നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രകൃതിക്കെന്തു പ്രതികാരം? (ലേഖനം)

Image may contain: 1 person, beard

*************""""""""""""""""""*************
മാരകമായ അധികം പ്രകൃതിദുരന്തങ്ങൾ കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത ഒരു ജനവിഭാഗമാണ് നാം കേരളീയർ.
സുനാമി, ഭൂകമ്പം, ചുഴലിക്കാറ്റുകൾ, അഗ്നിപർവ്വത സ്പോടനം, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, പേമാരി,.... തുടങ്ങി ഒരു പിടിയുണ്ടല്ലോ പ്രകൃതിദുരന്തങ്ങൾ.
മഴ,സുഖമുള്ള വല്ലാത്ത ഒരനുഭവമാണ്, കവിത വിരിയിക്കുന്ന, ഓർമ്മകൾ ഉണർത്തുന്ന, പ്രണയം ആർദ്രമാക്കുന്ന,...
അങ്ങിനെ മഴയെ ഇഷ്ടമില്ലാത്ത ആരും കാണില്ല. എന്നാല്‍, കലിതുള്ളിവന്ന് ദുരന്തങ്ങള്‍ വിതച്ച് ജീവനെടുക്കുന്ന മഴയോ? അകമ്പടിയായി ശക്തമായ കാറ്റുകൂടി ഉണ്ടെങ്കിലോ? അത് വെറും മഴയല്ല, പേമാരിയാണ്.അമേരിക്കയിലെ ഫ്ളോറിഡ മേഖലയിലാണ് പേമാരി ഏറ്റവുംകൂടുതലായിരേഖപ്പെടുത്തിയിട്ടുള്ളത്. വര്‍ഷത്തില്‍ 60 എന്ന കണക്കിലാണ് ഇവിടത്തെ പേമാരിയുടെ തോത്. ട്രോപിക്കല്‍ മേഖലയിലെ ഈര്‍പ്പം നിറഞ്ഞ വായു ധ്രുവപ്രദേശങ്ങളില്‍നിന്നുള്ള വായുവുമായി ഇടകലരുന്നതിലൂടെ പേമാരിക്കുള്ള സാധ്യത വര്‍ധിക്കുന്നു.
ആസ്ട്രേലിയയിലെ ട്രോപിക്കല്‍ പ്രദേശങ്ങളിലും പേമാരിയുടെ സാന്നിധ്യം ശക്തമാണ്. 1921ൽ അവിടെയുണ്ടായ പേമാരിയിൽ അൻപതിനായിരത്തിലധികം വൃക്ഷങ്ങൾ കടപുഴകി വീഴുകയും 140 കിലോമീറ്റർ പരിധി വരെ വൈദുതി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്തുവത്രെ.
ചില പ്രകൃതിദുരന്തങ്ങളിലൂടെയാണല്ലോ നാമിപ്പോൾ കടന്നു പോകുന്നത്.മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളുമാണല്ലോ കേരളത്തിലുണ്ടാവുന്ന പ്രധാന പ്രകൃതിക്ഷോഭങ്ങൾ.
കേരളത്തിലെ ഈ വർഷത്തെ കാലവർഷം ഒരു ചെറിയ പേമാരിക്കാലമാണെന്നു പറയാം. 2000 ത്തിനു ശേഷം നിറയാതിരുന്ന നമ്മുടെ നാൽപതോളം ഡാമുകളും പരമാവധി സംഭരണ ശേഷിയോടടുക്കുകയും, ഷട്ടറുകളുയർത്തി തുറന്നു വിടുകയും ചെയ്തിരിക്കുന്നു. ഈ ഡാം ഷട്ടറുകൾ തുറന്നതിന്റെ ഭാഗമായിട്ടാണ് പല സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്.
ഡാം നിർമ്മിക്കുമ്പോൾ സ്പിൽവേയും ഷട്ടറുകളും, അതിന്റെ എഞ്ചിനിയർ പ്ലാൻ ചെയ്യുന്നത്, ഡാം നിറയുമെന്നും ഷട്ടറുകൾ തുറക്കേണ്ടി വരും എന്നും മുൻകൂട്ടി അറിഞ്ഞുതന്നെയാണ്. കുറച്ച് കാലങ്ങളായി കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി മഴ കുറഞ്ഞു വന്നപ്പോൾ, ജനങ്ങളും ഭരണാധികാരികളും ഉദ്യോഗസ്ഥരും അതൊക്കെ മറന്നു. വെള്ളം ഒഴുകിപ്പോകേണ്ട പുഴ നമ്മൾ കൈയ്യേറി, വയലുകൾ നികത്തി. കുറച്ച് വർഷങ്ങൾ ഡാമുകൾ നിറയാതിരുന്നതായിരുന്നു നമുക്ക് വാർത്തയെങ്കിൽ, ഇപ്പോൾ ഡാമുകൾ നിറഞ്ഞതായി വാർത്ത.
മനുഷ്യന്റെ ചൂഷണങ്ങൾ കൊണ്ടും മറ്റും പ്രകൃതിക്ഷോഭങ്ങളുടെ നാശ വ്യാപ്തി കൂടുന്നുണ്ടെങ്കിലും..
മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരുന്ന കാലത്തും മഴയും കാറ്റും ഇടിയും മിന്നും ഉരുൾപൊട്ടലുകളും വെള്ളപ്പൊക്കങ്ങളും അഗ്നിപർവ്വതങ്ങളും ഭൂകമ്പങ്ങളും മറ്റനേകം പ്രകൃതിദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. അങ്ങിനെയൊക്കെയാണ് നാമിന്നീ കാണുന്ന പരുവത്തിലേക്ക് പ്രകൃതി പരുവപ്പെട്ടതും. പ്രകൃതി ഉള്ളിടത്തോളം കാലം ഇതൊക്കെ തുടർന്നു കൊണ്ടേയിരിക്കുകയും ചെയ്യും.
പ്രകൃതിക്ഷോഭങ്ങളും പലായനങ്ങളും അധിനിവേശങ്ങളും എല്ലാം നൂറ്റാണ്ടുകൾക്ക് മുമ്പേ ഉണ്ട്.
ലോകത്തുള്ള ഒരു വിധം നാഗരികതകളൊക്കെ ഉപേക്ഷിക്കപ്പെട്ടതോ നശിച്ചതോ പ്രളയത്താലും പ്രകൃതിക്ഷോഭങ്ങളിലുമാണ്.
ചരിത്രം പരിശോധിച്ചാൽ നമുക്കത് കാണാം. പുതിയ പുതിയ സംസ്കാരങ്ങൾ ജനവിഭാഗങ്ങൾ ഒക്കെ രൂപം കൊണ്ടതും.പല ജീവികളും ഭൂമുഖത്ത് നിന്നും ഇല്ലാതായതും..
അറിവിന്റെ പരിധി വെച്ച്,
1924 ലും 1950 കളിലും 1996 ലും 1999 ലും കേരളത്തെ മുക്കിയ വെള്ളപ്പൊക്കങ്ങളും ഉരുൾപൊട്ടലുകളും ഉണ്ടായിട്ടുണ്ട്, പക്ഷേ അന്നൊനും നാശനഷ്ടങ്ങൾ ഇത്ര വലുതല്ലായിരുന്നു എന്നാണ് നാം വാദിക്കുന്നത്.
അതിനും കാരണമുണ്ട്. അന്നൊന്നും നമ്മളിത്ര വളർന്നിട്ടില്ലായിരുന്നു. ഒന്ന് നമ്മളിത്ര ജനസംഖ്യയില്ല, തകരാൻ നമ്മളി ത്ര വീടുകൾ പണിതിട്ടില്ല. ഒഴുകിപ്പോകാൻ നമ്മളിത്ര വാഹനങ്ങൾ സ്വന്തമാക്കിയിട്ടുണ്ടായിരുന്നില്ല, റോഡുകൾ പണിതിട്ടുണ്ടായിരുന്നില്ല. റിസോർട്ടുകൾ നിർമ്മിച്ചിട്ടുണ്ടായിരുന്നില്ല, ബസ്സ്റ്റാന്റുകളോ മറ്റോ ഉണ്ടാക്കിയിരുന്നില്ല.
ചുഴലിക്കാറ്റ്,സുനാമി പോലുള്ള പല പ്രകൃതിദുരന്തങ്ങളെയും മുൻകൂട്ടി കാണാനും ജനങ്ങൾക്കും സ്വത്തിനും വലിയ കോട്ടം തട്ടാത്ത രീതിയിൽ മുൻകരുതലെടുക്കാനും ശാസ്ത്രത്തിന്റെ മുന്നേറ്റം നമ്മെ സഹായിക്കുന്നുണ്ടെങ്കിലും, ഭൂകമ്പങ്ങളോ ഹിമപാതങ്ങളോ ഉരുൾപൊട്ടലുകളോ മുൻകൂട്ടി പ്രവചിക്കാൻ ശാസ്ത്രത്തിന് കഴിയുന്നില്ല. ആ മേഖലയിൽ വലിയപoനങ്ങൾ നടക്കുന്നതിൽ നമുക്ക് ഭാവിയിലേക്ക് പ്രതീക്ഷിക്കാം.
ലോകത്ത് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നത് ഹിമാലയൻ പ്രദേശങ്ങളിയാണത്രെ.ദുർബലമായ മലഞ്ചരിവിൽ ഉണ്ടാവുന്ന പ്രതിഭാസമാണല്ലോ അത്, അത് കഴിഞ്ഞാൽ എനിക്ക് തോന്നുന്നു ഈ പ്രതിഭാസം ഏറ്റവും കൂടുതൽ കണ്ടുവരുന്നത് കേരളത്തിലാണെന്ന്.ഭൂമി ശാസ്ത്രപരമായ പ്രത്യേകത തന്നെയാണ് അതിന്റെ പ്രധാന കാരണം.എങ്ങിനെ ഉണ്ടാവുന്നു എന്നതിനെ കുറിച്ച് വ്യത്യസ്തങ്ങളായ ഗവേഷണങ്ങളും പoനങ്ങളും അഭിപ്രായങ്ങളുമുണ്ടെങ്കിലും. ഈ പ്രതിഭാസത്തിന് ഏറെ സാധ്യതകളുള്ള പ്രദേശം തന്നെയാണ് കേരളമെന്നതിൽ തർക്കമില്ല.
പ്രകൃതിക്ഷോഭങ്ങളെ തടയുക എന്നതിലേക്ക് മനുഷ്യനോ ശാസ്ത്രമോ വളർന്നിട്ടില്ലാ എന്നിരിക്കെ നമുക്ക് ചെയ്യാൻ കഴിയുന്നത്, സാധ്യതകൾ തിരിച്ചറിഞ്ഞ് പരമാവധി അതിന്റെ നാശങ്ങൾ തടയുക എന്നതും ജീവനെ രക്ഷിക്കുക എന്നതുമാണ്. ഇക്കഴിഞ്ഞ ഓഖിദുരന്തത്തിൽ നിന്നും തുടരുന്ന ഈ മഴക്കാല ദുരന്തങ്ങളിൽ നിന്നും നാം വലിയ പാoങ്ങൾ ഉൾക്കൊള്ളുകയും വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളിൽ നിന്നും അതിജീവനം നേടുകയും ചെയ്യേണ്ടിയിരിക്കുന്നു.
ചുഴലിക്കാറ്റിൽ നിന്ന് അമേരിക്കയും ഭൂകമ്പങ്ങളിൽ നിന്ന് ജപ്പാനും അഗ്നിപർവ്വത സ്ഫോടങ്ങളിൽ നിന്ന് ഇന്തോനേഷ്യയും പാoങ്ങൾ ഉൾക്കൊണ്ട്, സാധ്യതകൾ തിരിച്ചറിഞ്ഞ് വലിയ പരിധിവരെ മനുഷ്യനെ ബാധിക്കാത്ത രീതിയിൽ ജനവാസം പുനരധിവസിപ്പിച്ചും, ദുരന്തങ്ങളെ ചെറുക്കാൻ കഴിയുന്ന പാർപ്പിട നിർമ്മാണത്തിലേക്ക് ഉയർന്നും, മറ്റും അതിജീവിക്കുന്നതിന്റെ മാതൃകകൾ നമുക്ക് മുന്നിലുണ്ട്. റിക്ടർ സ്കെയിലിൽ എട്ട് രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങൾ വരെ ജപ്പാൻകാർക്ക് ഇപ്പോൾ ഒരു പ്രശ്നമേയല്ലത്രെ. ആ തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂകമ്പമാണ് വർഷങ്ങൾക്ക് മുമ്പ് ലാത്തൂരിൽ പതിനായിരങ്ങളുടെ ജീവൻ വിഴുങ്ങിയിരുന്നെതെന്നു ഒർക്കുമ്പോഴാണ് ജപ്പാൻ ജനത നേടിയെടുത്ത അതിജീവനത്തിന്റെ കരുത്ത് നാം തിരിച്ചറിയുന്നത്.
നമ്മളെന്തോ വലിയ അപരാധം ചെയ്തതിന്റെ ഭാഗമായിട്ടാണ്, ദൈവകോപമാണ്, പ്രകൃതി കോപമാണ് എന്നൊക്കെയുള്ള പ്രചരണങ്ങൾ പാടേ അസംബന്ധമെന്നേ ഞാൻ പറയൂ.പരിശോധിച്ചു നോക്കുക. ഓരോ തരം പ്രകൃതിദുരന്തങ്ങളും പ്രതിഭാസങ്ങളും അതാത് സ്ഥലങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത മൂലം മാത്രമാണെന്നതാണ് സത്യം. നാശത്തിന്റെ തീവ്രത മനുഷ്യന്റെ പരിസ്ഥിതിയെ ഗൗനിക്കാതെയുള്ള വികസന പ്രവൃത്തികളാലും മറ്റും ചില യവസരങ്ങളിൽ കൂടിയേക്കാം.
ഉദാഹരണത്തിന് നമുക്ക് മഴയെ എടുത്ത് പരിശോധിച്ചുനോക്കാം.
വർഷങ്ങളായി മഴ പെയ്യാതെ കുടിവെള്ളം പോലും കിട്ടാനില്ലാതെ ഉപേക്ഷിച്ച ഗ്രാമങ്ങളുണ്ട്. ജല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച നാടും, ഉപേക്ഷിക്കാൻ പോകുന്ന നഗരങ്ങളുമുണ്ട് ലോകത്ത്..
വർഷങ്ങളായി മഴ ലഭിക്കാത്ത ധാരാളം സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്.തൊട്ടടുത്ത് കിടക്കുന്ന തമിഴ് നാട്ടിലും കർണാടകയിലുമുണ്ട്.
ഭൂമിയിൽ നിശ്ചിതമായ കാലയളവിൽ ചില ഏറ്റക്കുറച്ചിലുകൾ സംഭവിക്കാമെങ്കിലും കൃത്യമായി മഴ ലഭിക്കുന്ന ഏതാണ്ട് എത്ര ഭൂപ്രദേശമുണ്ടാവും...
കേരളം, കർണാടകയുടെയും തമിഴ്നാടിന്റയും ചില പ്രദേശങ്ങൾ, മേഘാലയ, ഒറീസയുടെ ചില ഭാഗങ്ങൾ കാശ്മീരിന്റ ചില ഭാഗങ്ങൾ, ലക്ഷദ്വീപ്,മാലിദ്വീപുകൾ പോലെ ചില ദ്വീപുകൾ, അമേരിക്കയിലെ ചില സംസ്ഥാനങ്ങൾ, നേപ്പാൾ, ഭൂട്ടാൻ കൊളംബിയ, മാൾട്ട, ഭൂട്ടാൻ ഓസ്ട്രേലിയ തുടങ്ങി ഏതാനും ചില രാജ്യങ്ങൾ,അങ്ങിനെ ഭൂമിയുടെ വളരെ കുറഞ്ഞ ചിലയിടങ്ങൾ.
മറ്റിടങ്ങളിൽ, കാലമില്ലാതെ വല്ലപ്പോഴും ലഭിച്ചാലായി.
ഒരു ശക്തി അളന്നോ അളക്കാതെയോ പെയ്യിപ്പിക്കുന്നതാണ് ഈ പ്രതിഭാസമെങ്കിൽ എന്ത് കൊണ്ട് ഭൂമിയിൽ എല്ലായിടത്തും കൊടുക്കാൻ കഴിയുന്നില്ല.
അപ്പോൾ ഇത് ഭൂമിയുടെ കിടപ്പിന്റെയും ഭൂമിശാസ്ത്രപരമായ പ്രതേകതകളുടെയും ഫലമല്ലേ.. അതായത് പ്രകൃതിയിലതിഷ്ടിതമാണ് മഴയായാലും മഞ്ഞായാലും കാറ്റയാലും മറ്റേത് പ്രതിഭാസമായാലും എന്നല്ലേ മനസ്സിലാക്കേണ്ടത്.
ഈ വർഷത്തെ ഈ അധിമഴയുടെ കാരണം കടലിലുണ്ടാവുന്ന ചില അനുകൂല പ്രതിഭാസങ്ങളുടെ ഫലമായി ഒഡീഷ തീരത്തും മറ്റുമായി ഒന്നിനു പുറകെ ഒന്നായി ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്നതിന്റെ ഭാഗമായതിനാലാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം.
എല്ലാ പ്രകൃതി പ്രതിഭാസങ്ങൾക്കും മനുഷ്യനെ സംബന്ധിച്ച് ഗുണങ്ങളും ദോഷങ്ങളുമുണ്ട്.
അഗ്നിപർവ്വത സ്പോടനഫലമായി മാത്രം രൂപം കൊണ്ട ദ്വീപ് രാഷ്ട്രമത്രെ മാലിദ്വീപ്.
ലാവ ഖരരൂപം പ്രാപിച്ച പാറകൾ കല്ലുകളായി മുറിച്ചെടുത്തും അതിന്റെ മണൽ ഉപയോഗിച്ചുമാണ് ഇന്നവിടെ മനുഷ്യൻ സർവ്വ നിർമ്മാണ പ്രവൃത്തികളും നടത്തുന്നത്. അഗ്നിപർവ്വതങ്ങളുണ്ടായ ലോകത്തെല്ലായിടത്തും ഇതേ പോലെ മനുഷ്യൻ അതിനെ ഉപയോഗപ്പെടുത്തുന്നു.
പ്രകൃതിക്ക് മനുഷ്യനോടൊ മറ്റോ പകയോ പ്രതികാരമോ ഇല്ല. പ്രകൃതിയുടെ കണ്ണിൽ മനുഷ്യനു മാത്രമായി പ്രത്യേക പരിഗണനയും ഇല്ല. തന്നിൽ വസിക്കുന്ന അനേകജീവികളിലും വസ്തുക്കളിലും ഒന്നു മാത്രം മനുഷ്യനും.
എന്നാൽ മനുഷ്യന് പരിണാമ ഘട്ടങ്ങളുടെ ഫലമായി നേടിയെടുക്കാൻ കഴിഞ്ഞ മികവാർന്ന മസ്തിഷ്കത്തിന്റെ (ആ മസ്തിഷ്ക്കമാന്നല്ലോ മനുഷ്യനെ മനുഷ്യനാക്കുന്നത്.)ഫലമായി ഭൂമിയിൽ പലതും നേടാനും പ്രകൃതിയെ പല രീതിയിൽ ഉപയോഗിക്കാനും കഴിഞ്ഞു. ഇന്നത് അധിക ലാഭക്കൊതിയാൽ ചൂഷണത്തിലേക്ക് നീങ്ങുന്നു എന്നു മാത്രം. പക്ഷേ അതും അനിവാര്യമായിരുന്നിരിക്കാം തുടരേണ്ടിയുമിരിക്കാം ഭാവിപരിണാമ പ്രക്രിയയ്ക്ക്.
അഥവാ മനുഷ്യകുലത്തിന്റെ അന്ത്യം വരേക്കും.
ഏതായാലും മനുഷ്യന് വന്നു പെടുന്ന ഏതൊരു പ്രശ്നത്തിനും ഒരു പരിധി വരെയെങ്കിലും പരിഹാരം കാണാനാവുക മനുഷ്യന്റെ തന്നെ കൂട്ടായ, അവസരോചിതമായ ശാസ്ത്രീയമായ പ്രവൃത്തികൾ ഒന്നുകൊണ്ടു മാത്രം.
""""""""""""'"""""""""""""""""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot