എത്തിയപ്പോൾ ഞാൻ വീണ്ടും പറഞ്ഞു.
പിന്നെ നിന്റെ ബ്രോ ഡ്രിങ്ക്സ് അടിച്ചു എന്നോട് വല്ലതും പറഞ്ഞാൽ ഞാൻ നേരത്തെയിങ്ങു പോരും.
പിന്നെ, ഞങ്ങൾ കോട്ടയത്തുള്ളവർ രണ്ടെണ്ണം അടിക്കുന്ന അച്ചായന്മാരുടെ ഇടയിലാ വളർന്നത്. അല്ലാതെ ഹരിയേട്ടനെ പോലെ മദ്യം കാണുമ്പോഴേ ഓടുന്ന കൂട്ടത്തിലല്ല.
നിന്നോട് പറഞ്ഞിട്ട് കാര്യമില്ല. ഓരോ പെണ്ണുങ്ങൾ മദ്യപിക്കാത്ത ഭർത്താവിനെ കിട്ടണമെന്ന് പ്രാർത്ഥിക്കുമ്പോൾ നിനക്ക് എന്നോട് പുച്ഛം അല്ലേ. ശരി, കാണിച്ചുതരാം.
പിന്നെ,ഒന്ന് പോ ഹരിയേട്ടാ,എനിക്ക് അറിയാത്ത ആളൊന്നും അല്ലല്ലോ.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഇന്ദുവിന്റെ വീട്ടിൽ എത്തി. അവിടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയോട് കുശലാന്വേഷണമൊക്കെ നടത്തി ഭക്ഷണം കഴിച്ചു വൈകിട്ടായപ്പോൾ ഇന്ദുവിന്റെ അനിയന്റെ ഭാര്യ ജോലി കഴിഞ്ഞു വന്നു.
അവളെ കണ്ടപാടെ ഇന്ദു എന്റെ മുന്നിലൂടെ അവളുടെ റൂമിലേക്ക്‌ പോയി. അടുത്ത വഴക്കിനുള്ള പുറപ്പാടാണല്ലോ ഈശ്വരാ എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ഇന്ദു അകത്തു കയറി വാതിലിന്റെ കൊളുത്തിട്ടു.
അപ്പോഴാണ് അളിയന്റെ വരവ്. അളിയന്റെ മുഖം കണ്ടപ്പോഴേ എന്തോ പന്തികേട് മണത്തു. അളിയൻ എന്നെയും വിളിച്ചു കൊണ്ടു പതിയെ വീടിനു പുറകിലേക്ക് പോയി. അളിയൻ അരയിൽ നിന്ന് ഒരു കുപ്പിയെടുത്തിട്ട് എന്നോട് ചോദിച്ചു
അളിയൻ കഴിക്കുമോ ?
ഇല്ല എന്ന് മറുപടി പറയാൻ തുടങ്ങിയപ്പോഴാണ് ഇന്ദുവിന് കുടിക്കുന്നവരോടാണല്ലോ ഇഷ്ടം എന്നോർത്തത്. വല്ലപ്പോഴും ഒരു ബിയർ കഴിച്ചിട്ടുള്ളു.
പിന്നെ, കഴിക്കാതെ, ഒഴിചോ അളിയാ എനിക്ക് ഒരെണ്ണം.
അളിയന്റെ മുഖം വാടിയിരിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു. എന്താ അളിയാ പ്രശ്നം ?
അതു പിന്നെ, കഴിഞ്ഞ തവണ നിങ്ങൾ വന്നപ്പോൾ എന്റെ ഭാര്യ കുറച്ചു അപമര്യാദയായി
പെരുമാറി. നിങ്ങളോട് മാപ്പു ചോദിക്കാൻ അങ്ങോട്ട്‌ വരണമെന്ന് അവൾ പറഞ്ഞിരുന്നു. അപ്പോഴേക്കും നിങ്ങൾ ഇങ്ങോട്ട് വന്നു.
ഈശ്വരാ, ഇനി എന്റെ ശ്രീമതി എന്തെല്ലാം കാട്ടികൂട്ടുമെന്നു അറിയില്ല.ഒന്നു പോയി നോക്കിട്ടു കഴിക്കാം എന്ന് പറഞ്ഞു ഞാനും അളിയനും കൂടി റൂമിന്റെ ജനാലയിലൂടെ നോക്കി.
അകത്തു മുറിയിൽ രണ്ടു പേരും കൂടി കണ്ണീരും കിനാവും ആയിട്ട് നിൽക്കുന്ന കാഴ്ചയാണ് കണ്ടത്.
ചേച്ചി എന്നോട് പൊറുക്കണമെന്നു പറഞ്ഞു നാത്തൂനും നീയെന്റെ സ്വന്തം അനിയത്തിയല്ലേ എന്നു പറഞ്ഞു ഇന്ദുവും കെട്ടിപിടിച്ചു നിക്കുന്നു. ഇതിനിടയിൽ ഇന്ദു കയ്യിലുള്ള ഒരു മോതിരം എടുത്തു നാത്തൂന്റെ കയ്യിൽ ഇട്ടു കൊടുത്തു.
എല്ലാം കണ്ടു നിർവൃതി അടഞ്ഞ ഞാനും അളിയനും ഒരെണ്ണം അടിക്കാൻ വേണ്ടി അടുക്കള പുറകിൽ ചെല്ലുമ്പോൾ ഇന്ദു അവിടെ നിൽക്കുന്നു കയ്യിൽ ബാഗുമായി.
എന്റെ കെട്ടിയോന് കള്ളു കൊടുത്തു നശിപ്പിക്കാനാണോന്ന് ചോദിച്ചു ഇന്ദു അളിയന്റെ ചെവിയിൽ പിടിച്ചു തിരിച്ചു.
അല്ല. ഹരിയേട്ടൻ വരുന്നുണ്ടോ അതോ , എന്ന് പറഞ്ഞു എന്നെയും കൂട്ടി ഇന്ദു ബൈക്കിൽ പോയി ഇരുന്നു.
അല്ല ഇന്ദു, നിന്റെ വഴക്കു തീർന്നോ ?
അതു പിന്നെ ഹരിയേട്ടാ സ്വന്തം വീട്ടിൽ റാണിയെ പോലെ കഴിഞ്ഞിട്ട് പെട്ടെന്നൊരാൾ വന്നു കേറി ആ സ്ഥാനമേറ്റെടുക്കുമ്പോൾ ചെറിയൊരു കുശുമ്പ് ഞങ്ങൾ പെണ്ണുങ്ങൾക്ക്‌ തോന്നും. അതിനു കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്നു കരുതി അവൾ എന്റെ അനിയത്തി അല്ലാതെ ആവുമോ ?
അപ്പോൾപിന്നെ, കോട്ടയന്കാരന്റെ കൂടെ ഞാൻ ഇത്തിരി ഡ്രിങ്ക്സ് അടിക്കാൻ തുടങ്ങിയപ്പോൾ നീ സമ്മതിക്കാതിരുന്നതോ ?
അതിനു ഹരിയേട്ടൻ കോട്ടയത്ത്‌ അല്ലല്ലോ ജനിച്ചത്. അതുകൊണ്ടു ഇങ്ങനെ പോയാമതി. എന്റെ ഹരിയേട്ടാ ഇന്നത്തെ കാലത്തു തപ്പിയാൽ കിട്ടുമോ ഇതുപോലെ കുടിക്കാത്ത ഒരെണ്ണത്തിനെ.
നിനക്കു ഞാൻ വച്ചിട്ടുണ്ടെടി കാന്താരിന്നു പറയുമ്പോൾ അവളെന്റെ പുറത്തു തല വച്ചു എന്നെ കെട്ടിപിടിച്ചു ഒരു കള്ളച്ചിരി
ചിരിക്കുന്നുണ്ടായിരുന്നു.
(കാർത്തിക് )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot