Slider

ചരിച്ചുപിടിച്ച കുട

0
Image may contain: 1 person, beard....

കുളക്കരയിലെ വാരകക്കൂട്ടങ്ങൾക്കിടയിൽ തലയുയർത്തി വരുന്ന മീനുകളെ നോക്കി നിൽക്കുകയായിരുന്നു ഞാൻ.
പച്ചപുല്ലുപിടിച്ച കിടന്ന പറമ്പും സർപ്പക്കാവും , ഇടവഴിയ്ക്കരുകിൽ തലയുയർത്തി നിന്ന വലിയ ആഞ്ഞിലിയും , ഒക്കെ വീണ്ടും നനച്ചു കൊണ്ടു പെട്ടെന്നു മഴ പെയ്തു തുടങ്ങി.
അപ്പോഴാണതു കണ്ടത്...
ഇടവഴിയിൽ ചെറിയ കാറ്റിൽ ചരിച്ചുപിടിച്ച കുടയുമായി....
പിറകിലേക്കു ഇത്തിരി ഞെളിഞ്ഞു ചെറുകാറ്റിലിളകുന്ന കരിയില പോലെ എന്റെ അമ്മൂമ്മ നടന്നു വരുന്നു..
കാതിൽ ചുവന്ന കല്ലുവച്ച തോട. താടിയിലെ ആ കറുത്ത മറുക്. മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ. നെറ്റിയ്ക്കു മുകളിൽ വെള്ളി വരയിട്ട തലമുടി. കർപ്പൂരാദി തൈലത്തിന്റെ സുഗന്ധം.
എങ്ങോട്ടു പോവ്യാ....?
ഞാനുറക്കെ ചോദിച്ചു.
അമ്മൂമ്മ തലയുയർത്തിമൂക്കുത്തിതിളക്കത്താൽ ചിരിച്ചു.
മക്കളെന്തിനാ മഴയിൽ ഒറ്റയ്ക്കു നിൽക്കുന്നത്? ' ബാ..
ചെറുകാറ്റിൽ ഇളകി മറിയുന്ന കരിയില അനക്കങ്ങൾക്കൊപ്പം പയ്യെ ഞാൻ നടന്നു.
സർപ്പക്കാവിനു മുന്നിലെത്തിയപ്പോൾ അകലെയുള്ള നാഗ പ്രതിഷ്ഠകളെ നോക്കി അമ്മൂമ്മ ഒന്നു കൈ കൂപ്പി.
പിന്നെ മണ്ണിൽ തൊട്ടു തൊഴുതു. പിന്നെ പറഞ്ഞു
ഭൂമിയോളം ക്ഷമ വേണം മനുഷ്യനായാൽ..
ഞാൻ തലയാട്ടി.. കാറ്റിൽ കർപ്പൂരാദി തൈലത്തിന്റെ സുഗന്ധം പടർത്തി ഞങ്ങൾ ചേച്ചിയമ്മൂമ്മയുടെ അടുത്തേയ്ക്കു നടക്കുമ്പോൾ അകലെയെവിടെയോ നാരദ വീണയുടെ മൂളലുകൾ കേട്ടു..
" വീണേ വീണ പെണ്ണേ
വീണയ്ക്കെത്ര മാസം
നാലും മുന്നേഴു മാസം.... "
അമ്മുമ്മയുടെ ചേച്ചിയെ ഞങ്ങൾ ചേച്ചിയമ്മൂമ്മ എന്നാണു വിളിക്കുന്നത്.
അമ്മൂമ്മ മഞ്ഞാണെങ്കിൽ ചേച്ചിയമ്മൂമ്മ തീയാണ്.. അമ്മൂമ്മയ്ക്കു നടുവിൽ ഞെളിവാണെങ്കിൽ ചേച്ചിയമ്മൂമ്മയ്ക്കു നടുവിൽ മുന്നോട്ടു കൂനാണ്.അമ്മൂമ്മയ്ക്കു ചെവി കുറവാണെങ്കിൽ ചേച്ചിയമ്മൂമ്മയ്ക്കു കണ്ണും ,ചെവിയും കൂടുതലാണ്. അമ്മൂമ്മ "ചേച്ചി ..."എന്നു സ്നേഹത്തോടെ വിളിക്കുമ്പോൾ ചേച്ചിയമ്മൂമ്മ പരുക്കൻ ശബ്ദത്തിൽ "ദേവകി ... " യെന്നു തിരിച്ചുവിളിയ്ക്കും..
ഞങ്ങൾ ചെല്ലുമ്പോൾ പടിഞ്ഞാറെ ഇളം തിണ്ണയ്ക്കു മുന്നിലെ മണ്ണിൽ മഴവെള്ളമേറ്റ പഴുത്ത മാവിലകളെ നോക്കി ചേച്ചിയമ്മൂമ്മ മുഖം വീർപ്പിച്ചിരിക്കുകയായിരുന്നു..
ചേച്ചി.... എന്തൊരു മഴയാ ല്ലേ...!!
മഞ്ഞ് തീയോടു തന്റെ വരവറിയിച്ചു.തീ ഞങ്ങളെ ഒന്നു നോക്കി.
പിന്നെ ആ കണ്ണുകൾ ഞങ്ങളുടെ മുകളിലൂടെ ആകാശത്തേയ്ക്കുയർന്നു..
പ്രളയമാ ദേവകി... നാടു മുങ്ങുവാ... എന്തോ പറയാനെന്നവണ്ണം വളഞ്ഞ ചൂണ്ടുവിരൽ ഉയർത്തി . പിന്നെ വെറ്റില ചെല്ലത്തിൽ നിന്നും പുകയിലയുടെ ഞെട്ടടുത്തു വായിലിട്ടു..
നൂറ്റിയാറിലെ മഴ പോലെ.. മഞ്ഞു വളരെ പതുക്കെ പറഞ്ഞു. ജനാർദ്ധനൻ ജനിച്ച വർഷം...
വെറ്റില ചെല്ലത്തിൽ നിന്നും ഞാനൊരു തളിർ വെറ്റിലയെടുത്തു. നുറുക്കി വച്ച അടയ്ക്ക വായിലെറിഞ്ഞു. പഴമയുടെ ഞരമ്പുകീറിയ പച്ചകളിൽ ചുണ്ണാമ്പു തേച്ചു വായിൽ വച്ചു ചവച്ചു.
തണുത്ത കാറ്റിൽ ചേച്ചിയമ്മൂമ്മ ഒന്നു വിറച്ചു. പിന്നെ വളഞ്ഞ ചൂണ്ടുവിരൽ വീണ്ടും ഉയർത്തി പറഞ്ഞു.
പ്രളയം വന്നതു നന്നായി ദേവകി..
എല്ലാം മറന്നു മനുഷ്യൻ മനുഷ്യരെ പോലെ ഒന്നു രണ്ടു ദിവസമെങ്കിലും....
ആ കണ്ണുകളിൽ തീ പടർന്നിരുന്നു. പിന്നെ എന്തോ ഓർത്തു കൊണ്ടു വായിലെ പുകയില ഞെട്ടു മഴയിലേക്കു നീട്ടി തുപ്പി..
പച്ചപുല്ലുപിടിച്ച കിടന്ന പറമ്പും സർപ്പക്കാവും , ഇടവഴിയ്ക്കരുകിൽ തലയുയർത്തി നിന്ന വലിയ ആഞ്ഞിലിയും , ഒക്കെ നനച്ചു കൊണ്ടു മഴ പെയ്യുകയായിരുന്നു.. കുളക്കരയിലെ വാരകക്കൂട്ടങ്ങളിൽ നിന്നും ഒരു വലിയ മീൻ അനങ്ങാതെ എന്നെ നോക്കി നിന്നു. ഓർമ്മകളുടെ തീയും, മഞ്ഞും നിറഞ്ഞ കണ്ണുകൾ അമർത്തിത്തുടച്ചു ഞാൻ ഇടവഴിയിലേക്കു നോക്കി. നടന്നു പോയവരുടെ കാൽപാടുകൾ മഴ നക്കിത്തുടച്ചിരുന്നു.. ഇടവഴിയ്ക്കരുകിലായി ആരോ തീർത്ത മൺചാലിലൂടെ വെള്ളമൊഴുകുന്നു.
കാതോർത്തു നോക്കി.. മക്കളേ എന്ന ആ വിളിയ്ക്കായി..
മുകളിൽ പതം പറഞ്ഞു കരഞ്ഞു മഴ കനക്കവേ...
ഇട വഴിയിലേക്കു എന്റെ കണ്ണുകൾ പ്രതീക്ഷയോടെ നീണ്ടു ചെന്നു.......
ദൂരെ വഴിവളവിലെ തുടക്കത്തിൽ ചരിച്ചുപിടിച്ചൊരു കുടയുമായി ആരോ പയ്യെ നടന്നു വരുന്നുണ്ട്.
പുതു പ്രതീക്ഷയുടെ തിളക്കങ്ങൾ വീണ്ടും...
ഞാൻ കാത്തു നിന്നു...
പുതിയൊരു യാത്ര ഇതാ ഇവിടെ തുടങ്ങുകയാണ്....
... പ്രേം മധുസൂദനൻ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo