========================
"നീയറിഞ്ഞോ രാധികേ? നമ്മടെ കൊമ്പനക്കാട്ടെ കുട്ടിയമ്മേടെ മോള് ഒളിച്ചോടിപ്പോയി"
നാട്ടിലെ പ്രധാന പരദൂഷണ ക്ലബ്ബുകളില്‍ സ്ഥിരം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മാറി മാറി അലങ്കരിക്കുന്ന പുഴക്കരയില്‍ വച്ച് തുണി അലക്കുന്നതിനിടയില്‍ ആണ് ആകാശവാണി മീനാക്ഷി ആ ഉണ്ടയില്ലാ വെടി പൊട്ടിച്ചത്.
അപ്പോള്‍ സുമാര്‍ പത്തുമണി ഉദയം ആയിട്ടുണ്ടാവും. തുണി അലക്കാനും കുളിക്കാനും പിന്നെ മറ്റു പല നിര്‍ദ്ദോഷമായ പ്രാഥമിക കാര്യങ്ങളും പുഴയില്‍ തന്നെ നിര്‍വ്വഹിക്കുന്നതിനും വേണ്ടി വീട്ടിലെ പണികള്‍ ഒക്കെ ഒരുവിധം ഒതുക്കി തലേന്ന് ഉടുത്തു മുഷിഞ്ഞ തുണികളും അല്ലറ ചില്ലറ ലൊട്ടുലൊടുക്കുകളും വാരിക്കെട്ടി പുഴക്കരയിലേക്ക് വന്നിട്ടുള്ള പെണ്ണുങ്ങളുടെ എണ്ണം ആ സമയത്ത് പത്തില്‍ താഴെ മാത്രം.
" ആര്ടെ കൂടെയാ പോയെ? "
" അവളെ കണ്ടാല്‍ തന്നെ അറിയാം. അവള് ചാടിപ്പോകാന്‍ മുട്ടി നിക്കുന്നോളാണെന്ന്"
"പള്ളേം വീര്‍പ്പിച്ച് വരും . അപ്പൊ കാണാം "
" ഓള് രാത്രീല് ഏതൊക്കെയോ ആള്‍ക്കാരെ വീട്ടില്‍ വിളിച്ചു വരുത്തുന്നുണ്ട്. ഞാങ്കണ്ടതാ "
" എന്നാലും ആ ഒരുമ്പെട്ടോള് ആ പാവം കുട്ടിയമ്മയെ ഓര്‍ത്തോ? "
"തേവടിശ്ശി. ഓളൊന്നും ഒരുകാലത്തും കൊണം പിടിക്കൂല"
മീനാക്ഷിയുടെ ഒരൊറ്റ പോസ്റ്റിന് സെക്കന്റുകള്‍ക്കുള്ളില്‍ നൂറോളം ലൈക്കുകളും കമന്‍റുകളും വന്നു നിറഞ്ഞു. ഇടക്കോരോ റിപ്പോര്‍ട്ടുകളും ആരൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു
" വെറുതെ വേണ്ടാതീനം പറയണ്ട. ഓളൊരു നല്ല കൊച്ചാ "
" നിന്റെയൊക്കെ വീട്ടില്‍ ഉള്ള കെട്ടാച്ചരക്കുകളെ പുറത്തിറക്കാന്‍ വയ്യാത്തെന്‍റെ ഏനക്കേട് അല്ലേടീ നിനക്കൊക്കെ? "
കമന്റുകള്‍ക്ക് എല്ലാം ഓണ്‍ ദി സ്പോട്ടില്‍ തന്നെ മീനാക്ഷി ലവ് റിയാക്ഷനും റിപ്ലേയും നല്‍കിക്കൊണ്ടിരുന്നു.
" പ്ലീസ് ഷെയര്‍ മൈ പോസ്റ്റ് " എന്നുള്ളതിന്റെ മലയാള പദം ആയ " ഞാങ്കണ്ടത് ഞാനിനീം പറേം. വേണേ നിങ്ങള് പോയി ആ തള്ളയോട് ചോയ്ച് നോക്ക് "
"ഞാന്‍ രാവിലെ മുറ്റം അടിച്ചോണ്ടിരിക്കുമ്പോ ഓള് ഒരു ആമ്പ്രന്നോന്റെ കൂടെ സ്കൂട്ടറില്‍ കേറി പോണത് കണ്ടു. തോളില് ഒരു ബാഗും ഒണ്ട്. ഒളിച്ചോടാന്‍ അല്ലേല്‍ പിന്നെ മാങ്ങാ അച്ചാറ് ഉണ്ടാക്കാന്‍ ആണോ അണിഞ്ഞൊരുങ്ങി ബാഗും തൂക്കി പോകുന്നെ?"
ചില റിപ്ലെകള്‍ക്ക് വീണ്ടും വീണ്ടും റിപ്ലെയ്സ് വന്നുകൊണ്ടിരുന്നു. ചിലതിനൊക്കെ പോസ്റ്റിനെക്കാള്‍ കൂടുതല്‍ ലൈക്കുകളും കിട്ടുന്നുണ്ടായിരുന്നു
"അയ്യോടീ. ഞാനും കണ്ടിട്ടുണ്ട്. എടക്കൊക്കെ ഒരു ചെക്കന്‍ സ്കൂട്ടറില്‍ ആ വീടിന്റെ മുമ്പീക്കൂടെ കറങ്ങുന്നത്. "
"അവളിത്രയ്ക്ക് മൂശേട്ട ആയിരുന്നോ "
"നമ്മള് ഒരാളെ അല്ലെ കണ്ടിട്ടുള്ളൂ. കാണാതെ എത്ര പേര് വന്നുപോകുന്നുണ്ടെന്നു ആര്‍ക്കറിയാം"
"എന്നാലും എനിക്കിതങ്ങോട്ട് വിശ്വസിക്കാന്‍ പറ്റുന്നില്ല"
"എന്നാപ്പിന്നെ കുട്ടിയമ്മോടു ചോയ്ച്ചു നോക്കാലോ. "
" എന്നാ പെട്ടെന്ന് അലക്കും കുളീം ഒക്കെ തീര്‍ക്ക്. മ്മക്ക് പോയി കുട്ടിയമ്മോട് വിവരം തിരക്കാം"
തന്‍റെ പോസ്റ്റ് ഇത്രയ്ക്കും വൈറല്‍ ആകും എന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാതിരുന്ന മീനാക്ഷി ഓണ്‍ ദി സ്പോട്ടില്‍ തന്‍റെ പോസ്റ്റ് നിഷ്കരുണം ഡിലീറ്റ് ചെയ്തു
"ഞാനെങ്ങൂല്ല. എനിക്ക് ആടിന് പുല്ലരിയാന്‍ ഉണ്ട്. പിന്നെ ഞാനാ പറഞ്ഞതെന്ന് കുട്ടിയമ്മോട് പറയണ്ട ട്ടോ. "
പക്ഷെ നേരത്തെ തന്നെ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് എടുത്തു വച്ചിരുന്ന വിപ്ലവ തൊഴിലാളികള്‍ ആ അപേക്ഷ നിഷ്കരുണം തള്ളിക്കളഞ്ഞു
അലക്കും കുളീം കഴിഞ്ഞ കുളിക്കടവ് സംഘം നേരെ കുട്ടിയമ്മയുടെ വീട്ടിലേക്കു മാര്‍ച്ച് നടത്തി. കൊടിക്ക് പകരം അലക്കിയ തുണികളും മുദ്രാവാക്യങ്ങള്‍ക്ക് പകരം പരദൂഷണങ്ങളും ആ ജാഥക്ക് മാറ്റു കൂട്ടി
"കുട്ടിയമ്മേ ... " എന്നുള്ള നീട്ടിവിളി കേട്ട് കഞ്ഞിക്കലം അടുപ്പത്ത് നിന്നും ഇറക്കി വെക്കുകയായിരുന്ന കുട്ടിയമ്മ ആ പണി പാതിക്കു നിര്‍ത്തിയ ശേഷം ഉമ്മറപ്പടിയിലേക്ക് തല നീട്ടി
"അല്ല. എല്ലാരും ഉണ്ടല്ലോ. എന്താ വിശേഷിച്ച്? "
"മോള് ആരുടെയോ കൂടെ ഒളിച്ചോടിപ്പോയീന്നു കേട്ടല്ലോ? നേരാണോ കുട്ടിയമ്മേ? "
" എന്‍റെ ദൈവങ്ങളേ.. ആരാ ഈ വേണ്ടാതീനം പറഞ്ഞെ? "
"മ്മടെ ആകാശവാണി മീനാക്ഷി. അല്ലാതാരാ "
" ഓള്‍ടെ തലേല് ഇടിത്തീ വീഴും. " പ്രാക്കിനു പിന്നാലെ "ഭും .. ഭും " എന്നുള്ള വാദ്യ ഘോഷത്തോടെ കുട്ടിയമ്മ തന്റെ സ്വന്തം നെഞ്ചില്‍ നാല് ഇടി ഇടിച്ചു
"മീനാക്ഷി കുളിക്കടവില്‍ വച്ച് പറഞ്ഞതാ. മോള് ഇന്ന് രാവിലെ ഏതോ ഒരുത്തന്റെ സ്കൂട്ടറില്‍ ഒരു ബാഗൊക്കെ പിടിച്ചു ഒളിച്ചോടിപ്പോകുന്നത് കണ്ടെന്ന് "
" അത് ഓള്‍ക്കിന്നൊരു ജോലീടെ ഇന്റര്‍വ്യൂ ഉണ്ട്. എര്‍ണാളത്ത്. അതിനു പോയതാ. ഒരു പെങ്കൊച്ചിനെ എങ്ങനെയാ ഒറ്റയ്ക്ക് വിടുന്നെ എന്ന് കരുതി ന്‍റെ ആങ്ങളെടെ മോന്‍റെ കൂടെയാ ഓളെ പറഞ്ഞയച്ചേ. "
"അയ്യേ .. ഇതായിരുന്നോ "
"എന്നാ ഞങ്ങള് പോട്ടെ കുട്ടിയമ്മേ.. വീട്ടില് ഇച്ചിരി പണീണ്ടേയ് "
കുട്ടിയമ്മയുടെ നെഞ്ചില്‍ ഒരുപിടി തീ കോരിയിട്ട് നാട് നന്നാക്കാന്‍ ഉള്ള അടുത്ത വാര്‍ത്തക്ക് കാതോര്‍ത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക