Slider

പ്രളയത്തിനും മീതെയാണ് പ്രണയം

0


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"എവടാര്ന്നെടീ ഊളേ..... അൽവലാതീ...."?
തന്നെ ചേർത്തു നിർത്തി പുണരുന്നതിനിടയിലുള്ള മാത്തൂന്റെ ചോദ്യം അക്ഷരാർത്ഥത്തിൽ മായയുടെ കണ്ണുകളിൽ സൃഷ്ടിച്ചത് രണ്ടരുവികളെയായിരുന്നു.
രണ്ടാഴ്ചത്തെ പ്രളയക്കെടുതികൾക്കു ശേഷം തന്നെ കണ്ടെത്തിയതിലുള്ള സന്തോഷവും, ആശ്വാസവുമായിരുന്നു ആ വാക്കുകൾ.
തങ്ങൾക്കു ചുറ്റും ഒരു ആൾക്കൂട്ടവും ഉണ്ടെന്നുള്ള തിരിച്ചറിവിൽ അവനെ ബലമായി പിടിച്ചു മാറ്റേണ്ടി വന്നു അവൾക്ക് !
"വാ! ഇവ്ടിരിക്ക്, "അവനെ വലിച്ചുകൊണ്ട് മരത്തണലിൽ ഇരുത്തുന്നതിനിടയിൽ ഇരുവരിലും പ്രത്യക്ഷമായ ചിരി കറുത്തവാവിലെ നിലാവിനെ അനുസ്മരിപ്പിച്ചു.
" നീ എങ്ങനേടീ പിടിച്ചു നിന്നേ.... ത്രേം നാൾ ... "?
ചോദ്യം മുഴുമിപ്പിക്കാൻ വിടാതെ അവൾ അവന്റെ വായ മൂടി.
"മാത്തൂ ..... "ആ വിളി ഒരു പൊട്ടിക്കരച്ചിലിന് വഴിമാറിക്കൊടുത്തു.
നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊണ്ട് മാത്തു അവളെ തന്നോട് ചേർത്തിരുത്തി.
"ഉം, ഇനി പറ" പൂവിനേയോ, പുല്ലിനേയോ പോലും വെറുതേ വിടാത്ത ഈ വായാടി എന്തു മാത്രം ഉള്ളിലൊതുക്കീട്ടുണ്ടാവും നൊമ്പരങ്ങൾ എന്ന് അവന് ഊഹിക്കാവുന്നതേ ഉള്ളൂ.
" എന്തൊക്കെ ചിന്തിച്ചു കൂട്ടി ന്റെ കുറുമ്പി നീയ്...''
അവളുടെ കവിളിൽ വിരലോടിക്കുന്നതിനിടയിൽ അവൻ തിരക്കി.
ആ വിരലിൽ പിടിച്ച് തന്റെ വിരലിനോട് ചേർക്കുന്നതിനിടയിൽ അവൾ പതുക്കെ ഉരുവിടാൻ തുടങ്ങി.
"എനിക്കറിയാമ്പാട്ല്ലാര്ന്നല്ലോ ന്റെ മാത്തു എവടേണ് ന്ന്.... മൂന്നു കാര്യങ്ങളാ ഞാൻ ഈശ്വരനോട് കരഞ്ഞു പ്രാർത്ഥിച്ചത്..."
"ആദ്യത്തേത് നമ്മളെ രണ്ടിനേം ഓരോ മഴത്തുള്ളിയാക്കണേ എന്നാര്ന്നു''.
"അതെന്തിന്?"
ആകാംക്ഷ കൂടിയപ്പോ മാത്തു ഇടയിൽക്കയറി.
" അതോ? അത് .... എന്നെങ്കിലും ഒഴുകി കടലിലെത്ത് മ്പൊ ഒന്നിക്കാലോ...''?
പിന്നെ ത്തോന്നി നമ്മളെ അട്ത്തടുത്തുള്ള രണ്ടു മരമാക്കിയാ മതീ.... ന്ന് "
"മരമോ?അതെന്തിന്?മരമായ്ട്ട് എന്ത് ചെയ്യാനായ്ട്ട്"
സന്ദർഭത്തിന് അനുയോജ്യമായ തരത്തിലുള്ള ഗൗരവം ഉണ്ടായിട്ടും അവന് ഉള്ളിൽ ചിരി പൊട്ടാതിരുന്നില്ല.
"ന്റെ മാത്തൂ.... നമുക്കേ വേരുകളായി താഴോട്ടൂർന്ന് പരസ്പരം പുണർന്ന് പ്രണയിക്കായ്രുന്നില്ലേ....?
''എടീ പെണ്ണേ..'' അവളുടെ മുടിയിൽ വാത്സല്യത്തോടെ തഴുകുന്നതിനിടെ അവൻ പ്രതിവചിച്ചു.
"അമ്മച്ചിയേം, അനിയത്തിയേം കയ്യീപ്പിടിച്ച് ജീവനും കൊണ്ട് കണ്ട വഴിയേ ഓട്കാര്ന്നെടീ... ആരോ ഒരു വള്ളത്തേൽ വലിച്ചു കേറ്റി. പിറ്റേന്ന് കാലത്ത് കഴിക്കാൻ വേണ്ടി ചക്കപ്പുഴുക്കി ഉണ്ടാക്കി വെക്കണ തെരക്കിലാര്ന്നെടീ ന്റെ അമ്മച്ചി .... ചക്കപ്പുഴുക്ക് പോയ്ട്ട് ചക്കയിര്ന്ന പ്ലാവോ, ഞങ്ങടെ വീടോ അവ്ട്ണ്ടോ എന്നു പോലും അറീല്ലെടീ.....
''കരയല്ലേ മാത്തൂ..." അവന്റെ കൈയിൽ മുറുക്കി പിടിച്ചു കൊണ്ട് മായ പറയാൻ തുടങ്ങി.
"ന്റെ അവസ്ഥേം അങ്ങനൊക്കെത്തന്നാര്ന്നു.അപ്പൻ പതിവുപോലെ പണിം കഴിഞ്ഞ് നാല് കാലിൽ നീന്തി എത്ത് യേക്ക് വാര്ന്നു. അപ്പഴാ അയൽവീട്ടിലെ മറിയച്ചേടത്തി അലറിക്കരഞ്ഞോണ്ട് വന്നെ!
തകരപ്പെട്ടിക്കകത്തിര്ന്ന നിന്റെ ഫോട്ടോ എങ്കിലും എട്ക്കാനായി അകത്തേക്കോടാൻ നിന്ന എനിക്കിട്ട് അമ്മച്ചി ഒന്നു പൊട്ടിച്ചു.. '' " അകത്തേക്കല്ലെടീ..... പൊറത്തോട്ടോ ട്രീ .... ന്നും പറഞ്ഞ്.
എന്തെങ്കിലും ചെയ്യും മുമ്പ് വളരെപ്പെട്ടെന്നായിരുന്നു ആ പിരിമുറുക്ക സീൻ ഒരു തമാശ സീനായി മാറിയത്.
രണ്ടു പേരുടെയും പൊട്ടിച്ചിരിക്കിടയിൽ മാത്തു അടുത്ത ചോദ്യം തൊടുത്തു വിട്ടു.
"ആട്ടെ!മൂന്നാമതെന്ത് കാര്യാ ടീ നീ ദൈവത്തോട് ചോദിച്ചത് "?
"അതോ, അത് നമ്മളെ ഒരു മീൻകാരനും പട്ടാളക്കാരനും ആക്കി മാറ്റിയാ മതിയേ എന്നാര്ന്നു.
"ആഹാ!നീ കൊള്ളാലോടീ.... ദുരിതത്തിനെടേലും ജീവകാരുണ്യപ്രവർത്തനം.... അടിപൊളി"
"അതേയ് മാത്തൂ.'' 'നമ്മെപ്പോലെ കരൾ പകുത്ത് പ്രണയിക്ക്ന്നോര് എത്ര പേരുണ്ടാകും എവടേലും കുടുങ്ങിക്കെടക്ക്ണ്..."
മാത്തുവിന് അവളെ ആഞ്ഞു പുൽകാതിരിക്കാൻ ആയില്ല!
"എന്തു നഷ്ടപ്പെട്ടാലെന്താടീ പെണ്ണേ... നിന്നെ എനിക്കായ് കരുതി വച്ചല്ലോ ദൈവം! പ്രളയം ....അത്ക്കും മീതെയാണെടീ പ്രണയം.
സരിത.പി.കാവുമ്പായി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo